കടപ്പുറത്തുള്ള ഏതോ ഒരു വീട്ടിൽ നിന്ന് അനിയൻ ആണ് ഇതിനെ വീട്ടിൽ കൊണ്ടുവന്നത്.സൈക്കിളിന്റെ ക്യാരിയെറിൽ കെട്ടിവച്ചുകൊണ്ടാണ് ഇവിടെത്തിച്ചത്. വില എന്തായോ എന്തോ. കെട്ടഴിച്ചു അതിനെ താഴെ ഇറക്കി, ശരീരം അനക്കാൻ വയ്യാതെ കുറച്ചു സമയം കിടന്നു. ചാപ്രയിൽ പണിക്കു നിന്നിരുന്ന ചേച്ചിമാരും എന്റെ ചേച്ചിയുടെ 3 വയസുള്ള മോനും അച്ഛനും അമ്മയും എല്ലാവരും വന്നു കൂടി അതിനു ചുറ്റും. എന്തോ അത്ഭുത വസ്തുവിനെ കാണുന്നത് പോലെ. “കണ്ടിട്ട് പിടയാണെന്നു തോന്നുന്നു,” “ഏയ് പറയാറായിട്ടില്ല”, ഇത് അനങ്ങുന്നില്ലല്ലോ ചത്തു പോകുവോ?” കൂടി നിന്നവർ പല കമന്റുകളും പറയാൻ തുടങ്ങി, കുട്ടത്തിൽ ഏറ്റവും കൗതുകം ചേച്ചിയുടെ മോനായിരുന്നു, അവൻ അതിനെ തൊടാനും തലോടാനുമൊക്കെ തുടണ്ടി. ചിറകു വിടർത്തി കൊണ്ട് അത് മെല്ലെ എണീറ്റു നിന്നു എന്നിട്ട് ചുറ്റും വീക്ഷിച്ചു. സ്വഭാവികമായ ഒരു ഭയവും അപരിചിതത്ത്വവും അതിനു ഉണ്ടെന്നു എനിക്ക് തോന്നി. കുറച്ചു അരി കൊണ്ട് വന്ന് അമ്മ വിതറിയിട്ടു കൊടുത്തു. ആ ഭാഗത്തേക്ക് ശ്രദ്ധിക്കാതെ അത് മറ്റെവിടെയോ നോക്കി പതിയെ നടന്നു. കൂടി നിന്നവരൊക്കെ അവരവരുടെ കാര്യങ്ങളിലേക്കു തിരിച്ചു പോയി, ചേച്ചിയുടെ മോൻ മാത്രം ഇപ്പോഴും അതിന്റെ പിറകെ നടന്നു. കുറച്ചു സമയം അവിടിവിടെ കറങ്ങി നടന്ന ശേഷം വളരെ വേഗത്തിൽ അമ്മ ഇട്ട് കൊടുത്ത അരി കൊത്തിപ്പെറുക്കാൻ തുടങ്ങി, നല്ല വിശപ്പുണ്ടായിരുന്നു എങ്കിലും ഏവരും കൂടിനിന്നതിന്റെ ജാള്യതയിൽ ആവും ആദ്യം കഴിക്കാതിരുന്നത്. ചേച്ചിടെ മോൻ അതിന്റെ കൂടെ തന്നെ ഉണ്ട്, അവന് ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷം ആണ്.
