പരന്നൊഴുകുന്ന ചോരയാൽ എന്ന പോലെ ചുവന്ന പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിൽ “Black” എന്നും വെളുത്ത അക്ഷരങ്ങളാൽ “Humour” എന്നും എഴുതപ്പെട്ടു. ബ്ലാക്ക് ഹ്യുമർ അഥവാ കറുത്ത തമാശ എന്ന ചെറിയ സിനിമ ആരംഭിക്കുന്നു.

മനോഹരമായ സ്പടിക പാത്രങ്ങൾ നിറഞ്ഞ ഭിത്തി അലമാരയിൽ നിന്നും ഒരു വൈൻ ബോട്ടിലും രണ്ട് ഗ്ലാസുകളും എടുത്ത് അവൻ ഊൺ മേശയ്ക്ക് അരികിലേക്ക് നടന്നു. അവൻ, എണ്ണകറുപ്പുള്ള നായകൻ. ഡൈനിങ് ടേബിൾ നിറയെ വറുത്തതും പൊരിച്ചതുമായ നിരവധി വിഭവങ്ങൾ, അലങ്കാരത്തിനെന്ന വണ്ണം ഒരു ചൂരൽ കൊട്ടയിൽ വിവിധ വർണ്ണങ്ങളിലുള്ള പഴങ്ങളും. അൽപ്പം മാറി, ജനലിനോട് ചേർന്ന് പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കുന്ന ഒരു പെൺകുട്ടി. അവൾ, പാല് പോലെ വെളുത്ത നായിക.

ഇരു ഗ്ലാസ്സുകളിലുമായി ഇളം ചുവപ്പ് നിറത്തിലുള്ള വൈൻ പകർന്നതിന് ശേഷം അവൻ മേശയിൽ അതി മനോഹരമായ വിളക്കുകാലുകളിൽ ഉയർന്ന് നിൽക്കുന്ന വെളുത്ത മെഴുകുതിരി കൊളുത്തി. തിരി നാളത്തിലെ അഗ്നിയുടെ ബാക്കി എന്ന പോലെ അവൾ ഇപ്പോഴും ജനലരികിൽ നിൽക്കുന്നു. മുഖത്തേക്ക് വീണ് കിടക്കുന്ന ചുരുണ്ട മുടിയിഴകൾക്കിടയിലൂടെ അവളുടെ കണ്ണുകൾ പുറത്തെ ഇരുട്ടിലേക്ക് തുറന്നിരിക്കുന്നു.

അവൻ പതിയെ നടന്ന് അവളുടെ അരികിലേക്ക് ചെന്ന്, പിന്നിൽ നിന്നും കെട്ടി പിടിച്ചുകൊണ്ട് ചോദിച്ചു

അവൻ : നീ ഈ കൂരാ കൂരിരുട്ടിൽ എന്ത് കണ്ടോണ്ട് നിക്കുവാ ?

അപ്രതീക്ഷിതമായ അവന്റെ ആലിംഗനത്തിൽ തെല്ലും പതറാതെ അവൾ ഇരുട്ടിലേക്ക് നോക്കി പതിയെ പറഞ്ഞു

അവൾ : നല്ല ഇരുട്ടിലേ നക്ഷത്രങ്ങളെ കാണാൻ പറ്റു, നന്നായി കാണാൻ പറ്റു

പറഞ്ഞതൊന്നും മനസ്സിലാകാതെ അവൻ അവളുടെ കഴുത്തിന് പിന്നിലൂടെ തോളിൽ തല അമർത്തി പുറത്തേക്ക് മിഴിച്ചു നോക്കി.

അവൻ : ആ എനിക്ക് അറിയാൻ മേല. വന്നെ കഴിക്കാം. നല്ല വിശപ്പുണ്ട്.

അവൾ പതിയെ തിരിഞ്ഞ് ഭാവം മാറ്റി ചെറു ചിരിയോടെ കൈകൾ വിരിച്ചുകൊണ്ട് അവനോടായി പറഞ്ഞു

അവൾ : എനിക്ക് ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ട്

അവളുടെ ചെറിയ മുഖം കൈകൾക്ക് ഉള്ളിലാക്കി അവൻ പതിയെ പറഞ്ഞു

അവൻ : എനിക്ക് നിന്നെ തിന്നാനാ തോനുന്നെ

അവൾ കൊഞ്ചലോടെ

അവൾ : ആണോ ?!

