കുറെ നാൾ മുൻപാണ് .. താഴെ വളപ്പിൽ അവറാൻ മകൻ ഉതുപ്പിന് ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞു ഏതാണ്ട് മൂന്നു മണി കഴിഞ്ഞ നേരത്തായി , മുറ്റത്തെ റോസാ ചെടിയുടെ മൂട്ടിൽ മൂത്രമൊഴിച്ചു കൊണ്ട് നിന്നപ്പോ ഒരു വെളിപാടുണ്ടായി !
തിരശീല പോലെ അകത്തി പിടിച്ച മുണ്ടിൻ തുമ്പ് കുടഞ്ഞ് കൊണ്ട് അയാൾ മൂത്രം വീണു നനഞ്ഞ മണ്ണിലൂടെ പാതാളത്തിലേക്കു നോക്കി ഒസിരിയസിനെ വാഴ്ത്തി .
”ഹെറ്റെപ്പ് ദി എൻ എൻ ഖേരു ..ഒസിരിസ് നെബ് അബ്ദു !!’
ആദ്യമാദ്യം കെട്ടവരൊക്കെ തമാശയെന്ന് പറഞ്ഞു കളിയാക്കി.
‘നല്ല പൂതി തന്നെ !’
‘നിങ്ങടപ്പനു കണ്ട നാടൊക്കെ തെണ്ടി തിരിഞ്ഞു, മണ്ടേലോട്ടു കേറിയ മുഴുത്ത വട്ടാണ് !’
മൂത്തവൻ ഫ്രാങ്കോടെ രണ്ടാമത്തോൾടെ മാമ്മോദിസാ ചടങ്ങു കഴിഞ്ഞ് , ചട്ടിയിൽ കിടന്നു തിളച്ച പോർക്കിന്റെ അരപ്പ് സ്പൂണിൽ കോരി , മോതിര വിരല് കൊണ്ട് തോണ്ടി നാക്കേൽ തേച്ച് , ‘ടപ്പേ’ ന്നു ഒരു ഒച്ചയുമുണ്ടാക്കിയിട്ട് ഉതുപ്പിന്റെ മിസ്സിസ് ,ഏലിയാ ഉതുപ്പ് ഒതുക്കത്തിൽ കെട്ട്യോനിട്ടൊന്ന് കുത്തി –
‘വല്ലാത്ത സൂക്കേട് തന്നെ !’
അടുക്കളയ്ക്ക് പിന്നിൽ , നനകല്ലിന്റെ മുകളിൽ, വേപ്പ് മരത്തിന്റെ തണലിൽ , കറുത്ത ചെകുത്താനെ ,ഓൺ ദി റോക്സ് സേവിച്ച് കൊണ്ടിരുന്ന ഉതുപ്പ് ഇത് കേട്ടൊന്നു ചീറി ..
‘ഫാ! കഴ്വരടെ മോളെ , സൂക്കേട് നിന്റെ തന്ത തൊമ്മന് !’
നനകല്ലിൻ്റെ മേലെ ഉതുപ്പിന്റെ പ്രതിഷ്ഠയുണ്ടെന്ന് തിരിച്ചറിയാൻ വൈകിയ മിസ്സിസ് ഏലിയാമ്മ ഉതുപ്പ് മ്യൂട്ട് മോഡിലേക്ക് പിൻവലിഞ്ഞു..
അപ്പൻ കളി പറയുന്നതല്ല എന്ന് മൂത്തവൻ ഫ്രാങ്കോയ്ക്കും രണ്ടാമത്തവൻ അർബാമിനും പതിയെ തെളിഞ്ഞു തുടങ്ങി .വെള്ളമൊഴിച്ചു കളഞ്ഞ കക്കൂസിൽ നിന്നും വീണ്ടും ഊളിയിട്ടു പൊന്തി വരുന്ന മലം കണ്ടത് പോലെ അവർക്കു മനം പിരട്ടി .
‘ എന്നാൺഡാ , നിന്റെക്കെ മോന്തായില് തേള് കുത്തിയത് പോലെ .. അപ്പന്റെ ഒരാഗ്രഹമല്ലെടാ മക്കളെ ..’
‘ ഇമ്മാതിരി എന്ത് ആഗ്രഹമാണ് അപ്പാ! നാട്ടുകാര് കേട്ടാ എന്നാ പറയും !’ ഫ്രാങ്കോ തന്റെ ലുങ്കിയുടെ തുമ്പെല്ലാം കൂടെ ചുരുട്ടിക്കൂട്ടി കാലിൻ്റെ ഇടയിലേക്ക് കുത്തിക്കയറ്റി , പളപളപ്പുള്ള സോഫയിലേക്കു ചന്തി ചാരി. നാല് വയസ്സുള്ള അയാളുടെ മൂത്തമകൾ സോഫിയയുടെ ദിനോസർ പാവ ഇടയിൽ ഞെരിഞ്ഞു നിലവിളിച്ചു.
