രാത്രി സമയം 10:30 കഴിഞ്ഞിരിക്കുന്നു. പതിവുപോലെ ഷീബ തന്റെ അടുക്കളയിലെ പണികൾ എല്ലാം കഴിഞ്ഞ് കിടപ്പ് മുറിയിലേക്ക് നടന്നു. പെട്ടെന്ന് എന്തോ മറന്നപോലെ മുറിയുടെ വാതിലിന്റെ അരികിൽ എത്തിയപ്പോൾ ഷീബ എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു. അതെ ഇന്ന് ഷീബ ചേച്ചി അത് മറന്നു പോയിരിക്കുന്നു. സാദാരണ എന്ത് മറന്നാലും ഇക്കാര്യം മറക്കാതെ ചെയുന്ന ആളാണ് ഷീബ ചേച്ചി.
ഷീബ ചേച്ചി തിരിഞ്ഞു നടന്നു എന്നിട്ട് ഹാളിലെ ലൈറ്റ് ഇട്ടുകൊണ്ട് അടുക്കളയിലേക്ക് പോയി. തിരിച്ചു വന്നപ്പോ കൈയിൽ ഒരു സാധനം കൂടി ഉണ്ടായി. അതൊരു എലിക്കെണി ആയിരുന്നു. എലിപ്പെട്ടി അല്ല എലികെണി. സാധരണ ടോം ആൻഡ് ജെറി കാർട്ടൂണിൽ കണ്ടു വരുന്ന സ്പ്രിംഗ് ഉള്ള വലിച്ചു മുകളിലെ ഒരു കൊളുത്തിൽ കൊള്ളിച്ചു വയ്ക്കുന്ന ഇരുമ്പിന്റെ ഒരു എലിക്കെണി. വളരെ ശ്രദ്ധിച്ചു വേണം അത് കൈകാര്യം ചെയ്യാൻ അല്ലെങ്കിൽ കെണി വയ്ക്കുന്ന ആളുടെ കൈ ചതഞ്ഞു പോകാൻ വരെ സാധ്യത ഉണ്ട്.

ഷീബ ചേച്ചി വളരെ ശ്രദ്ധയോടെ എലികെണി ഹാളിലെ ടെലിവിഷന്റെ അടുത്ത് കൊണ്ട് പോയി വച്ചു. കൈയിൽ ഉണ്ടായ ഒരു കഷ്ണം തേങ്ങ കൊത്ത്. താഴെത്തെ കൊളുത്തിൽ കുത്തി വച്ചു. അതിനുശേഷം പയ്യെ കെണിയുടെ വന്നടിച്ചു കൊള്ളുന്ന ഭാഗം സാവധാനം വലിച്ചു മുകളിൽ കൊളുത്തി വച്ചു. എലി തേങ്ങ കൊത്ത് പൊക്കുന്ന നിമിഷം ഇരുമ്പിന്റെ ആ വളയം ആഞ്ഞടിക്കും. അതിനുശേഷം ഷീബ ചേച്ചി ലൈറ്റ് ഓഫ്‌ ആക്കി മുറിയിലേക്ക് പോയി. സമയം കടന്ന് പോയി പുറത്ത് രാത്രിയുടെ നിശബ്ദത തളം കെട്ടി കിടക്കുന്നത് പോലെ.

