വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വടംവലി മത്സരമാണ് അടുത്ത ഇനം ..!

ഒഴുകുപാറ ഫ്രണ്ട്സ് ക്ലബിന്റെ ഓണാഘോഷം തകർത്ത് നടക്കുകയാണ്.
പുന്നമുക്കിന്റെ കിഴക്കേക്കരയിലെ കൊച്ചു ഗ്രാമമാണീ ഒഴുകുപാറ.

പണ്ട് പാണ്ഡവർ വനവാസം നടത്തിയപ്പോൾ അതുവഴി പോയിരുന്നു എന്നും വൃകോദരന് ഭക്ഷണം വെച്ച വഴിയിൽ ഒഴുക്കിയ ജലം വഴി ലഭിച്ച പേരാണ് ഒഴുകുപാറ എന്നുമാണ് പാറയിൽ ശിവന്റമ്പലത്തിലെ സഹായി നാണി തള്ളേടെ വാദം. വടക്ക് ഭാഗത്ത് നിറഞ്ഞു നിവർന്നു കിടക്കുന്ന പോളച്ചിറ ഏല.

പഞ്ചായത്ത് കിണറിന്റെ സമീപത്താണ് വടംവലി നടക്കുന്നത് എന്ന് കോളാമ്പി ഒച്ചവച്ചുകൊണ്ടിരുന്നു. ജങ്ഷനിൽ നിന്നിരുന്ന ആബാലവൃദ്ധം ജനങ്ങളും അങ്ങോട്ടേക്ക് നടന്നു തുടങ്ങി.. തേഞ്ഞുതീർന്ന നീലയും വെള്ളയും കലർന്ന സ്ലിപ്പർ ചെരുപ്പു, നടക്കുമ്പോൾ ഇടതുകാൽ റോഡിലൂടെ ഉരച്ചു അയാൾമാത്രം, തിരികെ നടന്നു

പ്രകാശണ്ണൻ..!!

വയലിന്റെ കരയ്ക്കാണ് ബാലെ-നാടക നടനായ പ്രകാശന്റെ വീട്. പണ്ട് നാടക സമിതിയിലെയും ബാലെ ട്രൂപ്പിലെയും പ്രധാന താരമായിരുന്നു പ്രകാശൻ. കൊല്ലം അനശ്വര, ചാലക്കുടി സാരഥി, കൊല്ലം പ്രസാദ് തുടങ്ങിയ മുന്തിയ നാടകട്രൂപ്പുകളിലെ അംഗമായിരുന്നു. അന്നാട്ടിൽ നാടക കമ്പനിയുടെ വണ്ടി രാത്രി ആണ് വരുന്നതെങ്കിൽ ചുറ്റുവട്ടം ഏതോ അമ്പലത്തിലെ ഉത്സവത്തിന്. അത് പകലാണേൽ പ്രകാശനെ ഇറക്കാനായ്‌ മാത്രം. കളികൾ ഉള്ള ദിവസം വടിവായി ഇസ്തിരി ഇട്ട ഷർട്ടും പാന്റ്സും ഒക്കെ ഇട്ട് കയ്യിൽ പെട്ടിയും പിടിച്ചു നെടുങ്ങോലത്തേക്ക് വെച്ച് പിടിക്കും.. വടക്കാണ് കളിയെങ്കിൽ വണ്ടി കയറി ക്യാമ്പിൽ എത്തണം.. തെക്കൻ ഭാഗത്തെ കളികൾക്ക്‌ തിരുമുക്കിൽ നിൽക്കും.

