വർഷം 2000, ഫ്രണ്ട്സ് സിനിമ കാസറ്റിട്ട് കണ്ട് ഇൻസ്പിറേഷനായി സുഹൃത്തുക്കളായ മൂന്നുപേരുണ്ട്, കൃഷ്ണൻ, ബൈജു, നിതിൻ.
ഇങ്ങ് 22 വർഷങ്ങൾക്ക് ശേഷവും അല്ലറചില്ലറ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ഇപ്പോഴും അവർ സുഹൃത്തുക്കൾ തന്നെയാണ്. അല്ലറചില്ലറ പ്രശ്നങ്ങൾ എന്നുപറഞ്ഞാൽ വിളിക്കാതെ പഫ്സ് കഴിക്കാൻ പോയി, ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് ലൈക്ക് ഇട്ടില്ല , പരീക്ഷയ്ക്ക് എക്സ്ട്രാ പേപ്പർ വാങ്ങിച്ചു എന്നൊക്കെയുള്ള നിസാര കേസിനാണ്.
നാട്ടിലവർ അറിയപ്പെടുന്നത് Introvert കൃഷ്ണൻ, Extrovert ബൈജു, Ambivert നിതിൻ എന്നിങ്ങനെയാണ്.
Introvert കൃഷ്ണൻ പാവമാണ്, ആരെന്തുപറഞ്ഞാലും സെറ്റ് പല്ലുവെച്ച സിന്ധി പശുവിനെ പോലെ ചിരിച്ചോണ്ട് കേട്ടു നിൽക്കും ‘Pure introvert’. സ്വന്തം അപ്പൂപ്പൻ കാലുതെറ്റി കിണറ്റിൽ വീണത് കണ്ടിട്ട് വിളിച്ചുകൂവത്തെയോ ആരോടുംപറയാതെയോ നാട്ടുകാർക്ക് തന്നെപറ്റി എന്ത് തോന്നും എന്ന് കരുതി മിണ്ടാതെ റൂമിൽ കയറി ഉണരുമീ ഗാനം എന്ന പാട്ടുവെച്ച് കരഞ്ഞവൻ. അപ്പൂപ്പൻ വെള്ളം കുടിച്ച് മരിച്ച കിണറ്റിൽ നോക്കി ഇപ്പോഴും മിസ്സ് യു അപ്പൂപ്പാ എന്ന് പതുക്കെ പറയുന്നവൻ. ബസ്സിൽ കയറി കണ്ടക്ടറോട് ബാലൻസ് ചോദിക്കാൻ വയ്യാത്തതുകൊണ്ട് ഇറങ്ങേണ്ട സ്റ്റോപ്പിലും ഇറങ്ങാത്തവൻ.
ഇനി Extrovert ബൈജുവാകട്ടെ കൃഷ്ണന്റെ നേരെ വിപരീതം, ലോറിയുടെയും ബസ്സിന്റെയുമൊക്കെ പുറകിൽ റാഷ് ഡ്രൈവിംഗ് കണ്ടാൽ വിളിക്കു എന്നെഴുതിയിരിക്കുന്നത് കണ്ടാലുടൻ ആ നമ്പറിൽ വിളിച്ച് ഓവർ സ്പീഡാണെന്ന് പറഞ്ഞ് പരാതിപ്പെട്ട് ഡ്രൈവറിന്റെ പണി കളയുക, മരണവീട്ടിൽ പോയി ലൈഫ് ഇസ് വെരി ഷോർട്ട് നന്പാ എന്ന് പറയുക, മന്തികടയിൽ കയറി റൈസ് പിന്നേം പിന്നേം വാങ്ങി ഓണറെ ടെൻഷൻ അടിപ്പിക്കുക, കിൻഡർ ജോയ് ആണെന്ന് പറഞ്ഞ് പെങ്ങളുടെ കൊച്ചിനു മുട്ടയിൽ പെയിന്റടിച്ച് കൊടുക്കുക, ഇതൊക്കെയാണ് ബൈജുവിന്റെ ഹോബി.
