“വസ്തുതകൾക്കും യുക്തിക്കും അപ്പുറം വിശ്വാസങ്ങൾക്കും വികാരങ്ങൾക്കും അടിപ്പെട്ട് പൊതുബോധം രൂപപ്പെടുന്ന കാലം – സത്യാനന്തര കാലം.”

കണ്ണ് തുറന്നപ്പോൾ ഇരുട്ടാണ്. “കാഴ്ചയും നശിച്ചോ?” ഉറങ്ങുന്നതിനു മുന്നേ കാഴ്ച  ഉണ്ടായിരുന്നോ,ഓർമയില്ല. സ്വപ്നം കണ്ടിരുന്നു, അതും ഓർമയില്ല. പൗരൻ p1887 കണ്ണുതിരുമ്മി  ചുറ്റും നോക്കി, ഇരുട്ടത്ത് മാത്രം തെളിയുന്ന നീല എൽ ഈ ഡി കൾ തറയിൽ കത്തി തെളിയുന്നു .p1887 നു എഴുനേൽക്കാൻ തോന്നി, കഴിയുന്നില്ല. ശരീരത്തിന്റെ വാമഭാഗം തളർന്നിരിക്കുന്നു. ഉറങ്ങുന്നതിനു മുന്നേ തളർന്നിരുന്നുവോ, ഓർമയില്ല. വലതു കയ്യിൽ ശരീരത്തെ താങ്ങി ഉയർന്നു , തറയിലെ ചെറു വെട്ടത്തിൻ അരികിലേക്ക്. പതിയെ മോഷൻ സെൻസറുകൾ അകക്കണ്ണു തുറന്നു, ഒരു സ്ലൈഡിങ് ഗ്ലാസ് ഡോർ പതുക്കെ മുന്നിൽ അനാവൃതമായി. അതിതീവ്രമായ ഒരു  നക്ഷത്ര വെളിച്ചം p1887 കണ്ണുകളെ വേട്ടയാടി.”അപ്പോൾ അന്ധനല്ല.ഇതുവരെ!” ഇറുക്കി അടച്ച കണ്ണുകൾ മെല്ലെ തുറന്നപ്പോൾ സ്ഥലത്തിന്റെ മൂന്ന് ഡൈമെൻഷൻ മാത്രം വെളിവായി. തന്റെ ഒറ്റ  മുറി ചെറ്റ കുടിൽ.”ഇതാണോ എന്റെ വീട്? ,ഓർമയില്ല” മുറിക്കു നടുവിൽ നെടുങ്കെ തൂക്കിയിട്ടിരിക്കുന്ന നെടുനീളൻ ചാൻഡിലിയർ വിളക്ക് അണഞ്ഞു കിടക്കുന്നു. കണ്ടതും ഓർമയിൽ എവിടെയോ നഷ്ടപെട്ടതുമായ വേറെയും എന്തൊക്കെയോ സാമഗ്രികൾ ചിതറികിടക്കുന്നു. പുറത്തു നിന്നുള്ള നക്ഷത്ര വെളിച്ചം കൂടി വന്നു. അതിന്റെ തീവ്രതയേറ്റു മൂന്ന് ഉപകരണങ്ങൾ ചലിച്ചു തുടങ്ങി.ഒന്ന്, ചുവരുകളായിട്ട് ബന്ധമില്ലാത്ത, സൂചികളിലാത്ത ഒരു പെൻഡുലും ക്ലോക്ക്.”ഇത് ഞാൻ കണ്ടിട്ടുണ്ട്. ഈ പെൻഡുലും കാൽ ഞാൻ കണ്ടിട്ടുണ്ട്, എവിടെ?,ഓർമയില്ല!” രണ്ടു, വെർച്വൽ റിയാലിറ്റി യിൽ മേൽക്കൂരയിൽ ഒരു ഹോളോഗ്രാം. അതിൽ അടിയാള പോലീസിന്റെ ചിഹ്നം. “അറിയാം, ആ ചിഹ്നം എനിക്കറിയാം!”. മൂന്ന്, കാണുവാൻ കഴിയാത്ത ഒരു ശ്രവണ യന്ത്രത്തിൽ നിന്നെന്തോ ശബ്ദകലശം. അത് പരിചിതമായ ശബ്ദമാണ്, ഓർമകളുടെ മരണമണി പോലെ. 

