നാട്ടുകാരുടെ തലകൾ മൊബൈൽ ഫോണുകൾക്ക് മുൻപിൽ താഴാതെ പരസ്പരം മുഖത്തു നോക്കി ചിരിച്ചിരുന്ന കാലം. ലാൻഡ് ഫോണുകൾ നാട്ടിലെ പ്രമാണികളുടെ വീട്ടിൽ മാത്രം ശബ്ദിച്ചിരുന്ന കാലം. പേനകൾ ഇൻലൻഡുകളോട് പറഞ്ഞ രഹസ്യങ്ങൾ പോസ്റ്റ് ബോക്സുകളിൽ ഒളിപ്പിച്ചിരുന്ന കാലം. സ്വദേശ ഭാര്യമാർ ആണ്ടിൽ ഒരിക്കൽ വരുന്ന വിദേശ ഭർത്താക്കന്മാരേക്കാൾ അവരുടെ കത്തുമായി വരുന്ന പോസ്റ്റ്മാൻമാരെ കാത്തിരുന്നിരുന്ന കാലം.

അങ്ങനെയുള്ളൊരു കാലത്ത് മദ്ധ്യകേരളത്തിന്റെ വടക്കുമാറി തെയ്യംപാടിക്കുത്ത് എന്ന ഗ്രാമത്തിലെ ജനങ്ങളുടെ ഏക സന്ദേശവാഹകനായിരുന്നു ശങ്കുണ്ണി… പോസ്റ്റുമാൻ ശങ്കുണ്ണി…

ശങ്കുണ്ണി അറിയാത്ത ഒരു രഹസ്യവും ആ നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്നില്ല. അത് നാട്ടുകാർക്ക് ശങ്കുണ്ണിയോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പുറത്തു അവർ തുറന്നു പറഞ്ഞ രഹസ്യങ്ങളായിരുന്നില്ല. അവർ അയച്ചതും അവർക്ക് വന്നതുമായ എഴുത്തുകളിൽ നിന്ന് ശങ്കുണ്ണി സ്വയം വായിച്ചു മനസ്സിലാക്കിയവയായിരുന്നു.

രാവിലെ പോസ്‌റ്റോഫീസിൽ നിന്ന് ഇറങ്ങിയാൽ ഒരു മരത്തണലിൽ ഇരുന്ന് അന്നത്തെ കത്തുകൾ സസൂക്ഷ്മം തുറന്ന് വായിക്കുകയും അതുപോലെ തന്നെ തിരിച്ചു ഒട്ടിക്കുകയും ചെയ്യുന്നതായിരുന്നു ശങ്കുണ്ണിയുടെ പതിവ്.

രാവിലെ എഴുത്തുകളുമായി ഒരു കറക്കം കഴിഞ്ഞാൽ ലോനപ്പന്റെ ചായക്കടയിൽ വന്നിരുന്ന് ഒരു ചായയും കുടിച്ച് നാട്ടുകാര്യങ്ങളും പറഞ്ഞിരിക്കൽ ശങ്കുണ്ണിയുടെ ശീലമായിരുന്നു.

ലോനപ്പൻ :
“ഇന്നെന്താ ശങ്കുണ്ണി എഴുത്തു കൊടുക്കൽ നേരത്തെ കഴിഞ്ഞോ? “

ശങ്കുണ്ണി :
” ഹൌ ഒന്നും പറയണ്ടെന്റെ ലോനപ്പേട്ടാ… രാവിലെ എണീറ്റപ്പോ മുതൽ വല്ലാത്തൊരു തലവേദന. എന്നാ ഒരു ചായ കുടിച്ച് ഉഷാറായിടാങ്കട് തൊടങ്ങാം ന്ന് വിചാരിച്ചു. ഇന്നാണെങ്കിൽ ആകെ നാലഞ്ചണ്ണം മാത്രേ കൊടുക്കാൻ ഉള്ളൂ. അതും അത്ര അത്യാവശ്യമുള്ളതൊന്നും അല്ല. “

ലോനപ്പൻ :
” ഹയ്യ് … നിത്യതൊഴിൽ അഭ്യാസം ല്ലേ? തനിക്കിപ്പോ കത്ത് പുറമേനിന്ന് കാണുമ്പോഴേക്കും അത്യാവശ്യമാണോ അല്ലേ എന്നൊക്കെ മനസ്സിലായി തുടങ്ങി ല്ലേ ? “

