ചെളി വാരി പൊത്തിയ കണക്കെയുള്ള വീടിന് മുന്നിലേക്ക് ഒരു ചെറുപ്പക്കാരൻ കയറിച്ചെന്നു. ചെമ്മണ്ണുചുമരിൽ അങ്ങിങ്ങായി തല പൊക്കിയ കറുത്ത വരയൻ കല്ലുകൾ തള്ളി നിന്ന കൈവരിയിലേക്ക് കാലെടുത്ത് വച്ച് കുട്ടിയാണ്ടവൻ ഇരിപ്പുണ്ടായിരുന്നു. ‘പ്രായം എഴുപത്തിനാല്’‌ എന്ന് മണ്ണെണ്ണ മണമുള്ള റേഷൻ കാർഡ് പറയുന്നു.

ചെറുപ്പക്കാരൻ, ചാണകം മെഴുകിയ തറയിൽ പഴഞ്ചൻ ചൂരൽ കസേര വലിച്ചിട്ടിരുന്നു.

കൂടെ വന്ന ക്യാമറാമാൻ പയ്യൻ ചെറുപ്പക്കാരനെ ഫോക്കസ് ചെയ്തു.

“തുടങ്ങാം ആണ്ടവൻ ചേട്ടാ ?” അവൻ കണ്ണുകൊണ്ട് ചോദിച്ചു.

അയാൾ ഒന്ന് മൂളി. ചിരിച്ചു. തടപ്പുകയിലയും അടയ്ക്കയും കൊടുത്ത കറുത്ത വരകൾ മഞ്ഞപ്പല്ലുകൾക്ക് അരിക് തീർത്തു.

“ജീവിതത്തിന്റെ നല്ലൊരു ഭാഗം മുല്ലത്തീവിലെ ഫാക്റ്ററിയിൽ. അതിനിടയിൽ ആറ് മാസം ജയിലിൽ. അതും വേലുപ്പിള്ളയ്ക്ക് ജയ് വിളിച്ചതിന്. ഇതൊന്നുമല്ല കുട്ടിയാണ്ടവൻ ചേട്ടനെ വ്യത്യസ്തനാക്കുന്നത്. അതാണ് ഇന്നത്തെ നമ്മുടെ സ്റ്റോറി. നാട്ടുവഴികളിലേക്ക് സ്വാഗതം.”

ചാനലിലെ പയ്യൻ ചോദ്യങ്ങളിലേക്ക് കടന്നു. ഇടക്കെപ്പോഴോ ക്യാമറ, കട്ടിളയ്ക്ക് മുകളിലെ ഗുരുവായൂരപ്പനെയും അടുത്തിരുന്ന ചുമന്ന കണ്ണുള്ള, വളഞ്ഞ കൊമ്പുള്ള രൂപത്തെയും ഒപ്പി കടന്നുപോയി.

വീടിന് മുന്നിലെ ചെറിയ കുളത്തിൽ നീളത്തിൽ അടുക്കിയിട്ട നിലയിൽ ഉണക്കത്തൊണ്ട് കിടപ്പുണ്ട്. അതിന്റെ ഊറമണം അവിടെ പരന്നു കിടന്നു.

കുറെ ചോദ്യങ്ങൾ, കുറെ ഉത്തരങ്ങൾ.

“കൊളമ്പിലോട്ട് പോകാൻ കാരണങ്ങൾ കുറെ ഉണ്ടായിരുന്നു. വകയിലൊരു മാമന് അവിടെ സായിപ്പിന്റെ തോട്ടത്തിലായിരുന്നു ജോലി. മാമൻ അവിടെ കൊണ്ടാക്കി. വില്ലീസ് മോഡലിൽ ഒരു ജീപ്പ് ഉണ്ടായിരുന്നു സായിപ്പിന്. മുമ്പിലായിരുന്നു അതിന്റെ പൊക കുഴല്. കറുത്തിരുണ്ട കട്ട പൊക. ഒരു തണുപ്പുള്ള ദിവസം സായിപ്പ് എണീക്കണ മുന്നേ ഞാൻ കൊറച്ച് പുളിയിട്ട് ഒന്ന് പിടിച്ചു. സൂക്ഷം പത്ത് മിനുട്ട്. കുഴല് പളപളാന്ന് തിളങ്ങി. അങ്ങനെ സായിപ്പ് എന്നെപിടിച്ച്‌ ഫാക്ടറിയില് ഫർണസ് ക്‌ളീൻ ആക്കണ സെക്ഷനിൽ ഇട്ടു. അവിടെന്ന് കിട്ടിയതാണ് ഈ ഗ്യാരണ്ടി കളർ.”.