ആ ശബ്ദത്തിന്റെ കൂടെ കണ്ണ് തിരുമ്മി ആരോ മുന്നിൽ വന്നു നിന്നു. 

“ഒരു കുറിയ മനുഷ്യൻ, എന്താണ് നെറ്റിയിൽ ചാപ്പ കുത്തിയിരിക്കുന്നത്?, p1887b എന്നാൽ എന്ത്?”

പെട്ടെന്ന് ശ്രവണ യന്ത്രത്തിൽ നിന്നൊരു അശരീരി വരവായി,

“നമസ്കാരം രാഷ്ട്രവിധേയരെ, 

ഇന്നത്തെ പ്രധാന വാർത്ത, ശ്രീ പ്രജാപതിയുടെ രാഷ്ട്ര മുന്നേറ്റ യാത്രക്ക് അതിശ്രേഷ്ട്ടമായ വരവേൽപ്. ഏത് വിശേഷപ്പെട്ട വാഹനത്തിലും സഞ്ചരിക്കാൻ കെല്പുള്ള നമ്മുടെ രാഷ്ട്രപ്രഭു വെറുമൊരു കാളവണ്ടിയിലാണ് അഭിവാദ്യം സ്വീകരിച്ചത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ പൗരന്മാരെ. കാളകൾക്കുള്ള ഹോർലിക്‌സും പാസ്റ്റയും ഓരോ പിക്കറ്റ് പോസ്റ്റിലും പൗരമുഖ്യർ അർപ്പിച്ചു. അതാതു ജില്ലയിലുള്ള കർഷകർ അവരവരുടെ കാളകളെ ഭക്തിപൂർവ്വം ദാനം ചെയ്തു. വമ്പിച്ച വാഹന വ്യൂഹത്തിന്റെ, ലംബോർഗിനി ഫെറാരി ഉൾപ്പടെ ഇറക്കുമതി  ചെയ്ത വാഹനങ്ങൾ യാത്രയെ അനുഗമിച്ചു. രാഷ്ട്രം സാമ്പത്തികമായി ഏറെ മുന്നേറുന്നു എന്നുള്ളതിന്റെ തെളിവായി ഇത് നമ്മുക്ക് സ്വീകരിക്കാം. വികാര വിവശരായ അനേകർ മുഖ്യന്റെ കാളവണ്ടിയുടെ മുന്നിൽ ചാടി ആത്മാഹുതിക്ക്‌ വരെ ശ്രമിച്ചപ്പോൾ, അനുകമ്പമതിയായ  സർവാധിപന്റെ  രക്ഷാസേന അവരെ മാറ്റി നിർത്തി നെഞ്ചോട് ചേർത്തു. 

രാഷ്ട്ര ഉപ മുഖ്യന്റെ വീട്ടിലെ മരണചടങ്ങായിരുന്നു പിന്നീട്. തിരുവെള്ളത്തു മൂലം ധന്യമായ  ഉപമുഖ്യന്റെ ഭവനം തേജോമയമാവുകയും, മരണപെട്ടവൻ ജീവനോടെ അദ്ദേഹത്തിന്റെ കാലിൽ വീണു നമസ്കരിക്കുകയും ചെയ്തു. എന്നാറെ മരണത്തിന്റെ കറുത്ത കൊടി വെളുത്ത ശോഭയാൽ മുങ്ങി. 

