അദ്ധ്യായം 1 : മണ്ണ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ നമ്പർ
രണ്ട് രണ്ട് ആറ് ആറ് ഒൻപത് എറണാകുളത്ത് നിന്നും പാറ്റ്‌ന വരെ പോകുന്ന എറണാകുളം പാറ്റ്‌ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചേർന്നിരിക്കുന്നു.

      മലയാളത്തിൽ നിന്നും ഇതരഭാഷകളിലേക്ക് അനൗൺസ്മെൻ്റ് കടക്കുന്നതിന് മുൻപേ രാജീവിൻ്റെ പാതിമയങ്ങിയ കണ്ണുകൾ തുറന്നു. മുഷിഞ്ഞൊരു ജുബ്ബയും അയഞ്ഞ കുർത്തയും നേരെയാക്കി മറ്റുള്ളവരുടെ നോട്ടങ്ങളിൽ നിന്ന് മാറി മുഖം താഴ്ത്തി ട്രെയിൻ ലക്ഷ്യമാക്കി അയാൾ നടന്നു.

     ജനറൽ ക്പാർട്ട്മെൻ്റിലെ ഒരിടം തനിക്കായി കാത്തിരുന്നപോലെ അയാളവിടെ സ്ഥാനമുറപ്പിച്ചു. ഒരുപാട് യാത്രകളുടെ പരിസമാപ്തി ആവുന്നത് ഇന്നീ യാത്രയുടെ ആരംഭത്തിൽ ആണ്. ഒരാളെത്തെടി ഒരേ ഒരാളെ തേടിയാണ് ഈ യാത്ര, തൻ്റെ യാത്രകൾക്കെല്ലാം കാരണമായ ആ സ്രഷ്ടാവിനെ തേടി.

   ട്രെയിൻ ഓരോ ദൂരവം കടക്കുമ്പോഴും രാജീവൻ കണ്ണsയാതിരിക്കൻ നോക്കും. കാരണം ചിന്തകളിലെ നെരിപ്പോട് തലയെ എരിച്ചു കളയുന്ന വേദനകളായി മാറുന്നത് പലപ്പോഴും തൻ്റെ കണ്ണsയുമ്പോൾ ആണ് എന്ന് അയാൾക്കറിയാം.

   എങ്കിലും യാത്രയുടെ ദൂരം കൂടിയപ്പോൾ എപ്പോഴോ ഒന്ന് കണ്ണടഞ്ഞ് പോയി. ' മനസ്സിൽ മകളുടെ തൂങ്ങിയാടുന്ന കാലുകൾക്കപ്പുറം അവളുടെ മരണക്കുറിപ്പ് ചൂണ്ടകൊളുത്ത് പോലെ കൊത്തിവലിക്കുന്നു. 
 ' പ്രിയപ്പെട്ട അച്ഛാ ഇനിയും ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എൻ്റെ പ്രിയപ്പെട്ട അച്ഛന് വേണ്ടിയെങ്കിലും ' പക്ഷേ ശരീരത്തിലെ മുറിവുകൾക്കും മനസ്സിലെ വേദനകൾക്കും മരണത്തിന് മാത്രമേ ശമനം നൽകാൻ കഴിയൂ. ഇയാൾ ജനിച്ചത് തന്നെ എൻ്റെ ശരീരത്തെ വേദന കൊണ്ട് കീറി മുറിക്കാൻ ആവും. ആ പൊള്ളുന്ന അനുഭവങ്ങളുടെ വേദനയിൽ ഒരു ചിത്രം കൂടി അവൾ കൂട്ടിച്ചേർത്തിരുന്നു അയാളുടെ ഉറ്റ സുഹൃത്തിൻ്റെ ചിത്രം. തൂങ്ങിയാടുന്ന കാലുകൾ വാരിപ്പുണർന്ന് കരയുമ്പോൾ ചുവരിൽ ചേർന്ന ഭാര്യയുടെ ഫോട്ടോ അയാളെ നിസ്സഹായതയോടെ നോക്കുന്ന പോലെ തോന്നി. കർമ്മക്രിയക്ക് ശേഷം അവൻ്റെ അറസ്റ്റോ വാർത്തകളോ ഉൾക്കൊള്ളാൻ കഴിയാത്ത വിധം മനസ്സ് മരവിച്ചു പോയിരുന്നു.

