എക്സ്പയറി ഡേറ്റു കഴിഞ്ഞ തൈരുപാക്കറ്റുമെടുത്ത് കടക്കാരനുമായി വഴക്കിടാനാണു ചെന്നത്. ഭാര്യയിൽ നിന്നു കിട്ടിയതിൻ്റെ പത്തിലൊന്നെങ്കിലും കൊടുക്കാം എന്നു കരുതി അയാളുടെ മുന്നിലെത്തിയപ്പോഴാണ് ആ മുഖം ശ്രദ്ധിക്കുന്നത്. അത് ഓർമ്മകളെ ഒരു മുപ്പതു കൊല്ലം പുറകോട്ട് ഓടിച്ചു. ജയദത്തൻ. അല്ലേ? അതെ, അയാളുതന്നെ.

താടിയും മുടിയും എത്ര വളർന്നാലും നരച്ചാലും കടന്നുപോയ മുഖങ്ങളെ കാലങ്ങൾക്കിപ്പുറം ഓർമ്മപ്പെടുത്തുന്ന സൂത്രം അത്ഭുതപ്പെടുത്തുന്നു. ആരെയും ഒറ്റനോട്ടത്തിൽ ‘അയ്യോ പാവം’ എന്നു പറയിപ്പിച്ചിരുന്ന ജയദത്തനല്ലേ ഇത്. കച്ചവടക്കാരനായി മാറിയതു കൊണ്ടാകാം പണ്ടത്തെ ആ നിഷ്കളങ്കതയുടെ ഒരു കണികപോലും എനിക്കാ മുഖത്തു കാണാൻ കഴിഞ്ഞില്ല.

കൗണ്ടറിനപ്പുറം ഒരു പെൺകുട്ടിക്ക് സാധനങ്ങൾ എടുത്തു കൊടുക്കുന്ന തിരക്കിലായിരുന്നു അയാൾ. തൻ്റെ ഔദാര്യത്തിനാണ് അതൊക്കെ സഞ്ചിയിലിട്ടുതരുന്നത് എന്ന ഭാവമായിരുന്നു അപ്പോൾ അയാളുടെ മുഖത്ത്.

ഞാൻ ഊഴം കാത്തു നിന്നു. ‘പണം യുപിഐ ചെയ്യട്ടെ’ എന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ‘എന്തേലും ചെയ്യ്’ എന്ന മട്ടിൽ ആംഗ്യം കാണിച്ചിട്ട് അയാൾ കമ്പ്യൂട്ടറിലേക്കു തിരിഞ്ഞിരുന്നു.

“ജയദത്തനല്ലേ?” ഞാനും അയാളും മാത്രമായപ്പോൾ ചോദിച്ചു.

മറുപടിയായി അയാൾ തലയുയർത്തി എന്നെ ഒന്നു ചൂഴ്ന്നു നോക്കി, പിന്നെ പരിചയഭാവം പ്രകടിപ്പിക്കാതെ വീണ്ടും കമ്പ്യൂട്ടറിലേക്കു തിരിഞ്ഞു. വായ് പുച്ഛത്താൽ ഒരു ഭാഗത്തേക്കു കോടിയിട്ടുണ്ടോ? അവഗണന എനിക്കു ദേഷ്യം തന്നു.

വന്ന കാര്യം നടക്കട്ടെ. തൈരുപാക്കറ്റ് കൗണ്ടറിൽ വച്ച് പറഞ്ഞു തുടങ്ങി “ഇത് ഡേറ്റു കഴിഞ്ഞതാ…”

“ആ.. മാറ്റിത്തരാം.” മുഴുമിക്കാനാകുന്നതിനു മുൻപേ തീർപ്പു കൽപ്പിച്ചു. പാക്കറ്റ് എടുത്ത് ഞാൻ പറഞ്ഞതു വാസ്തവമാണോ എന്ന് ഒന്നു ഒത്തുനോക്കുക പോലും ചെയ്യാതെ അകത്തേക്കു വിളിച്ചു പറഞ്ഞു. “ഡേയ്, ഇതൊന്നു മാറ്റിക്കൊടുത്തേ”

കടയുടെ പേരു പ്രിൻ്റ് ചെയ്ത ഏപ്രൺ കെട്ടിയ ഒരു പയ്യൻ ഓടിവന്ന് പാക്കറ്റ് വാങ്ങിച്ചു കൊണ്ടുപോയി.

