ആറേമുക്കാലായതേയുള്ളൂ, പക്ഷേ ഭൂമി ഇരുട്ടിന്റെ കമ്പളം വാരിപ്പുതച്ചു കഴിഞ്ഞു. ഓരോ രോമകൂപങ്ങളിലൂടെയും കുളിർകോരിയിട്ട് ഇടമുറിയാതെ മഴ പെയ്തു കൊണ്ടിരുന്നു. മണ്ണിലേക്ക് നൂണ്ടിറങ്ങുന്ന വേരുകൾ പോലെ മേഘപാളികളിൽ നിന്ന് മിന്നലുകൾ താഴേക്ക് ആഴ്ന്നിറങ്ങി. ബസ് വളരെ മന്ദഗതിയിൽ ആടിയും ഉലഞ്ഞും മുന്നോട്ട്നീങ്ങി ക്കൊണ്ടിരുന്നു.

   "റോസ ചേച്ചീടെ ഒണക്കച്ചപ്പാത്തീം പരിപ്പുകറീം കഴിക്കാതെ ഇന്നു രക്ഷപെടണം.തന്നെയല്ല ഇന്നു ഒരു രാത്രി കൂടി ഹോസ്റ്റലിൽ തങ്ങിയാൽ നാളെ വെളുപ്പിനുണരേണ്ടി വരും. എന്നാലേ നാട്ടിലേയ്ക്കുള്ള ആദ്യത്തെ ബസ് കിട്ടൂ.ഇതിപ്പോ ഏറിപ്പോയാ എട്ടരയ്ക്കു വീടെത്താം. സ്വസ്ഥം... അമ്മയു ണ്ടാക്കിയ ഭക്ഷണം കഴിക്കാം. നാളെ രാവിലെ മതിയാവോളം കിടന്നുറ ങ്ങാം." ഈ ചിന്തകളാണ് ഷൈലയെ വെള്ളിയാഴ്ച വൈകിട്ട് തന്നെ ബസ് കേറാൻ പ്രേരിപ്പിച്ചത്.

    സരിക കുറേ നിർബന്ധിച്ചതാണ്. "ഡീ... ഇന്നു പോവല്ലേ... ഇന്നു ഞാൻ റൂമിലൊറ്റക്കാകും നീ പോയാല്. ഒന്നിച്ചു പോകാം നാളെ." പക്ഷെ അന്ന് തന്നെ പോകണം എന്ന തീരുമാനത്തിൽ ഷൈല ഉറച്ചു നിന്നു.

     ഓഫീസിൽ നിന്ന് മുപ്പത് മിനിട്ടു മുൻപേ ഇറങ്ങി ഓട്ടോ പിടിച്ച് ഹോസ്റ്റലിലെത്തി നേരത്തെ ഒരുക്കി വച്ച ബാഗുമെടുത്ത് സരികയോട് ക്ഷമാപണമുഖത്തോടെ യാത്ര പറഞ്ഞ്, റോസച്ചേച്ചി വച്ചു നീട്ടിയ ചായയോട് ഒരു മയവുമില്ലാതെ വേണ്ടെന്ന് പറഞ്ഞ്, തീ കൊളുത്തിയ സിഗരറ്റ് ഉടൻ ചവിട്ടി കെടുത്തേണ്ടി വന്ന നീരസം പ്രകടമായിരുന്ന ഓട്ടോക്കാരന്റെ മുഖത്ത് നോക്കി" ചേട്ടാ... പെട്ടെന്ന് ആ വെഞ്ഞാറും മൂട് ബസ് സ്റ്റോപ്പിലൊന്നെത്തിച്ചുതാ ...." എന്നു പറഞ്ഞു പുറപ്പെട്ടതാണ്.

