യാത്രക്കാർ ദയവായി ശ്രദ്ധിക്കുക, ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് – കൊച്ചുവേളി വരെ പോകുന്ന രാജ്യ റാണി എക്സ്പ്രസ് നിലമ്പൂർ റോഡ് സ്റ്റേഷൻ ഒന്നാമത്തെ ഫ്ലാറ്റുഫോമിലേക്ക് അൽപ്പ സമയത്തിനകം എത്തിച്ചേരുന്നതാണ്…

ഇന്ത്യൻ റെയ്ൽവേയുടെ ആ അന്നൗൻസ്മെന്റ് എന്നെ നിദ്രയിൽ നിന്നും ഞെട്ടി എഴുനേൽപ്പിച്ചു… നിലമ്പൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് ഞാൻ… നിലമ്പൂരുള്ള എൻ്റെ പേരപ്പൻറെ വീട്ടിൽ രണ്ടു ദിവസം മുൻപ് എത്തിയതാണ്, പേരപ്പൻറെ മകനെ കണ്ടിട്ടു കുറച്ചുനാളായി, ഒരാഴ്ചകൂടി കഴിഞ്ഞാൽ അവൻ്റെ ജോലി ആവിശ്യത്തിനായി ഓസ്‌ട്രേലിയയിലോട്ടു പറക്കും പിന്നെ അടുത്തെങ്ങും അവനെ കാണാൻ കിട്ടില്ല. എനിക്കൊരു അവധി ദിവസം കിട്ടിയപ്പോൾ അവനെ കാണാമെന്നുവെച്ചു ഇറങ്ങിയതാണ്, മാത്രമല്ല പേരപ്പന്റെ വീടും പറമ്പും, നിലമ്പൂർ റെയിൽവേ സ്റ്റേഷനും, സ്റ്റേഷൻ എത്തുന്നതിനു മുമ്പുള്ള മേലത്തുർ റെയിൽവേ സ്റ്റേഷനും മറ്റു സ്ഥലങ്ങളും വളരെ പ്രകൃതിരമണീയമാണ്… ആ ഭംഗി ആസ്വദിക്കാൻ കൂടിയാണ് ഞാൻ എത്തിയത്…

എന്നെ ഞാൻ വഴിയേ പരിചയപ്പെടുത്താം…

യാത്രകൾ അതെന്നും എനിക്കു പ്രിയപെട്ടതുതന്നെയാണ്.. പ്രകൃതി കാഴ്ചകളെ തൊട്ടറിഞ്ഞുള്ള യാത്ര അതെത്ര അനുഭവിച്ചറിഞ്ഞാലും മതിവരില്ല, ഉള്ളിൽ എത്ര വിഷമങ്ങളും മാനസിക പിരിമുറുക്കങ്ങളും, ജോലി തിരക്കിൻറെ പ്രശ്നങ്ങളുണ്ടായാലും ഒരു യാത്രപോയി തിരികെ വരുമ്പോൾ മനസ്സിനൊരു കുളിർമകിട്ടും… യാത്രകളിൽ പരിചയപെടുന്ന ഓരോരോ വ്യക്തികൾക്കും അവരവരുടെ കഥകൾ പറയാൻ ഉണ്ടാകും, അതു കേൾക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാനാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്… പിന്നെ ജീവിതത്തിലെ ഏതു പ്രതിസന്ധിയും നേരിടാനുള്ള ഒരു അനുഭവപാടവം ഓരോ യാത്രകളിലും ആർജിക്കും… അതുകൊണ്ടു യാത്ര പോകാനുള്ള അവസരം ഞാൻ ഒരിക്കലും പാഴാക്കാറില്ല…

സമയം രാത്രി 9:00 മണിയോടടുക്കുന്നു… സാധാരണ എൻ്റെ ട്രെയിൻ യാത്രകളിൽ ട്രെയിൻ വരുന്നതിനു തൊട്ടു മുന്നെയോ അല്ലങ്കിൽ ട്രെയിനിനൊപ്പമോമാണ് ഉസൈൻ ബോൾട്ടിന്റെ വേഗതയിൽ റയിൽവേ സ്റ്റേഷനിൽ ഞാൻ എത്തുന്നത്… പക്ഷേ ഈ യാത്രയിൽ നേരെ വിപരീതമാണ്… ഇക്കുറി ഞാൻ നേരത്തേ എത്തി… ഒരവധികഴിഞ്ഞു തിരികെ നാട്ടിലേക്കു പോകുന്നവരും, പിറ്റേന്നത്തെ ജോലിത്തിരക്കിലേക്കു പോകുന്നവരെയുംകൊണ്ട് റെയിൽവേസ്റ്റേഷൻ വളരെ സജീവമാണ്… കുറച്ചു തിരക്കുകളിൽ നിന്നും മാറി ഞാൻ അടുത്തുകണ്ട ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു…

തലേ ദിവസത്തെ ഉറക്ക ക്ഷീണം കൊണ്ട് ഇരുന്നൽപ്പം മയങ്ങിപ്പോയി . അപ്പോഴയാണ് ഇന്ത്യൻ റെയ്ൽവേയുടെ ആ അന്നൗൻസ്മെന്റ് കേട്ട് ഞെട്ടി എഴുന്നേറ്റത്… ആ ഉറക്കച്ചടവിൽ നിന്നും ചെറിയൊരു മടിയോടെ എഴുനേറ്റു പ്ലാറ്റ്ഫോമിന്റെ അരികിലേക്കു ട്രെയിൻ വരുന്നതും നോക്കി നിന്നു…

ദൂരെ നിന്നും ഇരുട്ടിനെ കീറിമുറിച്ചൊരു ഇളം മഞ്ഞവെളിച്ചം പ്രകാശിപ്പിച്ചുകൊണ്ട് ട്രെയിൻ എന്റെ അടുത്തേക്ക് വരുന്നുണ്ട്… അടുത്തേക്കു വരുന്ന ട്രെയിനിനെ നോക്കി അഞ്ചു വയസുകാരൻ ആദ്യമായി ട്രെയിൻ കാണാൻ പോകുന്ന ആകാംഷയോടെയാണു നിലംബൂർ റെയിൽവേ സ്റ്റേഷനിൽ ഞാൻ നിൽക്കുന്നത്. അല്ലേലും ചില സമയം നമ്മൾ അങ്ങെയാണ്, കുട്ടികളെ പോലെ… പ്രായം എത്രയൊക്കെ ആയാലും ചില കാര്യങ്ങളിൽ നമ്മളിൽ ചിലരെങ്കിലും കുട്ടിത്തം കാണിക്കാറുണ്ട്… ചിലർ മറ്റുള്ളവർ കാണാതെ ആയിരിക്കും എന്നുമാത്രം.