ശങ്കുണ്ണി :
” ഏയ് അങ്ങനൊന്നും ഇല്ല. ഞാനൊരു ഊഹം പറഞ്ഞതല്ലേ ലോനപ്പേട്ടാ. “

ശങ്കുണ്ണി :
” എന്താ നാരായണിയേടത്ത്യേ… ഇന്ന് പാല് കൊണ്ടൊരാൻ വൈകിയോ? മദിരാശീന്ന് രാമൻ അയക്കണ കാശ് വരണ്ട സമയം കഴിഞ്ഞുലോ. വന്ന് കണ്ടില്ല. “

നാരായണി :
” ഞാനും അത് ചോദിക്കാൻ ഇരിക്കായിരുന്നു ശങ്കുണ്ണി. വരണ്ട സമയം കഴിഞ്ഞു. എല്ലാ മാസോം മുടങ്ങാതെ 300 രൂപ അയച്ചേർന്ന ചെക്കനാ. ഇപ്പൊ കൊറേ നാളായി 200 രൂപേ കാണാനുള്ളൂ. കാശയക്കുന്നു എന്നൊരു വര്യല്ലാണ്ടെ ഒരു വിശേഷോം വേറെ എഴുതില്ല്യ. രണ്ടൂസത്തിന്റെ ഉള്ളില് വര്വേരിക്കും. “

ലോനപ്പൻ :
” ആ അത് പറഞ്ഞപ്പഴാ ഓർത്തെ. തന്റെ പറ്റ് ഇപ്പൊ നൂറു രൂപ ആയിട്ടോ ശങ്കുണ്ണി. “

ശങ്കുണ്ണി :
” തരാം ലോനപ്പേട്ടാ… ഞാനും കുറച്ചു കാശ് വരാനുള്ളത് കാത്തിരിക്യാ. രണ്ടൂസത്തിന്റെ ഉള്ളില് വര്വേരിക്കും. “

നടന്നകലുന്ന നാരായണിയമ്മയെ ഒളികണ്ണിട്ട് നോക്കികൊണ്ട് ശങ്കുണ്ണി പറഞ്ഞു.

ശങ്കുണ്ണി :
” എവടക്കാ രമേശാ ധൃതീല് ? “

രമേശൻ :
” ആ ശങ്കുണ്ണിയേട്ടാ… ഞാൻ പോസ്റ്റോഫീസിലേക്കാ. ഒരു ജോലിക്കുള്ള അപേക്ഷ അയക്കാനാ. ഇന്നത്തെ പോസ്റ്റിലന്നെ പോണം. “

ശങ്കുണ്ണി :
” ആ അത് തന്നോ. ഞാൻ കേറ്റി വിട്ടോളാം… അല്ല രമേശാ നിന്റെ ഇത്തവണത്തെ കവിത തിരിച്ചു വരണ്ട സമയം ആയിലോ. രണ്ടാഴ്ച ആയിലേ അയച്ചിട്ട് ? “

രമേശൻ :
” ഇത്തവണ അത് എന്തായാലും അച്ചടിച്ചു വരും. “

ശങ്കുണ്ണി :
” ആ വരട്ടെ… ലോനപ്പേട്ടാ എന്ന ഞാൻ ഇറങ്ങട്ടെ. “

സൈക്കിൾ ഓടിച്ചു പോകുന്ന വഴി കാണുന്നവരോടൊക്കെ വിശേഷങ്ങൾ പറഞ്ഞാണ് പോക്ക്.

ശങ്കുണ്ണി :
” ജമീലേ അയമ്മദ് വരാറായി അല്ലേ? നടുവേദന ഒക്കെ കുറവല്ലേ? “

അന്തം വിട്ട് നിന്ന ജമീല എന്തെങ്കിലും പറയുന്നതിന് മുന്പ്‌ ശങ്കുണ്ണി സൈക്കിൾ ചവിട്ടി നീങ്ങി.