അവൻ തല കുലുക്കി. അവൾ തമാശയായി അവന്റെ തലയിൽ തട്ടി. ടേബിളിലേക്ക് നോക്കികൊണ്ട്‌ തുടർന്നു.

അവൾ : നമുക്കാദ്യം ഇതെല്ലം തിന്ന് തീർത്തിട്ട് ആലോചിക്കാം

മുറിയിൽ തൂക്കിയിട്ടിരിക്കുന്ന അലങ്കാര ബൾബിൽ നിന്നും ചിതറി തെറിച്ച ചുവന്ന വെളിച്ചം അടഞ്ഞ ജനൽ ചില്ലിൽ തട്ടി പ്രതിഫലിക്കുന്നു.

ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. അവൻ തമാശരൂപേണ ഒരു ക്ഷമാപണം എന്നപോലെ പറഞ്ഞു.

അവൻ : അതെ, ആന ഒഴിച്ച് ഏതാണ്ട് മറ്റെല്ലാ ജീവികളും ഉണ്ട്

അവൾ : ജീവികൾ അല്ലല്ലോ, ജീവനില്ലാത്ത ശവങ്ങൾ. നമ്മള് രണ്ട് ശവം തീനികൾ !

അവൻ ഈർഷ്യതയോടെ അവളെ നോക്കി

അവൾ : ചുമ്മാ പറഞ്ഞതാ, തട്ടിക്കൊ

അവൻ അവളെ വെറുതെ പല്ലിളിച്ചു കാട്ടി, കഴിക്കൽ തുടർന്നു. അവന്റെ പ്രവർത്തികൾ അവൾ അൽപ്പനേരം കൗതുകത്തോടെ നോക്കി ഇരുന്നു.

അവൾ : താൻ ശ്രദ്ധിച്ചിട്ടുണ്ടോ കറുത്ത ആളുകളുൾക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ വെളുത്ത പല്ലുകൾ ആയിരിക്കും.

അവന്റെ മുഖത്ത് ഗൗരവ ഭാവം നിറയുന്നത് കണ്ട അവൾ പെട്ടന്ന് തിരുത്തി.

അവൾ : അയ്യോ, ഞാൻ നല്ലതായിട്ട് പറഞ്ഞതാ. തന്റെ ചിരി കാണാൻ നല്ല രസം ഉണ്ട്.

അവൻ ഗൗരവത്തിൽ ഒന്ന് മൂളി. അവൾ പതിയെ വൈൻ ഗ്ലാസുമെടുത്ത് അവന്റെ വശത്തേക്ക് വന്നു.

അവൾ : സോറി

അവൾ അവന്റെ നെറുകയിൽ ചുംബിച്ചു.

അവൾ : ശെരിക്കും സോറി. തനിക്ക് തന്റെ നിറത്തിനോട് അത്രയ്ക്ക് കോംപ്ലക്സ് ഉണ്ടോ ?

അവൻ : ജനിച്ചപ്പോ തൊട്ട് കേൾക്കുന്ന അല്ലെ. കേട്ട് കേട്ട് പിന്നെ ഞാനത് ശ്രദ്ധിക്കാണ്ട് ആയിരുന്നു. എത്രയൊക്കെ വേണ്ടാന്ന് വെച്ചാലും ചിലപ്പോ വല്ലാണ്ട് പൊള്ളും, ചിലര് പൊള്ളിക്കും.

അവൾ അവന്റെ അരികിലായി ഇരുന്നു.

അവൻ : എടോ, ഞാൻ ഓർമ്മ വെച്ചപ്പോ തൊട്ട് കേൾക്കുന്നതാ ഇത്, കുഞ്ഞാരിക്കുമ്പോ തന്നെയേ, സ്‍കൂളിൽ ഒക്കെ പോകാർ ആകുന്നതിനും മുന്നെ… ഞാനിപ്പഴും ഓർക്കുന്നുണ്ട് അമ്മേടെ വകയിൽ ഒരു ആന്റി വീട്ടിൽ വന്നു.