ഒരു കൂട് പണിയണമോ എന്ന ഒരാലോചന വന്നെങ്കിലും തത്കാലം അത് വേണ്ടെന്നു വച്ചു, ചെറുതല്ലേ, പോരാത്തതിന് വീടിനു ചുറ്റും വല്യ മതിൽകെട്ട് ഉണ്ട്, സ്വര്യവിഹാരത്തിനുള്ള സ്ഥലവും. അപരിചിതത്വം പാടെ മാറിയിരിക്കുന്നു. കുറച്ചു ദിവസം കൊണ്ട് തന്നെ അത് വീട്ടിലെ ഒരംഗമായി മാറി. ചേച്ചിടെ മോന്റെ അടുത്ത കൂട്ടുകാരനും. വളരെ പെട്ടെന്നു അത് വളർന്നു തുടങ്ങി, പൂവ് വന്നു, അങ്ങനെ ആ സംശയം തീർന്നു, അമ്മയ്ക്കു ചെറിയ വിഷമവും, ‘അപ്പൊ മുട്ട ഇടില്ല’. അങ്ങനെ ചേലൊത്ത ഒരു പൂവാലനായി അവൻ വളർന്നു തുടങ്ങി. അവന്റെ ഭാവത്തിലും വല്യ മാറ്റമുണ്ട് ഇപ്പൊ, ചേഷ്ടകളിൽ എല്ലാം ഒരു അധികാര ഭാവം. മതിൽക്കെട്ടിനുള്ളിലുള്ള ഈ ലോകം അവന്റേതാണെന്നാണ് അവന്റെ വിചാരം എന്ന് തോന്നിപ്പോകും, ഒരു കുറവും ഇവിടില്ല, ഭക്ഷണം, സർവ്വ സ്വാതന്ത്ര്യം പിന്നെ എപ്പോഴും കൂടെ നടക്കുന്ന ഒരു കൊച്ചു കൂട്ടുകാരൻ. മതിൽ കെട്ടിനപ്പുറത്തു ഒരു ലോകം ഉണ്ട് എന്നവന് ഒരു പക്ഷെ അറിയില്ലായിരിക്കണം, ഇവിടെ എത്തുന്നതിനു മുൻപുള്ള ഓർമ്മകൾ അവന് ഉണ്ടായിരിക്കാൻ ഇടയില്ല.
അങ്ങനിരിക്കെ തൊട്ടടുത്ത വീട്ടിൽ കുറച്ചു കോഴികളെ വാങ്ങി, അഞ്ച് പിടക്കോഴികൾ. അമ്മ പറഞ്ഞാണ് ഇതറിഞ്ഞത്, ഉടനെ തന്നെ അത് മുട്ടയിടുമത്രെ. ഇവിടെ ഒരു പ്രയോജനവും ഇല്ലാതെ ഒരു പൂവനെ വളർത്തുന്നു എന്നാണ് ഇപ്പോ അമ്മയുടെ പരാതി. മതിലിനപ്പുറമുള്ള ലോകത്തെ പറ്റി തീരെ പരിചയമില്ലാത്ത, അല്ലെങ്കിൽ ഉണ്ടെന്നു തന്നെ അറിയാത്ത നമ്മുടെ പൂവാലൻ ഇടയ്ക്കെപ്പോഴോ അടുത്ത വീട്ടിലെ കോഴികളുടെ ശബ്ദം ശ്രദ്ധിക്കുന്നത് പോലെ തോന്നി, തോന്നിയതല്ല അവൻ ശ്രദ്ധിക്കുന്നുണ്ട്. തന്റെ വർഗ്ഗത്തിന്റെ ശബ്ദം അവന് തിരിച്ചറിയാൻ പറ്റുന്നുണ്ട്. പിന്നീട് അങ്ങോട്ട് മിക്ക സമയവും അവൻ മതിലിനു അടുത്താണ്, പലപ്പോഴും അതി സൂക്ഷ്മമായി അവൻ മതിലിനോട് ചേർന്ന് കാതോർക്കുന്നു.എന്റെ മനസ്സിൽ കിട്ടിക്കാലത്തു എപ്പോഴോ ദൂരദർശനിൽ കണ്ട ‘മതിലുകൾ’ ഓടി തുടങ്ങി, അതൊന്നു കൂടി കാണണം കുറേ നാളായി വിചാരിക്കുന്നു. ഏതായാലും ഇനി എന്താണ് ഇവൻ ചെയ്യാൻ പോകുന്നത് എന്നുള്ള ഭയങ്കരമായ ഒരു ജിജ്ഞാസ എന്നിൽ ഉടലെടുത്തു കഴിഞ്ഞു. മതിലിനപ്പുറത്തുള്ള ലോകത്തെ പറ്റി ഒരു ഗ്രാഹിയും ഇല്ലാത്ത നമ്മുടെ പാവം പൂവാലന്റ ജിജ്ഞാസ എന്നെക്കാളും എത്രയോ മടങ്ങ് ആയിരിക്കും. ഇവൻ എന്തെങ്കിലും ഒപ്പിക്കും അതെനിക്കു ഉറപ്പാണ്.
