നഗരത്തിലെ പ്രധാന ഹൈവേകളിൽ ഒന്നാണ് സ്കൈലൈൻ എക്സ്പ്രസ് വേ റോഡ് .
അർദ്ധരാത്രിയിലും ആ പ്രദേശം മുഴുവൻ കടന്നു പോകുന്ന വാഹനങ്ങൾ കൊണ്ട് ശബ്ദമുഖരിതമായിരുന്നു .
ഹൈവേ റോഡിനു ഒരു വശത്തായി ഒരു ബഹുനില സോഫ്റ്റ്‌വെയർ കമ്പനി കെട്ടിടം തലയെടുപ്പോടെ നിൽപ്പുണ്ട് – ന്യൂ ഹൊറൈസൺ സിസ്റ്റം ടെക്നോളോജിസ് .
ഓഫീസ് കെട്ടിടത്തിലെ ജനാലകളിൽ താഴെ നിര നിരയായി നിൽക്കുന്ന തെരുവുവിളക്കുകളുടെയും കടന്നു പോകുന്ന വാഹനങ്ങളുടെയും തിളക്കം പ്രതിഫലിച്ചു.
രാത്രി വളരെ വൈകിയും , ഒരു നിലയുടെ ഒരു മൂലയിൽ നിന്ന് മാത്രം വെളിച്ചം കാണാം .
കമ്പനിയുടെ ഡാറ്റ സെന്റർ ടീമിൽ അടുത്തകാലത്തായി ജോലിയിൽ പ്രവേശിച്ച ഇഷാൻ , തൻ്റെ ഷിഫ്റ്റിൽ വളരെ ഊർജ്ജസ്വലനായി തന്നെ ഏല്പിച്ച സെർവർ അപ്ഗ്രേഡ് ജോലികളിൽ വ്യാപൃതനായിരുന്നു .
കൂടെ ഷിഫ്റ്റിലുണ്ടായിരുന്ന സീനിയർ “എന്തെങ്കിലും ആവശ്യമുണ്ടങ്കിൽ വിളിക്കണം…” എന്നും പറഞ്ഞേല്പിച്ചാണ് പുറത്തേക്കു പോയത് .

സമയം കുറെ ഏറെയായി , ഇഷാൻ കൂടെയുള്ള സീനിയറിനെ ഫോൺ വിളിക്കാൻ ശ്രമിക്കുകയാണ്.
കുറച്ചു നേരമായി സെർവർ അപ്ഗ്രേഡ് ചെയ്യാൻ പറ്റുന്നില്ല.
ടീമിലെ മറ്റു അംഗങ്ങളെയും വിളിക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷെ ആരും ഫോൺ എടുക്കുന്നില്ല .
വളരെ നല്ല രീതിയിൽ ആത്മവിശ്വാസത്തോടെ അത് വരെയുള്ള കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകുന്നതിനിടയിലാണ് സങ്കീര്ണമായൊരു അപ്ലിക്കേഷൻ ഡാറ്റ കറപ്‌ഷൻ പ്രശ്നം ഉടലെടുത്തത് .
പ്രൊഡക്ഷൻ സെർവറുകളെല്ലാം അടുത്ത ദിവസം അതിരാവിലെ തന്നെ ക്ലയന്റിന് തിരിച്ചേൽപ്പിക്കുകയും വേണം .
അപ്ഗ്രേഡ് ചെയ്തു തീർക്കേണ്ട ഡെഡ് ലൈൻ അടുത്തടുത്ത് വരുന്നതിനാൽ , പെട്ടെന്ന് എന്തെങ്കിലും ചെയ്തേ മതിയാവുകയുള്ളൂ.

എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങനെയിരിക്കുമ്പോൾ , ചുറ്റും തണുപ്പ് നന്നേ കൂടി വരുന്നത് പോലെ തോന്നി .
ഇഷാൻ ചിന്തിച്ചു “ആരുമില്ലാത്ത ഈ രാത്രിയിലും ഇവരെന്തിനാ എസി കൂട്ടി വെച്ചിരിക്കുന്നത് “.