‘ നാട്ടുകാര് നാറികള് . എനിക്ക് അങ്ങ് യൂറോപ്പില് ഒരു വെള്ളക്കാരി പെണ്ണുമ്പിള്ളയും നാലഞ്ചു പിള്ളേരുമുണ്ടെന്നു പറഞ്ഞു പരത്തിയ തെണ്ടികള് . അവന്മാര് എന്ത് പറഞ്ഞാലും എനിക്ക് കാലിന്റെടേലു പൂടയാ!’- ഉതുപ്പ് തന്റെ കരകരായുള്ള ശബ്ദത്തിൽ പറഞ്ഞു
‘വെള്ളക്കാരി പെണ്ണുമ്പിള്ള’ എന്ന വാക്ക് തന്റെ റാഡറിൽ പിടിച്ചെടുത്ത മിസ്സിസ് ഏലിയാ ഉതുപ്പ് അടുക്കള മറവിലായി നിന്ന് ചെവി വട്ടം കൂട്ടി .
‘ എന്റെ കയ്യിലെ കാശ് കാണുമ്പം ആ പരനാറികളുടെ കണ്ണ് തുറിക്കയും വാ പൊളിയുകയും ഒക്കെ ചെയ്യും . അവനോടൊക്കെ പോയി പണി നോക്കാൻ പറയെടാ !’
‘ അങ്ങനല്ലപ്പാ , ഇതൊരു സാധാരണ ആഗ്രഹമല്ലല്ലോ ! അതിന്റെയൊരു ആവശ്യം എന്താണ് എന്നുള്ളതാണ് എനിക്ക് മനസ്സിലാവാത്തത്’ മൂന്നാം ക്ലാസ്സിൽ പഠിത്തം നിറുത്തിച്ച യുദ്ധത്തിന്റെ തഴമ്പ് തലയിൽ തടവി കൊണ്ട് ഫ്രാങ്കോ പറഞ്ഞു .
‘ എടാ ഉണ്ണാക്കന്മാരെ .. അപ്പൻ ലോകം കണ്ടവനാ , എന്നുവെച്ചാൽ ഏതാണ്ട് എല്ലാ ഭൂഖണ്ഡങ്ങളും , ഒരു വിധപ്പെട്ട ദ്വീപുകളും ഒക്കെ കയറി ഇറങ്ങിയവനാ, ഒരുപാട് മനുഷ്യരെ കണ്ടവനാ, കെട്ട്യോൾടെ കാലിനു ചുറ്റിനും കെട്ടിയിട്ട പശൂനെ പോലെ കിടന്നു കറങ്ങുന്ന നിനക്കൊന്നും അപ്പൻ കണ്ട വിശാലമായ ലോകത്തെ കുറിച്ച് പറഞ്ഞാൽ മനസ്സിലാവില്ല !’
‘ അതുവ്വ , അപ്പൻ ലോകം കറങ്ങാൻ പോയൊണ്ടാ ഞാനൊക്കെ ഇങ്ങനെ ആയി പോയത് !’
കാശ് കൊടുത്തിട്ടു പോലും ഒരുത്തനും ഒരു ഡിഗ്രി സെർട്ടിഫിക്കേറ്റു ഒപ്പിച്ചു കൊടുക്കാത്തതിന്റെ കെറുവിക്കല് പുലമ്പിക്കൊണ്ട് രണ്ടാമത്തെ പുത്രൻ അർബാം തന്റെ മുറിയിലേക്ക് നടന്നു .
പിന്നീടൊരു ദിവസം മക്കള് മൂന്നു പേരും കൂടി പുതിയതായി വാങ്ങിയ BMW 3 സീരീസ്സിനു ചുറ്റിനും നിന്ന് സംസാരിക്കുന്ന സമയം, അകത്ത് ഉതുപ്പിനെ മാനസാന്തരപ്പെടുത്താൻ വികാരിയച്ചൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു .
‘ അല്ലെടോ ഉതുപ്പേ , ഇതെന്തോ മാതിരി സൂക്കേടാണ് ?’
‘ എന്താ അച്ചോ ?’
‘ നല്ല ഗ്ളാമറായിട്ടു മഹാഗെണിപ്പെട്ടീല് കോട്ടൊക്കെ ഇട്ട്, കയ്യേല് ബൊക്കെയൊക്കെ പിടിച്ച് ഗർവ്വോടെ ഞെളിഞ്ഞു കിടക്കേണ്ടതിനു പകരം താനെന്തൊക്കെയാ ഈ ചിന്തിച്ച് കൂട്ടുന്നത് !’
‘ അച്ചനതൊന്നും പറഞ്ഞാ മനസ്സിലാവൂല !’
‘ താനൊരു സത്യക്രിസ്ത്യാനി അല്ലെ !’
‘ ഞാൻ ജങ്ഷനിലെ കുരിശടി കയ്യീന്ന് കാശിട്ടു പുതുക്കി പണിഞ്ഞു തന്നപ്പോ ഇങ്ങനെ ഒരു സംശയം അച്ചന് തോന്നിയാരുന്നോ ?’
‘ എഡോ താനൊക്കെ നാട്ടിലെ പ്രമാണിമാരിൽ ഒരാളാണ് , നിങ്ങള് തന്നെ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയാൽ , നാട്ടിലെ സാധാരണക്കാരായ വിശ്വാസികളൊക്കെ എങ്ങനെ ചിന്തിക്കുമെന്നാണ് !’
