എനിക്ക് എഴുതാനാവുന്നില്ല.

എനിക്ക്  പണിയെടുക്കാനാവുന്നില്ല.

എനിക്കൊന്ന് കരയാൻ പോലുമാവുന്നില്ല.

ദൈവമേ…! എനിക്ക് ഉറങ്ങാനാവുന്നില്ല.

*****

അവൻ വിഷമിക്കുന്നത് കണ്ടാൽ എനിക്കിപ്പോൾ ഒരത്ഭുതവും തോന്നാറില്ല. അവനെന്നും ഞാനെന്നുമില്ല; ഇവിടെ ആരെങ്കിലും പണിയെടുത്ത് പണിയെടുത്ത് മുന്നിൽ കിടന്ന് മരിച്ചാൽ പോലും ആർക്കും ഒന്നും തോന്നാനിടയില്ല. ഞാനിപ്പോൾ ചെയ്യുന്ന പ്രൊജക്ടിലെ ചാറ്റ്ബോട്ടിനെപ്പോലെ – നിർവികാതയുടെ പരകോടിയിൽ നിർത്താതെ പ്രവർത്തിക്കുന്ന അതിതീവ്രബുദ്ധി!

“വെങ്കീ, വർക്കിന്റെ കാര്യത്തിൽ ഇത്ര ഇർറെസ്പോൺസിബിൾ ആവരുത്. കഴിഞ്ഞ മാസമല്ലേ രണ്ട് ലീവെടുത്തത്. എത്ര ഡെലിവറബിൾസ് പെൻഡിംഗ് ഉണ്ടെന്ന് അറിയാവുന്നതല്ലേ.. അത്രയും അർജന്റ് വർക്കുള്ളപ്പോൾ ഇനിയും ലീവ് അപ്രൂവ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.”

“മോൾക്ക് സുഖമില്ലാത്തതോണ്ടല്ലേ രവീ.. എപ്പോഴെങ്കിലും ഒരു ഡെഡ്‌ലൈൻ ഞാൻ മീറ്റ് ചെയ്യാതെയിരുന്നിട്ടുണ്ടോ?”

“അതല്ല വെങ്കീ.. ഡോണ്ട് ടേക്ക് മീ റോങ്! യൂ ആർ എ ക്രിട്ടിക്കൽ റിസോഴ്സ്. ഒരു ദിവസം വെങ്കി ഇല്ലെങ്കിൽ അത് പ്രൊജക്ടിനെ അത്രയ്ക്ക് അഫക്ട് ചെയ്യും. പ്ലീസ് അണ്ടർസ്റ്റാന്റ് ദ സിറ്റുവേഷൻ.”

“എന്നാൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം..?”

“സോറി! കമ്പനി പോളിസീസ് അതിന് അനുവദിക്കുന്നില്ല. അപ്പർ മാനേജ്മെന്റിന്റെ തീരുമാനമാണ്. അനുസരിച്ചേ പറ്റൂ.”

ഇതാ വീണ്ടുമവൻ രവിയുടെ ക്യാബിനിൽ നിന്നും തല കുനിച്ച് ഇറങ്ങി വരുന്നു.

ഇതാ വീണ്ടുമവൻ എന്റെ ക്യുബിക്കിളിലേക്ക് നടന്നു വരുന്നു.

ഇതാ ഞാൻ വീണ്ടുമെന്റെ ലാപ്ടോപ് മടക്കിവയ്ക്കുന്നു!

“വാ ഒരു കാപ്പി കുടിക്കാം.”

ഞങ്ങൾ പാൻട്രിയിലേക്ക് നടന്നു. കമ്പനിയുടെ ലോഗോയും പേരും വലുതായി പതിച്ച കുഞ്ഞു കപ്പെടുത്ത് ടാപ്പിനു കീഴേ പിടിച്ചു. ലോക്‌ഡൗണിന് ശേഷം ഓഫീസിൽ വന്ന ഒരേയൊരു മാറ്റമിതാണ് – പൈപ്പ് തിരിക്കണ്ട; കൈ അടുത്ത് കൊണ്ടു പോയാൽ വെളളം വരും. 