   അപ്പോൾ മഴ ശക്തമായി പെയ്തു കൊണ്ടിരുന്നു.. വെള്ളിയാഴ്ച ആയതിനാലാകണം ബസ്സ്റ്റോപ്പിൽ തിരക്കു കൂടുതലായിരുന്നു. കുട പിടിച്ചിട്ടും അവളും ബാഗും നനയുകയായിരുന്നു. വസ്ത്രം ശരീരത്തോടൊ ട്ടിയപ്പോൾ അവൾക്ക് ഈർഷ്യ അനുഭവപ്പെട്ടു. വെയിറ്റിംഗ് ഷെഡിലും അതിനു ചുറ്റുമുള്ള ഭാഗങ്ങളിലും യാത്രക്കാർ തിക്കിത്തിരക്കി.

   ഇടക്കിടെ ഒരോ ബസുകൾ വന്നും പോയ്‌ക്കൊണ്ടുമിരുന്നു. നിറഞ്ഞു പെയ്യുന്ന മഴയിൽ ബസിന്റെ ബോർഡ് വായിക്കാൻ നന്നേ ബുദ്ധിമുട്ടി. അഞ്ചേമുക്കാലിനു വരേണ്ട ബസ് ആറു മണിയായിട്ടും എത്തിയില്ല. തിരികെ ഹോസ്റ്റലിലേക്ക് പോയാലോ എന്ന ചിന്തയുളവായി. അടുത്ത മൂന്നു ബസുകൾക്കു കൂടി കാത്തു നോക്കാം എന്ന് തീരുമാനിച്ച് അവൾ നിന്നു. ആദ്യം വന്ന രണ്ടു ബസും കൊല്ലത്തേക്കുള്ളതായിരുന്നു. മൂന്നാമതു വന്ന ബസ് എറണാകുളത്തേയ്ക്കുള്ളതും. ഇടം കൈ കൊണ്ട് കുടയിൽ മുറുകെപ്പിടിച്ചും വലം കൈകൊണ്ട് ഷോളിന്റെ ഇരു അഗ്രങ്ങളും ചേർത്ത് പിടിച്ചും അവൾ മനസ്സില്ലാമനസ്സോടെ തിരികെ നടന്നു തുടങ്ങിയതും, ഒരു ബസ് വന്നു നിന്നതിന്റെ ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു. അവൾ തിരിഞ്ഞു നോക്കി. പത്തനംതിട്ട എന്ന ബോർഡ് വായിച്ചപ്പോൾ അവളുടെ കണ്ണുകളിൽ ആശ്വാസത്തിൻ്റെ കുളിർമ.. മറുത്തൊന്നും ചിന്തിക്കാതെ അവൾ ബസിലേക്ക് ഓടിക്കയറുമ്പോൾ അവൾക്കായി ഒഴിഞ്ഞിട്ടതു പോലൊരു സീറ്റ്. ജനലിലൂടെ മഴത്തുള്ളികൾ വീണു കിടന്നിരുന്നതു കൊണ്ടാണ് ആ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നത്. സീറ്റിൽ ഇപ്പുറവശത്തിരുന്ന തടിച്ച സ്ത്രീ യുടെ കാൽമുട്ടുകൾ സൃഷ്ടിച്ച തടസ്സത്തെ ആയാസപ്പെട്ട് ഭേദിച്ച്,ബാഗിൽ നിന്നും തൂവാല എടുത്തു സീറ്റ് തുടച്ച് ഇരിപ്പുറപ്പിച്ചു. ഷട്ടർ അടഞ്ഞു കിടന്നു. തോളിൽ നിന്നും ബാഗ് അഴിച്ചെടുത്ത് മടിയിലേക്ക് വച്ച് സീറ്റിലേക്ക് ചാരി യിരുന്ന് അവൾ നിശ്വസിച്ചു. ബസിൽ കയറിയതിന്റെ ആശ്വാസം ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവളിൽ നിന്നും മാഞ്ഞു. ബസ് മന്ദഗതിയിലാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവ് അവളിൽ പിരിമുറുക്കം സൃഷ്ടിച്ചു. ഇങ്ങനെയാണ് ഈ ബസ് പോകുന്നതെങ്കിൽ ഒൻപത് മണിയെങ്കിലുമാകും ഇന്ന് വീടെത്താൻ. പെട്ടെന്നാണ് അവൾക്ക് ഓർമ്മ വന്നത്. അച്ഛനെ വിളിച്ച് പറഞ്ഞിട്ടില്ല ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കണമെന്ന്. തിടുക്കത്തിൽ ബാഗിന്റെ സൈഡ് പോക്കറ്റ് തുറന്ന് മൊബൈൽ എടുത്ത് അവൾ വിളിച്ചു. മൂന്നുവട്ടം ശ്രമിച്ചു. പക്ഷെ കോൾ കണക്ടാകുന്നില്ല. പലയാവർത്തി ശ്രമിച്ചിട്ടും കോൾ കണക്ടാകാത്തതിന്റെ പിരിമുറുക്കം അവളിൽ സൃഷ്ടിച്ച ചേഷ്ടകൾ അടുത്തിരുന്ന സ്ത്രീയുടെ ശ്രദ്ധയെ ക്ഷണിച്ചു. അവർ അസ്വസ്ഥതാ ഭാവത്തോടെ പുരികങ്ങൾ കൊണ്ട് ചോദ്യമുണർത്തി.      സ്റ്റോപുകൾ ഒരോന്നായി പിന്നിടുന്നു.ആളുകൾ ഇറങ്ങുകയും, കയറുകയും ചെയ്തു കൊണ്ടിരുന്നു. ഇരുട്ട് കനപ്പെട്ടു. എല്ലാ ഷട്ടറുകളും അടഞ്ഞു കിടന്നു. ബസ് എവിടെയെത്തിയെന്നു പോലും അറിയാൻ കഴിയുന്നില്ല. അവൾ വാച്ചിലേക്കു നോക്കി. ഏഴു മണിയായതേയുള്ളൂ. ചെറിയ ഉയരത്തിൽ ഷട്ടർ തുറന്നു പിടിച്ച് തല കുനിച്ച് അവൾ പുറത്തേക്ക് നോക്കി. മഴ ശക്തമായി തന്നെ തുടരുന്നു. ഓരോ കടകളുടേയും ബോർഡു കളിൽ അവൾ സ്ഥലപ്പേരിനായി പരതി. ആഴ്ചക്കൊരിക്കൽ പോകുന്ന വഴികൾ, പക്ഷെ ഇപ്പോൾ അപരിചിത ങ്ങളായി തോന്നി അവൾക്ക്. ഒരു കടയുടെ പേരിന്റെ താഴെ കിളിമാനൂർ എന്ന സ്ഥലനാമം തെളിഞ്ഞു കാണും വരെ അവൾ തൽസ്ഥിതി തുടർന്നു.   " ദൈവമേ കിളിമാനൂരിൽ എത്തിയതേയുള്ളൂ. ഇനിയെപ്പോഴാണ് അങ്ങെത്തുക. ഉയർത്തിപ്പിടിച്ചിരുന്ന ഷട്ടർ താഴ്ത്തി അവൾ മിഴികൾ പൂട്ടി സീറ്റിലേക്ക് ചാരിയിരുന്നു. പിൻ കഴുത്തിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നത് പോലെ..... അവൾ ശങ്കയോടെ മുഖം തിരിച്ചു നോക്കി. പിൻസീറ്റിൽ ഇരുന്നിരുന്ന മുൻവരിയിലെ പല്ലുകൾ നഷ്ടമായിരുന്ന മദ്ധ്യവയസ്കൻ തുറിച്ചു നോക്കി. ആഭാസൻ എന്നവൾ പിറുപിറുത്തു.സീറ്റിൽ ചാരി നിന്നിരുന്നൊരാൾ ബസിന്റെ സൈഡ് ബോഡിയിൽ താങ്ങ് കൊടുത്തിരുന്ന കൈയിലെ കുടയിൽ നിന്നും ഒരു തുള്ളി വെള്ളം അവളുടെ കഴുത്തിലേക്കുറ്റി വീണ് അവളുടെ ശങ്കയെ കെടുത്തി.

