ഒറ്റ നില വീട് എന്ന ഉദ്ദേശ്യത്തിലാണ് സുദീപ് വീട് പണി ആരംഭിച്ചത് . പക്ഷെ പണി പൂർത്തീകരിച്ചപ്പോൾ ഒന്നാംതരം ഒരു രണ്ടു നില വീട് . പത്രാസൊക്കെ കൊള്ളാം, പക്ഷെ ബാങ്ക് ലോൺ അടയ്ക്കുന്ന കാര്യം ചിന്തിച്ചതോടെ സുദീപിന് ആകെ ഒരു പരവേശം. വീട് വച്ചത് തലസ്ഥാനത്തെ ഐ ടി നഗരത്തിലാണ്. നല്ലൊരു തുക കൊടുത്താണ് വീട് വയ്ക്കാനുള്ള സ്ഥലം അയാൾ സ്വന്തമാക്കിയത്. അതിനാൽ ബാങ്ക് ബാലൻസ് കാര്യമായിട്ടൊന്നുമില്ല. ഐ ടി മേഖലയിലാണ് ജോലി എങ്കിലും അത്ര വല്യ ശമ്പളമൊന്നും സുദീപിന് ഇല്ല . വീട്ട് ചിലവും , കുട്ടികളുടെ പഠനവും എല്ലാം കൂടെ ചേർത്ത് നല്ലൊരു തുക മാസച്ചിലവിന് വേണം. അതിനോടൊപ്പം വീടിന്റെ ലോൺ കൂടെ ചേരുമ്പോൾ , രണ്ടറ്റം കൂട്ടി മുട്ടിക്കാൻ കഷ്ടപ്പെടും എന്ന് ഉറപ്പ്. അങ്ങിനെയാണ് വാടകയ്ക്ക് കൊടുക്കാമെന്ന ആശയം സുദീപിന്റെ മനസ്സിൽ ഉടലെടുത്തത്. കൂടുതൽ വൈകിക്കാതെ മുകളിലത്തെ നില വാടകയ്ക്ക് കൊടുക്കാൻ അയാൾ തീരുമാനിച്ചു.
ഐ ടി നഗരം ആയതിനാൽ വാടകയ്ക്ക് ആളെ കിട്ടാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല . കോഴിക്കോട് സ്വദേശിയായ രജിത്തും, അയാളുടെ അമ്മയും ഭാര്യ അഞ്ജുവും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. അടുത്തിടെ വിവാഹിതനായ രജിത് , ഒരു ഐ ടി കമ്പനിയിൽ H R ഓഫീസർ ആയി ജോലി ചെയ്യുന്നു . ഭാര്യ അഞ്ജു എറണാകുളം സ്വദേശിയാണ്. പുതിയ വീടായതിനാൽ, രജിത്തിന് വീട് നന്നായി ഇഷ്ടപ്പെട്ടു. ഒരു മാസത്തിനകം അയാൾ കുടുംബസമേതം താമസവും ആരംഭിച്ചു.
രജിത്തും കുടുംബവും താമസം ആരംഭിച്ച് ഏകദേശം ഒന്നര മാസം കഴിഞ്ഞ് ഒരു ദിവസം രാത്രി. എന്നും രാത്രി പത്ത് മണിക്ക് ഉറങ്ങുന്ന ശീലമുള്ള, സുദേവ് അന്നും പതിവ് തെറ്റിച്ചില്ല. പകലത്തെ ജോലി തിരക്കുകൾ കാരണം, പെട്ടെന്ന് തന്നെ അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു . കുറച്ചു മണിക്കൂറുകൾ കഴിഞ്ഞു കാണും. എന്തോ ശബ്ദം കേട്ട് അയാൾ ഉറക്കത്തിൽ നിന്ന് ഉണർന്നു. ആരോ ഗേറ്റിൽ നിർത്താതെ തട്ടുന്നു. മൊബൈൽ എടുത്ത് നോക്കിയപ്പോൾ, രാത്രി രണ്ട് മണി കഴിഞ്ഞിട്ടേ ഉള്ളൂ. ആരായിരിക്കും ഈ രാത്രിയിൽ എന്ന് ചിന്തിച്ച് കൊണ്ട് ജനാലയിലൂടെ സുദേവ് പുറത്തേക്ക് നോക്കി. ഗേറ്റിൽ തട്ടുന്നത് അഞ്ജുവിന്റെ അച്ഛനും അമ്മയുമാണ്. മുമ്പ് ഒന്നിലധികം തവണ ഇവിടെ വന്നിട്ടുള്ളതിനാൽ, സുദേവ് അവരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. പ്രധാന വാതിൽ തുറന്ന് ഗേറ്റിന് അടുത്തെത്തിയപ്പോൾ , അഞ്ജുവിന്റെ അമ്മ സുദേവിനോട് പറഞ്ഞു , “ക്ഷമിക്കണം, ഞങ്ങൾ നാട്ടീന്നാണ് വരുന്നത്. കുട്ടികളെ ഫോണിൽ വിളിച്ചിട്ട് എണീറ്റില്ല. അതാണ് ഗേറ്റിൽ തട്ടിയത് “. “അത് സാരമില്ല!”, എന്ന് സുദേവ് ചെറു ചിരിയോടെ മറുപടി നൽകി. എങ്കിലും അസമയത്തെ ഈ വരവിൽ അയാൾക്ക് അസ്വാഭികത തോന്നി. കൂടുതലൊന്നും ചോദിക്കാതെ സുദേവ് ഗേറ്റ് തുറന്ന് കൊടുത്തു. അവർ വേഗത്തിൽ മുകളിലേക്ക് കയറി പോയി.