കഫേ കോഫീ ഡേയുടെ മെഷീൻ നിന്നും ഒരു ലൈറ്റ് കോഫി എന്റെ കപ്പിലേക്കും ഒരു എസ്പ്രസോ വെങ്കിയുടെ കപ്പിലേക്കും ഊർന്നിറങ്ങി.

പകലും രാത്രിയുമെന്നില്ലാതെ ചായയും കാപ്പിയും ഇവിടെ എത്ര വേണെങ്കിലും ഫ്രീയായി കുടിക്കാം. നമ്മളുറങ്ങാതിരിക്കാൻ കമ്പനി ഏതറ്റം വരെയും പോകും!

“രവിയുടെ സ്വഭാവം നിനക്കറിയുന്നതല്ലേ.. ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട. രണ്ട് ദിവസം സിക്ക് ലീവെടുക്ക്. സദാശിവൻ ഡോക്ടറോട് പറഞ്ഞാൽ എന്തേലും പ്രിസ്ക്രിപ്ഷൻ എഴുതി തരും.”

“ആഹ്.. അതത്രയേയുള്ളൂ. എന്നാലും ഇയാളെന്താ ഇങ്ങനെ.. ഒരു മനുഷ്യപ്പറ്റില്ലാണ്ട്. “

“ഓഫീസിൽ എന്റെ ആദ്യത്തെ ദിവസം. ഇയാളായിരുന്നു ടീമിലേക്ക് എന്നെ വെൽകം ചെയ്തത്. ക്ലീൻ ഷേവ് ചെയ്ത് ടിപ് ടോപിൽ ചിരിച്ച് കൊണ്ടു നിൽക്കുന്ന ഒരു ജെന്റിൽമാൻ. വെൽക്കം കിറ്റ് തന്നപ്പോൾ ഞാൻ ‘താങ്ക്യൂ സർ’ പറഞ്ഞതാ.. ‘ഓഹ് മാൻ! ഡോണ്ട് കോൾ സർ! ജസ്റ്റ് കോൾ മി രവി. അതാണ് നമ്മുടെ കമ്പനിയുടെ കൾച്ചർ. ഹിയർ വി ഓൾ ആർ ഈക്വൽ.’  അന്ന് അയാളോട് ഒരു ബഹുമാനം തോന്നി. അന്ന് മാത്രം!  പിന്നെയല്ലേ മനസ്സിലായെ.. ഈ ചിരിച്ചു കൊണ്ട് കഴുത്തറുക്കൽന്ന് പറഞ്ഞാ എന്താന്ന്..”

“കൊറച്ച് കൊല്ലം കഴീമ്പോ നമ്മളും അയാളെപ്പോലെ ആവുമായിരിക്കും!”

“കൊച്ചിന് എങ്ങനെയുണ്ട്?”

“കുറവുണ്ട് “

*****

“പേർസണലി ഐഡന്റിഫയബിൾ ഇൻഫർമേഷൻ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം.”

എന്റെ ടീമിന് പുതിയ വർക്ക് വന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ചെയ്യേണ്ടതാണ്. ക്ലയന്റിന് വേണ്ടി പുതിയ ഒരു മൊബൈൽ അപ്ലിക്കേഷൻ ഡെവലപ് ചെയ്യണം. അവരുടെ മൊബൈൽ ഉപയോഗ രീതിയും ഉപയോഗിക്കുന്ന ആപ്പുകളും സമയവുമെല്ലാം കണക്കിലെടുത്തു കൊണ്ട് ഉപയോഗിക്കുന്നയാളുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കിയെടുക്കണം. അത് പരസ്യകമ്പനികൾക്ക് ഉപയോഗിക്കാൻ പാകത്തിൽ തരം തിരിച്ച് സൂക്ഷിക്കണം. ഡിസംബറിന് മുന്നേ ഇത് തീർക്കുകയും വേണം!

ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ കാത്തിരിക്കുന്നു!

