ഒരു എൽഇഡി ബൾബിന്റെ നുറുങ്ങുവെട്ടം

     ഇരുപതാം നൂറ്റാണ്ടിൻറെ പകുതിയിൽ അങ്ങ് ജർമ്മനിയിൽ, ഒളിവിൽ താമസിക്കുന്ന ജൂതന്മാരെ കണ്ടെത്താനും അവരെ വംശഹത്യ ചെയ്യാനുമായി, അവിടുത്തെ ചാൻസലർ രൂപം കൊടുത്ത രഹസ്യ പോലീസ് ആയിരുന്നത്രെ “ഗസ്റ്റപ്പോ”. ഇങ്ങനെ പറയപ്പെടുന്നു ഞാൻ കേട്ടതും വായിച്ചറിഞ്ഞതും ആയ ചരിത്രത്തിൽ..

ഇപ്പോൾ നിങ്ങളിലെ വായനക്കാരൻ കരുതുന്നുണ്ടാവും, എന്തുകൊണ്ട് കഥാകാരൻ ഈ ഒരു ചരിത്ര സംഭവം ഇവിടെ വിവരിക്കുന്നു എന്ന്?

നമ്മുടെ കഥാനായകന്റെ് ജീവിതവുമായി ഈ ചരിത്രം ഒരു ഗോർഡിയൻ കെട്ടുപോലെ മുറുകി കിടക്കുന്നു.

ഏകദേശം മൂന്നു വർഷമായി കാണും, നഗരത്തിന്റെ തിരക്കിൽ നിന്നും അകലെ മാറി, വലിയ ഒച്ചപ്പാട് ഒന്നും ഇല്ലാത്ത ഒരു റസിഡൻഷ്യൽ ഏരിയയിൽ വീട് വാടകയ്ക്ക് എടുത്തിട്ട്.

പതിവും ആവർത്തനവിരസത ഉളവാക്കുന്നതുമായുള്ള ജോലിക്ക് ശേഷം ഞാൻ വാടകവീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാൽ മണിക്കൂറിൽ അധികം വരുന്ന ട്രാഫിക്കിൽ കൂടിയുള്ള സ്കൂട്ടർ സവാരി എന്റെ് ശേഷിച്ച് ഊർജ്ജം കൂടി കവർന്നെടുത്തിരുന്നു.

റോഡിനോട് ചേർന്നുള്ള കുത്തനെ താഴ്ചയുള്ള ഇടവഴിയിൽ ആയിരുന്നു ആ വീട്. ഇരുട്ടു വീണു തുടങ്ങിയാൽ ഇടവഴി പെട്ടെന്ന് കണ്ണിൽ പെടുകയില്ല.

ഇടവഴി തുടങ്ങുമ്പോൾ അതിന്റെ ഇരുവശത്തുമായി സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമർ ആയിരുന്നു മാർഗദർശികൾ. എങ്കിൽ തന്നെയും ഒരു ഇലക്ട്രിക് പോസ്റ്റിന്റെ വെട്ടം ഉണ്ടെങ്കിലേ മേൽപ്പറഞ്ഞ വൈദ്യുതി പെട്ടികൾ ശ്രദ്ധയിൽപ്പെടു.

ആരോ ഉള്ളിലെ പ്രാർത്ഥന കേട്ടപോലെ, അന്ന് വൈകിട്ട് ഇടവഴിയോട് ചേർന്നുള്ള കെഎസ്ഇബി പോസ്റ്റിൽ ലൈൻമാൻ ഒരു എൽഇഡി ബൾബ് ഇടുകയാണ്.

താഴെ നിന്ന് നീളം കുറഞ്ഞ, കുറുകിയ ഒരു മധ്യവയസ്കൻ, ലൈൻ മാനുമായി ഏണിയിൽ പിടിച്ചുനിന്നു കുശലം പറച്ചിലിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

നേരിയ വെളിച്ചത്തിൽ, ആ ചെറിയ നാഴികയിൽ, എനിക്ക് അത്ര മാത്രമേ ഗ്രഹിക്കാൻ സാധിച്ചുള്ളൂ.

ഗസ്ത്താപ്പൂ എന്റെ് ജീവിതത്തിൽ ഒരു അധ്യായമായി മാറിയത് ഇങ്ങനെ ഒരു വെളിച്ചമായി അവതരിച്ചായിരുന്നു………

“അത് ലൈൻമാൻ ആയിരിക്കും” ഞാൻ അനുമാനിച്ചു “എന്നാലും ഇങ്ങേർക്ക് ഒരു യൂണിഫോം ഇട്ടൂടെ?