വീടിന്റെ ചുമരിലെ മുകൾഭാഗത്തെ ദീർഘച്ചതുരകൃതിയിൽ ഉള്ള തുറന്ന ഭാഗത്തുകൂടി ആണ് കേബിൾ വലിച്ചിരിക്കുന്നത്. എലികുട്ടൻ വരുന്നതും അതിലുടെ തന്നെ. സമയം ഏകദേശം 12 മണിയോട് അടുത്തപ്പോൾ കേബിൾ വയർ അനങ്ങുന്ന ശബ്ദം. അതെ വന്നു വന്നു വന്നു അവൻ വന്നു അടുക്കളയിലെ തക്കാളിയും പ്ലഗിൽ കുത്തിയ ചാർജ്‌റുകളും ടി വി റിമോട്ടും എല്ലാം കരണ്ട് കരണ്ട് തിന്നാൻ അവൻ വന്നിരിക്കുന്നു. എലിക്കുട്ടൻ മുകളിൽ നിന്ന് താഴേക്ക് നോക്കി ഇരുട്ടാണ് എല്ലാവരും ഉറങ്ങിയിരിക്കുന്നു. ഇനി ധൈര്യമായി ഈ കേബിൾ വയർ വഴി താഴേക്ക് ഇറങ്ങാം. സർക്കസ് കൂടാരത്തിലെ അഭ്യസിയുടെ മേയവഴക്കത്തോടെ എലിക്കുട്ടൻ കേബിൾ വയറിലൂടെ താഴേക്ക് ഇറങ്ങി. അതിന് ശേഷം ടി വി സ്റ്റാൻഡിലേക്ക് ചാടിയിറങ്ങി ചുറ്റും നോക്കികൊണ്ട്. മൂക്കുകൊണ്ട് ഒന്നു മണം പിടിച്ചു. ഈശ്വര എവിടെന്ന ഈ മണം അതെ തേങ്ങാക്കൊത്തിന്റെ മണം തന്നെ… ഈ തറവാട്ടിൽ ഞാൻ അറിയാതെ തേങ്ങാക്കൊത്തോ ഇന്നു ഞാൻ ശരിയാക്കി തരാം… ഓരോന്നു മനസ്സിൽ ആലോചിച്ചു എലിക്കുട്ടൻ മുന്നോട്ട് നീങ്ങി. തേങ്ങാക്കൊത്തിന്റെ മണം അടുത്തടുത്തു വരുന്നുണ്ട്, ഇവിടെ എവിടെയോ ആണ് അത്. പെട്ടെന്ന് എലിക്കുട്ടൻ എന്തോ കണ്ടപോലെ പകച്ചൊന്നു നിന്നു.

കുറച്ചു നേരത്തേക്ക് എലിക്കുട്ടൻ അവിടെന്നു അനങ്ങിയില്ല. തേങ്ങാക്കൊത്തു തിന്നാനുള്ള ആവേശവും വിശപ്പും എല്ലാം ഒറ്റനിമിഷം കൊണ്ട് കർപ്പൂരം കത്തുന്നപോലെ ആവിയായി പോയപോലെ എലിക്കുട്ടന് തോന്നി പോയി. അവനു മുന്നിലെ കെണി അവന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. കണ്ണൊന്നു കലങ്ങി മറിഞ്ഞപോലെ. അമ്മയുടെയും അച്ഛന്റെയും ജീവൻ എടുത്ത അതെ കെണി. ഒന്ന് മണത്തുനോക്കിയാൽ അതിൽ അവരുടെ ഗന്ധം ഉണ്ടാകും. തന്നെ ഒറ്റയ്ക്ക് ജീവിക്കാൻ വിട്ടിട്ട് രണ്ടുപേരും കെണിയിൽ ചതഞ്ഞു മരിച്ചു. വിശന്നു കരഞ്ഞപ്പോൾ അച്ഛൻ ഭക്ഷണം തേടി പോയത് മാത്രമാണ് എലിക്കുട്ടന് അച്ഛൻ എന്ന ഓർമ. പിന്നീട് അച്ഛൻ മടങ്ങി വന്നില്ല. പിറ്റേന് കാക്കകൾ അച്ഛന്റെ ജഡം കൊത്തി വലിക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്ന കഥ എപ്പോഴോ അമ്മ പറഞ്ഞു തന്നിട്ടുണ്ട്.