ഇന്ന് വൈകുന്നേരം നേരത്തേയിറങ്ങി. ഇനി അടുത്തൊന്നും പറ്റിയില്ലെങ്കിലോ! മുറിയിലേക്ക് നടന്ന് പോവാമെന്ന് വച്ചു. അതും ആൾത്തിരക്കില്ലാത്ത ഒരു ഉൾവഴിയിലൂടെ. ഈ വഴിയരികിൽ എനിക്ക് മരങ്ങളും വിളിച്ചെടികളും കാണാം. പക്ഷികൾ ചേക്കേറുന്ന മരത്തിൽ കലമ്പലു കേൾക്കാം. ആ മരത്തെ ഞാൻ അസൂയയോടെ നോക്കി. സൂര്യൻ അസ്തമിക്കേണ്ട താമസം, അതിന്റെ ഇലകൾ കൂമ്പിക്കഴിഞ്ഞിരുന്നു.

*****

വെങ്കിയെ നൈറ്റ് ഷിഫ്റ്റിലേക്ക് മാറ്റി. സിക്ക് ലീവിനുള്ള അപ്രഖ്യാപിത ശിക്ഷ.

ഞാനിറങ്ങുന്ന നേരത്ത് അവൻ ഓഫീസിലേക്ക് കയറി വരും. 

“ഒരു കണക്കിന് നന്നായി. പകൽ ഫ്ലാറ്റിൽ നിൽക്കാല്ലോ. കുഞ്ഞിനെ നോക്കാൻ നാട്ടിൽ നിന്നും വന്ന അമ്മയെ എങ്ങനെ ഒറ്റയ്ക്ക് ഫ്ലാറ്റിലിക്കും എന്ന് ആലോചിച്ചിരിക്കുവായിരുന്നു. അവൾ മെറ്റേർണിറ്റി ലീവ് കഴിഞ്ഞ് തിരിച്ച് ജോയിൻ ചെയ്തു.”

പോകെപ്പോകെ വെങ്കി വന്ന് പണി തുടങ്ങി ഏറെ കഴിഞ്ഞേ എനിക്ക് ഇറങ്ങാനാവുന്നുള്ളൂ എന്ന നിലയിലായി പണിയുടെ പോക്ക്.

അപ്പോഴാണ് ഒരിടവേളയ്ക്ക് ശേഷം ഞങ്ങളുടെ കാപ്പി കുടി സംഭാഷണങ്ങൾ പുനരാരംഭിച്ചത്. 

” വീട്ടിലാകെ സീനാണ്.. ഞാനിറ്തുവരെ നിന്നോട് പറഞ്ഞില്ല എന്നേയുള്ളൂ. അവളും ഞാനും അത്ര നല്ല ടേർമ്സിൽ അല്ല കുറച്ചു നാളായിട്ട്. തൊട്ടതിനും പിടിച്ചതിനും കുറ്റമെതിക്കാണ്. രാത്രി കുഞ്ഞ് കരഞ്ഞ് ഉറക്കം പോവുന്നോണ് നൈറ്റ് ഷിഫ്റ്റ് ചോദിച്ച് വാങ്ങിയാണെന്നു കൂടി പറഞ്ഞെടോ..”

അവനെ അത്രയും നിരാശനായി ഞാനിതിനു മുമ്പ് കണ്ടിട്ടില്ല. ഒന്നിനോടും ഒരു താത്പര്യമില്ലാത്ത പോലെ. ജോലിയിലും അത്ര നേരെയല്ല കാര്യങ്ങളുടെ പോക്ക്. ഒരു ലേ ഓഫ് വന്നാൽ ആദ്യം പുറത്താവുക വെങ്കിയാവും എന്നു വരെ മീറ്റിംഗിൽ പറഞ്ഞു രവി. എന്നിട്ടും അവനൊരു കൂസലുമില്ല.

“എന്നെക്കൊണ്ട് പറ്റുന്നില്ലെടോ..”

പൊടുന്നനെ എന്റെ ചുമലിൽ തല വച്ച് അവൻ പൊട്ടിപ്പൊട്ടി കരഞ്ഞു. 

ഞാനവനെ മുറുക്കെ പിടിച്ചു.

