മിന്നലിനെ അവൾക്ക് പേടിയായിരുന്നു.
കുഞ്ഞുനാളിലെ രാത്രികളിൽ ജനാലയിലൂടെ മിന്നൽ വെളിച്ചത്തിൽ വീടിനു ചുറ്റുമുള്ള മരങ്ങളിൽ മഴയിൽ നിന്നും അഭയം തേടുന്ന പക്ഷികളെ അവൾ തിരഞ്ഞിട്ടുണ്ട്. നനഞ്ഞ് വിറച്ചിരിക്കുന്ന അവയെ കണ്ടെത്തുന്നത് അന്ന് ഒരു രസമായിരുന്നു.
മഴ പെയ്യുമ്പോൾ ജനലരികിൽ നിന്നും നീങ്ങി നിൽക്കാൻ അച്ഛൻ തന്നോട് പറയുന്നത് എന്തിനാണ് എന്നു അന്ന് അവൾക്ക് മനസ്സിലായിരുന്നില്ല.
അന്നൊക്കെ അവൾക്ക് മിന്നലിൻറെ പുറകെ പെരുമ്പറ കൊട്ടി വന്നിരുന്ന ഇടിയുടെ ഇരമ്പൽ ആയിരുന്നു പേടി.
പ്രായമായപ്പോൾ, തിരിച്ചറിവ് വന്നപ്പോൾ അവൾക്ക് മനസിലായി; പുറമെ ബഹളം വയ്ക്കുന്ന ഇടിയേക്കാൾ, എവിടുന്നെന്നില്ലാതെ നിശബ്ദമായി ആക്രമിക്കുന്ന മിന്നൽ തന്നെയാണ് കൂടുതൽ അപകടകാരി എന്ന്.
എന്തു കൊണ്ടോ അവർ താമസിച്ചിരുന്ന ആ പ്രദേശത്തിന് ചുറ്റും വല്ലാതെ മിന്നൽ വീണിരുന്നു. അന്തരീക്ഷത്തിന്റെ പ്രത്യേകതയാവാം.
ആ രാത്രി വീട്ടിൽ അവൾ തനിച്ചായിരുന്നു. അത് തിരിച്ചറിഞ്ഞത് പോലെ മഴയും മിന്നലും ആ വീടിന് ചുറ്റും ആർത്തുലഞ്ഞ് പെയ്തു.
അച്ഛനും അമ്മയും ദൂരെയുള്ള ബന്ധുവിന്റെ വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. പട്ടണത്തെ ഗ്രാമവുമായി ബന്ധിപ്പിച്ചിരുന്ന പാലം ആ കോരി ചൊരിയുന്ന മഴത്തു പുഴയിൽ അപ്രത്യക്ഷമായി.
അങ്ങനെ അവർക്ക് അന്ന് വീട്ടിലേക്കുള്ള മടക്കം അസാധ്യമായി. ആ രാത്രി കുറച്ച് അകലെയുള്ള ഒരു ലോഡ്ജിൽ തങ്ങേണ്ടി വന്നു.
വീട്ടിൽ ഒറ്റയ്ക്കായ അവളോട് ധൈര്യമായിരിക്കാൻ ഫോണിലൂടെ അവർ ഉപദേശിക്കുന്നുണ്ടായിരുന്നെങ്കിലും ഓരോ അഞ്ചു മിനിട്ടിലും പുറത്തു വെള്ളിടി വെട്ടുന്നതിനോടൊപ്പം അവളുടെ ചങ്കിടിപ്പും കൂടി കൂടി വന്നു.
മുന്നിൽ എന്തോ അപകടം പതിയിരിക്കുന്നത് പോലെ. അവളുടെ ചിന്തയെല്ലാം മിന്നലിനെ കുറിച്ചായിരുന്നു.
ഓർമയിൽ ഇതു വരെ അവൾക്ക് മിന്നലിനെ നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ അതിന്റെ വിക്രിയകൾ ദൂരെ നിന്ന് കണ്ടിട്ടുണ്ട്.
ടിയാൻ്റെ സംഹാരതാണ്ഡവമെല്ലാം ഏറ്റ് വാങ്ങിയിരുന്നത് ആ വീടിനു ചുറ്റുമുള്ള മരങ്ങളാണ്. തലയറ്റു വീണ എത്രയെത്ര ശാഖകൾ.
ഓരോ തവണയും ആ മരങ്ങൾക്ക് പകരം താൻ ആയിരുന്നെങ്കിലോ എന്നവൾ സങ്കൽപ്പിച്ചു നോക്കും.
എത്ര ക്ഷണികവും സുന്ദരവുമായ മരണം. അദ്ദേഹം വരുന്നത് അറിയുന്നില്ല. വന്നു കഴിഞ്ഞാൽ വിശേഷം പറയാനുള്ള സമയവും തരുന്നില്ല. ഒരു ‘മിന്നായം’ പോലെ കൂടെ കൂട്ടിക്കൊണ്ടു പോവുന്നു.