അടുത്ത വേദിയായ സ്വയം പ്രതിഷ്‌ഠ ചടങ്ങിലേക്ക് തമ്പുരാൻ ആഗമിക്കുകയും സ്വയം പ്രതിഷ്‌ഠ  സ്ഥാപിക്കുകയും ചെയ്തു. തിരുവിഗ്രഹത്തിനു  54 ഇഞ്ചിൽ കൂടുതൽ വീതിയും രണ്ടിൽ  കൂടുതൽ ചങ്കും ഉണ്ടെന്നു നമ്മുടെ സ്പെഷ്യൽ റിപ്പോർട്ടർ p1223 അറിയിച്ചു. ആ തിരുവദനത്തിലെ ചൈതന്യം നമ്മുടെ ജീവിതത്തിലെ ഏറ്റവും ശേഷ്ഠമായ നക്ഷത്ര ശോഭയായി  ഇന്നും എന്നും ജ്വലിക്കട്ടെ. ശ്രീ കാരണഭൂതന്റെ വാഹന വ്യൂഹങ്ങളും മറ്റും മ്യൂസിയം വകുപ്പിന് കൈമാറുവാൻ അനുവാദം നൽകുകയും നേരിട്ട് അനുഗ്രഹിക്കുകയും ചെയ്തു.

എന്ന് നിങ്ങളുടെ സ്വന്തം വാർത്ത ചാനൽ വേരോടെ നിർലോഭം നിങ്ങളോടൊപ്പം നമസ്കാരം.”

ശ്രവണ യന്ത്രം ഒരു നിമിഷം നിലച്ചു. പെട്ടെന്ന് അതാ വീണ്ടും ഒരു അശരീരി കേൾക്കായി. പക്ഷെ കേൾക്കുവാൻ പ്രയാസം.

“സല്യൂട്ട് പോരാളികളെ,

വിപ്ലവത്തിന്റെ നവദിനത്തിലേക്ക് സ്വാഗതം. ഇന്നത്തെ കലഹങ്ങളുടെ നേർസാക്ഷ്യം വിവരിക്കുന്നത് ക്യാപ്സ്യൂൾ പട പോരാളി c299c. ബൂർഷ്വമുഖ്യന്റെ ഇന്നത്തെ പ്രധാനപ്പെട്ട പരുപാടിയാകെ നമ്മുടെ യൂത്ത് വിങ് y122 കുളമാക്കി കയ്യിൽ കൊടുത്തു. രാഷ്ട്രമുന്നേറ്റയാത്ര  എന്ന തോന്ന്യവാസം കണ്ടു നിൽക്കാൻ ആവാതെ കരിങ്കൊടിപടയിൽ പെട്ട k345,k478,k889b എന്നിവർ  കരിങ്കൊടിയായി വാഹന വ്യൂഹത്തെ നേരിട്ടു. അടിയാള പോലീസ്  ഒന്നും നോക്കിയില്ല അവരുടെ കൂമ്പ് ഇടിച്ചുവാട്ടി. രക്ഷാസൈന്യം ഗ്രെനേഡ് എറിഞ്ഞു. പക്ഷെ ഒന്നും പൊട്ടിയില്ല. എന്നിട്ടു നമ്മൾ വീണ്ടും ഉശിരോടെ തിരിച്ചടിച്ചു. ഓരോ ജംഗ്ഷനിൽ കാത്തു നിന്ന കരിഓയിൽ പട കൃത്യമായി വാഹനങ്ങളിൽ കരിഓയിൽ തെറിപ്പിച്ചും വണ്ടി തടഞ്ഞും അലമ്പുണ്ടാക്കി. നൂറ്റാണ്ട് പ്രായമുള്ള സൈക്കിൾ റിക്ഷയിൽ ലംബോര്ഗിനിയുടെ ബോഡി ഘടിപ്പിച്ച വാഹനങ്ങൾ നമ്മൾ കരിങ്കൊടി കാട്ടി നശിപ്പിച്ചു. കരിപുരണ്ട കാളകളെ മാറ്റി പൗരന്മാരുടെ കാളകളെ ബലമായി  പിടിച്ചെടുത്തു. മെലനോഫോബിയ ബാധിച്ച ആ വിഡ്ഢിപരിഷ പോകുന്ന പോക്കിൽ കണ്ട മരണ  വീട്ടിലെ കറുത്ത കൊടി പോലും അഴിപ്പിച്ചു. സ്വയം പ്രതിഷ്ഠ സ്ഥലത്തിന്  മുന്നേ നമ്മുടെ  ചാവേര്പട സ്‌ഫോടക വസ്തുക്കളായി കാത്തുനിന്നെങ്കിലും സാങ്കേതിക തകരാറു മൂലം ഒന്നും  പൊട്ടിയില്ല. കരിങ്കൊടി പടയെ പണ്ടേക്കു പണ്ടേ തൂക്കി കൊണ്ട് പോയിരുന്നു. ഇനിയും വരും  നാളുകളിൽ നമ്മുടെ കരിങ്കൊടിപ്പടയും, ചാവേര്പടയും , ബുദ്ധിജീവിപ്പടയും ഈ ശുദ്രജീവികളെ  നേരിടുക തന്നെ ചെയ്യും.

