വല്ലാത്ത ചൂട്, ഫാനുണ്ട്,  എന്നിട്ടും വിയർക്കുന്നു. ഏറെ നേരമായി ദാഹിക്കുന്നു. കസേരയിൽ നിന്ന് എഴുന്നേൽക്കാനുള്ള മടി കൊണ്ട് മാത്രം ഇവിടെത്തന്നെ ചടഞ്ഞിരിക്കുന്നു.
 പത്രം മുഴുവൻ വായിച്ചു. ചരമകോളത്തിൽ തുടങ്ങി അവസാനത്തെ പേജ് വരെ. ഇവിടെ നടക്കുന്ന പൊറാട്ട് നാടകങ്ങൾ മിക്കവാറും ഒന്നും എനിക്ക് മനസ്സിലാകുന്നില്ല. പരിചയമുള്ള മുഖങ്ങളാകട്ടെ ബഹുഭൂരിപക്ഷവും പ്രത്യക്ഷപ്പെടുന്നത് ചരമകോളത്തിലാണ്. മക്കളോടും പിന്നെ ഒസ്യതിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്, കളർ ഫോട്ടോ തന്നെ വേണം. എന്നും നവീന ആശയങ്ങൾക്കു വേണ്ടി നിലകൊണ്ടിരുന്ന ഞാൻ, അടിയന്തരത്തിനും ചില പരിവർത്തനങ്ങൾ ഉദ്ഘോഷിച്ചിട്ടുണ്ട്. അതിലൊന്ന്, ഇഡലിക്ക് പകരം അപ്പത്തിന്റെയും നെയ് റോസ്റ്റ് ൻ്റെയും പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കണം എന്നുള്ളതാണ്. ഓശാരത്തിന് അല്ല, അതിനുവേണ്ടി പ്രത്യേകം ഒരു കബറടക്കഫണ്ട് തന്നെ ഞാൻ രൂപീകരിച്ചിട്ടുണ്ട്.ദാഹം കലാശലായി കൂടുന്നു. പ്രത്യേകിച്ച് ആരും വന്ന് എടുത്തു തരാൻ ഇല്ലാത്തതുകൊണ്ട് അവനവനെ തന്നെ പ്രചോദിപ്പിച്ചെ മതിയാവു. സമയം കൃത്യമായി എത്രയാണെന്ന് അറിയില്ല. ഉദ്ദേശം, ഒരു 12 മണിയായി കാണും. സൂക്ഷ്മതയോടെ അളക്കുംതോറും ദൈർഘ്യം കൂടുന്ന ഭൂമിയിലെ ഒരേയൊരു സാധനം സമയം മാത്രമായിരിക്കും. അങ്ങനെ ചാരുകസേരയുടെ ഇരുവശത്തുമുള്ള ചുമരുകളിലും മുന്നിലുള്ള വാതിൽ പടിയിലും നോക്കിയിരുന്ന്, അളന്ന് , സമയത്തിൻറെ ദൈർഘ്യം വല്ലാതെ കൂടിയപ്പോൾ പരിഷ്കാരത്തിന്റെ ഭാഗമായി ചുമരിലെ എല്ലാ ക്ലോക്കുകളും നീക്കം ചെയ്തു.സമാധാനം! ഇപ്പൊൾ സമയം, ഉണരുന്നതിനും ഉറങ്ങുന്നതിനും ഇടയ്ക്ക് ഇടതടവില്ലാതെ, മുറിക്കാൻ ആകാതെ ,  നദി പോലെ ഒഴുകുന്ന ഒന്ന്….ഉറങ്ങാനാകാത്ത രാത്രികൾ വീണ്ടും പുതിയ തത്വങ്ങൾ പഠിപ്പിച്ചു – ശബ്ദത്തിന് മാത്രമല്ല നിശബ്ദതക്കും പ്രതിധ്വനിയുണ്ടെന്ന്!   പൊരുത്തക്കേട് വല്ലാതെ കൂടുന്നു. എല്ലാത്തിനോടും, ഈ സ്ഥലത്തോടും ചുറ്റുപാടുകളോടും, മനുഷ്യരോടും എല്ലാം. ഈ സ്ഥലവും ഞാനും തമ്മിൽലുള്ള ബന്ധം എവിടെയോ സൂക്ഷിച്ചിരിക്കുന്ന ഒരു കഷണം കടലാസാണത്രേ. കോടാനുകോടി വർഷങ്ങളായുള്ള ഈ ഭൂമിയും, ഞാനും, ഒരു കഷണം കടലാസും. ഇവിടെ ഏകാന്തതയാണ്. കാലത്തിൻറെ കുത്തൊഴുക്കിൽ ശൂന്യത മാത്രം. ഈ ശൂന്യതയിലും ഞാൻ പ്രണയത്തിലാണ്. തീവ്രമായ പ്രണയത്തിൽ…..മരണവുമായി!എൻ്റെയീ പ്രണയം സ്വാർത്ഥമാണ്.
എങ്ങും മനുഷ്യർ മാത്രമുള്ള ഇവിടം, അപരിചിതരെ കൊണ്ട് നിറയുമ്പോൾ, ഉറ്റൊരെ യാത്രയാക്കാൻ ഞാൻ മാത്രമാകുമ്പോൾ, തീവ്രമാകുന്ന സ്വാർത്ഥത. യാത്രയയപ്പുകൾ കഴിഞ്ഞ് യാത്രക്കാരനാകാനുള്ള സ്വാർത്ഥത. ആ പുതു ലോകത്തിൽ വീണ്ടുമൊരു കുട്ടിയായി, സ്നേഹത്തണലിൽ മുത്തശ്ശിയുടെ മടിയിൽ കഥ കേട്ടുറങ്ങുന്ന ബാലനായി ജനിക്കാനുള്ള സ്വാർത്ഥത.