പണ്ടൊരിക്കൽ ജനാലയ്ക്കരികിൽ മിന്നൽ വീണപ്പോൾ, പാമ്പിഴയുന്നത് പോലെ വീടിനുള്ളിൽ കസേരകൾക്കിടയിലൂടെ വൈദ്യുതി പ്രവാഹം കടന്നു പോവുന്നത് അവൾ കണ്ടിട്ടുണ്ട്.
പിന്നീട് അവൾ ആ കാഴ്ചയെ കുറിച്ചു പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. ആരെയും വിശ്വസിപ്പിക്കാനും അവൾ ശ്രമിച്ചില്ല. എങ്കിലും മിന്നലിനെ അവൾ ഉള്ളാലെ വെറുത്തിരുന്നു.
പുറത്തിറങ്ങിയാൽ തന്നെ മനഃപൂർവം ഉപദ്രവിക്കാൻ തക്കം പാർത്തിരുന്ന ഏതോ ഒരു അജ്ഞാതനെ പോലെ.
മനസ്സിൽ ഭയം കയറി കൂടിയാൽ പ്രകൃതി അതിനു വളം വെച്ചു കൊടുക്കാറുണ്ട് എന്ന് അവൾക്കറിയാം.
വീടിനു മുന്നിൽ എപ്പോഴും കാണുന്ന ഇടനാഴിക്കും, വീടിനോടു ചേർന്നു പന്തലിച്ചു നിൽക്കുന്ന അമ്മച്ചി പ്ലാവിനും എല്ലാം ഇപ്പൊ ഒരു പൈശാചിക ഭാവം കൈ വന്നിട്ടുണ്ട്. അവളുടെ ഏകാന്തതയും നിസ്സഹായതയും മുതലെടുക്കുന്നത് പോലെ.
പൊടുന്നനെ പ്രതീക്ഷിച്ചത് പോലെ തന്നെ രംഗം വഷളാക്കാൻ കറന്റും പോയി.
അല്ല പോയതല്ല. ചെറുതെങ്കിലും വ്യക്തമായി കേട്ട ആ ശബ്ദം!
മെയിൻ സ്വിച്ച് ആരോ ഓഫ് ആക്കിയതല്ലേ?
വീടിൻ്റെ തെക്കേ വശത്ത് പോയാൽ അറിയാം. അവിടുത്തെ ജനലിലൂടെ മെയിൻ സ്വിച്ച് കാണാൻ കഴിയും.
തൻ്റെ ഹൃദയം വേഗത്തിൽ മിടിക്കുന്നത് അവൾക്ക് കേൾക്കാം. എങ്കിലും ഇരുട്ടിൻ്റെ മറവിൽ അവൾ അങ്ങോട്ടേക്ക് നടന്നു. കയ്യിലെ മൊബൈലിൽ വെളിച്ചം ഉണ്ട് എന്നറിയാമെങ്കിലും ഉപയോഗിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.
അവിടെ ചെന്നപ്പോൾ കണ്ട കാഴ്ചയിൽ അവളുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി.
ആ ഭാഗത്ത് കൂടി വീടിന്റെ പുറത്തേക്കുള്ള കതക് പകുതി തുറന്നു കിടക്കുന്നു. അതിൽ നിന്നും മഴ ചാറ്റൽ വീടിന്റെ ഉള്ളിലേക്ക് വീഴുന്നുണ്ട്.
വീടിന്റെ ആ വശത്തു വലിയൊരു റബ്ബർ തോട്ടമാണ്. അതിന്റെ അങ്ങേയറ്റതാണ് മതിലും അതിനോട് ചേർന്ന ചെറിയ ഒരു വഴിയും. ആ വഴി പൊതുവേ വിജനമാണ്.
വൈകിട്ട് കൂട്ടുകാരിയോട് ഫോണിൽ സംസാരിച്ചപ്പോൾ ഈ കതകു തുറന്നു പുറത്തിറങ്ങിയത് അവൾക്കോർമ്മ വന്നു.
മഴക്കോളു കണ്ടപ്പോഴാണ് തിരിച്ചു അകത്തു കയറിയത്. അപ്പൊ ഈ കതക് അടച്ചതാണല്ലോ? അതോ അത് ഇന്നലെ ആയിരുന്നോ?
നാശം. ഭയം മനുഷ്യന്റെ ഓർമകളെയും ചിന്തകളെയും വൃണപെടുത്തും.
അടുത്ത മിന്നലിൽ അവൾ അതു കണ്ടു. തുറന്ന വാതിലിനു സമീപം തറയിലായി ചെളി പുരണ്ട രണ്ടു കാൽപ്പാടുകൾ.
താനിപ്പോൾ ആ വീട്ടിൽ തനിച്ചല്ല എന്നവൾക്ക് മനസിലായി. എന്തെന്നില്ലാത്ത ഒരു തണുപ്പ് അവളുടെയുള്ളിൽ അരിച്ചു കയറി.
മുൻപിൽ രണ്ടു വഴികളെ ഉള്ളു. ഒന്നുകിൽ ഫോണിൽ ആരെയെങ്കിലും സഹായത്തിനു വിളിക്കുക… പക്ഷെ അവർ വരും വരെ താൻ സുരക്ഷിതയായിരിക്കുമോ എന്നുറപ്പില്ല.