“വേറെ എന്തെങ്കിലും?” എൻ്റെ ഭാഗത്തോട്ടു പോലും നോക്കാതെയായിരുന്നു ചോദ്യം. പരിചയം പുതുക്കാൻ താത്പര്യമില്ലെങ്കിൽ വേണ്ട, ഒരു കസ്റ്റമറോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. പഴയ ആ ജയദത്തൻ ചിരി എവിടെപ്പോയി?

പണ്ട് ലിറ്ററേച്ചർ ക്ലാസ്സിൽ രഘുവരൻ സാറ് ‘വാഴക്കുല’ പഠിപ്പിക്കുന്നതിനിടെ ‘തമ്പിരാൻ്റെ’ ഭാഗങ്ങൾ മുൻബഞ്ചിലിരുന്ന ജയദത്തനു നേരെ അർത്ഥം വച്ചു തൊടുക്കുമ്പോഴും അവൻ അവൻ്റെ സ്വതസിദ്ധമായ ‘വെളുക്കെച്ചിരി’ ചിരിച്ചിരുന്നു. മുജീബും ഭാസ്കരകുമാറും പലപ്പോഴായി വാതുവച്ച് ആ ചിരിയൊതുക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവൻ കരയും, എത്ര നേരം ഇങ്ങനെ ചിരിച്ചോണ്ടിരിക്കാൻ പറ്റുമെന്നു അവർ അടക്കം പറഞ്ഞിരുന്നു. അവൻ കരയുന്നതു കാണാനുള്ള ‘ഭാഗ്യം’ പക്ഷേ അവർക്കുണ്ടായില്ല.

“ജയദത്തനെന്നെ മനസ്സിലായില്ലേ?”

ഇല്ല എന്ന ഒരു മറുപടിയിൽ നാണംകെട്ടാൽ ഇനി ഈ ഭാഗത്തോട്ടു വരില്ല എന്ന് ഉഗ്രശപഥമെടുത്തായിരുന്നു എൻ്റെ ചോദ്യം. ‘ജയദത്തൻ’, ‘ജയദത്തൻ’ എന്ന് അയാളുടെ പേര് ആവർത്തിക്കുന്നത് അരോചകമായി തോന്നുന്നുണ്ടാകും. സഹപാഠിയല്ലേ, ചുരുക്കി ജയൻ എന്നോ മറ്റോ വിളിച്ചുകൂടെ എന്നു ചിന്തിക്കുന്നവരും ഉണ്ടാകാം. അങ്ങനെ നീട്ടിപ്പരത്തി വിളിക്കുന്നതിനു പിന്നിൽ ഒരു കാര്യമുണ്ട്. കഥയുണ്ട്.

അയാൾ വീണ്ടും എൻ്റെ മുഖത്തേക്കു ചോദ്യഭാവത്തിൽ നോക്കി.

“ഞാൻ അജയൻ. മുജീബിൻ്റെ കൂടെയുണ്ടായിരുന്ന…”

“ഓ.. അജയഘോഷ്. ” അതു പറയുമ്പോഴും നിസ്സംഗത. കുറേ നാളിനു ശേഷം മുഴുവൻ പേരു കേട്ടതോടെ പഴയ ആ കഥ തള്ളിക്കയറിവന്നു. ഭാസ്കരകുമാർ എന്ന കൂട്ടുകാരനു വേണ്ടി മുജീബ് ജയദത്തൻ്റെ കോളറിനു പിടിത്തമിട്ട ദിവസം.

