പണ്ട് പണ്ട് , മനുഷ്യന്‍ പ്രണയിക്കുന്നതിനും മുന്‍പ് , പൂമ്പാറ്റയായി പറന്നു തളര്‍ന്ന ഒരു ആത്മാവ് , യുഗങ്ങള്‍ക്കിപ്പുറം ഒരു പുസ്തകത്തില്‍ ഒളിച്ചിരുക്കുവാന്‍ വിധിക്കപ്പെട്ട ഒരു പ്രണയലേഖനമായി പുനര്‍ജനിച്ചു. അല്പം ആലങ്കാരികമായി ആ ജന്മ രഹസ്യം വെളിപ്പെടുത്തി എങ്കിലും , പൂര്‍വ്വജന്മ ആര്‍ഭാടം ഒന്നും തന്നെ ഈ പിറവിയില്‍ വിധിച്ചിട്ടില്ല എന്നും, മറ്റൊരു മനുഷ്യലാളനക്കുള്ള യോഗം ജാതകത്തിലെ ദശാസന്ധിയിലെങ്ങും തെളിഞ്ഞു കാണുന്നില്ല എന്നുള്ള സത്യം മനസ്സിലാക്കിയും ആ ശുദ്ധ ആത്മാവ് പുസ്തകത്തിലെ ഇരു ഇതളുകള്‍ക്കിടയിലുള്ള നിര്‍മല വിഹായസ്സില്‍ കുടിയിരിന്നു.

                       എന്നിരുന്നാലും അധിക നിരാശയിലേക്കു വഴുതി വീഴാനുള്ള ശാപവും പേറി ഒരു ഗ്രഹവും അവന്റെ തലയ്ക്കു മുകളില്‍ ചുറ്റി കറങ്ങിയിരുന്നില്ല എന്ന സത്യവും ഇവിടെ പറഞ്ഞുകൊള്ളട്ടെ . ഇടയ്ക്കിടെ തന്റെ ലോകത്തേക്ക് എത്തുന്ന ആ മനുഷ്യ സൃഷ്ടാവിന്റെ ചുടു നിശ്വാസത്തില്‍ പുളകിതനായും , ആ കണ്ണില്‍ തെളിയുന്ന സ്പടിക കുമിളയില്‍ വെളിപ്പെടുന്ന തന്റെ ശരീര വടിവുകളുടെ സൗന്ദര്യത്തില്‍ മതി മറന്നും , തനിക്കു മീതെ മറ്റൊരു സൃഷ്ടി ആ മനുഷ്യനാല്‍ സാധ്യമല്ല എന്ന് ഉറച്ചു വിശ്വസിച്ചും വസിക്കുന്നതിനിടയില്‍ ഒരു രാത്രി ആ മനുഷ്യന്റെ കയ്യും പിടിച്ചെത്തിയ പുതിയ അതിഥിയെ കണ്ടവന്‍ - പ്രണയലേഖനം ഒന്ന് ഞെട്ടി .

                       ആ ഞെട്ടല്‍ പിന്നീട് ആശ്ചര്യത്തിലേക്കും . അവിടെ നിന്നും നിരാശയിലേക്കും വളര്‍ന്നത് , ആ മനുഷ്യന്‍ അവനെ പൂര്‍ണമായും നിരാകരിച്ച് , അതിഥിയുടെ കവിളില്‍ അര്‍പ്പിച്ച ചുംബനത്തിന്റെ സുഗന്ധം അവന്റെ ലോകത്തേക്ക് അനുവാദം ഇല്ലാതെ കടന്നു വന്നപ്പോള്‍ ആയിരിന്നു. ആ മനുഷ്യന്‍ പോയതിനു ശേഷവും ,അമ്പരപ്പില്‍ നിന്ന് പൂര്‍ണമായും ഉണരാതിരുന്നതും , ആതിഥേയ മര്യാദകളെ പറ്റി അറിവില്ലാതിരുന്നതും കാരണം അതിഥിയെ ഇരു കൈ നീട്ടി സ്വീകരിക്കുവാനോ , ഒരു കൈ മാത്രം നീട്ടി തന്റെ ലോകത്തേക്ക് പിടിച്ചു കയറ്റുവാനോ പ്രണയലേഖനം ശ്രെമിച്ചില്ല.