ശങ്കുണ്ണി :
” എന്താ രേണുക ടീച്ചറെ… നിങ്ങളെ പുറത്തക്കൊന്നും കാണാറേ ഇല്ലല്ലോ. നിങ്ങൾക്ക് പിന്നെ ഫോൺ ഉള്ളതുകൊണ്ട് വിശേഷങ്ങൾ ഒക്കെ അതിലാവും അല്ലെ? ആരും എഴുത്തെഴുതുന്നതും കാണാറില്ല. ഭർത്താവ് കോയമ്പത്തൂരന്നെ അല്ലെ? ആള് നാട്ടിലേക്ക് വരവൊന്നും ഇല്ലേ? “

ചോദ്യങ്ങൾ അനവധി ഉണ്ടെങ്കിലും, എല്ലാം കേട്ട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് രേണുക ടീച്ചർ അകത്തേക്ക് കയറി പോയി.

ശങ്കുണ്ണി :
” വെറുതെ ഫോൺ വിളിച്ചു കാശ് കളയാതെ എടക്കൊരു എഴുത്തൊക്കെ എഴുത്. ഞങ്ങളും വിശേഷങ്ങളൊക്കെ അറിയട്ടെ. “

എന്ന് ആത്മഗതം പറഞ്ഞു കൊണ്ട് ശങ്കുണ്ണി സൈക്കിൾ എടുത്ത് ചവിട്ടി നീങ്ങി.

  • മറ്റൊരു ദിവസം –

മരത്തണലിൽ ഇരുന്ന് എഴുത്തുകൾ നോക്കുന്നതിനിടയിൽ ആണ് ആ വെളുത്ത കവർ ശങ്കുണ്ണി ശ്രദ്ധിച്ചത്.

രേണുക രഘുനാഥ്, കുന്നക്കൽ ഹൌസ്, തെയ്യംപാടിക്കുത്ത്

എന്ന രേണുക ടീച്ചറുടെ മേൽവിലാസം എഴുതിയ കവർ കണ്ട് ആകാംഷയോടെ പേനയെടുത്ത് തിരുകിത്തിരിച്ച് പശയടർത്തി സസൂക്ഷ്മം കവർ തുറന്നു.

ശങ്കുണ്ണി : (ആത്മഗതം)
” ആ അങ്ങനെ അവസാനം പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ സഹായം ആവശ്യം വന്നു. സഹായം ചെയ്യുമ്പോൾ അത് എന്തിനാന്ന് ഞങ്ങളും അറിഞ്ഞിരിക്കണ്ടേ… “

കവറിൽ നിന്ന് പുറത്തെടുത്ത കത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുടിയും പൊടിയും അലസഭാവത്തിൽ ഊതിയും കൈകൊണ്ട് തട്ടിയും കളഞ്ഞ്, ചുറ്റും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി, കത്ത് തുറന്നു വായിച്ചു.

പ്രിയപ്പെട്ട രേണു,

” പ്രശ്നങ്ങൾ ദിനം പ്രതി ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. എല്ലാം അവൻ കാരണമാണ്. ഇനി അവനെ എങ്ങനെയെങ്കിലും ഒഴിവാക്കിയാലേ എല്ലാം തിരിച്ചു നേടാൻ പറ്റൂ. അത് എന്ത് കൂടോത്രം ചെയ്തിട്ടാണെങ്കിലും ശരി.

എന്തായാലും നീ ഫോണിൽ പറഞ്ഞത് പോലെ നെറുകയിൽ നിന്ന് ഒപ്പിച്ചെടുത്ത ഒരു മുടി ഇതിന്റെയൊപ്പം വെക്കുന്നു. “

എന്ന് സ്വന്തം,
രഘു

സംശയത്തോടെ ശങ്കുണ്ണി അവസാന വരി ഒന്നുകൂടി വായിച്ചു.

“നെറുകയിൽ നിന്ന് ഒപ്പിച്ചെടുത്ത ഒരു മുടി ഇതിന്റെയൊപ്പം വെക്കുന്നു.”

” ഏ മുടിയോ? “

എന്നോർത്ത് കവറിന്റെ ഉള്ളിലേക്ക് നോക്കുമ്പോഴാണ് താൻ നേരത്തെ ഊതിയും തട്ടിയും കളഞ്ഞ മുടിയെ കുറിച്ച് ശങ്കുണ്ണി ഓർത്തത്.

ആ മുടിയില്ലാതെ ഇനി ഈ കത്ത് കവറിലിട്ട് നൽകാനാവില്ല എന്ന തിരിച്ചറിവിൽ ശങ്കുണ്ണി അവിടെ മുഴുവൻ പരതി. പുൽനാമ്പുകൾക്കിടയിൽ നിന്ന് പലതും കിട്ടിയെങ്കിലും ആ മുടി കണ്ടെത്താനായില്ല.

