അടുക്കളയിൽ ഒരു സ്റ്റീൽ പാത്രം താഴെ വീണു കുറേ നേരം കറങ്ങിയടിച്ചു നിന്നു…വീടിന്റെ ഡൈനിങ്ങ് ഏരിയയും കടന്ന് ആ ശബ്ദം ബെഡ്‌റൂമിൽ എത്തിയപ്പോഴേക്കും സിജോ ഉറക്കം ഉണർന്നിരുന്നു. ബെഡ്റൂമിന്റെ വാതിലിനരികിൽ തുറിച്ച് നോക്കികൊണ്ട് ആനി നില്പുണ്ട്, അവളുടെ നടുവിന്റെ ഇടതു ഭാഗം വളച്ചൊടിച്ച പോലെ അതിനു മേലെ ആദവും ഇരിപ്പുണ്ട്, അവനെ ഒക്കത്ത് എടുക്കുമ്പോളെല്ലാം അവളെ കാണാൻ ഗ്രേറ്റർ ദാൻ സിമ്പൽ പോലെയാണ്.

ചെക്കന്റെ കണ്ണ് രണ്ടും പാതി താഴ്ന്ന നിലയിലാണ്, കവിളിലാകെ കണ്ണീരിന്റെ പാടും മൂക്കിന്റെ ഒറ്റ ഓട്ടയിൽ നിന്നും താഴേക്കൊലിക്കുന്ന ദ്രവവും കാണാം.. തലേന്ന് കിടക്കും മുന്നേ അവന് വച്ച ഡയപ്പർ നിറഞ്ഞ് വീർത്തിരിക്കുന്നുണ്ട്, അത് മാത്രമാണ് ആകെ വേഷം. ചെറിയ കുറ്റബോധത്തിന്റെ ആലസ്യത്തിൽ സിജോ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്ന് ആദത്തിനെ എടുത്തു..നടുവിന്റെ വളവ് നിവർന്നപ്പോൾ ആനിക്ക് നാക്കിനു വളവു വന്നപോലെ..

“നിങ്ങളോട് ഞാൻ ഒരു നൂറു വട്ടം പറഞ്ഞതല്ലേ, കൊച്ചിന്റെ വീഡിയോ എടുത്ത് ഇടരുത് എന്ന്?”

അവളുടെ ശബ്ദം സിജോയുടെ വീടും കഴിഞ്ഞ് , അതിന്റെ അയല്പക്കത്തെ വീടും കഴിഞ്ഞ് മൂന്ന് വീട് അപ്പുറത്തുള്ള ശ്രീജിത്തിന്റെ ഭാര്യ ലക്ഷ്മി വരെ കേൾക്കത്തക്ക ഉച്ചത്തിൽ ആയിരുന്നു.

“പതുക്കെ, പതുക്കെ….” ദിലീഷ് പോത്തന്റെ “ചിൽ സാറാ ചിൽ” മൊമന്റ് മനസ്സിൽ ഓർത്തിട്ടാവണം സിജോ ആദ്യം ശ്രമിച്ചത് ആനിയുടെ ഒച്ച കുറയ്ക്കാൻ ആണ്.

“ഇനിയിപ്പോ വണ്ടി എടുക്ക്, നേരെ ഹോസ്പിറ്റലിലോട്ട് പോവാം.. അതാണല്ലോ ശീലം…” ശബ്ദം കുറഞ്ഞെങ്കിലും തീവ്രത കുറയാത്ത നാക്കുമായി ഇത്രയും പറഞ്ഞ് ആനി അടുക്കളയിലേക്ക് പോയി..
ഒക്കത്തിരിക്കുന്നവന്റെ മൂക്കിൽ നിന്നും അതിരപ്പള്ളി പോലെ ഒലിച്ചു വന്നത് സിജോ പൈപ്പിന്റെ ചുവട്ടിൽ കൊണ്ട് പോയി വൃത്തിയാക്കി…പതിയെ തോളിലേക്ക് ചാഞ്ഞ ആദത്തെയും കൊണ്ട് അവൻ അടുക്കളയിലെത്തി രംഗം ഒന്ന് തണുപ്പിക്കാൻ ശ്രമിച്ചു..

