ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം, ഗുരുവായൂരമ്പല നടയിൽ വച്ച് എന്റെ കല്യാണമിന്ന് കഴിഞ്ഞിരിക്കുകയാണ്.
ചായ കുടിക്കണം. രാവിലെ മുതലുള്ള അലച്ചിലാണ്. ചുറ്റും കണ്ണോടിച്ചപ്പോ കണ്ട വെജിറ്റേറിയൻ ഹോട്ടലുകൾക്കിടയിൽ നിന്നും ഒരമ്മ ചിരിച്ച മുഖത്തോടെ എന്നെ സ്വാഗതം ചെയുന്നു. അവരുടെ ഹോട്ടലാണത്. കയ്യിലൊതുക്കി വച്ച മാല കണ്ടതു കൊണ്ടായിരിക്കണം ഈ ചിരി. എന്റെ അമ്മയുണ്ടെങ്കിലും ഇതേ പോലെ ചിരിക്കുമായിരുന്നു. പ്രത്യേകിച്ച് എന്റെ കല്യാണത്തിന്. അമ്മ പോയതോടെ എല്ലാം പോയി. ഇനി ഇവൾ വന്നു വേണം വീട് പഴയ പോലെയാക്കാൻ.
ഇപ്പോ ഞാനും കർക്കശക്കാരനായ എന്റെ അച്ഛനും .മടുത്തു.. വൃത്തികെട്ട ജീവിതം .
അവൾ എന്നോടൊന്നും മിണ്ടുന്നില്ല. അവക് പേടി ആയിരിക്കും. ഒളിച്ചോട്ടം! കല്യാണം! അങ്ങനാണല്ലോ.
അവളുടെ വീട്ടിലിപ്പോ ‘അമ്മ മാത്രേ ഉള്ളു. ഒരു കത്തും എഴുതി വച്ച് വന്നതാണവൾ. അവളുടെ അമ്മക് അവളെ കെട്ടിക്കാനൊന്നും ഉള്ള സ്ഥിതി ഇല്ല. തൊട്ടടുത്ത വീട്ടിലെ വയസ്സനായ പണക്കാരൻ ആലോചനയുമായി വന്നപ്പോ ഇറങ്ങി ഓടിയതാണവൾ. ഇതാ എന്റെ അടുത്തിരുന്നു ചായ കുടിക്കുന്നു. ഗുരുവായൂരിൽ നിന്നും ട്രെയിൻ കയറി കണ്ണൂരിലേക്കു ഞങ്ങൾ വച്ചു പിടിച്ചു. ഞാൻ അച്ഛനോടൊന്നും പറഞ്ഞിട്ടില്ല.
അവൾ പറഞ്ഞു. ഞാൻ കെട്ടി.അത്ര തന്നെ.
ബസ് സ്റ്റോപ്പിലിറങ്ങി അടുത്തുള്ള ഊടു വഴിയിലൂടെ വീട്ടിലേക് നടക്കുകയായിരുന്നു ഞാൻ. ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു. ചെറിയൊരു ആൾക്കൂട്ടമുണ്ട് പുറത്തു്. തൊട്ടടുത്ത വീട്ടിലെ അകന്ന ബന്ധുക്കളാണവർ. ഉമ്മറത്തു ഒരു ബൊക്ക കിടപ്പുണ്ട്. എന്റെ കയ്യിലും ഉണ്ടായിരുന്നു. പക്ഷെ ഞാനതു കളഞ്ഞല്ലോ. അപ്പോ ഇതാരുടേതാ. ഒന്നും മനസ്സിലാകാതെ ഞാൻ പകച്ചു നിന്നു. ഉഷമ്മായി എന്നെ കണ്ടതു കൊണ്ടാണെന്ന് തോന്നുന്നു. ഓടി വരുന്നുണ്ട്. അടുത്തെത്തി എന്നെയും അവളെയും മാറി മാറി അവർ നോക്കി.
“നിന്റച്ഛൻ പറ്റിച്ചല്ലോടാ. ആട്ടെ, ഇതാരാ? “
ആദ്യം പറഞ്ഞത് ഞാൻ കേട്ടില്ല. ഇതാരാ എന്ന് ചോദിച്ചതിന് നേരത്തെ പഠിച്ചു വച്ച ഒരുത്തരം ഉണ്ടായിരുന്നു.
