“ഇന്നെന്താ ഇത്ര തിരക്കിവിടെ? സാധാരണ ഇത്ര തിരക്കുണ്ടാവറില്ലാലോ?” ചുണ്ടിലെരിയുന്ന സിഗരറ്റ് ആഞ്ഞ് വലിച്ചുകൊണ്ട് അജയ് ആലോചിച്ചു. കയ്യിൽ കെട്ടിയിരിക്കുന്ന വാച്ചിൽ സമയം നോക്കിയപ്പോൾ 6.30. “ഈശ്വരാ സച്ചുവിന് എന്തൊക്കെയോ വാങ്ങണമെന്ന് അവൻ പറഞ്ഞിരുന്നല്ലോ, ഇനി അത് മറന്നിട്ടുവേണം അമ്മയും മോനും കൂടെ എന്നെ തിന്നാൻ, അതല്ലേലും ഈ അച്ഛൻ എന്നും പുറത്താണല്ലോ, അവർ ഒറ്റകെട്ട്.” അവൻ സിഗരറ്റ് കുറ്റി നിലത്തിട്ട് ചവിട്ടി കടയിൽ പൈസ കൊടുക്കാൻ പോയി. “ചേട്ടാ, ഒരു ചായ ഒരു കിംഗ്സ്, എത്രാ?”, “അഹ്, ഇന്ന് ശമ്പളം കിട്ടിയല്ലെ, കിംഗ്സ് വാങ്ങിയപ്പോൾ തോന്നി” കടയിലെ ചേട്ടൻ പതിവിലും വിപരീതമായി കിംഗ്സ് വാങ്ങിയ അജയിനെ നോക്കി പറഞ്ഞു. അപ്പോഴാണ് അവന് അവിടുത്തെ തിരക്കിൻ്റെ കാരണം മനസ്സിലായത്. “അതല്ലെങ്കിലും അങ്ങനെയാണല്ലോ, ഒരു ശരാശരി ഐടി കമ്പനി ജോലിക്കാരൻ അത്യാവശ്യം ആർഭാടം കാണിക്കുന്നത് സാലറി ഡേ ആണല്ലോ” അജയ് പൈസ കൊടുത്ത് ബാക്കി വാങ്ങി ബൈക്കിൽ കേറിയപ്പോൾ തിരക്ക് കണ്ട് സ്വയം ആലോചിച്ചു.

അജയ് നേരെ ബൈക്ക് നഗരത്തിലെ ഒരു പ്രധാന കളിപ്പാട്ട കടയിലേക്ക് വിട്ടു. അവിടെ ചെന്നപ്പോഴാണ് അവൻ ഓർത്തത് സച്ചു കളിപ്പാട്ടം വാങ്ങണമെന്ന് പറഞ്ഞു പക്ഷേ എന്താണ് വാങ്ങിക്ക? അവൻ ആകെ കുഴപ്പത്തിലായി. അവസാനം കടയിലെ ചേട്ടനോട് തന്നെ പറയാൻ തീരുമാനിച്ചു . “ചേട്ടാ 2 ആം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് പറ്റിയ ഒരു നല്ല കളിപ്പാട്ടം തരുമോ?”. “സർ, ഇങ്ങനെ പറഞ്ഞാൽ ഞാനിപ്പോൾ എന്താ തരുക?” കടക്കാരൻ ആകെ കുഴപ്പത്തിലായ്. അവസാനം അയ്യാൾ ഒരു സ്പൈഡർമാൻ കളിപ്പാട്ടം എടുത്ത് നൽകി. അജയ് അതിൻ്റെ പൈസ കൊടുക്കാൻ കൗണ്ടറിൽ നിൽക്കുമ്പോഴാണ് ആ വാർത്ത കാണുന്നത്. “നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ” ഇത് കണ്ടപ്പോൾ തന്നെ അജയ് ഊർജ്ജസ്വലനായി. അവൻ പെട്ടെന്ന് തന്നെ പൈസ കൊടുത്ത് ഇറങ്ങി ബിവറേജിലേക്ക് വണ്ടി എടുത്ത് പോയി അവിടുന്ന് ഒരു കുപ്പി വാങ്ങി നേരെ ചിക്കൻ കടയിൽ പോയി ചിക്കനും വാങ്ങി കുറച്ച് ഭക്ഷണ സാധനങ്ങളും വാങ്ങി നേരെ വീട്ടിൽ പോയി. വീട്ടിൽ ചെന്ന് അവൻ സച്ചുവിന് കളിപ്പാട്ടം കൊടുത്ത് അവനെ സന്തോഷിപ്പിച്ചു. സച്ചുവിന് കളിപ്പാട്ടം കിട്ടിയപ്പോൾ അവൻ്റെ മുഖത്തെ സന്തോഷം മാത്രം മതിയായിരുന്നു അജയിക്കും നേഹക്കും മനസ്സ് നിറയാൻ. അജയ് നേരെ അടുക്കളയിൽ പോയി വാങ്ങിയ സാധനങ്ങൾ അവിടെ വെച്ച് ശമ്പളത്തിൽ ബാക്കിയുള്ളത് അവളെ ഏല്പിച്ചു കുളിക്കാൻ പോയി.