വിശന്നു വിശന്നു കണ്ണ് കാണാതായപ്പോൾ അമ്മയ്ക്കും അച്ഛന്റെ ഗതി തന്നെ വന്നു. അടുത്തത് എന്റെ ഊഴമാണ്, ഇല്ല മരിക്കാൻ എന്നെ കിട്ടില്ല… ഞാൻ ജീവിക്കും എന്നെ കൊല്ലാൻ തുനിഞ്ഞ എല്ലാവർക്കും ഒരു ഭീഷണിയായി ഇവിടെ തന്നെ ഞാൻ ജീവിക്കും. ഈ കെണിയിൽ നിന്നു തന്നെ പല തവണ തേങ്ങാക്കൊത്തു ഞാൻ എടുത്തിട്ടുണ്ട് അതും കെണി പോലും അറിയാത്ത വിധത്തിൽ അത്ര സൂക്ഷ്മതയോടെ ആണ് ഞാൻ അത് ചെയ്യാറ്. കെണിയിലെ കൊളുത്ത് പൊന്തിയാൽ മാത്രമേ ഇരുമ്പു വളയം മുകളിലെ കൊളുത്തിൽ നിന്നും തെന്നി അടിക്കു… എന്തായാലും അടുക്കള വരെ ഒന്ന് പോയി നോക്കാം എന്തെങ്കിലും കിട്ടിയാൽ കിട്ടി. ഒന്നും കിട്ടാത്ത ചില ദിവസങ്ങളിൽ ഷീബ ചേച്ചിയുടെ മോന്റെ ചാർജ്‌റും ഹെഡ്സെറ്റും ഒക്കെ കടിച്ചു രണ്ടു കഷ്ണം ആക്കും ദാറ്റ്‌ ഈസ്‌ മൈ എന്റർടൈൻമെന്റ്… എലിക്കുട്ടൻ മനസ്സിൽ പറഞ്ഞു.

ഓ എന്തൊരു വൃത്തിയാണ് ഈ അടുക്കളയ്ക്ക്, ഒരു വറ്റോ തരിയോ ഇല്ലാതെ തുടച്ചു വൃത്തിയാക്കി ഇട്ടിരിക്കുന്നു. മാത്രമല്ല ഡെറ്റോളിന്റെ ഒരു വൃത്തികെട്ട മണവും വരുന്നുണ്ട്. അധികനേരം ഇവിടെ നിക്കാൻ പറ്റില്ല വേഗം എന്റെ അന്വേഷണം ആരംഭിക്കണം. എലിക്കുട്ടൻ അടുക്കളയുടെ മുക്കും മൂലയും പരതാൻ തുടങ്ങി. അടുക്കളയിലെ ചില്ലിന്റെ ഷെൽഫിനുള്ളിൽ പഴവും തക്കാളിയും ഒക്കെ ഷീബ ചേച്ചി ഭദ്രമായി എടുത്തു വച്ചിരിക്കുന്നു. എലിക്കുട്ടൻ ഷെൽഫിന്റെ ചില്ലിലൂടെ അകത്തേക്ക് നോക്കി. ഒരു കൂട്ടം ഉറുമ്പുകൾ കുറച്ചു മിക്സ്ചർ തരികളുമായി നടന്നു നീങ്ങുന്നു. ഇവറ്റകൾക്ക് രാത്രിയും ഉറക്കം ഇല്ലേ… എപ്പോ നോക്കിയാലും എല്ലാം കൂടെ എന്തേലും ഒക്കെ തരികൾ പെറുക്കി പോകുന്നുണ്ടാകും പെറുക്കികൾ. ഇവന്മാർക്ക് പിന്നെ ഒറ്റയ്ക്ക് കഷ്ടപെടണ്ടല്ലോ എന്നെ പോലെ. ഇങ്ങനെ ഒക്കെയാണ് കാര്യങ്ങളുടെ കിടപ്പെങ്കിൽ കൂട്ടിനു ഒന്ന് രണ്ട് പേരെ കൂടി കൂട്ടേണ്ടി വരും. എലിക്കുട്ടൻ പയ്യെ ഷെൽഫിന്റെ അടുത്ത് നിന്നും മാറി.