അലക്കിതേച്ച ഫോർമൽ ഡ്രസ്സിൽ എന്നും ഓഫീസിൽ പോയി വരുന്ന എനിക്ക് ആ വ്യക്തിയുടെ യൂണിഫോമിൽ അല്ലാത്ത നിൽപ്പ് ഒട്ടും ദഹിച്ചില്ല.അസൂയ അല്ല എന്ന്, എന്റെ് മനസ്സിനെ ബോധിപ്പിക്കാൻ ഞാൻ ഓരോരോ നൃായീകരണങൾ മെനഞ്ഞെടുത്തു.

ജോലിഭാരത്താൽ വലഞ്ഞ എന്റെ് ഗാ(തത്തെ, കോണിപടിക്ക് മുകളിൽ എത്തിച്ച് തന്ന കാലുകൾക്ക് നന്ദി പറഞ്ഞ് ,ഒട്ടും സമയം പാഴാക്കാതെ അലസമായി കിടന്ന കട്ടിലിന്റെ മേൽവിരിയിലേക്ക് ഞാൻ മെല്ലെ ചാഞ്ഞു.

ഒരു തെങ്ങുകേറൽ അപാരത

ഇന്നലെ എവിടെയോ വച്ച് കേട്ട പരുങ്ങിയ ശബ്ദം ആണ് എന്നെ ഉണർത്തിയത് “ഗേറ്റ് തുറക്കണേ…. ഓ ഓ…ഗേറ്റ് തുറക്കണേ”

മുകളിലത്തെ നിലയിലെ, വിശാലമായ സിറ്റൗട്ടിലോട്ടുള്ള വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി, ആ ശബ്ദത്തിന്റെ ഉടമയെ ഞാൻ തിരഞ്ഞു.

വലിയ പൊക്കമുള്ള ഗേറ്റ് അല്ലായിരുന്നെങ്കിൽ തന്നെയും, ആ മനുഷ്യന് അത്രത്തോളം പൊക്കം ഇല്ലായിരുന്നു

ഗേറ്റിന്റെ ഇരുമ്പ് പാളികൾക്കിടയിലൂടെ ഞാൻ അയാളെ കണ്ടു.

ഇന്നലെ കണ്ട ലൈൻമാൻ തന്നെ!

കഴിഞ്ഞ ആഴ്ചയാണ് മീറ്റർ റീഡിങ് എടുക്കാൻ ഉദ്യോഗസ്ഥൻ വന്നു പോയത്. അകത്താണേൽ ഫാനും കറങ്ങുന്നുണ്ട്.

എന്തായിരിക്കും വരവിന്റെ ഉദ്ദേശം?

ഇപ്പൊ വരാം, എന്ന് ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തി, മെല്ലെ പടിയിറങ്ങി, ഗേറ്റ് ലക്ഷ്യമാക്കി ഞാൻ നടന്നു. പൂട്ട് തുറക്കുന്നതിനിടയിൽ അയാൾ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു “തേങ്ങ ഇടാൻ വന്നതാ, ഇവിടുത്തെ സാർ പറഞ്ഞ് ഏൽപ്പിച്ചിരുന്നു”

പണ്ടെങ്ങോ വെറ്റില മുറുക്ക് ചവച്ചതിന്റെ ഓർമ്മക്കുറിപ്പുകൾ ആ പല്ലുകളിൽ അവശേഷിച്ചിരുന്നു.

ഒട്ടും സമയം പാഴാക്കാതെ ആ മനുഷ്യൻ, മുറ്റത്ത് കാർപോർച്ചിനോട് ചേർന്ന് നിന്ന തെങ്ങിനെ ആലിംഗനം ചെയ്തു വലിഞ്ഞു കയറി .

തെങ്ങുകയറ്റം പാതിവഴിയിൽ എത്തിയപ്പോൾ തെക്കേ പുറത്തുള്ള വീട്ടിലെ ഗൃഹനാഥ ഉച്ചത്തിൽ വിളിച്ചു…. ഗസ്ത്താപ്പൂ….

