ഇന്നലെ രാത്രി തന്നെ പ്രിൻ്റ് എടുത്ത് വയ്ക്കാം എന്ന് പറഞ്ഞ ഫ്ലക്സ് ആണ് ഇപ്പോ അരമണിക്കൂർ ആയി കടയിൽ വന്നിട്ട് ഇതു വരെ കഴിഞ്ഞിട്ടില്ല. പൊതുവെ ഇത്തരം സന്ദർഭങ്ങളിൽ എനിക്ക് നല്ല ദേഷ്യം വരും. ദേഷ്യം ഒരു പൊട്ടിതെറിയിലേക്ക് എത്തുമോ എന്ന് ഓർത്ത് ഇരിക്കുമ്പോൾ ആണ് കക്ഷി യുടെ വരവ്. കയ്യിൽ ഒരു ഫ്ലാസ്ക് ഒക്കെ ഉണ്ട്. ഏകദേശം 60 വയസ്സ് കാണും. നേരെ കടയിലെ പയ്യൻ്റെ അടുത്ത് ചെന്ന് എന്തൊക്കെയോ പറഞ്ഞു. പയ്യൻ നേരെ എൻ്റെ അടുത്ത് വന്നു ചോദിച്ചു
” സാറിന് തിരക്കിലേ ഈ സാറിൻ്റെ ആദ്യം എടുത്തോട്ടെ? പുള്ളിക് കുറച്ച് അത്യാവശ്യo ഉണ്ട് എന്ന് പറഞ്ഞു.”
എനിക്കും പോയിട്ട് അത്യാവശ്യo ഉള്ളതാ എൻ്റെ ചെയ്തിട്ട് മതി ബാക്കി.
ഉച്ചത്തിൽ ഉള്ള എൻ്റെ സംസാരം കേട്ടിട്ട് അനെന്ന് തോനുന്നു കക്ഷി പയ്യൻ്റെ മറുപടിക്ക് കാത്തു നിൽക്കാതെ എൻ്റെ അടുത്ത് വന്നു ഇരുന്നു. കുറച്ച് നേരം എന്നെ തന്നെ നോക്കി ഇരുന്നു.എന്തോ ചിന്തയിൽ മുഴുകിയ പോലെ. എന്നെ നോക്കി പയ്യെ ഇന്ന് ചിരിച്ച് കൊണ്ട് ചോദിച്ചു മോൻ ഈ watsapp ഒക്കെ ഉപയോഗിക്കാൻ അറിയാമോ?
വയസ് കാലത്ത് ഇയാൾക്ക് എന്ത് watsapp എന്ന് ചിന്തിച്ച് കൊണ്ട് ഞാൻ പറഞ്ഞു ” അറിയാം”.
” എനിക്ക് ഒരു കൂട്ടം ഒന്ന് സ്റ്റാറ്റസ് ഇടാൻ ആണ്. മോൻ ഒന്ന് സഹായിക്കാമോ?”
തൻ്റെ കയ്യിൽ ഉള്ള ഒരു സ്മാർട്ട്ഫോൺ എൻ്റെ നേരെ നീട്ടി, ഞാൻ അത് വാങ്ങി watsapp open ആക്കി. സ്റ്റാറ്റസ് അപ്ഡേറ്റ് ഓപ്ഷൻ എടുത്തു.
എന്താണ് സ്റ്റാറ്റസ് ആയി ഇടേണ്ടത്,
പോക്കറ്റിൽ നിന്നു കണ്ണാടി എടുത്തു വച്ച് മൂപ്പർ ഫോണിൽ നോക്കി ഒരു ഫോട്ടോ എടുത്തു പറഞ്ഞു
“ഇതാണ് എൻ്റെ മോൻ” ഇതാണ് സ്റ്റാറ്റസ്”
ഒരു ചെറുപ്പക്കാരൻ്റെ ഫോട്ടോ. അതിൻ്റെ താഴെ ആയി
അമൽ K.S, വയസ്സ് 23, കുന്നുമ്മൽ ഹൗസ്, നിര്യാതനായി.
” ഇത് അവൻ്റെ ഫോൺ ആണ് കൂട്ടുകാരെ എല്ലാം വിളിച്ച് പറയാൻ പറ്റില്ല ഇത് ആകുമ്പോൾ എളുപ്പം ആണല്ലോ…” (അയാളുടെ ശബ്ദം ഒന്ന് ഇടറി)
എനിക്ക് ഉടനെ പോകണം അവള്, അവൻ്റെ അമ്മ അവിടെ ഒറ്റയ്ക്ക് ആണ് ആശുപത്രിയിൽ, അവൻ പോയില്ലേ…ഇത് അവൾക് ഉള്ള ചായ ആണ്, പാവം രണ്ട് ദിവസം ആയിട്ട് ഒന്നും കഴിച്ചിട്ടില്ല.
മകൻ്റെ ചരമ വാർത്ത ഉള്ള ഫ്ലക്സ് വാങ്ങാൻ നിൽക്കാതെ അയാൾ നടന്ന് അകന്നു…