സമയം രാവിലെ 8 മണി കഴിഞ്ഞു.
ഡിസംബർ മാസം ആയതിനാൽ മഞ്ഞിൽ പൊതിഞ്ഞ സൂര്യനെ മാത്രമേ കാണൻ
കഴിയുന്നുള്ളു. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള കടയിൽ നിന്ന് ചൂട് പാറുന്ന ഒരു ചായ ഞാൻ വാങ്ങി. സ്റ്റേഷൻ പരിസരമാകെ മൂടൽ മഞ്ഞ് പൊതിഞ്ഞിരുന്നു. കടയുടെ ചുവരിനോട് ചേർന്നുള്ള ബെഞ്ചിൽ ഞാൻ സ്ഥാനം പിടിച്ചു. ബാംഗ്ലൂരിലെ ഈ തണുപ്പ് ഇന്നെനിക്ക് ശീലമായിരിക്കുന്നു.12 വർഷത്തെ ബാംഗ്ലൂർ ജീവിതം എന്നെ പലതും ശീലിപ്പിച്ചു എന്ന് വേണം കരുതാൻ.
ഏകദേശം അര മണിക്കൂറായി ഉള്ള ഇരിപ്പാണ്. ഗൗരിയെ കാണുവാനുള്ള ഈ
കാത്തിരിപ്പിന് എനിക്ക് തെല്ലും വിരസത തോന്നുന്നില്ല. ഗൗരിയുമായ് കോളേജ്
കാലം മുതലുള്ള സൗഹൃദമാണ്. അന്ന് മുതൽ “ബെസ്റ്റ് ഫ്രണ്ട്‌സ്” എന്നാണ് ഞങ്ങൾ
അറിയപ്പെട്ടിരുന്നത്. പക്ഷേ എനിക്ക് അവളെ ഒരു “ബെസ്റ്റ് ഫ്രണ്ട്” ടാഗിൽ
ഒതുക്കുവാൻ ഇഷ്ടമല്ല. അന്തർമുഖയായ എന്റെ വളരെ ക്ലോസ്ഡ് സർക്കിൾലെ
ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ. അത് “ബെസ്റ്റ് ഫ്രണ്ട്” ടാഗ്‌നേക്കാളും
മുന്നിൽ ആണ്.
അല്പസമയം കഴിഞ്ഞപ്പോൾ ഗൗരി വന്നു.
ഗൗരി:”നിന്നോട് ഞാൻ പറഞ്ഞത് അല്ലെ വെയിറ്റ് ചെയ്യേണ്ടന്ന് ..ഞാൻ നേരെ അങ്ങ്
വരുമല്ലോ ”
ഞാൻ :”ഓഹ് ..അതിനിപ്പോഴെന്താ .. ഞാൻ അല്ലേലും ഇന്ന് ലീവ് ആണ്. പിന്നെ
റിച്ചു വെക്കേഷന് ആയത്കൊണ്ട് നാട്ടിൽ ആണല്ലോ .. കാർത്തിക് ആണേൽ
ബിസിനസ് ട്രിപ്പിലും. പിന്നെ എനിക്ക് വേറെ എന്താ പണി, അതുപോട്ടെ
എന്നാലും എന്താപ്പോൾ പെട്ടെന്ന് എന്നെ ഇങ്ങുവന്നു കാണാൻ തോന്നാൻ?”
എന്റെ ജിജ്ഞാസയോടുള്ള ഉള്ള ചോദ്യം കേട്ട ഉടനേ ഒരു ചെറു ചിരിയോടെ
ഗൗരി:”നിന്നെ കാണാൻ വരാൻ പ്രതേകിച്ചു കാരണം എന്തേലും വേണോ? ആദ്യം
ഫ്ലാറ്റിലോട്ടു പോകാം ഒന്ന് ഫ്രഷ് ആകണം”.