ഉപ്പ് ഇട്ട് വച്ചിരുന്ന വെളുത്ത ഡപ്പിയിൽ നിന്നും സൂപ്പിലേക്ക് അത് കുടഞ്ഞിട്ടുകൊണ്ട് അവൻ തുടർന്നു.

അവൻ : ഒരു വക ആന്റി. അവര് അമ്മയോട് സഹതാപത്തോടെ പറയുന്ന കേട്ടതാ…

കാഴ്‌ച അവന്റെ കയ്യിൽ ഇരിക്കുന്ന വെളുത്ത ഉപ്പ് പാത്രത്തിൽ കേന്ദ്രീകരിക്കുന്നു

അവൻ : കൊച്ച് ഉണ്ടായി കിടന്നപ്പോ ഇതിലും നിറമുണ്ടായിരുന്നതാ. ഇതിപ്പോ വളരും തോറും ഇവൻ കറുത്ത് വരുവാണല്ലോ.

അവൻ ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം തുടർന്നു

അവൻ : ഒരു നെടുവീർപ്പ് മാത്രമായിരുന്നു അമ്മയുടെ മറുപടി. അന്ന് ആദ്യമായി ഞാൻ കറുപ്പാണ്, അത് എന്തോ വലിയ പ്രശ്‌നമാണ് എന്ന അറിവ് എന്റെ തലയ്ക്ക് ഉള്ളിലേക്ക് കയറി.

അവന്റെ കറുത്ത കയ്കളാൽ ആ വെളുത്ത ഡപ്പ ഞെരിഞ്ഞു.

അവൻ : പിന്നീട് സ്കൂളിൽ ചെന്നപ്പോ ആദ്യം ഒന്നും വലിയ പ്രശ്നം ഇല്ലായിരുന്നു.

അവൾ ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ അവന്റെ സംസാരം ശ്രദ്ധിക്കുന്നു.

അവൻ : രണ്ടിൽ പഠിക്കുമ്പോഴാണ് എന്റെ പേരിൽ വേറൊരു പയ്യൻ കൂടി ആ ക്ലാസ്സിലേക്ക് വരുന്നത്. രണ്ടാൾടേം ഇനിഷ്യല് വേറെ ആണേ. എന്നിട്ടും അവൻ ബെന്നി പൗലോസും ഞാൻ കറുത്ത ബെന്നിയുമായി.

അവൻ കറുത്ത നിറത്തിലുള്ള കുരുമുളക് ഡപ്പ കയ്യിൽ എടുത്തുകൊണ്ട് തുടർന്നു.

അവൻ : കറുത്ത ബെന്നി എന്നുള്ള പേരിൽ അന്ന് എനിക്ക് അങ്ങനെ വല്ല്യ പ്രശ്നമൊന്നും ഇല്ലായിരുന്നെന്ന തോനുന്നെ. ഞാൻ തന്നെ എന്നെ പരിചയപ്പെടുത്തുമ്പോൾ പല സമയത്തും അങ്ങനെ പറഞ്ഞിട്ടുണ്ട്.

അവൻ ചിരി അഭിനയിച്ചു

അവൻ : സത്യത്തിൽ പരീക്ഷാ പേപ്പറിൽ പേരെഴുതുമ്പോ അല്ലാണ്ട് സ്കൂൾ ജീവിതത്തിൽ എവിടെയും ഞാനെന്റെ യഥാത്ഥ ഇനിഷ്യൽ ഉപയോഗിച്ചിട്ടേ ഇല്ല.

അവൻ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞതെങ്കിലും അവളുടെ മുഖത്ത് ഒരു സഹതാപ ഭാവം ആയിരുന്നു

അവൻ : ചില സാറുമാര് ഉണ്ട്. എല്ലാവരും അല്ല കെട്ടോ. ചില കൊണച്ച മാഷുമാര്.

അവൻ ഒരു കത്തികൊണ്ട് ബാസ്‌ക്കറ്റിൽ നിന്നും ഒരു ആപ്പിൾ കുത്തി എടുത്തുകൊണ്ട് തുടർന്നു. കാഴ്‌ച ആപ്പിളിൽ മാത്രം ആകുന്നു.

