രാത്രി പൂർണ്ണമായും വികസിച്ചിരുന്നു. പുറത്തെ ചാറ്റൽ മഴ നോക്കി ഓട്ടോയിൽ ഇരുന്ന് മനു പറഞ്ഞു “ ഈ ട്രാഫിക് ബ്ലോക്ക് ഇന്ന് തീരും എന്ന് തോന്നുന്നില്ല” വാഹനങ്ങളെ ഓട്ടോയിൽ നിന്നും പുറത്തേക്ക് തലയിട്ട് നോക്കി ഡ്രൈവർ മറുപടി നൽകി “ തിരുവനന്തപുരത്ത് ഈ ബ്ലോക്ക് പതിവാ സാറേ”. ആരോടെന്നില്ലാതെ മനു മൂളി “ ഉo”. സമയം 9 കഴിഞ്ഞ് 15 മിനിറ്റ്, 10 മണിയുടെ ട്രെയിൻ പിടിക്കാൻ പറ്റുമോ എന്ന ചിന്ത മനുവിനെ വ്യാകുലപ്പെടുത്തി കൊണ്ടിരുന്നു. “ ഒന്ന് വേഗം പോകണം 10 മണിയുടെ ട്രെയിൻ അല്ലെങ്കിൽ മിസ്സാകും” ഓട്ടോ ഡ്രൈവർ തിരിഞ്ഞു നോക്കിക്കൊണ്ട് കനത്ത ശബ്ദത്തിൽ പറഞ്ഞു “ ബ്ലോക്ക് മാറാതെ എങ്ങനെയാണ് എത്തിക്കുന്നത്, പറ്റില്ലെങ്കിൽ വേറെ വണ്ടി പിടിച്ചു പോയി”. കുപിതനായ ഡ്രൈവർ ഇതും പറഞ്ഞ് റോഡ് ബ്ലാക്കിന്റെ കാരണം അന്വേഷിക്കാൻ എഴുന്നേറ്റ് പോയി. എന്ത് ചെയ്യണം എന്നറിയാതെ തൻറെ മൊബൈൽ ഫോണിലെ ആപ്പ് നോക്കിക്കൊണ്ട് മനു ഓട്ടോയിലിരുന്നു. അഞ്ചുനിമിഷം കഴിഞ്ഞ് ഡ്രൈവർ തിരിച്ചുവന്നു “. സാറേ പേട്ട മൊത്തം ട്രാഫിക് ബ്ലോക്ക് ആണ്, ഒരു ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് കിടപ്പുണ്ട്” മനു ഉമിനീർ ഇറക്കി നിസ്സഹായ സ്വരത്തിൽ ചോദിച്ചു “ സമയത്തിന് റെയിൽവേ സ്റ്റേഷൻ എത്താൻ പറ്റുമോ, എറണാകുളത്ത് ഒരു മീറ്റിംഗ് ഉണ്ട്”. എന്തു തിരിച്ചു പറയണമെന്ന് അറിയാതെ ഡ്രൈവർ ഒന്ന് മൂളി “ ഹും “ എന്നിട്ട് തുടർന്നു “ ഇപ്പോൾ നടന്നാൽ സമയത്തിന് റെയിൽവേ സ്റ്റേഷൻ എത്താം”. ഓഡിയ ഓട്ടോ കാശ് ഡ്രൈവർക്ക് കൊടുത്ത് മനു നടക്കുവാൻ തീരുമാനിച്ചു. നാളത്തെ മീറ്റിങ്ങിനെ പറ്റി മനു ഓർത്തു, തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ക്ലൈന്റ് മീറ്റിംഗ് ആണ്, തൻറെ പ്രോജക്ടിലെ മറ്റു സുഹൃത്തുക്കൾക്ക് ലഭിക്കാത്ത ഭാഗ്യം.