“തെങ്ങ് കേറി കഴിഞ്ഞ് ഇവിടുത്തെ കാർ ഒന്ന് കഴുകി ഇട്ടേക്കണേ മറക്കാതെ”

കാര്യങ്ങളുടെ കിടപ്പുവശം, അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ തെറ്റിദ്ധരിച്ചതാണ്, ആള് ലൈൻമാൻ ഒന്നുമല്ല.

പക്ഷേ “ഗസ്ത്താപ്പൂ” മുമ്പ് ആരെയും വിളിച്ചു കേട്ടിട്ടില്ലാത്ത വിചിത്രമായ പേര്.

അന്ന് ഓഫീസിൽ മീറ്റിങ്ങുകൾക്കിടയിലും മനസ്സിൽ “ഗസ്ത്താപ്പൂ” എന്ന പേരും, അയാളുടെ മന്ദഹാസവും മനസ്സിൽ മിന്നി മാഞ്ഞു. ഒരുപക്ഷേ അത് അയാളുടെ ശരിക്കുമുള്ള പേര് തന്നെ ആയിരിക്കുമോ? അതോ ഏതെങ്കിലും വിരുതന്റെ നാവിൻ തുമ്പിൽ ഉറവയെടുത്ത വട്ടപ്പേരോ?

“വാട്ട് ഡു യു തിങ്ക് എബൗട്ട് ദിസ് പ്രൊപ്പോസൽ” എന്ന സായിപ്പിൻറെ ചോദ്യശരം എൻറെ ചിന്തകൾക്ക് സഡൻ ബ്രേക്ക് ഇട്ടു.

“സൗണ്ട്സ് ഗുഡ്” എന്ന നയതന്ത്ര പരമായ ഉത്തരം ആ ശരത്തിൽ നിന്നെന്നെ കാത്തു. തൽക്കാലം!

ആലുവ പുകയില്ല അടുപ്പ്

   ഐടി ജോലിയുടെ വിരസതയിൽ നിന്ന് രക്ഷപെടാൻ കഴിയുന്ന രണ്ടു ദിവസങ്ങൾ ആയിരുന്നു എനിക്ക് ശനിയും ഞായറും. ഞായറാഴ്ച ഉച്ചകഴിഞ്ഞാൽ പിന്നെ മനസ്സിൽ ഒരു ഭാരം കടന്നൽക്കൂട് പോലെ കൂടുകൂട്ടും....

നാളെ വീണ്ടും ഓഫീസിൽ പോണമല്ലോ!!
അതുകൊണ്ടാ വാരാന്ത്യം ഞാൻ ഒരു തീരുമാനം എടുത്തു. ഏറ്റവും ഫലപ്രദമായ രീതിയിൽ ഈ രണ്ടു ഒഴിവ് ദിവസങ്ങൾ വിനിയോഗിക്കുക.

എങ്ങനെ തുടങ്ങാം? ആലോചനയിൽ മുഴുകി. ഘടികാരം നിർത്താതെ ചലിച്ചു. ഒടുവിൽ ഒരു തീരുമാനത്തിൽ അങ്ങ് എത്തി

ഇന്ന് സ്വന്തം കൈകൊണ്ട് പാചകം ചെയ്തു കഴിക്കുക!

അടുക്കള ലക്ഷ്യമാക്കി ഞാൻ നടന്നു. ഒറ്റനോട്ടത്തിൽ അടുക്കും ചിട്ടയുമില്ലാതെ ചിതറി കിടക്കുന്ന പാത്രങ്ങൾ എൻറെ മനോ വ്യാപാരങ്ങളെ പ്രതിഫലിപ്പിക്കുന്നതായി തോന്നി.

ഒരു മടുപ്പ് തോന്നി.

“പക്ഷേ തോറ്റു പിന്മാറരുത്” എൻറെ ഉള്ളിലെ പോരാളി മന്ത്രിച്ചു.

മുന്നോട്ടുവെച്ച കാൽ, അടുക്കളയിലേക്ക് തന്നെ!

എന്താണ് രാവിലെ കഴിക്കുക?
പ്രകാശ വേഗത്തിൽ എൻറെ ശിരസ്സിനുള്ളിലെ നാഡീ ഞരമ്പുകൾ ഒരു തീരുമാനത്തിലെത്തി.

പുട്ട്!