ഇളം മഞ്ഞവെളിച്ചത്തിന്റെ പ്രഭ കൂടി വരുന്നുണ്ട്… ട്രെയിൻ അടുത്തടുത്തേക്കു വരുമ്പോഴും എന്റെ ഉള്ളിലെ അഞ്ചു വയസുകാരൻ അതിയായ ആവേശത്തിലാണ്. പെട്ടന്ന് ആ അഞ്ചു വയസുകാരന്റെ ആവേശം കെടുത്തികൊണ്ടു ഒരു പെൺകുട്ടി എന്റെയടുത്തുവന്ന് എന്തോ ചോദിച്ചു, അഞ്ചു വയസുകാരനിൽ നിന്നും മുപ്പത്തിരണ്ടു വയസുകാരനിലോട്ടു മാറാൻ എനിക്കധികം സമയമെടുത്തില്ല. പെൺകുട്ടി എന്നോടായി എന്തോ ചോദിച്ചു…

ഞാൻ: എന്താ കേട്ടില്ല…

പെൺകുട്ടി: ഈ ജനറൽ കമ്പാർട്ട്മെന്റ് ഈ ഭാഗത്തല്ലേ നിർത്തുന്നത്?

ഞാൻ: ജനറൽ കമ്പാർട്ട്മെന്റ് കുറച്ചു മാറിയിട്ടാണ്, ഇയാൾ ജനറലിലാണോ ടിക്കറ്റ് എടുത്തത്?

പെൺകുട്ടി: അതെ.

ഞാൻ: ജനറൽ കംപാർട്മെന്റിൽ എപ്പോഴും നല്ല തിരക്കായിരിക്കും, മാത്രമല്ല രാത്രി പൊതുവെ ഇരിന്നുറങ്ങാൻപോലും സീറ്റ് കിട്ടാറുമില്ല, കുട്ടി ഒരു കാര്യം ചെയൂ എനിക്കു RAC യാണ് നമുക്കു TTE യോട് സംസാരിക്കാം, പുള്ളി ഏതേലും സീറ്റ് തരപ്പെടുത്തി തരും. പക്ഷേ പിഴ കൊടുക്കേണ്ടി വരും.

പെൺകുട്ടി: എനിക്കു ജനറൽ കമ്പാർട്ട്മെന്റ്ലേ യാത്ര ചെയൂഎന്നില്ല എന്നാലും അതിൽ യാത്ര ചെയ്യാനാ കൂടുതൽ ഇഷ്ട്ടം, എന്തായാലും സീറ്റ് കിട്ടുമെങ്കിൽ നമുക്ക് നോക്കാം.

ഞാൻ: എനിക്കുറപ്പില്ല, എന്നാലും നോക്കാം.

ആ കുട്ടിയെ കണ്ടാൽ ഒരു ഇരുപത്തെട്ടു വയസു തോന്നിക്കും, നല്ല മുൻപരിചയമുള്ളപോലെയായണ് ആ കുട്ടി എന്നോട് വാചാലയായതു, അതുമാത്രമല്ല ആ കുട്ടിയുടെ സംസാരത്തിൽ തെന്നയുണ്ട് അവൾ നല്ല പക്വതയുള്ള കുട്ടിയാണെന്നറിയാൻ. എന്തൊക്കെയായാലും ഒരപരിചിതനായ ഞാൻ പറയുന്നതകേട്ടു എൻ്റെ കംപാർട്മെന്റിൽ കയറാൻ ഏതൊരു പെൺകുട്ടിയും മടിക്കും, അതുകൊണ്ടുതന്നെ ഞാൻ ആ കുട്ടിയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു, ആദ്യമായി പേരുതന്നെ ചോദിച്ചു തുടങ്ങാമെന്നുവെച്ചു.

ഞാൻ: ചോദിക്കാൻ മറന്നു, പേരെന്താ?

പെൺകുട്ടി: സഫിയാ മുഹമ്മദ്

ഞാൻ: എൻ്റെ പേര് ജോയൽ

ഞാൻ കൈനീട്ടി ഹസ്തദാനം നൽകി..

ഞാൻ: അതെ സഫിയാ, കുട്ടിക്കു വേണമെങ്കിൽ ജനറൽ കമ്പാർട്ട്മെന്റ്റിൽ കയറാം, രാത്രിയാണ് ഒരപരിചിതൻ പറയുന്ന വാക്കുകൾ കേട്ട് കുട്ടി എന്നോടൊപ്പം വരണ്ട. ഞാൻ ജനറൽ കമ്പാർട്ട്മെന്റ്റിലെ അവസ്ഥ പറഞ്ഞന്നേയുളൂ.

എന്തോ എന്നിൽ ഒരു സുരക്ഷിത്വത്തം ആകുട്ടിക്കു തോന്നിക്കാണണം, അതുകൊണ്ടായിരിക്കണം അവൾ സാരമില്ല നമുക്കു TTE യോട് സംസാരിക്കാം, പുള്ളി ഏതേലും സീറ്റ് തരപ്പെടുത്തി തരും എന്ന് പറഞ്ഞതു.

സഫിയയോട് സംസാരിച്ചു നിന്നതുകൊണ്ടാവാം എൻ്റെ ഉള്ളിലെ ആ അഞ്ചു വയസുകാരൻ ഉറങ്ങിപ്പോയി, തീവണ്ടി വന്നു നിന്നതു അറിഞ്ഞതേയില്ല. നിലമ്പൂരിനോട് യാത്രപറഞ്ഞു സഫിയയെയും കൂട്ടി ഞാൻ എൻ്റെ കമ്പാർട്ട്മെന്റ്റിൽ കയറി.

RAC ആയതു കാരണം എൻ്റെ അടുത്തുള്ള സീറ്റിൽ ഒരാൾ ഇരിപ്പുണ്ട്, ട്രെയിൻ മെല്ലെ നീങ്ങിതുടങ്ങി… സഫിയയെ ഞാൻ എൻ്റെ സീറ്റിൽ ഇരുത്തിയ ശേഷം തൊട്ടടുത്തെ രണ്ടുമൂന്നു കമ്പാർട്ട്മെന്റ്റിൽ പോയി പരതി സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടോന്നു. നല്ല തിരക്കുണ്ട്, ആ തിരക്കിനിടയിൽ എവിടേ സീറ്റ് കിട്ടാൻ… എന്റെ ശ്രമം ഉപേക്ഷിച്ചു തിരികെ ഞാൻ എൻ്റെ സീറ്റിനടുത്തെത്തി.