ഇനിം നിതിനാകട്ടെ ലോകമണ്ടൻ, സ്വാതന്ത്ര്യദിനത്തിൽ കടയിൽ പോയി വേറെ കളർ പതാകയുണ്ടോ എന്ന് ചോദിക്കുവാ, 3 രൂപയുടെ പെൻസിൽ പൊട്ടിയതിനു 5 രൂപയുടെ സൂപ്പർഗ്ലൂ വാങ്ങി ഒട്ടിക്കുവാ, പരീക്ഷയുടെ തലേന്ന് ഫുൾ ഇരുന്ന് പഠിച്ചിട്ട് പരീക്ഷയുടെയന്ന് ഉറങ്ങിപോകുന്നവൻ, ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയപ്പോൾ അതുകാണിക്കാൻ സ്ക്രീൻഷോട്ട് എടുത്ത് അയക്കുവാ, ഇതൊക്കെ അവന്റെ ആവനാഴിയിലെ ചില ചെറിയ അസ്ത്രങ്ങൾ.
നിതിന്റെ അച്ഛന് ആ നാട്ടിലെ തന്നെ സ്റ്റേഷനിലെ എസ്.ഐയാണ്, എസ്.ഐ വിജയൻ. വിജയനും നിതിനെ പോലെ അല്ലെങ്കിലും ചെറുതായിട്ടൊരു മണ്ടനാണ്. എസ്.ഐ ജോലി വിജയന്റെ അച്ഛൻ അതായത് നിതിന്റെ മുത്തച്ഛൻ സർവീസിൽ ഇരുന്ന് മരിച്ചപ്പോൾ കിട്ടിയതാണ്. വിജയൻ ടീനേജിൽ ഒരു മണ്ടനായിരുന്നെങ്കിലും അഡൾട്ട്ഹുഡിൽ ജോലി കിട്ടി കംബാക്ക് നടത്തി.
നിതിന് വേറെയൊരു കഴിവുകൂടിയുണ്ട് എത്ര ദൂരെകൂടി പോകുന്ന പ്രശ്നങ്ങളും ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത് തലയിലാക്കുന്ന കഴിവ്. അതും സ്വയം അനുഭവിക്കാതെ സുഹൃത്തുക്കളെ കൂടിയതിൽ പങ്കുചേർക്കും എന്നതാണ് മറ്റൊരു പ്രത്യേക്ത. പതിവുപോലെ അവൻ കാർട്ടിൽ അഡ് ചെയ്ത് ഓർഡർ ചെയ്ത പണിയുമായി കൂട്ടുകാരുടെ അടുത്തേക്കെത്തി. ഒരു പ്രശ്നമുണ്ടെന്ന് നിതിനവരോട് പറഞ്ഞു, പുതുമയൊന്നും ഇല്ലാത്തുകൊണ്ടും എല്ലാം പ്രെഡിക്ടബിൾ ആയതുകൊണ്ടും ചില തെലുങ്ക് നടന്മാരെ പോലെ ഒരു ഭാവമാറ്റവുമില്ലാതെ കൃഷ്ണനും ബൈജുവും എന്താ കാര്യം എന്നുചോദിച്ചു. അല്ലെങ്കിലും കണ്ണ് പരിശോധനയ്ക്ക് കൂടെ വന്നിട്ട് സിസ്റ്റർമാർ കാണാതെ ബോർഡിലുള്ള അക്ഷരങ്ങൾ പറഞ്ഞു തരുകയും പനി പിടിച്ച് വീടിൽ കിടക്കുമ്പോൾ കാണാൻ വന്നിട്ട് വീട്ടിലോട്ട് ഒന്ന് ഡ്രോപ്പ് ചെയ്യാൻ പറയുന്ന ആത്മാർഥതയുടെ നിറകുടങ്ങളായ സുഹൃത്തുക്കളോട് അല്ലാതെ ആരോടാണ് അവൻ അവന്റെ പ്രശ്നങ്ങൾ പറയുന്നത്.