തൻ്റെ ഡെസ്ക്ടോപ്പ് സ്ക്രീൻ വല്ലാത്ത ഒരു ഇളം ചുവപ്പു നിറത്തിലേക്കു മാറി പ്രകാശം കൂടുകയും കുറയുകയും ചെയ്യുന്നത് ശ്രദ്ധിച്ചു .
താൻ ടൈപ്പ് ചെയ്യുന്നതിന് പുറമെ തൻ്റെ കീബോർഡിൽ ഇടക്കിടക്ക് താനറിയാതെയുള്ള കീസ്ട്രോക്ക്സുകൾ ,
മൗസ് അനക്കിയില്ലെങ്കിലും , സ്ക്രീനിലെ കഴ്സർ ഇടക്കിടക്ക് ചലിച്ചു തനിയെ ചില ഫോൾഡറുകൾ ഓപ്പൺ ചെയ്യുന്നു .
പതിയെ ഇഷാന് എന്തോ ഒരു പന്തികേട് തോന്നി തുടങ്ങി, താൻ ഒറ്റയ്ക്കല്ല എന്ന പ്രതീതി .
അവഗണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചില അടയാളങ്ങൾ ഇഷാനെ വളരെ ഭയപ്പെടുത്തി .

ഇനി തൻ്റെ വർക്സ്റ്റേഷൻ ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്ന് പേടിച്ചു ഇഷാൻ നെറ്റ്‌വർക്ക് കേബിൾ വലിച്ചൂരി .
പക്ഷെ വൈറസ് ബാധിച്ചത് പോലെ വർക്സ്റ്റേഷൻ പിന്നെയും അനിയന്ത്രിതമായി എന്തൊക്കെയോ തനിയെ ചെയ്തുകൊണ്ടിരുന്നു .
കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യാൻ നോക്കിയിട്ടും പറ്റുന്നില്ല .
അൽപ്പം പേടിയോടെ കസേരയിൽ നിന്നും എഴുന്നേറ്റ്‌ കുറച്ചു ദൂരെ മാറി നിന്നു എന്ത് ചെയ്യണം എന്ന് ആലോചിച്ചു .

സർവീസ് ഡെസ്കിൽ വിളിച്ചു നോക്കിയാലോ എന്ന് കരുതി ഓഫീസ് ഫോൺ നോക്കുമ്പോൾ , അതു പ്രവർത്തിക്കുന്നില്ല .
സ്വന്തം മൊബൈൽ ട്രൈ ചെയ്യാം എന്ന് കരുതിയപ്പോൾ അത്ഭുതമെന്നു പറയട്ടെ അതിൽ സിഗ്നലും കാണിക്കുന്നില്ല .
മറ്റൊന്നും കൂടുതൽ ആലോചിക്കാതെ പെട്ടെന്ന് ഓഫീസ് ഫ്ലോറിനു പുറത്തേക്കിറങ്ങി സെക്യൂരിറ്റിയോട് ചോദിക്കാമെന്ന് കരുതി ;
ഡോറിന്റെ അരികിലേക്ക് ചെന്ന് അക്സസ്സ് കാർഡ് കാണിച്ചു . ഒരു ഞെട്ടലോടെ ആ കാര്യം മനസിലാക്കി , അക്സസ്സ് കാർഡ് പ്രവർത്തിക്കുന്നില്ല , ഡോറും ഓപ്പൺ ആവുന്നില്ല .

