വെള്ളാരങ്കല്ലുകൾ ചിതറിക്കിടക്കുന്ന ഡിസൈനിൽ ചെത്തി മിനുക്കിയ മൾട്ടിപ്ലക്‌സ് തീയേറ്ററിന്റെ തെക്കേവശത്തെ മതിലിൽ ചാരി ഞാൻ പ്രിയ ബ്രാൻഡായ ഗോൾഡ്ഫ്ലേക്ക് സിഗരറ്റ് കത്തിച്ചു. കറുത്ത പുക വെള്ള മതിലിൻമേൽ പെൻസിൽ സ്കെച്ച് പോലെ ഷെയ്‌ഡ്‌ കോറി. ചെവിയിലെ ഒറ്റസ്റ്റഡ്കമ്മൽ പോലെ ഞാൻ ആൾക്കൂട്ടത്തിൽ മാറി നിന്നു.

ജേർണലിസ്റ്റ് ആയി ജോലി ചെയ്യുന്ന ഭാര്യ നേഹ വന്നില്ലല്ലോ. സ്പിൽബർഗ് ഫാനായ അവൾ കുറെ ദിവസമായി അടിമത്തത്തെ എതിർത്ത അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണെ പറ്റിയുള്ള സിനിമ കാണണമെന്ന് പറയുന്നു. അടിമത്തം കൊടിമൂത്ത് നിന്ന കാലം അമേരിക്കയ്ക്കുണ്ട്. പക്ഷെ കറുത്തവരെ മനുഷ്യരായി കാണാതിരുന്ന രാജ്യത്തിൽ അവരുടെ ഇടയിൽ നിന്ന് തന്നെ ഇന്ന് ഒരു പ്രസിഡണ്ട് പോലും വന്നുകഴിഞ്ഞു.

നാളെ നാളെ നീളെ നീളെ എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഓഫീസിൽ എന്നും തിരക്കാണ്. സെൻസേഷൻ ന്യൂസ് കിട്ടിയില്ലെങ്കിൽ ബോസ് നെറ്റി ചുളിക്കും. ചിലപ്പോഴൊക്കെ നൈറ്റ്ഷിഫ്റ്റും. കാമ്പിശ്ശേരിയും എൻ.വി.കൃഷ്ണവാരിയരും ഒക്കെയാണ് അവളുടെ റോൾമോഡലുകൾ. ഇതിനിടയിൽ കുട്ടികളില്ലാത്തതിന് ട്രീറ്റ്‌മെന്റും. ജീവിതം ആകെ ഡ്രൈ. ഞാൻ സിഗരറ്റിന്റെ ആത്മാവിനെ ഒന്ന് കൂടി ആവാഹിച്ച് പുറത്തേക്ക് ഊതി. രാക്ഷസചുളിവുകൾ നിവർത്തി വികാരങ്ങൾ വെളുത്തപുകയായി ജാരനൃത്തമാടി.

കല്യാണം കഴിഞ്ഞ മധുവിധുനാളുകൾ മസ്‌തിഷ്‌ക്കക്യാമറയിൽ തെളിഞ്ഞു. അവളുടെ മുറിയിലേക്ക് കയറിയപ്പോൾ കണ്ട കാഴ്ച്ച. മൂന്ന് ഫോട്ടോകൾ തൂക്കിയിട്ടിരിക്കുന്നു.

  • അയ്യങ്കാളി.
  • മാർട്ടിൻ ലൂഥർ കിംഗ്.
  • എബ്രഹാം ലിങ്കൺ.

മാനവരാശിയുടെ മൂന്ന് വിമോചകർ. ചരിത്രം ഉള്ളടത്തോളം മായ്ച്ചു കളയാൻ കഴിയാത്ത പേരുകൾ. എന്തെ ഗാന്ധിയും നെഹ്രുവും പോട്ടെ അംബേദ്‌കർ എങ്കിലും ഇല്ലാതെ പോയി എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പരിഹാസഭാവത്തിൽ ചിരിച്ചു. എന്നെ സംബന്ധിച്ച് അംബേദ്‌കർ കഴിഞ്ഞേ മറ്റൊരു ഇന്ത്യക്കാരന് സ്ഥാനമുള്ളൂ.

അയ്യങ്കാളിയാണോ നിങ്ങൾക്ക് പ്രശ്നം എന്നവൾ മുഖം ചുളിച്ചു. എന്റെ നിശബ്ദതയെ മുറിച്ചുകൊണ്ട് പിന്നെ ചോദിച്ചത് ഇന്ത്യക്കാരല്ലാത്തവരെ പറ്റാത്തത് കൊണ്ടാണോ എന്നാണ്.

എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. ഞാൻ ആലോചിച്ചത് മറ്റൊന്നാണ്. അവൾ വെറുമൊരു വിപ്ലവകാരിയാണോ. അവളിൽ ഒരു പ്രണയിനി ഇല്ലേ. പിന്നെ എനിക്ക് മനസ്സിലായി അവളൊരു പാവം ഫേബിയൻ സോഷ്യലിസ്റ്റ് ആണെന്ന്. രക്തച്ചൊരിച്ചിൽ ഇല്ലാതെ ഒരു സർക്കാർ അട്ടിമറി. ഉട്ടോപിയൻ ആണെങ്കിലും. പ്രണയം അവൾക്ക് പറയാനുള്ളതായിരുന്നു. അനുഭവിക്കാനുള്ളത് ആയിരുന്നില്ല. അത് കൊണ്ട് തന്നെ ഞങ്ങൾ ഒരുപാട് നേരം പ്രണയത്തെക്കുറിച്ച് ചർച്ച ചെയ്തു.

മൃദുചിത്തത്തിൽ എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി മറ്റൊന്നും വേണ്ട എന്ന് പാടാൻ ചങ്ങമ്പുഴയുടെ ശാലിനിയായിരുന്നില്ല അവൾ. ചങ്ങമ്പുഴയ്ക്ക് കാമുകിമാരില്ലായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് അവൾ പറഞ്ഞപ്പോൾ എന്റെ ഉള്ളം ചിരിച്ചു. ഇല്ലായിരുന്നെങ്കിൽ ഇത്ര പ്രണയബദ്ധമായ അനുരാഗകീർത്തനങ്ങൾ ഒഴുകുന്ന പുഴയായി ചങ്ങമ്പുഴ അറിയപ്പെടില്ലായിരുന്നു എന്ന് ഞാൻ വാദിച്ചു. അപ്പോൾ അവൾ ചോദിച്ച ചോദ്യം എന്നെ വേദനിപ്പിച്ചു. പുരുഷന്മാർക്ക് പ്രണയത്തിൽ ആത്മാർഥത ഇല്ലായെന്ന്. അവർ ഭോഗിക്കാൻ മാത്രമാണ് സ്ത്രീകളോട് സ്നേഹം അഭിനയിക്കുന്നത് പോലും. പലപ്പോഴും രാത്രികൾ ഇത്തരം സംസാരം കൊണ്ട് ഭാരമുള്ളതായി. നേരം വെളുക്കുന്ന വരെ മസ്തിഷ്ക്കം ടോപ് ഗിയറിൽ ഓടിക്കൊണ്ടിരുന്നു.

ഞാനാണ് എന്നും രാവിലെ കോഫി ഉണ്ടാക്കി അവളെ ഉറക്കിൽ നിന്ന് ഉണർത്തുന്നത്. ഉണർന്നാൽ പല്ല് തേക്കാതെ വീണ്ടും തുടങ്ങും ബുദ്ധിജീവി വർത്തമാനങ്ങൾ. ഒരു ദിവസം നേരം വെളുക്കുമ്പോൾ തന്നെ തുടങ്ങിയത് ഹെമിംഗ്‌വേ ആത്മഹത്യ ചെയ്തത് പ്രണയം ലഭിക്കാത്തത് കൊണ്ടാണ് എന്ന് പറഞ്ഞായിരുന്നു. തനിക്കെങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല. അല്പം കഴിഞ്ഞു ആത്മഹത്യയെ കുറിച്ച് വലിയ കാര്യമായി പരാമർശിച്ചു. നാല് കെട്ടിയ ഹെമിംഗ്‌വേ അവൾക്ക് വില്ലൻ കഥാപാത്രമായിരുന്നു. ചങ്ങമ്പുഴയെക്കാൾ അരാജകവാദി. കാരണം ചങ്ങമ്പുഴ പോലും നാല് വേളി കഴിച്ചില്ലല്ലോ. ഞാൻ അപ്പോൾ തന്നെ ചുട്ട മറുപടി കൊടുത്തു. ആത്മഹത്യ ചെയ്തത് സ്നേഹം കിട്ടാത്തത് കൊണ്ടാകാൻ സാധ്യതയില്ല. അങ്ങനെയാണെങ്കിൽ ഈ ലോകത്തുള്ള തൊണ്ണൂറ് ശതമാനം ആണുങ്ങളും ആത്മഹത്യ ചെയ്യേണ്ടി വരുമല്ലോ. കിഴവനും കടലും തന്നെ പോരെ. വേറെ എന്തൊക്കെ ചുഴിഞ്ഞു നോക്കണം. അതിൽ പോലും അവൾ ഉടക്കുവർത്തമാനം പറഞ്ഞു. കിഴവനും കടലുമല്ല എ ഫെയർവെൽ ടു ആംസ് ആണത്രേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ചത്. ഞാനൊന്നും മറുത്തുപറഞ്ഞില്ല. കാരണം ചർച്ച ഇനി അടുത്തത് കോഫിയിലേക്ക് നീങ്ങുന്നതിന് പകരം കാഫ്ക്കയിലേക്ക് നീളും. പുണ്യവാളന്മാരായ എഴുത്തുകാർ എന്ന സങ്കൽപം ബാലിശമായാണ് എനിക്ക് തോന്നിയത്. ഓസ്‌കാർ വൈൽഡിന്റെ ഹാപ്പി പ്രിൻസ് വായിച്ച് ചെറുപ്പത്തിൽ കരഞ്ഞിരുന്ന ഞാൻ പക്ഷെ സ്വന്തം അബദ്ധം കൊണ്ട് പാപ്പരായി മരിച്ച വൈൽഡിനെ പറ്റിയോർത്ത് വലുതായപ്പോൾ കരഞ്ഞു.