കുളിച്ച് ഇറങ്ങിയ അജയ് സന്തോഷവാനായിരുന്നു, കാരണം മടുപ്പാകുന്ന ഐടി ജീവിതത്തിൽ വല്ലപ്പോഴും കിട്ടുന്ന ആശ്വാസമാണ് ഹർത്താൽ, അതവന് ആഘോഷമാണ്. അവൻ കുപ്പി പൊട്ടിച്ച് അടി തുടങ്ങാൻ പോകുമ്പോഴാണ് നേഹ റൂമിലേക്ക് കടന്ന് വരുന്നത്. “ഈ മാസം എല്ലാം കഴിഞ്ഞ് കയ്യിൽ നീക്കിയിരുപ്പ് 5000 ആണ്, അത് ഞാൻ ബാങ്കിൽ ഇടട്ടെ അജയേട്ട?”. “അഹ്ഹ് അതെന്താണെന്ന് വെച്ചാൽ നീ ചെയ്തോ” അജയ് ഒരു പെഗ് അടിക്കാനുള്ള ആവേശത്തിൽ അവളെ വേഗം അത് പറഞ്ഞ് ഒഴിവാക്കി. അവൻ അന്ന് ആ കുപ്പി അടിച്ച് പകുതിയാക്കി കിടന്ന് ഉറങ്ങി.

പിറ്റേന്ന് രാവിലെ എണീറ്റ് അവൻ ഭക്ഷണമെല്ലാം കഴിച്ച്, സച്ചുവിനെയും കളിപ്പിച്ച് കുപ്പിയിലെ ബാക്കി മദ്യവും അകത്താക്കി ആ ദിവസം അവൻ അവരോടൊപ്പം ചിലവഴിച്ചു . ആഘോഷത്തിൻ്റെ ഒരു ദിവസത്തിന് ശേഷം അവൻ വീണ്ടും ഓഫീസിലേക്ക് മടങ്ങി , അവധി കഴിഞ്ഞ് സ്കൂളിലേക്ക് പോകുന്ന കുട്ടിയുടെ ആലസ്യത്തോടെ. പോകുന്നവഴി അവൻ പെട്രോൾ അടിക്കാൻ പെട്രോൾ പമ്പിൽ കേറി. “ചേട്ടാ ഒരു 200ന് അടിച്ചോ”. അവൻ 200ൻ്റെ നോട്ട് കൊടുത്ത് മെഷിനിലേക്ക് നോക്കിയപ്പോ 200ന് കിട്ടുന്ന പെട്രോളിൻ്റെ അളവിൽ ചെറിയ കുറവ്. അവൻ അപ്പോൾ തന്നെ അതിനെപറ്റി ചോദിച്ചു. “സർ ഏത് ലോകത്താ ജീവിക്കുന്നത് ഇന്നലെ ഹർത്താൽ നടന്നത് ഇതിനുവേണ്ടിയല്ലേ? പെട്രോളിന് 50 പൈസ കൂടി. പുതിയ ബഡ്ജറ്റിൽ ഇങ്ങനെ എന്തൊക്കെയോ വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്.” പെട്രോൾ അടിക്കുന്ന പയ്യൻ അജയോട് പറഞ്ഞു . അവൻ ഇത് കേട്ട് മനസ്സിൽ ആലോചിച്ചു “ഈ 50 പൈസക്ക് വേണ്ടിയാണോ ഇവന്മാർ ഹർത്താൽ നടത്തിയത്. ഇവന്മാർ എന്ത് പോട്ടൻമാർ ആണ്” അവൻ നേരെ ഓഫീസിലേക്ക് പോയി. അവൻ്റെ ജീവിതം പിന്നെയും ഐടി ജീവിതമെന്ന ലൂപ്പിലേക്ക് പോയി.

