രാവിലെ ആറു മണി മുതലേ മഴ ശക്തമായി പെയ്യുകയാണ് ..നല്ല കാറ്റുമുണ്ട് ,ഇപ്പോൾ സമയം 9 മണി കഴിഞ്ഞു മൂന്നു മിനുട്ട് .പുറത്തു നല്ല മഴയുണ്ടെങ്കിലും ശ്രീധറിന്റെ ദേഹം ചുട്ടുപൊള്ളുകയാണ് ! ഓരോ മഴത്തുള്ളികളും തനിക്ക് നേരെ വെറുപ്പോടെ വന്നു നിസ്സഹായതയോടെ ഗ്ലാസിൽ വന്നു പതിച്ചില്ലാതാവുന്നതായി അയാൾക്ക് തോന്നി ..! ശക്തവും വലിപ്പമേറിയതുമായ മഴത്തുള്ളികൾ കാറ്റിനോടൊപ്പം തിമിർത്തു പെയ്യുന്നുണ്ട് ! പക്ഷെ ശക്തമായ മഴക്കും ആ കാറിന്റെ ബോണറ്റിലെ ചോരക്കറ കഴുകിക്കളയാൻ സാധിക്കുന്നുണ്ടായിരുന്നില്ല !! മഞ്ഞില്ലെങ്കിലും മഴ കാരണം റോഡിലെ കാഴ്ച അല്പം മങ്ങിയതാണ് ,കാറിന്റെ ഒരു ഹെഡ്‍ലൈറ് ഇടിയുടെ ആഖാതത്തിൽ തകർന്നതിനാൽ വെളിച്ചവും നന്നേ കുറവാണ് .ഗിയറിൽ കൈ വെക്കുമ്പോൾ അയാളുടെ കൈകൾ വെട്ടിവിറക്കുന്നുണ്ടായിരുന്നു..ഈ കനത്ത മഴക്കിടയിലും ആ നായ എങ്ങനെ ആ റോഡിൽ വന്നു പെട്ടന്നയാൾക്ക് ഇനിയും മനസ്സിലായിട്ടില്ല , അതൊരു നായ തന്നെയായിരുന്നോ എന്നും ഉറപ്പില്ല ! വളവു തിരിഞ്ഞു വന്ന ശ്രീധർ പെട്ടെന്ന് നായയെ ശ്രദ്ധിച്ചിരുന്നില്ല.പെട്ടെന്ന് നായയയെ രക്ഷിക്കാൻ വണ്ടി വെട്ടിച്ചു, തന്റെ പുത്തൻ കാറിന്റെ സ്റ്റിയറിംഗ് സെന്സിറ്റിവിറ്റി പഴയതിനേക്കാൾ കൂടുതലാണ് എന്നയാൾ അപ്പോൾ ഓർത്തിരുന്നില്ല. മഴ പെയ്തു റോഡ് വഴുക്കി കിടന്നതും വിനയായി..തന്റെ മുൻപിൽ പൊയ്ക്കൊണ്ടിരുന്ന ചുവന്ന സ്കൂട്ടിയിൽ ഇടിച്ച ശേഷമാണ് വണ്ടി ശെരിക്കും കയ്യിൽ നിന്നത്.അപ്പോഴേക്കും ശ്രീധറിന്റെ കയ്യും കാലും തളർന്നു പോയിരുന്നു.രണ്ടും കൽപ്പിച്ചയാൾ വണ്ടിയിൽ നിന്നിറങ്ങി .. ഒരിരുപത്തിനാലു വയസ്സുകാരിയുടെ ചുടു രക്തം അപ്പോഴേക്കും മലഞ്ചെരുവിലെ കറുത്ത റോഡ് ചുവപ്പിച്ചിരുന്നു.