“എടീ, പല തവണ ഞാൻ പറഞ്ഞിട്ടുള്ളതാണ്, ഇതൊന്നും എനിക്ക് ദഹിക്കില്ല എന്ന്.. കൊച്ചിന്റെ റീൽ ഉണ്ടാക്കി സ്റ്റാറ്റസ് ആക്കുമ്പോഴാണ് അവന്റെ ഉള്ളിൽ വൈറസ് കേറുന്നതെന്നൊക്കെ പറഞ്ഞാൽ, അത് പറയുന്ന നിങ്ങൾക്കില്ലെങ്കിലും കേൾക്കുന്ന എനിക്ക് കുറച്ച് ബോധവും ലോജിക്കും ഒക്കെ ഇല്ലേ?”

“ആ ലോജിക് കൊണ്ടുപോയി നിങ്ങൾ പുഴുങ്ങി തിന്ന്, ഇതിപ്പോ എത്രാമത്തെ തവണയാണ് ഈ അനുഭവിക്കുന്നത്, എന്നിട്ടും ലോജിക് കളയാറായില്ലേ?” ആനിയുടെ ആ ചോദ്യത്തിന് അതിന്റേതായ പ്രസക്തി ഉണ്ട്… സിജോയുടെ ബോധ മണ്ഡലങ്ങളുടെയും അന്ധവിശ്വാസ ചിന്തകളുടേയും ഒത്ത നടുവിലാണ് ആ ചോദ്യം നിൽക്കുന്നത്.

സിജോ – ആനി ദമ്പതികൾക്ക് കുറച്ച് വൈകി കിട്ടിയ മകൻ ആണ് ആദം, നാല് മാസം പ്രായം മുതൽക്കേ അവന്റെ കളികളൊക്കെ ഫോട്ടോയും വിഡിയോസും ആയി രണ്ടുപേരും പകർത്തി വെക്കാറുണ്ട്.. ഇടയ്ക്കെപ്പോഴോ സോഷ്യൽ മീഡിയ കൊടുത്ത ഇൻഫ്ലുവെൻസിൽ സിജോ അവന്റെ വിഡിയോസിനെ ചെറിയ റീലുകൾ ആക്കി പബ്ലിഷ് ചെയ്യാൻ തുടങ്ങിയിരുന്നു.. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്സാപ്പിലും ഒക്കെ അങ്ങനെ ആദത്തിന്റെ റീലുകൾ പബ്ലിക് ആയി കാണപ്പെട്ടു തുടങ്ങി. അങ്ങനൊരു റീൽ പബ്ലിഷ് ചെയ്തതിന്റെ പിറ്റേന്ന് ആദ്യമായി ആദത്തിനു പനി പിടിച്ചു..സ്വാഭാവികമായി വന്നൊരു പനി, പക്ഷേ അതങ്ങ് വഷളായി അഞ്ച് ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കിടക്കേണ്ടിയും വന്നു.
അന്നൊന്നും തോന്നാത്ത ഒരു സംശയം ആനിയ്ക്ക് ഉണ്ടായത് ഏതാണ്ട് ഒരു പത്ത് പതിനഞ്ച് ദിവസങ്ങൾക്കിപ്പുറം ആദത്തിനു വീണ്ടും പനി വന്നപ്പോഴാണ്.. അതിനു തൊട്ടു മുന്നത്തെ ദിവസം സിജോ ആദത്തിന്റ ഒരു റീൽ പബ്ലിഷ് ചെയ്തിരുന്നു.. കഴിഞ്ഞ സംഭവങ്ങളൊക്കെ കോർത്തിണക്കി ആനി അന്നൊരു കണ്ടുപിടിത്തം നടത്തി..

“ആൾക്കാര് കണ്ണ് പെടുന്നതാണ് കൊച്ചിനെ, അതാണ് ഇവന്റെ പനി മാറാത്തത്..”

അതേ ദിവസം തന്നെ സിജോയുടെ അമ്മയും ഇതേ കാര്യം പറഞ്ഞു “കൊച്ചിന്റെ ഫോട്ടോയും വീഡിയോയും ഒക്കെ എന്തിനാണ് ഫേസ്ബുക്കിൽ ഒക്കെ ഇടുന്നത്? നാട്ടുകാരെ കാണിച്ചില്ലെങ്കിൽ പറ്റില്ലേ?” എന്ന്..