ചിലപ്പോൾ ഡ്രൈവറും പുള്ളിയും മാത്രമാവും വരിക. കലുങ്ങിൽ ഇരുന്നു ചെറുപ്പക്കാർ വണ്ടിയുടെ ഉള്ളിലേക്ക് നടിമാരുണ്ടോ എന്ന് വലിഞ്ഞു നോക്കുന്നത് അന്യം നിന്നുപോയ കലകളിൽ ഒന്ന് മാത്രം. ഭാർഗ്ഗവൻ അണ്ണന്റെ കടയിൽ നിന്നും ഒരു കാലി ചായയും കുടിച്ച് പനാമയുടെ സിഗരറ്റ് കത്തിച്ചു കൊല്ലം പാസഞ്ചർ പുക വിട്ട പോലെ ഒറ്റ നടത്തമാ. ഇടതുവശത്തെ കാട്ടു കരിങ്കൽ പാകിയ വഴിയിലൂടെ…പാർക്ക് മുക്ക് വലം വച്ചു വരുന്ന കൂനംകുളത്തെ വയലിലെ വെള്ളം കാട്ടു പാറകളിൽ തട്ടി കഥപറഞ്ഞ് ഏലയിലേക്ക് മറിഞ്ഞുകൊണ്ടിരുന്നു.
തൂമ്പിനോട് അടുക്കുംതോറും പനാമയുടെ നീളവും കുറയും. പിന്നെ വിസ്തരിച്ചു ഒരു കുളിയും അലക്കും.
തലേ ദിവസത്തെ രാവണനും കംസനും വെള്ളത്തിൽ കലർന്ന് ഒഴുക്കിൽ അലിഞ്ഞു ചേരും.

” പ്രകാഷോ.. എവിടെ ആരുന്ന് ഇന്നലെ കളി” ഏണിയും പേറി പോയ രവി മൂപ്പൻ തിരക്കി.
” ശാർക്കര ആരുന്ന്‌ അണ്ണാ..! എന്താ ജനം”