ശ്രീധറിന്റെ തല കറങ്ങാൻ തുടങ്ങി ,അയാൾ മെല്ലെ ആ കുട്ടിയുടെ അടുത്തുചെന്നിരുന്നു മുഴുവൻ ധൈര്യവും സംഭരിച്ചുകൊണ്ട് ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി.ചോരചുവപ്പിൽ ചുറ്റും ചുവന്നിരുന്നപ്പോഴും അവളുടെ കണ്ണിലായൾ ഒരു തിളക്കം കണ്ടു ! അവളുടെ മുടികൾ രക്തത്തിൽ നീന്തിതുടിക്കുന്നുണ്ടായിരുന്നു.. അത് കൂടി കണ്ടപ്പോൾ അയാൾക് മനോനില നഷ്ടമായി .. എന്തോ ഓർത്തുനിന്ന ശേഷം പെട്ടെന്നയാൾ കാറിലേക്ക് കുതിച്ചു വണ്ടി സ്റ്റാർട്ടാക്കി അതിവേഗത്തിൽ പാഞ്ഞു.. ഇല്ല ! ആശുപത്രിയിൽ എത്തിച്ചാലും അവൾ രക്ഷപ്പെടാൻ പോകുന്നില്ല ! എങ്കിലും പിന്നാലെ വരുന്ന ഏതെങ്കിലും വണ്ടി അവളെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ എന്നയാൾ ആത്മാർഥമായി ആശിച്ചു… ഇതിനോടകം അയാളുടെ വാഹനം ഹൈറേഞ്ച് താണ്ടി നഗരത്തിൽ പ്രേവേശിച്ചിരുന്നു .വണ്ടി നേരെ ഹൈവേക്കടുത്തുള്ള തന്റെ സ്നേഹിതന്റെ സർവീസ് സെന്ററിൽ കയറ്റി .അവിടുത്തെ ജോലിക്കാരൻ പയ്യൻ ചോദിച്ചതിനൊക്കെ അയാൾ യാന്ത്രികമായി മറുപടി കൊടുത്തു ! അപ്പോഴേക്കും അയാളുടെ കൂട്ടുകാരൻ മാനേജർ എത്തിയിരുന്നു ..”എഡോ തനിക്കിന്നു സിറ്റി ഹാളിൽ പ്രോഗ്രാം ഉള്ളതല്ലേ എന്നിട്ട് താനിവിടെ വന്നു മഴ നനഞ്ഞു നിക്കുവാനോ ?” അയാൾ ചോദിച്ചു ..
“ഒരു ടവൽ ഇങ്ങെടുത്തേ ” ശ്രീധർ മറുപടി പറഞ്ഞു .
“അകത്തേക്ക് വാ തരാം ” അയാൾ പറഞ്ഞു.
ശ്രീധർ അയാളെ അനുഗമിച്ചു ..”താനെന്താടോ വല്ലാതിരിക്കുന്നെ ?” ടവൽ കൊടുത്തുകൊണ്ടായാൾ ചോദിച്ചു .
” ഏയ് ഒന്നുമില്ല താനെനിക്കൊരു വണ്ടി ഏർപ്പാടാക്കണം സിറ്റി ഹാളിൽ പോണം എന്റെ വണ്ടി ഒരു പട്ടിയെ ഇടിച്ചു..താനതൊന്നു കഴുകി അങ്ങേത്തിച്ചേക്ക് ” ശ്രീധർ പറഞ്ഞു.

മാനേജർ ചെറിയ നിശബ്ദതയ്ക്കു ശേഷം പോക്കറ്റിൽ നിന്ന് താക്കോൽ എടുത്തു കൊടുത്തു ..”ലേറ്റ് ആയി താൻ ചെല്ല്” മറുപടി പറയാതെ അയാൾ അവിടെ നിന്നിറങ്ങി ..കാറെടുത്തു നേരെ സിറ്റി ഹാളിലെത്തി. ചെന്നൈയിൽ നിന്ന് ഇന്നലെ രാത്രി ഇറങ്ങി രാവിലെ എസ്റ്റേറ്റിലും പോയ ശേഷമാണ് ഇന്നത്തെ ഈ പ്രോഗ്രാമിനെ പറ്റി ഓർത്തത്.
ഇതില്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു ! അയാൾ ഓർത്തു…! ഒരു നെടുവീർപ്പിനിപ്പുറം അയാൾ കാറിൽ നിന്നിറങ്ങി ! താനാണ് മുഖ്യ അഥിതി എന്ന യാഥാർഥ്യം മുഖത്തു വരുത്തി അയാൾ അകത്തേക്ക് നടന്നു ..എന്തിനാണ് പരിപാടി എന്നയാൾക്ക് വ്യക്തമായി ഓർമ്മയില്ല ! ഏതോ പരിസ്ഥിതി പ്രവർത്തകനോ ആക്ടിവിസ്റ്റോ അങ്ങനെ ആർക്കോ എന്തോ അനുമോദനമോ അങ്ങനെ എന്തോ ആണ് ..