ചെറുതായി മഴ പൊടിഞ്ഞു തുടങ്ങി. ഞാൻ പതുക്കെ ഒരു ബേക്കറിയിലേക്ക് നീങ്ങി. അപ്പോഴാണ് കടയുടെ വലിയ പരസ്യബോർഡ് ശ്രദ്ധിച്ചത്. പുകവലിക്കുന്ന സിനിമാനടന്റെ ക്ളീൻഷേവ് മുഖം. എനിക്ക് രോമകൂപങ്ങളിൽ പോലും വലിയ കുളിര് അനുഭവപ്പെട്ടു. തണുപ്പത്ത് സിഗരറ്റ് കത്തിച്ച് നിൽക്കാൻ നല്ല സുഖം തന്നെ. പുകയിലയുടെ എരിവ് ശ്വാസകോശത്തിലൂടെ അമർന്ന് രക്തത്തിലെത്തി സിരകളിലെ ഞരമ്പുകളിൽ ഉരയണം. ഉരഞ്ഞുരഞ്ഞു കേശാവരണം പൊട്ടി ലഹരി നുകരണം.

‘ചേട്ടാ…ഒരു ഗോൾഡ് കൊടുക്ക്.’

‘ഗോൾഡ് ഇല്ല. വിൽസ് മതിയാ?’

എനിക്ക് അയാൾ ഇങ്ങോട്ട് ബ്രാൻഡ് ഓഫർ ചെയ്തത് ഇഷ്ടമായില്ല.

‘അത് വേണ്ട.’

ഇവടെ നന്നായി പോണത് വിൽസാ. താൻ പറയണത് മനസ്സിലാവണില്ല. നമ്മുടെ നാട്ടില് വിൽസ് നേവി കട്ട് വന്നത് അറുപതുകളിലാ. അതാ പാരമ്പര്യം.’

‘ചേട്ടൻ എനിക്ക് പഠിപ്പിച്ച് തരണ്ട. ഞാനാ ഈ നാട്ടില് ആദ്യായി റോത്മാൻസും ട്രിപ്പിൾ ഫൈവും ഒക്കെ ഫ്രീ ആയി പിള്ളേർക്ക് കൊടുത്തത്…’

‘സ്മോള് അടിക്കോ?’

‘ഏയ്. പണ്ട് കോളേജി പഠിക്കുമ്പോ കൊറച്ച് ബിയർ അടിച്ചിട്ടുണ്ട്. അല്ലാതെ…ഒരിക്കെ ആനന്ദ് എന്ന കൂട്ടുകാരൻ പറഞ്ഞപ്പോ ഹോട്ട് ട്രൈ ചെയ്തു. വാള് വെച്ച് വീണു. എനിക്ക് പറ്റില്ല.’

‘ടാ തടിയാ കാണാൻ വന്നതാ?’

‘അല്ല…എബ്രഹാം ലിങ്കൺ കാണാൻ.’

‘അതൊക്കെ ആരെങ്കിലും കാണോ സാറെ. ഒരു മനുഷ്യൻ ഇല്ല. ബാവൂട്ടിയുടെ നാമത്തിൽ ഒന്ന് കണ്ടു നോക്ക്.’

അയാളോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് ഞാൻ മനസ്സിലാക്കി. അല്ലെങ്കിലും ചരിത്രം ഒക്കെ ആർക്ക് വേണം. സ്‌കൂളിൽ പഠിക്കുമ്പോൾ. അല്ലെങ്കിൽ ബി.എ., എം.എ. ഹിസ്റ്ററി ചെയ്യുമ്പോൾ. ചരിത്രത്തെക്കാൾ ആളുകൾക്ക് ഇഷ്ടം ഗോസിപ്പാ. കള്ളചരിത്രം.

‘അല്ല..ആരാ ഈ ലിങ്കൺ? പഴേ അമേരിക്കൻ പ്രസിഡന്റാന്ന് കേട്ടിട്ടുണ്ട്. അല്ലാതെ?’

ഞാൻ ചരിത്രം വിവരിച്ചപ്പോൾ അയാൾ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ കേട്ടുനിന്നു. പിന്നെ അയാൾ അഭിപ്രായങ്ങൾ പങ്കിട്ടു. കേരളത്തിലെ അടിമത്വം പോലെ ലോകത്ത് എവിടെയും ഉണ്ടായിരുന്നില്ല. അമേരിക്കയിലേത് നിസ്സാരം. എന്നാൽ ഞാൻ വിയോജിപ്പ് രേഖപ്പെടുത്തി. അമേരിക്കയിൽ സിവിൽ യുദ്ധങ്ങൾ പോലും ഇതിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ടു. ഏഴര ലക്ഷം ആളുകൾ മരിച്ചു വീണു. എങ്ങനെ നിസ്സാരമാകും?

‘അല്ല സാറേ…ഒരു വികാരം. ഈ പടം ഞാനും ഒന്ന് കണ്ടു നോക്കാം. ഞാൻ പൊതുവെ ജാക്കി ചാന്റെ പടങ്ങളെ കാണാറുള്ളൂ. അതാവുമ്പോ ഡയലോഗ് അറിഞ്ഞില്ലെങ്കിലും കൊഴപ്പമില്ല.’

എനിക്കയാളോട് പുച്ഛം വന്ന് തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ഒരു അവസാന നമ്പറിട്ടു.

‘എനിക്ക് വൈഫിനെ ഒന്ന് വിളിക്കണം. ശരിട്ടോ.’

ഞാൻ മൊബൈലുമായി കെട്ടിടത്തിന്റെ മുകളിലേക്ക് പോയി. അവിടെ നിന്ന് നോക്കിയാൽ തീയറ്റർ കാണാം. നേഹ ഫോൺ എടുക്കുന്നില്ല. ഔട്ട് ഓഫ് റേഞ്ച് കാണിക്കുന്നു. എനിക്ക് അസ്വസ്ഥത തോന്നി. സിഗരറ്റ് വാങ്ങിക്കാത്തതിൽ കുറ്റബോധവും.

താഴേക്കിറങ്ങി വന്ന് നേരത്തെ കണ്ട കടയിൽ നാണമില്ലാതെ ഞാൻ വീണ്ടും കയറി.

‘ചേട്ടാ…ഉള്ള ബ്രാൻഡ് താ.’

വിൽസിന്റെ പാക്കറ്റ് വാങ്ങിയ ശേഷം ഒരെണ്ണം പുറത്തേക്കെടുത്തു. അതിന്റെ പുകയില മണത്ത് കൊണ്ട് അറ്റത്ത് കത്തിച്ചു. ഫിൽറ്റർ ചുണ്ടിൽ വെച്ച് വിഷവായു ഉള്ളിലേക്ക് വലിച്ചു കയറ്റി. ശ്വാസഗതി പഴയത് പോലെ താളത്തിലായി. അവൾ വരാത്തതിലുള്ള ടെൻഷൻ ഞാൻ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും വീണ്ടും സ്പ്രിങ്ങിന്റെ കുതിപ്പോടെ തികട്ടി വന്നു. പുകയൂതി വിട്ടപ്പോൾ ടെൻഷൻ നേർത്ത് നേർത്ത് അലിഞ്ഞില്ലാതെയായി.

‘ടോ…അവിടെ എവിടെയെങ്കിലും പോയി വലി.’

ഒരു വയസ്സൻ എന്നെ നോക്കി പിറുപിറുത്തു. അയാൾ കുത്തി കുത്തി ചുമച്ചു. മറ്റൊരാൾ കണ്ണുരുട്ടി അടുത്ത് വന്നു.