സ്വന്തം കൈയും കാലും നോക്കി അയാൾ വീണ്ടും ചിരിച്ചു.

“കൂട്ടത്തിൽ സായിപ്പ് നടത്തിയിരുന്ന സ്‌കൂളിൽ പഠിച്ചോളാനും പറഞ്ഞു. അഞ്ചാം ക്ലാസ് വരെ പോയി. ഇവിടത്തെ സിക്സ്ത് ഫോറം പോലെ. പിന്നെ അവിടെ പണിക്ക് വന്ന പെണ്ണിനെ കെട്ടി. ‘ദിൽകി’. നല്ല പേര് അല്ലെ?”

ക്യാമറക്കാരൻ പയ്യൻ ചിരിച്ചു.

“അവളിട്ട പേരാണ് കുട്ടിയാണ്ടവൻ. അതിനു മുന്നേയുള്ള പേര് കുട്ടിരാമൻ എന്നായിരുന്നു. പേരിലൊരു ദൈവം ഉള്ളത് നല്ലതാണ്..പിന്നെ, അവിടെ കൂടി. ഒരു മോൻ. അവൻ ഇപ്പഴും അവിടെ തന്നെ. ഇടക്ക് ഒരു ആഗ്രഹം തോന്നി. അങ്ങനെ അവിടത്തെ ഒരു നാടക കമ്പനിയിൽ രാവണനായി വേഷം കെട്ടി. ഇവിടത്തെ കാക്കാരിശ്ശി നാടകം പോലെ ഒരെണ്ണം. നാടകം എന്ന് പറയാമോന്ന് അറിഞ്ഞൂടാ, അത് പോലെ ഒരെണ്ണം. പക്ഷെ എല്ലാത്തിലും നായകൻ ഉണ്ടാകും. രാവിലെ ഫർണസ് നോക്കും രാത്രി രാവണനാടും.. “

പച്ചയും പിങ്കും പുള്ളികൾ ഉള്ള നീല ലുങ്കി അയാളൊന്ന് നേരെ ഉടുത്ത് കസേരയിൽ ചാഞ്ഞിരുന്നു.

“സാറിന് തേയില വെള്ളം വല്ലതും വേണമെങ്കി പറയണം..ഇട്ടോണ്ട് വരാം ഞാൻ. ഞാൻ മാത്രേ ഒള്ളൂ ഇവിടെ…മോന് കൊളമ്പാണ് ഇഷ്ടം. ഇങ്ങോട്ട് വരൂല. ആറ് കൊല്ലം മുൻപ് അവൾ പോയി. അവളെ രാവണന്റെ മണ്ണിൽ തന്നെ കുഴിച്ചിട്ടു. അവക്കതായിരുന്നു ഇഷ്ടവും. ഞാൻ എപ്പഴെങ്കിലും മനസ്സ് മാറ്റിച്ച് ഇന്ത്യയിലോട്ട് കൊണ്ടുവന്ന് കളയുവോന്ന് അവക്ക് പേടി ഉണ്ടായിരുന്നു. രാവണൻ കാത്തു. അവളെ പേടിപ്പിക്കേണ്ടി വന്നില്ല.”

തല്ലി, ചകിരി മാറ്റിയ തൊണ്ട് കയറ്റി ഒരു കൈലോറി, പുക പാറ്റിച്ച് മുന്നോട്ട് പോയി.

ചുമരിലെ ഫോട്ടോയിലേക്ക് നോക്കിയ ചെറുപ്പക്കാരനെ നോക്കി ആണ്ടവൻ ചേട്ടൻ വീണ്ടും തുടർന്നു.