നിതിൻ പ്രശ്നം പറഞ്ഞുതുടങ്ങി ജംഗ്ഷനിൽ ‘കുബേര ടെക്സ്റ്റൈൽസ്’ നടത്തുന്ന സമ്പത്ത് തന്നെ തല്ലിയെന്ന്. സംഭവം പേര് സമ്പത്ത് എന്നാണെങ്കിലും കടയുടെ പേര് കുബേര എന്നാണെങ്കിലും സമ്പത്തിന് നാട്മൊത്തം കടവും കടപ്പടിയുമാണ്. തരം കിട്ടിയാൽ സ്വന്തം കടയിലെ പ്രതിമയോട് വരെ സമ്പത്ത് കടം ചോദിക്കും, കടം കാരണം വീടുവരെ നഷ്ടപ്പെട്ട സമ്പത്ത് ഒറ്റതടിയായത്കൊണ്ട് കടയിലാണ് കിടപ്പും.
തല്ലിയ കാരണം നിതിൻ സമ്പത്തിന്റെ തുണികടയിൽ കയറി ഡ്രസ്സ് ഇട്ട് നോക്കിയിട്ട് വേണ്ട എന്ന് പറഞ്ഞതാണെന്ന് നിതിൻ പറഞ്ഞു.
ചുറ്റും സൈലൻസ്, തന്നെ തല്ലിയതിന് തന്റെ സുഹൃത്തുക്കൾ പ്രതികാരം ചോദിക്കും എന്ന് ഉടൻ തന്നെ നിതിന് കൃഷ്ണന്റേയും ബൈജുവിന്റെയും മുഖത്തെ എക്സ്പ്രഷനിൽ നിന്ന് മനസിലായി. നിതിന്റെ മനസ്സിൽ ഇപ്പോൾ അവർ തന്റെ സുഹൃത്തുക്കളല്ല സൂപ്പർ ഹീറോസാണ്. സൂപ്പർ ഹീറോസ് നിരാശപ്പെടുത്താറില്ലല്ലോ…!!
കൃഷ്ണന്റെ ഉള്ളിലെ ഹാരിസ് ജയരാജ് വെറുതെ ഇരിക്കുമോ, രണ്ട് മാസ്സ് ബി.ജി.എം എടുത്ത് വീശി എന്നിട്ട് നിതിനോട് ഒരു പറച്ചിലും, ‘നീ പോയി ഒരു ലിറ്റർ സാധനവും ഒരു ലിറ്റർ പെട്രോളും വാങ്ങിട്ട് വാ.. രണ്ടെണ്ണം അടിച്ചിട്ട് ഇന്ന് അവന്റെ കടയ്ക്ക് തീയിടുവാ…’
നിതിൻ ചെറുതായിട്ട് ഒന്ന് വേരണ്ടിട്ട് ‘ കട കത്തിക്കാനോ… അതൊക്കെ പ്രശ്നമാകും’,
‘ഒരു പ്രശ്നവുമില്ല , നീ ധൈര്യമായിട്ടിരിക്ക് നിന്നെ തല്ലിയിട്ട് അവൻ ഇവിടെ കട നടത്തേണ്ട’ ബൈജു പറഞ്ഞു.