അങ്ങനെ ഒരു സ്വീകരണത്തിന്റെ ആവശ്യകതയും അതിഥിക്ക് ഉണ്ടായിരുന്നില്ല എന്ന സത്യം അവന്‍ തിരിച്ചറിഞ്ഞപ്പോള്‍ അന്നാദ്യമായി അവന് ഒരു സംശയം തോന്നി. ഒരു മനുഷ്യന്റെ സ്‌നേഹം സമ്പാദിക്കുവാന്‍ തന്നെക്കാള്‍ യോഗ്യത ഇവനുണ്ടോ . ആ സംശയം ചോര്‍ന്നു പോകുന്നതിനു മുന്‍പ് തന്നെ അതിഥിയെ അവന്‍ ആകെ ഒന്ന് നോക്കി . ഒറ്റനോട്ടത്തില്‍ ഒരു മിടുക്കും കണ്ടില്ല , കാണാന്‍ നന്നേ ചെറുത് , കാര്യമായോ ഉള്‍ക്കരുത്തോ, ബാഹ്യ സൗന്ദര്യമോ അങ്ങനെ പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്നതായി ഒന്നുമില്ല എന്നിട്ടും…ആരായിരിക്കും ഇത് . ഒരു നിശ്വാസം ദീര്‍പ്പിക്കുന്നതിനു മുന്‍പ് തന്നെ പ്രയലേഖനം ചോദിച്ചു

‘പേര് ‘
‘ഇല്ല പേരായിട്ടില്ല , അങ്ങനെ ഒന്നും വിളിച്ചിട്ടില്ല ‘

മറുപടി പറഞ്ഞു തലകുമ്പിട്ടിരിന്നു അതിഥി .എന്നാല്‍ ശത്രു ആകാനും , മിത്രമാകാനും – ആദ്യം വേണ്ട യോഗ്യത ഒരു പേരുണ്ടായിരിക്കുക എന്നുള്ളതാണെന്നുള്ള നഗ്‌ന സത്യവും പാവം പ്രണയലേഖനം അറിഞ്ഞിരുന്നില്ല . അതിനാല്‍ പേരില്ല എന്നുള്ള മറുപടിയുടെ വ്യാപ്തി അളക്കാതെ അടുത്ത ചോദ്യവുമായി എത്തി പ്രണയലേഖനം

‘ആ മനുഷ്യനുമായി പരിചയം’

‘അധികമില്ല, ദാ ഇപ്പോള്‍ ‘

അതിഥിയുടെ ആ ഉത്തരത്തില്‍ തനിക്കു ആശ്വസിക്കാന്‍ എന്തെല്ലാമോ ഉണ്ടെന്നു തിരിച്ചറിഞ്ഞ പ്രണയലേഖനം അതൊന്നു ഉറപ്പിക്കുവാനായി വളരെ ശ്രദ്ധയോടെ അടുത്ത ചോദ്യം ഒരുക്കി

‘പേരില്ല , അധികം പരിചയമില്ല . എന്നിട്ടും നിന്നോടെങ്ങനെ അയാള്‍ക്കിത്രയും സ്‌നേഹം?’

‘അറിയില്ല , സന്തോഷത്തില്‍ ആണെന്ന് തോന്നുന്നു. ഞാന്‍ കണ്ണ് തുറന്നെപ്പോള്‍ അയാള്‍ ചിരിക്കുക ആയിരിന്നു . പുഞ്ചിരിച്ചും , ചിരിച്ചും, പിന്നെ അട്ടഹസിച്ചും അയാള്‍ എന്നെ സൃഷ്ടിച്ചു’.