ജയദത്തനെപ്പറ്റി ഓർക്കാൻ ഒരു സംഭവമുണ്ടെങ്കിൽ അതിൻ്റെ തുടക്കം രഘുവരൻ സാറിൻ്റെ ക്ലാസ്സിലായിരിക്കും. ഒരിക്കൽ സാറിൻ്റെ പഠിപ്പിക്കൽ പതിവുപോലെ കാടുകയറിയപ്പോൾ അതു പേരുകളെപ്പറ്റിയുള്ള ഒരു ചർച്ചയിൽ ചെന്നു നിന്നു. പരമ്പരാഗതമായി അവരോധിച്ചുകിട്ടിയ കീഴാളൻപേരുകളിൽ നിന്നും മാറി സവർണ്ണപ്പേരുകളിൽ അറിയപ്പെടാൻ തുടങ്ങിയത് സമത്വത്തിൻ്റെ തുടക്കമായിരുന്നെന്ന സാറിൻ്റെ അഭിപ്രായത്തിലേക്ക് ജയദത്തൻ ഒരു കൂട്ടിച്ചേർക്കൽ നടത്തി. അതുമാത്രം മതിയോ സമത്വത്തിന് എന്ന ചോദ്യം ചോദിച്ചാണ് അവൻ തുടങ്ങിയത്. സാമൂഹികസ്ഥിതിയിൽ എത്ര ഉയർന്നാലും അവരുടെ അരക്ഷിതാവസ്ഥ മാറുന്നില്ല. അതുകൊണ്ടാണ് അങ്ങനെയുള്ള ‘ആധുനിക’ പേരുകൾ മാത്രം പോരാ, അതിൻ്റെ കൂടെ കുമാർ എന്നോ കുമാരി എന്നോ ഒക്കെ ഏച്ചുകെട്ടിയാലേ ശരിയാവൂ എന്നു ചില മാതാപിതാക്കൾ ചിന്തിച്ചുപോവുന്നത് എന്നുകൂടി അവൻ പറഞ്ഞപ്പോൾ എൻ്റെ വലതുവശത്തു പാതിമയക്കത്തിലിരുന്ന ഭാസ്കരകുമാർ ശ്രദ്ധിച്ചില്ലെങ്കിലും മുജീബിനു അതു തറച്ചു.

ഉച്ചഭക്ഷണസമയത്ത് ജയദത്തൻ്റെ പിഞ്ഞിത്തുടങ്ങിയ ഷർട്ടിൻമേലുള്ള മുജീബിൻ്റെ പിടിത്തം വിടുവിക്കാൻ ഞാനടക്കം രണ്ടുമൂന്നൂപേർ പണിപ്പെട്ടു. അതിനിടെ തൻ്റെ ഭാഗം ഒന്നുകൂടി വ്യക്തമാക്കാൻ ജയദത്തൻ ശ്രമിച്ചെങ്കിലും ജാതിപ്പേരു ചേർത്തുള്ള മുജീബിൻ്റെ ആക്രോശങ്ങൾക്കിടയിൽ അതൊക്കെ തിങ്ങിഞെരുങ്ങിപ്പോയി.

ഒടുക്കം ഒന്നാറിയപ്പോൾ ജയദത്തൻ്റെ മുന്നിൽ നിന്ന് എല്ലാവരോടുമായി മുജീബ് ഇങ്ങനെ പറഞ്ഞു. ” മേലാൽ ഒരുത്തനും എവനെ ജയൻ എന്നു വിളിച്ചു പോവരുത്. റെക്കോർഡിക്കൽ നേം വിളിച്ചാമതി. ജയദത്തൻ. ആ പേരു കേട്ടാത്തന്നെ അറിയാലോ തറവാടിത്തം. ല്ല്യേ. ഇനി അങ്ങനേ വിളിക്കുള്ളൂട്ട്വോ.”