അതുകേട്ടപ്പോൾ നിതിനും കുറച്ച് കോൺഫിഡന്റായി, കോൺഫിഡൻസിന്റെ ഫ്ലിപ്കാർട്ടാണ് ബൈജുവും കൃഷ്ണനും.അതുകൊണ്ടുതന്നെ റിവെഞ്ച് കമ്മിറ്റി രൂപീകരണം പെട്ടെന്നുകഴിഞ്ഞു. നിതിൻ പോയി മദ്യവും പെട്രോളും വാങ്ങിവന്നു അവർ അടിയും തുടങ്ങി, എഫ് വൺ കാറിന്റെ ടയർ മാറ്റിയിടാനുള്ള ധൃതിയോടെ. നല്ല കപ്പാസിറ്റിയുള്ളതുകൊണ്ട് ആദ്യത്തെ പെഗ്ഗിൽ തന്നെ മൂന്നാളും അത്യാവശം ഇംഗ്ലീഷക്ഷരം ഡബ്ല്യൂയായി എന്നിട്ടും അടി തുടർന്നു, നേരം രാത്രിയായപ്പോൾ ജംഗ്ഷനിലേക്ക് കടകത്തിക്കാൻ നാമൂന്ന് പന്ത്രണ്ട് കാലുകളുമായി അവർ നടന്നു വിത്ത് കുപ്പികൾ. അതിനിടയിൽ സ്ഥിരം ക്ലിഷേ ഡയലോഗുകൾ വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം, ഞാൻ ഫിറ്റല്ല എന്നിങ്ങനെ.
കുബേര ടെക്സ്റ്റൈൽസിന്റെ മുന്നിലെത്തിയയുടൻ മൂന്നുപേരും ബഹളം തുടങ്ങി.പണ്ടത്തെ കടയായതുകൊണ്ട് തടിയുടെ വാതിലായിരുന്നു കടയ്ക്കുള്ളത്.അകത്ത് നാളെ ആരോട് കടം വാങ്ങണം എങ്ങനെ വാങ്ങണം എന്നുള്ളതിന്റെ ബ്ലൂ പ്രിന്റ് തയാറാക്കുവായിരുന്നു സമ്പത്ത്, അതിനിടയിലാണ് ഇവരുടെ ബഹളം കേട്ടത്. ബഹളം കേട്ടപോഴേ സമ്പത്തിന് കാര്യം മനസ്സിലായി.സമ്പത്ത് ഒച്ചയുണ്ടാക്കാതെയിരുന്നു, അകത്തുനിന്ന് അനക്കമൊന്നും കേൾക്കാതിരുന്നപ്പോൾ മൂന്നുപേരും സമ്പത്ത് അകത്തില്ല എന്നുകരുതി മിഷൻ ഉപേക്ഷിച്ച് തിരിച്ച് നടക്കാൻ തുടങ്ങി. ഉടനെ അകത്ത് സമ്പത്തിന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി , ഫോണിന്റെ റിങ് ടോൺ ഒരുവൻ ഒരുവൻ മുതലാളി എന്ന സോങ് പക്കാ സോങ് സെലക്ഷൻ ‘സമ്പത്ത് പ്ലേലിസ്റ്റ്’ സമ്പത്തിന്റെ ഫോണിലെ സ്ക്രീനിൽ ‘Moon uncle ‘ ഇന്ന് വിളിച്ചയാളുടെ പേരു കാണാം. വകയിലുള്ള ചന്ദ്രൻ മാമനാണ് വിളിച്ചത്, കുറച്ച് കടമൊക്കെയുണ്ടെങ്കിലും പഴയ ബി.എ ഇംഗ്ലീഷാണ് സമ്പത്ത്, പക്കാ പ്രഫഷണലിസം..!
സമ്പത്ത് ഫോൺ കട്ടാക്കിയിട്ട് സൈലന്റാക്കി, ഫോണും സമ്പത്തിനെയും. ഫോണിന്റെ ശബ്ദം കേട്ട് പോകാൻ തുടങ്ങിയ നിതിനും കൃഷ്ണനും ബൈജുവും തിരിച്ച് കടയുടെ വാതിലിന്റെ അടുത്തെത്തി പിന്നെയും പഴയ ബഹളം തുടങ്ങി ‘Repeat’!. ഇനിം നീ ഇറങ്ങി വന്നില്ലെങ്കിൽ വാതിൽ കത്തിച്ച് അകത്തുകയറി നിന്നെയും കത്തിക്കുമെന്ന് കൃഷ്ണൻ പറഞ്ഞു.