ഞങ്ങൾ നേരെ കാർ പാർക്കിംഗിലോട്ട് നടന്നു. റിച്ചു നാട്ടിൽ പോയ വിശേഷങ്ങൾ
ഒകെ ഇടയ്ക്ക് ഞാൻ പറയുന്നുണ്ടായിരുന്നു. ഒരു ബാഗ് മാത്രമേ ഗൗരിക്കു
ഉണ്ടായിരുന്നുള്ളു അതും എടുത്തുവച്ചു ഞങ്ങൽ കാറിൽ കയറി. നേരെ
ഇന്ദ്രാനഗറിലോട്ട് ആണ് യാത്ര..എന്റെ ഫ്ലാറ്റിലോട്ട്.
കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ഗൗരിക്ക് ഒരു കാൾ വന്നു. ശങ്കറിന്റെ അച്ഛൻ
ആയിരിന്നു അങ്ങേത്തലക്കൽ. പെട്ടെന്നുള്ള ബാംഗ്ലൂർ യാത്രയും എന്നെ
കണ്ടതുമെല്ലാം അവൾ പറയുന്നുണ്ടായിരുന്നു.
എനിക്ക് എന്നും കൗതുകവും സന്തോഷവും തോന്നിയിരുന്ന ഒരു റിലേഷനായിരുന്നു
ഗൗരിയും ശങ്കറിന്റെ വീട്ടുകാരും തമ്മിൽ ഉണ്ടായിരുന്നത്. പറഞ്ഞു കേട്ടതോ കണ്ടു
ശീലിച്ചതോ ആയിട്ടുള്ള ഒരു ഭതൃ വീട്ടുകാർ ആയിരുന്നില്ല അവർ . “ഗൗരി
ഞങ്ങളുടെ മോൾ ആണ്” എന്നുള്ള ഡയലോഗ് ആദ്യം കേട്ടപ്പോൾ വളരെ ക്ലീഷെ
ആയിട്ടാണ് എനിക്ക് തോന്നിയത്. എന്നാൽ എന്റെ ചിന്തയെ ആസ്ഥാനത്താക്കുന്ന
രീതിയിലായിരുന്നു അവരുടെ സമീപനം. ഒരുപക്ഷെ പല സന്ദർഭങ്ങളിലും ഗൗരിയുടെ
മാതാപിതാക്കൾ അവളെ മനസിലാകുന്നതിനേക്കാൾ ഇവർ അവളെ
മനസിലാക്കിയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അത്കൊണ്ട് തന്നെയാകണം ശങ്കറിന്റെ മരണശേഷവും ഗൗരിയോടുള്ള സമീപനത്തിന്
അവർക്കു ഒരു മാറ്റവുമില്ലാത്തത്.
ശങ്കർ മരിച്ചിട്ടു 5 വർഷം കഴിയുന്നു. നാട്ടിൻപുറത്തെ ഇട്ടാവട്ടങ്ങളിൽ
ഒതുങ്ങിയിരുന്ന ഗൗരിക്ക് പുറംലോകത്തിന്റെ വാതിൽ തുറന്നു നൽകിയത് ശങ്കർ
ആയിരിന്നു. അറേൻജ്‌ഡ് മാരിയേജിലെ മിഥ്യകളെല്ലാം മാറ്റിനിർത്തിയായിരുന്നു
അവരുടെ ജീവിതം. ഇന്ന് ഗൗരിയെ ഒന്നിലും തളരാതെ ഇൻഡിപെൻഡന്റ് ആയിട്ട്
ജീവിതം മുന്നോട് കൊണ്ട് പോകാൻ പ്രാപ്തയാക്കിയത് ശങ്കർ തന്നെയായിരുന്നു.
ശങ്കർ മരിച്ചു ആദ്യത്തെ വർഷം കഴിഞ്ഞപ്പോൾ തന്നെ അവളുടെ വീട്ടിൽ
നിന്നും ഒരു സെക്കന്റ് മാരിയേജ്ന് നല്ല രീതിയിൽ പ്രഷർ തുടങ്ങിയിരുന്നു .