അവൻ : ഞാൻ ക്ലാസ്സിൽ വർത്തമാനം പറഞ്ഞാൽ, ഹോംവർക് ചെയ്തില്ലെങ്കിൽ. ചെയ്തതും ചെയ്യാത്തതുമായ എല്ലാ കുറ്റങ്ങൾക്കും ഇരട്ടപ്പേര് വിളിച്ചായിരിക്കും ശിക്ഷ വിധിക്കുന്നെ. കരിമന്തി, പല്ലികാട്ടം… കുട്ടികളെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നത് അവർക്ക് ഒക്കെ ഒരു ഹരമായിരുന്നു എന്ന് തോനുന്നു. ഒരോ മൈ*കള്.

അവന്റെ കയ്യിലെ കത്തി ആപ്പിളിൽ ആഴ്ന്ന് ഇറങ്ങി.

ഇരുവരും ആപ്പിൾ കഴിച്ചുകൊണ്ട് ഹാളിന്റെ ഒരു മൂലയിലായി ഉയർത്തി വച്ചിരിക്കുന്ന, മരം കൊണ്ട് നിർമ്മിച്ച വലിയ ചെസ്സ് ബോർഡിന് അരികിലായി നിൽക്കുന്നു. അവൾ വെള്ളയും കറുപ്പും കരുക്കൾ നിരത്തി വയ്ക്കുന്നു. അവൻ സംസാരം തുടരുന്നു.

അവൻ : നിറത്തിന്റെ ഈ ഒരു കോംപ്ലക്സ് ഇങ്ങനെ ഉള്ളിൽ കിടക്കുന്നത് കൊണ്ട് തന്നെ ആവും എനിക്ക് ഇതുവരെ ഒരു നല്ല പ്രണയം പോലും ഉണ്ടായിട്ടില്ല. എന്നാ സ്കൂൾ കാലം മുതൽ തന്നെ രണ്ട് മൂന്ന് പേരെ പ്രൊപ്പോസ് ഒക്കെ ചെയ്തിട്ടുണ്ട്.

അവൾ കൗതുകത്തോടെ അവനെ നോക്കി.

അവൻ : പക്ഷെ ആ പ്രൊപോസൽസ് ഒക്കെ തുടങ്ങുന്നത് തന്നെ ഇങ്ങനെ ആയിരിക്കും. “തനിക്ക് എന്നെ ഇഷ്ടമാവില്ല എന്ന് അറിയാം എന്നാലും ഇത് പറയാണ്ട് ഇരിക്കാൻ പറ്റാത്തതുകൊണ്ട് പറയുന്നതാ… ” പ്രതീക്ഷിക്കുന്ന പോലെ തന്നെ അവര് എല്ലാരും വളരെ ഡിപ്ലോമാറ്റിക് ആയി എന്നെ റിജെക്ടും ചെയ്തു

അവൻ വീണ്ടും തന്റെ വെളുത്ത പല്ലുകൾ പുറത്ത് കാട്ടി ചിരി അഭിനയിച്ചു.

അവൻ : പിന്നെ പിന്നെ എനിക്ക്… ഈ പ്രണയം എന്ന വാക്ക് തന്നെ വെറുപ്പ് ആയി. പെൺകുട്ടികളുടെ മുന്നിൽ പോലും വരാതിരിക്കാൻ ശ്രമിക്കാൻ തുടങ്ങി. എന്നാ ആക്സമികമായി ചില പെൺ സുഹൃത്തുക്കൾ ഒക്കെ ഉണ്ടായി, ആ സൗഹൃദങ്ങൾ നഷ്ടപെടാതിരിക്കാനായി അവരിൽ പലരോടും തോന്നിയ ഇഷ്ടം വെളിപ്പെടുത്താതെ ഇരുന്നു. പിന്നീട് അവര് മറ്റ് പല റിലേഷന്ഷിപ്പിലേക്കും പോകുമ്പോ, നമ്മളെ അവോയ്ഡ് ചെയ്യുമ്പോഴൊക്കെ ഞാൻ എന്റെ കുറവിനെ, കറുപ്പിനെ ശപിച്ചു.