ഇവിടെ നിന്ന് ഇനി ഒന്നും കിട്ടുമെന്നു തോന്നുന്നില്ല ജീവൻ പണയം വച്ചുകൊണ്ട് തേങ്ങ കൊത്ത് തന്നെ തിന്നണം കൊളുത്തിൽ നിന്നും. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല നല്ല വിശപ്പുണ്ട്. എലിക്കുട്ടൻ പതിയ ഹാളിലേക്ക് പോകാൻ തുടങ്ങിയതും ഏതോ ഒരു മുറിയിൽ വെളിച്ചം വന്നു. അയ്യോ പെട്ടു തിരിച്ചു കേബിൾ വയർ വഴി ഓടണോ ഇവിടെ എങ്ങാനും ഒളിച്ചു നിക്കണോ? പെട്ടെന്ന് മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. എലിക്കുട്ടൻ വേഗം ഫ്രിഡ്ജിന്റെ മറയിൽ ഒളിച്ചു നിന്നു. കാലൊച്ച അടുത്തടുത്തു വരുന്നുണ്ട് അതുപോലെ എന്തോ അടക്കം പറച്ചിലുകളും കേക്കാം. ജനിച്ചപ്പോൾ മുതൽ കേക്കുന്ന ഭാഷ ആയത്കൊണ്ട് കുറെ ഒക്കെ മനസിലാകും. ഷീബ ചേച്ചിയുടെ മകന്റെ ശബ്ദം തന്നെ. ഓ ഇതിവന്റെ സ്ഥിരം പരിപാടി തന്നെ ആണല്ലോ… അർധരാത്രി കഴിഞ്ഞാലും ഇവന്റെ ഫോണിലൂടെ ഉള്ള പഞ്ചാരയ്ക്ക് ഒരു കുറവും ഇല്ല. ഇവിടെ എനിക്ക് തിന്നാൻ ഒരു തരി പഞ്ചാര ഇല്ലാതെ ഇരിക്കുമ്പോഴാ അവന്റെ ഒരു കിന്നാരം പറച്ചിൽ, ഇങ്ങോട്ട് വാടാ നിന്നെ ഞാൻ ശരിയാക്കി തരാം… എലിക്കുട്ടൻ സ്വയം പറഞ്ഞു.

ചെറുക്കൻ അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്ന് അതിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു. ഇവൻ അപ്പോഴേക്കും പുതിയ ഹെഡ്സെറ്റ് വാങ്ങിയോ കഴിഞ്ഞ ആഴ്ച കടിച്ചു മുറിച്ചത് ഏതായാലും ഇതല്ല. എന്തായാലും ഇവനെ ഒന്ന് പേടിപ്പിച്ചു വിട്ടേക്കാം. എലിക്കുട്ടൻ വേഗം ഓടി ചെക്കന്റെ കാലിനടിയിൽ എത്തി, ഫ്രിഡ്ജിന്റെ വെളിച്ചത്തിൽ എലിയേക്കണ്ടതും ചെക്കൻ ഒരൊറ്റ ചാട്ടം. അയ്യോ അമ്മേ…… അവന്റെ കൈയിൽ നിന്നും ഫോൺ തെറിച്ചു പോകുന്നത് നോക്കി നിൽക്കണം എന്നുണ്ടായിരുന്നു പക്ഷെ അവിടെ ഇനി നിന്നാൽ ശരിയാകില്ല എന്നതുകൊണ്ട് എലിക്കുട്ടൻ ഓടി കേബിൾ വയറു വഴി രക്ഷപെട്ടു.

ഷീബ ചേച്ചി ഓടി വന്നു എന്താടാ എന്തുപറ്റി നിനക്ക് എന്നൊക്കെ മകനോട് ചോദിക്കുന്ന ശബ്ദം കേട്ടു. അടുക്കളയുടെ മൂലയിൽ ഇരുന്നു അവൻ ഭയത്തോടെ എന്റെ പേര് ഉരുവിടുന്നത് എനിക്ക് കേൾക്കാമായിരുന്നു.