തൊട്ടടുത്ത ദിവസം ഞാൻ പ്രതീക്ഷിച്ചതു സംഭവിച്ചു. സർവ്വ ശക്തിയും എടുത്തു അവൻ അങ്ങ് പറന്നു. നേരെ ചെന്ന് നിന്നത് മതിലിനു മുകളിൽ. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് കോഴികൾ പറന്നു ഞാൻ കണ്ടിട്ടുള്ളത്. ഇതിലും വല്യ അത്യാവശ്യം ഇവന് എന്താനുള്ളത്, ഇവൻ പറന്നില്ലെങ്കിലേ അത്ഭുതമുള്ളു. അവൻ ആദ്യമായി ഈ മതിൽക്കട്ടിനപ്പുറത്തുള്ള ലോകം കണ്ടു. വളരെ ആശ്ചര്യത്തോടെ അവൻ കൺകുളിർക്കേ കാണുകയാണ്, ഇന്ന് വരെ അവൻ കണ്ടിട്ടില്ലാത്ത, അല്ലെങ്കിൽ അവന്റെ ഓർമയിൽ ഇല്ലാത്ത ആ തൊട്ടപ്പുറത്തുള്ള ലോകം. പുതിയ ലോകം കണ്ട ആ ഒരു ഞെട്ടൽ മാറിയശേഷം കുറച്ചു മുന്നേ വരെ താൻ കാതോർത്തിരുന്ന, തന്നെ ഈ മതിലിനു മുകളിൽ എത്തിക്കാൻ കാരണം ആ ആയ ആ ശബ്ദത്തെ തേടി. പലഭാഗത്തായി തല വെട്ടിച്ചു നോക്കിയെങ്കിലും അവയെ അവന് കാണാൻ സാധിച്ചില്ല. അല്പം നിരാശയോടെ അവൻ തിരിച്ചു ഇങ്ങോട്ട് പറന്നിറങ്ങി. അടുത്ത ദിവസവും എന്റെ നിരീക്ഷണം ഞാൻ തുടർന്നു. ഇത്തവണ അത്ര അയാസം ഇല്ലാതെ തന്നെ അവൻ മതിലിനു മുകളിൽ പറന്നെത്തി. അതു പോലെ വളരെ എളുപ്പം തന്നെ ആ പിടക്കോഴി കൂട്ടം അവന്റെ കണ്ണിൽ പെട്ടു. കോഴികൾക്ക് മുഖത്ത് ഭാവം വരുമോ. അറിയില്ല ഏതായാലും ഇവന്റെ കോഴീ ഭാവം വ്യക്തമായി എനിക്ക് കാണുവാൻ സാധിക്കുന്നുണ്ട്. കോഴി കൂട്ടങ്ങളെ കണ്ടത് കൊണ്ടാവാം അവന് ഇനി എന്ത് ചെയ്യണം എന്നുള്ള ആശങ്ക, എനിക്ക് ജിജ്ഞാസയും. കുറച്ചു സമയത്തെ ആലോചനയ്ക്കൊടുവിൽ അവൻ പറന്നിറങ്ങി, മതിലനപ്പുറമുള്ള, തന്നെ ഭ്രമിപ്പിച്ച ആ ലോകത്തേക്ക്. അപ്പുറത്തെ കാഴ്ച്ചകൾ കാണുവാനായി ഞാൻ മതിലിൽ പിടിച്ചു കൊണ്ട് എത്തി നോക്കി. നമ്മുടെ പൂവാലൻ ഒരല്പം അകലത്തിൽ പിടകളെ വീക്ഷിക്കുകയാണ്, പിടകൾക്കു ഇവനെ അത്ര ബോധിച്ചിട്ടുമില്ല. അവ പതുക്കെ അകന്നു നീങ്ങി. നിരാശനായി അവൻ തിരിച്ചു മതില് ചാടി. ഈ പ്രക്രിയ കുറച്ചു ദിവസം തുടർന്നിരിക്കണം. കാരണം കുറച്ചു ദിവസം എനിക്ക് ഇവനെ വീക്ഷിക്കുവാൻ സാധിച്ചിരുന്നില്ല. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് പിന്നീട് ഞാൻ കാണുന്ന കാഴ്ച അഞ്ചു പിടക്കോഴികളെ നയിച്ചുകൊണ്ട് തലയെടുപ്പോടെ ചുറ്റി നടക്കുന്ന നമ്മുടെ പൂവാലനെ ആണ്. ഇവൻ ഇത്ര പെട്ടെന്ന് ഇവരെ വളച്ചോ.