‘ അച്ചോ , ഒന്ന് മനസ്സിലാക്കണം .. ഞാനൊരു പ്രമാണിയായതു കൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത് . വല്ല പാവപ്പെട്ടവനോ കൂലിപ്പണിക്കാരനോ ആയിരുന്നേല് , നിങ്ങള് പറയുന്നതും കേട്ട് മഹാഗണിപ്പെട്ടിയിൽ മിണ്ടാതെ കിടക്കുമായിരുന്നു ‘
‘ അതെന്തു വർത്താനമാണ് ഉതുപ്പേ , ഒന്നൂല്ലെങ്കിലും സഭാചട്ടങ്ങളൊക്കെ നോക്കണ്ടേ ‘
‘ ഞാനിപ്പോ സഭാചട്ടങ്ങൾ കുറച്ച് ലംഘിച്ചെന്നു വെച്ച് കർത്താവിനെ ഒരു വട്ടം കൂടെ കുരിശിലേറ്റുകയൊന്നും ഇല്ലല്ലോ , അതങ്ങു വിട്ടേരെ അച്ചോ ‘
ഒന്ന് ബദ്ധപ്പെട്ടു തിരിഞ്ഞ് , തനിക്കിടത് വശത്തായുള്ള ചുവരിൽ ചൂണ്ടി ഉതുപ്പ് ചോദിച്ചു
‘ ആ ഇരിക്കണത് ആരൊക്കെയാണ് എന്ന് അച്ചൻ അറിയാമോ ?’
അച്ചൻ മൂക്കിലേക്കിറങ്ങിയ കണ്ണട മേലേക്ക് കയറ്റി, തൻ്റെ വലതു വശത്തെ ചുവരിന്മേൽ ചില്ലിട്ടു വെച്ച ചിത്രങ്ങളിലേക്ക് നോക്കി , ഇങ്ങനെ പ്രതിവചിച്ചു
‘ ഒരെണ്ണം തന്റപ്പൻ താഴെ വളപ്പിൽ അവറാൻ , നടുക്ക് കർത്താവ് , അങ്ങേയറ്റത്തുള്ള മരപ്പട്ടിയെ എനിക്കറിയത്തില്ല !’
‘ അത് മരപ്പട്ടിയല്ലച്ചോ , അതാണ് അനുബിസ്, മരിച്ചവരെ പാതാളത്തിലേക്കു കൊണ്ട് പോകുന്ന ദൈവം!’
‘ ദൈവത്തിനിപ്പോ പട്ടിയുടെ തലയാണോ ?’
‘ ഹ! , ഇത് കേളച്ചോ ..അനൂബിസിനു നാല് ആനയെ ഒരുമിച്ച് പോക്കാനുള്ള ശക്തിയുണ്ട്, അസാമാന്യ വേഗമാണ്, മരണത്തിന്റെ ദേവനാണ് , ഭയങ്കര സംഭവമാണ് , കാരണം എന്താ , പുള്ളി ഒസിരിസിന്റെ മോനാ !’
‘ അവനേതാ ?’
‘ എന്റെ പൊന്നച്ചോ , ഈ ഈജിപ്ഷ്യൻ പുരാണമൊക്കെ ഒന്ന് പഠിച്ച് നോക്കണം , ഞാൻ പണ്ട് എൺപതില് കൈറോയില് പോയപ്പം വാങ്ങിയതാ ആ പടം. ആ കാലം തൊട്ടുള്ള എന്റെ ഒരു ആഗ്രഹമാണച്ചോ !’
ഉതുപ്പ് ഒന്ന് നെടുവീർപ്പിട്ടു
‘ ഇതൊക്കെയാണോ ഉതുപ്പേ ഒരു ആഗ്രഹം , താനൊരു ആനേ വാങ്ങണമെന്ന് ആഗ്രഹിക്ക് . എന്നിട്ട് അതിനെ തൻ്റെ മുറ്റത്ത് കെട്ടണമെന്നു ആഗ്രഹിക്ക് .. അവറാനെന്നു പേരിടണമെന്നു ആഗ്രഹിക്ക് .. ഞാൻ സമ്മതിക്കാം , ഇതൊക്കെ എന്ത് ആഗ്രഹമാടോ ?’
‘ കാട്ടില് മദിക്കണ ആനേനെ കൊണ്ട് വീടിൻ്റെ നടേല് കെട്ടാൻ ! എന്നിട്ടു വേണം അച്ചോ ആ ആന എന്നെ ചവിട്ടി ചതച്ചു കൊല്ലാൻ !’ ഉതുപ്പ് കെറുവിച്ച് മുഖം താഴ്ത്തി .
‘ പിള്ളേർക്കൊക്കെ വലിയ എതിർപ്പുണ്ട് , താൻ അത് കാണാതെ ഇരിക്കരുത് !’
‘അച്ഛനിപ്പോ കർത്താവിനെ വിട്ടു പിള്ളേരെ പിടിച്ചോ ?’
അച്ചന് ളോഹയ്ക്കുള്ളിൽ കലിയിളകി
‘ എഡോ താൻ എന്ത് മാങ്ങാത്തൊലി വേണേലും കാണിക്ക് , പക്ഷെ പള്ളിയെയും പട്ടക്കാരെയും മറന്നൊണ്ട് ഇമ്മാതിരി വല്ല വേണ്ടാതീനം കാണിച്ചാൽ , അതിനു താൻ മറുപടി പറയേണ്ടി വരും ‘
‘ എന്നാ മറുപടിയാ അച്ചോ , വര്ഷം തോറും പള്ളിക്കു കൊടുക്കുന്ന തുക എനിക്കങ്ങു മുറിക്കേണ്ടി വരും .. അല്ലാതെന്നാ ! നഷ്ടം പള്ളിക്ക് തന്നെയാ’
ഉതുപ്പിന്റെ മറുപടി മർമ്മത്തിലാണ് തട്ടിയത് .ളോഹയ്ക്കുള്ളിൽ തിളച്ചു പൊങ്ങിയ ലാവ, മഞ്ഞ് പോലെയുരുകിയൊഴുകി..