രണ്ടാമത്തെ വഴി ശബ്ദമുണ്ടാക്കാതെ തുറന്നു കിടക്കുന്ന ഈ കതക് വഴി പുറത്തേക്ക് ഇറങ്ങി വീടിനു മുൻവശത്തെ റോഡ് ലക്ഷ്യമാക്കി ഓടുക. എങ്ങനെയെങ്കിലും റോഡിനപ്പുറത്തെ വീട്ടിൽ എത്തിപറ്റാം. പക്ഷെ ഗേറ്റിലേക്ക് ഒരു അമ്പതടി ദൂരമുണ്ട്. ഈ നശിച്ച മഴയും മിന്നലും ഇല്ലായിരുന്നെങ്കിൽ.
ആലോചിച്ചു നിൽക്കുമ്പോൾ തൊട്ട് പുറകിൽ ആളനക്കം കേട്ടു അവൾ വെട്ടി തിരിഞ്ഞു.
ഒരു കനം കൂടിയ ദണ്ഡു അവളുടെ മുഖത്തിനു മുന്നിൽ കൂടി തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോയി. പച്ചിരുമ്പിൻ്റെ മണം. അതോ ചോരയുടെ മണമാണോ? അറിയില്ല.
പുറകിൽ നിൽക്കുന്ന ആരോഗ്യദൃഢഗാത്രനായ ഒരാളിന്റെ രൂപം അവൾ മനഃക്കണ്ണാലെ കണ്ടു.
ഭയത്തിനും മീതെ ജീവൻ നിലനിർത്താനുള്ള വെമ്പൽ അവളിൽ ഉടലെടുത്തു.
ഒന്നും ആലോചിക്കാൻ നിൽക്കാതെ തുറന്നു കിടന്ന കതക് വഴി ഇറങ്ങിയോടി. അയാളും തൊട്ടു പുറകെയുണ്ട്. തൻ്റെ വേഗത കുറച്ചാൽ പിന്നിൽ നിന്നും തലയ്ക്ക് അടി വീഴും എന്നു ഉറപ്പാണ്.
കാലുകൾക്ക് ശക്തിയില്ലാത്തത് പോലെ. അൻപതടി എന്നൊക്കെ കരുതിയ ഗേറ്റ് വീണ്ടും അകന്നു പോയത് പോലെയൊക്കെ അവൾക്ക് തോന്നി. പക്ഷേ തനിക്ക് ജീവിക്കണം. ഇങ്ങനെയല്ല തൻ്റെ അന്ത്യം. ഇങ്ങനെയാവരുതെ ദൈവമേ. ഗേറ്റിലേക്കുള്ള ആ ദൂരം എങ്ങനോക്കെയോ അവൾ താണ്ടി.
സർവ ശക്തിയും സംഭരിച്ചു ഗേറ്റ് തുറന്നു റോഡിലേക്ക് ഇറങ്ങിയതും അയാൾ ഗേറ്റ് ഉൾപ്പെടെ അവളെ പുറകിൽ നിന്നും തള്ളിയതും ഒന്നിച്ചായിരുന്നു. അവൾ കരഞ്ഞു കൊണ്ട് റോഡിലേക്ക് വീണു.
കോരി ചൊരിയുന്ന മഴയിൽ അവിടെങ്ങും ഒറ്റ മനുഷ്യരില്ല. വാവിട്ട് നിലവിളിച്ചാലും ആരും കേൾക്കില്ല. അപ്പോഴേക്കും അയാൾ അടുത്തെത്തിയിരുന്നു.
അയാളുടെ കയ്യിലെ ദണ്ഡ് അവളുടെ തല ലക്ഷ്യമാക്കി ഉയർന്നതും കാതടപ്പിക്കുന്ന ശബ്ദത്തിൽ ഒരു മിന്നൽ അവിടെ പതിച്ചതും ഒന്നിച്ചായിരുന്നു. അവൾ പേടിച്ച് മുഖം പൊത്തി അലറി…
കണ്ണു തുറന്നു നോക്കുമ്പോൾ മുന്നിൽ അയാൾ വെട്ടിയിട്ട മരം പോലെ ചേതനയറ്റ് കിടക്കുകയാണ്.
വിജനമായ റോഡിൽ അയാളുടെ ശരീരത്തിന് അരികിൽ അവൾ എഴുന്നേറ്റ് നിന്നു. എന്തു ചെയ്യണം എന്നറിയാതെ ചുറ്റും നോക്കി. ഒടുവിൽ നിർവികാരയായി അവൾ സ്വന്തം വീടിനെ ലക്ഷ്യമാക്കി വേച്ചു വേച്ചു നടന്നു.
ചുറ്റും മഴ തകർക്കുന്നുണ്ടയിരുന്നു. അടുത്തെവിടെയൊക്കെയോ മിന്നലും വീഴുന്നുണ്ടായിരുന്നു.
പക്ഷെ ആ നിമിഷം അവൾക്ക് മിന്നലിനെ പേടിയില്ലായിരുന്നു.