കിടക്കമുറിയുടെ മങ്ങിയ വെളിച്ചത്തിൽ കാറ്റത്ത് ആടിയുലയുന്ന മരച്ചിലകളെ ജനലിലൂടെ നിഹാൽ കണ്ടു. മീനമാസത്തിലെ വേനലറുതിയിൽ ആദ്യമഴയുടെ വരവിനായി കാതോർത്ത് പ്രകൃതി. വർഷങ്ങൾക്ക് മുൻപ് ഉണ്ടായ കാറപകടത്തിന് ശേഷം കട്ടിലും വീൽചെയറും പിന്നെ അടച്ചിട്ട മുറികളും തന്നെയാണ് നിഹാലിന്റെ ലോകം. സെക്കന്റ് സൂചിക്കൊപ്പം പായുന്ന സീലിംഗ്ഫാനിന്റെ താളവും അടുത്ത വീട്ടിലെ താളം തെറ്റിയ സംഭാഷണവും വന്നു പോവുന്ന കച്ചവട-ഡെലിവറി വണ്ടികളും അവന് സുപരിചിതം. നിശബ്ദമായിരുന്ന ആ രാത്രി ഫ്ലാറ്റിനോട് ചേർന്ന് നിന്നിരുന്ന തെങ്ങോലകൾ കാറ്റിലുണ്ടാക്കിയ കോലാഹലം കേട്ടുണർന്നു; പിന്നീട് എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. ആരൊക്കെയോ പറഞ്ഞിട്ടുള്ളതുപോലെ അസമയത്താണ് അവന്റെ മനോവിചാരം. കോളേജ് ജോലി കഴിഞ്ഞു വന്നെത്തിയ ഉപ്പയും വീട്ടുപണികൾ ഒതുക്കി ഉറങ്ങുന്ന ഉമ്മയും ഈ ഞെരുക്കങ്ങൾ ഒന്നും അറിയുന്നുണ്ടാവില്ല. വേഴാമ്പലിനെ പോലെ,ഇന്നത്തെ, ഈ ആദ്യത്തെ മഴ നനയാൻ ഒരു ആഗ്രഹം. എന്നാണ് അവസാനമായി മഴകൊണ്ടത്?
ഓർത്തെടുക്കുവാൻ നിഹാൽ നന്നേ പണിപ്പെട്ടു. കാലവും നേരവും ഓർമ്മയിൽ നിൽക്കില്ല; ആളുകളും സംഭവങ്ങളും മാത്രം. ആഗ്രഹങ്ങളുടെ മുന്നോട്ടുള്ള ചവിട്ടുപടികൾ നിഹാലിനെ ചൊടിപ്പിച്ചുകൊണ്ടിരുന്നു. സ്വയം കട്ടിലിന്റെ പൊക്കംകൂട്ടി വീൽചെയറിലേക്ക് നീങ്ങുകയും അതിലേക്ക് ഒരുവിധം കയറിപറ്റുകയും ചെയ്തു. അപ്പോഴേക്കും മേലാകെ വിയർപ്പു കൊണ്ട് നനഞ്ഞു. ശബ്ദമുണ്ടാവാതെ ഫ്ലാറ്റിന്റെ കതക് തുറക്കാൻ അവൻ ശ്രദ്ധിച്ചു, ലിഫ്റ്റിലൂടെ ഏറ്റവും മുകളിലെ നിലയിലെത്തി അവൻ. ടെറസ് മുറി സെക്യൂരിറ്റി പൂട്ടാറില്ല; കുട്ടികൾ ഓടി അവിടെ കയറുന്നതു അടുത്ത ഫ്ലാറ്റിലെ വൃദ്ധ സെക്യൂരിറ്റി യുമായി വഴക്കുണ്ടാവാൻ സ്ഥിരം കാരണമായിരുന്നു.

കാറ്റ് കൂടിത്തുടങ്ങി. കാറ്കൊണ്ട് നിൽക്കുന്ന മാനം. മഴ ചെയ്യുവാൻ ഇനിയും കാത്തിരിക്കണം. ആ നിമിഷം നിഹാലിന്റെ മനസ്സിലൂടെ അനേകം ചോദ്യങ്ങൾ പാഞ്ഞു. അസ്വസ്ഥതകൾ, അസൗകര്യങ്ങൾ, സംശയങ്ങൾ, അലോസരങ്ങൾ…ഇതിലെല്ലാം കെട്ടിപ്പൊക്കിയ ചട്ടക്കൂടുകൾ…സുഖവും വേദനയും മാത്രം അന്വേഷിച്ചു ജീവിക്കുന്ന നിസ്വാർഥരായ മാതാപിതാക്കൾ. ..
ബന്ധങ്ങളുടെ കെട്ടുപാടുകൾ ഉപേക്ഷിച്ച് അഹർക്കും നൽകേണ്ടതല്ലേ സ്വാതന്ത്ര്യം?

നിഹാലിന്റെ താങ്ങും തണലുമായി നിലകൊള്ളുന്ന ഉമ്മയെ ഓർത്തപ്പോൾ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു. ഒരു നിമിഷത്തിന്റെ വേഗതകൊണ്ട് 14 നില കെട്ടിടത്തിന്റെ ചുവട്ടിൽ മഴയിൽ കുതിർന്ന് ജഡമായി അവർക്ക് തന്നെ കിട്ടും. ഘനഗംഭീരമായ ഇടിമുഴക്കത്തോടെ മഴപെയ്തു. തന്റെ മേലേക്ക് പതിച്ച ഓരോ തുള്ളിയിലും അവൻ ആനന്ദം തിരിച്ചറിഞ്ഞു. ഉള്ളിന്റെ ഉള്ളിൽ ഒരു കൊച്ചുകുട്ടിയെ പോലെ അവൻ തുള്ളിച്ചാടി.
ആ അനുഭൂതിയാണ് അവനെ മാറ്റി ചിന്തിപ്പിച്ചത്. മരണത്തിലേക്കല്ല, ജീവിതത്തിലേക്ക് മാത്രമെ ഞാൻ ഈ വീൽചെയർ നീക്കുകയുള്ളു. ഒളിച്ചോട്ടമല്ല പോരാട്ടമാണ് വേണ്ടത്. ഇന്ന് കണ്ടെത്തിയ സ്വാതന്ത്ര്യം പോലെ ഇനിയും ആഗ്രഹങ്ങളെ പടവെട്ടിയെടുക്കണം… നനഞ്ഞ് കുതിർന്ന വസ്ത്രത്തിൽ ഫ്ലാറ്റിൽ തിരികെ എത്തിയപ്പോഴും പുതുമഴയുടെ കുളിർമ്മ നിഹാലിൽ ഉണ്ടായിരുന്നു. ആരോ പറയും പോലെ എപ്പോഴും കാവലേകുന്ന ജീവനുകൾ തളർന്നുറങ്ങുന്ന നേരങ്ങളുണ്ട്, അത്തരത്തിലൊന്നാണ് ഈ രാത്രി. ഒരുതരത്തിൽ നിഹാൽ വസ്ത്രം മാറി കിടക്കയിലെത്തി- ഇനി ചിലപ്പോൾ അവന് സമാധാനമായി ഉറങ്ങാനായേക്കും….മഴ നൽകിയ കുളിരാർന്ന മനസ്സുമായി…