ആ പരിഹാസത്തെ ഒരു തളർന്ന ചിരി കൊണ്ടു നേരിട്ട് ജയദത്തൻ തൻ്റെ ഷർട്ടു നേരെയാക്കി തിരിച്ചു നടന്നത് ഇപ്പോഴും ഓർമ്മയുണ്ട്. പരിഹാസം അവനു പുത്തരിയായിരുന്നില്ല. അച്ഛനെ എന്താണു സംബോധന ചെയ്യുന്നത് എന്ന രഘുവരൻ സാറിൻ്റെ ചോദ്യത്തിനെ അച്ഛൻ എന്നു തന്നെയാണ് വിളിക്കുന്നതെന്നും സാറുദ്ദേശിച്ച ഉത്തരം സിനിമകളിലും പുസ്തകങ്ങളിലും മാത്രമാണെന്നും സൗമ്യതയോടെ പറഞ്ഞു നേരിട്ടതാണ് അവൻ.

പഴയകാലത്തു നിന്നും തിരിച്ചെത്തിയപ്പോൾ അയാൾ ഞാനെന്തെങ്കിലും പറയുന്നതും കാത്തിരിക്കുകയായിരുന്നു. “ഓർമ്മയുണ്ടല്ലേ?” ഞാൻ ചോദിച്ചു.

“മറക്കാൻ പറ്റുമോ. താനിവിടെ?”

അവിടേക്കു മാറ്റം കിട്ടി വരാനുണ്ടായ കാര്യം വിശദീകരിച്ചു.

“എത്ര കാലമായി. നീയിവിടെ കടയൊക്കെയിട്ട്..?”

“ജീവിക്കേണ്ടേ. മൂന്നു വയറു കഴിഞ്ഞു പോകണം.” എന്നു പറയുന്നതിനിടെ എനിക്ക് പുതിയ തൈരുപാക്കറ്റുമായി വന്ന പയ്യനെ അയാൾ ഒന്നു ശകാരിച്ചു. അതെന്നോടുള്ള ദേഷ്യം പ്രകടിപ്പിക്കലാണോ എന്നു ശങ്കിച്ചു. എന്നാലും അങ്ങനെയങ്ങു വിടാൻ തോന്നിയില്ല.

“നമുക്കൊരു ചായ കുടിച്ചാലോ? ” ഞാൻ ചോദിച്ചു.

ആദ്യം കടയിലെ തിരക്കു പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും പിന്നെയയാൾ സമ്മതിച്ചു. അയാളുടെ സ്ഥിരം ചായക്കട അടുത്ത വളവിലായിരുന്നു. വണ്ടിയിൽ പോകാം എന്ന എൻ്റെ ആശയത്തെ അയാൾ എതിർത്തു. നടന്നു പോയാൽ പഴയ സഹപാഠിയോടൊത്തു കൂടുതൽ സമയം ചെലവിടാമല്ലോ എന്നോർത്തപ്പോൾ ഞാൻ സമ്മതിച്ചു.

“മുജീബ് ഇപ്പോൾ എറണാകുളത്താണ് പ്രാക്ടീസ്. ഭാസ്കർ കുടുംബസമേതം ബാംഗ്ലൂരിൽ ഉണ്ട്. എച് എ എൽ. ” കൂടെ പഠിച്ച എനിക്കറിയാവുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ പറഞ്ഞു – എനിക്കവരെ മാത്രമേ അറിയുമായിരുന്നുള്ളൂ എന്നു നിരാശയോടെ മനസ്സിലാക്കി. ഭാസ്കരകുമാർ തൻ്റെ പേരു ഗസറ്റുവഴി പരിഷ്കരിച്ച കാര്യം ഞാൻ പറഞ്ഞില്ല.

അവൻ്റെ മറുപടി ഒരു മൂളലിൽ ഒതുങ്ങി. സത്യത്തിൽ അവൻ അവിടെ മൂളിയോ എന്നു പോലും ഇപ്പോൾ ഓർമ്മയില്ല.