എന്നാൽ അവിടെയെല്ലാം അവൾക്കു ആവശ്യമായ സപ്പോർട്ട് നൽകിയത്
ശങ്കരന്റെ വീട്ടുകാർ ആയിരുന്നു. 2 വർഷത്തോളം ഡിപ്രെഷനിൽ ആയ ഗൗരിയെ
ഇന്ന് ഇങ്ങനെ ആക്കിഎടുക്കുന്നതിൽ അവർക്കുള്ള പങ്ക് വളരെ വലുതാണ്.
ഗൗരി:” വേണീ.. നീ എന്ത് ആലോചിച്ചിരിക്കുകയാണ് ?.. സിഗ്നൽ ആയ് വണ്ടി
എടുക്ക്”
ഭൂതകാല ചിന്തകളിൽ വലയം ചെയ്തിരുന്ന ഞാൻ പെട്ടെന്നു ബോധാവസ്ഥലേക്കു
തിരിച്ചെത്തി.
ഗൗരി: “അച്ഛനാണ് വിളിച്ചത്….ട്രെയിൻ കയറിയതിനു ശേഷമാണ് അച്ഛനോട്
ഇങ്ങോട്ട് ഉള്ള യാത്രയെ കുറിച്ച പറയുന്നത്..റിച്ചുകുട്ടനെയും കൂട്ടി ഒരു ദിവസം
വീട്ടിലോട്ട് വരാൻ പറഞ്ഞേക്കുകയാണ് നിന്നോട്”
ഞാൻ :”മ്മ്…ശങ്കറിന്റെ വീട്ടിൽ നീ പോയിട്ട് കുറച്ചാകുമല്ലേ?”
ഗൗരി:”അതെ….കഴിഞ്ഞ മാസവും ലീവ് ഒന്നും എടുക്കുവാൻ പറ്റിയില്ല, നല്ല
തിരക്കുണ്ടായിരുന്നു..പിന്നെ ഞാൻ നാട്ടിലൊട്ടൊക്കെ പോയിട്ടുതന്നെ 2 മാസം
ആകുന്നു.. അടുത്ത ആഴ്ച പോകണം”.
ഒരു ദീർഘ നിശ്വാസത്തോടെ ഗൗരി തുടർന്നു.
ഗൗരി:”ഞാൻ ഈ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്ന കുറച്ച പേരിൽ ഏറ്റവും മുന്നിൽ
ഉള്ള ആള് ആണ് ശങ്കറിന്റെ അച്ഛൻ.. എന്റെ സന്തോഷത്തിനു വേണ്ടി ഒരുപാട്
കാര്യങ്ങൾ ചെയ്തിട്ടുണ്ട്… സ്വന്തം മകൻ മരിച്ചിട്ടുപോലും അതിന്റെ ഓർമകളും
സങ്കടങ്ങളും എന്റെ മുന്നിൽ വച്ച് അവർ കാണിക്കാറില്ല. ശങ്കറിന്റെ ഒരു
ഫോട്ടോ പോലും ആ വീട്ടിൽ വച്ചിട്ടില്ല. ഇനി എനിക്കൊരു ട്രൗമ ഉണ്ടാകരുതെന്ന്
അവർക്കാണ് ഏറ്റവും നിർബന്ധം”
ഞാൻ ഒന്നും മിണ്ടിയില്ല എല്ലാം കേട്ട് ഇരുന്നു.അവൾ തുടർന്നു.
ഗൗരി:”കഴിഞ്ഞ തവണ ഞാൻ ശങ്കറിന്റെ വീട്ടിൽ പോയപ്പോൾ അച്ഛൻ ആദ്യമായ്
എന്നോടൊരു കാര്യം ആവശ്യപ്പെട്ടു.”
എന്റെ ആകാംഷയോടുള്ള നോട്ടം കണ്ടിട്ട് നിസാര ഭാവത്തിൽ അവൾ പറഞ്ഞു
ഗൗരി:”പലരും എന്നോട് ചോദിച്ചു തളർന്ന അതെ ചോദ്യം..ഒരു സെക്കന്റ് ഓപ്ഷൻ
ചിന്തിച്ചു കൂടെയെന്ന്. പക്ഷെ ഈ കാര്യം എന്നോട് ഏറ്റവും സോഫ്റ്റ് ആയി
ചോദിച്ചത് അച്ഛൻ ആണെന്ന് മാത്രം.”