“ഇടത് ഇരിക്കണത് ഗുരുവായൂരപ്പൻ. ഇപ്പറത്ത് ഇരിക്കണത്, ഞാൻ തന്നെ. രാവണവധം നാടകം. സ്ഥലം കിളിനോച്ചി. അതിലെ ഒരു ഫോട്ടോ ആണ്. നമ്മള് ഈ ദൈവങ്ങളെ കണ്ടിട്ടില്ലല്ലോ.. ആദ്യം ദൈവത്തിന്റെ ഫോട്ടോ വരച്ചവന്റെ മനസ്സിൽ ഉണ്ടായ ഒരു രൂപം, അതാണല്ലോ നമ്മള് തൊഴണത്. അങ്ങനെ നോക്കിയപ്പോ എന്റേം കൂടെ ഇരിക്കട്ട് എന്ന് വിചാരിച്ച്! അത്രേന്നെ..”

“പിന്നെ എന്നുമുതലാണ് ചേട്ടാ…ഈ പുതിയ ജോലിയിലേക്ക്?”

ആണ്ടവൻ ചേട്ടൻ ചിരിച്ചു.

“85 ഒക്കെ ആയപ്പഴ് ഈ നാടകം പരിപാടി ഒക്കെ തീരാറായി. അറിയാമല്ലോ അന്നത്തെ അവിടത്തെ പ്രശ്നങ്ങളും മറ്റും. ഒരുവിധത്തിൽ ചാകാതെ രക്ഷപ്പെട്ടു എന്നും പറയാം. പിന്നെ ടീവി, ചെറിയ റേഡിയോ ഒക്കെ വന്ന്. ഞാൻ എല്ലാ ദിവസവും പണിക്ക് പോണേന് മുന്നേ മുഖവും വേഷവും കൊമ്പും എല്ലാം തൊടച്ചു വയ്ക്കും.ആരെങ്കിലും വിളിച്ചാലാ? പോകപ്പോക വിളി കുറഞ്ഞു. രാവണന്റെ അത്ര സൗന്ദര്യം എനിക്ക് ഇല്ലാന്ന് അടുത്തൊള്ള തമിഴന്മാര്‌ പറഞ്ഞു. പിന്നെയും ഞാൻ ഈ തൊടപ്പ് തൊടർന്നു. അങ്ങനെ ഒരു വൈകുന്നേരം ചുമ്മാ ഒരു രസത്തിന് രണ്ടു ഗ്ലാസ് ‘റാത്ത്’ അടിച്ച് ഇരിക്കുമ്പോ ഒരു… ഒരു തോന്നല് തോന്നി. സൈക്കിളെടുത്ത് പുറത്തോട്ടിറങ്ങി. തലയിൽ കിരീടവും കൊമ്പും മീശയും ഒക്കെ വച്ച് പാട്ടൊക്കെ പാടി ഒരു പോക്ക്. ഒരു സ്ഥിരം പാട്ടൊണ്ട്..“

‘നിനൈന്ത് നിനൈന്ത് നെഞ്ചം ഉരുകുതേ ….’

പാട്ട് നിറുത്തി അയാൾ തുടർന്നു.

“വഴിയിൽ ഒരാൾക്കൂട്ടം. ഒരു പാട്ടി വയ്യാതെ കിടക്കണ വീടായിരുന്നു. ഞാൻ റാത്തിന്റെ കിക്കിൽ ഒന്ന് കേറിനോക്കി. കണ്ണ് നേരെ തൊറന്നില്ല. ചെവി നേരെ കേട്ടില്ല. അവരുടെ കിടപ്പ് കണ്ടപ്പോ എനിക്ക് ചിരിക്കാൻ തോന്നി. ഞാൻ ചിരിച്ചു. ഉറക്കെ. ആ കെളവി ഒന്ന് ഞെട്ടി. ഉയിര് മേലോട്ട് പോയി. കൂടി നിന്നവരിൽ ചെലര് കരഞ്ഞു. ചെലര് കരഞ്ഞില്ല. പൊറകിലോട്ട് മാറ്റി നിറുത്തി കൊറച്ച് നനഞ്ഞ നോട്ട് മടക്കി കൈയ്യിൽ വച്ച് തന്നു. കൂട്ടത്തിൽ പാട്ടിയുടെ രണ്ടു മക്കളും ഒണ്ടായിരുന്നു. അങ്ങനെ തൊടങ്ങിയതാണ്!”