‘ മറുപടി പറയേണ്ടി വരും എന്നുദ്ദേശിച്ചത് ദൈവസന്നിധിയിലാ !’
‘ അതിപ്പോ ഞാൻ മാത്രമാണോ , സർവ്വ അവന്മാരും പറയേണ്ടി വരത്തില്ലേ !’
ഈ സമയം പുറത്ത് മക്കള് മൂന്നു പേരും ചർച്ചയിലായിരുന്നു .
ഇളയവൻ ആരോൺ, കൂട്ടത്തിൽ മൂന്നക്ഷരത്തിന്റെ വിദ്യാഭ്യാസമുള്ളവൻ അവനൊരുത്തനാണ് , ഏട്ടന്മാരുടെ സംസാരം കേട്ട് പുത്തൻ വണ്ടിയുടെ സീറ്റിന്റെ ലെതർ പരിശോധിച്ച് നിൽക്കെയായിരുന്നു അപ്പോൾ.
പുറം ചൊറിഞ്ഞു കൊണ്ട് അർബാം പരാതി പറഞ്ഞു-
‘ സിനിയുടെ അമ്മച്ചിടെ മുന്നില് ഞാനങ്ങു താന്നു പോയി . അപ്പൻ നമ്മളെ മാനം കെടുത്തിയേ അടങ്ങൂന്ന് തീരുമാനിച്ചത് പോലെയാ ..’
‘ ഇയ്യാളെന്തിനാടോ തന്റെ അമ്മായിയമ്മയുടെ മുന്നില് ഇതൊക്കെ കൊട്ടിഘോഷിക്കാൻ പോകുന്നെ ? ‘ പുറത്തേക്കു തലനീട്ടി ആരോൺ ചോദിച്ചു
‘ ഡാ ചെക്കാ , നീ മിണ്ടണ്ട കേട്ടോ.പെണ്ണും പിടക്കോഴിയും ഇല്ലാത്ത നിനക്ക് ഒന്നും പറഞ്ഞാ മനസ്സിലാവില്ല .’ ഫ്രാങ്കോ തന്റെ ആദ്യസഹോദരൻ്റെ പക്ഷം പിടിച്ചു .
‘ അല്ല, എനിക്ക് മനസ്സിലാകാഞ്ഞിട്ടു ചോദിക്കുവാ , അപ്പൻ എന്ത് ചെയ്താ നിങ്ങൾക്കെന്താ ..അപ്പന്റെ ഒരു പൂതി , അതും ചത്ത് കഴിഞ്ഞിട്ട് . അയ്നിപ്പോ എന്നാ ?.’
‘ എടാ മൈരേ , നീ ഒരുപാട് അപ്പനെ താങ്ങേണ്ട . തന്തേനെ ഉപ്പിട്ട് , ഉണങ്ങാൻ വെച്ചേക്കുവാണോ എന്ന് നാട്ടുകാര് ചോദിക്കും . മറുപടി ഒലത്തിക്കൊടുക്കേണ്ടി വരും! ‘
‘ അതിനിപ്പോ എന്നാ? . ഇതങ്ങനെ നടക്കാത്ത കാര്യമൊന്നും അല്ല . ഞാൻ ഗൂഗിളിൽ ഒക്കെ തപ്പി നോക്കി . സംഭവത്തിന് എംബാമിംഗ് എന്ന് പറയും! ലെനിനിന്റെ ശരീരമൊക്കെ ഇങ്ങനെ സൂക്ഷിച്ചിട്ടുണ്ടെന്നാ പറയുന്നേ .’
‘ സ്വന്തം തന്തേനെ കഴുകിയൊണക്കി മമ്മിയാക്കുന്ന കാര്യമാണോ നീ ഈ പറയുന്നേ ?’ ഫ്രാങ്കോയാണ് ചോദിച്ചത്
‘ ചത്തു കഴിഞ്ഞിട്ട് എന്നാ ചെയ്താ എന്താ , അപ്പന്റെ ആഗ്രഹമില്ലേ . മാത്രമല്ല നമ്മളൊക്കെ ശവപ്പട്ടയ്ക്കകത്ത് കിടന്നു പുഴുക്കുമ്പോ , അപ്പൻ നല്ല സുഗന്ധ വ്യഞ്ജനങ്ങളൊക്കെ തേച്ച് , അഴുകാതെ ഗ്ളാമറയിട്ടു ..’
‘എടാ നാറി , ഇനി നീ മിണ്ടിയാൽ നിന്റെ മണ്ട ഞാൻ തല്ലിപ്പൊളിക്കും..’ രണ്ടാമൻ്റെ ശബ്ദമുയർന്നു ‘..ഇവനെ കണ്ട നാട്ടിലൊക്കെ വിട്ട് വെല്യ പഠിപ്പു പഠിപ്പിച്ചാ നാളെ നമ്മടെ തലേല് കേറിയിരുന്നു തൂറുമെന്നു കുറെ വര്ഷങ്ങള്ക്കു മുന്നേ ഞാൻ പറഞ്ഞപ്പ ആർക്കും മനസ്സിലായില്ല . ഇപ്പൊ എന്തായി ‘
കോളേജിന്റെ പടി കടക്കാൻ കഴിയാത്തിന്റെ ദേഷ്യമാണ് അർബാം പറഞ്ഞത് .