ചില സമയം നമ്മുടെ മുഖം മനസിൻറെ കണ്ണാടി എന്നുപറയുന്നത് സത്യമായി തോന്നാറുണ്ട്, ഇല്ല അതു ശെരിക്കും സത്യമാണ്, ഒന്ന് അസ്താനസ്ഥനാകാൻ വേണ്ടിയുള്ള എൻ്റെ മുഖഭാവം കണ്ടിട്ടായിരിക്കാം എനിക്കു ഇരിക്കാൻവേണ്ടി ആ യുവാവ് എനിക്കു സീറ്റ് അഡ്ജസ്റ്റ് ചെയ്തു തന്നത്, ഞാൻ ആ സീറ്റിൽ അസ്താനസ്ഥനായി മുഴുവനല്ല പകുതി അസ്താനസ്ഥാൻ. അപ്പോഴേയ്ക്കും ടിക്കറ്റു പരിശോധിക്കാൻ TTE എത്തിയത്, എന്റെ ഊഴം എത്തിയപ്പോഴേക്കും ഞാൻ TTE യോട് കാര്യമറിയിച്ചു, ജനറൽ ടിക്കറ്റ് എടുത്തു സ്ലീപ്പർ ക്ലാസ്സിൽ സഞ്ചരിച്ചാലുള്ള പിഴയെപറ്റി നല്ലരീതിയിൽ പുള്ളിക്കാരൻ എനിക്കും സഫിയക്കും ക്ലാസ്സെടുത്തു, തൂക്കികൊല്ലാൻ വിധിക്കുമോന്ന ആകാംക്ഷയിൽ അടുത്തുള്ള യാത്രക്കാരും…

അവസാനം സഫിയ പിഴ അടച്ചു, എൻ്റെ അടുത്തുള്ള സീറ്റ് തന്നെ TTE സഫിയക്ക് തരപ്പെടുത്തി കൊടുത്തു, ആ സീറ്റിൽ ഇരുന്നയാൾക്ക് തൊട്ടടുത്ത കംപാർട്മെന്റിൽ സീറ്റ് മാറ്റി കൊടുക്കുകയും ചെയ്തു.

എനിക്കു പകുതി സീറ്റ് തന്ന ആ ചേട്ടനു ഒരു നന്ദി അറിയിച്ച ശേഷം ഞാൻ എന്റെ സീറ്റിൽ അസ്താനസ്ഥനായി. സീറ്റ് കിട്ടിയ സന്തോഷത്തിൽ സഫിയയും ഞാൻ കാരണം ഒരാൾക്കൊരു ഉപകാരം ചെയ്തല്ലൊന്ന ആത്മാഭിമാനത്തിൽ ഞാനും.

ട്രെയിൻ ഇപ്പൊ ചൂളം വിളിച്ചു കുതിക്കുകയാണ്… തിരക്കുകൂടിയ എല്ലാപേരും ഇപ്പൊ ശാന്തരാണ്, ബോഗിയിലെ ഒട്ടുമിക്ക ആൾക്കാരും ഉറങ്ങാൻ തുടങ്ങിയിരുന്നു…, ഞാനിരിക്കുന്ന സീറ്റിലെ ലൈറ്റ് മാത്രം ഓണാക്കി ഇട്ടിരിക്കുവാണ്, തൊട്ടു മുകളിലത്തെ ബെർത്തിൽ കിടക്കുന്നയാൾ ഇടയ്ക്കിടയ്ക്കു എന്നെ നോക്കുന്നുണ്ട്, ലൈറ്റ് അണച്ചിട്ടു പോയി കിടന്നുറങ്ങടാ എന്നഭാവത്തിലാണ് ആ നോട്ടം…

ആ പുള്ളിക്കാരന്റെ മനസ്സും കണ്ണാടിയും ഞാൻ വായിക്കാൻ പോയില്ല, കാരണം വേറൊന്നുമല്ല എൻ്റെ ഉള്ളിലെ ബിസിനസ്സ്കാരനാണ്, എനിക്കൊരു എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷനുണ്ട്, അവിടെ ജോലിയില്ലാത്ത കുട്ടികളെ ട്രെയിനിങ് കൊടുത്തു ജോലി തരപ്പെടുത്തി കൊടുക്കുന്നുണ്ട്, ട്രെയിനിങ് ഫീസായി ഒരു നിശ്ചിത തുക വാങ്ങാറുമുണ്ട്. ഇനിയെങ്ങാനും സഫിയ ജോലി നോക്കുണ്ടങ്കിലോ? എന്നെ ഒന്നു പരിചയപെടുത്തണം അതിനു ഏറ്റവും നല്ലതു നമ്മളെപ്പറ്റി കണ്ണിൽ നോക്കി മറ്റുള്ളവരോടു സംസാരിക്കണം, ഇതൊക്കെ മുകളിൽ കിടക്കുന്നവൻ മനസിലാക്കണ്ടേ… അവൻ എൻ്റെ മനസ്സ് വായിക്കാൻ തയാറാവുന്നില്ല…

ഞാൻ എന്നെ സഫിയക്ക് പരിചയപ്പെടുത്തി…
ഞാൻ ജോയൽ, നാട് കോട്ടയം, ഇപ്പൊ തിരുവനന്തപുരത്തു സ്ഥിരതാമസമാണ്, വീട്ടിൽ അമ്മ അച്ഛൻ ഒരനുജത്തി, സ്വന്തമായി ഒരു ബിസിനസ്സ് സംഭരംഭം നടത്തുന്നു… അങ്ങനെ എന്നെപ്പറ്റി പറഞ്ഞു കാടുകയറി, ഉൾക്കാട്ടിലോട്ടു പോകുന്നതിനുമുമ്പ് ഞാൻതന്നെ തിരിച്ചിറങ്ങി, ചില സമയം നമ്മൾ കേൾവികാരനാവുന്നതാ നല്ലതു, മറ്റുള്ളവർക്ക് നമ്മൾ പറയുന്നത് ബോറായി തോന്നാം. ഞാൻ സഫിയയെ പറ്റി തിരക്കി.

