ഇന്ദ്ര സദസ്സ് മോടികൂട്ടുവാനുള്ള ചർച്ചകൾ നടക്കുമ്പോൾ ഓരോ ദേവന്മാരും തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ മിഥ്യ ദേവൻ സദസ്സിലിരുന്നുറങ്ങുന്നത് ഇന്ദ്രന്റെ ശ്രദ്ധ്യയിൽപെട്ടു. അരസികനെപ്പോലിരുന്നുറങ്ങുന്ന ദേവനെ കണ്ട ഇന്ദ്രന് ദേഷ്യം വന്നു. മിഥ്യാ ദേവാ എന്ന ഇന്ദ്രന്റെ അലർച്ച കേട്ട് മിഥ്യ ദേവൻ ഞെട്ടിയുണർന്നു.
മിഥ്യാ : ക്ഷമിക്കണം പ്രഭോ, ഒന്നു മയങ്ങിപ്പോയി!
ഇദ്രൻ : മിഥ്യാ… കൈത പൂക്കുന്ന ഇടവേളയായ 12 കൊല്ലം നീ ഭൂമിയിൽ വസിക്കണം. അവിടെയുള്ള മനുഷ്യർക്ക് മായകാഴ്ചകൾ കാണിച്ചു കൊടുക്കണം, ഇതാണ് നിന്റെ ശിക്ഷ ; അല്ല ഇത് ഇന്ദ്ര കല്പനയാണ്.
അങ്ങനെ കിളികൾ കൂടണയാൻ തുടങ്ങുന്ന മനോഹരമായ സന്ധ്യയിൽ ദേവൻ ഭൂമിയിലെത്തി. ഈ രാത്രി താൻ സ്വസ്ഥമായി എവിടെ വസിക്കും എന്നാലോചിച്ചു നിന്ന ദേവന്റെ അരികിലൂടെ രണ്ടു തേനീച്ചകൾ മൂളി പറന്നുപോയി, ഒരു അമ്മ തേനീച്ചയും അതിന്റെ കുഞ്ഞുമായിരുന്നു അത്. അവരുടെ സംഭാഷണ ശകലം ദേവൻ കേൾക്കാനിടയായി.
കുഞ്ഞ് : അമ്മേ, നദീ തീരത്ത് നിൽക്കുന്ന മുള്ളുകളുള്ള ചെടിയിലെ ഭംഗിയുള്ള പൂമൊട്ട് വിരിയറായി, നമുക്ക് അതിൽ നിന്നും തേൻ നുകരാം. വരൂ അമ്മേ നമുക്ക് ആ ദിക്കിലേക്ക് പോകാം.
അമ്മ : ഇല്ല മകനെ, ദേവേന്ദ്രന്റെ ശാപം കിട്ടിയ പൂജക്കെടുക്കാത്ത താഴമ്പൂവാണത്. വിരിഞ്ഞു കഴിഞ്ഞാലുള്ള അസഹ്യമായ ദുർഗന്ധം കാരണം നമുക്ക് അതിന്റെ അടുത്ത് പോകാൻ കഴിയില്ല.
താഴംപൂവിൽ വസിച്ചാൽ ആരും ശല്യപെടുത്തില്ല എന്നു മനസിലാക്കിയ ദേവൻ അന്ന് രാത്രി; വിടരും മുൻപേ കൊഴിയുന്ന ഇതളുകളുള്ള താഴമ്പൂവിലുറങ്ങി. നന്ദി സൂചകമെന്നോണം എല്ലാവരാലും ആകർഷിക്കുന്ന തരത്തിലുള്ള സുഗന്ധവും നൽകി, എന്നിട്ട് ഇങ്ങനെ പറഞ്ഞു…
“ഹേ പുഷ്പ റാണീ ഇനിമുതൽ തേനീച്ചകളും വണ്ടുകളും നിന്നെ വെറുക്കില്ല, അനിർവചനീയമായ നിന്റെ സുഗന്ധം അവരെ നിന്നിലേക്കടുപ്പിക്കും, എന്നാൽ ഇന്ദ്ര ശാപമുള്ളതിനാൽ നിന്നെ പൂജക്കെടുക്കില്ല.”
എന്നിട്ട് തൊട്ടടുത്തുള്ള ഗ്രാമത്തിലേക്ക് നീങ്ങി.