ഇന്നത്തെ ധീര മരണങ്ങൾ : k767, k767b, c332, c455.

നിങ്ങൾക്കായി  സത്യത്തിന്റെ നേർസാക്ഷ്യം അവതരിപ്പിച്ചത് ക്യാപ്സ്യൂൾ പട അംഗം c299c ഫ്രം നിരോധിത ചാനൽ 1669. “

ശ്രവണ യന്ത്രം വീണ്ടും നിലച്ചു. ഇനിയും എന്തെങ്കിലും കേൾക്കുമോ, അറിയില്ല. ഇതിനു മുന്നേ ഇങ്ങനെ കേട്ടിരുന്നോ, ഓർമയില്ല. 

അതാ ആ കുറിയ മനുഷ്യൻ എന്റെ അരികിലേക്ക് വരുന്നു. അവൻ എന്നോട് എന്തോ പറയുവാൻ തുടങ്ങുന്നു. ഞാൻ എന്ത് പറയും. സത്യത്തിന്റെ നേർസാക്ഷ്യം വിവരിച്ചത് മാത്രമേ ഓർമയിൽ ഉള്ളു. 

കുറിയ മനുഷ്യൻ വാ തുറന്നു, “എന്താണച്ഛാ ഈ സത്യം?”

ഓർമയുടെ ഒരു ചെറു ചില്ലുജാലകം എവിടെയോ തുറന്നു വന്നു. അതിൽ ഒരു പെൻഡുലും ക്ലോക്ക് മാത്രം. സൂചികൈകൾ ഇല്ലാത്ത ഒരു പെൻഡുലും ക്ലോക്ക്. രണ്ടുവശത്തേക്കും ആടിയുലയുന്ന ഒരു കാൽ മാത്രമുള്ള പെൻഡുലും ക്ലോക്ക്. ആ പെൻഡുലും ഒരുവശത്തേക്ക് ചായുമ്പോൾ “നമസ്കാരം രാഷ്ടവിധേയരെ” എന്നൊരു ചിലമ്പൽ , മറുവശത്തേക്ക് ചായുമ്പോൾ “സല്യൂട്ട് പോരാളികളെ” എന്നൊരു നേരിയ മർമരം. ഈ ചലനത്തിന്റെ ഇടയ്ക്കു എവിടെയോ വേറെന്തോ കേൾക്കാം, ഒരു വാക്ക് മാത്രം. സൂക്ഷമമായി അത് ചെവികൊണ്ടു. “സത്യം,സത്യം”….

“എന്താണച്ഛാ ഈ സത്യം?”, കുറിയമനുഷ്യൻ വീണ്ടും ചോദിച്ചു.

“അറിയില്ല മകനെ, ഓർമയില്ല. ഞാനൊന്നുറങ്ങട്ടെ!”