‘ഓ അഡ്രിനാലിൻ ക്രഷ് ‘, കണ്ടുനിന്ന നിതിൻ പറഞ്ഞു.ഇനിം എന്തെങ്കിലും ചെയ്തില്ലെങ്കിൽ പണിയാകുമെന്ന് കരുതിയ സമ്പത്ത് ഫോണെടുത്ത് പോലീസിനെ വിളിക്കാൻ നോക്കി. ലോണെടുത്ത് റീചാർജ് ചെയ്യാത്ത ഫോണിൽ കോളുചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഐഡിയക്കാരും സമ്പത്തിനെ തോൽപിച്ചു.
കുപ്പിയെടുത്ത് തുറന്ന് ബൈജു ഡോറിലും തറയിലും ഒക്കെ ഒഴിച്ചു. സമ്പത്ത് വിളിച്ച് കൂവാൻ തുടങ്ങി. ഒഴിച്ചു കഴിഞ്ഞപ്പോളാണ് അവരുടെ കയ്യിൽ കത്തിക്കാൻ ലൈറ്ററോ തീപ്പെട്ടിയോ ഇല്ലെന്ന കാര്യമോർത്തത്. അത്യാവശം വെള്ളമടിയുണ്ടെങ്കിലും സിഗററ്റ് വലിയില്ല മൂന്നുപേർക്കും, ‘സാമൂഹിക പ്രേതിബദ്ധതയുള്ള ചെറുപ്പകാർ നന്മയുടെ പാതയിലേക്ക് നാടിന്റെ യുവത്വം’ എന്നാണ് അവരുടെ ടാഗ് ലൈൻ തന്നെ.രാത്രിയായോണ്ട് കടകളെല്ലാം അടച്ചു, തീപ്പെട്ടി കിട്ടാൻ നോരക്ഷാ. സമ്പത്തിന്റെ നിലവിളി ലിറ്റർസ്കെയിലിൽ 3 ശതമാനം കൂടി.
കല്ലുരച്ച് തീ വെരുത്തിയാലോ എന്ന് നിതിൻ പറഞ്ഞു, വൗ ദി സയന്റിസ്റ്റ് ഗയ്. റോഡിലൂടെ പോകുന്ന ഏതെങ്കിലും വണ്ടി തടഞ്ഞുനിർത്തി വാങ്ങിക്കാമെന്ന് കൃഷ്ണൻ പറഞ്ഞു. കൃഷ്ണന്റെ ഐഡിയ കേട്ടിട്ട് നീ വെറും കൃഷ്ണനല്ല ഐഡിയ കൃഷണൻ ആണെന്ന് നിതിനും പറഞ്ഞു. ഐഡിയ ആണെങ്കിൽ ഒരു മുപ്പതിന്റെ റീചാർജ്ജ് തനിക്കൂടെ എന്ന് അകത്തുനിന്ന് സമ്പത്തും പറഞ്ഞു.
ദൂരെ നിന്ന് വരുന്ന വണ്ടി കണ്ടിട്ട് ബൈജു റോഡിലോട്ട് ഇറങ്ങി കൈ കാണിച്ചു, വന്ന വണ്ടിയാകട്ടെ പോലീസ് ജീപ്പ് .നൈറ്റ് പെട്രോളിംഗിന് ഇറങ്ങിയ നിതിന്റെ അച്ഛൻ വിത്ത് മൂന്ന് കോൺസ്റ്റബിൾസ്, വിജയനും പോലീസുക്കാരും ഇവരെ കണ്ടു ചാടിയിറങ്ങി കാര്യംതിരക്കി, രണ്ട് ചാട്ടം ചാടിയപ്പോ ബൈജു എല്ലാം സിറി പറയുന്ന പോലെ പറഞ്ഞു. കടയുടെ വാതിലിനടുത്തേയ്ക്ക് പോലീസുകാരിൽ ഒരാൾ ചെന്നിട്ട് സമ്പത്തിനോട് വാതിൽ തുറക്കാൻ പറഞ്ഞു. വാതിൽ ചെറുതായൊന്ന് മണത്തിട്ട് ചോദിച്ചു ‘ മദ്യമൊക്കെ ഒഴിച്ചു കത്തിക്കാൻ നിനക്കൊക്കെ വല്ല ലോട്ടറിയുമടിച്ചോ??’