  ഓർമ്മകളുടെ വേദനകൾ കൂടി വന്നപ്പോൾ മുഖത്താരോ വിരൽ തലോടുന്ന പോലെ രാജീവൻ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു. അർദ്ധനാരീശ്വരൻ്റെ പാതിസ്വരൂപങ്ങളിൽ ഒന്ന് തൻ്റെ വേദനകളിൽ നിന്നും ഉണർത്തിയത്താണെന്ന് മനസ്സിലായി. ആ വേദനകളിൽ നിന്ന് മോചിപ്പിച്ചതിന് കുറച്ചധികം തുക തന്നെ അവർക്ക് കൊടുത്തു.

അദ്ധ്യായം 2 : ജലം

 ഈ യാത്രയുടെ ലക്ഷ്യസ്ഥാനം വാരണാസി ആയിരുന്നു. അവിടുത്തെ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കോൾ വന്നിരുന്നു. ' ഏക്ക് അക്ഞാത് ശരീർ മിലി ഓർ ആപ്കാ ന്ബർ ശരീർ കീ തല്ലാശ് മേം പായാ ഗയാ, ഇസ്ലിയെ ഹമ്നെ ആപ്കോ ബുലായാ ഹേ' ആ അജ്ഞത ശവത്തിൻ്റെ ചിത്രം തിരിച്ചറിയലിനായി രാജീവിൻ്റെ ഫോണിൽ തെളിഞ്ഞപ്പോൾ മകളുടെ തേങ്ങൽ ദൂരെ നിന്നും കേൾക്കാമായിരുന്നു. എന്നാലും ആ നരാധമൻ എന്തിന് എൻ്റെ നമ്പർ സൂക്ഷിച്ചിരിക്കുന്നു? ചിന്തകൾ റെയിൽപാളം പോലെ നീങ്ങിയപ്പോൾ വാരണാസിയും തൻ്റെ പക്കലേക്ക് വരുന്നതായി തോന്നി.

  ട്രെയിൻ ഇറങ്ങി നേരെ വച്ചു പിടിച്ചത് സ്റ്റേഷനിലേക്ക് ആയിരുന്നു അവിടുത്തെ നടപടികൾ തീർത്ത് നേരെ ആശുപത്രിയുടെ മോർച്ചറി വരാന്ത ലക്ഷ്യമാക്കി നടന്നു മകൾ കുപ്പിച്ചില്ലു കൊണ്ട് ഹൃദയത്തിൽ വരച്ചിട്ട ആ മുഖം കാണാൻ. അരണ്ട വെളിച്ചത്തിൽ ആ മുഖം തിരിച്ചറിയുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞിരുന്നു....' അച്ഛാ...' എവിടെ നിന്നോ ഒരു ഉൾവിളി വരുന്നതുപോലെ രാജീവിന് തോന്നി. ' തും ഇസ് ആദ്മി കോ ജാൻതെ ഹേ ' പെട്ടന്ന് കൂടെ നിന്ന പോലീസ് കോൺസ്റ്റബിൾ ചോദിച്ചു. ' ഹാ ' രാജീവ് മൂളി. തലയിൽ നിന്ന് ഒരു മാരണം ഒഴിഞ്ഞു പോയ പോലെ മറ്റു ബാധ്യതകൾ അയാളെ ഏൽപ്പിച്ച് കോൺസ്റ്റബിൾ അവിടെ നിന്ന് മടങ്ങി.

   ശവത്തിനെ ഏറ്റു വാങ്ങി ഒരു സൈക്കിൾ റിക്ഷയിൽ വാരണസിയുടെ അഗ്നിയെ ലക്ഷ്യമാക്കി നീങ്ങി. എരിക്കാൻ ആണെന്ന് പറഞ്ഞപ്പോൾ ' മണി കർണിക ഘാട്ടാണ് നല്ലത് .... റിക്ഷാക്കാരൻ മറുപടി നൽകി. ' എങ്കിൽ അങ്ങോട്ട് വിട്ടോളു....രാജീവ് പറഞ്ഞു '. 