വഴിപോക്കൻ :
” എന്താ ശങ്കുണ്ണി പുല്ലിന്റെ എടേല് നോക്കണേ ? കത്ത് വല്ലതും പറന്നു പോയോ? “

ശങ്കുണ്ണി :
” ഏയ് ഒരു മു…….. മുക്കുറ്റിടെ തൈ കിട്ട്വോ എന്ന് നോക്കണതാ. വീട്ടില് കൊണ്ട് നടാൻ. ആവശ്യം ഉള്ളപ്പോ ഇനി അവിടുന്നു പാറിക്കലോ.”

ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലായതോടെ

” ആ കിട്ടി “

എന്ന് പറഞ്ഞ് വെറുതെ ഒരു പുല്ല് പറിച്ച് സൈക്കിളിന്റെ പെട്ടിയിലും, കവറും കത്തും പോക്കറ്റിലും ഇട്ട് സൈക്കിളെടുത്ത് പോയി.

പോകുന്ന വഴിയെല്ലാം ആ മുടിയെ കുറിച്ച് ആയിരുന്നു ചിന്ത.

വഴിയിൽ പലരും ശങ്കുണ്ണിയെ നോക്കി ചിരിക്കുകയും വർത്തമാനം പറയുകയും‌ ചെയ്യുന്നുണ്ടെങ്കിലും ശങ്കുണ്ണി അതൊന്നും ശ്രദ്ധിച്ചില്ല.

അവസാനം തന്റെ തലയിൽ നിന്ന് ഒരു മുടി പറിച്ച് കത്തിന്റെ ഒപ്പം വെച്ച് പ്രശ്‍നം പരിഹരിക്കാൻ ഉറപ്പിച്ച് മുടിയിൽ കൈ വെച്ചപ്പോഴാണ് കത്തിലെ ആ വാചകം ശങ്കുണ്ണി ഓർത്തത്.

” ഇനി അവനെ എങ്ങനെയെങ്കിലും ഒഴിവാക്കിയാലേ എല്ലാം തിരിച്ചു നേടാൻ പറ്റൂ. അത് എന്ത് കൂടോത്രം ചെയ്തിട്ടാണെങ്കിലും ശരി. “

കൂടോത്രം എന്ന വാക്ക് ഓർത്തതും ശങ്കുണ്ണി വേഗം കൈ തന്റെ തലയിൽ നിന്ന് പിൻവലിച്ചു.

ഒരു മുടിക്കായുള്ള ശങ്കുണ്ണിയുടെ തുടരന്വേഷണത്തിൽ തെളിഞ്ഞ വിവിധ ഇനത്തിലും തരത്തിലും ഇത്രയധികം മുടികൾ കുന്നുകൂടി കിടക്കുന്ന ഒരു സ്ഥലം ഇന്നാട്ടിലുള്ളപ്പോൾ തനിനിയെന്തിനേറെ അന്വേഷിച്ചു നടക്കുന്നു എന്ന ബോദ്ധ്യം ചെന്നെത്തിച്ചത് വിജയന്റെ ബാർബർ ഷോപ്പിലാണ്.

വിജയൻ :
” ആ ശങ്കുണ്ണി… ഇരിക്ക്, ദേ ഇത് ഇപ്പൊ കഴിയും. അത് കഴിഞ്ഞ് നമുക്കൊരോ ചായ കുടിച്ചു വന്നിട്ട് വെട്ടാം. കട്ടിങ് മാത്രമേ ഉള്ളോ അതോ ഷേവിങ്ങും ഉണ്ടോ? “

ശങ്കുണ്ണി : (കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ട്)
” രണ്ടും ഇല്ല “

വിജയൻ :
” പിന്നെ? ഓ അളിയന്റെ കത്ത് വന്നല്ലേ. അവള് കുറച്ച് ദിവസമായി കാത്തിരിക്കുന്നു.”

ശങ്കുണ്ണി :
” കത്തും ഇല്ല. ഞാൻ വെറുതെ കയറിയതാ. “

ഒരു മുക്കിൽ കൂട്ടിയിട്ടിരിക്കുന്ന മുടി കൂമ്പാരത്തിന്റെ അരികിലേക്ക് നീങ്ങി.