അവൾ ചെസ്സ് ബോർഡിൽ വെളുത്ത റാണിയെ കൊണ്ട് കറുത്ത രാജാവിനെ വെട്ടി. അവൾ അവനോടായി ആശ്വസിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു

അവൾ : പിന്നെ നിറം നോക്കിയല്ലേ ആളുകൾ പ്രണയിക്കുന്നെ. അതും ഈ കാലത്ത്. ഇതൊക്കെ ചുമ്മാ തോന്നലാണന്നെ

അവൻ : ആയിരിക്കാം, പക്ഷെ ആ തോന്നലുകളീന്ന് പുറത്ത് കടക്കാൻ എനിക്ക് പറ്റുന്നില്ല. മനസ്സ് മടുത്ത് മരവിച്ച് ആണ് ഇന്നത്തെ ധ്യാനത്തിന് വന്നത്. ദൈവത്തിന് എങ്കിലും എന്നെ മനസ്സിലാകും എന്ന് കരുതി.

ഒരു പള്ളിയുടെ പുറംഭാഗ ദൃശ്യം. തോമാശ്ളീഹായുടെ രൂപം വച്ചിരിക്കുന്ന ഗ്രോട്ടോയ്ക്ക് ഇരു വശത്തുമുള്ള സ്റ്റെപ്പുകളിലൂടെ തിടുക്കത്തിൽ കയറി പോകുന്ന രണ്ട് ചെറുപ്പക്കാരോടൊപ്പം കാഴ്ച പള്ളിക്ക് ഉള്ളിലേക്ക് ആകുന്നു. മദ്‌ബഹായ്ക്ക് മുന്നിലായി നിന്ന് പ്രസംഗിക്കുന്ന വെളുത്ത ളോഹ ധരിച്ച പുരോഹിതൻ. അദ്ദേഹത്തെ കേട്ടുകൊണ്ട് ഇരുവശത്തുമായി ഇരിക്കുന്ന ചെറുപ്പക്കാർ, അവർക്കിടയിലായി അവനും. അദ്ദേഹം സംസാരം തുടരുന്നു

പുരോഹിതൻ : അപ്പൊ ഞാൻ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാല് നിങ്ങള്, യുവജനങ്ങള് സഭയുടെ പ്രതീക്ഷയാണ്. നിങ്ങളൊക്കെ ജീവിത വിജയം നേടിയവർ ആണ്. പഠിച്ച്, ജോലി നേടി സമ്പാദിക്കുന്നവർ ആണ്. മിടുക്കൻമാരും മിടുക്കികളുമാണ്.

ചെറു പുഞ്ചിരിയോടെ അവനും മറ്റുള്ളവരോടൊപ്പം പ്രഭാഷണം ശ്രവിക്കുന്നു.

പുരോഹിതൻ : ഇനി നിങ്ങളോട്, പ്രത്യേകിച്ച് മിടുക്കികളോട് മാത്രമായി ചില കാര്യങ്ങൾ പറയാൻ ഉണ്ട്. നിങ്ങളുടെ തൊഴിലിടത്തും പുറത്തുമൊക്കെ ആയി കൂട്ടുകൂടാൻ പല സമുദായത്തിലുള്ള മിടുക്കന്മാർ വരും. സൗഹൃദം പാടില്ല എന്നല്ല. ആവാം… മത സൗഹാർദവും ആവാം

പുരോഹിതൻ അസ്ഥാനത്ത് ഒരു വെകിട് ചിരി ചിരിച്ചു, അയാൾ തുടർന്നു

പുരോഹിതൻ : പക്ഷെ ആ മിടുക്കന്മാരുടെ പഞ്ചാര വർത്താനത്തിൽ നിങ്ങള് വീണ് പോകല്ല്. കാണാൻ കൊള്ളാവുന്ന പെങ്കൊച്ചുങ്ങൾ ഒക്കെ നമ്മുടെ കൂട്ടത്തിൽ ആയി പോയെന്നും വച്ചും നമ്മള് എന്നാ ചെയ്യാനാ.