“എലി എലി ഒരു എലി……….. എലി “

രാത്രി ഒന്നുകൂടെ വൈകിയപ്പോൾ എലിക്കുട്ടൻ തിരിച്ചു വന്നു കെണി ഒരു തെല്ലനക്കാതെ തേങ്ങാക്കൊത്തു മുഴുവൻ അവൻ തിന്നു തീർത്തു. ഒന്നാലോചിച്ചാൽ മനുഷ്യന്മാരുടെ ജീവിതം എന്ത് കഷ്ടപ്പാടാണ്..? നേരം വെളുത്താൽ മുതൽ പണി രാത്രി ആയാലും പണി. ഷീബ ചേച്ചിയെ ഒക്കെ സമ്മതിക്കണം. തിന്നാനുള്ള വക കണ്ടെത്തിയ എനിക്കൊക്കെ അന്നത്തെ ജോലി കഴിഞ്ഞ പോലെ ആണ്. മാളത്തിൽ പോയി ഇനി ഒന്ന് മയങ്ങണം, മഴ ഒന്നും വരാതിരുന്നാൽ മതിയായിരുന്നു. എലിക്കുട്ടൻ വേഗം കേബിൾ വയർ വഴി ഇറങ്ങി സെൻസെയ്ഡ് വഴി പുറത്തേക്ക് പോയി.

പിറ്റേന്ന് രാവിലെ ഷീബ ചേച്ചി ഉണർന്നശേഷം ഹാളിൽ ലൈറ്റ് ഇട്ട് ആദ്യം നോക്കിയത് കെണിയിലേക്കാണ്. ഇല്ല എലി പെട്ടിട്ടില്ല പക്ഷെ തേങ്ങാക്കൊത്ത് കാണാനില്ല. ഭീകരൻ അണവൻ കൊടും ഭീകരൻ… ഇങ്ങനെ പോയാൽ എന്റെ തേങ്ങ മുഴുവൻ ഇവനെ കൊണ്ട് തീറ്റിച്ചു തീർക്കുന്നതല്ലാതെ ഒന്നും നടക്കില്ല. രണ്ടു എലികൾ പെട്ടെന്ന് തന്നെ കെണിയിൽ പെട്ടു ഇപ്പോ വരുന്ന എലി മാത്രമാണ് കെണിയിൽ വീഴാതെ പോകുന്നത് ഇനി എന്ത് ചെയ്യും? ഷീബ ചേച്ചി മനസിൽ ആലോചിച്ചു. അപ്പോഴാണ് ഷീബ ചേച്ചി മറ്റൊരു കാര്യം ഓർക്കുന്നത്. കഴിഞ്ഞ പ്രാവിശ്യം എലി കെണിയിൽ പെട്ടശേഷം കെണി കഴിക്കിയിട്ടില്ല. ചത്ത എലിയുടെ മണം കിട്ടിയാൽ കെണിയുടെ അടുത്തേക്ക് മറ്റു എലികൾ വരില്ല. പക്ഷെ തേങ്ങാക്കൊത്ത് എങ്ങനെ കാണാതായി. എന്തെങ്കിലും ആകട്ടെ എന്തായാലും ഇതു കഴുകി എടുക്കാം. ഷീബ ചേച്ചി കെണി എടുത്തു അടുക്കള വശത്തെത്തി നന്നായി കഴുകി വൃത്തിയാക്കി. അതിന് ശേഷം പതിവായി ചെയ്യാറുള്ള വീട്ടുജോലി തുടർന്നു.

പിറ്റേന്ന് വൈകുന്നേരം ആയപ്പോഴേക്കും എലിക്കുട്ടൻ വീടിന്റെ മുകളിൽ എത്തി ഹാളിലേക്ക് എത്തി നോക്കി. ഷീബ ചേച്ചിയും മകനും അവിടെ ഇരുന്ന് ചായ കുടിക്കുന്നു. മേശയിൽ ഒരു പ്ലേറ്റ് നിറയെ മിക്സ്ച്ചർ… കൊതിയായിട്ട് വയ്യ പക്ഷെ എന്ത് ചെയ്യാനാ മിക്സ്ച്ചർ ഷെൽഫിൽ വച്ചു പൂട്ടും, അതെടുക്കാൻ കഴിയില്ല. എലിക്കുട്ടൻ ഷീബ ചേച്ചിയുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു.