“സാരുല്ലടാ.. ഈ രാത്രി കൂടി ഒന്ന് കഴിയട്ടെ.. നാളെ നമുക്ക് ഒരു സ്ഥലം വരെ പോണം”

*****

“വെങ്കീ, ഈ ചെയ്ത രണ്ട് ചെറിയ അസസ്മെന്റിൽ നിന്ന് മനസ്സിലാവുന്നത് വെങ്കി നല്ല രീതിയിൽ മാനസിക സംഘർഷം അനുഭവിക്കുണ്ട് എന്നാണ്. ഇതിപ്പോൾ ഒരു മാസത്തിൽ കൂടുതലായില്ലേ. മൈൽഡ് റ്റു മോഡറേറ്റ് ഡിപ്രഷനാണ്. പേടിക്കാനൊന്നുമില്ല. നമുക്ക് മാറ്റിയെടുക്കാം. കുറച്ച് കാലത്തേക്ക് മുടങ്ങാതെ വരണം കൗൺസിലിങ്ങിന് ഇവിടെ. കൂടെ ഒരു ചെറിയ ആന്റി ഡിപ്രസന്റ് മെഡിസിനും കഴിക്കേണ്ടി വരും, ഇപ്പോ ഉള്ള ഈ അവസ്ഥയിൽ നിന്ന് ഒന്ന് പുറത്തു വരാൻ. അതിനു ഞാനൊരു സൈക്യാർട്ടിസ്റ്റിനെ റഫർ ചെയ്യാം. പേടിക്കാനൊനുമില്ല.”

*****

“വെങ്കി ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങാറുണ്ട് ?”

അവൻ തല കുനിച്ചിരുന്നു.

“ജോലിയുടെ സ്വഭാവം അങ്ങനെയായത് കൊണ്ടാവാം.. ഐ ടി ജോലി ചെയ്യുന്ന എത്ര പേരാണെന്നോ ദിവസവും എന്റെയടുത്തു വരുന്നത്.. സങ്കടം വരും കാണുമ്പോ.. ചെറിയ പിള്ളേർ..  വെങ്കീ, അവരു നിങ്ങളെ പണിയെടുപ്പിക്കാനേ നോക്കൂ. അതിലാണ് അവരുടെ ലാഭം. നമ്മുടെ തലച്ചോറ് പക്ഷേ, അതിന് വേണ്ടി ഡിസൈൻ ചെയ്യപ്പെട്ട ഒന്നല്ല. രാത്രി സ്ക്രീൻ നോക്കിയിരിക്കുന്നത് നമ്മൾ നമ്മളോട് ചെയ്യുന്ന ക്രൂരതയാണ്. ഉറങ്ങണം. അതിപ്പോൾ ജോലി രാജിവച്ചിട്ടോ ലീവെടുത്തിട്ടോ എങ്ങനെയാണെങ്കിലും.. തത്കാലത്തേക്ക് ഞാനൊരു മരുന്ന് കുറിച്ച് തരാം. മുടങ്ങാതെ കഴിക്കണം. പെട്ടെന്ന് നിർത്തരുത്. രണ്ടാഴ്ച കഴിഞ്ഞ് ഒന്നൂടി വന്ന് കാണൂ.”

*****

ഡിസംബർ 1 .

എന്റെ കണ്ണുകൾ എതോ കുഴിലേക്ക് പോയെന്ന് കണ്ടവർ കണ്ടവർ.

അവന്റെ ഊഴത്തിന് ശേഷം, ഡോക്ടറുടെ ക്യാബിനിലേക്ക് ഞാൻ കയറി.

“രാത്രി പത്തിന് ശേഷം ലാപ്ടോപും മൊബൈലും ദൂരെ വയ്ക്കണം. സ്ക്രീനിൽ നിന്നും വരുന്ന ബ്ലൂലൈറ്റ് കണ്ണിലടിച്ചാൽ നമ്മുടെ തലച്ചോറിലെ മെലാടോണിൻ എന്ന കെമിക്കലിന്റെ സന്തുലനം തെറ്റും. തല വിചിരിക്കും രാത്രിയായില്ലെന്ന്.. ഉറങ്ങുമ്പോഴാണ് തലച്ചോറിൽ കെമിക്കൽ ബാലൻസിംഗ് നടക്കുന്നത്. അതുകൊണ്ട് ഉറക്കം മസ്റ്റാണ്. കിടക്കുന്നതിനു മുന്നേ ഇളം ചൂടുവെളളത്തിൽ കുളിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് പാലു കുടിക്കുകയും ആവാം.” 