എന്ത് ചെയ്യണം എന്ന് അറിയാതെ തിരിച്ചു ഡെസ്കിലേക്കു വന്ന ഇഷാൻ , പുറകിൽ നിന്നും കസേര അനങ്ങുന്നതു പോലെ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി .
കുറച്ചു അടുത്തായി ഒരു കസേരയിൽ ഒരു കറുത്ത നിഴൽരൂപം ഇരിക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത് .
ആരുമില്ലാത്ത ആ ഫ്ലോറിൽ അങ്ങനെ ഒരു രൂപം തന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടു ഒരു നിമിഷം മനസ് പതറി .
ഇഷാൻ ആ നിഴൽ രൂപം ഇരിക്കുന്ന ദിശയിലേക്കു പതിയെ നടന്നു .

ഒന്ന് രണ്ടു അടി എടുത്തു വെച്ചപ്പോൾ തന്നെ ആ രൂപവും പെട്ടെന്ന് എഴുന്നേറ്റു തൻ്റെ നേർക്ക് നടന്നു വരുന്നത് പോലെ തോന്നി .
മുഖം വ്യക്തമല്ല , മഞ്ഞ നിറമുള്ള കണ്ണുകൾ തന്നെ തന്നെ തീക്ഷ്ണമായി നോക്കുന്നുണ്ടെന്നു മാത്രം അറിയാം .
കറുപ്പ് നിറമുള്ള സ്യൂട്ട് ധരിച്ച ഉയരം കൂടിയ ഒരു കറുത്ത ആൾ രൂപം .

രാത്രിയുടെ ഹൃദയത്തിൽ, ശൂന്യമായ ഓഫീസ് കാബിനുകൾ പ്രകമ്പനം കൊള്ളുമാറ് ഒരു ചോദ്യം മുഴങ്ങി.

  "ഡൂ യു നീഡ് എനി ഹെല്പ്  ..."

ഭയന്ന് വിറച്ചു പോയ ഇഷാൻ ഉള്ളിലെ പേടി പുറത്തു കാണിക്കാതെ ചോദിച്ചു “നിങ്ങൾ ആരാണ് “.

ആ ചോദ്യത്തിന് തിരിച്ചു ഉത്തരമൊന്നും കിട്ടിയില്ല.

പരവതാനി വിരിച്ച തറയിൽ ശബ്ദമില്ലാതെ ആ പ്രേതരൂപം തൻ്റെ മേശയുടെ അടുത്ത് എത്താറായി .
ഇളം മൂടൽ മഞ്ഞു ആ ഫ്ലളോറിൽ പരന്നു തുടങ്ങിയത് പെട്ടെന്നായിരുന്നു .
ഒരു നിമിഷം ആ രൂപം അപ്രത്യക്ഷമായി , കൂടെ
മങ്ങി മങ്ങി നിന്നുരുന്ന ഫ്ലോറിലെ ലൈറ്റുകൾ എല്ലാം ഒരുമിച്ചു അണഞ്ഞു .

കുറച്ചു നിമിഷങ്ങൾക്ക് ശേഷം ബൾബുകൾ വീണ്ടും പ്രകാശിച്ചു .
പേടിച്ചരണ്ട ഇഷാൻ ചുറ്റിനും നോക്കി , ആരെയും കാണാൻ ഇല്ല .

ഭയത്താൽ മരവിച്ച ഇഷാന്റെ കയ്യിലേക്ക് പെട്ടെന്നാരോ കയറി പിടിച്ചു .
കൈ സർവ്വ ശക്തിയുമെടുത്തു പിൻവലിച്ചിട്ടു കുതറി മാറിയ ഇഷാൻ കണ്ടത്, കാലഹരണപ്പെട്ട ഓഫീസ് വേഷം ധരിച്ച ഒരു അർദ്ധസുതാര്യ രൂപം
തൻ്റെ തൊട്ടു അടുത്തു കസേരയിൽ ഇരിക്കുന്നതാണ് .
പെട്ടെന്നുള്ള ഈ കാഴ്ച്ചയിൽ ഭയന്ന് തലകറങ്ങി അടുത്തുള്ള കസേരയിൽ ഇരുന്നത് മാത്രം ഓർമയുണ്ട് .