സഫിയ: ഞാൻ നിലമ്പൂർകാരിയാണ്, വീട്ടിൽ ഉപ്പയും ഉമ്മയും പിന്നെ ഞാനും, ഒരു ചേട്ടൻ പിന്നെ ഒരനുജത്തി, രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു അവർ രണ്ടുപേരും ദുബായിയിൽ സ്ഥിരതാമസമാണ്. തിരുവനന്തപുരത്തുള്ള ഒരു ബന്ധുവിന്റെ മരണവുമായി ബദ്ധപ്പെട്ടു പോകുകയാണ്, ഉമ്മക്കും ഉപ്പയ്ക്കും യാത്രചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് അതാ ഞാൻ പോകേണ്ടി വന്നത്…

ഇത്രയും പറഞ്ഞപ്പോൾതന്നെ സ്വാഭാവികമായും ആരും ചോദിക്കുന്നൊരു ചോദ്യം ഞാനും ചോദിച്ചു…

ഞാൻ: സഫിയ വിവാഹിതയാണോ?

സഫിയ: അഞ്ചു വർഷം മുമ്പ് എൻ്റെ കല്യാണം കഴിഞ്ഞതാ… നിയാസ്, തിരുവനന്തപുരത്താണ് അവന്റെ വീട്, എന്റ്റെ ഒരകന്ന ബിന്ദുവുംകൂടിയാണ്… അവൻ തിരുവനന്തപുരത്തു കുറവൻകോണത്തുള്ള ഒരു പരസ്യ കമ്പനിയിലെ മാനേജർ ആയിരുന്നു, കല്യാണം കഴിഞ്ഞു 3 മാസമാകുന്നതിനു മുമ്പുതന്നെ തിരുവനന്തപുരത്തു കൗഡിയാറിൽവെച്ചുണ്ടായ ഒരു ബൈക്ക് അപകടത്തിൽ മരിച്ചു.

അവളുടെ ഇടറിയ ശബ്‍ദം കേട്ടപ്പോൾത്തന്നെ അതേപ്പറ്റി കൂടുതലൊന്നും ചോദിക്കാതെ ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു…

ഞാൻ: ഇപ്പൊ സഫിയ എന്തു ചെയുന്നു?

സഫിയ: ഇപ്പൊ ഞാൻ സോളോ ട്രാവലേറാണ്, രണ്ടു ദിവസം മുൻപ് കശ്‍മീർ പോയി വന്നതേയുളൂ. ഇന്ത്യ മൊത്തം കറങ്ങി, ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയി അവിടെയുള്ളവരെ അടുത്തറിയാൻ ശ്രെമിച്ചിട്ടുണ്ട്, പ്രെതേകിച്ചും ഗ്രാമങ്ങളിൽ ജീവിക്കുന്നവരുടെ അനുഭവങ്ങളും അവിടത്തെ കാഴ്ചകളും. ഇനി അടുത്തയാത്ര കെനിയയിലെ മസായി മാരയിലോട്ടാണ്, കുറച്ചു വന്യ ജീവികളുട ഫോട്ടോസ് എടുക്കണം. അവിടെയുള്ള ഗോത്രവർഗക്കാരുടെ ജീവിതം കണ്ടറിയണം. ആ യാത്രയുടെ ഒരുക്കത്തിലാണ് ഞാനിപ്പോ. ആ യാത്രയും കഴിഞ്ഞു ഒരു ട്രാവൽ സ്റ്റോറി എഴുതണം എന്നിട്ടു അടുത്ത യാത്ര അതാണ് ഇപ്പോഴത്തെ പ്ലാൻ.

സഫിയ അവളുടെ യാത്രകളെ പറ്റി പറയുമ്പോൾ മണിച്ചിത്രതാഴു സിനിമയിലെ ശോഭന മോഹൻലാലിനോട് അല്ലിയുടെ അഭരണങ്ങളെ പറ്റി പറയുന്ന രംഗമാണ് എനിക്കു ഓർമ്മ വന്നതു… യാത്രകളെ അവൾ അത്രയേറെ സ്നേഹിക്കുന്നുണ്ടെന്നു എനിക്കു മനസിലായി.

ഞാൻ: ആഹാ കൊള്ളാലോ, ഞാനും യാത്ര ഒരുപാട് ചെയ്യുന്ന ആളാണ്… ഇന്ത്യ മൊത്തം കറങ്ങിയല്ല, എൻ്റെ ഒട്ടുമിക്ക യാത്രകളും കാട്ടിലോട്ടാണ്…

സഫിയ: ഓഹോ അപ്പൊ വനവാസത്തിലാണോ?

ഞാൻ: (ചെറു പുഞ്ചിരിയോടെ) അതെ…

സഫിയ: നിലമ്പൂരിൽ എന്തിനാ വന്നത്?

ഞാൻ: എൻ്റെ പേരപ്പൻറെ വീട് നിലമ്പൂരാണ്. അവിടെ വന്നതാ…

നിലമ്പൂരിലെ കാഴ്ചകളെ പറ്റി ഞാൻ പറഞ്ഞപ്പോൾ സഫിയ എന്നെ മറികടന്നു കൂടുതൽ വാചാലായായി…

ഞാൻ: ഒരു പെൺകുട്ടി എന്ന നിലയിൽ ഒറ്റയ്ക്കുള്ള യാത്ര, അത് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലേ? പ്രേതേകിച്ചും സഫിയയുടെ വീട്ടുകാരിൽ നിന്നും സമൂഹത്തിൽനിന്നും?

സഫിയ: വീട്ടുകാരിൽനിന്നും ആദ്യകാലങ്ങളിൽ എതിർപ്പുണ്ടായിരുന്നു, പിന്നെ അവരാണ് ഇപ്പൊ എന്നെ ഏറ്റവും കൂടുതൽ പിന്തുണ തരുന്നത്. പിന്നെ സമൂഹം, ഈ സമൂഹം എന്തു പറയുന്നു എന്നു വിചാരിച്ചിരുന്നാൽ വീടിനു പുറത്തിറങ്ങാനേ പറ്റില്ല… ഒരുപാടുപേർ നിരുത്സാഹപെടുത്തിയിട്ടുമുണ്ട്, ഒരുപാടുപേർ പ്രോത്സാഹിചിപ്പിച്ചിട്ടുമുണ്ട്, പക്ഷേ എൻ്റെ ആത്മവിശ്വാസം, ധൈര്യം, എൻ്റെ അനുഭവങ്ങൾ അതാണ് എന്നെ ഇപ്പോഴും മുന്നോട്ടു നയിക്കുന്നത്… ഇപ്പോൾ ഞാൻ എന്നോട് തന്നെയാണ് ചോദിച്ചു തീരുമാനമെടുക്കുന്നത്…പിന്നെ കാലം പണ്ടത്തെപോലെയല്ലലോ, ഒരു പെൺകുട്ടി ഒറ്റയ്ക്കു യാത്രചെയ്യുക പറക്കാൻ പറ്റുന്നത്രെയും പറക്കുക, ജീവിതം ഒന്നേയുളൂ ആ ജീവിതം നമുക്കുവേണ്ടി സന്തോഷമായി ജീവിക്കുക, ഇതാണ് എൻ്റെ തീരുമാനം…