വലിയ പ്രയാസങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പ്രഭാതഭക്ഷണം ആയതു കൊണ്ടായിരിക്കാം എൻറെ തലച്ചോർ ഈ ഒരു തീരുമാനത്തിലെത്തിയത്.

ഗ്യാസ് കത്തിച്ചു. ഇന്ദ്രനീല നിറത്തിൽ വരുന്ന തീ നാളങൾ പ്രതീക്ഷിച്ചു നിന്ന എനിക്ക് ഒരു കാര്യം ഓർമ്മ വന്നു. ഗ്യാസ് കുറ്റി തീർന്നിട്ട് ആഴ്ച രണ്ടായി.
ആകെ നിരാശ. അയലത്തെ വീട്ടിൽ താമസിക്കുന്നവർ എന്റെ വീട്ടുടമയുടെ വകയിൽ ഒരു ബന്ധുവാണ്.

എൻറെ ആവശ്യം അറിയിച്ചപ്പോൾ അവർ പറഞ്ഞു,

“ഗസ്ത്താപ്പൂനോട് പറഞ്ഞാൽ മതി, അവൻ കൊണ്ടുവെച്ച് തരും. ഏതെങ്കിലും വീട്ടിൽ ഒരു നിറകുറ്റി കാണും തൽക്കാലത്തേക്ക് ഒന്നു മറിക്കാൻ”

കിട്ടിയ അവസരം പാഴാക്കാതെ ഞാൻ ചോദിച്ചു.

“ഗസ്ത്താപ്പൂ പുള്ളിക്കാരന്റെ ശരിക്കുമുള്ള പേരാണോ?”

അവർ പറഞ്ഞു,

“ അല്ല! എന്നെ ഇവിടെ കല്യാണം കഴിച്ചു കൊണ്ടുവന്ന നാൾ മുതൽ അവനെ ഞാൻ കാണുന്നതാണ്. ഈ വീട്ടിൽ എല്ലാവരും അവനെ അങ്ങനെ തന്നെയാ വിളിക്കാറ്.

ശരിക്കുള്ള പേര് അപ്പൂന് മറ്റോ ആണ്. മറ്റേത് അവന്റെ വട്ടപ്പേരാണ്. എല്ലാരും അങ്ങനെ വിളിക്കുന്നത് കേട്ട് ഞാനും ആ കൂട്ടത്തിൽ കൂടി “

വീടിൻറെ പുറംവശത്തുള്ള ആലുവ പുകയില്ല അടുപ്പ് ഞാൻ കണ്ടതായി നടിച്ചില്ല. “പുകയില്ല അടുപ്പ് എന്ന പേരേ ഉള്ളൂ. അടുപ്പ് കത്തിച്ചാൽ വീട് നിറയെ പുക ചുരുളുകളാണ്. കാർമേഘങ്ങൾ പോലെ….

അല്ലെങ്കിൽ തന്നെ “തീ ഉണ്ടെങ്കിൽ അവിടെ പുക കാണാതിരിക്കുമോ????.

പ്രഭാതഭക്ഷണം പതിവുപോലെ സിറ്റിയിലുള്ള ഒരു റസ്റ്റോറന്റിൽ നിന്ന് തന്നെ കഴിച്ചു. വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വാതിലിൽ, ഒരു നിറകുറ്റി ഗ്യാസ് താൽക്കാലിക നാഥനായി കാത്തിരിപ്പുണ്ടായിരുന്നു.

ഒരു കാര്യം എനിക്ക് തീർച്ചയായി, ഗസ്ത്താപ്പൂ ഒരു പരോപകാരിയാണ്.

ചരിത്രം തേടി

 ഗസ്ത്താപ്പൂ ഏഴാന്തരം പഠിക്കുന്ന കാലം. ക്ലാസിൽ ചരിത്രമാണ് മാഷ് പഠിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധവും അതിൽ ജർമനിയുടെയും ഹിറ്റ്ലറുടെയും പങ്കാണ് വിഷയം.

ഹിറ്റ്ലറുടെ രഹസ്യ പോലീസിന്റെ ചെയ്തികളെക്കുറിച്ച് മാഷ് വിവരിച്ചപ്പോൾ അടുത്തിരുന്ന സഹപാഠിയോട് അപ്പു പറഞ്ഞു

“എനിക്കും ഗസ്റ്റപ്പോ ആകണം”

ആ വിരുതനായ സഹപാഠി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു

“മാഷേ അപ്പൂന് ഗസ്ത്താപ്പൂ ആകണമെന്ന്”.