അസമയത്ത് വിളിച്ചെഴുന്നേൽപ്പിച്ചത് കാരണം സുദേവിൻ്റെ ഉറക്കം നഷ്ടപ്പെട്ടു. ഏകദേശം 15 മിനുട്ടുകൾ കഴിഞ്ഞിട്ടും മുകളിൽ നിന്നുള്ള സംസാരം നിലച്ചിരുന്നില്ല . ഇത്രയും നേരമായിട്ടും അവർ അകത്ത് കയറിയിട്ടില്ല എന്ന് സുദേവ് അനുമാനിച്ചു. എന്താണ് പ്രശ്നമെന്ന് ഒന്നന്വേഷിച്ചേക്കാം എന്ന് കരുതി അയാൾ മുകളിലേക്ക് കയറി. അവിടെ ചെന്നപ്പോൾ അകെ പരിഭ്രാന്തരായി നിൽക്കുന്ന അഞ്ജുവിന്റെ അമ്മയെയും അച്ഛനെയുമാണ് സുദേവ് കണ്ടത്. രജിത്തിനെയോ അഞ്ജുവിനെയോ അവിടെങ്ങും കണ്ടതേയില്ല. കാളിങ് ബെൽ അടിച്ചിട്ടും , ഇത്രയും നേരം കതകിൽ തട്ടി വിളിച്ചിട്ടും മകളും മരുമകനും എഴുന്നേൽക്കാത്തതിന്റെ പരിഭ്രമത്തിലാണ് അവർ രണ്ട് പേരും . രജിത്തിന്റെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലും, എടുക്കുന്നില്ല. രജിത്തിന്റെ അമ്മ കഴിഞ്ഞ ആഴ്ച നാട്ടിൽ മകളുടെ അടുത്തേക്ക് പോയത് സുദേവിന് ഓർമ്മ വന്നു. അതിനാൽ രജിത്തിന്റെ അമ്മയുടെ ഫോണിലേക്ക് വിളിച്ചിട്ടും കാര്യമില്ല.
രജിത്തിനെയും അഞ്ജുവിനെയും മാറി മാറി വിളിച്ചു നോക്കുകയായിരുന്നു അഞ്ജുവിന്റെ അമ്മ. ഇടയ്ക്ക് അവർ മറ്റാരെയോ ഫോൺ ചെയുന്നത് സുദേവ് ശ്രദ്ധിച്ചു. അത് രജിത്തിന്റെ സഹോദരിയോടാണ് എന്ന് സംസാരത്തിൽ നിന്ന് സുദേവ് ഊഹിച്ചു. സംസാരം പരിഭ്രാന്തിയിൽ നിന്നും ഭീക്ഷണിയുടെ സ്വരത്തിലേക്ക് മാറുന്നത് സുദേവ് ശ്രദ്ധിച്ചു. എന്തോ കുഴപ്പമുണ്ട് എന്ന് അയാൾക്ക് മനസിലായി. ഫോൺ വച്ചതിന് ശേഷം , സുദേവ് എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് അവർ പറഞ്ഞു . “രാത്രി 10.30 ആയപ്പോൾ മോള് ഫോൺ വിളിച്ചു ഒരൊറ്റ കരച്ചിലായിരുന്നു . എന്താണെന്ന് ചോദിച്ചിട്ട് പിന്നെ പറയാം എന്ന് പറഞ്ഞു കട്ട് ചെയ്തു . പിന്നീട് വിളിച്ചിട്ട് അവളുടെ ഫോൺ ഓഫ് ആണ് . രജിത്തിന്റെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. ദേ, ഇപ്പോൾ ഇവിടെ വന്ന് വാതിലിൽ മുട്ടിയിട്ട് തുറക്കുന്നുമില്ല. പോലീസിനെ വിളിച്ചാലോന്ന് ആണ് ഞങ്ങൾ ആലോചിക്കുന്നേ!”. സുദേവിന് ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി . അപ്പോൾ പാതിരാത്രി 200 കിലോമീറ്റർ വണ്ടി ഓടിച്ച് ഇവിടെ എത്തിയത് വെറുതെ അല്ല. പക്ഷെ പോലീസിനെ ഒക്കെ വിളിക്കും എന്ന അവരുടെ പറച്ചിൽ കേട്ടപ്പോൾ സുദേവിന് പരിഭ്രമമായി. വല്ലാത്തോരു പൊല്ലാപ്പായല്ലോ എന്ന് ആലോചിച്ച് കൊണ്ട് അയാൾ പറഞ്ഞു, “ആന്റി കുറച്ചു നേരം ഒന്ന് ക്ഷമിക്കൂ”. സുദേവ് പതിയെ സൺഷെഡിലേക്ക് ഇറങ്ങി. അത് വഴി ഒന്നാം നിലയിലെ രണ്ട് മുറികളുടെയും ജനാലയുടെ അടുത്ത് എത്താൻ സാധിക്കും .