ഡാ നമുക്കൊരു പൂച്ചയെ വളർത്തിയാലോ ഇവിടെ ! ഷീബ ചേച്ചി മിക്സ്ചർ വായിലിട്ടുകൊണ്ട് മകനോട് ചോദിച്ചു…

ഫോണിൽ കുത്തികൊണ്ടിരുന്ന മകൻ ഇതുകേട്ട് ഷീബ ചേച്ചിയെ ഒന്ന് നോക്കി. ഞാനും അത് പറയാൻ വരുവായിരുന്നു അമ്മ കുറെ നാളായി ഒരു പേർഷ്യൻ പൂച്ചയെ വാങ്ങണം വാങ്ങണം എന്ന് വിചാരിക്കുന്നു, എന്റെ കൂട്ടുകാരന്റെ വീട്ടിൽ ഒരെണ്ണം ഉണ്ട്… എന്തൊരു ചന്തമാ അതിനെ കാണാൻ. അതിന്റെ ഒപ്പം ഒരു സെൽഫി എടുത്തിട്ട അവനു കിട്ടുന്ന ലൈക്‌ എത്രയാണെന്നു അറിയോ അമ്മയ്ക്ക്? 2K, 4K ഒക്കെയാ…
ഒരു 18000/- രൂപ അമ്മ അച്ഛനോട് പറഞ്ഞു റെഡി ആക്കി വച്ചോ നമുക്ക് അതുപോലെ ഒരെണ്ണം തന്നെ വാങ്ങിക്കളയാം.

ഇവൻ ഇതെന്തു തേങ്ങയാണ് പറയുന്നത് എന്ന ഭാവത്തിൽ ഷീബ ചേച്ചി മകനെ തന്നെ നോക്കി നിന്നു.
എടാ 18000/- രൂപ നിന്റെ സെമെസ്റ്റർ ഫീസ് അടക്കാൻ ഇല്ലാഞ്ഞിട്ട് കൊള്ളപ്പലിശക്ക് എടുത്താ കഴിഞ്ഞ ആഴ്ച നിനക്ക് തന്നു വിട്ടത്. അപ്പോഴാ അവന്റെ ഒരു പേർഷ്യൻ പൂച്ച. ഇവിടെ മനുഷ്യന്മാർക്ക് തിന്നാൻ ഉള്ളത് എലി വന്നു തിന്നുപോയിട്ട് തികയുന്നില്ല. ഇനി ഒരു വിദേശപൂച്ചയെ കൂടി ഇവിടെ താമസിപ്പിച്ച് ചിലവ് കൂട്ടാത്തതിന്റെ കുറവേ ഉള്ളു. ഞാൻ വല്ല നാടൻ പൂച്ചെയെ വളർത്തുന്ന കാര്യമാ പറഞ്ഞെ അതാകുമ്പോ ബാക്കി വരുന്ന ചോറ് മീൻ ചട്ടി വടിച്ചു വച്ചു കൊടുത്തമതി.

ഷീബ ചേച്ചി ഇത്രയും പറഞ്ഞുകൊണ്ട് ചായ കുടിച്ച ഗ്ലാസ്‌ കഴുകാനായി അടുക്കളയിലേക്ക് പോയി. ഇതെല്ലാം കേട്ടുകൊണ്ട് മുകളിൽ ഒരാൾ ഇരിപ്പുണ്ടെന്നു അവർ അറിഞ്ഞില്ല. ഇതൊരു സിനിമ ഷൂട്ടിംഗ് ആയിരുന്നെങ്കിൽ ഷീബ ചേച്ചി അടുക്കളയിലേക്ക് പോയ സീനിൽ നിന്നും ഒരു ക്രെയിനിൽ ക്യാമറ ഉയർന്നു പൊങ്ങി മുകളിൽ ഇരിക്കുന്ന എലികുട്ടന്റെ മുഖത്തേക്ക് ഒരു ക്ലോസ് അപ്പ്‌ ഷോട്ട് പോയേനെ. അങ്ങനെ ആണെങ്കിൽ അവന്റെ മുഖത്തുണ്ടാകേണ്ട അതെ ഭാവം തന്നെയാണ് അപ്പോഴും എലിക്കുട്ടന്റെ മുഖത്ത് തെളിഞ്ഞത്. പൂച്ച എന്ന് കേട്ടപ്പോഴുണ്ടായ ഭയം. ഇനി ഇവർ എങ്ങാനും ഒരു പൂച്ചയെ ഇവിടെ വളർത്തുമോ? എലിക്കുട്ടൻ ഒരു നിമിഷം ആലോചിച്ചു നിന്നു. പൂച്ചയ്ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ പാതി വേണ്ട എനിക്ക്. എന്നിട്ട് ആണ് ഇവർ എന്നോട് ഇങ്ങനെ… ഇനി പറഞ്ഞിട്ട് എന്താ കാര്യം? ഭക്ഷണം കിട്ടാത്ത ദേഷ്യത്തിൽ ഇവിടെ കണ്ണിൽ കണ്ടതൊക്കെ കടിച്ചു മുറിച്ചിട്ടുണ്ട്. അതിന്റെ ഒക്കെ ദേഷ്യം ഉണ്ടാകും ഇവർക്ക് എന്നോട്. വീടിനകത്ത് പുതിയ ശത്രു വരുന്നതിനു മുൻപ് ഇവിടെ നിന്നും പറ്റുന്നതൊക്കെ കട്ട് തിന്നണം ഏതായാലും രാത്രി ആകട്ടെ. എലിക്കുട്ടൻ അവിടെ നിന്നും നേരെ മാളത്തിലേക്ക് പോയി.