ഞാനപ്പോ സഫിയയും യാത്രാ പ്രേമിയാണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ്… സഫിയയെ പറ്റി കൂടുതൽ അറിയാനുള്ള ആകാംഷയായി…

ഞാൻ: അല്ല എങ്ങനെയാ യാത്രകൾ പോകുന്നത്?

സഫിയ: ആദ്യമൊക്കെ ട്രെയിനിൽ ആയിരുന്നു യാത്ര ചെയ്തിരുന്നത്, എല്ലായിടത്തും എത്തിപ്പെടാൻ പറ്റാത്തതുകൊണ്ട് ഒരു ബൈക്ക് വാങ്ങി… ഞാൻ നിലമ്പൂരിൽനിന്നും കാഷ്മീരിലോട്ടു പോയത് ആ ബൈക്കിലാണ്… ആ ബൈക്കിപ്പോ എൻ്റെ സന്തത സഹചാരിയാണ്… ഇപ്പോൾ ട്രാവൽ ചെയുന്ന ഒരു സംഘടനയിലെ അംഗവുമാണിപ്പോ ഞാൻ, ചില സമയം യാത്രകളിൽ അവർ കൂടെ കാണും പക്ഷേ ഒട്ടുമിക്ക യാത്രകളും ഞാൻ ഒറ്റയ്ക്കാണ് പോകാറ്…

ഞാൻ: അപ്പൊ തിരുവനന്തപുരത്തേയ്ക്ക് ബൈക്കിൽ പോകാമായിരുന്നില്ലേ?

സഫിയ: പോകാമായിരുന്നു, പക്ഷേ തിരുവനന്തപുരത്തുനിന്നും പെട്ടന്നുതന്നെ എനിക്കു തിരികെ വരണം ,ഞാൻ നേരത്തേ പറഞ്ഞ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനുണ്ട് ബൈക്കിൽ പോയാൽ പെട്ടന്നു തിരികെ വരാൻ പറ്റില്ല…

ഞാൻ: താൻ ആളു കൊള്ളാലോ… കശ്‍മീർ യാത്ര ഒറ്റയ്ക്കായിരുന്നോ?

സഫിയ: അതെ ഒറ്റയ്ക്കായിരുന്നു… പോകുന്നവഴിയിൽ മലയാളികളായ ഒരു റൈഡർ ഫാമിലിയെ രാജസ്ഥാനിൽ വെച്ചു പരിചയപെട്ടു… ബാക്കിയുള്ള യാത്ര അവരോടൊപ്പമായിരുന്നു…

ഞാൻ: അപ്പൊ പേടിയൊന്നും ഇല്ലായിരുന്നോ? ഒറ്റയ്ക്ക് അതും ഒരു പെൺകുട്ടി… ഇത്രയും ദൂരം…

സഫിയ: പേടി ഇപ്പോഴുമുണ്ട്, ചില ഗ്രാമങ്ങളിൽ ചെല്ലുമ്പോഴുള്ള അവരുടെ രൂക്ഷമായ നോട്ടം.. അവിടെയുള്ള സ്ത്രീകളെ പുറത്തുപോലും കാണാറില്ല… ഇങ്ങനെയൊരു പെൺകുട്ടിയെ അവർ ഇതിനു മുൻപ് കണ്ടിട്ടില്ലെന്നുതന്നെ പറയാം…പക്ഷേ ആ സമയങ്ങളിൽ ഞാൻ എന്നെതന്നെ കൂടുതൽ ധൈര്യവും പ്രചോദനവും കൊടുക്കും… പക്ഷേ ചില സ്ഥലങ്ങളിൽ ഞാൻ ഒരു പെണ്കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ അവിടെയുള്ളവരുടെ സ്നേഹവും കരുതലും അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു… ഞാൻ യാത്ര പോകുന്നതിനു മുൻപ് പോകേണ്ട സ്ഥലങ്ങളെ കുറിച്ചും അവിടത്തെ സംസ്കാരങ്ങളെ കുറിച്ചും വിശദമായി പഠിച്ചിട്ടാണ് പോയതു… പിന്നെ ഞാൻ ഉപയോഗിക്കുന്ന ബൈക്കിനെ കുറിച്ചും കുറച്ചു പഠിച്ചുവെച്ചു… അതെല്ലാം എനിക്കു ഉപകാരമായി… മറ്റുള്ള സ്ത്രീകൾക്കും ഞാൻ ഒരു പ്രേചോദനമാകട്ടെ… അവരും മുന്നോട്ടു വരട്ടേ… അപ്പോൾ ഓരോ സ്ത്രീയ്ക്കും പുരുഷനെ പോലെ പേടികൂടാതെ എവിടെയും പോകാമല്ലോ, എങ്കിൽ മാത്രമേ ഈ സമൂഹം സ്ത്രീയും പുരുഷനും തുല്യരാണെന്നു അംഗീകരിക്കൂ…

സഫിയയോട് എന്തൊന്നില്ലാത്ത ഒരാരാധന തോന്നിയ നിമിഷമായിരുന്നു ആളുടെ ആ വാക്കുകൾ…

ഞാൻ: ഒരു വ്യക്തിപരമായ ചോദ്യം ചോദിക്കട്ടെ? സഫിയാ മറ്റൊരു വിവാഹത്തെ കുറിച്ച് എന്തേ ചിന്തിച്ചില്ലാ? അങ്ങനെയാണേ കുറച്ചുകൂടി ധൈര്യത്തിൽ യാത്ര ചെയ്യാമല്ലോ?

സഫിയ: ഇല്ല ഇനി ഒരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല

ഞാൻ: അതെന്താ?