“ഏകദേശം എത്ര പേരുടെ?” ചെറുപ്പക്കാരൻ ചോദ്യം പാതിവഴിയിൽ നിറുത്തി.

“അങ്ങനെ കണക്കൊന്നും ഇല്ല സാറേ. ഒരു പത്ത്- നൂറ് കടക്കും…അത്ര തന്നെ..നമ്മളെ കൊണ്ട് ആവണത് പോലെ. “

“എല്ലായിടത്തും രാവണ വേഷത്തിൽ തന്നെയാണ് പോകുക?”

“ഓ..അതാണ് അതിന്റെ ഒരിത്. എനിക്ക് രാമനെ ഭയങ്കര ഇഷ്ടമാണ്. സന്തോഷമാണ് കാണുമ്പോ ഫോട്ടോയിൽ. പക്ഷെ രാവണന്റെ അടുത്തൊള്ളത്…എന്തിര് പറയാൻ..ഒരു ആരാധനയാണ്…ആരാധന. ശരിക്കും അങ്ങനെ അല്ലേ? ‘മർത്ത്യനായ് പിറന്നെന്നെ കൊല്ലുവാൻ ഭാവിച്ചതു സത്യസങ്കല്പനായ ഭഗവാൻ താനെങ്കിലോ, പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ?’ അങ്ങനെ അല്ലെ?.. അപ്പോ ശരിക്കും രാമൻ ഒരു നിമിത്തനത്തിന് കാരണമായ സത്യമാണെങ്കി, ആ സത്യത്തിന്റെ കാവൽ അല്ലെ രാവണൻ? അറിഞ്ഞു കൊണ്ട് തന്നെ മരണത്തെ വേൽക്കണ ധീരൻ.”

അതും പറഞ്ഞയാൾ ഒരു തമിഴ് പാട്ട് പാടി.

ക്യാമറ പിടിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരൻ ഒരു നിമിഷം ഫോക്കസ് തെറ്റി, അയാളെ തന്നെ നോക്കി നിന്നുപോയി.

“അപ്പോൾ..പിന്നെ നമ്മൾ വേറെ ആരുടേങ്കിലും വേഷം കെട്ടീട്ട് കാര്യമുണ്ടോ സാറേ..?”

“ഈ ആൾക്കാരെ പേടിപ്പിച്ച്‌ കൊല്ലുന്നത് ഒരു കുറ്റമല്ലേ?…നിയമപരമായി ചിന്തിക്കുകയാണെങ്കിൽ?”

“സാറേ…ഈ മരണവീട്ടിൽ പോകുമ്പോ അവസാനമായി ഒന്ന് മുഖം കാണാൻ മൂത്തവര് പറയണത് എന്തിനാണെന്ന് അറിയാമോ സാറേ..?”

അയാൾ ഇരുവരുടെയും മുഖത്ത് നോക്കി.

“ഓർമ ഉണ്ടാവാൻ..ആ ആളെ ഓർക്കുമ്പോ മുഖം മനസ്സിൽ കാണാൻ…”

ക്യാമറക്കാരൻ പയ്യന് ചിരി മാത്രമേ ഉണ്ടായുള്ളൂ ഉത്തരം വന്നില്ല.

അയാൾ തുടർന്നു.

“അല്ല. അത്രേ ഉള്ളൂ കാര്യങ്ങൾ എന്ന് മനസിലാക്കാൻ ആണ്. ലോകത്തു ഇന്നേ വരെ കണ്ടുപിടിച്ചതിൽ സത്യം എന്നുള്ളത് ഈ ഒരൊറ്റ ഐറ്റത്തിനാണ്. അത് കള്ളം ആണെന്ന് തെളിയിക്കാൻ ഇന്നേവരെ ആർക്കേലും പറ്റിയിട്ടുണ്ടോ? ചില ആൾക്കാർ മരിച്ചയാളുടെ ശരീരം കണ്ട് ബോധം കെടും. എന്തിരിനാണ്?”

ഇത്തവണ ക്യാമറക്കാരൻ മിണ്ടി.

“താങ്ങാൻ പറ്റാത്തത് കൊണ്ട്!”