സിജോയുടെ ബോധമണ്ഡലങ്ങൾക്ക് ഈ പറഞ്ഞ പറച്ചിലുകൾ ഒന്നും ഒരു അടിസ്ഥാനവും ഉള്ളതായി തോന്നിയില്ല.. ഇൻസ്റ്റാഗ്രാം തുറന്നാൽ വരുന്ന സജക്ഷൻസ് എല്ലാം കുഞ്ഞു പിള്ളേരുടെ വിഡിയോസാണ്.. അവരൊക്കെ അപ്പൊ പബ്ലിക് ആയെന്ന് കരുതി പനി വരുന്ന ആൾക്കാരാണോ ? ശരീരത്തിൽ വൈറസോ ബാക്റ്റീരിയയോ കേറുന്നത് മറ്റൊരാൾ വീഡിയോ കണ്ട് കണ്ണ് വയ്ക്കുന്നത് കൊണ്ടാണെന്നൊക്കെ പറഞ്ഞാൽ ഈ നൂറ്റാണ്ടിലും അത് വിശ്വസിക്കാൻ ആൾക്കാരുണ്ടോ എന്ന് അവനു തോന്നി. ജനിച്ചപ്പോൾ മുതൽ ആദത്തിന്റെ കവിളത്ത് കുത്തിയ കറുപ്പിനെ വരെ സിജോ പുച്ഛിച്ചിരുന്നു.. അടുപ്പിലേക്ക് അവന്റെ അമ്മുമ്മമാർ എറിഞ്ഞ കടുകും മുളകും വരെ “കറിക്ക് അരയ്‌ക്കായിരുന്നു” എന്ന് പറഞ്ഞ് സിജോ കളിയാക്കിയിട്ടുണ്ട്..

മാസങ്ങൾ കഴിഞ്ഞിട്ടും ആദം നടക്കുന്ന പ്രായമായിട്ടും ഈ രീതിക്കൊന്നും ഒരു മാറ്റവും സംഭവിച്ചില്ല. ഇടയ്ക്കെപ്പോഴോ അന്ധവിശ്വാസ കഥകൾ കേട്ട് കേട്ടിട്ടാവണം സിജോയും കുറച്ചൊക്കെ മാറി തുടങ്ങിയിരുന്നു.. റീൽസുകളുടെ എണ്ണം കുറഞ്ഞു, എങ്കിലും നിർത്തിയില്ല – നിർത്തിയാൽ അത് അവനിലെ യുക്തിവാദിയോട് ചെയ്യുന്ന വലിയ തെറ്റല്ലേ എന്നവന് തന്നെ തോന്നിയിട്ടാവണം. എണ്ണം കുറഞ്ഞെങ്കിലും, എല്ലാ റീൽസിനും പിറകെ ആദത്തിനു ഒരു ചെറിയ ജലദോഷം എങ്കിലും വരുന്നതും പതിവായി.. ചില രാത്രികളിൽ അവൻ ഉറക്കമില്ലാതെ കരയും, അപ്പോൾ ആനി പറയും “ഇന്ന് ആ പിശാശിനെ കണ്ടു, അതുകൊണ്ടാണ്” എന്ന്…. സിജോയിലെ യുക്തിവാദി അത് കേൾക്കുമ്പോൾ ആദ്യം സട കുടഞ്ഞ് ഉണരുമെങ്കിലും, കരഞ്ഞ് പൊളിക്കുന്ന ആദത്തെ കാണുമ്പോൾ പതുക്കെ അങ്ങ് അടങ്ങി ഇരിക്കുകയും ചെയ്യും..

തുലാവർഷം പെയ്ത് കഴിഞ്ഞപ്പോൾ സിജോ കുറേ പച്ചക്കറി തൈകൾ വാങ്ങി നട്ടു. മൂന്നു മാസത്തെ കഷ്ടപ്പാടിന് ഒടുവിൽ അതിലൊക്കെ പൂക്കൾ വന്നു.. ഒടുവിൽ വെണ്ടയും , പയറും , മുളകും വഴുതനവും ഒക്കെ മുളച്ചു നിൽക്കുന്നത് കണ്ടപ്പോൾ എല്ലാം ഫോട്ടോ എടുത്ത് സിജോ ഒരു വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടു… പതിവ് പോലെ അടുത്ത ദിവസം വെള്ളമൊഴിക്കാൻ ചെന്നപ്പോൾ അതിലൊരു വഴുതനങ്ങാ മൊത്തത്തിൽ പുഴു കയറി നശിച്ചിട്ട് താഴെ അടർന്ന് വീണു കിടക്കുന്നു.. അതെങ്ങനെ ശരിയാവും? അതിന്റെ തലേ ദിവസം എടുത്ത ഫോട്ടോ അവൻ ഫോണിൽ ഒന്നുകൂടി എടുത്ത് നോക്കി – അതിലെങ്ങും ഒരു പുഴുക്കുത്തിന്റെ പാട് പോലും ഉണ്ടായിരുന്നില്ല.. ഇനി ആരെങ്കിലും കേറി നശിപ്പിച്ചതാണോ എന്നറിയാൻ അവൻ മറ്റു വഴുതനങ്ങളിൽ കൂടി നോക്കി.. ആരും ചെയ്തതല്ല, അദൃശ്യ കരങ്ങളാണ്.. മൂന്നോ നാലോ എണ്ണത്തിൽ പുഴു താമസം ആക്കി കഴിഞ്ഞു, അതും ഒറ്റ രാത്രികൊണ്ട്.. പയറിന്റെ പന്തലിൽ കട്ടുറുമ്പിന്റെ ആക്രമണം തുടങ്ങിയിരിക്കുന്നു, തലേ ദിവസം വരെ അതും ശ്രദ്ധിക്കപ്പെട്ടതല്ല..

