ഓഫീസിലേക്ക് പോകാൻ ഗേറ്റ് തുറക്കുന്ന നേരത്താണ് റോഡിലൂടെ ഒരു വെളുത്ത കാർ പോകുകയും അതിൽ നിന്ന് എനിക്ക് നേരെ ഹരിയേട്ടൻ കയ്യ് ഉയർത്തി അഭിവാദ്യം ചെയ്തതും . ഹരിയേട്ടനെ കണ്ടിട്ട് എത്രയോ നാളുകളായി . ഓഫീസിൽ എത്തുന്നത് വരെ ഹരിയേട്ടനെ പറ്റി ആയിരുന്നു ചിന്ത. ഹരിയേട്ടൻ ഇപ്പോൾ ഡൽഹി കേന്ദ്രികരിച്ചാണ് പ്രവർത്തിക്കുന്നത് . പുരാണങ്ങളിൽ ഒക്കെ നല്ല അറിവാണ് എന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. അതിനെ വർത്തമാന കാലവുമായി ബന്ധപ്പെടുത്തി പുസ്തകങ്ങൾ ഒക്കെ പ്രസിദ്ധീകരിക്കുന്നുണ്ട് അത്രേ. പണ്ട് നാട്ടിൽ പന്തി ഭോജനം നടക്കുമ്പോൾ അതിൽ പങ്കെടുത്ത ആളാണ് ഹരിയേട്ടൻ്റെ അപ്പൂപ്പൻ എന്ന് എന്നോട് എപ്പോഴും പറയാറുണ്ടായിരുന്നത് എൻ്റെ അമ്മൂമ്മയായിരുന്നു.
ഓഫീസിൽ രാവിലെ തന്നെ മീറ്റിംഗിൻ്റെ തിരക്കാണ് . പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് എൻ്റെ ഒരു പകർപ്പ് ഉണ്ടാകുകയും എനിക്ക് പകരം അതിനെ മീറ്റിംഗ് വിടുകയൂം ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ട് .മീറ്റിംഗുകൾക്കു ശേഷം ധൃതിയിൽ ഉച്ചയൂണ് കഴിച്ചു എന്ന് വരുത്തി . സീറ്റിൽ എത്തി ഓൺലൈൻ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു. ചെറിയ ഒരു ക്ഷീണം.
സരയൂ നദിയിലേക്കു എപ്പോഴാണ് എൻ്റെ ചിന്ത പോയത് എന്നറിയില്ല .സരയൂ ഘട്ടിലെ കല്പടവുകളിൽ നിന്ന് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും എന്തോ ചെയ്യാൻ എന്ന മട്ടിൽ നടന്നു . ഇവിടെ എല്ലാം ആളുകൾ ആണ് , ആൾകൂട്ടങ്ങൾ ആണ് . ഇവിടെ ആഘോഷമാണ് .അവരുടെ ഇടയിലൂടെ അവർ അറിയാതെ നടക്കുമ്പോൾ ആണ് തെല്ലു മാറി ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത് . ഈ ആൾക്കൂട്ടത്തെയോ ബഹളങ്ങളെയോ ഒന്നും ശ്രദ്ധിക്കാതെ നദിയിലേക്കു മാത്രം നോക്കി ഇരിക്കുന്ന ഒരാൾ .പതുക്കെ അടുത്തു ചെന്ന് .ഒന്ന് ചുമച്ചു .മുഖം അല്പം പോലും ചലിക്കുകയോ എന്നെ നോക്കുകയോ ചെയ്ത്തടില്ല .എന്താ ഇവിടെയിരിക്കുന്നത്. എന്താ നോക്കുന്നത്ഞാൻ ചോദിച്ചു.
“കഥ ഏഴുതുക എന്നതാണ് എൻ്റെ ജോലി..ഇതെന്റെ സ്വപ്നം ആണ് . ഈ നദിയുടെ തീരത്തു നിന്ന് ഒരു കഥ.ആ സ്വപ്നിത്തിലേക്ക് ഞാൻ അടുക്കുകയാണ് “.
കഥാകാരിയുടെ മുടിയിലേക്ക് ഒന്ന് നോക്കി. ചെറുതായി വെട്ടി ഒരുക്കിയിരിക്കുന്നു . “എന്റെ തല , എന്റെ മുടി” എങ്ങോട്ടെന്നില്ലാതെ അവർ അലക്ഷ്യമായി പറഞ്ഞു.ഒരൽപം പോലും തലയനക്കാതെ നദിയിലേക്കു നോക്കി ഇരിക്കുന്ന ഇവർ ഞാൻ അവരുടെ തലയിലേക്ക് നോക്കിയ കാര്യം എങ്ങനെ മനസ്സിലാക്കി.