“അമ്മായിക്കറിയാല്ലോ ഞാനൊന്നും ആലോചിക്കില്ല. ഒരു സാഹചര്യം വന്നപ്പോ പെട്ടെന്ന് ഇവളെ കെട്ടേണ്ടി വന്നു. ” ഞാൻ പതുക്കെ പറഞ്ഞു.
ഉഷമ്മായി വലിയൊരു ദീർഘ നിശ്വാസം വിട്ടു.
“വിളക്കവിടെത്തന്നെ ഉണ്ട്. നീ വാ.. ” അവർ പറഞ്ഞു.
ഇവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ചെറിയൊരു ആൾക്കൂട്ടം. മേശയിലെ ബൊക്ക. എന്തോ പ്രശ്നമുണ്ട്. പക്ഷെ ഞാൻ അതിലും വലിയ പ്രശ്നത്തിലാണല്ലോ.
രണ്ടും കല്പിച്ചു അവളുടെ കയ്യും പിടിച്ചു ഞാൻ വീട്ടിലേക്ക് കയറി.
അകത്തു് വെള്ള മുണ്ടും ഷർട്ടും ധരിച്ചു അച്ഛനിരിപ്പുണ്ട്. അച്ഛൻ ഞങ്ങളെ രണ്ടുപേരെയും തുറിച്ചു നോക്കുകയാണ്. അച്ഛന്റെ വേഷത്തിൽ നിന്നും ഒരു കാര്യം ഞാനുറപ്പിച്ചു. ഈ ഇരിപ്പു വെറുതെ അല്ല. അച്ഛന്റെ കല്യാണം കഴിഞ്ഞിട്ടുണ്ട്. ഞാനൊന്നു രണ്ടു ദിവസം മാറിയപ്പോ. എനിക്ക് വല്ലാത്തൊരു ദേഷ്യം വന്നു. ഞാൻ എന്റെ നാവു തുറക്കാനാഞ്ഞതും അച്ഛനിങ്ങോട്ടു കേറി പറഞ്ഞു.
“നിന്നെ കുറച്ചു ദിവസമായി കാണുന്നില്ലല്ലോ. എനിക്കെന്തെങ്കിലും പറ്റിയാ പിന്നെ ആരാ? നീ ഇതിനാ പോയതെന്ന് എനിക്കും അറിയില്ലല്ലോ.” അയാൾ പതുക്കെ എണീറ്റു റൂമിലേക്ക് നടന്നു. അവൾ തരിച്ചു നിക്കുകയാണ്. അച്ഛനില്ലാത്ത അവൾക് എന്റച്ഛൻ, ഒരച്ഛന്റെ സ്നേഹവും കരുതലും തരും എന്ന വാക്കിന്മേലാണവൾ വന്നത്. പരിചയപ്പെടൽ ഏതായാലും ഗംഭീരമായി. ജനലിലൂടെ പഞ്ച പുച്ഛവും ചിരിയും നിറഞ്ഞ കണ്ണുകൾ എന്റെ വീട്ടിലേക് തെറിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. അവളോടാകത്തു പോകാൻ പറഞ്ഞു ഞാൻ അവിടെ ഇരുന്നു.
“രണ്ടു കല്യാണാ ഒന്നിച് .ചിലവെപ്പൊഴാടാ? ” പീടികക്കാരൻ കുമാരേട്ടൻ തുടങ്ങി. പുള്ളി നാട്ടിലെ ഓൾ ഇന്ത്യ റേഡിയോ ആണ്.
“അത് ചെയ്യാം കുമാരേട്ടാ. ഇപ്പോ എല്ലാരും ഒന്ന് പോ. ഞങ്ങൾ വീട്ടുകാരൊന്നു സംസാരിക്കട്ടെ. “
എന്റെ ദയനീയമായ വാക്കുകൾ കേട്ടതു കൊണ്ടാകണം, അല്പം വിഷമത്തോടെയാണെങ്കിലും എല്ലാരും വീട്ടീന്നിറങ്ങി. അടുത്ത വീട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ ഭയങ്കര രസാണ്. അതെങ്ങനെ ആണ്..