“പാതി ശരി. ശരീരത്തിന് അറിവ് കിട്ടി കണ്ണിക്കൂടെ! അത് മനസ്സിലോട്ട് പകർത്തണ ഒരു ഏർപ്പാടാണ്. അത് നടക്കാൻ വേണ്ടി ഒള്ള ശരീരത്തിന്റെ ഒരു ട്രിക്ക് ആണ് ആ ബോധം കെടൽ. പിന്നെ ശരി, തെറ്റിന്റെ കാര്യം. ഞാൻ ഒരാളുടേം അടുത്ത് പോയി ഭീഷണിപ്പെടുത്താറില്ല, ഉപദ്രവിക്കാറില്ല.. ഒന്ന് ചിരിക്കും. ഉറക്കെ… ചിരി ഒരു കുറ്റമോ ക്രൂരതയോ അല്ലല്ല?…..പോരാത്തേന്, അവരുടെ ഒടുവിലത്തെ ആഗ്രഹം എന്നെക്കൊണ്ട് പറ്റുന്നതാണെങ്കി അതും ചെയ്തു കൊടുക്കും. അപ്പോ പിന്നെ? “

ചെറുപ്പക്കാരൻ ചിരിച്ചു. ചിന്തിച്ചു. പിന്നെയും ചോദ്യങ്ങൾ തുടർന്നു. ഉത്തരങ്ങളും. അസാധാരണമായ ഒരു കൂട്ടം ഉത്തരങ്ങളും അതിൽ നിന്നുണ്ടായ അനേകം ചോദ്യങ്ങളുമായി ആ ചെറുപ്പക്കാർ ആ വീട് വിട്ടിറങ്ങി.

കുട്ടിയാണ്ടവൻ ചേട്ടൻ, മർഫി തിരിച്ച് ശ്രീലങ്കൻ സ്റ്റേഷൻ പിടിച്ചു. റേഡിയോ ഇരച്ചു. ചാനൽ ട്യൂൺ ചെയ്യുന്നതിനിടയിൽ ഇടക്കൊരു ചാനലിൽ ശ്രീപെരുമ്പത്തൂരിൽ കലൈവാണി രാജരത്നം പൊട്ടിച്ചിതറിയതായി പറഞ്ഞു. അതിന് മുന്നേയും അതിന് ശേഷമുള്ളതും അയാൾ കേട്ടില്ല. റേഡിയോ വീണ്ടും ഇരമ്പി.

സമയം രാവിലെ പത്തര.

ഒരു മുന്തിയ ഇനം കാർ വാരയകലെ വരവറിയിച്ച് നിന്നു.

അതിൽ നിന്ന് പ്രായം ചെന്ന ഒരാൾ പുറത്തേക്കിറങ്ങി. വീടിന്റെ അരമതിലിൽ കൈ ചാരി അയാൾ ആണ്ടവൻ ചേട്ടനോട് എന്തോ പറഞ്ഞു.

“നിങ്ങൾ മുമ്പിൽ പൊയ്ക്കോ..ഞാൻ സൈക്കളിൽ വന്നോളാം…”

ചുമരിലെ ആണിയിൽ കിടന്നിരുന്ന രാവണമുഖവും, പടച്ചട്ടയും എടുത്തണിഞ്ഞു. പഴയ സൈക്കിളിന്റെ ട്യൂബിലേക്ക് കുപ്പിയിൽ ബാക്കി ഉണ്ടായിരുന്ന റാത്തെടുത്ത് ഇറ്റിച്ചു. തികയില്ലായെന്നു തോന്നിയപ്പോൾ, വീട്ടിന് മുന്നിലെ വെള്ളത്തിൽ കിടന്നിരുന്ന നാലഞ്ച് തൊണ്ട് മാറ്റി, അടിയിൽ കിടന്നിരുന്ന രണ്ടു കുപ്പി റാത്ത് പുറത്തെടുത്തു. അതിൽ കുറച്ചെടുത്ത് ട്യൂബിലേക്ക് ഒഴിച്ചു. ട്യൂബെടുത്ത് തോളത്തിട്ടു.