‘ നിങ്ങള് എന്ത് പറഞ്ഞാലും ശെരി , അപ്പന് അങ്ങനെ ഒരാഗ്രഹമുണ്ടെങ്കില് മക്കളെന്ന നിലയ്ക്ക് നമ്മള് കൂടെ നിക്കണം !’
‘ നീ കൂടെ നിന്നാൽ മതി !’
ഈ ദിവസം കഴിഞ്ഞു ഒരാഴ്ച പിന്നിടുന്നെന്നും മുന്നേ , ആരോൺ അപ്പന്റെ സെറ്റിൽ ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു . ലോകം മുഴുവനും തനിക്കെതിരെ നിന്നപ്പോഴും തൻ്റെ കൂടെ നിലകൊണ്ട കടൈകുട്ടിയെ ഓർത്ത് ഉതുപ്പ് അഭിമാനിതനായി . അപ്പനും മോനും തമ്മിൽ ഏതോ ഒരു നാളിൽ നടന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളിങ്ങനെയായിരുന്നു .
‘ അപ്പോ ..’
‘ ഓ ഡാ !’
‘ ഇതെന്താണപ്പോ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ ?’
ഉതുപ്പിന്റെ പുരികക്കൊടി മറിച്ചിട്ട ഏഴ് കണക്കെ ചുളിഞ്ഞു .
‘ എന്നാടാ , നീയും വിടുവാണോ ?’
‘ അല്ലെന്ന്! , അറിയാൻ വേണ്ടി ചോദിച്ചതാ !’
‘ ഓ , എടാ എല്ലാരും ചാവും , നീയും , ഞാനും , നിന്റെ തള്ളയും , നിന്റെ ആങ്ങളമാരും , അവരുടെ പെമ്പറന്നൊരുമാരും അവരുടെ പിള്ളേരും എല്ലാം .. കുഴി വെട്ടി മൂടിക്കഴിയുമ്പം എല്ലാരും മറക്കും ! ചത്തു കുഴിച്ചിട്ടാ പിന്നെ ആര് ഓർക്കനാടാ , ഓർമ്മ ദിവസം എന്നൊരു പരിപാടിയുണ്ട് , ചുമ്മാതാ.. ജാഡ!.വെച്ച് കൂട്ടി തിന്നാനുള്ള പരിപാടി..പിന്നെ ആ ഓർമ്മയും പോകും .നീ തുത്തൻഖാമുൻ എന്നൊരു രാജാവിൻ്റെ പേര് കേട്ടിട്ടുണ്ടോ ?’
‘ കിംഗ് ട്യൂട്ട് .. കേട്ടിട്ടുണ്ട് !’
‘ ങ്ഹാ ട്യൂട്ട്, അവൻ തന്നെ , ആള് മരിക്കുന്നത് യേശുവിന്റെ കുരിശാരോഹണത്തിനും നൂറ്റാണ്ടുകൾക്ക് മുന്നെയാ കേട്ടോ .ഈ കാലഘട്ടത്തിലും അയാളുടെ ശവം തോണ്ടിയെടുത്ത് , അതിന്റെ മുഖസാദൃശ്യം വെച്ച് ഡിജിറ്റലി അയാളുടെ യഥാർത്ഥ മുഖം നിർമ്മിക്കുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലേ , അന്ന് അയാളെ അന്നങ്ങനെ മമ്മിഫൈ ചെയ്തത് കൊണ്ടല്ലേ !’
‘ ആയിരിക്കും. ‘
‘ ആയിരിക്കും എന്നല്ല , ആണ് ! ഈജിപ്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നതെന്താ ?’
‘ വലിയ പിരമിഡുകൾ !’
‘ ആണേ , അതിനു ശേഷം എത്രയോ കോടി മനുഷ്യർ ചത്തു പോയി . ലോകത്തിൽ ഒരു ഓർമ്മയും അവസാനിപ്പിക്കാതെ,പേരും നാളും ഒന്നും ബാക്കിയാക്കാതെ .. അങ്ങനെ അങ്ങ് ചത്തു ചീയാൻ അപ്പന് മനസ്സില്ല . അത്ര തന്നെ !’
ആരോണിൻ്റെ കവിളൊന്നു കനത്തു
‘ അപ്പൊ ഞങ്ങളൊക്കെ ചത്തു ചീയുമ്പോഴോ ?.. എല്ലാരും മറക്കില്ലേ !’
‘ അതിനുള്ള വഴി നീ തന്നെ കണ്ടു പിടിക്കണം !’
ആരോൺ കുറച്ച് നേരം ഗാഢമായി ചിന്തിച്ചു, ‘ ശെരിയാണ് !’
‘ അപ്പൊ നമുക്ക് പണി തുടങ്ങണം !’ -മസ്തിഷ്കത്തിലേക്കു വലിച്ച് കയറ്റിയ പുക, പ്രപഞ്ചത്തിലേക്കു തുറന്നു വിട്ടു കൊണ്ട് ഉതുപ്പ് പറഞ്ഞു
‘ പണിയോ ?’