ഉഷമ്മായിയും വീട്ടീന്നിറങ്ങിയപ്പോ ഞാൻ വാതിലടച്ചു. പിന്നെ ജനലുകളും.
പെട്ടെന്ന് ഞാനൊരു അലർച്ച കേട്ടു. അവളുടേതാണ് . ശബ്ദം കേട്ട ഭാഗത്തേക്കു ഞാനോടി. റൂമിൽ നിന്നും അച്ഛനും അങ്ങോട്ടേക്ക് വന്നു. അവൾ സംസാരിക്കാൻ പോലുമാകാതെ വിറങ്ങലിച്ചിരിക്കുകയാണ്. അച്ഛൻ കെട്ടിക്കൊണ്ടു വന്ന സ്ത്രീയും അവളെ നോക്കി കിതക്കുകയാണ്.
“എന്താ പ്രശ്നം? ” ഞാൻ ചോദിച്ചു.
“അമ്മ…..” ഞെട്ടിത്തരിച്ചു അവളുടെ കണ്ണുകൾ പുറത്തെത്തിയിരിക്കുന്നു.
ഒരു നിമിഷം തല കറങ്ങുകയാണ്.
അമ്മയോ ഏതമ്മ?
യാഥാർഥ്യത്തിലേക് വരാൻ സമയമായി. അതവളുടെ അമ്മയാണ്. ഞാനും ഇനി അമ്മയായി കാണണം. പക്ഷെ ഏതർത്ഥത്തിൽ? ഭാര്യയുടെ അമ്മയായോ അതോ അച്ഛന്റെ ഭാര്യയായോ? ഇത് തന്നെ ആവില്ലേ അവളുടെയും പ്രശ്നം? ഞാൻ അവിടിരുന്നു.
“പുറത്താരോടും ഇത് പറയണ്ട. ” ഞെട്ടലോടെ അച്ഛൻ എന്റടുത്തു വന്നിരുന്നു.
ആ സ്ത്രീയും പകച്ചു നിൽക്കുകയാണ്. ആരും ഒന്നും മിണ്ടാതെ ഇരുപതു മിനിറ്റോളം കഴിഞ്ഞു. ഒന്നും കഴിച്ചിട്ടില്ല. ഭക്ഷണം വേണം. എനിക്കേതായാലും നല്ല വിശപ്പുണ്ട്.
“ചോറ് വാങ്ങി വരാം. ” ഞാൻ എണീറ്റു.
“ഞാനും വരുന്നു. ” അച്ഛനും കൂടെ വന്നു.
കുടുംബശ്രീ ഹോട്ടലിന്റെ മുന്നിൽ ചോറും ഓർഡർ ചെയ്തു നിന്ന എന്നെയും അച്ഛനെയും നോക്കി എല്ലാരും ചിരിക്കുന്നുണ്ട്. കല്യാണം ഇത്ര വലിയ തെറ്റാണോ?
“ചേച്ചിനേം അനിയത്തിനേം ഒരു വീട്ടിലേക് കൊണ്ട് പോകുന്ന കേട്ടിട്ടുണ്ട്. പക്ഷെ അമ്മയും മോളും…? ” രാഘവേട്ടനാണ്. പരീക്ഷയായതു കൊണ്ട് പിള്ളേർ ഉച്ചക്കു വരും. അത് കൊണ്ട് ബസ് സ്റ്റോപ്പിലെത്തിയതാ. അവരെ വെറുതെ ചൊറിയാൻ.
“പട്ടി”…..
ഹോട്ടൽ, ബസ് സ്റ്റോപ്പിനോട് ചേർന്നാണ്. അയാളിത് പറഞ്ഞതും ചോറ് തരുന്ന ചേച്ചി അടക്കം ചിരിച്ചു.
ഞങ്ങളൊന്നും മിണ്ടിയില്ല.
“ഇയാളിതെങ്ങനെ അറിഞ്ഞു? ” മടങ്ങുമ്പോ അച്ഛൻ ചോദിച്ചു.
അതങ്ങനെ ആണല്ലോ. ഇനി ഒരു കൊടുങ്കാറ്റു പോലെ ഇത് നാട്ടിൽ മൊത്തം പരക്കും.ജീവിതം ദുസ്സഹമാകും.
