ദീർഘവും കഠിനവുമായ വില പേശലുകലുകളും കച്ചവടങ്ങളും കഴിഞ്ഞ് അയാൾ ആകെ ക്ഷീണിതനായിരുന്നു . വൈകുന്നേരമായപ്പോഴേക്കും വന്ന കച്ചവടക്കാരെല്ലാം പിറു പിറുത്ത് കൊണ്ട് ഇറങ്ങിപ്പോയി. അയാൾ അവിടെ തനിച്ചായി.
ഏറ്റവും കുറഞ്ഞത് ഒരു പതിറ്റാണ്ടിനെങ്കിലും ശേഷമാണ് ഇന്നയാൾ അവിടെ വീണ്ടുമെത്തിയത് . ഇരുപത്തഞ്ചു വർഷങ്ങൾക്കപ്പുറം തന്റെ ജോലി ആവശ്യാർത്ഥമാണ് അയാൾ മുംബൈ നഗരത്തിൽ എത്തിയത് . പിന്നീടങ്ങോട്ട് അയാളുടെ ജീവിതം ആ നഗരത്തിൽ തന്നെ ആയിരുന്നു . ഇടക്കൊക്കെ ഉണ്ടായിരുന്ന വരവ് പതിയെ കുറഞ്ഞ് വന്നു . ജീവിതം തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. വർഷങ്ങൾ പോകെ ആ വീട്ടിലുള്ള മനുഷ്യരുടെ എണ്ണവും കുറഞ്ഞു വന്നു . അവസാനത്തെ ആളും മരിച്ചതോടെ വേരറുത്ത് മാറ്റിയത് പോലെ ആ വീടും അയാളും അകന്നു . ഒരു മനുഷ്യൻ ഏകാകിയായി ആ വീട്ടിൽ ജീവിച്ചിരുന്നത് അയാളെ അത്ഭുതപെടുത്തിയിരുന്നു.
തൻ്റെ പേരിൻ്റെ വാലായുളള ആ വീട്ടുപേരും വീടും പതിയെ വിസ്മൃതിയിലേക്കാണ്ടു തുടങ്ങി .അയാൾ പിന്നീടങ്ങോട്ട് പോകാറേയില്ല . അത്തരം ചിന്തകൾ പോലും വിരളമായിരുന്നു . കാണാനും പറയാനും ആരുമില്ലാത്ത അവിടേക്കു ഇനി അയാളെന്തിന് പോവണം ! നിശബ്ദത തളം കെട്ടി നിൽക്കുന്ന ആ വീടിൻ്റെ അകത്തളങ്ങൾ സങ്കൽപ്പങ്ങളിൽ പോലും അയാളെ അസ്വസ്ഥമാക്കുന്നതായിരുന്നു. ആളും അനക്കവുമില്ലാതെ ആ വീട് ക്ഷയിച്ചു കൊണ്ടേയിരുന്നു. അനിവാര്യമായ ഒരു വിധിയാണത് . ആളുകളും അവരുടെ പേരുകളും വീടുകളുമൊന്നും അനശ്വരമല്ല . ആകെ അവിടെ ബാക്കിയായത് ഒരു ദൈന്യതയുടെ ഭാവമായിരുന്നു. കിളികളെല്ലാം പറന്നു പോയി ഇനി വരുന്നൊരു പേമാരിയിൽ ഇല്ലാതാകാൻ കാത്തിരിക്കുന്ന ഒരു കൂടിൻ്റെ ഭാവം പോലെ .
ഇന്നയാൾ അവിടേക്ക് തിരിച്ചെത്തിയത് ആ വീടും സ്ഥലവുമെല്ലാം വിറ്റഴിക്കുന്നതിനു വേണ്ടിയാണ് .ഇറങ്ങാൻ നിക്കവേയാണ് ഒരു മഴ ചാരിയത് . പൊളിഞ്ഞു വീഴാൻ ബാക്കിയായ ഒരു തിണ്ണയിൽ മഴ കൊള്ളാതെ അയാൾ കയറിയിരുന്നു . അവിടെ അങ്ങനെ ഇരുന്നപ്പോൾ ഒരു മങ്ങിയ കണ്ണാടിയിലെന്ന പോൽ കുറെ കാഴ്ചകൾ മനസ്സിൽ വന്നു . മഴ പെയ്യുന്ന നേരങ്ങളിൽ കയ്യിൽ കടലാസ് തോണികളുമായി അക്ഷമനായി ഈ തിണ്ണയിൽ കാത്തിരുന്നതും ചാരു കസേരകൾ ചാടിക്കടന്നതും മുറ്റം നിറയെ പൂച്ചെടികൾ വളർത്തിയതും.. അങ്ങനെ മങ്ങിയതും അല്ലാത്തതുമായ എന്തൊക്കെയോ . പൊളിച്ചു കളയുന്നത് വെറും കല്ലും മണ്ണും മരവും മാത്രമല്ല എന്നയാൾക്ക് തോന്നി . ആ നിശ്ശബ്ദതയിൽ കണ്ണുകളടച്ചു കാതോർക്കുമ്പോൾ ഒരുപാടൊരുപാട് ശബ്ദങ്ങൾ കേൾക്കുന്നത് പോലെ . അതിൽ ചിരിയും കരച്ചിലും സ്നേഹവും കണ്ണീരും നഷ്ടവും നിസ്സഹായതയുമെല്ലാമുണ്ട്.
പെട്ടെന്ന് ദേഹമാകെ വല്ലാത്തൊരു കുളിരു തോന്നുകയും ആകെ വിയർക്കുകയും ചെയ്തു . കണ്ണുകളിലാകെ ഒരു ഇരുട്ട് പടരുന്ന പോലെ അയാൾക്ക് തോന്നി . ആ തിണ്ണയിലുരുന്നു തന്നെ ദീർഘമായ നിദ്രയിലേക്ക് അയാൾ പതിയെ വഴുതി വീണു .
Nice…