  പട്ടണ പ്രദേശം പിന്നിടുമ്പോൾ ബസ് വേഗത്തിൽ സഞ്ചരിക്കുമെന്നും കൃത്യസമയത്ത് എത്താൻ സാധിക്കുമെന്നും അവൾ ആശ്വസിക്കാൻ ശ്രമി ച്ചു. അവൾ അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങളേക്കുറിച്ച് ചിന്തിക്കുവാ നാരംഭിച്ചു." നാളെ പുരികം പ്ലക്ക് ചെയ്യണം. മുടിയൊന്നൊതുക്കി വെട്ടണം. പുതിയ സാരിക്ക് തയ്ച്ച് കിട്ടിയ ബ്ലൗസ് അത്ര പാകമല്ല. അതൊന്ന് ആൾട്ടർ ചെയ്യിക്കണം." ഞായറാഴ്ചയാണ് പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞിട്ടുള്ളത്. ആള് എറണാകുളത്താണ് ജോലി ചെയ്യുന്നത്. ആർക്കിയോളജി വകുപ്പിൽ. അമ്മ വാട്ട്സ് ആപ്പിൽ അയച്ചു തന്ന ഫോട്ടോ കണ്ടിട്ടുണ്ട്. അമ്മയുമച്ഛനും കുറച്ച് യാഥാസ്തികരായതു കൊണ്ട് ആളുടെ ഫോൺ നമ്പറൊനും അവൾക്ക് കൊടുത്തിരുന്നില്ല. അവളുടെ ഒരു ഫോട്ടോ ആൾക്കും അയച്ചു കൊടുത്തി ട്ടുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു.  ചിന്തകൾക്കിടയിൽ വീണ്ടും അച്ഛനെ വിളിച്ച് പറഞ്ഞില്ലല്ലോ എന്ന ഓർമ്മ കടന്നു വന്നു. വീണ്ടും മൊബൈൽ എടുത്ത് കോളിനു ശ്രമിച്ചു. പക്ഷെ നിഷ് ഫലം.റേഞ്ചില്ല. ബാറ്ററി ചാർജ്ജും തീരാറായിരിക്കുന്നു. മനസ്സിൽ ആശങ്കകൾ ഉടലെടുക്കുന്നു. സ്റ്റോപ്പിൽ ഇറങ്ങിക്കഴിഞ്ഞാൽ വീണ്ടും ഒരു പതിനഞ്ചു മിനിട്ടു നടക്കണം വീടെത്താൻ. മെയിൻ റോഡിൽ നിന്നും ഒരു നൂറു മീറ്ററോളം അകത്തേക്കുള്ള വഴിയിൽ നടന്നു കഴിഞ്ഞാൽ പിന്നെ കുറച്ച് ഇടുങ്ങിയ വഴിയാണ്. വഴിയുടെ ഇടതുവശത്ത് ഒരു കന്യാ സ്ത്രീ മഠവും , അന്തേവാസി കളുടെ സുരക്ഷയ്ക്കായി തീർത്ത വൻ മതിലും, മതിലിനു മുകളിലൂടെ പുറത്തേക്ക് പൂത്തുലഞ്ഞു ചാഞ്ഞു കിടക്കുന്ന ബോഗൻ വില്ല ചെടികളും വലതുവശത്ത് ഒഴിഞ്ഞ പറമ്പിൽ വഴിയോട് ചേർന്ന് മുളങ്കാടുകളും. അതു വഴിയേ പകലുപോലും പോകുമ്പോൾ ഭയം മനസ്സിൽ മാറാല കെട്ടാറുണ്ട്. അവൾ ചുറ്റിലും കണ്ണോടിച്ചു. ഒരോ സ്റ്റോപുകൾ പിന്നിടുമ്പോഴും ബസിൽ ആളുകളുടെ എണ്ണം കൂടുന്നതോടൊപ്പം സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരുന്നത് അവളിൽ ഭയം കലർന്ന അസ്വസ്ഥത സൃഷ്ടിച്ചു. ബാക്കിയുള്ള സ്ത്രീകളിലാരും ഇറങ്ങല്ലേ എന്നവൾ ആത്മാർത്ഥമായും ആഗ്രഹിച്ചു.   