ട്രാഫിക് ജാമിൽ നിൽക്കുന്ന വാഹനങ്ങൾക്കിടയിലൂടെ മനു നാളത്തെ സുദിനത്തെ പറ്റി ഓർത്ത് റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. വഴിയിൽ മനു പെട്ടെന്നാണ് ആ ദൃശ്യം കണ്ടത്, റോഡിൽ രക്തം തളംകെട്ടി കിടക്കുന്നു. ലോറിയും കാറും തമ്മിൽ കൂട്ടിമുട്ടിയിരിക്കുന്നു, മുഖത്തോട് മുഖംഉള്ള അടിയായിരുന്നു കാറിൻറെ കിടപ്പു കണ്ടു മനു മനസ്സിൽ ഓർത്തു “ കാറിലെ യാത്രക്കാർ രക്ഷപ്പെട്ടാൽ മതിയായിരുന്നു” അവൻ അവനോട് തന്നെ പറഞ്ഞു “. ഇതും നോക്കി നിന്നാൽ ട്രെയിൻ ട്രെയിനിന്റെ പാട്ടിനു പോകും ഇനിയുമുണ്ട് നടക്കാൻ സമയമാണെങ്കിൽ 9:35 കഴിഞ്ഞു”. രണ്ടും കൽപ്പിച്ച് മനു ആഞ്ഞു നടന്നു അങ്ങനെ സ്റ്റേഷൻ എത്തിയപ്പോൾ മണി 9:50. മനു തൻറെ ബർത്ത് ബി-1 66 പ്രവേശിച്ചു. തൊട്ടടുത്ത ബെർത്തിൽ ഒരു സ്ത്രീയും കുട്ടിയും ഇരിപ്പുണ്ട് പരസ്പരം ഒരു ചെറിയ മന്ദഹാസം നൽകി തൻറെ ബാഗ് യഥാസ്ഥാനത്ത് വെച്ച് മനു ഇരുന്നു.
ചുറ്റും നടക്കുന്ന കാര്യങ്ങളിൽ വലിയ ശ്രദ്ധ നൽകാതെ മനു ഒന്ന് കണ്ണോടിച്ചു. യുവതി കുട്ടിയെ ഉറക്കുവാൻ ശ്രമിക്കുന്നു ഒപ്പം തന്നെ മൊബൈൽ ഫോണിൽ ആരെയോ വിളിക്കുവാൻ ശ്രമിക്കുന്നുമുണ്ട്. വേറെ രണ്ടു സഹയാത്രികർ പരസ്പരം സംസാരിക്കുന്നു പൊട്ടിച്ചിരിക്കുന്നു. ടിക്കറ്റ് ചെക്കർ ടിക്കറ്റ് പരിശോധിക്കുവാൻ എത്തി. വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി. എല്ലാവരും ഉറക്കത്തിൻറെ കൈപ്പിടിയിൽ അകപ്പെട്ട് അവരവരുടെ ബർത്ത്ുകളിൽ ചുരുണ്ട് കൂടാൻ തുടങ്ങി. സുപ്രധാനമായ നാളെയുടെ ചിന്തകൾ മനസ്സിൽ ഓർത്തുകൊണ്ട് മനു തൻറെ ബർത്തൽ കിടന്നു.
ഒരു അഗാധനിദ്രയിൽ നിന്നും എന്നപോലെ മനു ഞെട്ടി എഴുന്നേറ്റു, വാച്ച് നോക്കിയപ്പോൾ സമയം 12 മണി ഫോൺ അടിക്കുന്നുണ്ട് വൈബ്രേഷൻ മോഡിൽ ആയതിനാൽ പരിസരം ഇപ്പോഴും ഉറക്കത്തിന്റെ കൈപ്പിടിയിൽ തന്നെ. പകുതി അടഞ്ഞ കണ്ണുകളുമായി മനു ഫോണിൽ നോക്കി കിഷോർ, “ പൈസ കടം ചോദിക്കുവാൻ വിളിക്കുകയായിരിക്കും” മനു ആത്മഗതം പറഞ്ഞു. ആരെയും ശല്യപ്പെടുത്തേണ്ട എന്ന് വിചാരിച്ച് മനു കൂപ്പയുടെ പുറത്തുപോയി സംസാരിക്കുവാൻ തീരുമാനിച്ചു.