“സ്സാർക് ര.. അല്ലേ… ചിറയിൻകീഴുകാരു മുഴുവനും കൂടും” ദേശത്തിന്റെ അറിവ് പങ്കുവെച്ചു തെങ്ങിൻ മുകളിലേക്ക് കണ്ണെ റിഞ്ഞ് മൂപ്പൻ നടന്നു നീങ്ങുന്നത് നോക്കി പ്രകാശൻ കഴുത്തിലും നെഞ്ചത്തും സോപ്പ് പതപ്പിക്കും.
കുളി കഴിഞ്ഞു കുഞ്ഞു പെട്ടി തുറന്നു മടക്കി ഒതുക്കി വച്ച ലുങ്കി ഉടുത്ത് കഴിയുമ്പോൾ അയാൾ സാദാ പ്രകാശൻ ആയി. കൈതോലയും തൊട്ടാവാടിയും നിറഞ്ഞ ചേറുമണക്കുന്ന വഴിയിലൂടെ തൻെറ പുരയിലെ തിട്ടയിൽ കയറി വയലിലേക്ക് നോക്കി ഇരിക്കും. ചിലപ്പോ കിടക്കും. പകൽ സാധാരണ പുറത്ത് കാണാറില്ല. മിതഭാഷി. ധർമഗിരിയോടു ചേർന്നാണ് ഈ പറഞ്ഞ വീട്. ദയാനന്ദൻ സർ കലാ പ്രവർത്തനം നടത്തിവന്നിരുന്ന സ്ഥലമാണ് ധർമ്മഗിരി. ആ നാട്ടിലെ കുട്ടികൾക്കും മുതിർന്നവർക്കും കലാപരമായി ഉയരാനും പഠിക്കാനും ഉള്ള ഇടമായിരുന്നു അവിടം. അന്ന് വേറെ ഏതോ ദേശത്തുന്ന് വന്ന കലാകാരന്മാരും കലാകാരികളും അവിടെ തന്നെയായിരുന്നു താമസവും.
ആ കൂട്ടത്തിൽ വന്ന മെലിഞ്ഞ പൊക്കമുള്ള ഒരു ചെക്കനായിരുന്നു ഈ പ്രകാശൻ എന്ന് ശിവരാമൻ അണ്ണൻ ഇടക്കിടെ പറയും.
അന്ന് മീനാട് ഷാപ്പു പ്രൗഡിയുടെ കൊടുമുടിയിൽ നിൽക്കുന്ന സമയം. കല്ലുവെട്ടി വന്നു തൂമ്പിലെ കുളിയും കഴിഞ്ഞ് പാറയിൽ എത്തുമ്പോൾ കുറിയും തൊട്ടു നിൽക്കുന്നുണ്ടാകും പ്രകാശൻ.. പിന്നെ രണ്ടാളും കൂടി രണ്ടാം പൊയിക വഴി കോട്ടെകുന്നിന് കിഴക്ക് മാറി വടക്ക് ഭാഗത്തെ ഷാപ്പിൽ എത്തുകയാണ് പതിവ്… രണ്ടു കുപ്പി ചെന്നാപിന്നെ അവിടെ പാട്ടായി… കൂത്തായി.. ചെണ്ടക്കാരൻ രാമൻകുട്ടി, ഭാഗവതം വായിക്കാൻ പോകുന്ന മാധവനാശാൻ.. ഇവരൊക്കെ കൂടിയാൽ പിന്നെ പറയണോ പൂരം.. KPAC യുടെ നാടകഗാനങ്ങളാകും കൂടുതൽ. പ്രകാശന്റെ ബാലെ നമ്മുടെ പുറ്റിങ്ങലിൽ അമ്മയുടെ അശ്വതിയുടെ അന്ന്.. 8 മണിക്ക് തന്നെ ചാലക്കുടി സാരഥിയുടെ “ഫസക്” തുടങ്ങി..അതിനു ശേഷമാണ് ബാലെ. കഥ “മാവേലി തമ്പുരാൻ” പ്രകാശൻ ആണ് മാവേലിയുടെ വേഷം ചെയ്യുന്നത്.. അശ്വതി വിളക്ക് വന്നിട്ടും ആരും ഒരു തരി അനങ്ങാതെ ഇരുന്നു… സിനിമാ പോലും തോറ്റു പോകും…ഗംഭീരം.. “അതൊക്കെ ഒരു കാലം..” മുറുക്കിയത് നീട്ടി തുപ്പി അണ്ണൻ അയവിറക്കി.

ഇന്നിപ്പോ നാടക വണ്ടിയുടെ വരവും ഇല്ല.. കൊണ്ടാക്കലും ഇല്ല..

വേച്ചു വേച്ചു നടന്നു വരുന്ന പ്രകാശൻ ക്ഷീണിതനായി തോന്നി..
“ഇന്ന് എവിടാരുന്ന്..? ” ഓണമായിട്ട്‌ കട അടച്ചു മുന്നിൽ കസേരയിൽ ഇരുന്നു ഭാർഗവണ്ണൻ ചോദിച്ചു.. “പരവൂര്.. ശാരദ ടെക്സ്ടൈൽസ്..” മറുപടികൾ കാറ്റിൽ പറത്തി കോൺക്രീറ്റ് പാകിയ പടികളുള്ള വഴിയിലൂടെ അയ്യാൾ തൂമ്പിലേക്ക് ഇറങ്ങി.

ഓവിലൂടെ വന്ന വെള്ളം ആവോളം കുടിച്ചു..

ഷർട്ട് ഊരി ഓലക്കുട വച്ചു തോലുപോയ തോളിലേക്ക് നോക്കുമ്പോൾ കാഴ്ചയെ വെള്ളം മറച്ചു.
വീണ്ടും.. മാവേലിയുടെ ചായവും വെള്ളത്തിൽ പടർന്നു കഥകൾക്ക് കൂട്ടായി.

കളികൾ തുടർന്ന് കൊണ്ടേയിരിക്കുന്നു.. തൂമ്പുകൾ നിറയാനായി…🌑