അച്ഛനുമമ്മയും അവളോട് എപ്പോഴും പറയാറുണ്ട് വൈകുന്നേരങ്ങളിൽ യാത്ര പുറപ്പെടേണ്ടതില്ലെന്ന്. എപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ള തും. എന്നാൽ എന്തോ ഇന്നങ്ങനെ തോന്നിപ്പോയി. ഒന്നു കൂടി അച്ഛനേയും അമ്മ യേയും വിളിക്കാൻ ശ്രമിക്കുമ്പോഴേയ്ക്കും ഫോണിന്റെ ശ്വാസം നിലച്ചു. ഫോൺ ബാഗിന്റെ സൈഡ് പോക്കറ്റിൽ തിരുകി. സകല ദൈവങ്ങ ളേയും അവൾ പ്രാർത്ഥിച്ചു. ഷട്ടർ വീണ്ടും ഉയർത്തി നോക്കി. മഴയുടെ ശക്തി കുറഞ്ഞിരുന്നു. ഷട്ടർ അവൾ ക്ലിപ്പിട്ടുറപ്പിച്ചു.      തണുത്ത കാറ്റടിച്ചു കയറി. അവൾ പുറത്തേക്ക് നോക്കിയിരുന്നു . ആയൂരിൽ എത്തിയിരിക്കുന്നു. ഏകദേശം ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ സ്റ്റോപ്പെ ത്തും , അവൾ കണക്കു കൂട്ടി. സ്ത്രീകളുടെ എണ്ണം വീണ്ടും കുറഞ്ഞിരിക്കുന്നു. താനുൾപ്പെടെ ഇനി നാലു പേരേ അവശേഷിക്കുന്നുള്ളൂ എന്ന ചിന്ത അവളിൽ ഒരു അരക്ഷിതത്വ ബോധം ഉണർത്തി.. അടുത്തിരുന്ന തടിച്ച സ്ത്രീ ഒന്നിറങ്ങിയിരുന്നെങ്കിൽ ഒന്നു സൗകര്യമായിരിക്കാമായിരുന്നു എന്ന് ചിന്തിച്ചിരുന്ന അവൾ ഇപ്പോൾ ആ സ്ത്രീ ഇറങ്ങരുതേയെന്ന് പ്രാർത്ഥിച്ചു. ആ സ്ത്രീ അടുത്ത സ്റ്റോപ്പിലിറങ്ങിയപ്പോൾ ആരും അടുത്ത് വന്നിരിക്കരുതേയെന്നായി അവളുടെ പ്രാർത്ഥന.  അടുത്ത് നിന്നിരുന്നൊരാൾ അവളുടെ സീറ്റിൽ ചാരി നിന്നു.ഭാഗ്യം അടു ത്തിരുന്നില്ലല്ലോ... അവൾ ആശ്വസിച്ചു. അൽപനേരം കഴിഞ്ഞ് പിൻ ഭാഗത്തെ ഏതോ ഒരു സീറ്റിലിരുന്നിരുന്ന ഒരാൾ അവളുടെ സീറ്റിലേക്ക് വന്നിരുന്നത് അവളിൽ അസ്വസ്ഥതയുടെ വിത്ത് പാകി. അവളുടെ മടിയിലിരുന്ന ചെറിയ ബാഗെടുത്ത് അവൾ അവരുടെ ഇടയിലായി വച്ചു.