പുരോഹിതൻ ഉച്ചത്തിൽ ചിരിച്ചു. അയാൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായവരും മനസ്സിലാകാത്തവരുമെല്ലാം കൂടെ ചിരിച്ചു, അവൻ ഒഴിച്ച്. പുരോഹിതൻ ചിരി നിർത്തി തുടർന്നു

പുരോഹിതൻ : അച്ചന് നേരിട്ട് അനുഭവം ഉള്ളത് ആന്നെ. എന്റെ അമ്മച്ചീടെ ചേട്ടന്റെ മോളുടെ മോള്, നല്ല പാലപ്പത്തിന്റെ നിറമുള്ള, ഐശ്വര്യമുള്ള ഒരു കൊച്ച്. ഇവിടെ IT പാർക്കിൽ ആയിരുന്നു ജോലി. അവടെ അവളുടെ അടുത്ത സീറ്റിൽ ഇരുന്നിരുന്ന ഒരു ചോവോൻ ചെക്കൻ നമ്മുടെ സുന്ദരി കൊച്ചിനെ തേനേ പാലേ എന്നൊക്കെ പറഞ്ഞ് പറ്റിച്ച് പ്രേമത്തിലാക്കി. കൊച്ചിന് വീട്ടിൽ കല്ല്യാണ ആലോചനകൾ വന്നോണ്ടിരിക്കുന്ന സമയവാ. അവൾ ആ ചെക്കനെ അല്ലാണ്ട് വേറെ ആരെയും കെട്ടത്തില്ല എന്നും പറഞ്ഞ് ഒറ്റക്കാലിൽ നിന്നു.

പുരോഹിതൻ ഒറ്റക്കാലിൽ കഷ്ടപ്പെട്ട് ബാലൻസ് ചെയ്ത് നില്ക്കാൻ ശ്രമിക്കുന്നു. വീണ്ടും കാഴ്ചക്കാർ ചിരിച്ചു.

പുരോഹിതൻ : അവസാനം എന്നാ.. ? പൊന്നേ കരളേ എന്നും പറഞ്ഞ് വളർത്തിയ ഒറ്റമോളല്ലേ എന്നും വച്ചേച് അവളുടെ അപ്പനും അമ്മയും കൂടി ആ ചെക്കന് തന്നെ അങ്ങ് കെട്ടിച്ച് കൊടുത്തു. എന്നാ കുടുംബത്തിൽ ഒരു അച്ചനുള്ളതല്ലേ അങ്ങേരോട് ഒരു വാക്ക് ചോദിക്കാം എന്ന് അവര് വച്ചില്ല.

ചുറ്റും നോക്കികൊണ്ട്‌ ഒരു രഹസ്യം പറയുന്ന താളത്തിൽ അയാൾ തുടർന്നു

പുരോഹിതൻ : എന്റെ മക്കളെ… ഞാൻ കഴിഞ്ഞ ആഴ്ച അവരുടെ വീട്ടിൽ ചെല്ലുമ്പോ കണ്ട കാഴ്‌ച. പെണ്ണ് പ്രസവിച്ചു കിടക്കുവാ. ചിരിച്ചാൽ പല്ല് മാത്രം കാണാൻ പറ്റുന്ന കെട്ടിയോൻ ചെക്കനും ഉണ്ട്. അവൻ ആ കൊച്ചിനെ എടുത്ത് എന്റെ കയ്യിലേക്ക് വച്ച് തന്നു. ഞാൻ ഒറ്റ നോട്ടവേ നോക്കിയുള്ളൂ, അവന്റെ തനി പകർപ്പ്. കറുപ്പെന്നൊക്കെ പറഞ്ഞാ… പല്ലിക്കാട്ടം പോലത്തെ ഒരു കൊച്ച്

പുരോഹിതൻ കുലുങ്ങി ചിരിച്ചു, കേൾവിക്കാരും. ചിരിക്കുന്നവരുടെ കൂട്ടത്തിൽ വെളുത്തവരും, ഇരു നിറമുള്ളവർക്കും നന്നായി കറുത്തവരുമുണ്ട്. അവൻ ദേഷ്യംകൊണ്ട് പല്ലിറുമ്മി. പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു, അവന്റെ കറുത്ത കാലുകൾ പള്ളിയുടെ പുറത്തേക്ക് ഇറങ്ങുന്നതോടൊപ്പം പുരോഹിതൻ പ്രസംഗം തുടരുന്നു.