ശങ്കുണ്ണി :
” ഈ മുടിയൊക്കെ വിറ്റാൽ നല്ല കാശ് കിട്ട്വോ വിജയാ? “

എന്ന് ചോദിച്ച് അതിൽ നിന്ന് ഒരു മുട്ടിയെടുത്ത് കൈയിലൊതുക്കി.

വിജയൻ : (ദേഷ്യത്തോടെ)
” ആ കിട്ടും. താനിത് ചോദിക്കാനാണോ വന്നത്? താനൊന്നു പോയേ ശങ്കുണ്ണി. ഞാനിതൊന്നു തീർത്തിട്ട് ഒരു ചായ കുടിക്കട്ടെ.”

കൈയിൽ കിട്ടിയ മുടിയുമായി ശങ്കുണ്ണി പുറത്തേക്കിറങ്ങി. അല്പം മാറി നിന്ന് ആ കവറിലേക്ക് ആ മുടിയും കത്തും ഇട്ട് ഒട്ടിച്ച് സൈക്കിളിന്റെ പെട്ടിയിലേക്കിട്ടു. നേരത്തെ പറച്ചിട്ടിരുന്ന പുല്ല് പെട്ടിയിൽ നിന്നെടുത്ത് ചുരുട്ടി കളഞ്ഞു.

എന്നിട്ട് നേരെ സൈക്കിൾ എടുത്ത് രേണുക ടീച്ചറുടെ വീട്ടിലേക്ക് ചവിട്ടി.

മുറ്റത്ത് സൈക്കിൾ ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കിയ രേണുക ടീച്ചറുടെ കൈയിൽ ഒരു ചെറു പുഞ്ചിരിയോടെ ശങ്കുണ്ണി ആ കവർ നൽകി.

ശങ്കുണ്ണി എന്തോ ചോദിക്കാൻ തുടങ്ങിയപ്പോഴേക്കും അകത്ത് ഫോൺ അടിക്കുന്ന ശബ്ദം കേട്ട് രേണുക ടീച്ചർ ശങ്കുണ്ണിയെ ശ്രദ്ധിക്കാത്ത മട്ടിൽ ധൃതിയിൽ വാതിൽ പാതി ചാരി അകത്തേക്കോടി.

ഒന്നു നിന്ന് മടങ്ങി പോകാൻ സൈക്കിൾ തിരിക്കുന്നതിനിടയിൽ ശങ്കുണ്ണി അകത്തു നിന്ന് രേണുക ടീച്ചറുടെ ശബ്ദം കേട്ടു.

രേണുക :
” ആ രഘുവേട്ടാ… കിട്ടി… ദേ ഇപ്പൊ പോസ്റ്റുമാൻ കൊണ്ടുവന്ന് തന്നു. ഇന്നന്നെ കിട്ടിയത് നന്നായി……”

” ഉം… നമുക്ക് വേറെ വഴിയില്ലാതോണ്ടല്ലേ… മനുഷ്യനെ ഇങ്ങനെ ദ്രോഹിച്ചാ പിന്നെ എന്ത് ചെയ്‌യാനാ ? അതെ നല്ല ശക്തിയുള്ള പൂജയാ… പലർക്കും അനുഭവം ഉണ്ട്.”

” ആ… ഇന്ന് വെള്ളിയാഴ്ചയല്ലേ… അമാവാസിയും… വൈകുന്നേരം പോവുന്നുണ്ട്. ഒരു കാര്യം ഉറപ്പാ……”

അപ്പോഴേക്കും ശങ്കുണ്ണി ഗേറ്റ് കടന്ന് പുറത്തെത്തിയിരുന്നു. അകത്ത് നിന്നുള്ള ശബ്ദം അവ്യക്തമായി.

ശങ്കുണ്ണി : (ആത്മഗതം)
” ആ… ഒരു കാര്യം ഉറപ്പാ… ഇന്നാട്ടിലെ ഏതോ ഒരുത്തന്റെ കാര്യം തീരുമാനമായി. എന്റെ മുടി വെക്കാൻ തോന്നാഞ്ഞത് എത്ര നന്നായി. “

ജോലി കഴിഞ്ഞ് പോസ്‌റ്റോഫീസിൽ നിന്ന് ശങ്കുണ്ണി തിരിച്ച് വീട്ടിൽ എത്തി കാലും മുഖവും കഴുകാൻ മുറ്റത്തെ ടാപ്പ് തുറന്നു. ഭാര്യ മുറ്റമടിക്കുന്ന തിരക്കിലാണ്.