 റിക്ഷാക്കാരന് തുക നൽകി രാജീവ് നേരെ നോക്കുമ്പോൾ ഘാട്ടിലെ അഗ്നികൾ ഒരായിരം സൂര്യതേജസ്സോടെ തനിക്കു നേരെ നീളുന്നത് അയാൾ ശ്രദ്ധിച്ചു. എന്നാൽ ഇവനെ അഗ്നിയിൽ സ്ഫുടം ചെയ്യ്ത് എടുക്കാൻ അല്ല താൻ വന്നത് എന്ന് രാജീവിനറിയാം.

 അഗ്നിക്കപ്പുറം അഗോരി സന്യാസിമാർ ഗംഗയെ മലീനസമാക്കുന്ന ജഡങ്ങളെ തങ്ങളുടെ പക്കലേക്ക് അടുപ്പിക്കുന്നത് കണ്ട രാജീവ് തൻ്റെ കയ്യിലുള്ള ജഡം അവരുടെ അടുത്തെത്തുന്ന രീതിയിൽ ഒഴുക്കിവിട്ടിരുന്നു. ഏറ്റു വാങ്ങിയ ജഡത്തെ അവർ പൂജയും പ്രാർഥനയുമായി തങ്ങളുടെ ദേഹത്തിലേക്ക് ദഹിപ്പിക്കാൻ ഒരുങ്ങിയപ്പോൾ കാളി മാതാവിനെപ്പോലെ തൻ്റെ മകൾ ആ തീരത്ത് നൃത്തം വക്കുന്ന പോലെ തോന്നി. എന്നാലും ശരീരത്തെ മുഴുമിപ്പിക്കാൻ ആവാതെ അഗോരികൾ പാടു പെടുന്ന പോലെ തോന്നി. ' അല്ലെങ്കിലും ഭൂമി എപ്പോഴും വിസർജ്യങ്ങളെ പുറന്തള്ളിയിട്ടെ ഉള്ളൂ. ' രാജീവ് ഓർത്തു. ആ കാഴ്ചകൾക്ക് അധികം നേരം നോക്കി നിൽക്കാതെ അയ്യാൾ ആളൊഴിഞ്ഞ ചിത ലക്ഷ്യമാക്കി നടന്നു. 

അദ്ധ്യായം 3 : അഗ്നി

   ജീവിതത്തിൻ്റെ പൂർണ്ണ ചക്രത്തിൻ്റെ പാതിയിൽ തൻ്റെ ജീവിത ലക്ഷ്യം പൂർത്തിയാക്കിയ പോലെ അയാൾ ആ ചിതക്കുള്ളിലേക്ക് നീങ്ങി. ഹൃദയത്തെ തീ നാളം വിഴുങ്ങുന്നതിന് മുൻപ് അയാൾ സംതൃപ്തൻ ആയിരുന്നു.

‘ കുറ്റം ചെയ്യ്ത് വാരണാസിയിൽ മുക്തി നേടാൻ വന്നവൻ്റെ അസ്ഥി പോലും അഗ്നിക്ക് വിട്ടു കൊടുക്കാതെ അശാന്തിയിൽ അർപ്പിച്ചതിൻ്റെ സന്തോഷം. ഇനിയവൻ്റെ തലയോട്ടിയിൽ ആയിരിക്കും അഘോരികൾ മദ്യവും ഭക്ഷണവും വിളമ്പി കഴിക്കാൻ പോകുന്നത് ‘ മറ്റൊന്ന് ചിന്തിക്കാൻ ആവുന്നതിന് മുൻപ് ഹൃദയത്തെ കൂടി തീ നാളം വിഴുങ്ങിയിരുന്നു. അപ്പോഴും അയാൾ കൈവിടാതെ സൂക്ഷിച്ച മകളുടെ ചിതാഭസ്മം അയാൾക്കൊപ്പം എരിഞ്ഞൊടുങ്ങുന്നുണ്ടായിരുന്നു. എന്നാൽ അതിനമപ്പുറം അയാൾ എരിഞ്ഞ ചിത ‘ ആ വാരണാസി ഭൂമികയിൽ ക്രൂര പീഡനതതിനിരയാക്കിയ പിഞ്ചു ബാലികയുടെതായിരുന്നു. ‘

ഇത്രയും വേദനകൾ ആ ചിതകൾക്ക് കഴുകി കളയുവാൻ ആവുമോ എന്നറിയാതെ ഗംഗ വീണ്ടും മൂകമായി ഒഴുകി മറ്റൊരു പുലരിക്കായി.