“നിന്നെ ഇങ്ങനെയൊരു കച്ചവടക്കാരനായി കാണുമെന്നു തീരെ പ്രതീക്ഷിച്ചില്ല. നീ ടെസ്റ്റൊന്നും എഴുതിയില്ലേ?” കഷ്ടപ്പെട്ടവൻ അവസാനം രക്ഷപ്പെടേണ്ടതല്ലേ എന്ന സാമാന്യനിയമം വച്ച് ചോദിച്ചതാണ്.

“എഴുതിയിട്ടു കാര്യമുണ്ടോ? നീ തന്നെ പറ. “

ഇത്തവണ എനിക്കാണ് മറുപടി ഇല്ലാതായത്.

“എത്രയെണ്ണം. ഭാസ്കരകുമാറിനൊപ്പം എഴുതിയ അതേ പരീക്ഷയായിരുന്നു എൻ്റെ അവസാന ഭാഗ്യപരീക്ഷണം. മാർക്ക്ലിസ്റ്റ് വന്നപ്പോൾ ഞാനായിരുന്നു മുന്നിൽ. ജിഡി കഴിഞ്ഞു, ഇൻ്റർവ്യൂ കഴിഞ്ഞു. അപ്പോഴും മാറ്റമില്ല. പക്ഷേ എനിക്കു വലിയ സന്തോഷമൊന്നും തോന്നിയില്ല. കാരണം അതെൻ്റെ ആദ്യത്തെ മത്സരപ്പരീക്ഷ ആയിരുന്നില്ല. “

വളവെത്തി. കടയെത്തി. ജയദത്തൻ വെട്ടിത്തിരിഞ്ഞു കടയ്ക്കുള്ളിലേക്കു കയറി. പിറകെ ഞാനും. ഒഴിഞ്ഞ ഏതാനും കസേരകൾ. സമോവറിനു പിന്നിൽ ഈച്ചയാട്ടിയിരിക്കുന്ന ചായക്കടക്കാരൻ ചെറുക്കൻ. ഒരു കസേരയിൽ ഇരുന്നു. എതിർവശത്തു ഞാനും.

“ഊപെൻ, ദോ ചായ് ലാ” തീരെ മര്യാദയില്ലാത്ത ഹിന്ദിയിൽ ജയദത്തൻ ആജ്ഞാപിച്ചു. ചെറുക്കൻ അത്യാദരവോടെ ചാടിയെഴുന്നേറ്റു ജോലിയിൽ ഏർപെട്ടു.

” ഭാസ്കരകുമാരൻ ആ പരീക്ഷ പാസായി ജോലിക്കു കയറി. അതോടെ അവൻ പരീക്ഷയെഴുത്തു നിർത്തി. ” അയാൾ തുടർന്നു “പരീക്ഷയ്ക്കു പോകാനുള്ള ചെലവ് ഇരന്നു വാങ്ങി മതിയായതുകൊണ്ട് ഞാനും നിർത്തി.”

ഊപെൻ ചായഗ്ലാസുകളുമായി വന്നു. ജയദത്തനു ഗ്ലാസ്സു കൊടുക്കുമ്പോൾ അവൻ അയാളെ എന്തിനോ പേടിക്കുന്നുവെന്ന് എനിക്കു തോന്നി.

” നിനക്കറിയാമോ സ്കോളർഷിപ്പിനു പോലും ഞാനർഹനല്ലായിരുന്നു. അച്ഛൻ കൊള്ളാവുന്ന ഒരമ്പലത്തിൽ ശാന്തിപ്പണി ചെയ്യുന്നു എന്നതായിരുന്നു കാരണം. ആ വരുമാനം കൊണ്ടു നാലഞ്ചു പേരു കഴിഞ്ഞുപോയതു തന്നെ ഇപ്പോഴും അത്ഭുതമാണ്, എൻ്റെ കടയിൽ നിന്നും കിട്ടുന്നതു വച്ച് ഞാൻ പെടുന്നപാടോർക്കുമ്പോൾ. “

“അച്ഛനിപ്പോൾ?”