കൂപ്പയുടെ പുറത്തെത്തിയതും നേരത്തെ തന്നെ നോക്കി പുഞ്ചിരിച്ച സ്ത്രീ അതാ ഡോറിനടുത്ത് നിൽക്കുന്നുണ്ട്. ട്രെയിൻ ബോഗി ഡോർ തുറന്നു കിടക്കുന്നത് കൊണ്ട് നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. തൊട്ടടുത്ത ബർത്ത്ത്തിലെ സ്ത്രീ ഡോറിന്റെ അടുത്തുനിന്ന് ഫോണിൽ സംസാരിക്കുന്നു അപ്പോഴാണ് മനു ആ സ്ത്രീയുടെ കണ്ണുകൾ ശ്രദ്ധിച്ചത് അവയിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു വീഴുന്നുണ്ടായിരുന്നു. മറുവശത്തെ ഡോറിനടുത്ത് ചെന്ന് മനു ഫോണിൽ പറഞ്ഞു “ കിഷോറെ എൻറെ കയ്യിൽ പൈസ ഇല്ലടാ” പുറകിൽ നിന്ന് എന്തോ ശബ്ദം കേട്ട് മനു തിരിഞ്ഞു നോക്കി ഒരു നിമിഷം മുൻപേ കണ്ട സ്ത്രീയെ ഡോറിനടുത്ത് കാണുന്നില്ല “ ഈശ്വരാ അവർ ട്രെയിനിൽ നിന്നും വീണു കാണുമോ?” മനു ആരോടെന്നില്ലാതെ പറഞ്ഞു , നിലത്തു വീണു കിടന്ന ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു എന്തുചെയ്യണമെന്നറിയാതെ കിഷോറിന്റെ കോൾ കട്ട് ചെയ്ത് മനു ക്യാബിൻ ചുവരിൽ ചാരി മരവിച്ചു നിന്നു. മനു ഓർത്തു “. പെട്ടെന്ന് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയാലോ?” പക്ഷേ അവൻറെ മനസ്സിൽ രണ്ടു ചിന്ത ഉയർന്നു, “. ചെയിൻ വലിച്ചു ട്രെയിൻ നിർത്തിയാൽ പോലീസ് വരും. പിന്നെ കേസ് ആയി സാക്ഷിയായി അതിൻറെ പുറകെ തൂങ്ങേണ്ടിവരും, നാളത്തെ മീറ്റിംഗ് മിസ്സ് ആയാൽ പുതിയ ബിസിനസ് പ്ലാൻ ക്യാൻസൽ ആകും” നന്മയുടെയും തിന്മയുടെയും ഒരു യുദ്ധം തന്നെ മനുവിന്റെ മനസ്സിൽ നടന്നു ഒടുവിൽ സ്വാർത്ഥമായ മനസ്സോടെ തൻറെ ബർത്തിലേക്ക് മനു തിരിച്ചു നടന്നു. തൊട്ടടുത്ത ബെർത്തിയിലേക്ക് മനു നോക്കി, കുട്ടി അവിടെ നിഷ്കളങ്കമായി നാളെയുടെ ചിന്തകൾ ഇല്ലാതെ ഉറങ്ങുകയാണ്. “ ഈ കുട്ടിക്ക് ഇനി ആരുണ്ട്” പിന്നെയും മനുവിന്റെ മനസ്സ് കാറ്റും കോളും നിറഞ്ഞ കടൽ പോലെ പ്രക്ഷുബ്ധമായി. ഈ ലോകത്തിൽ തനിക്ക് അല്ലാതെ മറ്റാർക്കും അറിയാത്ത ഒരു സംഭവം എന്തുചെയ്യണമെന്നറിയാതെ മനസ്സ് പതറി മനു തൻറെ ബർത്തിൽ കിടന്നു.