കാറിന് പിന്നാലെ പാഞ്ഞ സൈക്കിൾ, ശാസ്താൻകര പാലം കടന്ന് മെയിൻ റോഡിലേക്ക് കയറി. കുളച്ചൽ-തിങ്കൾചന്ത ബസിൽ മീൻ കയറ്റിപ്പോയവർ ആ കാഴ്ച കണ്ട് നോക്കി നിന്നു. ചിലർ ഇരുന്ന സീറ്റിൽ നിന്നെഴുന്നേറ്റ് പിന്നിലോട്ട് നോക്കി.

അയാൾ വഴിയിൽ നിന്നൊരു ബീഡി വാങ്ങി പുകച്ച്, കാറിന് പിന്നാലെ ആഞ്ഞു ചവുട്ടി മുന്നോട്ട് പോയി. ചുണ്ടിൽ നിന്നൊരു പാട്ട് പൊട്ടി വീണു.

“അതോ അന്ത പറവൈ പോലെ വാഴ വേണ്ടും… ഇതോ ഇന്ത അലൈകൾ പോലെ ആട വേണ്ടും…ഒരേ വാനിലേ …”

പോകപ്പോകെ, അയാളുടെ കണ്ണുകൾ ചുവന്നു. ചെവികൾ പരന്നു. മൂക്കിന്റെ തുമ്പത്തെ പൂടകൾ വിറ കൊണ്ടു.

പതിനഞ്ച് മിനുട്ട് കറങ്ങിയ ശേഷം സൈക്കിളിന്റെ ചക്രങ്ങൾ പതിയെ നിന്നു. മുന്നിലൊരു പഴയ തറവാട്.

ഉമ്മറത്തിനടുത്തുള്ള പോർച്ചിലേക്ക് കാർ പാർക്ക് ചെയ്ത് അത് ഓടിച്ചിരുന്നയാൾ പുറത്തിറങ്ങി. വണ്ടിയിലുണ്ടായിരുന്ന പ്രായമായ ആൾ പുറത്തേക്കിറങ്ങി ആണ്ടവൻ ചേട്ടന്റെ മുന്നിലേക്ക് നടന്നു.

ആണ്ടവൻ ചേട്ടന്റെ മുഖത്ത് ഒരു പതർച്ച. രാവണൻ ഭംഗിയായി അത് മറച്ചു. അയാൾ വീടിന്റെ മുന്നിലെ പാതി മുറിച്ച നിലയിലെ മാവിലേക്ക് നോക്കി. മൂന്നടി പൊക്കത്തിൽ മുറിഞ്ഞ ആ മാവിന്റെ മുകൾ ഭാഗത്ത് പെയിന്റടിച്ച്, മോഡേൺ ആർട്ട് പോലെ നിറുത്തിയിട്ടുണ്ടായിരുന്നു. അയാൾ അതിലേക്ക് തന്നെ കുറെയേറെ നേരം നോക്കി. തന്നോട് നേരത്തെ സംസാരിച്ചയാൾ ആ വീട്ടിലെ കാര്യസ്ഥനോ വേലക്കാരനോ ആയിരിക്കാമെന്നു ആയാൾ ഊഹിച്ചു. അപ്പോൾ കാർ ഓടിച്ചിരുന്നയാൾ?

“സാറുക്ക് ഒരു വാരം താൻ ലീവ്. തിരുമ്പി പോണമാ.. അതുക്ക് മുന്നേ അമ്മാവുടെ…….”

ബാക്കി കേൾക്കാൻ നിൽക്കാതെ ട്യൂബിലെ ചെറിയ പൈപ്പ് തിരിച്ച് വായിലേക്ക് റാത്ത് ഇറ്റിച്ചു.

ചെറുപ്പക്കാരൻ ഫോണെടുത്ത് ആരോടോ സംസാരിച്ചു കൊണ്ട് വീടിന്റെ ഒരു ഭാഗത്തേക്ക് മാറി.

ആണ്ടവൻ ചേട്ടൻ, ഉമ്മറത്ത് നിന്ന് അകത്തേക്ക് കയറി. കൂടെ വന്ന കാര്യസ്ഥനെ അകത്തേക്ക് വരുന്നതിൽ നിന്ന് അയാൾ തടഞ്ഞു.