അടുത്ത സ്റ്റോപ്പിൽ അയാൾ ഇറങ്ങിയപ്പോൾ അവളൊന്നാശ്വസിച്ചു. അവളെ കൂടാതെയുണ്ടായിരുന്ന രണ്ടു സ്ത്രീകളും അവിടെ യിറങ്ങി. പരിഭ്രമ ത്തോടെ അവൾ ചുറ്റിലും കണ്ണോടിച്ചു. ബസിൽ ഇപ്പോൾ അധികം ആളുകളില്ല. എല്ലാരും ഇരുന്നിട്ടും ചില സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ചിലതിൽ ഒരാൾ മാത്രം. ഇനി നാലാമത്തേതാണ് അവളുടെ സ്റ്റോപ്പ്. ഇടവിട്ട് അവൾ വാച്ചിലേക്കും വിൻഡോയിലൂടെ പുറത്തേയ്ക്കും നോക്കിക്കൊ ണ്ടിരുന്നു.   അടുത്ത സ്റ്റോപ്പിൽ രണ്ടു പേർ ഇറങ്ങി. എന്നിട്ടും ബസ് എടുക്കുന്നില്ല. അവൾ പരിഭ്രമത്തോടെ എത്തിനോക്കി. ബസിറങ്ങി കഴിഞ്ഞപ്പോഴാണ് ടിക്കറ്റിന്റെ ബാക്കി തുക കിട്ടാനുള്ള കാര്യം അവർ ഓർത്തത്. കണ്ടക്ടർ കൊടുത്ത നോട്ടുകളിലൊന്നിലെ ചെറിയൊരു കീറലാണ് തർക്ക വിഷയം. എരിയുന്ന കനലിൽ നിൽക്കുന്ന അവസ്ഥയായിരുന്നു അവൾക്കപ്പോൾ. ഏതാനും നിമിഷങ്ങൾക്കു ശേഷം ബസ് ഓടിത്തുടങ്ങി. ഒടുവിൽ അവളുടെ സ്റ്റോപ്പിൽ ബസ് ഒരു ഞരക്കത്തോടെ നിന്നു. അവൾ ഇറങ്ങി.അവൾക്ക് പിന്നിലായി മറ്റൊരാളും. ചെറുതായി ചാറിക്കൊണ്ടിരുന്ന മഴയെ അവഗണി ച്ചു കൊണ്ടവൾ നടന്നു. അവൾ തല ചെറുതായി ചലിപ്പിച്ച് വലതു തോളിനു മുകളിലൂടെ പിന്നിലൂടെ വരുന്നയാളെ ശ്രദ്ധിച്ചു. ഒരു മദ്ധ്യവയസ്ക്കൻ. അവളുടെ പിന്നിലൂടെ മൊബൈലിൽ സംസാരിച്ചു കൊണ്ട് അയാൾ നടന്നു. ഇടക്ക് നടത്തവും ഇടയ്ക്ക് ഓട്ടവുമായി അവൾ മുന്നോട്ട് നീങ്ങി.മഴ ബലപ്പെട്ടു. അവൾ ബാഗിൽ നിന്നും കുടയെടുത്ത് നിവർത്തി. ചാർജ്ജ് തീർന്നെങ്കിലും അവൾ മൊബൈൽ എടുത്ത് അവൾ ചെവിയോട് ചേർത്തു. അവൾ ആഞ്ഞു നടന്നു. ഇടത് വശത്തായി ഉയരമുള്ള മതിലിന്റെ സംരക്ഷണയിൽ തലപൊക്കി നിൽക്കുന്ന മഠം കാണാം. സുരക്ഷയുടെ താഴിട്ടു പൂട്ടിയ ഗേറ്റിന്റെ അഴികൾക്കിടയിലൂടെ വ്യക്തമല്ലാത്ത ഒരു ദൃശ്യം മാത്രം കാണാം. കറുത്ത നിറമുള്ള ഒരു നായ വഴിയിലേക്ക് നോക്കി മുരണ്ടു.പൂത്തു നിൽക്കുന്ന ബോഗൻവില്ലച്ചെടികളുടെ ശാഖകൾ മതിലിനു മുകളിലൂടെ വഴിയിലേക്ക് ചാഞ്ഞു കിടന്നു. എതിർവശത്തെ ഒഴിഞ്ഞ പറമ്പിലെ ഇല്ലിക്കാടുകൾ കുഴലൂതി.   