‘ പിന്നെ .. പിരമിഡ് പണിയണം . ഗിസയിലെ പിരമിഡിന്റെ മാതൃക . വലിപ്പം ആനുപാതികമായി കുറയ്ക്കാം ..അകത്തെ ചേമ്പറുകളുടെ മാതൃക ഞാൻ എന്റെ ഒരു സുഹൃത്ത് വഴി എടുപ്പിച്ചിട്ടുണ്ട് . കെട്ടി വരുമ്പോൾ ഒരു ആറു നില വലിപ്പം കാണും . അകത്ത് നല്ല വിലപിടിപ്പുള്ള സാധനങ്ങൾ വെയ്ക്കണം അതിനായി അപ്പൻ്റെ സമ്പാദ്യത്തിൽ ഒരു പങ്കു മാറ്റി വെച്ചിട്ടുണ്ട് . കള്ളന്മാര് കടക്കാതെ ഇരിക്കാൻ അതിനുള്ളിൽ തന്നെ ചില പ്രാചിന ടെക്നിക്കുകൾ ഉണ്ട് . ഏലായ്ക്കലെ നമ്മുടെ തോട്ടത്തിൽ അങ്ങനെ ഒന്ന് പണിയാം എന്നാണ് ഞാൻ വിചാരിക്കുന്നത് .’
‘ അവിടെ പണിഞ്ഞിട്ട് ആർക്കു കാണാനാ ? സിറ്റിയിലെ എന്റെ നാപ്പതു സെൻ്റ് പുരയിടത്തിൽ പണിയാം ! അത് ചുമ്മാ ഇട്ടേക്കുവല്ലേ’
‘ അത് വേണോ ഡാ ?’
‘ ചുമ്മാ കെട്ട് അപ്പാ !!’
‘ അപ്പൊ അത് തീരുമാനമായി . കെട്ടാൻ വലിയ മൺകട്ടകൾ നമുക്ക് ഇറക്കണം . സിമന്റ് ഇട്ടു ബലപ്പെടുത്തണം . പഴയകാലത്തെ കല്ലിന്റെ ബലം അതിന്റെ വലിപ്പം തന്നെയാ, നമ്മളും കൃത്യമായ അനുപാതത്തിൽ വേണം കല്ലറുക്കാൻ .’
‘അതിന് ആളുണ്ട് , ഏൽപ്പിക്കാം !’ -നിസ്സാരമായി ആരോൺ പറഞ്ഞു,
‘ പിന്നെ മമ്മിഫിക്കേഷൻ . അതിന്റെ ടെക്നിക്ക് ഇപ്പോഴും പുറം ലോകത്തിനു പിടിയില്ല .സാധാരണ എംബാമിങ് പരിപാടി വേണ്ട , എല്ലാം പഴയ പടി തന്നെ ! ഈജിപ്തിലെ ആർക്കിയോളോജിക്കൽ മ്യൂസിയത്തിൽ നിന്നു ചില ഡാറ്റ കിട്ടിയിട്ടുണ്ട് , അമേരിക്കയിലെ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു കുറെ വിവരങ്ങൾ നമ്മടെ ലാസർ തപ്പിത്തന്നിട്ടുണ്ട് . എംബാമിംഗിന് വേണ്ടാ കാര്യങ്ങൾ ചെയ്തു തരാൻ ആളെ ഏർപ്പാടാക്കാം..എൻ്റെ ശരീരത്തിൽ നിന്നും ഈർപ്പം മുഴുവനും ഊറ്റിക്കളയണം തലയ്ക്കു പിൻഭാഗം തുറന്ന് തലച്ചോറും മറ്റും മാറ്റണം . മൂക്കിൻ്റെ ഒരു ഭാഗം പൊട്ടിച്ച് മുഖത്തെ മജ്ജ എടുത്ത് മാറ്റണം , പിന്നെ ശരീരത്ത് നിന്നും ആന്തരികാവയവങ്ങൾ എല്ലാം മാറ്റണം . നാല്പത് ദിവസം നാട്രോൺ എന്ന രാസ ലായനിയിൽ കിടത്തണം , അത് കഴിഞ്ഞിട്ട് ഈർപ്പം കടക്കാത്ത വിധത്തിൽ തുണി കൊണ്ട് പൊതിയണം.. കുറച്ച് ചിലവ് വരുന്ന പരിപാടിയാണ്, അത് സാരമില്ല !പിന്നെ പെട്ടിക്കു മേലെ എഴുതേണ്ട ചില ഇൻസ്ക്രിപ്ഷൻസ് , പഴയ ഈജിപ്ഷ്യനിൽ . ഒക്കെയും എടുക്കാം’
അയാളെ അത്ഭുതത്തോടെ നോക്കി മകൻ പറഞ്ഞു
‘ അപ്പൻ ഒരു സംഭവമാ !’
അതിനു രണ്ടാം മാസം ആരോണിന്റെ പുരയിടത്തിൽ പന്ത്രണ്ടാടിയാഴത്തിൽ ഒരു കുഴി താഴ്ന്നു .അറകൾ പണിയാൻ പ്രത്യേകം പ്രത്യേകം പണിക്കാരെ കൊണ്ട് വന്നു . അപ്പന്റെ തീരുമാനം എതിർത്ത ഫ്രാങ്കോയും അർബാമും വീട് വിട്ടു പോയി .