“ഇനി കുറച്ചു സമയം ഞങ്ങക്ക് മാത്രം ഉള്ളതാണ്…എന്തെങ്കിലും വേണമെങ്കി ഞാൻ പറയാം..

അയാളുടെ ഓരോ കാൽവെയ്പ്പും പതർച്ചയോടെ ആയിരുന്നു. ഒരു ഇടുങ്ങിയ മുറി. മുറിയുടെ മധ്യത്തിൽ ഇട്ടിരുന്ന കട്ടിലിൽ ഒരു വൃദ്ധ കിടപ്പുണ്ടായിരുന്നു.

ജീവിതത്തിൽ ആദ്യമായി ആണ്ടവന്റെ ചുവന്ന കണ്ണുകൾ നനഞ്ഞു തുടങ്ങിയിരുന്നു. അയാൾ കട്ടിലിനരുകിൽ നിന്നു. വൃദ്ധയെ നോക്കി. ഞരമ്പുകൾ പുറത്തു തെളിഞ്ഞ മുഖം. അകത്തേക്ക് കുഴിഞ്ഞ കണ്ണുകൾ. അയാൾ ഉറക്കെ ചിരിച്ചില്ല. കൈകളുയർത്തി കൊമ്പുകൾ ചരിച്ച്‌ തലകുലുക്കിയില്ല. അയാളുടെ കണ്ണുനീരിനെ മുഖംമൂടി മറച്ചു.

ആ സ്ത്രീ, അയാളെ അടുത്തേക്ക് വിളിച്ചു. ചെവിയിൽ എന്ന വണ്ണം എന്തോ പറഞ്ഞു.

ഒന്നുരണ്ട് നിമിഷങ്ങൾ.

അവരെ തോള് ചേർത്ത് താങ്ങി, അയാൾ പുറത്തേക്കിറങ്ങി. സ്റ്റാന്റിലിരുന്ന റാലി സൈക്കിളിന്റെ പിന്നിലേക്ക് അവരെ പതിയെ കയറ്റിയിരുത്തി. മറിഞ്ഞു വീഴാതിരിക്കാൻ ചുമലിൽ കിടന്നിരുന്ന സൈക്കിൾ ട്യൂബ് അവരുടെ കഴുത്തിലൂടെ ഇട്ടു. അതിനുള്ളിലേക്ക് അയാൾ നുഴഞ്ഞു കയറി.

കാര്യസ്ഥൻ നോക്കി നിൽക്കെ, ആ സൈക്കിൾ വീടിന് മുന്നിലുള്ള വഴിയിലൂടെ മുന്നോട്ട് നീങ്ങി.

ഇരുവശത്തും കുലച്ചു നിന്നിരുന്ന തെങ്ങുകൾക്കിടയിലൂടെ സൈക്കിൾ മുന്നോട്ട് പോകവേ, വൃദ്ധ ചെറുതായി ചിരിച്ചു.

“കുറെ കൊല്ലം മുന്നേ…ഇങ്കെ ഒരു തിരുവിഴാ നടന്തത്..മൂണാം നാൾ.. യാനെ എടഞ്ഞു.. എല്ലാരും നാല് പാടും ഓടി. അന്ന് വഴിയിൽ ഭയന്ത് നിന്ന ഒരു പെണ്ണെ ഒരുത്തര് വന്ത് കാപ്പാത്തിനാറ് …അന്ത ആളുടെ സൈക്കിൾ പിന്നാടി ഇറുത്തി വീട്ട് പക്കത്തിലെ കൊണ്ട് സേത്താറ്! നാൻ അപ്പൊ അന്തയാളുടെ മുഖം പാക്കലെ.. മറുനാൾ കാലയിലെ കൺവിഴിച്ച്‌ പാക്കറപ്പോ, യാറായോ മാമരത്തിലെ കട്ടിപ്പോട്ട് അടിച്ചിട്ടിരുന്താങ്കെ… അപ്പൊവും നാ അന്ത ആളുടെ മുഖം പാക്കലെ… അത് താൻ എന്നുടെ കടയ്‌സി സൈക്കിൾ ട്രിപ്പ്… കൊഞ്ചം വർഷത്തുക്ക് പിറക് ,കല്യാണം മുടിഞ്ച്‌ പുരുഷൻ കിട്ടേ സൊന്നെൻ…യെൻ ആസയെ…സൈക്കിൾ!! അവർ കേക്ക കൂടെ ഇല്ല!…കൊളന്തങ്കെ ആന പിറക് ആവുങ്കക്കിട്ടെ ചൊന്നേൻ.. യാരും ഗവുനിക്കലെ… “

