സ്ഥാനാർഥി പട്ടികയിലേക്ക് പേര് നിർദേശിക്കപ്പെട്ടപ്പോൾ നേതാവ് അയാളെ വിളിച്ച്, മാറ്റി നിർത്തി സ്വകാര്യം പറഞ്ഞു.
“ഇനി ആദ്യം വേണ്ടത് അച്ഛനെ കൂട്ടികൊണ്ടുവരിക എന്നുള്ളതാണ്. ശത്രുക്കൾക്ക് നമ്മളായി ഒരായുധം കൊടുക്കരുതല്ലോ.”
ആ പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയ അയാൾ അനുസരണയുള്ള കുട്ടിയെപോലെ തലയാട്ടി.
ഹാളിലെ ആളൊഴിഞ്ഞ മറ്റൊരു മൂലയിലേക്ക് മാറിനിന്നു അയാൾ മൊബൈലിൽ വിരലുകളമർത്തി . മറു ഭാഗത്ത് ആകാംഷമുറ്റിയ ശബ്ധത്തിൽ അവൾ ചോദിച്ചു. എന്തായി?
“കാര്യങ്ങളൊക്കെ നമ്മൾ ആഗ്രഹിച്ചപോലെതന്നെ. നല്ല വിജയസാധ്യതയുള്ള മണ്ഡലമാണന്നാണ് പൊതുവിൽ അഭിപ്രായം. “–അയാൾ ഉന്മേഷത്തോടെ പറഞ്ഞു.
“ഒരു മന്ത്രിസ്ഥാനവും പ്രതീഷിക്കുന്നു.” അത് പറയുമ്പോൾ അയാൾ സ്വയം അഭിമാന പുളകിതനായി .
“ഞാൻ എല്ലാവരോടും വിളിച്ചു പറഞ്ഞോട്ടെ”. മറുഭാഗത്തു നിന്നും വീണ്ടും അവൾ.
“നിക്കട്ടെ. നീ ആദ്യം പോയി അച്ഛനെ കുട്ടികൊണ്ടു വരൂ. ശത്രുക്കൾക്ക് നമ്മളായി ഒരായുധം കൊടുക്കരുതല്ലോ.” അയാൾ നേതാവിനെ അനുകരിച്ചു.
ഒരു മുറുമുറുപ്പും കുടാതെ അവൾ ഹൃദ്യമായി മൊഴിഞ്ഞു ‘ഇതാ ഞാൻ പുറപ്പെടുകയായി.’
സുഭദ്ര തന്നെ കാറെടുത്തു. ഗേറ്റ് കടന്നു ചെറിയൊരു വളവെടുത്ത്, പ്രധാന റോഡിലെക്ക് എത്തുമ്പോഴേക്കും ഗിയർ അതിന്റെ പരമാവധിയിലെത്തി വിശ്രമിച്ചു. മിനുട്ടുകൾ കൊണ്ട് വൃദ്ധസദനത്തിലെ ഗേറ്റിന് മുന്നിൽ കാർ ബ്രേക്കിലമർന്നു നിന്നു. അവരെ കണ്ടതും വാർഡർ കൂപ്പു കയ്യോടെ സ്വീകരിച്ചു . ടിവിയിൽ ന്യൂസ് ഫ്ലാഷ് വരുന്നുണ്ട് അയാൾ ചിരിച്ചു. അവളും .വരാന്തയിൽ വൃദ്ധൻ ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുന്നുണ്ടായിരുന്നു. അയാളുടെ തോൾ ബാഗും തുണികെട്ടുകളും ഡികിൽ എടുത്തുവെക്കാൻ വാർഡർ സഹായിച്ചു.
വൃദ്ധനെ മുൻസീറ്റിൽ ഇരുത്തി സുഭദ്ര സാവകാശം വണ്ടിയോടിച്ചു. കാഴ്ചകളിൽ ശ്രദ്ധിക്കാതെ സ്വയം ഒരു കാഴ്ചവസ്തുവായി അയാൾ അനങ്ങാതെ ഇരുന്നു. മകൻറെ പുതിയ മാളിക കണ്ടു വൃദ്ധൻ വിസ്മയിച്ചു .സുഭദ്ര നിർത്താതെ ശബ്ധിച്ചുകൊണ്ടിരുന്ന മൊബൈലിനെ നിശബ്ദമാക്കി തന്നെ കാണാൻ വന്നവരോട് കുശലം പറഞ്ഞു.
അച്ഛനുമായി ഒരു ഷോപ്പിംഗ് കഴിഞ്ഞു വരികയാണ്. കേട്ടുനിന്നവർ അത് വിശ്വസിച്ചു എന്ന് പറയും പോലെ തലയാട്ടി . അവരോടു ഇരിക്കാനായി പറഞ്ഞു സുഭദ്ര അച്ഛനെ താഴത്തെ വിശാലമായ കിടപ്പ് മുറിയിലെ തണുപ്പിന്റെ ശീതളിമയിലേക്കു ആനയിച്ച് കിടക്കയിൽ കിടത്തി. ആര് വന്നാലും എഴുനേൽക്കരുതെന്നും ഉറക്കം നടിച്ചു കിടന്നാൽ മതിയെന്നും കുറഞ്ഞൊരു കർക്കശതയോടെ പറഞ്ഞു.
സന്തോഷത്തിന്റെ രാപകലുകളിൽ എപ്പോഴോ ഒന്ന് രണ്ടു പ്രാവശ്യം വൃദ്ധൻ മകനെ കണ്ടു. മകൻ അച്ഛനെ ശരിക്കും കണ്ടില്ലങ്കിലും.
ഫലപ്രഖ്യാപനത്തിന്റെ ശോകമൂകമായ അന്തരീക്ഷത്തിൽ, വീട്ടിനു മുൻപിൽ വന്നു നിന്ന ഓട്ടോവിൽ അച്ഛനെ കയറ്റി ഇരുത്തി വൃദ്ധസദനത്തിലേക്ക് തിരിച്ചയക്കുമ്പോൾ അയാൾ ഓട്ടോകാരനോടായി പറഞ്ഞു
സൂഷിക്കണം.. അച്ഛൻ വളരെ അവശനായിട്ടുണ്ട്..