തന്റെ ചിട്ടയുള്ള ക്ലാസിന്റെ താളത്തെ തെറ്റിച്ച അപ്പുവിനോടുള്ള ഹിസ്റ്ററി മാഷിൻറെ അമർഷം ആയിരിക്കാം,

മാഷ് പറഞ്ഞു,

“ഗസ്ത്താപ്പൂ ഒന്ന് എഴുന്നേറ്റാട്ടെ , ഞങ്ങൾ ഒന്ന് കാണട്ടെ”

കൂട്ടുകാരനെ നോക്കി, “നിനക്ക് ഞാൻ വെച്ചിട്ടുണ്ട്” എന്ന് പറയാതെ പറഞ്ഞുകൊണ്ട് അപ്പു എഴുന്നേറ്റു.

ക്ലാസിൽ ചിരി മുഴുക്കങ്ങൾ നിലക്കാതെ തുടർന്നു…..

ഇങ്ങനെ പോകുന്നു, പാൽ കൊണ്ടുത്തരുന്ന ചേട്ടൻ പറഞ്ഞുതന്ന ഒരു ചരിത്രം.

പലർക്കും ഈ ചരിത്രത്തിൻറെ വ്യത്യസ്ത വേർഷനുകൾ ഉണ്ടായിരുന്നു.

ഏത് വേർഷൻ ആണെങ്കിലും, അപ്പു അവർക്കെല്ലാം പ്രിയപ്പെട്ടവൻ ആയിരുന്നു,
“അവരുടെ സ്വന്തം ഗസ്ത്താപ്പൂ”

മുതിർന്നവർ ആകട്ടെ, കുട്ടികളാകട്ടെ ആർക്കും തന്നെ ഗസ്ത്താപ്പൂനോട് നീരസം തോന്നിയ ഒരു സന്ദർഭം പോലും ഉണ്ടായിട്ടില്ല. ഒരുപക്ഷേ പല കാലയളവിലായി ജീവിതം സമ്മാനിച്ച അപ്രതീക്ഷിത നഷ്ടങ്ങളും, തോൽവികളും ഒരു നുകം പോലെ ആ തോളിൽ വന്ന വീണപ്പോൾ , സ്വയം എളിമപ്പെട്ടതാവാം.

പതിനേഴാം വയസ്സിൽ അപ്പുവിന് അച്ഛനെയും അമ്മയെയും ടൈഫോയിഡ് ബാധിച്ചു നഷ്ടമായി.

പതിനെട്ടാം വയസ്സിൽ ഏക പെങ്ങൾ. യൗവനത്തിൽ വീടിനോട് ചേർന്ന് കിടന്ന് പറമ്പും, അങനെ പലതും.
ആകെ ശേഷിച്ചത് ഓല മേഞ്ഞ ഒരു കൊച്ചുവീടായിരുന്നു.

ഈ പ്രതിസന്ധികളിലും വൻ വീഴ്ചകളിലും തളരാതെ, ഗസ്ത്താപ്പൂ പ്രീഡിഗ്രി സെക്കൻഡ് ക്ലാസോടെ പാസായി.തുടർ പഠനത്തിനായി കുറേ വിശാലമനസ്കർ സഹായ ഹസ്തങ്ങൾ നീട്ടിയെങ്കിലും, ഗസ്ത്താപ്പൂ അത് നിരസിച്ചു.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെങ്കിലും, ഗസ്ത്താപ്പൂ ഒരുപാട് പുസ്തകങ്ങൾ വായിച്ചു. ഒപ്പം ദിനപത്രങ്ങളും.

ചരിത്രം അറിയുന്നതിനേക്കാൾ ഉപരി ചരിത്രബോധം ഉള്ളവനായിരുന്നു അപ്പു .

ഇത്രയും അറിവുള്ള മനുഷ്യന് എന്തുകൊണ്ട് ചരിത്രം തീർത്ത, മഹാരഥന്മാരായ അലക്സാണ്ടർ, ആക്കിലീസ്, നെപ്പോളിയൻ എന്നിങ്ങനെ നീളുന്ന പട്ടികയിലെ ഒരാളുടെ പേര് ആരും നൽകിയില്ല?? പകരം ഒരു ഡിറ്റക്ടറുടെ കൂലി പട്ടാളത്തിന്റെ പേരിൽ ഒതുങ്ങി??