ഇടക്കിടെ ചിരിയും ചെറിയ വിങ്ങലും മാറിമാറി വന്നപ്പോഴും അവർ മനസിലുണ്ടായിരുന്നത് അയാളോട് പറഞ്ഞു. ഉറക്കെ ചിരിച്ചു.

അയാൾ സൈക്കിൾ വേഗത്തിൽ ചവുട്ടി. മൂക്കിന്റെ തുമ്പ് തടവി നാലഞ്ചു തുള്ളികൾ അയാളുടെ കീഴ്ചുണ്ടിൽ പറ്റിയിരുന്നു. വൃദ്ധ അയാളുടെ മുതുക് ചേർന്നിരുന്നു.

അവർ പറഞ്ഞു നിറുത്തിയിടത്തു നിന്ന് പറഞ്ഞു തുടങ്ങാൻ അയാൾക്ക് ഒത്തിരിയുണ്ടായിരിന്നു. വർഷങ്ങൾക്ക് മുൻപ് അവരെ കാത്ത് വഴിയോരങ്ങളിൽ നിന്നതും, അവരുടെ കണ്മിഴി പതിയാത്ത സഥലങ്ങളിൽ മാറി നിന്ന് അവരെ തന്നെ നോക്കി സമയം കഴിച്ചതും. ഉത്സവത്തിന് ഒറ്റപ്പെട്ടു പോയ അവരെ സൈക്കിൾ വീട്ടിൽ എത്തിച്ച അന്ന് രാത്രി അവരുടെ ബന്ധുക്കൾ അയാളുടെ വീട് കത്തിച്ചതും. പതിനാറാമത്തെ വയസ്സിൽ ആയാൾ നാട് വിട്ട് ഇറങ്ങിയോടിയതും എല്ലാം. അയാൾ ഒന്നും പറഞ്ഞില്ല.

അയാൾ സൈക്കിൾ വളച്ചു. വൃദ്ധയെ തിരികെ വീട്ടിൽ കൊണ്ട് ചെന്നാക്കി. കട്ടിലിൽ കിടത്തി. തിരികെ ഇറങ്ങാൻ നേരം അവരുടെ മകൻ അയാളെ നോക്കി എന്തോ ചോദിച്ചു. വീട്ടിലേക്ക് കയറുമ്പോൾ അയാളുടെ കൈയ്യിൽ ഏൽപ്പിച്ച നൂറിന്റെ 2 നോട്ടുകൾ അയാൾ കാര്യസ്ഥനെ തിരികെ ഏൽപ്പിച്ചു.

സൈക്കിൾ സ്റ്റാൻഡിൽ നിന്നിറക്കി പോകാൻ ഒരുങ്ങുമ്പോൾ, ചെറുപ്പക്കാരൻ ട്രാവൽ ഏജൻസിയെ വിളിച്ച്‌ ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാൻ തുടങ്ങുകയായിരുന്നു. അയാൾ ആണ്ടവൻ ചേട്ടനെ നിരാശയോടെ നോക്കി.

തിരികെ പോകുമ്പോൾ സൈക്കിളിന്റെ വേഗം വല്ലാതെ കൂടിയിരുന്നു. ചുണ്ടിന് ചൂട് കൂട്ടാൻ ബീഡി ഉണ്ടായില്ല. തൊണ്ട തട്ടി പാട്ട് വന്നില്ല.. അയാൾ തന്റെ വീടിനുള്ളിലേക്ക് കയറി.

കണ്ണാടിക്ക് മുന്നിൽ നിന്നു. ഉച്ചത്തിൽ ചിരിച്ചു. വീണ്ടും വീണ്ടും ചിരിച്ചു. ഒരു ഞെട്ടൽ. പിന്നെയൊരു പിടച്ചിൽ. രാവണന്റെ മുഖം നിലത്ത് വീണു.