ഞാൻ. എന്റെ അച്ഛൻ. എന്റെ ഭാര്യ. അച്ഛന്റെ ഭാര്യ. അച്ഛന് അവൾ മകളാണ്. അവരാണെ എനിക്ക് അമ്മയും. അത് കറക്റ്റ് ആണ്. പക്ഷെ അവളെനിക് പെങ്ങളല്ലേ? പക്ഷെ അവളെന്റെ ഭാര്യയാണ്. ഇതെങ്ങെനെ നാട്ടുകാരെ പറഞ്ഞു മനസിലാക്കും? നാലുപേരും തീന്മേശക്ക് ചുറ്റും ഇരുന്നു ഭക്ഷണം കഴിക്കുകയാണ്. ആരും ഒന്നും മിണ്ടിയിട്ടില്ല.
രണ്ടു വിവാഹം നടന്നതാണെങ്കിലും അന്ന് ഞങ്ങളുടെ വീട് ഒരു മരണം നടന്നത് പോലെ ആയിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. സമയം സന്ധ്യയോടടുക്കുന്നു. അച്ഛൻ വന്നു വാതിലിൽ തട്ടി. പുള്ളി അസ്വസ്ഥനാണ്. മെയിൻ ഹാളിലേക് വരാൻ പറഞ്ഞു. അവിടെ എന്റെ ഭാര്യയും അച്ഛന്റെ ഭാര്യയുമുണ്ട്.
“നമുക്കൊരു തീരുമാനത്തിലേക്കെത്തണം. പറഞ്ഞു വരുമ്പോ ഇവളിപ്പോ നിന്റെ പെങ്ങളാ. ” അച്ഛന്റെ വാക്കുകൾ ഉൾകൊള്ളാൻ കഴിയുന്നതിന്റെ അപ്പുറത്തായിരുന്നു.
“എങ്ങനെ എന്റെ പെങ്ങളാകും? ഞാൻ കെട്ടിയ പെണ്ണാ. അച്ഛനിവരെ താലി കിട്ടിയെന്നു വച്ച്? അച്ഛൻ ഈ ബന്ധം ഉപേക്ഷിക്ക്. പ്രശ്നം തീർന്നില്ലേ? ” ഞാൻ പൊട്ടിത്തെറിച്ചു. “
ആ സ്ത്രീ അതായതു അവളുടെ അമ്മ മുന്നോട്ടേക് കയറി വന്നു.
“ഞങ്ങക് ഇപ്പോ വീടില്ല. പഞ്ചായത്തു പട്ടയ ഭൂമി എന്ന് പറഞ്ഞു അത് പൊളിച്ചു മാറ്റി. ലൈഫിന് അപ്ലൈ ചെയ്തിട്ടുണ്ട്. പക്ഷെ കിട്ടാൻ താമസിക്കും. എനിക്ക് വേറെ വഴിയില്ല മോനെ. ഇവളോട് ഇറങ്ങി പൊക്കോളാൻ ഞാനാ പറഞ്ഞെ. പക്ഷെ ഇതിങ്ങനെ ആകുമെന്ന് കരുതിയില്ല. “
ഒരു നിമിഷം ഞാൻ ഒന്നും മിണ്ടിയില്ല. “ആട്ടെ നിങ്ങളെങ്ങനാ പരിചയം? “
“ഞങ്ങൾക്കു പണ്ടേ അറിയാം. പണ്ട് ഞങ്ങൾ സ്നേഹത്തിലായിരുന്നു. ” ആ സ്ത്രീയുടെ വായിൽ നിന്നും ഇത് കേട്ടതും അച്ഛൻ ദേഷ്യം കൊണ്ട് വിറച്ചു.
“നീയും ഇവളും ഇപ്പൊ സഹോദരങ്ങളാണ് . നിങ്ങക് ഒന്നിച്ചു ജീവിക്കാൻ പറ്റില്ല “
കേട്ടപ്പോ എനിക്കും ദേഷ്യം വന്നു . ഞാനും അവളും തമ്മിൽ ഞങ്ങൾ വരച്ചൊരു ബന്ധമുണ്ട് .വീട്ടുകാരും നാട്ടുകാരും തീരുമാനിക്കുന്നതല്ല ഞങ്ങളുടെ ബന്ധം .