“അതറിഞ്ഞില്ലേ? അങ്ങേരു കെട്ടിത്തൂങ്ങി. “

ചായ എൻ്റെ നെറുകിൽകയറി. ചുമച്ചു. അതു കാര്യമാക്കാതെ ജയദത്തൻ പറഞ്ഞുകൊണ്ടിരുന്നു.

“കുറേ പുരോഗമനക്കാരു വന്നു ശാന്തിപ്പണിക്കു വേണ്ടി ഒരു സമരം നടത്തി. സാമൂഹ്യപരിഷ്കരണം എല്ലായിടത്തും എത്തിക്കുക എന്നതാണല്ലോ പുരോഗമനം. ഒരു ജോലിയും ഒരു പ്രത്യേക വിഭാഗത്തിൻ്റെയും കുത്തകയല്ല എന്നു കോടതി കൂടി പറഞ്ഞപ്പോൾ അച്ഛൻ്റെ പണി പോയി. അച്ഛനു മാത്രമേ പോയുള്ളൂ. പ്രസ്ഥാനത്തിൻ്റെ ഒരു പരീക്ഷണം. പരീക്ഷണം വിജയിച്ചപ്പോൾ ആ സമരത്തിൻ്റെ ചൂടു പോയി. “

“ഞാനൊന്നും അറിഞ്ഞിരുന്നില്ല…”

അറിഞ്ഞിട്ടെന്തു കാണിക്കാൻ എന്ന പുച്ഛഭാവത്തിൽ അവൻ തുടർന്നു. ” കഷ്ടപ്പാടു മാറി ദുരിതം വന്നു. തൂങ്ങുന്നതിൻ്റെ തലേന്ന് കണ്ട അച്ഛനെ എനിക്കു മരിക്കും വരെ മറക്കാൻ പറ്റില്ല. തൊട്ടതിനും പിടിച്ചതിനും ദേഷ്യം. ജീവിതത്തിലാദ്യമായാണ് അങ്ങേര് ആരെയെങ്കിലും കരയിക്കുന്നത്. ആകെ ഒരു പിടിവിട്ട മട്ട്. “

ആ നിമിഷങ്ങൾ ഒന്നു കൂടി ജീവിച്ചെടുക്കുന്നപോലെ അവൻ്റെ ശ്വാസഗതി മാറുന്നത് ഞാനറിഞ്ഞു. പിന്നെ പതിയെ പഴയ നിസ്സംഗതയിലേക്ക്..

“കഴുക്കോലിൽ നിന്നും അഴിച്ചെടുത്തു കിടത്തുമ്പോൾ ‘ഈ ലോകത്തു നീയൊക്കെ ഒന്നു ജീവിച്ചു കാണിക്ക്’ എന്നെഴുതിയ ഒരു കുറിപ്പുണ്ടായിരുന്നു അങ്ങേരുടെ പോക്കറ്റിൽ. “

അപ്പോഴാണ് ആദ്യമായി ആ ചായ അവനൊന്നു രുചിച്ചു നോക്കുന്നത്. കാർക്കിച്ചൊരു തുപ്പുതുപ്പി “ഹേയ് ഉപെൻ.. യെ കേസാ ചായ് ഹെ ബേ…” എന്നു ചെറുക്കനെ ചീത്ത വിളിച്ചു.

ബാക്കി കൂടികേൾക്കാനെന്ന മട്ടിൽ ഊപെൻ ഓടിവന്നു. വിനീതവിധേയനായി അവൻ്റെ മാതാവിനെയും പെങ്ങളേയും ചേർത്തുള്ള തെറികൾ കേട്ടുനിന്നു. അതവനു ശീലമായപോലെ. ആ പഴയ ജയദത്തനാണല്ലോ ഇതൊക്കെ പറയുന്നതെന്ന് ഒരേ സമയം അത്ഭുതത്തോടെയും ഭയത്തോടെയും ഞാനോർത്തു.