“ഇഷാൻ എന്ത് പറ്റി , എഴുന്നേൽക്ക് ” ആരൊക്കെയോ തൻ്റെ മുഖത്തു വെള്ളം തളിച്ചു വിളിക്കുന്നത് കേൾക്കാം .
പയ്യെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ തൻ്റെ ടീമിലെ അടുത്ത ഷിഫ്റ്റിലെ സഹപ്രവർത്തകരാണ് .
അവരുടെ കൂടെ തൻ്റെ മാനേജരും , തന്നെ തനിച്ചാക്കി പോയ സീനിയറും ഉണ്ട് .

മാനേജർ : “ഇഷാൻ , നിങ്ങൾ ഷിഫ്റ്റിൽ കിടന്നുറങ്ങുവാണോ “.

സ്ഥലകാല ബോധം വീണ്ടെടുത്ത ഇഷാൻ പെട്ടന്നാണ് താൻ പകുതി വഴിയിൽ ചെയ്തു നിർത്തിയ സെർവർ അപ്ഗ്രേഡ് ജോലിയെ പറ്റി ഓർമ വന്നത്.
കഴിഞ്ഞ രാത്രി ഇവിടെ നടന്ന കാര്യങ്ങൾ പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല .

ഇഷാൻ : “ഇന്നലെ കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അപ്ഗ്രേഡ് വർക്ക് പൂർത്തിയാക്കാൻ പറ്റിയില്ല.ക്ഷമിക്കണം “

സീനിയർ : “ടാസ്ക് പൂർത്തിയായില്ലന്നോ ! ഞാൻ രാവിലെ ഇഷാന്റെ മെയിൽ കണ്ടല്ലേ സെർവറിലെല്ലാം ലോഗിൻ ചെയ്തു നോക്കിയത് .
ഇന്നലെ ഓഫീസിനു പുറത്തിറങ്ങിയപ്പോൾ വീട്ടിൽ നിന്നും ഒരു പ്രധാനപ്പെട്ട ഫോൺ കോൾ വന്നു , അതാ ഞാൻ വീട്ടിലേക്കു പോകുവാനാണെന്നും , ഷിഫ്റ്റ് ഒറ്റയ്ക്ക് മാനേജ് ചെയ്യണമെന്നും പറഞ്ഞു മെസ്സേജ് ഇട്ടിരുന്നത് , കണ്ടില്ലായിരുന്നോ ?”

ഇഷാൻ : ” ഞാൻ മെയിൽ അയച്ചെന്നോ ! എപ്പോൾ ? എന്തിനെ പറ്റി ? “

സീനിയർ : “ഡാറ്റ കറപ്ഷൻ പ്രശ്നങ്ങൾ എല്ലാം ഫിക്സ് ചെയ്തു , അഞ്ചു പ്രൊഡക്ഷൻ സെർവേഴ്സും ടെസ്റ്റിംഗിന് റെഡിയാണ് എന്നും പറഞ്ഞു അയച്ച മെയിലിനെ പറ്റിയാണ് ഞാൻ പറയുന്നത് . ക്ലയന്റ് ടെക് ലീഡ് ആപ്പ്ളിക്കേഷൻസ് എല്ലാം നോക്കി സ്ഥിരീകരിച്ചു അഭിനന്ദനവും അറിയിച്ചിട്ടുണ്ട് .”

മാനേജർ: “എനിക്കും ആത്മവിശ്വാസ കുറവുണ്ടായിരുന്നു , ഇത്ര നിര്‍ണ്ണായകമായ ഒരു പ്രൊജക്റ്റ് ടാസ്ക് ഇഷാന്ന്‌ ഒറ്റയ്ക്ക് ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല , അതും ഡെലിവറി പറഞ്ഞ സമയത്തിന് മുൻപേ , വെൽ ഡൺ !”