ഇറങ്ങുന്നെനും മുന്നേ , ഫ്രാങ്കോ വീടിന്റെ മുന്നിലേക്ക് നീട്ടിത്തുപ്പി , പളപളപ്പുള്ള മുണ്ടു വലിച്ചു പൊക്കിക്കെട്ടി നടന്നു
നാട്ടില് മുഴുവനും ‘ഉതുപ്പ് മമ്മി’ എന്നൊരു പേര് പാട്ടായി . ബിഷപ്പ് നേരിട്ട് വിളിച്ച് ഉതുപ്പിനോടു സംസാരിച്ചു നോക്കി . എന്ത് ഫലം !
പള്ളിയും പട്ടക്കാരും ‘ ആ വട്ടനോട് സംസാരിച്ചിട്ട് കാര്യമില്ല !’ എന്നൊരു ഉഴപ്പൻ നയമെടുത്തത് കൊണ്ട് പള്ളിയിലേക്കുള്ള കാശിനു മുടക്കമൊന്നും വന്നില്ല .
ആലുക്കാസ് ജൂവല്ലറിയിൽ വെച്ച് മരതകം പതിച്ച ഒരു മാല എടുത്ത് അയാൾ കഴുത്തിൽ വെച്ച് നോക്കി . എട്ടു ലക്ഷം രൂപ !
‘ ആർക്കാ? ഫ്രാങ്കോടെ മോള്ക്കാനോ ?’ മിസ്സിസ് ഉതുപ്പ് അത് കയ്യിലേക്ക് വാങ്ങി നോക്കിയിട്ടു ചോദിച്ചു
‘ ഫ്രാങ്കോയ്ക്കും അവൻ്റെ പിള്ളേർക്കും ഉള്ളത് നേരത്തെ കൊടുത്തിട്ടുണ്ട് !’
‘ പിന്നെ ഇതാർക്കാ ‘
‘ നിനക്ക് വേണോ ടി ?’ – ചെറിയൊരു നാണത്തോടെ ഉതുപ്പ് ചോദിച്ചു
മിസ്സിസ് ഉതുപ്പിൻ്റെ മുഖം തുടുത്തു , പ്രണയാർദ്രമായി ..
‘ ഫാ ! ഇതെനിക്കുള്ളതാ !’
‘ എന്തിനാ , ചാവുമ്പോ കൊണ്ട് പോകാനോ ?’
‘ ആഡീ , ചാവുമ്പോ കൊണ്ട് പോകാൻ തന്നെ . ഇതെൻ്റെ മരണാന്തര ജീവിതത്തിനു വേണ്ടിയാ ..ഇതിലെങ്ങാനും തൊട്ടാൽ ..’
ആലപ്പുഴ ചെന്ന് വലിപ്പം കുറഞ്ഞ ഒരു വള്ളം നിർമ്മിക്കാനുള്ള ഓഡർ കൊടുത്തു . സൂര്യദേവനൊപ്പം പുഴകടക്കാൻ വള്ളം കൂടെ കരുതാറുണ്ട്!
അടുത്ത രണ്ടു വര്ഷം മുഴുവനും ഉതുപ്പ് തൻ്റെ പിരമിഡിൻ്റെ നിർമാണത്തിലായിരുന്നു .അത് കാണാൻ പല ഭാഗത്തു നിന്നും മനുഷ്യർ വന്നു തുടങ്ങി .
അതിനുള്ളിൽ പല വിധത്തിൽ നിർമിച്ച അറകളുണ്ടായിരുന്നു . അതിൽ പലതിലും അയാൾ വിലപിടിപ്പുള്ള സാധനങ്ങൾ പല നാടുകളിൽ നിന്നും വാങ്ങി കൊണ്ട് വന്നു നിറച്ചു .
ആ സ്ഥലത്തിനു പിരമിഡ് ജങ്ഷൻ എന്നൊരു പേരും ഒരു ബസ്സ്റ്റോപ്പും വന്നു . വാരാന്ത്യപ്പതിപ്പിൽ ഉതുപ്പിൻ്റെയും പിരമിഡിൻ്റെയും പടം കളറിൽ അച്ചടിച്ച് വന്നു . മൂത്ത രണ്ടു മക്കൾക്കും തല വെളിയിൽ കാണിക്കാൻ പറ്റാത്ത അവസ്ഥയായി .
ആ സമയത്താണ് ഏലിയാ ഉതുപ്പിൻ്റെ മരണം .
‘ ഇവളെ നമ്മുടെ പിരമിഡിൽ അടക്കിയാലോ , മമ്മിയാക്കി ?’ – പൊൻകുരിശ് നെഞ്ചോടു ചേർത്തുറങ്ങുന്ന ഭാര്യയെ നോക്കി ഉതുപ്പ് രഹസ്യമായി ചോദിച്ചു.
‘ അമ്മച്ചിയേടെ മേത്തെങ്ങാനും തൊട്ടാൽ , അപ്പനെ അടക്കാൻ പാകത്തിൽ ഞങ്ങള് ബാക്കി വെയ്ക്കത്തില്ല !’ ഫ്രാങ്കോ ചീറിയതു കൊണ്ട് ഉതുപ്പ് തൻ്റെ നനകല്ലിലെ മദ്യപാനത്തിലേക്കു പിൻവലിഞ്ഞു .