അപ്പോഴേക്കും ഞങ്ങളുടെ കാർ അടുത്ത ട്രാഫിക് ബ്ലോക്കിൽ എത്തിയിരുന്നു.
ഞാൻ :”എന്നിട്ടു നീ എന്ത് പറഞ്ഞു പുള്ളിയോട് ?”
ഗൗരി:”ഞാൻ ഒന്നും പറഞ്ഞില്ല..നിനക്ക് അറിയാമല്ലോ ഞാൻ അങ്ങനെ ഒന്നും
ചിന്തിച്ചിട്ടില്ലെന്ന്.”
ശരിയാണ്.. ഗൗരിയുടെ ഈ ഉത്തരം എനിക്കറിയാമായിരുന്നു. പക്ഷെ ഇന്നുവരെ ഞാൻ അതിനെ കുറിച്ച് പറഞ്ഞു അവളെ നിർബന്ധിച്ചിട്ടില്ല. ശങ്കറിന്റെ ഓർമകളുടെ ഭാണ്ടകെട്ടു അവൾ അഴിച്ചു വച്ച് യാഥാർഥ്യവുമായി ജീവിച്ചു തുടങ്ങിയിട്ട് അധിക നാൾ ആയിട്ടില്ല. അതുകൊണ്ട് തന്നെ ഭാവിയിൽ എന്നെങ്കിലും ഒരു സെക്കന്റ് ഓപ്ഷൻ വേണമെന്ന് അവൾക്കു തോന്നുമ്പോൾ പറയട്ടെയെന്നു ഞാൻ കരുതിയിരുന്നു.
ചെറിയ രീതിയിൽ പുറത്ത് ചാറ്റൽ മഴ തുടങ്ങി. ഗ്ലാസ്സിലൂടെ മഴത്തുള്ളികൾ
അരിച്ചിറങ്ങി. ഞാൻ കാറിന്റെ വൈപ്പർ ഓണാക്കി.
ഗ്ലാസിൽ വീഴുന്ന മഴത്തുള്ളികൾ എത്ര നിസാരമായാണ് തുടച്ചു നീക്കപ്പെടുന്നത്.
അതുപോലെ മനസിലേക്ക് ഏല്ക്കുന്ന മുറിവുകൾ തുടച്ചുനീക്കപ്പെടാൻ
പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
തെല്ലു നേരത്തേക്ക് ഞങ്ങൾക്കിടയിൽ വൈപ്പറിന്റെ ഒച്ച മാത്രമേ
കേൾക്കുന്നുണ്ടായിരുന്നുള്ളു.ആ നിശബ്ദത ഭേദിച്ചുകൊണ്ട് ഗൗരി തുടർന്നു.
ഗൗരി :”നിനക്ക് ഓർമ്മയുണ്ടോ ശങ്കറിന്റെ മരണ ദിവസം… ഞാൻ അന്ന്
കരഞ്ഞിട്ടില്ല..കരയാതെ നിൽക്കുന്ന എന്നെ കണ്ടിട്ട് നീ ഉൾപ്പടെ
എല്ലാപേർക്കും പേടിയായിരുന്നു… ഞാൻ എല്ലാവരേം സമാധാനിപ്പിക്കുന്ന
തിരക്കിൽ ആയിരുന്നു.. ഇന്നലെ വരെ നിഴലായ് കൂടെ ഉണ്ടായിരുന്ന ഒരാൾ
പെട്ടെന്നു വെള്ളപൊതപ്പിച്ചു എന്റെ മുന്നിൽ കിടക്കുന്നു.. അന്നേരം
ശങ്കറിന്റെ ശരീരത്തിലെ തണുപ്പ് എന്റെ മനസ്സിലേക്കും ദേഹത്തിലേക്കും
അരിച്ചുകയറിയ പോലെയാ എനിക്ക് തോന്നിയത് . ചുറ്റിനു നടക്കുന്നതെല്ലാം
എനിക്ക് നല്ല ഓർമ്മ ഉണ്ടായിരിന്നു.. എനിക്ക് കരയണമെന്നുണ്ടായിരുന്നു.