ഇഷാൻ ഉടനെ തൻ്റെ പിസി യിൽ ലോഗിൻ ചെയ്തു നോക്കി .
ബാക്കി നിർത്തി വെച്ചിരുന്ന പ്രവർത്തികളെല്ലാം വളരെ നല്ല ഭംഗിയായി തന്നെ ചെയ്തു തീർത്തിരിക്കുന്നത് കണ്ടു അത്ഭുതപ്പെട്ടു പോയി .
കൂടാതെ തൻ്റെ പേരിൽ ആരോ മെയിലും അയച്ചിട്ടുണ്ട് .
പ്രോജക്റ്റിൻ്റെ കുറ്റമറ്റ നിർവ്വഹണത്തിൽ സഹപ്രവർത്തകർ അഭിനന്ദനങ്ങൾ നൽകുമ്പോഴും , എങ്ങനെ ഇത് ഇത്ര വേഗത്തിൽ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു സങ്കീർണമായ അപ്ഗ്രേഡ് പൂർത്തിയാക്കാൻ സാധിച്ചുവെന്നുള്ള കാര്യം മനസ്സിലാക്കാൻ അവർക്കോ , ഇഷാനോ കഴിഞ്ഞില്ല.

“ഒരു പക്ഷെ രാത്രിയിൽ നടന്നതെല്ലാം എല്ലാം സ്വപ്നമായിരുന്നോ , അതോ ഇനി ഞാൻ തന്നെ ആണോ ഇതെല്ലാം ചെയ്തു തീർത്തത് .”
ബോധം പോയ ശേഷമുള്ള ആ നാല് മണിക്കൂർ എന്ത് സംഭവിച്ചു എന്ന് ഓർത്തെടുക്കാൻ പറ്റാതെ അമ്പരപ്പിൽ നിൽക്കുന്ന ഇഷാനെ തന്നെ നോക്കി നിന്ന ആ രൂപം പ്രഭാത സൂര്യനിൽ മൂടൽ മഞ്ഞെന്ന പോലെ പതിയെ അലിഞ്ഞുപോയി.

PS:
ഇഷാൻ അറിയാതെ പോയ ഒരു കാര്യമുണ്ട് ;
താൻ ഇപ്പോൾ ഉപയോഗിക്കുന്ന ക്യൂബികൾ ഡെസ്ക് ദീർഘകാലം ആ ഓഫീസിൽ ജോലി ചെയ്തിരുന്ന അതിസമർഥനായ ഹാരിസിൻ്റെതാണ് എന്നുള്ള യാഥാർഥ്യം .
തൻ്റെ സഹപ്രവർത്തകരുടെ ഇടയിൽ നല്ലയൊരു വ്യക്തിപ്രഭാവമുള്ളയാൾ , വർഷങ്ങൾക്കു മുൻപ് അതെ ഡെസ്കിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് എല്ലാവർക്കും ഒരു തീരാ നഷ്ടമായി കടന്നു പോയി .
അദ്ദേഹത്തെ പലരും മറന്നു തുടങ്ങിയിരുന്നെങ്കിലും ; ഉപേക്ഷിക്കപ്പെട്ട പ്രൊജെക്ടുകളിലും , മറന്നുപോയ കോഡുകളുടെയും സെർവറുകളുടെയും അസ്വസ്ഥമായ പ്രദേശങ്ങളിലും ഹാരിസിൻ്റെ സാന്നിധ്യം ചില അടയാളങ്ങളായി നില നിന്നിരുന്നു .
ഡെഡ്‌ലൈനുകളുടെയും ഡെലിവറബിളുകളുടെയും ലോകത്ത്, ചിലപ്പോൾ ഏറ്റവും സാധ്യതയില്ലാത്ത പങ്കാളിത്തം പോലും വിജയത്തിലേക്ക് നയിച്ചേക്കാം.