രാത്രി കെ എസ് അർ ടി സി സൂപ്പർഫാസ്റ്റ് ബസിൽ തിരിച്ച് പോകുമ്പോൾ ഞാൻ ഉറങ്ങാത്ത മനുഷ്യരെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഈ ബസിലെ തന്നെ ആൾക്കാർ. നിരത്തിലെ ആൾക്കാർ. തെരുവിലെ ആൾക്കാർ. കുറേ മനുഷ്യർ ഇങ്ങനെ ഉറങ്ങാതെയിരുന്നിട്ടല്ലേ, ഈ ലോകം ഇങ്ങനെ നിലയ്ക്കാതെ മുന്നോട്ടോടുന്നത്!

എന്തായാലും ആ വാക്ക് എനിക്കിഷ്ടമായി  – മെലാടോണിൻ…! അതിലൊരു ദുഃഖം ഒളിഞ്ഞിരിക്കുന്നുണ്ട്. മെലാങ്കലിയിലെന്ന പോലെ.. എന്റെ.. എന്റെ മെൽവിനിലെന്ന പോലെ..

*****

ഡിസംബർ 23.

ഡിപ്ലോയ്മെന്റ് ദിവസം.

ഒരു ഐ ടി ജീവനക്കാരന്റെ ജീവിതത്തിലെ ഏറ്റവും സംഘർഷഭരിതമായ ദിവസം.

വൈകുന്നേരമായി. രാത്രിയായി. വെങ്കി വന്നു. പാതിരാത്രിയായി. പുലർച്ചെയായി. രാവിലെയായി. വെങ്കി പോയി. വെയിലു വന്നു. ഒരു വിധം ഇതാ തീർന്നിരിക്കുന്നു, നിങ്ങൾ ഞങ്ങളെയേൽപ്പിച്ച ജോലി.. ഭാറിച്ച തലയെ ഡെസ്ക് താങ്ങി.

ഉണർന്നപ്പോൾ ക്രിസ്തുമസ് സെലിബ്രേഷൻ മാറ്റിവച്ചുവെന്ന മെയിൽ വന്നിട്ടുണ്ട്. അവിചാരിതമായി എന്തോ സാങ്കേതിക പ്രശ്നമുണ്ടത്രേ. 

ഓഫായ ഫോണെടുത്ത് ചാർജർ കുത്തി. ഒന്ന് മുറി വരെ പോയി തിരിച്ച് ഓഫീസിലേക്ക് തന്നെ വരണം.

വാട്ട്സപ്പിലെ മെസേജ് കണ്ട് തരിച്ചു പോയി.

പേര്: വെങ്കിടേഷ് കെ.

മരണ കാരണം: വാഹനാപകടം

ചുറ്റും നോക്കി. എല്ലാവരുടെ മുഖത്തും വിഷമമുണ്ട്. എല്ലാവരും ലാപ്ടോപിലേക്ക് കുനിഞ്ഞിരുന്ന് പണിയെടുക്കുന്നുമുണ്ട്. 

രവി പുതിയ റിസോഴ്സിനു വേണ്ടിയുള്ള ഇന്റർവ്യൂ കോളിലാണ്.

ഇറങ്ങുമ്പോൾ എന്റെയടുത്തു വന്നു. 

“സോ അൺഫോർറ്റുണേറ്റ്. ബിസിനസ് ആസ് യൂഷ്വൽ എന്നാണ് മാനേജ്മെന്റ് തീരുമാനം. ബട്ട് യൂ കാൻ ടേക്ക് ഓഫ് റ്റു അന്റെന്റ് ഹിസ് ഫ്യുണറെൽ “

*****

“പറയൂ, എന്താണ് തോന്നുന്നത് ഇപ്പോൾ.. 

സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടേൽ സാരമില്ല.

ഈ പേപ്പറിൽ എഴുതാൻ ശ്രമിച്ച് നോക്കൂ.. എന്ത് വിഷമമാണ്  തോന്നുന്നത് എന്ന് വച്ചാൽ അത്… മെല്ലെ.. സമയമെടുത്ത് മതി.. എഴുതൂ..”

“എനിക്ക് എഴുതാനാവുന്നില്ല…

എനിക്ക്.. 

… “

*********