നോക്കെത്താ ദൂരത്തുള്ള പാടത്തിലൂടെ ബസ് തിരക്കിട്ട് പായുകയാണ്.. വീടെത്താൻ ഇനി ഒരു മണിക്കൂർ കൂടെ മാത്രം.. എല്ലാം അവസാനിച്ചു എന്നറിഞ്ഞുകൊണ്ട് ശുഭ ഒന്നിൽനിന്ന് ആലോചന തുടങ്ങി…
പഠനവും കഴിഞ്ഞു കോയമ്പത്തൂരുള്ള പ്രൈവറ്റ് സ്കൂളിൽ ജോലിയും ശരിയായി അങ്ങോട്ട് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ നാട്ടിലേക്ക് വന്നതായിരുന്നു ശുഭ. പഠിത്തം കഴിഞ്ഞുടനെ ജോലിയും ലഭിച്ചു രണ്ടുകൊല്ലം ആ സ്കൂളിൽ അദ്ധ്യാപന വൃത്തിയ്ക്കായി സ്കൂൾ മാനേജ്മന്റ് ബോണ്ട് ഉം വെച്ചിരുന്നു. അതുകൊണ്ടുതന്നെ അച്ഛനോ അമ്മയോ കല്യാണകാര്യത്തെ പറ്റി അവളോട് കൃത്യമായ മറുപടി ചോദിച്ചില്ല.28 വയസ്സായതിന്റെ യാതൊരു കോട്ടവും ശുഭയക്കില്ലായിരുന്നു. നീണ്ടു മെലിഞ്ഞ ശരീരവും വെളുത്തനിറവും അരക്കെട്ട് വരെ സമൃദ്ധമായി കിടക്കുന്ന ചെമ്പൻമുടിയും കൊണ്ട് കാണാൻ നല്ല മിഴിവായിരുന്നു അവൾക്ക്.കല്യാണ കാര്യം അച്ഛന്റെയും അമ്മയുടെയും സംസാര വിഷയമാകുമ്പോൾ തന്നെ ശുഭയുടെ അമ്മമ്മ പറയും “ആർക്കും ഒരു കുറ്റോം കൊറവും കണ്ടുപിടിക്കാൻ പറ്റാത്തത്ര നല്ല പെണ്ണാ ന്റെ മാളൂ.. അത് പഠിപ്പിലായാലും ചന്തത്തിലായാലും അതോണ്ടന്നെ ഒരു വിട്ടുവീഴ്ച്ചെയും കല്യാണകാര്യത്തിലില്ല…”തന്റെ ചുറ്റുമുള്ളവർ ഇങ്ങനെ പറയുമ്പോളും ശുഭ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. നാട്ടിൽവന്നതും തിരിച്ചുപോകുന്നതും പ്രമാണിച്ചു ബന്ധുക്കളും അയൽകാരും ശുഭയ്ക്കുള്ള ആലോചനകൾ കൊണ്ടുവരുന്നതിൽ ഒട്ടുംതന്നെ ശങ്കിച്ചില്ല. ഞങ്ങൾ അങ്ങോട്ട് പറയാതെത്തന്നെ ഞങ്ങളുടെ മകളുടെ കഴിവും സൗന്ദര്യവും കാംക്ഷിച്ചു വരുന്ന ആലോചനകളിൽ അമ്മമ്മയും അമ്മയും അഭിമാനം കണ്ടെത്തി. ഇതിനെപ്പറ്റിയൊന്നും ശുഭ ആരോടും ഒന്നും പറയുകയോ ചോദിക്കുകയോ ചെയ്തില്ല. പോകുന്നതിന്റെ തലേന്ന് മുടിയ്ക്കുള്ള എണ്ണ കാച്ചുന്നതിനിടയിൽ അമ്മ ഒന്ന് സൂചിപ്പിച്ചു പറഞ്ഞപ്പോൾ തെല്ലൊരു ആലോചനയില്ലാതെ ശുഭ അമ്മയോടും അമ്മമ്മയോടുമായി പറഞ്ഞു “നിങ്ങൾ രണ്ടുപേരും ആലോചിച്ചോളൂ എനിക്കെതിർപ്പൊന്നുമില്ല. ജാതകം കൊണ്ടും എല്ലാംകൊണ്ടും എനിക്ക് ചേരുന്ന ആളാണെങ്കി എനിക്ക് സമ്മതമാണ് “ഇതുംകൂടി കേട്ടപ്പോൾ അമ്മയ്ക്കും അമ്മമ്മയ്ക്കും മനസ്സ് നിറഞ്ഞു. സന്തോഷപൂർവം അവർ മകളെ യാത്രയാക്കി. ജാതകത്തിലുള്ള ചേർച്ചക്കുറവ് കൊണ്ടും ദോഷം കൊണ്ടും ശുഭയ്ക്ക് കല്യാണമൊന്നും ഭവിച്ചില്ല. പ്രാർത്ഥനയും വഴിപാടുമായി അവർ കഴിഞ്ഞുതുടങ്ങി. അയൽക്കാരും വീട്ടുകാരും ശുഭയേക്കാൾ പ്രായംകുറഞ്ഞവരുടെ കല്യാണത്തെ കൊട്ടിഘോഷിച്ചു നടന്നു.