പുഴക്കരയിലെ കല്പടവിലിരുന്ന് മീൻ പിടിക്കുകയായിരുന്ന ഒരു ബാലൻ പുഴക്കക്കരെ എന്തോ തിളങ്ങുന്നതായി കണ്ടു. ഞൊടിയിടയിൽ അക്കരെയെത്തിയ ബാലൻ കണ്ടത് ഒരു കണ്ണാടിയായി രൂപം മാറിയ മിഥ്യ ദേവനെയായിരുന്നു. സൂര്യ പ്രഭ ചൊരിയുന്ന കണ്ണാടി കയ്യിലെടുത്തതും ഒരശരീരി..
“മകനെ, മനുഷ്യർക്ക് മായകാഴ്ചകൾ സാധ്യമാക്കുവാനുള്ള ദൗത്യവുമായി ദേവലോകത്തു നിന്നും ഭൂമിയിൽ എത്തിയ ഒരു ദേവനാണ് ഞാൻ. നീ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയൂ..”
തനിക്ക് മുൻപിലുള്ള പ്രഭാ വലയത്തെ വിശ്വസിക്കാനാകാതെ നിന്ന അവൻ, തെല്ലൊരു സന്ദേഹത്തോടെ ചോദിച്ചു, “എന്തു പറഞ്ഞാലും നടത്തി തരുമോ?”
കണ്ണാടി : ഇല്ല. നടക്കുന്നത് പോലെ തോന്നുക മാത്രമേയുള്ളൂ.. മയകാഴ്ച അവസാനിച്ചാൽ എല്ലാം പഴയപടി ആകും.
ബാലൻ : പലരും പറഞ്ഞ വിശേഷങ്ങൾ കേട്ട അറിവല്ലാതെ, ഞാൻ ഇതുവരെ പട്ടണത്തിൽ പോയിട്ടില്ല. എന്നെ പട്ടണത്തിൽ എത്തിക്കാമോ?
ക്ഷണനേരം കൊണ്ട് ആ കൊച്ചു പയ്യൻ, അവനൊരു പട്ടണത്തിനു നാടുവിലെത്തിയപോലെ തോന്നി.
കാട്ടുതീ പോലെ കണ്ണാടിയുടെ വിശേഷങ്ങൾ ഗ്രാമവാസികൾ എല്ലാവരും അറിഞ്ഞു. ദിവസവും മായകാഴ്ചകൾ കാണാൻ ഗ്രാമീണരുടെ നീണ്ട നിര തന്നെയുണ്ടാകും. അങ്ങനെ പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം തനിക്ക് തിരികെ പോകേണ്ട സമയമായപ്പോൾ ഒരു മുത്തശ്ശിക്ക് കാഴ്ചകൾ കാട്ടുന്ന തിരക്കിലായിരുന്നു ദേവൻ.
കണ്ണാടി : മകളെ എനിക്ക് തിരികെ പോകാൻ സമയമായി, ഇനിമുതൽ ആർക്കും ഈ മായ കാഴ്ചകൾ സാധ്യമല്ല. എന്നാൽ നിന്റെ കാഴ്ചകൾ മുഴുമിപ്പിക്കാൻ നമുക്ക് കഴിയാത്തതിനാൽ എന്തെങ്കിലും ഒരു വരം തരാൻ കഴിയും. ചോദിക്കൂ, എന്തു വരമാണ് നിനക്ക് വേണ്ടത്?
മുത്തശ്ശി : അല്ലയോ പ്രഭോ, ജീവിത കാലം മുഴുവനും മനുഷ്യർക്ക് മയകാഴ്ചകൾ കാണുവാനുള്ള ഒരു വരം തരാമോ?
കണ്ണാടി : അങ്ങനെയാകട്ടെ, ഈ കഴിവിനെ മനുഷ്യർ സ്വപ്നം എന്നു വിളിക്കും.
അങ്ങനെ അന്നുമുതൽ മനുഷ്യൻ സ്വപ്നം കണ്ടു തുടങ്ങി. പൂജക്കെടുക്കാത്ത താഴമ്പൂവിന്റെ സൗന്ദര്യമുള്ള സുഗന്ധ പൂരിതമായ സ്വപ്നങ്ങൾ. എന്നാൽ വിടരും മുൻപേ കൊഴിയാൻ വിധിക്കപ്പെട്ട ഈ കാട്ടു പൂവിന്റെ ഇതളുകൾ പോലെ എല്ലാ സ്വപ്നങ്ങൾക്കും ഒരുറക്കത്തിന്റെ ദൈർക്ക്യം മാത്രം…