ആരോണിനെ നാട്ടുകാർ നേരിട്ടും അല്ലാതെയും ‘ മമ്മിടെ മോനെ ‘ എന്ന് വിളിച്ച് തുടങ്ങി
ഏലിയ ഉതുപ്പിൻ്റെ രണ്ടാം ഓർമ്മദിവസം കടന്നപ്പോൾ , ഒരു രാത്രി ഉതുപ്പ് ഉറക്കത്തിൽ മരണവപ്രാളം കാണിക്കാൻ തുടങ്ങി .
‘മക്കളെ , സമയമായെന്ന് തോന്നുന്നെടാ !’ പിടപ്പിനിടെ ഉതുപ്പ് അലറി
ആരോണും അപ്പനെ നോക്കാൻ നിറുത്തിയ നേഴ്സ് പയ്യനും കൂടെ. രാത്രിയിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി .
എല്ലാരേയും അറിയിച്ചോളാൻ പറഞ്ഞ് ഡോക്ടർ കൈ മലർത്തി . മക്കളും മരുമക്കളും വന്നു . മരണ വെപ്രാളത്തിനിടയിലും ഇളയമകനെ അകത്തേക്ക് വിളിപ്പിച്ച് ഉതുപ്പ് ഞെരങ്ങിയ സ്വരത്തിൽ പറഞ്ഞു
‘ തായ്ലൻഡിൽ നിന്നും എംബാമിന് ഉള്ള ആളോട് വരാൻ പറയണം !’
അതും പറഞ്ഞ് ഉതുപ്പ് തൻ്റെ കണ്ണൊന്നു തുറിപ്പിച്ചു , ശ്വാസം നീട്ടിയൊന്നു വലിച്ചു , എന്നിട്ട് ബക്കറ്റിൽ തൊഴിച്ചിട്ട് ഇഹലോകവാസം വെടിഞ്ഞു .
മുറിയിൽ നിന്നും മനോവേദനയോടെ ആരോൺ പുറത്തിറങ്ങി , ചുവരിൽ ചാരി നിന്നു .അവൻ്റെ കണ്ണുകൾ നിറഞ്ഞ് കലങ്ങി .
കൂട്ട അലമുറയോടെ എല്ലാരും മുറിയിലേക്ക് അലച്ചു തള്ളിക്കയറി .
വിവരം അറിഞ്ഞു വന്ന വികാരിയച്ചൻ ആരോണിൻ്റെ തോളിൽ തട്ടി
‘സംഭവിക്കാനുള്ളത് സംഭവിച്ചു..ഇനിയുള്ളകാര്യങ്ങൾ നോക്കാം !അടക്കിനുള്ള കാര്യങ്ങൾ ചെയ്യണ്ടേ മോനെ ആരോണെ ..’-അച്ചൻ ഗദ്ഗദം അടക്കിക്കൊണ്ടു ചോദിച്ചു
‘ വേണം അച്ചോ !’
‘ അപ്പൊ എങ്ങനാ ആരോണെ,.. പുള്ളി പറഞ്ഞതനുസരിച്ച് ..എങ്ങനാ കാര്യങ്ങൾ?’
‘ കുഴി വെട്ടാൻ ആളെ വിളിക്കണം അച്ചോ ..പള്ളി സെമിത്തേരീല് , അമ്മച്ചീടെ അടുത്ത് തന്നെ ..’
‘ അല്ലടോ , അയാൾ പറഞ്ഞത് വെച്ച് , പിരമിഡ് .. മമ്മിഫിക്കേഷൻ ?’
‘ അതൊക്കെ അപ്പൻ്റെ സന്തോഷങ്ങളല്ലേ അച്ചോ !’ ആരോൺ കൈ കെട്ടി തല കുനിച്ച് നിന്നു
‘ അല്ലടോ , തൻ്റെ സ്ഥലത്ത് പിരമിഡൊക്കെ കെട്ടിയിട്ടില്ലേ , അതിലല്ലേ… ,?’
‘ അത് മാർട്ടിൻ്റെ ജെ സീ ബി കൊണ്ട് വന്ന് ഇടിച്ച് കളയും , അച്ചോ ‘
‘ അപ്പൊ അടക്ക് ?’
‘ പെട്ടിയിലാക്കി കുഴിയിലിട്ട് മൂടും !’
‘ അപ്പൊ , അനൂബിസ് , ഒസിരിയസ്സ് ? അയാള് മരണാന്തരത്തിനു വേണ്ടി വാങ്ങിയ സാധനങ്ങൾ , ?’
ആരോൺ ഒന്ന് തലയുയർത്തി , അച്ഛനെ നോക്കിയിട്ട് ആശുപത്രി വരാന്തയിലൂടെ നടക്കാൻ തുടങ്ങുന്നതിനു മുൻപ് പറഞ്ഞു
‘ കുഴി വെട്ടാൻ ആളെ വിളിക്കച്ചോ !’
അപ്പോഴും മുറിക്കുള്ളിൽ നിന്നും അലമുറ ഉയർന്നു കേൾക്കാമായിരുന്നു!!
Awesome ! എന്നാലും കേരളത്തിലെ ആദ്യത്തെ മമ്മിഫിക്കേഷൻ വേണ്ടെന്നു വെക്കേണ്ടായിരുന്നു . പാവം അനുബിസ്. ഉതുപ്പിനേം പ്രതീക്ഷിച്ചു ചമ്മി , മലയാളി എന്നാൽ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണെന്നു പ്രാകി പോയിട്ടുണ്ടാകും.