സഫിയ: ഇനിയൊരു വിവാഹം കഴിച്ചാൽ, ആ വ്യക്തിക്ക് ഞാൻ ഊരുതെണ്ടി നടക്കുന്നത് ഇഷ്ടമല്ലങ്കിലോ… അഥവാ ഇഷ്ടമാണെങ്കിൽ വേറെ ഏതെങ്കിലും കാര്യത്തിൽ അഭിപ്രായ വ്യത്യാസം വന്നാലോ? ഈ വിവാഹം എന്നുപറയുന്നത് പരസ്പ്പരം അറിഞ്ഞുകൊണ്ടുള്ള ഒരു ത്യാഗമാണല്ലോ… കുറേനാൾ കഴിയുമ്പോൾ നമുക്കുവേണ്ടി ജീവിച്ചോ എന്ന് സ്വയം ചോദിച്ചാൽ അപ്പൊ സഹതപിക്കാനെ പറ്റൂ… ഇതൊക്കെക്കൊണ്ടാ ഞാൻ ഇനിയൊരു വിവാഹം വേണ്ടാന്നു വെച്ചത്…

പരസ്പരം അങ്ങട്ടും ഇങ്ങോട്ടുമുള്ള യാത്രാ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നിടയിൽ നമ്മുടെ സംസാരം ദൈവവിശ്വാസത്തെ കുറിച്ചായി..

ഞാൻ: സഫിയയെ ഞാൻ സമ്മതിച്ചിരിക്കുന്നു… യാത്രകളിൽ എപ്പോഴെങ്കിലും ദൈവത്തെ വിളിക്കേണ്ടി വന്നിട്ടുണ്ടോ?

സഫിയ: എൻ്റെ യാത്രകളിൽ എനിക്കു മോശമായ കുറച്ചു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പോപോലും ദൈവത്തെ അല്ല ഞാൻ കൂട്ടുപിടിച്ചത്‌, ഞാൻ എന്നെ തന്നെയാ കൂട്ടുപിടിച്ചത്‌… ഞാൻ ഒരു ചോദ്യം അങ്ങോട്ട് ചോദിക്കട്ടെ, ജോയലിനു ദൈവത്തിൽ വിശ്വാസമുണ്ടോ?

ഞാൻ: ആഹാ, നല്ല ചോദ്യം… വിശ്വാസമുണ്ടോന്നു ചോദിച്ചാൽ ഉണ്ട് അതുപക്ഷേ ഒരു മതങ്ങളിലും പെട്ട ദൈവങ്ങളെ അല്ല… ചില സാഹചര്യങ്ങളിൽ നമ്മൾ പെട്ടുപോയെന്നു വരാം ആ സാഹചര്യങ്ങളിൽ നമ്മുടെ രക്ഷയ്ക്കായി എത്തുന്ന എന്തും എനിക്ക് ദൈവതുല്യമാണ്, അത് ചിലപ്പോ ഒരു വൃക്ഷമായിരിക്കാം, ചിലപ്പോ ഒരു മൃഗമായിരിക്കാം, ചിലപ്പോ ഒരു മനുഷ്യനായിരിക്കാം… എവിടെ മനുഷ്യൻ മതങ്ങൾക്കും ദൈവങ്ങൾക്കും ഇടയിൽ ജീവിക്കുന്നുവോ അവനു പലതും നിഷിദ്ധമായിരിക്കും, അതുകൊണ്ടു മതത്തിൻറെ പേരിലുള്ള ഒരു ദൈവങ്ങളെയും ഞാൻ വിശ്വസിക്കുന്നില്ല… മതങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ദൈവ വിശ്വാസം ശുദ്ധ മണ്ടത്തരമാണെന്നു കാലം പിന്നീട് തെളിയിക്കും… അതേപ്പറ്റി പറയുവാണേൽ ഒരുപാടുണ്ട് നമുക്ക് പിന്നെ ഒരിക്കലാകാം…

സഫിയ: ശെരിയാ അത് പിന്നെയൊരിക്കലാകാം…

ഞാൻ: സഫിയ നേരത്തേ പറഞ്ഞില്ലേ മോശമായ ഒരനുഭവനം, എന്തായിരുന്നു ആ അനുഭവനം?

സഫിയ: കുറച്ചു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിപ്പോഴും എന്നെ പേടിപെടുത്തുന്നുണ്ട്, പക്ഷേ അതിൽ ഒരനുഭവമാണ് എന്നെ ഒറ്റയ്ക്കു കൂടുതൽ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത്..

ഞാൻ: (എന്താന്നറിയാനുള്ള ആകാംഷയോടെ) എന്താ ആ അനുഭവം?

സഫിയ: അഹമ്മദാബാദിനടുത്തുള്ള ഒരു ഗ്രാമത്തിൽ വെച്ചാണ് ആ സംഭവം, സാധാരണ ഞാൻ വൈകുന്നേരം ആറുമണിക്ക് മുമ്പ് തന്നെ എനിക്ക് താമസിക്കാനുള്ള ഹോട്ടലിൽ എത്തിച്ചേരും… അന്നത്തെ ദിവസം എന്റെ ബൈക്ക് പഞ്ചറായി, എന്റെ യാത്രകളിൽ ആദ്യമായാണ് ബൈക്ക് പഞ്ചർ ആകുന്നത്… അപ്പൊ സമയം ആറുമണിയോടടുക്കുന്നു.. റോഡിൽ ആരെയും കാണാനില്ല… സമയം ആറുമണി ആണെങ്കിലും നേരിയ ഇരുട്ടു വീണിരുന്നു.. ഒന്നു രണ്ടു ലോറികൾ അതുവഴി കടന്നുപോയി, ഞാൻ കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല.. അടുത്തെങ്ങും ആരെയും കാണാനുമില്ല…ഞാൻ ചെറുതായി ഒന്ന് പേടിച്ചു, ഒറ്റയ്ക്കാണ്, അതും ഒരു പെൺകുട്ടി.. ഒരു ഇരുപതു മിനിറ്റ് ഞാൻ അവിടെത്തന്നെ നിന്നു… നേരം കുറച്ചുകൂടി ഇരുട്ടിയിരുന്നു.. എന്റെ പേടി കുറച്ചു കൂടി കൂടിയിരുന്നു.. ആ സമയം ഒരു ബൈക്കിൽ രണ്ടുപേർ അതുവഴി വന്നത്… ഞാൻ കൈ കാണിച്ചു… അവർ നിർത്തിയില്ല. കുറച്ചു മുന്നോട്ടു പോയിട്ട് അവർ തിരികെ വന്നു… അവർ കാര്യം തിരക്കി.. എനിക്കു ഹിന്ദി അത്ര വശമില്ല പക്ഷേ കുറച്ചറിയാം, അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും ഞാൻ അവരെ കാര്യം പറഞ്ഞു മനസിലാക്കി… എൻ്റെ വേഷവിധാനം കണ്ട് അവർ ഞാൻ ആൺകുട്ടിയാണെന്നാണ് ആദ്യം കരുതിയത്… പക്ഷേ ഞാൻ കാര്യം പറഞ്ഞപ്പോഴാണ് അവർ മനസിലാക്കിയത് ഞാൻ പെണ്കുട്ടിയാണെന്ന്…