                     ആ ഉത്തരം പ്രണയലേഖനത്തെ ആകെ തകര്‍ത്തു കളഞ്ഞു. കണ്ണുനീരോടെ അല്ലാതെ ആ മനുഷ്യന്‍ തന്നെ സമീപിച്ചിട്ടില്ല എന്ന സത്യം അവന്‍ ഓര്‍ത്തു . ചിരിയോ, കണ്ണുനീരോ. സന്തോഷമോ , ദുഖമോ ഏതാവും ഒരു മനുഷ്യന് പ്രിയം . സന്തോഷം തന്നെ ആയിരിക്കില്ലേ. അങ്ങനെ ചിന്തിച്ചപ്പോള്‍ അവന് തന്റെ ഭാരം കുറയുന്നതായും, പരാജയം രുചിച്ചു തുടങ്ങുന്നതായും തോന്നി . തന്റെ മനസ് നിരാശയുടെ പടുകുഴിയിലേക്ക് തെന്നി നീങ്ങുന്നതായും അവന്‍ അറിഞ്ഞു . താന്‍ പേറുന്നതൊക്കെയും അഴകാണെന്നുള്ള വിശ്വാസം പൊള്ളയായിരുന്നുവോ ?. അവന്‍ അതിഥിയെ ഒന്ന് നോക്കി . പുതിയ ലോകത്തു എത്തിപ്പെട്ട അമ്പരപ്പില്‍ ആയിരിന്നു അവന്‍. പ്രണയലേഖനം തന്റെ വിശ്വാസങ്ങളെ മുറുക്കെ പിടിക്കുവാന്‍ വഴികള്‍ തേടി തന്നിലേക്ക് തന്നെ നോക്കി
                            തന്റെ രൂപത്തില്‍ താന്‍ ഏറ്റവും ഇഷ്ടപെടുന്ന ആ മനുഷ്യന്റെ പ്രണയ പ്രഖ്യാപനം അവന്‍ ഒന്നുകൂടി വായിച്ചു 'കാലം എനിക്കായി മാറ്റിവെച്ചിട്ടുള്ള ശ്വാസത്തില്‍ അലിയാന്‍ പ്രണയമേ നിന്നെ ക്ഷണിക്കുന്നു'. ആ വരികള്‍ക്ക് ശക്തി പോരെന്നാദ്യമായി അവന് തോന്നി . തന്നെ നോക്കിയിരിക്കുന്ന അതിഥിയോടായി അവന്‍ ചോദിച്ചു

‘കണ്ടോ ആ മനുഷ്യന്‍ പ്രണയത്തെ സ്വാഗതം ചെയ്യുന്നത് , ഇത്രയും മനോഹാരിത നിന്നെ അണിയിച്ചിട്ടുണ്ടാകുമോ , അയാള്‍ ‘

     ആ ചോദ്യത്തില്‍ ഒന്ന് പകച്ച അതിഥി , ഉത്തരം പറയാതെ തന്റെ ചെറിയ രൂപത്തിലേക്ക് നോക്കി . ആകെ സ്വന്തമായി ഉള്ളത് ഒരു വരി മാത്രം . എങ്കിലും അവന്‍ അത് ഉറക്കെ വായിച്ചു .'അറിയാമെല്ലോ എല്ലാം - പിന്നെ എന്തിനാ ?'. തല ഉയര്‍ത്തി അതിഥി അവനോടു പറഞ്ഞു

     'ശെരിയാണോ എന്നറിയില്ല , - ഉത്തരവും അതിനോടൊപ്പം ഒരു ചേദ്യവും ഒരു മനുഷ്യന്‍ കൊരുത്താല്‍ -അയാള്‍ നിലനില്‍പ്പിനായി മറ്റൊരാളെ തേടുന്നു എന്നല്ലേ അര്‍ഥം?. അങ്ങനെ പറഞ്ഞാല്‍ ഇത് മനോഹരമായ ഒരു സ്വാഗതം ചെയ്യലല്ലേ. ഉത്തരം പറയാനാകാതെ പ്രണയലേഖനം കുഴങ്ങി . രക്ഷപെടാന്‍ എന്നവണ്ണം അവന്‍ വീണ്ടും തന്റെ നിധി കുംഭത്തില്‍ അമൂല്യ രത്‌നങ്ങള്‍ക്കായി പരതി.