പിന്നീട് അവൻ അവിടെ തന്നെയായി. രാവിലെ പറന്നു പോയാൽ തിരിച്ചെത്തുന്നത് സന്ധ്യ കഴിയുമ്പോൾ. ചേച്ചിടെ മോൻ വല്യ നിരാശയിൽ ആയി, അവന് തന്റെ കൂട്ടുകാരനെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല. അമ്മയാണെങ്കിൽ മോനെ അപ്പുറത്തെ വീട്ടിൽ കളിക്കാനും വിടില്ല. അങ്ങനൊക്കെ ആണെങ്കിലും പൂവാലൻ വളരെ കുറച്ചു സമയം കണ്ടെത്താറുണ്ട് ഇടയ്ക്കൊക്കെ തന്റെ ആദ്യത്തെ കൊച്ചു കൂട്ടുകാരനൊപ്പം കളിക്കാൻ. മനസ്സിൽ എവിടെയോ അവനോടുള്ള സ്നേഹം ബാക്കി ഉണ്ട്. അത്യാവേശത്തോടെ ആണ് ഇപ്പോ അവൻ മതിൽ ചാടി കടക്കുന്നത്. ചില ദിവസങ്ങളിൽ അവൻ വീട്ടിൽ വരാതെയായി. അമ്മയ്ക്ക് ആശങ്ക ആയി തുടങ്ങി, കാശ് ചിലവില്ലാതെ അപ്പുറത്തെ വീട്ടുകാർ ഇവനെ സ്വന്തമാക്കിയാലോ. വരാത്ത ദിവസങ്ങളിൽ അമ്മയുടെ കയ്യിൽ നിന്നും അവന് അടി കിട്ടി തുടങ്ങി, വേദനിക്കുന്നുണ്ടാവില്ല, എങ്കിലും അമ്മയോടുള്ള ഭയം അവനും വന്നു തുടങ്ങി. സന്ധ്യ ആയാൽ ആളിങ്ങു പോരും. അങ്ങനെ പകൽ സമയം തന്റെ തോഴിമാരോടൊപ്പം അവിടെയും രാത്രി ഇവിടെയും, രണ്ടു വീട്ടിൽ നിന്നും നല്ല ഭക്ഷണവും ആയി ഒരു രാജാവിനെ പോലെ അവൻ ജീവിച്ചു തുടങ്ങി. അങ്ങനെ അവൻ സംതൃപ്ത്തനായി കഴിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അമ്മയിൽ നിന്നും ഞാനൊരു വാർത്ത അറിയുന്നത്. അടുത്ത വീട്ടിൽ വീണ്ടും ഒരു കോഴിയെ വാങ്ങി. ചെറിയൊരു പൂവൻ. അതിനെ കാണാനുള്ള ആഗ്രഹത്തിൽ ഞാൻ അടുത്ത ദിവസം മതിലിനു അപ്പുറത്തേക്ക് നോക്കി. നമ്മുടെ പൂവാലൻ മുൻപത്തേത് പോലെ തന്നെ തലയെടുപ്പോടെ പിടകളുടെ കൂടെ വിലസുന്നുണ്ട്. കുറച്ചു ദൂരെ മാറി കാഴ്ച്ചയിൽ ചെറുതും എന്നാൽ പൂവൻ ആണെന്ന് മനസിലാകുന്നതും ആയ ഒരു കോഴി ഇരിപ്പുണ്ട്. ഓ..അപ്പോ ഇവനാണ് ആള്. കാഴ്ച്ചയിൽ ഒരു സാധു. ആർക്കും ശല്യം ഉണ്ടാക്കാതെ തനിക്കു കിട്ടിയ ഭക്ഷണം കൊത്തി തിന്നുന്നു. മാത്രമല്ല നമ്മുടെ പൂവനും സഖിമാരും അവനെ ഒരു കോഴി ആയിട്ടു പോലും അംഗീകരിച്ചിട്ടില്ല എന്ന് തോന്നിപോകും. അവർ അവരുടെ ലോകത്തു അങ്ങനെ ആസ്വദിച്ചു ജീവിച്ചു.