പക്ഷെ പറ്റുന്നില്ലായിരുന്നു. ചടങ്ങുകൾ കഴിഞ്ഞു ദിവസങ്ങൾ
പിന്നിട്ടപ്പോഴാണ് ശങ്കറിന്റെ പ്രെസെൻസ് എന്നന്നേക്കുമായി എനിക്ക്
നഷ്ടപ്പെട്ടു എന്ന് മനസിലാക്കുന്നത്. മരണം ഏറ്റവും തീവ്രമായി മറ്റുള്ളവരിൽ
മുറിവേല്പിക്കുന്നത് അവരുടെ പ്രെസെൻസ് ഇനി ഒരിക്കലുമുണ്ടാകില്ല എന്ന
ബോധം നമ്മൾ തിരിച്ചറിയുമ്പോഴാണ്. ആ തിരിച്ചറിവിൽ എന്റെ ഇമോഷൻസിനെ
എനിക്ക് തന്നെ പലപ്പോഴും കണ്ട്രോൾ ചെയ്യാൻപറ്റാതെയായ് എന്നുവേണം
കരുതാൻ..”
ഗൗരിയുടെ വാക്കുകളിൽ ഇപ്പോൾ കണ്ണീരിന്റെ നനവ്
എനിക്കുതോന്നുന്നില്ലായിരുന്നു. നാലുചുവരുകൾക്കു ഉള്ളിൽ സ്വയം
ബന്ദിയാക്കി കഴിയാതെ, മതിലുകൾ ഭേദിച്ചു അവൾ ജീവിതത്തിൽ മുന്നോട്
നടന്നുനീങ്ങി. കൈവിട്ടു പോകുമെന്ന് ഞങ്ങൾക്കെല്ലാപേർക്കും തോന്നിയ
ജീവിതം അവൾ തിരിച്ച പിടിച്ചു.
ഗൗരിയുടെ കൈ മുറുകെപ്പിടിച്ചു ഞാൻ പറഞ്ഞു.
ഞാൻ : “അതെല്ലാംകഴിഞ്ഞില്ലേ..നിനക്ക് എപ്പോൾ തോന്നുന്നുവോ അന്നേരം ഒരു
സെക്കന്റ്ഓപ്ഷൻ ചിന്തിച്ചാൽ മതി. ഇനി അങ്ങനെ നിനക്ക്
തോന്നുന്നില്ലെങ്കിലും ഒരു പ്രശ്നവും ഇല്ല. നിനക്ക് ഇപ്പോൾ ഒരു
ജോലിയുണ്ടല്ലോ. ആരെയും ഡിപെൻഡ് ചെയ്യാതെ നിന്റെ കാര്യങ്ങൾ
നടക്കുന്നുമുണ്ട്. ഇതിൽ നീ ഹാപ്പി ആണേൽ അത് മതി.. ഒരാൾക്ക് ജീവിക്കാൻ
മറ്റൊരാൾ വേണം എന്ന് നിബന്ധന ഒന്നുമില്ല.”
ട്രാഫിയ്ക് ബ്ലോക്ക് മെല്ലെ മാറി. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഞാൻ
തമാശരൂപേനെ അവളോട് പറഞ്ഞു
ഞാൻ : “ഇന്നത്തെകാലത്തു ഒറ്റയ്ക്കു ജീവിക്കുന്നതാണ് നല്ലത്. അത്രയും സമാധാനം
കിട്ടുമെന്നെ..”
ഗൗരി:(ചിരിച്ചുകൊണ്ട് ) “അതെ.. അതെ.. ഞാൻ കാർത്തികനോട് പറഞ്ഞേക്കാം..”