                'നീ അറിയാതെ നിന്നെ നോക്കി നില്‍ക്കുക എന്നത് ഒരു വരമായി കരുതുന്നു ഞാന്‍ . കാരണം അറിയില്ല എങ്കിലും- നിന്റെ അഴകൊക്കെയും നിഷ്‌കളങ്കതയ്ക്കു വഴി മാറുന്നു എന്നതാവാം അത് . ഒരുപാടു നാളുകള്‍ക്കു ശേഷമുള്ള ഈ കൂടിക്കാഴ്ചയില്‍ നീ പൂക്കളം ഒരുക്കുമ്പോള്‍ . ആ പൂക്കളോടും, നിറങ്ങളോടും എനിക്ക് ചോദിക്കണം എന്നുണ്ട് -നിന്റെ വിരല്‍ തുമ്പിന്റെ ശാസനകള്‍ ഭയന്ന് ഇടകലരാതെ , പരസ്പരം അലിയാതെ ആ കളങ്ങളില്‍ അനുസരണയോടെ എങ്ങനെ ഇരിക്കുന്നു എന്ന് '. ചോദ്യ ഭാവത്തില്‍ അവന്‍ അതിഥിയെ നോക്കി . ഈ കുറി താമസം ഒട്ടുമില്ലാതെ അതിഥി ഉത്തരം പറഞ്ഞു

                 'ആ വരികള്‍ക്ക് പകരം വെയ്ക്കുവാനായി എന്നില്‍ ഒന്നും ഉണ്ടാവുകയില്ല എങ്കിലും ആ ചോദ്യത്തിന് ആ മനുഷ്യന്‍ എന്നിലൂടെ ഉത്തരം കണ്ടെത്തുന്നുണ്ട് . ആ ഒറ്റവരിയിലൂടെ അയാള്‍ പറയുന്നു . എന്റെ നിയന്ത്രണങ്ങളുടെയും , അധികാരത്തിന്റെയും അതിര്‍ത്തി അറിയാവുന്ന നിനക്ക് മാത്രമാണ് എന്റെ മോഹങ്ങളുടെ കടിഞ്ഞാണ്‍ കൈയാളാന്‍ അവകാശം'. ശെരിയല്ലേ

           ആ ഉത്തരത്തില്‍ തൃപ്തി കണ്ടെത്തിയെങ്കിലും തന്റെ തുടര്‍ച്ചയാണ് വന്ന അതിഥി എന്ന് കരുതുവാന്‍ പ്രണയലേഖനത്തിന് ആയില്ല. അവന്‍ വീണ്ടും ആയുധങ്ങള്‍ തേടി നിവര്‍ന്നു നിന്നു.

‘ഉത്തരങ്ങള്‍ക്കു കാത്തിരിക്കുക എന്നതാവാം മനുഷ്യരാശിക്ക് കൈവന്ന ഏറ്റവും കഠിനമായ ശാപം . മറുപുറത്തു നിന്നു ഉത്തരത്തോടൊപ്പം സ്‌നേഹവും, കരുണയും കൂടി പ്രതീക്ഷിക്കുമ്പോള്‍ പ്രത്യേകിച്ചും
പറയൂ ഇനിയും എത്ര കാലം ഞാന്‍ ഈ തപസ്സു തുടരണം’.

  അവര്‍ പരസ്പരം നോക്കിയില്ല. എന്നിട്ടും അത് തനിക്കുള്ള ചോദ്യമാണെന്ന് അതിഥിക്ക് മനസിലായി. അവനും നോട്ടം കൊടുക്കാതെ , അനന്തതയിലേക്ക് ദൃഷ്ടി ഊന്നി പറഞ്ഞു 'കാത്തിരിപ്പിന്റെ നോവ് എന്നിലെത്തിയപ്പോള്‍ മതിയായിട്ടുണ്ടാവണം അല്ലെങ്കില്‍ എല്ലാം അറിയാവുന്ന നീ എന്താണിങ്ങനെ എന്ന ചോദ്യം പകുതിക്കു നിര്‍ത്തില്ലെല്ലോ '

തനിക്കു ജയം വിധിച്ചിട്ടില്ല എന്ന് പ്രണയലേഖനത്തിനു മനസിലായി . തനിക്കു മുന്നിലെത്താന്‍ ഒരു വഴിയും ആ മനുഷ്യന്‍ അവശേഷിപ്പിച്ചിട്ടില്ല എന്ന ബോധ്യത്തില്‍ ഒടുവിലായി തന്നിലെ അവസാന വരിയും അവന്‍ വായിച്ചു.