“നിങ്ങൾ എന്ത് ചെയുന്നു ” കഥാകാരി ചോദിച്ചു .ഞാൻ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ്”.
” അപ്പോൾ കോഡ് എഴുതാൻ വന്നതാണോ ഇവിടെ”. ചോദ്യത്തിലെ പരിഹാസം ഞാൻ തിരിച്ചറിഞ്ഞു.
“അല്ല, ഈ നദിയുടെ തീരത്തു നിന്ന് തന്നെ ഒരു കഥ എഴുതണം എന്ന് എനിക്ക് തോന്നി”.ഞാൻ പറഞ്ഞു
“ഈ സരയൂ നദിയുടെ തീരത്തു നിന്ന് ലോകോത്തരവും ഭാവനാത്മകവുമായ കഥകൾ തന്നെയാണ് വന്നിട്ടുള്ളതു .പക്ഷെ..” കഥാകാരി പറഞ്ഞു നിർത്തി . ആ സമയം ഞങ്ങളുടെ മുന്നിലൂടെ ഒരു ചെറിയ ആൾക്കൂട്ടം നദിയിലേക്കു നടന്നു ഇറങ്ങുകയും ഏതാണ്ട് ഒരു പോലെ മൂന്ന് നാല് തവണ മുങ്ങി താഴുകയും ചെയ്തു.
“കഥയുടെ കഥാകാരൻറെയും കുഴപ്പമല്ലല്ലോ. നമ്മൾ എഴുതാൻ ഇരിക്കുന്ന കഥയും ഇത് പോലെ ആവില്ലേ ” ഞാൻ സംശയം പ്രകടിപ്പിച്ചു .
“തീർച്ചയായും .അതാണ് എൻ്റെ സ്വപ്നം.അങ്ങനെ ആർക്കും മുതലെടുക്കാനാകാത്ത ഒരു കഥ ആവും എന്റേത് . നിങ്ങൾക്കു ഇറ്റലിയിലെ ഫ്ലോറെൻസ് അറിയില്ലേ. വർഷങ്ങൾക്ക് മുൻപ് ഫ്ലോറെൻസിൽ അർണോ നദിയുടെ തീരത്തു നമ്മളെ പോലെ രണ്ടു പേര് ഇരുന്നിട്ടുണ്ടാവണം. നിങ്ങള്ക്ക് ചിത്രം വരയ്ക്കാനറിയുമോ.എൻ്റെ കഥകൾക്ക് ചിത്രം വരയ്ക്കാൻ ഒരാളെ വേണം..റാഫേലിനേ പോലെ ഒരാൾ ഡാവിഞ്ചിയെ പോലെ ഒരാൾ “
കഥാകാരിയുടെ സ്വരം ആദ്യമായി ഒരൽപം ഇടറിയത് പോലെ തോന്നി..
“ഞാൻ എഴുതുന്ന ഈ കഥ വായിച്ചു കഴിയുമ്പോഴേക്കും ഇവിടെ ഉള്ളവർക്ക് കാര്യം മനസ്സിലാകും. അവർ ഇത് വരെ കേട്ട കഥകൾ വെറും കഥകൾ ആയിരുന്നു എന്ന് അവർ ചിന്തിക്കും”
കഥാകാരി തുടർന്നു .
പെട്ടെന്ന് ഒരാൾക്കൂട്ടം ഞങ്ങളുടെ അടുത്തേക്ക് ശൂലവും വാളും ആയി വേഗത്തിൽ ഓടി വരുന്നതായി എനിക്ക് തോന്നി . “ആർക്കാണ് ഇവിടുത്തെ കഥ മാറ്റി എഴുതേണ്ടത്” അതിൽ മുൻപിൽ നിന്നയാൾ ഉച്ചത്തിൽ ഞങ്ങളോട് ചോദിച്ചു. “അവർ ഇതാ എത്തി കഴിഞ്ഞു” ഞാൻ മുഖം ഒന്നുയർത്തി നോക്കി .
അദ്ഭുതം “ഇതു ഹരിയേട്ടൻ ആണല്ലോ!”