ക്ഷണനേരത്തെ ആയുസുമാത്രമേ അവളുടെ ചിരിക്കു ഉണ്ടായിരുന്നുള്ളു. അവൾ
വീണ്ടും ചിന്തകളിലേക്ക് ചേക്കേറി.
ചാറ്റൽമഴ മാറാൻ തുടങ്ങിയിരിക്കുന്നു, രാവിലത്തെ മഞ്ഞുപാളികൾ എല്ലാം
അപ്രത്യക്ഷമായിരിക്കുന്നു. പരക്കെ വെയിൽ വന്നു തുടങ്ങി.
വലിഞ്ഞുമുറുക്കുന്ന ചിന്തകളിൽ നിന്നും പുറത്തുകടന്ന് ഒരു
വെളിപാടുണ്ടായപോലെ അവൾ പറഞ്ഞു.
ഗൗരി: “ഡി.. നമ്മൾ മനുഷ്യർ എപ്പോഴും എന്തിലെങ്കിലുമൊക്കെ ഡിപെൻഡഡ്
ആയിരിക്കും..ചിലർ ഇമോഷണൽ ഡിപെൻഡ് ആകും, ചിലർ ആളുകളിൽ ഡിപെൻഡ്
ആകും…ചിലപ്പോൾ തോന്നും ഒറ്റയ്ക്കു ജീവിക്കുന്നത് നല്ലത് ആണെന്ന്…ഞാൻ
അതിൽ ഇപ്പോൾ യൂസ്ഡ് ആണ് ..അതിലെനിക്ക് സന്തോഷം കണ്ടെത്താൻ
പറ്റുന്നുണ്ട് .എന്റേതായിട്ടുള്ള ഒരു ലോകമുണ്ടെനിക്ക്.. പക്ഷെ.. ഒരു പരിധി
കഴിയുമ്പോൾ അതിനു ഒരു വിരസത തോന്നും.. മനുഷ്യർ അല്ലെങ്കിലും അങ്ങനെ
ആണല്ലോ. ഒന്നിനും തൃപ്തർ അല്ലാലോ…നമ്മുടെ സങ്കടങ്ങളും
സന്തോഷവുമൊക്കെ ഷെയർ ചെയ്യുവാൻ, എപ്പോഴും ഇമോഷണലി അവൈലബിൾ
ആയ ഒരാൾ ഉണ്ടാകുന്നത് നല്ലത് ആണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്.
എപ്പോഴും ഒരു കംപാനിയന് ഉള്ളത് നല്ലതാണു .. അതൊരു സുഹൃത്താകാം
സോൾമേറ്റകാം ആരുമാകാം.. അത് കൊണ്ടാണല്ലോ റിലേഷന്ഷിപ്പ്
അഡ്വൈസോഴ്‌സ് പറയുന്നത് സീ എ കംപാനിയന് ഇൻ യുവർ പാർട്ണർ എന്ന്..”
അവൾ പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു.. കുറച്ചുനേരം കഴിഞ്ഞു രണ്ടാമത്
ഒരുചിന്ത പോലുമില്ലാതെ ഞാൻ അവളോട് ചോദിച്ചു.