അടിച്ചു പിമ്പിരിയാണെങ്കിലും പെട്ടെന്നാ ചോദ്യം കേട്ട് കൃഷ്ണനും ബൈജുവും ഞെട്ടി, നിതിനാകട്ടെ അപ്പോഴേക്കും ഒരു മൈൽഡ് കാർഡിയാക് അറസ്റ്റിന്റെ തുമ്പത്ത്.
ചെറുതായിട്ടോന്ന് മാറി ഉർവശി തിയേറ്റേഴ്സ് ഉറുമീസ് തമ്പാനായതുപോലെ, ആദ്യത്തെ പെഗ്ഗിനു ശേഷം മദ്യത്തിന് പകരം കുടിച്ചത് പെട്രോളും കട കത്തിക്കാൻ ഒഴിച്ചത് മദ്യവും. കയ്യിൽ തീപ്പെട്ടിയുണ്ടാരുന്നെങ്കിൽ മൂന്നാളും നിന്ന് കത്തിയേനെ, ‘മരണത്തിലും പിരിയാത്ത സൗഹൃദം’ ഒരു അഞ്ചുകോളം വാർത്തയ്ക്ക് പറ്റിയ ടൈറ്റിൽ’.
ഇതൊക്കെകണ്ടു നിന്ന വിജയൻ മകനായ നിതിനോട് ഒന്നും മിണ്ടിയില്ല, അടിപൊട്ടും എന്ന് കണ്ടപ്പോൾ നിതിൻ കരഞ്ഞു വിജയനെ കെട്ടിപിടിച്ചു. വിജയന് കാര്യങ്ങൾ ഇമോഷണലി കണക്റ്റായി, കണ്ടുനിന്ന കൃഷ്ണനും ബൈജുവും പറയാതെ പറഞ്ഞു ‘രാക്ഷസനടികർ’.
തന്റെ മകൻ ഒരു ഡ്രസ് ഇട്ടുനോക്കിയതിന് അവനെ എന്തിനാ തല്ലിയെ എന്ന് വിജയൻ സമ്പത്തിനോട് ചോദിച്ചു, ഇമോഷണലി കണക്റ്റായ ഒരു അച്ഛന്റെ രോദനമെന്ന് പറയാം.
എല്ലാം അകത്തുനിന്നു കേട്ട് പുറത്തുവന്നു കണ്ട് ചെറുതായിട്ട് ഒന്ന് പേടിച്ച, അല്ലല്ല ഇച്ചിരി വലുതായിട്ട് പേടിച്ച സമ്പത്ത് തൊണ്ടയിൽ നിന്നല്ലാതെ അണ്ഡകടാഹത്തിൽ നിന്നുവന്ന ശബ്ദത്തോടെ പറഞ്ഞു
‘ ഇവൻ ഇട്ട് നോക്കിയത് ഷഡിയാ… അണ്ടർവെയർ, അതിട്ടു നോക്കിയിട്ട് ഊരി തന്നു’
കുടിച്ചത് പെട്രോൾ ആണെങ്കിലും നല്ല കിക്കുണ്ടല്ലോ ചിലപ്പോ സ്പീഡായിരിക്കും എന്ന് വണ്ടർ അടിച്ചുനിൽക്കുന്ന കൃഷ്ണനും ബൈജുവും, സ്വന്തം മകനയോണ്ട് മാത്രം തന്തയ്ക്ക് വിളിക്കാൻ പറ്റാതെ നിൽക്കുന്ന വിജയനും, അടുത്ത ഇമോഷണലി കണക്ടവാനുള്ള സെന്റി സീനിനായി പ്രീപ്പേയർ ചെയ്യുന്ന നിതിനെ നോക്കി.
വിജയന്റെ ഉള്ളിലെ അലക്സാ പൂ മാനമേ പാടി….!!!
Nicee
👍🏽