മുറ്റം നിറയെ ഇലമുളച്ചുകൊണ്ട് പടർന്നില്കുന്ന വലിയ നിശാഗന്ധിയുണ്ടായിരുന്നു ശുഭയുടെ തറവാട്ടിൽ. ഒരു ദിവസം കല്യാണലോചനയുമായി വന്ന ശകുന്തളേച്ചി തിരിച്ചു പോവാൻ നേരം “വെറുതെല്ല കുട്ടീന്റെ മംഗലം നടക്കാത്തത്വീ ന്റെ ലക്ഷ്മിയേച്ച്യീ ആരെങ്കിലും ഈ സാനം വീട്ടിലുവെയ്ക്കോ ഇതുള്ളോടം കന്യകമാര്ടെ നിന്നു പോവുംന്നാ പറയാ കണ്ടില്ലേ വടക്കേലെ അമ്മിണീടെ വീട്ടിലും ഇണ്ട്ന്ന് രാത്രി ഇങ്ങനെ മദിച്ച പൂക്കണ ചെടി തന്നെന്നെ ഓൾടെ മോൾ ഇപ്പോളും അവിടെന്നേയല്ലേ കെട്ടിയോൻ പോലും തിരിഞ്ഞുനോക്നില്ല. ഇങ്ങളാ ചെടി പറിച്ചകളായിട്ട..”പാവം നിശാഗന്ധി!ഇതിൽ അവളെന്ത് പിഴച്ചു. തറവാ ടൊന്നോർക്കുമ്പോൾത്തന്നെ കൂട്ടുപായസത്തിന്റെ മണവും രാത്രിയിൽ വിരിഞ്ഞുനിൽക്കുന്ന നിശാഗന്ധിയുമായിരുന്നു അവളുടെ ഓർമ നിറച്ചും. അതിനെ വർണിച്ചും പിറ്റേ ദിവസം രാവിലെ തളർന്നുവാടിയ പൂവേടുത്കൊണ്ട് കൂട്ടുകാരുടെ ഇടയിൽ ശുഭ പൂവിന്റെ ഭംഗി വിവരിക്കുമായിരുന്നു. ഇനി അതവിടം ഉണ്ടാവില്ല. തന്റെ ദോഷത്തിൽ അവളെന്തു പിഴച്ചു…?ഒരുതരത്തിൽ ജാതകത്തിൽ ദോഷമുള്ളത് നല്ലതാണ്.തന്റെ കുറവ് ഒരു പുരുഷൻ അറിയില്ലലോ. തനിക്കും അതറിവില്ലായിരുന്നു. ഒരിക്കൽപോലും കാമചിന്തകളിൽ ചുറ്റിപറ്റാതെ തന്റെ പഠനത്തിലും മറ്റു കാര്യങ്ങളിലുമായിരുന്നു ശുഭ ജാഗ്രത വെച്ചിരുന്നത് അപർണയെ കാണുന്നതുവരെ. കോയമ്പത്തൂരിലെ വുമൺസ് ഹോസ്റ്റലിൽ തന്റെ റൂമേറ്റ് ആയിരുന്നു. അവളിലായിരുന്നു ശുഭ ആദ്യം തന്നെ അറിഞ്ഞത് പിന്നെ അവളെയും. പിന്നീട് ഞങ്ങൾ ഒരുമിച്ചുള്ള യാമങ്ങളും നിമിഷങ്ങളും ഞങ്ങൾ മാത്രം അറിഞ്ഞുള്ളതായിരുന്നു.. ഇന്ന് ബോണ്ട് അവസാനിച്ചു തിരിച്ചുപോകുമ്പോൾ ഇനിയെന്ന് കാണുമെന്ന് അറിയില്ല. ഒരു പുരുഷനോടൊത്തുള്ള ദാമ്പത്യം ശുഭ സ്വപ്നം കാണുന്നില്ല. എങ്കിലും ഇനി എന്നാണ് താൻ പൂക്കുകയും പ്രഭ ചൊരിയുകയും എന്നു അവൾ ആലോചിച്ചുകൊണ്ടിരുന്നു.
ബസിറങ്ങി വീടിന്റെ പടിക്കെട്ട് കടന്നപ്പോൾത്തന്നെ സ്ഥലം കാലിയാക്കിയ ഗന്ധിയെ അവളോർത്തു. പാവം!ഞാനോ അവളോ? ഞാനും ഒരുദിവസം ഇതുപോലെ പറിച്ചമാറ്റപ്പെടും…
“അമ്മേ ഞാനിങ്ങെത്തിട്ടോ..”