ഞായറാഴ്ച എന്നാൽ റിനുവിന് പതിവ് പോലെ സന്തോഷമേറിയ ആഴ്ചയിലെ ഒന്നാം ദിവസമാണ്. കൂട്ടുകാരുമൊത്ത് കാൽപ്പന്ത് കളിക്കാൻ പോകുന്ന ദിവസം. പതിവിനെക്കാൾ നേരത്തെ വരണമെന്ന് പറഞ്ഞെങ്കിലും അവൻ അന്നു വൈകിയിരുന്നു. കൂട്ടുകാരുടെ ഫോൺ കോൾ വന്നുകൊണ്ടിരുന്നു. അതെ ഇന്നത്തെ കളി വളരെ ദൂരെയാണ് ടൂർണമെൻ്റായതുകൊണ്ട് സമയത്തെത്തണം അല്ലെങ്കിൽ പങ്കെടുക്കാനാകില്ല. അതവനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അവൻ അറിയാതെ ബൈക്കിൻ്റെ വേഗത കൂടിക്കൊണ്ടേയിരുന്നു. അവൻ്റെ ഭാഗ്യം കളിത്തുടങ്ങുന്നതിന് മുമ്പേ എത്താൻ പറ്റി. കൂട്ടത്തിൽ ഒരാൾ പറഞ്ഞു “കളി കഴിഞ്ഞ് വന്നാൽ മതിയായിരുന്നല്ലോ” അവൻ മടുപടി ഒരു ചിരിയിൽ ഒതുക്കി. അങ്ങനെ കളി തുടങ്ങി ആദ്യത്തെ കളിയും, രണ്ടാമത്തെ കളിയും ജയിച്ചതോടെ റിനുവിൻ്റെ ടീം സെമിയിൽ പ്രവേശിച്ചു. എല്ലാവർക്കും സന്തോഷമായി അടുത്ത കളിയ്ക്ക് ഇനി ഒരാഴ്ച സമയം ഉണ്ട്. പ്രാക്ടീസിനെങ്കിലും സമയത്ത് വരണം എന്ന് പറഞ്ഞ് എല്ലാവരും യാത്ര തിരിക്കാനായെരുങ്ങി. അപ്പോഴേയ്ക്കും മഴ തുടങ്ങി സമയവും വൈകിയിരുന്നു. ആ മഴ നനയാൻ തന്നെ അവൻ തീരുമാനിച്ചു. ബൈക്ക് സ്റ്റാർട്ടാക്കി മഴയും നനഞ്ഞ് വരുന്ന അവൻ്റെ കണ്ണിൽ സുകുമാരൻ ചേട്ടൻ്റെ തട്ട് കട പെട്ടു. വല്ലപ്പോഴും അവിടുന്ന് ഒരു കട്ടൻ അവന് പതിവാണ്. ബൈക്ക് അവിടേയ്ക്ക് അടുപ്പിച്ച് അവൻ പറഞ്ഞു.” ചേട്ടോയ് ഒരു കട്ടൻ മധുരം കൂട്ടി” ശരി എന്ന് മറുപടിയും കിട്ടി. വല്ലാതെ നനഞ്ഞിരിക്കയാണല്ലോ എന്ന സുകുമാരേട്ടൻ്റെ ചോദ്യത്തിന് ഇവിടെ മഴയൊന്നും പെയ്തില്ലേ എന്നവൻ ചോദിച്ചു. ഇല്ല എന്ന് സുകുമാരേട്ടനും പറഞ്ഞു. കട്ടൻ ആസ്വദിച്ച് കുടിച്ചു കൊണ്ടിരുന്ന അവൻ്റെ കണ്ണിൽ ഒരു കാഴ്ച കണ്ടു. ഒരു പെൺകുട്ടി അവൾ ഒരോരുത്തരോടും എന്തൊക്കെയോ പറയുന്നു , ചിലർ അവളെ ഓടിക്കുന്നു മറ്റു ചിലർ കളിയാക്കുന്നു. അങ്ങനെ അവൾ അവൻ്റെ മുന്നിലും എത്തി മുഷിഞ്ഞ വസ്ത്രം ശരീരമാസകലം ചേറ് . അവൾ അവൻ്റെ മുഖത്തേയ്ക്ക് നോക്കി നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് ചോദിച്ചു ”എനിക്ക് വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ തരുമോ , എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ” അവൻ ഒരു നിമിഷം മരവിച്ച് നിന്നു പോയി യാഥാർത്യത്തിലേയ്ക്ക് വന്നപ്പോഴേക്കും അവൾ നടന്നകന്നിരുന്നു. അവൻ്റെ ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം ആദ്യമാണ്. ഉള്ളിലെ വിഷമത്തോടെ കണ്ണീർതുള്ളിയുടെ ഒരു പാളിയിലൂടെ അവൻ ചോദിച്ചു “ആരാ സുകുമാരേട്ട അത്” അതോ അത് ആ ഭ്രാന്തിയുടെ മകൾ എന്ന മറുപടിയാണ് കിട്ടിയത്. അവന് അപ്പോഴാണ് ആ രൂപം മനസ്സിൽ വന്നത് സ്കൂളിൽ പഠിക്കുന്ന കാലത്ത് റോഡിലൂടെ നടക്കുന്ന ആ സ്ത്രീ അവളുടെ മുഷിഞ്ഞ കോലം അടുത്തു വന്നാൽ നാറ്റം വമിക്കുന്ന അവളുടെ വസ്ത്രം. അവനും അവളെ കളിയാക്കിട്ടുണ്ട്. അവളുടെ തുണിയിൽ തൂങ്ങി നടക്കുന്ന ഒരു കുട്ടിയും. പിന്നീട് രണ്ട് മുഴം കയറിൽ ജീവൻ അവസാനിപ്പിച്ച ഈ ദേശത്തെ പകൽമാന്യന്മാർ ഭ്രാന്തി എന്ന് മുദ്ര കുത്തിയ സ്ത്രീയുടെ മകളോ ഇവൾ. ഒരു പക്ഷേ അവൾ അവളുടെ അച്ഛനോടും ചോദിക്കുന്നുണ്ടാവും റിനുവിനോട് ചോദിച്ച ആ ചോദ്യം ” എനിക്ക് വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ തരാമോ, എന്നെ എന്ത് വേണമെങ്കിലും ചെയ്തോളു” എന്ന്. താൻ അടങ്ങുന്ന ആൺ വർഗ്ഗത്തെ ഒരു നിമിഷം ശപിച്ചു കൊണ്ട് അവൻ വീട്ടിലേയ്ക്ക് തിരിച്ചു. അപ്പോഴും അവൻ്റെ മനസ്സിൽ രണ്ട് പ്രതീക്ഷകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഒന്ന് അടുത്ത ആഴ്ച അവളെ കാണണം കുറച്ച് ഭക്ഷണം വാങ്ങി കൊടുക്കണം പിന്നെ കളിയും ജയിക്കണം. പ്രതീക്ഷ അതാണല്ലോ നമ്മളെ മുന്നോട്ട് നയിക്കുന്നത്.