ദിവസങ്ങൾ കടന്നു പോയി, നമ്മുടെ ചെറിയ പൂവൻ പെട്ടെന്നു വളർന്നു, പൂർണ വളർച്ച എത്തിയ അവനെ കാണാനും നല്ല ചേലാണ്. എങ്കിൽ കൂടിയും പിടകളാരും അവന്റെ പക്കൽ പോകുന്നില്ല. അതില് അവന് അമർഷവും ഉണ്ടെന്നു തോന്നി. അങ്ങനൊരു ദിവസം പുതിയ പൂവൻ പിടക്കൂട്ടത്തിലേക്ക് കടന്നു ചെന്നു, അവയോട് ലോഹ്യം കൂടാൻ. ഇത് കണ്ട നമ്മുടെ പൂവാലൻ അവനെ കൊത്തി അകറ്റി. ഇത് പിന്നൊരു സ്ഥിരം കാഴ്ചയായി. പുതിയ പൂവൻ നമ്മുടെ പൂവാലനെ ഭയക്കുന്നു. അംഗബലവും അനുഭവവും ഇവന് കൂടുതലാണ്. അതാവാം കാരണം. എങ്കിലും അവൻ തന്നെ കൊത്തി അകറ്റുന്നത് ചെറുതായി പ്രതിരോധിച്ചു തുടങ്ങി. അതെല്ലാം പക്ഷെ പൂവാലൻ തന്റെ കരുത്തും ആത്മവിശ്വാസവും കൊണ്ട് നിഷ്പ്രഭമാക്കി കൊണ്ടിരുന്നു. അങ്ങനെ ഇത് തുടർന്നു കൊണ്ടിരിന്നു .അന്നൊരിക്കൽ അവർതമ്മിൽ നല്ല രീതിയിൽ ഒരു യുദ്ധം നടന്നു. കുറെയൊക്കെ പിടിച്ചു നിന്നെങ്കിലും പുതിയ പൂവൻ കൊത്തേറ്റ് അവശനായി ദൂരേക്ക് മാറി. ഇതൊരു സ്ഥിരം കാഴ്ച്ചയായി മാറി ഇവരുടെ കൊത്തുപിടി. എല്ലാത്തവണയും വിജയം നമ്മുടെ പൂവാലന് തന്നെ .പക്ഷെ ഒരു ദിവസം അത് സംഭവിച്ചു. ശക്തമായ ഒരു പോരിനോടുവിൽ പൂവാലനെ പുതിയ പൂവൻ കൊത്തി അവശനാക്കി. ഇത്രയും നാൾ അടക്കി വച്ച എല്ലാ അമർഷവും തീർക്കുന്ന വിധത്തിൽ അവനെ പരിക്കേല്പിച്ചു. ഒടുവിൽ ഏന്തി വലിഞ്ഞു, ഒരു വിധത്തിൽ പറന്നു മതിലിൽ എത്തി അവൻ ഇങ്ങോട്ടു ചാടി. തന്റെ പരാജയഭാരം അവനെ തളർത്തിയിരിക്കുന്നു. വൃണങ്ങളിൽ വേദന കാണും. അവൻ ഞരങ്ങികൊണ്ടിരുന്നു. അടുത്ത ദിവസം അല്പം ധൈര്യം സംഭരിച്ചു അവൻ വീണ്ടും മതിലിൽ പറന്നു കയറി. അവിടെ അവൻ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു കാണും. പുതിയ പൂവൻ തന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. തന്റേത് മാത്രമായിരുന്ന ആ അഞ്ചു പിടകൾ ഇപ്പോ അവന്റൊപ്പം ആയി. നന്ദി കെട്ട കോഴികൾ. ഇനി ഒരു പൊരിനുള്ള ശക്തി തനിക്കു ഇല്ല എന്ന് മനസിലാക്കിയത് കൊണ്ടാവാം അവൻ തിരിച്ചു ഇങ്ങോട്ട് തന്നെ പറന്നത്.