ഞാൻ പലപ്പോഴായി വിശകലനം ചെയ്തു.

ചരിത്ര പുസ്തകങ്ങളിൽ ഒന്നും തന്റെ ജീവിതകഥ ഇടം നേടിയില്ലെങ്കിലും, തൻറെ നല്ല ചെയ്തികൾ കൊണ്ട് ഒരുപിടി മനുഷ്യരുടെ മനസ്സിൽ ഗസ്ത്താപ്പൂ ചിരപ്രതിഷ്ഠ നേടി കഴിഞ്ഞിരുന്നു.

2018ലെ മഹാപ്രളയത്തിൽ പൊതുവേ സമുദ്രനിരപ്പിൽ നിന്ന് താഴെ നിൽക്കുന്ന ഈ പ്രദേശം രണ്ടാൾപൊക്കത്തിൽ മുങ്ങി പോയപ്പോൾ, പല വീടുകളിലും വയോധികരെ സുരക്ഷിതസ്ഥാനത്തിലേക്ക് കൊണ്ട് എത്തിച്ചത് അപ്പു ആയിരുന്നു.

മക്കളും മരുമക്കളും വിദേശരാജ്യങ്ങളിൽ ഉള്ള ഈ വയോധികരെ, ഗസ്ത്താപ്പൂ അല്ലാണ്ട് ആര് രക്ഷിക്കാൻ ആണ്??

അയാളും ഞാനും തമ്മിൽ

     എന്നും രാവിലെ ഓഫീസിലേക്കുള്ള വഴിയിൽ ഞാൻ  ഗസ്ത്താപ്പൂനെ കാണാറുണ്ടായിരുന്നു . ഒന്നുകിൽ ഏതെങ്കിലും വീട്ടുമുറ്റത്ത്, അല്ലെങ്കിൽ ഏതെങ്കിലും പറമ്പിൽ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരിക്കും..

അതുമല്ലെങ്കിൽ ഏതോ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങളും സൈക്കിളിൽ വച്ച് ചവിട്ടി വരികയായിരിക്കും.

ഏത് അവസരത്തിൽ ആണെങ്കിലും, ഗസ്ത്താപ്പൂവിന്റെ ഒരു സലാം എനിക്ക് പതിവായിരുന്നു, തിരിച്ച് എൻറെ വക ഒരു പുഞ്ചിരിയും.

ഗസ്ത്താപ്പൂവിന് സ്ഥിര വരുമാനം ഉള്ള ജോലി ഒന്നും തന്നെ ഇല്ലായിരുന്നു.

ഞാൻ പലപ്പോഴും ചോദിച്ചിട്ടുള്ളതാണ്.

ഏതേലും വീട്ടിൽ സെക്യൂരിറ്റി ആയോ, ഡ്രൈവർ ആയോ മറ്റോ ഒരു ജോലി നോക്കിക്കൂടായോ എന്ന്.

“ശമ്പളക്കാരനായിരുന്നാൽ ചെയ്യുന്നത് സേവനം ആകില്ലല്ലോ. ജീവിതത്തിൽ ഒറ്റയ്ക്കായി പോയപ്പോൾ എല്ലാം, താങ്ങും തണലുമായത് ഈ നാട്ടുകാരാണ്. ഇവരുടെ കയ്യിൽ നിന്നും ഞാൻ എങ്ങനെയാ മോനെ പൈസ മേടിക്കുന്നെ?”

“എനിക്ക് ഇങ്ങനെ തന്നെ അങ്ങോട്ട് ജീവിച്ചു മരിക്കണം.”

അല്ലെങ്കിൽ തന്നെയും കടങ്ങളും കടപ്പാടുകളും ഇഴ ചേർന്നതല്ലേ………..

അങ്ങനെ ചില കടപ്പാടുകൾ ഗസ്ത്താപ്പൂവിനോട് എനിക്കുമുണ്ട്.

പനിച്ച് വിറച്ചു കിടന്നപ്പോൾ എന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ കൊണ്ടുപോയത്, പൊടിയരി കഞ്ഞി വെച്ച് തന്നത്, നാട്ടിലേക്ക് പോകുന്ന വാരാന്ത്യങ്ങളിൽ ബസ്റ്റാൻഡിൽ കൊണ്ടാക്കി തന്നത്, ഇങ്ങനെ എത്രയെത്ര അവസരങ്ങൾ.