കടയിൽ നിന്നും ഇറങ്ങുമ്പോൾ പഴ്സ് എടുത്തില്ലെന്നു പറഞ്ഞ് എന്നെക്കൊണ്ടുതന്നെ പണം കൊടുപ്പിച്ചു.

തിരിച്ച് എൻ്റെ വണ്ടിയുടെ അടുത്തേക്കു നടക്കുന്നതിനിടയിൽ ഞാനവനെ ചോദ്യം ചെയ്തു. സാഹചര്യങ്ങൾ അവനെ മാറ്റിയിരിക്കാം. അറിഞ്ഞോ അറിയാതെയോ ഞാനും അയാളെ മാറ്റിയിരിക്കാം എന്ന കുറ്റബോധവുമുണ്ട്. അയാളെകണ്ടപ്പോൾ മുതൽ ഞാൻ പ്രതിരോധത്തിലായതും അതുകൊണ്ടാണ്. എന്നുവച്ച് എല്ലാം അങ്ങു സമ്മതിച്ചു കൊടുക്കണോ.

“ആ ചായ നല്ലതായിരുന്നല്ലോ. പിന്നെയെന്തിനാ അവനെ..?” ഞാനയാളുടെ വഴി തടഞ്ഞു. ആ മുഖത്തൊരു ചിരി വിരിഞ്ഞു – അല്ല, പഴയ ജയദത്തൻ ചിരിയല്ല. ഇതു പുച്ഛം കലർന്നൊരു വര. ഔദാര്യം.

” ഞാൻ അവനു ഭാവിയിലേക്കൊരു ട്രെയിനിംഗ് കൊടുക്കുന്നതല്ലേ?” അന്ധാളിച്ചു നിൽക്കുന്ന എനിക്ക് അയാൾ വിശദീകരിച്ചു തന്നു. “അവൻ്റെ പേരറിയാമോ? ഊപെൻ. ഉപമന്യു. നല്ല പേരല്ലേ. വടക്ക് എവിടെയോ പൂജാരിയാണ് അവൻ്റെ അച്ഛനും. പരമദരിദ്രൻ. വേദം കൊണ്ടു മാത്രം കുടുംബം പുലർത്താൻ പറ്റാത്തതു കൊണ്ട് ഇവിടെ ചായ വിറ്റു ജീവിക്കുന്നു. അവനിൽ ഞാനെന്നെയാണു കാണുന്നത് – പഴയ ഞാൻ. എൻ്റെ പിള്ളേരെ ഇതു പഠിപ്പിക്കാൻ പറ്റില്ല – അവരു കഷ്ടപ്പാടറിഞ്ഞല്ല വളർന്നത്. എന്നാൽ ഇവൻ അങ്ങനെയല്ല. അതുകൊണ്ട് ഒരു പ്രത്യേകവാത്സല്ല്യമാണ് അവനോട്. കണ്ടോ, ആ ചായക്കാരൻ ചെക്കൻ ഉയരങ്ങളിൽ എത്തും.”

വീട്ടിലേക്കു വണ്ടിയോടിക്കുമ്പോൾ ജയദത്തനെ വീണ്ടും കാണാനുള്ള സാഹചര്യം ഉണ്ടാവല്ലേ എന്നു പ്രാർത്ഥിക്കുകയായിരുന്നു. ഊപെൻ എന്ന ഉപമന്യുവിനോട് ആരും കാരുണ്യത്തോടെ പെരുമാറല്ലേ എന്നും. ചിലപ്പോൾ കാരുണ്യത്തിൻ്റെ ആ ഒരു ചെറിയ കണിക മതിയാകും ജയദത്തൻ്റെ ‘ട്രെയിനിംഗ്’ മൊത്തം വിഫലമാകാൻ.