ഒരു നൂറു നൂറ്റമ്പതടി കൂടി കഴിഞ്ഞാൽ ഒരു വളവായി. വളവ് കഴിഞ്ഞ് കിട്ടിയാൽ രക്ഷപ്പെട്ടു. അവളോർത്തു. പിന്നെ കുറച്ച് ആൾ പെരുമാറ്റമുള്ള വഴിയാണ്. അവിടെ നിന്ന് അഞ്ചു മിനിട്ട് കൂടി നടന്നാൽ വീടെത്തും. അയാൾ അപ്പോഴും അവളുടെ പിന്നാലെ തന്നെയുണ്ടായി രുന്നു. ആ വളവ് പിന്നിട്ടു കഴിഞ്ഞപ്പോഴേക്കും അവൾക്കു സമാധാനമായി. അവൾ അപ്പോൾ ഓടുകയായിരുന്നു. ഗേറ്റ് തുറന്ന് അവൾ വീട്ടിലേക്കോടി.ഉമ്മറത്ത് ആരുമില്ല. വാതിൽ മുട്ടിയപ്പോൾ അമ്മയാണ് വന്ന് വാതിൽ തുറന്നത്." ഇതെന്താ ഇപ്പോ. നീ സാധാരണ ശനിയാഴ്ചകളിലല്ലേ വരാറ്? നീയെന്താ ഫോൺ ചെയ്യാഞ്ഞത്." ഒന്നിനും ഉത്തരം കൊടുക്കാതെ" എനിക്കെന്താ നേരത്തേ വന്നൂടേ" എന്ന് പരിഭവിച്ചു കൊണ്ട് അവൾ മുറിയിലേക്ക് കടന്നു. അന്നേറെ വൈകിയാണ് അവളുടെ അച്ഛൻ വന്നത്.ഒടുവിൽ അത്താഴത്തിനു ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ അവൾ സ്വപ്ന ലോകത്തിലേക്ക് കടന്നു. പെണ്ണ്കാണലിനുള്ള ഒരുക്കങ്ങൾ. ഇളം നീല നിറമുള്ള പട്ടു സാരി ചുറ്റി, മുടി നീള ത്തിൽ പിന്നിയിട്ട് , മുല്ലപ്പൂ ചൂടി ചായയുമായി ഇതുവരെ കാണാത്ത ഒരാൾക്കു മുമ്പിൽ, തല കുമ്പിട്ട് നിൽക്കുന്നതും , രോമാവൃതമായ ഉറച്ച മാംസപേശി കളുള്ള കൈ നീണ്ടു വന്ന ചായ കപ്പ് എടുക്കുമ്പോൾ ആ കൈയുടെ ഉടമയെ ഒന്നു പാളി നോക്കുന്നതും, അച്ഛൻ പറഞ്ഞതനുസരിച്ച് അയാളോട് മാത്രമായി സംസാരിക്കുന്നതും അവൾ മനസ്സിന്റെ ക്യാൻവാസിൽ വരച്ചു ചേർത്തു. ഇനി മുതൽ അയാളാണ് തന്റെ രക്ഷകൻ. തന്റെ യാത്രകളിൽ അയാൾ അകമ്പടി സേവിക്കും. തന്നെ ശ്യംഗാരക്കണ്ണുകളാൽ തുറിച്ചു നോക്കുന്നവരെ അയാൾ തന്റെ തീക്ഷ്ണ നോട്ടങ്ങളാൽ ദഹിപ്പിക്കും. തന്റെ ദേഹത്ത് അനാവശ്യമായി ഒരാളുടെ നിഴൽ പതിഞ്ഞാൽ പോലും അയാൾ അവനെ എതിർത്തു തോൽപ്പിക്കും.. തനിക്കു ചുറ്റും അയാൾ സുരക്ഷയുടെ ഒരു കവചം തീർക്കും. തന്നെ ജീവനു തുല്യം സ്നേഹിക്കും. സ്വപ്നങ്ങൾ കണ്ട് കണ്ട്, സ്വപ്നങ്ങളുടെ രാജകുമാരി എപ്പോഴോ ഉറക്കത്തി ന്റെ മടിയിലേക്ക് തലചായ്ച്ചു.    