സമയം 2:30 ട്രെയിൻ എറണാകുളത്ത് എത്തി ആരോടും ഒന്നും മിണ്ടാതെ ഉറങ്ങുന്ന കുട്ടിയുടെ മുഖത്ത് ഒന്നു നോക്കി മനു ട്രെയിൻ ഇറങ്ങി. “ ആ കുട്ടി കുറച്ചു കഴിയുമ്പോൾ എഴുന്നേറ്റ് അമ്മേ എന്ന് പറഞ്ഞു കരയുമായിരിക്കും, അതോ ഇനി ആ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ?” ? ഒരു നെടുവീർപ്പോടെ മനു ഓർത്തു പക്ഷേ നാളത്തെ മീറ്റിങ്ങിന്റെ ചിന്തകൾ തന്നെ അലട്ടിക്കൊണ്ടിരുന്നു. മനു നടന്നു സ്റ്റേഷന്റെ പുറത്തെത്തി.
ക്ലൈന്റ് മീറ്റിംഗിൽ തൻറെ പ്ലാൻ അംഗീകരിച്ചു.മീറ്റിങ്ങിന്റെ തിരക്കിൽ രാവിലെ പത്രമോ ടിവിയോ മനു നോക്കിയിരുന്നില്ല. റൂമിലെത്തി ടിവി ഓൺ ചെയ്തതും ന്യൂസ് ചാനലിലെ വാർത്ത കണ്ടു മനു ഞെട്ടി “ വ്യത്യസ്ത അപകടങ്ങളിൽ ഭാര്യയും ഭർത്താവും ഒരേ ദിവസം മരണപ്പെട്ടു. ഗിരീഷ് 38 വയസ്സ് തിരുവനന്തപുരം പേട്ടയിൽ ഉണ്ടായ കാർ അപകടത്തിൽ മരണപ്പെട്ടു , ഭാര്യ ശില്പ 36 വയസ്സ് കന്യാകുമാരി പൂനെ എക്സ്പ്രസിലെ യാത്രയ്ക്കിടെ കായംകുളത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണു മരണപ്പെട്ടു. മനു ഒരു നിമിഷത്തേക്ക് നിശ്ചലനായി സോഫയിൽ ഇരുന്നു , ഇന്നലെ കണ്ട റോഡപകടം പെട്ടെന്ന് അവൻ ഓർത്തു. ചോര തളംകെട്ടി റോഡിൽ കിടക്കുന്നു . “ ഞാൻ അപ്പോൾ ഇന്നലെ കണ്ട ആക്സിഡൻറ് ഈ സ്ത്രീയുടെ ഹസ്ബൻഡ് ആയിരുന്നോ?, ഒരു നിമിത്തം പോലെ ഞാൻ അവരുടെ മരണങ്ങൾക്ക് മൂക സാക്ഷിയായി” എന്നിട്ട് സ്വയം ചിന്തിച്ചു “എല്ലാ മനുഷ്യരും ഒരു അദൃശ്യ നൂലിനാൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു”. തന്റെ സ്വാർത്ഥതയെയും മനുഷ്യത്വം ഇല്ലായ്മയും ഓർത്ത് മനു വിതുമ്പി.
Disclaimer: –
ഇതൊരു സാങ്കൽപ്പിക സൃഷ്ടിയാണ്. പേരുകൾ അല്ലെങ്കിൽ കഥാപാത്രങ്ങൾ, ബിസിനസ്സുകൾ അല്ലെങ്കിൽ സ്ഥലങ്ങൾ, സംഭവങ്ങൾ എന്നിവ സാങ്കൽപ്പികമാണ്. യഥാർത്ഥ വ്യക്തികളുമായോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അല്ലെങ്കിൽ യഥാർത്ഥ സംഭവങ്ങളോടോ എന്തെങ്കിലും സാമ്യം തോന്നുന്നത് തികച്ചും യാദൃശ്ചികമാണ്.