ഇവിടെ അടുത്ത് ഒരു വർക്ഷോപ്പ് ഉണ്ട് ഞാൻ പോയി പഞ്ചർ ഒട്ടിക്കുന്ന ആളെ കൂട്ടികൊണ്ടു വരാമെന്നു ബൈക്ക് ഓടിച്ചിരുന്നയാൾ പറഞ്ഞു… ഈ സ്ഥലം അത്ര ശെരിയല്ല ഒറ്റയ്ക്ക് നിൽക്കണ്ട എന്നവർ പറഞ്ഞു.. കൂടെ വന്ന ഒരാളെ എൻ്റെയടുത്തു നിർത്തിയിട്ട് മറ്റേയാൾ പോയി… അപ്പൊത്തന്നെ സമയം ഏഴുമണിയോട് അടുക്കുന്നു… നല്ല പോലെ ഇരുട്ട് വീഴ്ന്നിരിക്കുന്നു… എനിക്കണേ നല്ല പേടിയായി തുടങ്ങി പക്ഷേ ഞാനതു പുറത്തു കാണിച്ചില്ല.. കൈയിൽ കരുതിയിരുന്ന ടോർച് ലൈറ്റ് എടുത്തു ഓൺ ആക്കി… ചുറ്റും നോക്കി… എൻ്റെ അടുത്ത് നിന്ന ആളെ കാണ്മാനില്ല.. ഞാൻ ചുറ്റും ടോർച് ലൈറ്റ് അടിച്ചു നോക്കി അടുത്തെങ്ങും അയാളെ കാണുന്നില്ല… എൻ്റെ പേടി ഇരട്ടിയായി…

സഫിയ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുമ്പുതന്നെ അടുത്തുള്ള ബർത്തിലെ ഒരു ചേട്ടൻ സഫിയയുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു..

അടുത്തുള്ള ബർത്തിലെ ചേട്ടൻ: കുട്ടിക്ക് അവിടെ കിടക്കണമെങ്കിൽ കിടക്കാം കേട്ടോ, ഞാൻ എൻ്റെ മോനും കൂടെ ചേർത്ത് 3 ബർതാണു ബുക്ചെയ്തത്, ഇപ്പൊ അവൻ അവൻ്റെ ഉമ്മയുടെ അടുത്തേ കിടക്കൂന്നു വാശിപിടിച്ചിരിക്കുവാ, ഒരു ബർത്ത് എന്തായാലും ഫ്രീയാണ് കുട്ടി അവിടെ പോയി കിടക്കണമെങ്കിൽ കിടന്നോളു.

സഫിയ എൻ്റെ മുഖത്തേക്കു നോക്കി… അടുത്തുള്ള ബർത്തിലെ ചേട്ടൻ സഫിയയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്… ഞാനാണേ എന്താ സഫിയക്ക് പറ്റിയതെന്നറിയാനുള്ള ആകാംഷയിലും… ഞാൻ കുറച്ചു ദേഷ്യഭാവത്തിൽ ആ ചേട്ടന്റെ മുഖത്തേക്കു നോക്കി.. ചേട്ടൻ പോയ്കോളൂ ഈ കുട്ടി വന്നു കിടന്നോളും എന്നുപറഞ്ഞു.

പക്ഷേ ആ ചേട്ടൻ പോകാൻ കൂട്ടാക്കിയില്ല…

അവസാനം എനിക്ക് സഫിയയോടു പോയി അവിടെ കിടന്നോളൂ എന്നു പറയേണ്ടി വന്നു…

സഫിയ: ശെരി ജോയൽ, ഇറങ്ങുമ്പോൾ നമ്പർ തന്നാൽ മതി ഞാൻ വിളിക്കാം ജോയലിനെ…

മനസില്ലാ മനസോടെ ഞാൻ തലയാട്ടി,

അപ്പോൾ തൊട്ടു മുകളിലത്തെ ബെർത്തിൽ കിടക്കുന്നയാൾ വീണ്ടും എന്നെ നോക്കി… ഇത്തവണ ഒരു ചെറു പുഞ്ചിരിയോടെയാണ് അയാൾ എന്നെ നോക്കിയത്… ഞാനും ഒരു ചെറു പുഞ്ചിരിയോടെ പുള്ളികാരനെയും നോക്കി എൻ്റെ ബെർത്തിലെ ലൈറ്റ് അണച്ചു.

ഞാൻ കുറച്ചുനേരം ജനാലയയിലൂടെ പുറത്തേക്കു നോക്കിയിരുന്നു, നിലാവെളിച്ചത്തിലെ പ്രകൃതി അവൾക്കു ആ വെളിച്ചത്തിൽ വേറെ ഭംഗിയാണ്..പക്ഷേ എനിക്കതു ആസ്വദിക്കാൻ പറ്റുന്നില്ല… മുഴുവൻ ചിന്തയും സഫിയയെ കുറിച്ചായിരുന്നു… സഫിയക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക.. അവൾ എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിന്ന് ജീവിത അനുഭവങ്ങളിൽ നിന്നും എന്തിനെയും നേരിടാനുള്ള കഴുവു അവൾ ആർജിച്ചിരിക്കുന്നു.. യാത്രകളെ അവൾ അത്രയേറെ സ്നേഹിക്കുന്നു…