ഞാൻ : “ശരിക്കും അച്ഛൻ പറഞ്ഞത് നമുക്ക് ഒന്നു ആലോചിച്ചാലോ? ..ഉടനെ
കല്യാണം എന്നല്ല ഞാൻ പറയുന്നത്..കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാലോ
.നിന്റെ പാസ്ററ് മനസിലാകുന്ന നിന്റെ അതെ വേവുലെങ്ങ്തിൽ ചിന്തിക്കുന്ന
ഒരാൾ വന്നാൽ നമുക്ക് മുന്നോട്ടുപോകാമല്ലോ. സ്വന്തം കാരണങ്ങൾ കൊണ്ടും
അല്ലാതെയും ഡിവോഴ്സ് ആകുന്നവർ ഉണ്ട് ഇപ്പോൾ , ടോക്സിക്
റിലേഷന്ഷിപ്പില് നിന്നും രക്ഷപെട്ടു വരുന്നവർ ഉണ്ട് ..ഇവരെല്ലാം അവരുടെ
പാസ്ററ് കളഞ്ഞിട്ടു മൂവ് ഓൺ ചെയ്യുകയാണ് അടുത്ത ഒരു ലൈഫിലോട്ട് .. അത്
ഒരിക്കലും സൊസൈറ്റി ആവശ്യപെടുന്നത് കൊണ്ട് ആകണം എന്നില്ല..അവർക്കു
സ്വയം തോന്നുന്നത് ആകും.അത്കൊണ്ട് ഒരു സെക്കന്റ് ചാൻസ് എടക്കുന്നത്
തെറ്റൊന്നുമല്ല . ഇനി ഒരുപക്ഷെ നിന്റെ ലൈഫിൽ വരുന്നയാൾ ശങ്കറിനെ
പോലെ ആകണം എന്നില്ല. ചിലപ്പോൾ അതിനേക്കാളും ക്വാളിറ്റീസ്
ഉള്ളയാളുമാണെലോ .. അങ്ങനെ ഒരാളെ നമ്മൾ കണ്ടെത്തുക ആണെങ്കിൽ
അതിനേക്കാൾ വല്യ കംപാനിയന് വേറെ ഉണ്ടാകില്ല.. അങ്ങനെ കിട്ടുന്ന
കമ്പനിയൻഷിപ് മാര്യേജ് ലൈഫിൽ എത്തണം എന്നൊന്നും ഞാൻ പറയില്ല.അതൊക്കെ പിന്നീട ഉള്ള കാര്യങ്ങൾ അല്ലേ.. അല്ലെങ്കിലും നല്ല കമ്പനിയൻഷിപ് ഉള്ളവരെ മാര്യേജ് എന്ന കോൺസെപ്റ്റിൽവച്ചു ബന്തികേണ്ട ആവശ്യമില്ലല്ലോ..”
ഞങ്ങൾ ഏകദേശം ഫ്ലാറ്റ് എത്താറായിരിക്കുന്നു. ഞാൻ പറഞ്ഞതെല്ലാം അവൾ
കേട്ടിരുന്നതേയുള്ളു. അവളുടെ മുഖത്തു ചിന്തകൾ നിറഞ്ഞിരുന്നു.
ഞാൻ : “നീയെന്താ ആലോചിക്കുന്നത് ?”
ഗൗരി: “ആഹ് …നീ പറഞ്ഞതൊക്കെ ഞാൻ ചിന്തിക്കാൻ തുടങ്ങുന്നതേ ഉള്ളു.
..പെട്ടെന്നു എനിക്ക് ഒന്നും ഇപ്പോൾ തോന്നുന്നില്ല ..വരട്ടെ..എനിക്ക് അങ്ങനെ
എന്തെങ്കിലും ചിന്ത ഉണ്ടായാൽ ആദ്യം നിന്നോട് തന്നെയാകും ഞാൻ പറയുക..
പോരെ?”
അവളുടെ മുഖത്തു ചെറുചിരി വിടർന്നു.
അച്ഛന്റെ ചോദ്യവും എന്റെ വാക്കുകളും അവളുടെ ഉള്ളിൽ പുതിയ ഒരു വെളിപാട് ഉണ്ടാക്കുവാൻ ഉതകുന്നതായിരിക്കുന്നു എന്ന് ഞാൻ മനസിലാക്കി. അവളുടെ ഉത്തരം എനിക്ക് പ്രതീക്ഷയും സമാദാനവും നൽകി.
ചിതറി തെറിച്ച ചാറ്റൽ മഴയിലൂടെ കാറിന്റെ വിൻഡിഷിൽഡലെ പൊടികളെല്ലാം
മാറിയിരിക്കുന്നു. മുന്നിലെ കാഴ്ചകൾ ഇപ്പോൾ കണ്ണാടിയുടെ തെളിമയോടെ
എനിക്ക് കാണാൻ സാധിക്കുന്നു. പുതു നാമ്പുകൾ മനസ്സിലിട്ടു ഞങ്ങൾ യാത്ര
തുടർന്നു.