അന്ന് രാത്രി ഷീബ ചേച്ചി കെണി വച്ചില്ല. പതിവുപോലെ എലിക്കുട്ടൻ കേബിൾ വയറിലൂടെ ഹാളിൽ എത്തി. സാദാരണ കെണി വയ്ക്കുന്ന സ്ഥലത്ത് കെണി ഇല്ല. ഷീബ ചേച്ചി ഇന്ന് കെണി വയ്ക്കാൻ മറന്നോ? അങ്ങനെ മറക്കുന്ന ആളല്ലലോ ഷീബ ചേച്ചി. എലിക്കുട്ടൻ നേരെ അടുക്കളയിലേക്ക് പോയി നോക്കി. എല്ലാം നല്ല അടുക്കും ചിട്ടയോടും കൂടി വച്ചിരിക്കുന്നു. ഉള്ളിയും പച്ചമുളകും അടക്കം എല്ലാം ഷെൽഫിലേക്ക് മാറ്റി അത് അടച്ചു വച്ചിട്ടുണ്ട്. കഴിക്കാൻ ഒരു തരി പോലും ഇല്ല നിലത്തുപോലും. ഇപ്പോൾ അവിടെ ഒരു ബിജിഎം പ്ലേ ചെയ്യുണ്ടെങ്കിൽ അത് ഇതായിരിക്കും.
” എന്ത് വിധിയിത് വല്ലാത്ത ചതിയിത് ഓർക്കപ്പുറത് പിന്നീനൊരു അടിയിത് “.

ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്ന് എലിക്കുട്ടന് മനസിലായി. ഈ ദേഷ്യത്തിന് അപ്പുറത്തെ പറമ്പിൽ നട്ട കപ്പ തൈ തുരന്നാലോ എന്ന് എലിക്കുട്ടൻ ആദ്യം വിചാരിച്ചു. വേണ്ട ആഴ്ച ഒന്നായില്ല അത് നട്ടിട്ട്. കുറച്ചു മാസം കഴിഞ്ഞ് എനിക്ക് തന്നെ തിന്നാനുള്ള കപ്പ ആണ്. അത് വെറുതെ നശിപ്പിക്കണ്ട. എലിക്കുട്ടൻ നിരാശയിൽ മാളത്തിലേക്ക് പോയി.

ഷീബ ചേച്ചി ഇപ്പോൾ കെണി വയ്ക്കുന്നില്ല… എലിക്കുട്ടൻ മര്യാദയ്ക്ക് എന്തെങ്കിലും കഴിച്ചിട്ട് 3 ദിവസം ആയിരുന്നു. നടക്കാനോ ഓടാനോ ഒട്ടും വയ്യെങ്കിലും അന്നും എലിക്കുട്ടൻ ആ വീട്ടിലേക്ക് എത്തി… എങ്ങനെയൊക്കെയോ കേബിൾ വയറിൽ തൂങ്ങി താഴെ ഇറങ്ങി.