അപ്പോഴാ ഞാൻ വേറൊരു കാര്യം ഓർത്തത്, സഫിയ ഇറങ്ങുന്നതിന്റെ തൊട്ടു മുമ്പിലത്തെ സ്റ്റോപ്പിലാണ് എനിക്കിറങ്ങേണ്ടത്… ഇനി ഞാൻ ഇറങ്ങുന്ന സമയത്തു സഫിയ ഉറങ്ങുകയാണെങ്കിൽ അവളെ വിളിച്ചുണർത്തി നമ്പരും, ബിസിനസ് കാർഡും കൊടുക്കുന്നത് മോശമല്ലേ, അതുകൊണ്ടു ഞാൻ ആദ്യം എന്റെ മൊബൈൽ എടുത്തു ഇൻസ്റ്റാഗ്രാമും, ഫെസ്ബുക്കും മുഴുവൻ അരിച്ചുപെറുക്കി, പക്ഷേ സഫിയയുടെ പ്രൊഫൈൽ മാത്രം കണ്ടില്ല… ഇനിയെങ്ങാനും സോഷ്യൽ മീഡിയയിൽ പുള്ളിക്കാരി സജീവമാണെങ്കിൽ അവിടന്നെനിക്കു ബന്ധപ്പെടാമല്ലോ, എന്നുവെച്ചാണ് ഞാൻ സോഷ്യൽ മീഡിയയിൽ പരതിയതു… പക്ഷേ നിരാശയായിരുന്നു ഫലം …

ഞാൻ വീണ്ടും കുറച്ചുനേരം ജനാലയയിലൂടെ പുറത്തേക്കു നോക്കിയിരുന്നു… ജനുവരിമാസത്തിലെ തണുപ്പാർന്ന കാറ്റു എൻ്റെ മുഖത്തെ തഴുകി പോകുന്നുണ്ട്… ആ കാറ്റേറ്റ് അറിയാതെ എപ്പോഴോ ഞാൻ മയക്കത്തിലേക്ക് വീണിരുന്നു, പിന്നെയെപ്പൊഴോ എന്റെ പാന്റ്സിന്റെ പോക്കറ്റിൽനിന്നും കേട്ട മൊബൈൽ അലാറം കേട്ടാണ് ഞാൻ എഴുത്തേൽക്കുന്നതു… അപ്പോൾ സമയം പുലർച്ചെ അഞ്ചുമണി, ഇനി ഒരു പതിനഞ്ചു മിനിറ്റു കൂടി കഴിഞ്ഞാൽ എനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ എത്തും. ഞാൻ വാഷ്‌റൂമിൽ പോയി ഫ്രഷായി തിരികെ വന്നു. അപ്പോഴും സഫിയ നല്ല ഉറക്കത്തിലാണന്നു തോന്നുന്നു. ഞാൻ വിളിച്ചുണർത്താൻ പോയില്ല.

ട്രെയിൻ ഞാൻ ഇറങ്ങേണ്ട സ്റ്റേഷനോടു അടുത്തുകൊണ്ടിരിക്കുന്നു,

സഫിയയെ ഞാൻ ഒന്നുകൂടി നോക്കി, ഇപ്പോഴും നല്ല ഉറക്കത്തിലാണ് ആ കുട്ടി… സഫിയയ്ക്കു എൻ്റെ ബിസിനസ് കാർഡ് കൊടുത്തിട്ടില്ല, ഇനി വിളിച്ചു ഉണർത്തി കൊടുത്താലോ? ഒരു നിമിഷം ഞാൻ ആലോചിച്ചു… വേണ്ടന്നു എൻ്റെ മനസ്സു പറഞ്ഞു..

എൻ്റെ യാത്രകളിൽ ഒരുപാടുപേരെ പരിചയപെട്ടിട്ടുണ്ട് പക്ഷേ അവരിൽനിന്നും ഏറെ വ്യത്യസ്ഥയായിരുന്നു സഫിയ… അവൾ പറഞ്ഞു മുഴുവിപ്പിക്കാത്ത ആ യാത്ര അനുഭവം എന്താണെന്നറിയാൻ അതിയായ ആഗ്രഹമുണ്ട്… മാത്രമല്ല അവൾ പിന്നിട്ട ഓരോ വഴികളെക്കുറിച്ചു കൂടുതൽ അറിയണമെന്നുണ്ട്, പക്ഷേ അവൾ പോകട്ടേ… ജീവിത യാത്രകളിൽ എന്നെങ്കിലും സഫിയയെ കണ്ടുമുട്ടുമായിരിക്കും… ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ സ്വയം ആശ്വസിച്ചു…

ട്രെയിനിന്റെ വേഗത കുറഞ്ഞു വരുന്നു… എനിക്കിറങ്ങേണ്ട സ്റ്റേഷനിൽ ട്രെയിൻ നിറുത്തി… ഒന്നുകൂടി സഫിയെ നോക്കി… ഇല്ല ആ കുട്ടി നല്ല ഉറക്കത്തിലാണ്… വളരെ നിരാശയോടെ ആ യാത്രയിലെ അനുഭവങ്ങളും പേറിക്കൊണ്ട് ആ ബോഗിയിൽ നിന്നും ഞാൻ മെല്ലെ ഇറങ്ങി… എൻറെ എല്ലാ ട്രെയിൻ യത്രകളിലും എന്റെ സ്റ്റേഷനിൽ ഇറങ്ങിയാൽ വേറൊന്നും ആലോചിക്കാതെ വീട്ടിലോട്ടു ഒറ്റനടപ്പാണ്,

പക്ഷേ ഈ യാത്രയിൽ വ്യത്യസ്ഥമായി ഞാൻ വന്ന ട്രെയിൻ പോകുന്നതും നോക്കി നിന്നു… എൻ്റെ ള്ളിലെ ആ അഞ്ചു വയസുകാരനല്ല ഇപ്പൊ ട്രെയിൻ നോക്കി നിൽക്കുന്നത്…

ട്രെയിൻ എൻ്റെ കണ്ണിൽ നിന്നും മറഞ്ഞതും ഞാൻ സ്റ്റേഷനിൽ നിന്നും പുറത്തിറിങ്ങി… പതിവില്ലാതെ അടുത്തുള്ള തട്ടുകടയിൽ നിന്നും ഒരു കട്ടൻ അടിച്ചു.. ആ കടയിലെ FM റേഡിയോയിൽ കേട്ട മോട്ടിവേഷൻ വാക്കുകൾ എൻ്റെ അന്നത്തെ ദിവസത്തെ ഊർജ്ജവും നൽകി… “വിജയത്തിനായി പ്രവർത്തിക്കുന്നത് നിങ്ങളെ ഒരു യജമാനനാക്കും… എന്നാൽ സംതൃപ്തിക്കായി പ്രവർത്തിക്കുന്നത് നിങ്ങളെ ഒരു ഇതിഹാസമാക്കും”.