ശങ്കുണ്ണി :
” മോൻ എവിടെടീ ? “

ഭാര്യ :
” അവൻ അകത്തിരുന്ന് പഠിക്കുന്നുണ്ട്. ഇന്ന് ജലദോഷം കാരണം സ്കൂളിൽ വിട്ടില്ല. അതുകൊണ്ട് രാവിലെ തന്നെ പോയി മുടി വെട്ടിച്ചു. “

ശങ്കുണ്ണി :
” ഉം… “

ടാപ്പിൽ നിന്ന് ഒരു കുമ്പിൾ വെള്ളം വായിലേക്കൊഴിച്ചപ്പോഴാണ് വെള്ളിടി വെട്ടും പോലെ ശങ്കുണ്ണി അക്കാര്യം ഓർത്തത്. വായിലൊഴിച്ച വെള്ളം തുപ്പാൻ മറന്ന് ഇറക്കി.

ശങ്കുണ്ണി :
” മുടി വെട്ടാൻ എപ്പോ പോയെന്നാ പറഞ്ഞേ ? “

ഭാര്യ :
” രാവിലെ നിങ്ങൾ ഇറങ്ങീതിന്റെ തൊട്ടു പുറകെ പോയി വെട്ടി. “

ശങ്കുണ്ണി : (അസ്വസ്ഥനായി)
” എന്നിട്ടാ വിജയൻ എന്നോടൊന്നും പറഞ്ഞില്ലല്ലോ. നിനക്ക് വേറെ ഒരു ദിവസവും കിട്ടിയില്ലേ മുടിവെട്ടിക്കാൻ. “

ഭാര്യ :
” മുടി വളർന്ന് വിയർപ്പിറങ്ങി പനി പിടിക്കണ്ടാ എന്ന് വെച്ച് വെട്ടിച്ചപ്പോ അതും തെറ്റായോ? നിങ്ങളുടെ വർത്തമാനം കേട്ടാ ഞാനവന്റെ തല വെട്ടിയ പോലെ ആണല്ലോ. “

ശങ്കുണ്ണി :
” അതേടീ… ഏതാണ്ട് തല വെട്ടിയ പോലെ ആയി. എന്നിട്ട് അവൻ എവിട്യാന്നാ പറഞ്ഞേ? “

ഭാര്യ :
” അകത്തിരുന്ന് പഠിക്കുന്നുണ്ട് മനുഷ്യാ… നിങ്ങൾക്കിതെന്താ പറ്റിയേ…? “

ശങ്കുണ്ണി അകത്തേക്കോടി പുസ്തകം വായിക്കുന്ന മകനെ തലയിൽ ഒന്ന് തലോടി കെട്ടിപിടിച്ചു. പുറകെ ഓടിയെത്തിയ ഭാര്യക്കും, അച്ഛന്റെ കരങ്ങളിലമർന്ന മകനും കാര്യമൊന്നും മനസ്സിലായില്ല.

ശങ്കുണ്ണിക്ക് അന്നത്തെ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. മകന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് എന്തൊക്കെയോ ആലോചിച്ചിരുന്നു.

” ആ നശിച്ച കത്ത് പൊട്ടിച്ചതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. ഈ വിഷമം ആരോടും ഒന്ന് തുറന്ന് പറയാൻ പോലും പറ്റില്ലല്ലോ. ഈശ്വരാ… ഞാനെടുത്തത് ഇവന്റെ മുടിയാകല്ലേ. വേറെ ആരുടെയെങ്കിലും ആവണേ. “

ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്ന് നേരം വെളുത്തു.

പല്ലു തേച്ചുകൊണ്ട് മുറ്റത്തിറങ്ങിയപ്പോഴാണ് ബാർബർ വിജയൻ ആ വഴി പോകുന്നത് കണ്ടത്. സാധാരണ എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചിരുന്നു ശങ്കുണ്ണി നിർവികാരനായി ഒന്നും മിണ്ടാതെ നോക്കി നിന്നു. ശങ്കുണ്ണിയെ കണ്ട് അടുത്തേക്ക് വന്ന് വിജയൻ പറഞ്ഞു.