നല്ല പഴുത്ത നേന്ത്ര പഴത്തിന്റെ മണം മൂക്കിൽ തുളച്ചു കേറുന്നു. ഇവിടെ അടുത്ത് നിന്ന് എവിടെയോ ആണ്. എലിക്കുട്ടൻ വേഗം സാദാരണ കെണി വയ്ക്കുന്ന ടി വി സ്റ്റാൻഡിന്റെ അടുത്തേക്ക് പോയി നോക്കി പക്ഷെ അവിടെ ഒന്നും ഇല്ല. എലിക്കുട്ടൻ കണ്ണടച്ചുകൊണ്ട് ഒരു ദീർഘശ്വാസം എടുത്തു… മണം വരുന്നത് ഹാളിന്റെ മറുഭാഗത്തുനിന്നാണ്. എലിക്കുട്ടൻ അവിടേക്ക് ഓടി ഓടി.. എന്തെന്നില്ലാത്ത സന്തോഷം, മണം അടുത്തടുത്തു വരുന്ന പോലെ അവന് തോന്നി. ഹാളിൽ കർട്ടന്റെ താഴെ അതാ ഒരു പഴത്തിന്റെ കഷ്ണം.

എലിക്കുട്ടൻ ഓടിച്ചെന്ന് പഴത്തിൽ ഒറ്റക്കടി… ഠപ്പേ എന്നൊരു ശബ്ദത്തോടെ പെട്ടെനൊരു ഇരുമ്പു വളയം കർട്ടന്റെ പുറകിൽ നിന്നും വന്ന് അവന്റെ കഴുത്തിൽ ആഞ്ഞടിച്ചു. എലിക്കുട്ടന്റെ കഴുത്ത് ചതഞ്ഞു നേർത്ത തുണിയുടെ വണ്ണത്തിലേക്ക് ചുരുങ്ങി. എലിക്കുട്ടൻ ഒന്ന് പിടിഞ്ഞു… ശബ്ദം ഒന്നും പുറത്ത് വന്നില്ല. അവസാനം അവൻ കെണിയിൽ പെട്ടിരിക്കുന്നു. അതിശക്തമായ ഒരു കെണി… വിശപ്പിന്റെ കെണി അവന്റെ ജീവൻ എടുത്തിരിക്കുന്നു. അടുത്ത ദിവസം രാവിലെ ഷീബ ചേച്ചി ഉണർന്ന ഉടനെ കെണിയുടെ അടുത്ത് എത്തി. ആ മുഖത്തൊരു സന്തോഷം അണപ്പൊട്ടി. തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയിരുന്ന ഒരുവനെ ഇല്ലാതാക്കിയ സന്തോഷം.

എലിക്കുട്ടൻ ഇനിയില്ല… ഇത്തിരി ക്രൂരമാണ് മരണം എങ്കിലും വിശന്നു മരിക്കുന്നതിലും ഭേദം തന്നെയാണ് വിശപ്പടക്കാൻ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ഇതുപോലെ ഉള്ള അപകട മരണങ്ങൾ. വിശപ്പ് എന്നാൽ മരണം എന്നുകൂടി ഒരു അർഥം ഉണ്ട്. ഭക്ഷണം പാഴാക്കി കളയുന്ന എത്ര പേർക്ക് ഇതൊക്കെ മനസിലാകും എന്നറിയില്ല. എങ്കിലും പറയാം നിങ്ങൾ പാഴാക്കി കളയുന്ന ഭക്ഷണത്തിനു വിശക്കുന്ന ഒരാളുടെ ജീവൻ പിടിച്ചു നിർത്താനുള്ള കഴിവുണ്ട്….

( അവസാനിച്ചു )


ഒരു എലിയെ ആസ്പതമാക്കി എഴുതിയ വെറും ഒരു സങ്കല്പിക കഥ മാത്രമാണ് ഇത്. യുക്തിരഹിതമായ എന്തെങ്കിലും എഴുതിയിട്ടുണ്ട് എന്ന് തോന്നിയാൽ അത് കഥയുടെ ഭാഗമായി മാത്രം എഴുതിയതാണെന്നു മനസിലാക്കുക, പ്രിയ വായനക്കാർക്ക് നന്ദി.