“നീ പറഞ്ഞതിലും കാര്യമുണ്ടോ എന്ന് എനിക്ക് ഇപ്പൊ ഒരു സംശയം” ഇതൊക്കെ കണ്ട് ചിരിച്ചു കൊണ്ട് നിന്ന ആനിയോട് സിജോ പറഞ്ഞു.. ഒരുപക്ഷേ അതവന്റെ പരിണാമത്തിന്റെ നിമിഷം ആയിരിക്കാം.. യുക്തിവാദി എന്ന് സ്വയം കരുതിയ, ബോധമുണ്ടെന്നും ഈ നൂറ്റാണ്ടിനു പറ്റിയതെന്നും മനസ്സ് പറഞ്ഞ ഒരു മനുഷ്യൻ ആദ്യമായി അന്ധവിശ്വാസത്തിനെ ശരി വയ്ക്കുന്ന നിമിഷം.. ആ നിമിഷം പാഴാക്കാതെ, ആനി പിടി മുറുക്കി..
“ഇച്ചായാ, ഇതാണ് ഞാൻ പറയുന്നത്.. ആൾക്കാർ കണ്ണ് വയ്ക്കുന്നുണ്ട്.. ഇത്രയും നാളായിട്ട് നിങ്ങൾക്ക് അതെന്താ മനസിലാവാത്തെ, എന്തിനാണ് എല്ലാം ഇങ്ങനെ പബ്ലിക് ആയിട്ട് സ്റ്റാറ്റസ് ഒക്കെ ആക്കി ഇടുന്നത്?”

സിജോയുടെ നിശബ്ദതയിൽ ആനി കൂടുതൽ കരുത്താർജ്ജിച്ചു – ഒരുമാതിരി ആർട്ട് ഓഫ് ലിവിങ് ന്റെ ക്ലാസിനു പോവാൻ ക്യാൻവാസ് ചെയ്യാൻ വരുന്ന ആൾക്കാരെ പോലെ..

“ഇത് പോലെ തന്നെയാണ് ആദത്തിന്റെയും കാര്യത്തിൽ.. അവന്റെ ഫോട്ടോയും വിഡിയോയും ഒക്കെ എടുത്ത് നമുക്ക് വച്ചിരുന്നാൽ പോരേ? അവൻ വളരുമ്പോൾ നമുക്ക് തന്നെ കാണാമല്ലോ.. ഇതൊക്കെ എന്തിനാ എല്ലാവരെയും കാണിക്കുന്നത്”

ഉപദേശങ്ങൾക്കും തിരുത്തലുകൾക്കും ഒടുവിൽ ഏറെക്കുറെ പരാജയം സംഭവിച്ച സിജോയിലെ യുക്തിവാദി ഒരു മൂളൽ മാത്രം മറുപടി നൽകി. അന്ന് മുഴുവൻ അവൻ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു.. പണ്ടൊരിക്കൽ ഒരു സുഹൃത്തിനെ കണ്ട ദിവസം “ആദത്തിനു പനി ആണ്” എന്ന് പറഞ്ഞപ്പോൾ അയാൾ അവനോട് ആദ്യം പറഞ്ഞത് “നീ ഈ സ്റ്റാറ്റസ് ഇടൽ നിർത്ത് ആദ്യം” എന്നാണ്..അമ്മ എപ്പോഴും പറയുന്നപോലെ “നാട്ടുകാരെ കാണിച്ചിട്ട് എന്തിനാ?” എന്ന ചോദ്യവും, അതിനെല്ലാം ഉപരി ആനി എന്നും പറയുന്ന കാര്യങ്ങളും ഒക്കെ സിജോയിലെ യുക്തിവാദിയെ ഏറെക്കുറെ കൊന്നു…

തൊട്ടടുത്ത ദിവസം, കാലത്ത് ആദത്തിന്റെ കൂടെ കളിക്കുന്ന സമയത്ത് സിജോ ആനിയോട് പറഞ്ഞു..