‘കംപ്ലയിന്റ് ചെയ്താ കുടുങ്ങും ട്ടാ.’

കഴിയാറായ കുറ്റി ഞാൻ വലിച്ചെറിഞ്ഞു. അതിൽ അവളോടുള്ള എന്റെ രോഷവും തീർത്തു. മണം പോകാനായി മിന്റിന്റെ ച്യൂയിങ് ഗം വായിലിട്ടു. അല്പം കഴിഞ്ഞു അസ്വസ്ഥത വന്നപ്പോൾ വീണ്ടും കത്തിച്ചു. അപ്പോഴാണ് മൊബൈൽ റിംഗ് ചെയ്തത്. നേഹ തന്നെ. രണ്ടു വർത്തമാനം പറഞ്ഞിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചുറച്ച് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.

‘നീ എവിടെയാ? എത്ര നേരായി? എത്ര കുറ്റി ഇപ്പൊ തന്നെ കത്തിച്ചു കളഞ്ഞു.’

‘ഒരു സ്‌പെഷൽ സ്റ്റോറി കവർ ചെയ്യാനുണ്ടായി. വന്നിട്ട് പറയാം.’

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ മറ്റൊരു സിഗരറ്റും എടുത്ത് കത്തിച്ചു. സിറ്റിയിലെ ബ്ലോക്ക് കാരണം അവൾ വരാൻ ഇനിയും വൈകും. അവസാനം അവൾ കിതച്ചു കൊണ്ട് ഓടി വന്നു. ഞങ്ങൾ ചായ കുടിക്കാൻ കടയിൽ കയറി. സിനിമ തുടങ്ങാൻ ഇനിയും പത്ത് മിനിട്ടുണ്ട്.

‘ചേട്ടാ…ബോസ് എന്നോട് ഒരു പുതിയ സ്റ്റോറി ചെയ്യാൻ പറഞ്ഞു. പുകവലിയുടെ അപകടത്തെ പറ്റി.’

എനിക്ക് ചെറുപ്പത്തിൽ വെസ്റ്റേൺ കൗബോയ് സിനിമകളോട് വല്ലാത്ത കമ്പമായിരുന്നു. അങ്ങനെയാണ് ഇഷ്ട ബ്രാൻഡായ മാൾബറോ സിഗരറ്റിന്റെ കൗബോയി മോഡലുകളെ അനുകരിക്കാൻ ശ്രമിച്ചത്. ചെക്ക് ഷർട്ടിട്ട് തലയിൽ ഹാറ്റ് ധരിച്ച പൗരുഷത്തിന്റെ ചിഹ്നം ‘മാൾബറോ മാൻ’ എനിക്ക് എന്നും ഹരം. പിന്നെയാണ് ലോകം ആ ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടത്. അഞ്ച് മാൾബറോ പുരുഷന്മാർ അമിതമായ പുകവലി മൂലം ലാങ് കാൻസറിന് അടിമപ്പെട്ടു പോലും! മാൾബറോ പുരുഷനെ സംബന്ധിച്ച് ‘പുകവലി ഹാനികരം’ എന്ന കവിത കാല്പനികമാകാം.

‘വേറെ എന്തൊക്കെ പ്രശനമുണ്ട് നേഹൂ.’

ഇത് പറയുമ്പോഴും ഞാൻ കുത്തി കുത്തി ചുമച്ചുകൊണ്ടിരുന്നു.

ഞങ്ങൾ സിനിമക്ക് കയറി. ഇടവേളയിൽ പുറത്ത് പോയി ഒരെണ്ണം കത്തിച്ചു.

‘എന്താലേ… ലിങ്കൺ തകർത്തു. അടിമത്തം ഒക്കെ വലിയ പുകില് തന്നെ. ഏതായാലും. ഇന്നും നമ്മൾ അടിമകളാ. എന്ത് സ്വാതന്ത്ര്യാ നമുക്ക് കിട്ടിയേ.’

അവൾ എന്റെ കയ്യിൽ തലോടി. കണ്ണുകൾ കൊണ്ട് എന്നെയും സിഗററ്റിനെയും മാറി മാറി നോക്കി. നോട്ടം ലേഖനമായി മാറിയത് ഞാൻ തന്നെ അറിഞ്ഞില്ല.

‘ഈ അടിമത്തം എന്നാ മാറാ ചേട്ടാ.’

എന്റെ കയ്യിൽ നിന്ന് സിഗരറ്റ്കുറ്റി വഴുതി വീണു. അന്നാണ് എനിക്ക് സ്വാതന്ത്ര്യം ലഭിച്ചത്.