പുരോഹിതൻ : ഇതുകൊണ്ടാണ് ഞാൻ പറയുന്നത്, പ്രേമിക്കുമ്പോ നോക്കിയും കണ്ടും പ്രേമിക്കണമെന്ന്.

കാഴ്ച വീണ്ടും അവനിലേക്കും അവളിലേക്കും, ഇരുവരും ഇപ്പോൾ ഉള്ള ബെഡ്‌റൂമിലേക്കും ആകുന്നു. തലയിണ ഉയർത്തിവെച്ച് ബെഡിൽ കാൽ നീട്ടി ഇരിക്കുന്ന അവൾ രണ്ട് വെളുത്ത സിഗററ്റുകൾ ഒരുമിച്ച് ചുണ്ടിൽ വച്ച് കത്തിച്ച് ഒരെണ്ണം നിലത്ത് കട്ടിലിൽ ചാരി ഇരിക്കുന്ന അവന് നേരെ നീട്ടി. അവൻ ആ സിഗരെറ്റ്‌ ആഞ്ഞ് വലിച്ചുകൊണ്ട് പിറുപിറുത്തു.

അവൻ : പട്ടി കഴുവേറി.

അവന് അഭിമുഖമായി അലമാരയിൽ ചാരി ഇരിക്കുന്ന പുരോഹിതൻ. അയാളുടെ നെഞ്ചിൽ കുത്തിയിറക്കിയ കത്തിയിൽ നിന്നുമുള്ള ചോരയാൽ കുതിർന്ന് വെളുപ്പും ചുവപ്പും കലർന്ന ളോഹ.

അവൾ കൈ നീട്ടി അവന്റെ തലമുടിയിൽ തലോടുന്നു. അവൻ തിരിഞ്ഞ് അവളെ നോക്കികൊണ്ട്‌ ഇടറിയ ശബ്ദത്തിൽ പറയുന്നു.

അവൻ : ഇനിയത്തെ എന്റെ ജീവിതം ചിലപ്പോ ജയിലിൽ അവസാനിക്കുമായിരിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും സ്നേഹത്തോടെ കാമിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു. പറഞ്ഞതിലും അധികം കാശ് ഞാൻ തരാം, കുറച്ചു നേരത്തേക്ക്… തനിക്ക് സ്‌നേഹം അഭിനയിക്കാൻ എങ്കിലും പറ്റുവോ ?

അവൾ അവന്റെ അധരത്തിൽ അമർത്തി ചുംബിച്ചു. കാഴ്ച ജനലിലൂടെ പുറത്തേക്ക് ആകുമ്പോൾ അവിടം ഒരു പള്ളി ആണെന്ന് വ്യക്തമാകുന്നു. ഗ്രോട്ടോയിലെ രൂപത്തിന് മുകളിലായുള്ള ട്യൂബ് ലൈറ്റ് മടിച്ച് മടിച്ച് കണ്ണടച്ചു, വീണ്ടും കറുത്ത ഇരുട്ട് പടർന്നു.

പള്ളി മേടയിൽ, വികാരി അച്ചന്റെ ബെഡ്‌റൂമിൽ അവനും അവളും ഒരു പുതപ്പിന് കീഴിൽ നഗ്‌നരായി കിടക്കുന്നു, അവരെ കണ്ണ് മിഴിച്ച് നോക്കി ഇരിക്കുന്ന നിലയിൽ ആ ഇടത്തിന്റെ അവകാശിയുടെ മൃതദേഹവും. അയാളുടെ വിളറി വെളുത്ത മുഖത്ത് അപ്പോഴും സ്ഥായിയായ പുച്ഛ ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല.

സ്‌ക്രീനിൽ വെളുത്ത നിറത്തിന് മുകളിലായി മറ്റ് നിറങ്ങൾ ഓരോന്നായി ചേർന്ന് പരിപൂർണ്ണമായ കുറുപ്പായി മാറുന്നു, ചെറു സിനിമ അവസാനിക്കുന്നു.