ഹരിയേട്ടൻ്റെ പിന്നിൽ അണി നിരന്ന ആൾക്കൂട്ടത്തിൽ എല്ലാവർക്കും ഹരിയേട്ടൻ്റെ തന്നെ മുഖം .പക്ഷെ അവരുടെ കൈകളിൽ ഞാൻ പ്രതീതിഷിച്ച പോലെ ശൂലവും വാളും ഒന്നുമില്ല “
“ഹരിയേട്ടാ” ഞാൻ വിളിക്കാൻ നോക്കി.അതിനു മുന്നേ ഹരിയേട്ടൻ പറഞ്ഞു “ഞങ്ങൾ ഇവിടുത്തെ ബൗദ്ധിക കൂട്ടം ആണ് . ഞങ്ങളുടെ കയ്യിൽ ശൂലവും വാളും ഒന്നും ഇല്ല . ഇവിടെ ഈ കഥ മതി.ഇവിടെ നിങ്ങൾ എത്ര പുതിയ കഥ എഴുതിയാലും ഞങ്ങൾ ആ കഥ മാറ്റി എഴുതി എഴുതും.ധാ ഇത് കണ്ടോ. ഇതാണ് ഞങ്ങളുടെ ആയുധം ” .ഇത് പറയുകയും ഹരിയേട്ടൻ തൻ്റെ പോക്കറ്റിൽ നിന്നു പേന എടുത്തു എനിക്ക് നേരെ നീട്ടി പിടിക്കുകയും ചെയ്തു. ഞാൻ ആ പേനയിലേക്കു ഒന്ന് സൂക്ഷിച്ചു നോക്കി .ഇന്ന് വരെ കണ്ടിട്ടിലാത്ത തരം ഒരു പേന .അത് ഒരു ഓറഞ്ചു പേനയാണ് , ഹരിയേട്ടൻ ആ പേന നീട്ടിയപ്പോൾ ഹരിയേട്ടൻൻ്റെ പിന്നിൽ അണി നിരന്ന ബൗദ്ധിക കൂട്ടവും ഒരേ താളത്തിൽ ഒരേ വേഗതിയിൽ അവരവരുടെ കയ്യിൽ ഇരുന്ന പേന എൻ്റെ നേരെ നീട്ടി. നൂറു കണക്കിന് ശൂലങ്ങളുടെ മുന്നിൽ നില്കുന്നത് പോലെ എനിക്ക് തോന്നി .
ആ ഓറഞ്ചു പേനകൾ എല്ലാം അവർ എനിക്ക് നേരെ എറിഞ്ഞതായും അത് എൻ്റെ ദേഹത്തു വന്നു തറച്ചിരിക്കുന്നതായും എനിക്ക് അനുഭവപ്പെട്ടു. അതുണ്ടാക്കിയ കടുത്ത വേദനയിൽ ഞാൻ കഥാകാരിയെ നോക്കി.നമ്മുക്ക് ഇവിടിന്നു പോകാം എന്ന ഭാവത്തിൽ കഥാകാരി എൻ്റെ നേരെ മുഖം തിരിച്ചു.അങ്ങനെ ആദ്യമായി കഥാകാരിയുടെ മുഖം കണ്ടു .
കൈയ്കൾ ചേർത്ത് പിടിച്ചു ഞങ്ങൾ വേഗത്തിൽ നടന്നു.ഞങ്ങൾക്ക് പിന്നാലെ ബൗദ്ധിക കൂട്ടവും.സരയുവിൻ്റെ തീരത്തു കൂടി കുറേ ദൂരം .വിവിധ വർണങ്ങളിൽ ഉള്ള ബോട്ടുകൾ തീരത്തു ആളുകളെ കയറ്റികയും ഇറക്കിയും ചെയ്തുകൊണ്ടിരുന്നു. അത് നോക്കി നിൽക്കാൻ പറ്റിയില്ല .പിന്നിൽ തന്നെ അവർ ഉണ്ട് .
ഗുപ്തർ ഘട്ട് കടന്നു പിന്നെയും മുന്നോട്ടു ചെന്നപ്പോൾ പിന്നിൽ അവരെ കാണാതായി. കഥാകാരി എൻ്റെ കയ്യിൽ നിന്നും അവരുടെ കയ്യുകൾ അടർത്തി മാറ്റി . “ഇനി എനിക്ക് ഒറ്റക്ക് നടക്കണം” എന്നു പറഞ്ഞു അവർ മുന്നോട്ടു ഓടി .അവർക്കു പിന്നാലെ ഞാനും ഓടി.മത്സരം കനത്തപ്പോൾ ഞാൻ പറഞ്ഞു “നമ്മൾ രണ്ടു പേരും ഒരേ ലക്ഷ്യത്തിലേക്കാണല്ലോ . നമ്മുക്ക് കയ്യ് പിടിക്കാതെ തന്നെ രണ്ടായി ഒരുമിച്ചു നടക്കാം”.അങ്ങനെ രണ്ടു പേരും ഒരേ താളത്തിൽ മുന്നോട്ടു നടന്നു.
കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോൾ കഥാകാരി പിന്നിലേക്ക് നോക്കി പറഞ്ഞു ” ഇവിടെ ഇനിയും ദീപങ്ങൾ തെളിയും. വിദ്വേഷം നിറo കെടുത്താത്ത ദീപങ്ങൾ . ശാസ്ത്രവും മാനവികതയും കലയും ഇവിടെ സംഗമിക്കും .എൻ്റെ കഥ വരാനിരിക്കുന്നതേ ഒള്ളൂ.”
ഒരു പനംകാക്ക എവിടോ നിന്നോ എത്തി തൻ്റെ നീല നിറത്തിലുള്ള മനോഹരമായ ചിറകുകൾ അടിച്ചു ഞങ്ങളുടെ മുകളിലൂടെ ഞങ്ങളുടെ വേഗതയിൽ ഞങ്ങൾക്കൊപ്പം പറന്നു തുടങ്ങി.
” ഈ നദിയുടെ തീരത്തു പ്രസിദ്ധമായ ഇപ്പോഴുള്ള കഥകളിൽ എല്ലാം ഞാൻ ഉണ്ട്. നിങ്ങൾ പറയുന്നത് ഞാൻ കേട്ടു ,ഇനി മുതൽ ഞാനും ഉണ്ട് നിങ്ങളുടെ കൂടെ” എന്ന് അത് ഞങ്ങളോട് പറയുന്നതായി എനിക്ക് തോന്നി.
“ചായ കുടിക്കാൻ വരുന്നോ”, സഹപ്രവർത്തക വന്നു വിളിച്ചപ്പോയാണ് ഞാൻ ഞെട്ടി ഉണർന്നത് .സരയു നദി ഇല്ല .മുന്നിൽ ലാപ്ടോപ്പ് ഇരിക്കുന്നു. ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അവരുടെ മുടിയിലേക്കു ഒന്ന് നോക്കി .നല്ല നീളമുള്ള മുടി . “ഏയ് ,അല്ല, അത് ഈ കുട്ടി അല്ല ” ഞാൻ മനസ്സിൽ പറഞ്ഞു . ഞാൻ നോക്കുന്നത് മനസ്സിലായിട്ടെന്നവണ്ണം “എന്താ , എന്ത് പറ്റി” എന്ന് സഹപ്രവത്തക ചോദിച്ചു .
“നേരത്തെ വന്നത് നന്നായി അല്ലെങ്കിൽ ഈ പഴം പൊരി കിട്ടില്ലായിരുന്നു “. ക്യാന്റീനിലെ പലഹാരം തീർന്നു പോയ വിവരം കേട്ട് ചായ വാങ്ങാൻ വരിനിൽക്കുന്നവരുടെ മുഖത്തേക്ക് നോക്കി അവരുടെ സങ്കടം കണ്ടു കൊണ്ട് ഞാൻ പറഞ്ഞു.
ക്യാന്റീനിൽ നിന്നും തിരിച്ചു എത്തി ലാപ്ടോപ്പ് തുറക്കുന്നിതിനും മുൻപ് ഞാൻ ഒന്ന് എൻ്റെ ചുറ്റും ഒന്നും കണ്ണോടിച്ചു .ഇവിടെ എല്ലാവരും തിരക്കിലാണ്. ഇവിടെ ആർക്കും ഒരു കുഴപ്പവും ഇല്ല. പുറത്തേക്കു നോക്കാൻ കഴിയാത്ത രീതിയിൽ ആണ് കെട്ടിടം എങ്കിലും പുറത്തു നല്ല മഴ പെയ്യുകയാണ് എന്ന് ഗൂഗിളിൽ നിന്നും മനസ്സിലാക്കി. എന്തായാലും വീട്ടിൽ ചെന്നിട്ടു ഇന്ന് ഒരു കഥ എഴുതണം. സരയുവിൻ്റെ വരാനിരിക്കുന്ന കഥ.