“ഞാൻ ഇവളേം കൊണ്ട് പോകുകയാണ് .” ഞാൻ അവളുടെ കൈ പിടിച്ചിറങ്ങി .
അച്ഛൻ ഭീകരമായി എന്നെ നോക്കി ചിരിക്കുകയായിരുന്നു .അയാളുടെ പിടിയാകെ വിട്ടിട്ടുണ്ട് .”നീ എവിടെ പോകാൻ ? നിങ്ങടെ രണ്ടു പേരുടെയും സ്വന്തം ആൾകാർ ഇവിടാ .നാട്ടുകാർ ചിരിക്കും. “
“പിന്നെന്തു ചെയ്യും ?” ഭ്രാന്തിന്റെ അവസ്ഥയിലാണോ ഞാനെന്നു എനിക്ക് തന്നെ തോന്നി .
രണ്ടു സ്ത്രീകളും കരയുകയാണ് .
“അച്ഛൻ ഇവരെ ഉപേക്ഷിക് .” “നീ ഉപേക്ഷിക്ക് .”രണ്ടു പേരുടെയും ഒച്ച പ്രകമ്പനം കൊള്ളിക്കുകയാണ് .
എന്നാ നീ പൊക്കോ എന്നായി അച്ഛൻ .എന്റെ അമ്മക്ക് കൂടി അവകാശപ്പെട്ട വീടാ .ഞാൻ പോവില്ല .ഇയാൾ പോട്ടെ.
വാഗ്‌വാദം കയ്യാങ്കളിയിലേക് നീങ്ങി. രണ്ടു സ്ത്രീകളും ഞങ്ങളെ തടഞ്ഞു. വീണ്ടും മൂകതയായി .
ഞാൻ അടുക്കളയിലെ കസേരയിൽ ഇരിക്കുകയാണ് . അച്ഛന്റെ ഭാര്യ അതായതു അവളുടെ ‘അമ്മ അവിടുണ്ട് .എവിടെയോ നോക്കിയിരിപ്പാണ് .അവൾ മുറിയിലേക്കു പോയി. അച്ഛനെയും കാണാനില്ല .
മേശയിൽ കത്തിയുണ്ട് . നല്ല മൂർച്ചയുണ്ടതിനു .
ഇവരാണ് എല്ലാ പ്രശ്നത്തിനും കാരണം .
ഒരു നിമിഷം …..
കത്തി കഴുത്തിലേക് . ചോര ചീറ്റിത്തെറിക്കുന്നു.
കണ്ണിൽ പതിഞ്ഞ ചുവപ്പിൽ നാളെയെപ്പറ്റി ഞാൻ ചിന്തിക്കുകയായിരുന്നു .ഞാൻ രക്ഷപ്പെടും . ഇവളെയൊക്കെ കൊന്നാ ആരാ ചൊദിക്കണ്ടേ ?
കത്തി അവിടിട്ടു പതുക്കെ ഞാൻ റൂമിലേക്കു നടന്നു.കതകു തുറന്നതും ഞാൻ ഞെട്ടി. എന്റെ പെണ്ണ് കിടക്കയിൽ ചോരയിൽ കുതിർന്നു മരിച്ചു കിടക്കുന്നു. തലയിൽ നൂറായിരം കൊള്ളിയാൻ മിന്നുകയാണ് . ശരിക്കും തകർന്നു. ഞെട്ടി …..
പുറത്തെത്തിയപ്പോ അച്ഛനെന്നെത്തന്നെ നോക്കി നിൽപ്പുണ്ട് . രണ്ടു പേരും കണ്ണുകളടക്കുന്നില്ല .അച്ഛന്റെ കയ്യിൽ കുഴിച്ചിടാനുള്ള മൺവെട്ടിയുമുണ്ട് .
ഇനി ഈ വീട്ടിൽ വീണ്ടും ഞങ്ങൾ രണ്ടുപേരും . മേശപ്പുറത്തിരുന്ന ബോക്കയിലെ പൂക്കളത്രയും അപ്പോഴേക്കും വാടിച്ചുരുണ്ടിരുന്നു.
****************************************************************