വിജയൻ :
” തെക്കേലെ മരിച്ചേടത്തേക്ക് വരണില്ലേ? അതോ താൻ അറിഞ്ഞില്ലേ? “

മറ്റാരോ മരിച്ചു എന്നറിഞ്ഞപ്പോൾ ശങ്കുണ്ണിയുടെ കണ്ണിൽ പെട്ടെന്നൊരു തിളക്കം പ്രത്യക്ഷപ്പെട്ടു. മരിച്ചത് ആരാണെന്നു പോലും അന്വേഷിക്കാതെ ശങ്കുണ്ണി ചോദിച്ചു.

ശങ്കുണ്ണി :
” ഏ… അയാൾ ഇന്നലെ തന്റെ കടയിൽ വന്ന് മുടി വെട്ടിയിരുന്നോ? “

ഒരാൾ മരിച്ചെന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം ശങ്കുണ്ണിയുടെ മുഖത്ത് പ്രകടമായിരുന്നു.

പെട്ടെന്നുള്ള ചോദ്യം കേട്ട് വിജയന്റെ മനസ്സിൽ മരിച്ചയാളുടെ മുഖം തെളിഞ്ഞു. എന്നിട്ട് പറഞ്ഞു.

വിജയൻ :
” ഹ…ഹ… താനെന്തൊരു ചോദ്യാ ശങ്കുണ്ണി ചോദിക്കണേ. മരിച്ചത് തെക്കേലെ കുമാരേട്ടനാ. ഞാൻ മുടിവെട്ട് തുടങ്ങിയ കാലം മുതൽ അയാളുടെ തലയിൽ പേരിനു പോലും ഒരു മുടി ഞാൻ കണ്ടിട്ടില്ല. പിന്നെ എന്തെടുത്തു വെട്ടാനാ? “

ശങ്കുണ്ണി : (നിസ്സംഗതയോടെ)
” ഓ… അയാളാണോ? വേറാരും മരിച്ചിട്ടില്ല ല്ലേ ? സമയം എടുക്കുമായിരിക്കും….. “

അങ്ങനെ ആ സമയവും കാത്ത് ശങ്കുണ്ണി ഇരുന്നു. പക്ഷെ പിന്നീട് കുറെ നാളത്തേക്ക് തെയ്യംപാടിക്കുത്തിൽ ആരും മരിച്ചില്ല. ശങ്കുണ്ണിയുടെ മകന്റെ മുടി പിന്നെയും വളരുകയും വെട്ടുകയും ചെയ്തു. രമേശന്റെ കവിതകൾ ആഴ്ചപ്പതിപ്പുകളിൽ അച്ചടിച്ചു വന്നു തുടങ്ങി. നാരായണിയേടത്തിക്ക് മകൻ അയച്ച 300 രൂപ പിന്നെയും കിട്ടി തുടങ്ങി. ജമീലക്ക് വീണ്ടും നടുവേദന വന്നത് ശങ്കുണ്ണി അറിഞ്ഞില്ല. ഒന്നും സംഭവിച്ചില്ലെങ്കിലും ശങ്കുണ്ണി ഇന്നും ആ സമയം വരുമെന്ന ഭയത്തിൽ കാത്തിരിക്കുന്നു.

  • അങ്ങനെയിരിക്കെ –

പോസ്‌റ്റോഫീസിൽ കത്തുകളിൽ സീൽ അടിക്കുന്ന ശങ്കുണ്ണി ഒരു പോസ്റ്റ് കാർഡിൽ എഴുതിയിരിക്കുന്ന ആ മേൽവിലാസം കണ്ട് വിറയ്ക്കുന്ന കൈയോടെ അത് എടുത്തു…

രേണുക രഘുനാഥ്, കുന്നക്കൽ ഹൌസ്, തെയ്യംപാടിക്കുത്ത്

മനസാക്ഷി സമ്മതിച്ചില്ലെങ്കിലും അത് തിരിച്ച് വായിക്കാതിരിക്കാൻ അയാൾക്കായില്ല…

പ്രിയപ്പെട്ട രേണു,

“ചില സാഹചര്യങ്ങൾ കാരണം കുറച്ചു നാളായി വിളിക്കാൻ കഴിഞ്ഞില്ല. എന്തായാലും നിന്റെ പൂജ ഫലിച്ചു. അവൻ സ്വയം ഒഴിഞ്ഞു പോയി. അധികം താമസിക്കാതെ നമുക്ക് നഷ്ടപെട്ടതെല്ലാം തിരിച്ചു കിട്ടും. എന്നിട്ടു വിളിക്കാം.”

“ദൈവത്തിനു നന്ദി…”