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ല, ഇനിയൊട്ട് വിശ്വസിക്കാനും പോണില്ല”

“നിങ്ങൾ എന്തേലും കാണിക്ക്, എന്റെ കൊച്ചിന്റെ വീഡിയോ ഇടാൻ ഇനി ഞാൻ സമ്മതിക്കില്ല” എന്ന് ആനിയും കട്ടായം പറഞ്ഞു.

“പിന്നേ, വീഡിയോ ഇട്ട ഉടനെ തന്നെ അവനങ്ങ് പനി പിടിക്കാൻ പോകുവല്ലേ, എങ്കിൽ ഞാൻ ഇന്നൊരെണ്ണം ഇട്ട് നോക്കും” വാശിക്ക് പറഞ്ഞതാണെങ്കിലും സിജോയ്ക്ക് അങ്ങനൊന്ന് ചെയ്താലോ എന്നൊരു ഐഡിയ പിന്നീട് തോന്നി . ഉള്ളിലെ യുക്തിവാദിയെ ജയിപ്പിക്കാൻ കിട്ടുന്ന അവസരം ആണ്..

“പറ്റില്ല, കൊച്ച് സമാധാനമായിട്ട് ഇരിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലേ?” ആനിയുടെ ദേഷ്യം ഇരട്ടിച്ചു…

ആ സംഭാഷണം അവിടെ അവസാനിച്ചെങ്കിലും സിജോ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല.. ഈ കാലത്തും ഇങ്ങനുള്ള അന്ധ വിശ്വാസങ്ങൾ വച്ച് പൊറുപ്പിക്കാൻ പറ്റില്ലെന്ന യുക്തിവാദിയുടെ വാദം തെളിയിക്കാൻ വേണ്ടി ഉച്ചയായപ്പോൾ അവൻ ആദത്തിന്റെ ഒരു ചെറിയ വീഡിയോ റീൽ പോസ്റ്റ് ചെയ്തു..അത് കണ്ട ആനി പുകിലാക്കിയെങ്കിലും “ഇത് പരാജയപ്പെട്ടാൽ പിന്നെ നിങ്ങളൊക്കെ പറയുന്നത് എന്നും ഞാൻ അംഗീകരിക്കാം” എന്ന് പറഞ്ഞ് അവൻ പിടിച്ച് നിന്നു..

ബാക്കിയൊക്കെ ഏതോ കഥയ്ക്ക് സ്ക്രിപ്റ്റ് എഴുതിയ പോലെ മുറയ്ക്ക് സംഭവിച്ചു.. വൈകുന്നേരം ആയപ്പോഴേക്ക് അതുവരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന കൊച്ചിന് ചൂട് 100 ഡിഗ്രി ആയി, പാല് കുടിക്കുന്നില്ല, ആഹാരം കഴിക്കുന്നില്ല, നിലത്ത് ഇറങ്ങുന്നില്ല.. പാരസെറ്റാമോളിന്റെ ഡ്രോപ്‌സ് ഓരോ ആറു മണിക്കൂറിലും കൊടുക്കുന്നു, ഉറക്കമില്ലാതെ സിജോയും ആനിയും രാത്രി മുഴുവൻ അവനെ എടുത്ത് കൊണ്ട് നടക്കുന്നു, ഇടയ്ക്കെപ്പോഴോ വെളുപ്പാൻ കാലത്ത് മൂക്കടയുന്നു, ചെറിയ ചുമ വരുന്നു – ശുഭം !!!

വാൽകഷ്ണം :- ഇൻസ്റ്റാഗ്രാമിൽ ഒരു കുഞ്ഞും പട്ടിയും കൂടി കളിക്കുന്ന വീഡിയോ കണ്ടപ്പോൾ ഇന്നലെക്കൂടി ആനി പറഞ്ഞു “എന്ത് രസമാണ് ആ കൊച്ചിനെ കാണാൻ” എന്ന് !!!