സുദേവ് സൺഷെഡ് വഴി നടന്ന് രജിത് കിടക്കുന്ന മുറിയുടെ അടുത്തെത്തി. ഭാഗ്യത്തിന് ജനാല അടച്ചിട്ടില്ലായിരുന്നു. അയാൾ അകത്തേക്ക് നോക്കിയപ്പോൾ, പുറത്തെ ബഹളങ്ങളൊന്നും അറിയാതെ രജിത്തും അഞ്ജുവും സുഖമായി കിടന്ന് ഉറങ്ങുന്നു . രണ്ട് മൂന്നു പ്രാവശ്യം വിളിച്ചപ്പോൾ രജിത് കണ്ണ് തുറന്നു. അഞ്ജുവിന്റെ അച്ഛനും അമ്മയും കുറെ നേരമായി പുറത്ത് നിൽക്കുന്നു എന്ന് രജിത്തിനോട് പറഞ്ഞിട്ട് , സുദേവ് തിരിച്ച് നടന്നു. പരിഭ്രാന്തരായി നിൽക്കുന്ന ആ അച്ഛന്റെയും അമ്മയുടെയും അടുത്തെത്തി പറഞ്ഞു, “ആന്റി, പേടിക്കാനൊന്നുമില്ല, അവർ ഉറങ്ങിപോയതാണ്”. അവരോട് സംസാരിച്ച് കൊണ്ട് നിന്നപ്പോൾ, രജിത്തും അഞ്ജുവും ഒരു ചമ്മലോടെ കതക് തുറന്ന് പുറത്തേക്ക് വന്നു.
“മോളെ, നീ എന്ത് പണിയാ കാണിച്ചേ . നിലവിളിച്ചോണ്ട് ഫോൺ കട്ട് ചെയ്തിട്ട് , പിന്നീട് എത്ര വട്ടം വിളിച്ചു എന്നറിയോ? ഞങ്ങളെ തീ തീറ്റിച്ചു കളഞ്ഞല്ലോ?” അഞ്ജുവിനോട് അവളുടെ അമ്മ ദേഷ്യത്തോടെ ചോദിച്ചു . “അത് അമ്മേ, പ്രശ്നമൊന്നുമില്ല . രാത്രീല് ചില്ലി ചിക്കൻ വാങ്ങി തരാൻ പറഞ്ഞിട്ട് കേൾക്കാത്തപ്പോ എനിക്ക് ദേഷ്യം വന്നു. അപ്പോളാണ് ഞാൻ അമ്മയെ വിളിച്ചത്. ഫോൺ ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് തറയിൽ എറിഞ്ഞു “, പതിഞ്ഞ ശബ്ദത്തിൽ അഞ്ജു മറുപടി കൊടുത്തു . പിന്നെ എല്ലാരും കേട്ടത് ഒരു പടക്കം പൊട്ടുന്ന ശബ്ദമാണ്. മകൾക്ക് അമ്മ നൽകിയ സ്നേഹ സമ്മാനം . താൻ ഈ നാട്ടുകാരനെ അല്ല എന്ന ഭാവത്തിൽ സുദേവ് താഴേക്കിറങ്ങി വീടിനുള്ളിലേക്ക് പോയി.
Nice narration 👌
Ippo koduttha potteru ammachi munpe kodutthayirunnenkil ingane undakillarunnu.
Nice story man.
Thank you, Jos
Superb 👌👌