എന്തെങ്കിലും ഗസ്ത്താപ്പൂവിന് ചെയ്യണമെന്ന് എപ്പോഴും കരുതും.

എന്താണ് ചെയ്യുക? എന്തെങ്കിലും വാങ്ങി കൊടുത്താലോ? പൈസ കൊടുത്താൽ വാങ്ങുകയില്ല.

കടപ്പാടുകൾ വിലമതിക്കാനാവാത്തതാണ്!!

ചില വിശേഷവേളകളിൽ, ഞാൻ ഗസ്ത്താപ്പൂവിന് ഷർട്ടും കൈലിയും വാങ്ങി കൊടുത്തു. അപ്പു അത് നിരസിക്കുമ്പോൾ ഞാൻ പറയും, “ഇത് എൻറെ ഒരു സന്തോഷത്തിനല്ലേ വാങ്ങിക്കണം”

അത് സ്വീകരിച്ച് ഒരു ചെറു പുഞ്ചിരിയിൽ സന്തോഷം അറിയിച്ചു ഗസ്ത്താപ്പൂ പോകും.

അധികമൊന്നും വായിക്കില്ലെങ്കിലും, നിറയെ പുസ്തകങ്ങൾ, എൻറെ വീട്ടിൽ ഉണ്ടായിരുന്നു. യാത്ര വേളകളിൽ വായിക്കാനായി വാങ്ങിച്ചു കൂട്ടിയതാണ് പക്ഷേ വായന മാത്രം നടന്നില്ല.

വീടിൻറെ ലിവിങ് റൂമിൽ, പല റാക്കുകുകളിലായി അതിങ്ങനെ നിറഞ്ഞിരുന്നു . എന്നെങ്കിലും, ഏതേലും വായനക്കാരുടെ കണ്ണിനും മനസ്സിനും ഉത്തേജനം ആകാനായി, വരികളും അധ്യായങ്ങളും പുറം ചട്ടയാൽ ബന്ധിക്കപ്പെട്ട് അങ്ങനെ….

നാട്ടിൽ പോയി വരുമ്പോൾ കുറച്ചധികം പുസ്തകങ്ങൾ ഞാൻ ഗസ്ത്താപ്പൂവിനായി എടുത്തു കൊണ്ടുവരുമായിരുന്നു.

രാത്രികാലങ്ങളിൽ ഒറ്റയ്ക്കാകുന്ന ഗസ്ത്താപ്പൂവിന് കൂട്ടായി എൻറെ പുസ്തകങ്ങളും കൂടി.

ഒരു നല്ല പുസ്തക നിരൂപകൻ കൂടിയായിരുന്നു ഗസ്ത്താപ്പൂ. എല്ലാ പുസ്തകങ്ങൾക്കും ഒരു ആത്മാവുമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ ആത്മാവിനെ ആഴത്തിൽ തൊട്ടറിയാൻ ഗസ്ത്താപ്പൂവിലെ വായനക്കാരന് കഴിയാറുണ്ടായിരുന്നു.

അതിൻറെ സാരാംശങ്ങൾ എന്നിലേക്കും പകർന്നു നൽകി.

ഗസ്ത്താപ്പൂ നീ എവിടെയാണ്

    ഇന്നേക്ക് 17 ദിവസമായി ഗസ്ത്താപ്പൂവിനെ കാണാതായിട്ട്. ഗസ്ത്താപ്പൂ ഈ പരിസരവാസികൾക്ക് പരിചിതൻ ആയിട്ട് ഏകദേശം 40 വർഷത്തിലധികമായി കാണും . നാളിതുവരെ ഗസ്ത്താപ്പൂവിനെ ഒരു ദിവസത്തിലധികം ആരും കാണാതിരുന്നിട്ടില്ല.

ഗസ്ത്താപ്പൂ നാടുവിട്ടോ?

ജീവനോടെ ഉണ്ടോ?

ഇനി എവിടെയെങ്കിലും എഴുന്നേറ്റു നടക്കാൻ മേലാത്ത വിധം രോഗശയ്യയിലോ അതോ എന്തെങ്കിലും അപകടം പിണഞ്ഞു കാണുമോ?

ഇങ്ങനെ പലവിധം ചോദ്യങ്ങൾ എല്ലാ സഹജീവികളുടെയും ചിന്തയിൽ വന്നുപോയി, എൻറെയും.