അവശനായി ഒരു വശത്തു ഒതുങ്ങി കൂടിയ അവനെ ചേച്ചിയുടെ മകൻ കളിക്കാനായി വിളിച്ചു. തന്റെ പഴയ കൂട്ടുകാരനോട് ഒട്ടും സ്നേഹാക്കുറവ് ഇല്ലെങ്കിലും, തനിക്കുണ്ടായ ജീവിത പരാജയം ഉൾക്കൊള്ളാൻ സാധിക്കാത്തതിനാലും, കൊച്ചു കൂട്ടു കാരന്റെ ശല്യം സഹിക്കാൻ വയ്യാത്തതിന്നാലും അവൻ ആഞ്ഞൊന്നു കൊത്തി. കുട്ടിയുടെ കയ്യിൽ നിന്നും ചോര പൊടിഞ്ഞു, അവൻ വാവിട്ടു കരഞ്ഞു. എല്ലാവരും ഓടിക്കൂടി, കോഴിയെ അടിച്ചക്കറ്റി. “ഇത് കൊത്തണ കോഴിയാണ്” ചാപ്ര യിലെ ഒരു പെണ്ണ് പറഞ്ഞു, “അതെ ഇത് ഇന്നലെ എന്നെയും കൊത്താൻ വന്നു.” അടുത്താളുടെ കമന്റ്. സത്യമോ നുണയോ, എല്ലാവരും അത് വിശ്വസിച്ചു. സാഹചര്യം വച്ചു പൂവാലൻ കുറ്റക്കാരൻ ആയി. “പെട്ടെന്ന് തന്നെ ഇതിനെ ആർക്കെങ്കിലും കൊടുത്തേക്കു”. കൊച്ചു മോനെ കൊത്തിയ കോഴിയെ ഇനി ഇവിടെ വളരാൻ അച്ഛൻ അനുവദിക്കില്ല എന്നെനിക്കു മനസിലായി. തൊട്ടടുത്ത ദിവസം തന്നെ അനിയൻ അന്ന് ഇവനെ കൊണ്ട് വന്ന അതേ രീതിൽ സൈക്കിളിൽ കെട്ടി വച്ചു കൊണ്ട് പോയി. ചേച്ചിയുടെ മോനു വിഷമം ഉണ്ടെങ്കിലും അവൻ നിർബന്ധം പിടിച്ചു കരഞ്ഞില്ല. ഇനിയും അത് കൊത്തുമെന്നു അച്ഛൻ പറഞ്ഞു ഭയപ്പെടുത്തിയത് കൊണ്ടാവാം. കുണ്ടും കുഴിയുമുള്ള റോഡിലൂടെ സൈക്കിൾ അങ്ങനെ പതിയെ നീങ്ങി. അതിനൊപ്പം ചെറുതായി ആടി ഉലഞ്ഞു കൊണ്ടിരുന്ന കഴുത്തു ചെരിച്ചു അവൻ ഞങ്ങളെ നോക്കിയോ, ഏയ് മനസിലാകുന്നില്ല. കണ്ണകലത്തിൽ നിന്ന് സൈക്കിളും പൂവാലനും മറഞ്ഞിരിക്കുന്നു.
അടുത്ത ദിവസം ഞാൻ അനിയനോട് വെറുതെ ചോദിച്ചു, അതിനെ ആ വീട്ടുകാർ വളർത്താനാണോ വാങ്ങിയത്. ഏയ് അല്ല കറി വെക്കാണാനാണ് വാങ്ങിയതെന്നു അവൻ മറുപടി പറഞ്ഞു. ചെറിയ ഒരു വിഷമം മനസ്സിൽ തോന്നി. സ്വാദുള്ള നാടൻ കോഴി കറി വിളമ്പുന്ന ആ വീട്ടമ്മയും കുടുംബവും അറിയുന്നുണ്ടോ ജീവിത പരാജയം അറിഞ്ഞു, തകർന്ന മനസുമായി കയറി വന്ന ഒരു കോഴിയാണ് തങ്ങളുടെ മുന്നിലെ തീൻമേശയിലെ പാത്രത്തിൽ ഉള്ളതെന്ന്.