അടുത്ത ദിവസം പതിവിന് വിപരീതമായി അവൾ നേരത്തേ തന്നെ ഉണർന്നു. അമ്മയിട്ട ഒരു കട്ടൻ ചായ കുടിച്ചു ഉടനെ പോയി കുളിച്ചു വന്നു. കുറച്ചു സമയം കഴിഞ്ഞ് പ്രാതൽ ഒരുക്കി തീൻമേശയിൽ വച്ചിട്ട് മകളെ വിളിക്കാനായി പോയ അമ്മ അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെട്ടു. ഈ കുട്ടി ഇന്നെന്താ എല്ലാം പതിവിന് വിപരീതമാണ ല്ലോ. " കുളിക്കാൻ പറഞ്ഞാലും മടി പിടിച്ച് പ്രാതൽ കഴിഞ്ഞിട്ടേ കുളിക്കൂ എന്ന് വാശി പിടിക്കാറുള്ള താ...വീട്ടിലെത്തിയാൽ ബാഗിൽ നിന്ന് തുണികൾ വലിച്ചു പുറത്തിട്ടാൽ പോകാൻ നേരം ഞാൻ വേണം ബാഗൊരുക്കി കൊടുക്കാൻ. ഇന്നിതാ ബാഗിൽ വസ്ത്രങ്ങളൊക്കെ ഒതുക്കി പെറുക്കി വയ്ക്കുന്നു." അമ്മയോർ ത്തു." ഇന്ന് ഇവൾക്കെന്താ പറ്റീത്?"  തന്റെ ചോദ്യങ്ങൾക്കുള്ള മറുപടി അമ്മ തന്നെ സ്വയം ചിന്തിച്ചെടു ത്തു."ഓ.... പെണ്ണിനെ കാണാൻ വരുന്നൂന്ന് പറഞ്ഞപ്പോ തന്നെ അവള് ഒരുക്കങ്ങൾ തുടങ്ങി. ങ്‌ഹും. ഇങ്ങനെ വേണം .... മറ്റൊരു വീട്ടിൽ ചെന്നു കേറാനുള്ളതല്ലേ...." തീൻമേശയിൽ വന്നിരുന്ന് എടുത്തു വച്ച പ്രാതൽ കഴിച്ചതിനു ശേഷം ഉടനെ ബാഗെടുത്ത് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് അവൾ ഇറങ്ങി." നീ എന്താ ഈ കാണിക്കുന്നേ. എവിടെ പോകുന്നു.?...

അമ്മയുടെ ചോദ്യത്തിന് ഉത്തരമില്ല.

അച്ഛൻ ചോദിക്കുന്നു.” നാളെ അവർ നിന്നെ കാണാൻ വരുമ്പോൾ ഞാനെന്തു പറയും? നീ സമ്മതിച്ചത് കൊണ്ടല്ലേ നാളെ…” ചോദ്യം മുഴുമിപ്പിച്ചില്ല.

മറുപടി അതിനും കിട്ടിയില്ല.

അവളെ പോകുന്നതിൽ നിന്ന് തടയാൻ അവർ ആവത് ശ്രമിച്ചു.

അവൾ മനസ്സിലുരുവിട്ടു:” എന്നെ സംരക്ഷിക്കാൻ എനിക്ക് തന്നെ കഴിയണം. മറ്റുള്ളവർ ചില നേരങ്ങളിൽ സംരക്ഷകരായേക്കാം. ഇതുവരെ പരിചയമില്ലാത്തൊരാൾ വന്ന് എന്റെ രക്ഷകനാകുമെന്ന് വിശ്വസിയ്ക്ക വയ്യ. സ്വയം വിറ്റഴിക്കപ്പെടേണ്ട ഒരു ഉപഭോഗവസ്തു പോലെ ആരുടേയും മുമ്പിൽ പ്രദർശിപ്പിക്കാനും ഇനി ഞാനില്ല. എന്റെ സംരക്ഷണം എന്റെ ചുമതല.”

ജീൻസും ഷർട്ടും ധരിച്ച് മുടിയൊതുക്കി വച്ച് ബാഗ് ഇരു തോളുകളിലുമായി തൂക്കി, മൂർച്ചയുള്ളൊരു കത്തി ഇടുപ്പിൽ തിരുകി പടി കടന്ന് അവൾ പോകുന്നത് അവർ നോക്കി നിന്നു.