പണ്ടെപ്പോഴോ ഒരു കുശലാന്വേഷണത്തിന് ഇടയിൽ എന്നോട് ഗസ്ത്താപ്പൂ പറയുകയുണ്ടായി,
തന്റെ കുഞ്ഞിപെങ്ങൾ നാട്ടിൽ തുണി കട നടത്തിയിരുന്ന ഒരു ഉത്തരേന്ത്യ കാരനൊപ്പം ഒളിച്ചോടിയത്.

“എന്നെങ്കിലും അനുജത്തിയെ ഒന്ന് പോയി കാണണം. പറയാനായി ശേഷിക്കുന്ന രക്തബന്ധം, അതേയുള്ളൂ ഈ ഭൂമിയിൽ എനിക്ക് ഇനി”

“അമ്പിളീന്നാ പേര്, കാണാൻ നല്ല ശേലായിരുന്നു, അമ്മയെപ്പോലെ തന്നെ. ഇപ്പൊ പ്രായം ചെന്ന് മക്കളും കൊച്ചുമക്കളും ഒക്കെയായി സന്തോഷമായി ജീവിക്കുന്നുണ്ടാകും.

“ഈ പാവം ചേട്ടനെ ഓർമ്മാ കാണുമോ ആവോ???”

കണ്ണ് വിദൂരതയിലേക്ക് നട്ട്, ഓർമ്മകളിൽ ലയിച്ച് ഗസ്ത്താപ്പൂ ഇരുന്നു. മിഴികൾ ഈറനണിഞ്ഞു.

ഞാനും ഒന്നും മിണ്ടിയില്ല, മിണ്ടിയാൽ തന്നെയും എന്താണ് പറയുക?

ഗസ്ത്താപ്പൂ ഒന്നും പറയാതെ മെല്ലെ നടന്നകന്നു…….

പിന്നീട് ഒരിക്കലും, ഗസ്ത്താപ്പൂവിനെ തൻറെ ഭൂതകാലങ്ങളിലേക്ക് വഴുതി വീഴാതിരിക്കാൻ, ഞങ്ങളുടെ കൂടിക്കാഴ്ചകളിൽ ഞാൻ പരമാവധി ശ്രദ്ധിച്ചു.

ഗസ്ത്താപ്പൂ എന്നെ ചില വേളകളിൽ “മോനെ” എന്ന് അഭിസംബോധന ചെയ്യാറുണ്ടായിരുന്നു എനിക്കും ആ വിളി ഒരു ആശ്വാസമായിരുന്നു.

ഗസ്ത്താപ്പൂ എന്നെ ഒരു മകനെ പോലെ ആയിരിക്കുമോ കണ്ടിരുന്നത്, മറിച്ച് ചിന്തിക്കാൻ തോന്നിയ ഒരു അവസരം പോലും ഉണ്ടാക്കിയിട്ടില്ല. ഉണ്ടായിട്ടില്ല !

അപ്പു തൻറെ പെങ്ങളുടെ അടുത്ത് പോയതായിരിക്കാം. ഒരുപക്ഷേ തനിക്ക് ആരെല്ലാമോ ഉണ്ട് എന്ന തോന്നൽ, തിരിച്ചു നാട്ടിലേക്ക് വരുന്നതിൽ നിന്ന് അപ്പുവിനെ പിന്തിരിപ്പിക്കുന്നുണ്ടാവാം.

എവിടെയായിരുന്നാലും, ആരോഗ്യത്തോടെ ഇരുന്നാൽ മതിയായിരുന്നു.

ഇന്നെനിക്ക് കൂട്ടിനൊരു ജീവിതസഖിയുണ്ട്. അവളുംഎന്നെപ്പോലെ തന്നെ ഗസ്ത്താപ്പൂവിനെ ഒരു അന്യനായി കണ്ടിട്ടില്ല.

വീടിൻറെ വിശാലമായ സിറ്റൗട്ടിൽ ഇരുന്ന്, ചക്രവാളത്തിനപ്പുറം കണ്ണും നട്ട് ഞങ്ങൾ ഇരുന്നു

ഒരുപക്ഷേ എന്നെപ്പോലെ തന്നെ അവളും കരുതുന്നുണ്ടാവും “ഗസ്ത്താപ്പൂ മടങ്ങി വരുമോ??????……………….