‘മറുപടിള്‍ക്കായി കാത്തിരുന്നു മഷി വറ്റിയ പ്രണയ അഭ്യര്‍ത്ഥനകളെ മാപ്പപേക്ഷയായും , ജനിക്കാതെ മനസില്‍ ശിലയായി തീര്‍ന്ന മോഹങ്ങളെ പ്രാര്‍ത്ഥനകളായും, രൂപാന്തരപ്പെടുത്തുവാന്‍ ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു. മാപ്പ്’. ചോദ്യമായി അല്ല അവന്‍ അത് പറഞ്ഞത്. ഉത്തരം പ്രതീക്ഷിച്ചുമില്ല. ഉത്തരമായിട്ടല്ല എങ്കിലും അതിഥി ഇത്രയും പറഞ്ഞു

കീഴടങ്ങല്‍ ആണ് അത് . തന്നെ പൂര്‍ണമായും അറിയാവുന്ന മറ്റൊരു മനുഷ്യന്‍ ഈ ലോകത്തുണ്ട് എന്നറിവല്ലേ ഏറ്റവും വലിയ കീഴടങ്ങല്‍ .

തന്റെ പരാജയം പൂര്‍ണമായും പ്രണയലേഖനം അംഗീകരിച്ചു . ഇനിയും ആയുധങ്ങള്‍ ഒന്നുമില്ല എന്ന് തിരിച്ചറിവ് അവനെ വളരെ അധികം നീറ്റി. വിതുമ്പലോടെ തല കുമ്പിരിക്കുമ്പോള്‍ അവന്‍ വീണ്ടും ആ മനുഷ്യനെ ഓര്‍ത്തു , തങ്ങളെ സൃഷ്ടിച്ചു ഒരേ ചങ്ങലയില്‍ ബന്ധിച്ചു പോരിന് തുറന്നു വിട്ട സൃഷ്ടാവിനെ. ഞങ്ങള്‍ ആര് കേമന്‍ എന്നവന്‍ തീരുമാനിക്കട്ടെ.

‘തമ്മില്‍ ഒരു തര്‍ക്കം വേണ്ട . നമ്മളില്‍ ആര് കേമന്‍ എന്നത് ആ മനുഷ്യന്‍ തീരുമാനിക്കട്ടെ. അയാളുടെ ഇഷ്ടം’. ഒന്നും മനസിലാകാതെ അതിഥി അവനെ നോക്കി

‘ഇനി ആ മനുഷ്യന്‍ എത്തി ആദ്യം ആരെ ലാളിക്കുന്നുവോ അവന്‍ വിജയി. അഴകിലും, പ്രൗഢിയിലും മുമ്പന്‍’.

ഇതുവരെ താന്‍ ഒരു മത്സരത്തിന്റെ ഭാഗം ആയിരിന്നു എന്ന് അതിഥിക്ക് അപ്പോഴാണ് മനസിലായത്. അതിനാലാവണം ആതിഥേയന്റെ പുതിയ നിയമവും അവന്‍ അംഗീകരിച്ചു.
അവര്‍ കാത്തിരുന്നു ,അവര്‍ക്കു പരിചയമുള്ള വര്‍ഷങ്ങള്‍ , യുഗങ്ങള്‍ . ഒടുവില്‍ അവര്‍ വസിച്ച പുസ്തകത്തിന്റെ നിറങ്ങള്‍ മങ്ങി . ചിതലരിച്ചെത്തി അവരുടെ ലോകത്തിന്റെ വലിപ്പം കൂട്ടി . അവര്‍ക്കും പ്രായം മാറ്റങ്ങള്‍ കൊണ്ടുവന്നു. ആ മനുഷ്യന്റെ വരവും കാത്ത് ഇരിക്കുന്നതിനൊപ്പം അവര്‍ പിന്നെയും സംസാരിച്ചു,കലഹിച്ചു പിന്നീടെപ്പോഴോ പിണക്കം മറന്ന് അവര്‍ ചേര്‍ന്നിരുന്നു . ഒടുവില്‍ അവര്‍ ഒന്നാകാന്‍ തീരുമാനിച്ചപ്പോള്‍ പ്രണയലേഖനത്തിന് യോജിച്ച ഇണ ആത്മഹത്യാ കുറിപ്പാണെന്നു പറയുവാനാവണം തെക്കേ തൊടിയില്‍ നിന്നു രണ്ടു പൂമ്പാറ്റകള്‍ അപ്പോള്‍ പറന്ന് ആ പുസ്തകത്തില്‍ ഇരുന്നത്.