വേദിക്കു മുന്നിലായ്യ് സ്വീകരിക്കാൻ ആളുകൾ നിരന്നിട്ടുണ്ട് ..അവർ അയാൾക്ക് മാലയും ബൊക്കെയും ഒക്കെ നൽകി സ്വീകരിച്ചു ! അയാളെ അവർ വിശ്രമ മുറിയിലേക്ക് ആനയിച്ചു
“സാർ ക്ഷമിക്കണം നമ്മുടെ മന്ത്രിയും അവാർഡ് വാങ്ങേണ്ട ആളും ഇതുവരെ എത്തിയിട്ടില്ല ..മന്ത്രിയെ വിളിച്ചപ്പോൾ കുറച്ചു താമസിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് ആ കുട്ടി നേരത്തെ എത്തേണ്ടതാണ് ബട്ട് വിളിച്ചിട്ട് കിട്ടുന്നില്ല, തിരക്കാണ്.. തിരക്കാൻ ഒരാള് പോയിട്ടുണ്ട്..സാർ പ്ലീസ് വെയിറ്റ് ഹിയർ !” ശ്രീധർ ഒന്ന് മൂളി അവരോട് പുറത്തു പോവാൻ ആംഗ്യം കാണിച്ചു .. അവർ പോയി കഴിഞ്ഞപ്പോൾ മേശപ്പുറത്തുള്ള നോട്ടീസ് ശ്രേധിച്ചു തന്റെ ചിത്രം വളരെ വലുതായി കൊടുത്തിട്ടുണ്ട് തൊട്ടു താഴെ ഒരു പെൺകുട്ടിയുടെ ചിത്രം ! അവളുടെ കണ്ണുകൾ മുൻപ് കണ്ടപോലെ തിളങ്ങുന്നില്ല …അവ ചുവന്നു കലങ്ങിയിരുന്നു അവളുടെ കണ്ണുകളിൽ നിന്ന് രക്തം പുറത്തേക്കൊഴുകി അത് മെല്ളെ മുടികളിൽ പടർന്നു അവയിൽ അവ പതിയെ അയാളുടെ കൈകളില്ലേക്ക് പടർന്നു “രക്തം !” അയാൾ അലറിക്കൊണ്ട് പുറത്തേക്കോടി പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് അയാളെ തടയാൻ ശ്രേമിച്ചെങ്കിലും നടന്നില്ല തന്റെ പുത്തൻ കാർ അപ്പോഴേക്കും വേദിക്കു മുന്നിൽ എത്തിയിരുന്നു,കാർ കൊണ്ട് വന്ന പയ്യനിൽ നിന്നും ഒറ്റ കുതിപ്പിന് താക്കോൽ വാങ്ങിയയാൾ കാറെടുത്തു പുറത്തേക്ക് പാഞ്ഞു … വേദി നിശബ്ദമായി ! നിശ്ശബ്ദതക്കിടയിൽ ആരോ പറഞ്ഞു ” മൂന്നു മാസം മുൻപാണ് ആ കൊച്ചിന്റെ ഭർത്താവ് പോയത് ഇപ്പൊ ദേ അമ്മയും പോയി കുഞ്ഞും പോയി .. ഒരു നാലു മാസം കൂടി ദൈവം കൊടുത്തിരുന്നേൽ ആ കുഞ്ഞു പുറം ലോകം കണ്ടേനെ ഏതോ തെണ്ടി ഇടിച്ചിട്ടു നിർത്താതെ പോയതാ …”
കുറച്ചകലെ അയാളുടെ കാർ ട്രാഫിക് സിഗ്നലിനു മുന്നിൽ നിന്നു .. ചുവപ്പു നിറം ആ ട്രാഫിക് പോസ്റ്റിൽ കത്തി നിന്നിരുന്നു.. പതിവിനു വിപരീതമായി ആ ചുവപ്പ്‌നിറം സിഗ്നലിൽ നിന്ന് മാറുന്നില്ല .. അയാൾക്ക് വീണ്ടും വിറയൽ വന്നു നെഞ്ചിലെ ഭാരം കാലുകളിലെത്തി അവ മെല്ലെ ആക്സിലറേറ്ററിൽ അമർന്നു. സിഗ്നൽ വക വയ്ക്കാതെ കാറ് മുന്നോട്ടു കുതിച്ചു … കാറിന്റെ വേഗത കൂടി വന്നു. അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നില്ല !!
ആ നേരം അയാളുടെ കണ്ണ് വഴിയരികിലെ ഒരു പട്ടിയിൽ ഉടക്കി ..പൊടുന്നനെ അയാളുടെ കാലുകളിൽ ഭാരം കൂടി ആക്സിലറേറ്ററിൽ കാലുറച്ചുപോയി.. നെഞ്ചിടിപ്പ് കൂടി.. ഒന്ന് കണ്ണടച്ച് സ്വബോധം വീണ്ടെടുത്ത അയാൾ കണ്ടത് റോഡ് മുറിച്ചു കടക്കുന്ന ഒരു യുവതിയെയും കൈക്കുഞ്ഞിനെയുമാണ് സ്റ്റീറിങ്ങിന്റെ സെന്സിറ്റിവിറ്റി കൂടുതാലാണെന്നോർത്തുകൊണ്ടു തന്നെ അയാൾ വണ്ടി വെട്ടിച്ചു.
ഡിവൈഡറിലിൽ ഇടിച്ചു പൊങ്ങിയ പുത്തൻ കാർ ഉയർന്നു പൊങ്ങി വഴിയരികിലെ ട്രാന്സ്ഫോർമറിൽ പതിച്ചു ..കാറ് പൊട്ടിത്തെറിക്കുന്നതിനും എയർബാഗ് പൊന്തിവരുന്നതിനും ഇടയിലുള്ള ഒരു നേരിയ സെക്കൻഡിൽ അയാളൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു .. ഒരു പൊട്ടിത്തെറിയുടെ ശബ്ദകോലാഹലത്തിനിപ്പുറം ആ കുഞ്ഞു ശബ്ദം കെട്ടടങ്ങി.