ഒരു മാസത്തിന് ശേഷം അടുത്ത ശമ്പള ദിവസം, സ്ഥിരം കടയിൽ പതിവുപോലെ ശമ്പള ദിവസത്തിൻ്റെ തിരക്കുണ്ട്. അജയ് ചായയുടെയും കിങ്സിൻ്റെയും പൈസ കൊടുത്തപ്പോൾ ഒരു രൂപ കൂടുതൽ, ചോദിച്ചപ്പോൾ ബഡ്ജറ്റ് മാറിയപ്പോ ഒരു രൂപ കൂടിയതാണെന്ന് പറഞ്ഞു, ഒരു രൂപ ആയതുകൊണ്ട് ഒന്നും പറയാതെ അജയ് അവിടെന്ന് കടയിലേക്ക് പോയി സാധനങ്ങൾ വാങ്ങി വീട്ടിൽ പോയി. സാധനങ്ങളും ബാക്കി ശമ്പളവും നേഹയെ ഏല്പിച്ചു അവൻ കുളിക്കാൻ പോയി. കുളിച്ചിറങ്ങി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ നേഹ പറഞ്ഞു “ഈ മാസം എല്ലാം കഴിഞ്ഞ് ബാക്കി 2500 ഒള്ളു എന്ത് ചെയ്യണം?”. ഒരു നിമിഷം അജയ് ഞെട്ടി പോയി “അതെന്താ 2500 കഴിഞ്ഞ മാസം 5000 ഉണ്ടായിരുന്നല്ലോ “ അവൻ നേഹയോട് ചോദിച്ചു. മറുപടിയെന്നോണം അവൾ പറഞ്ഞു “മനുഷ്യ സാധനങ്ങളുടെ വിലയൊക്കെ കൂടി ചിലവ് കൂടുതലാണ്”. അപ്പോഴാണ് അവന് മനസ്സിലായത് ഓരോ 50 പൈസക്കും അവൻ്റെ ജീവിതത്തിൽ ഉള്ള വില. “തൻ്റെ അദ്ധ്വാനത്തിന്റെ പകുതി കാർന്ന് തിന്നാൻ പോകുന്നതിനെതിരെയുള്ള ഹർത്താലിൻ്റെ ദിവസമാണ് താൻ ഇതൊന്നും കാര്യമാക്കാതെ തൻ്റെ കുഴിതൊണ്ടിയവനെ അനുകൂലിച്ച് വീട്ടിലിരുന്ന് മദ്യസേവ നടത്തി അഘോഷിച്ചതല്ലോ” അജയ് മനസ്സിൽ മന്ത്രിച്ചു. ഇതെല്ലാം അവനെ ആകുലനാക്കിയെങ്കിലും അവന് ഒന്നും ചെയ്യാനില്ല . ചെയ്യാൻ ഉള്ള ദിവസം അവൻ വീട്ടിലിരുന്ന് ആഘോഷിച്ച് അതിനെതിരെ പ്രവർത്തിച്ചവരെ പുച്ഛിച്ചുo കടന്ന് പോയി. ഇനിയെന്ത് ചെയ്യാൻ? പിന്നെയും തൻ്റെ ജീവിതം ഐടി ജീവിതത്തിൽ മുഴുകി സ്വന്തം കാര്യം നോക്കി ജീവിച്ച് കടന്ന് പോകും. “പ്രതികരിക്കാൻ ഞാൻ ആര്? ഞാൻ വെറും സാധാരണക്കാരൻ, എല്ലാം സഹിച്ച് ഒന്നിനോടും പരിഭവങ്ങളോ പരാതിയോ ഇല്ലാതെ, എൻ്റെ ജീവിതം ആരൊക്കെ കൂടെ കാർന്ന് തിന്നാലും അതിനെല്ലാം നിന്ന് കൊടുത്ത് അടുത്ത ഹർത്താൽ ദിനത്തിനായി ഞാൻ ഇനിയും കാത്തിരിക്കും.”