ആജ്യാരുപ്പാ… ആജ്യാരുപ്പാ…”
ഉച്ചകഴിഞ്ഞു ചെറുതായൊന്നു മയങ്ങിയതായിരുന്നു ഹാജിയാർ. ഈ വിളി കേട്ട് ചെന്ന് നോക്കുമ്പോൾ വീട്ടിലെ സ്ഥിരം പണിക്കാരനും, അതിലുപരി സുഹൃത്തും ആയ അന്ത്രുമാൻറെ മോൻ കുഞ്ഞുമൊമ്മദ് ആണ്.
പാതി കരച്ചിലിന്റെ വക്കോളമെത്തിയാണ് അവൻ നില്കുന്നത്. കൂടെ അവന്റെ കൊച്ചാപ്പ ആയമുവും ഉണ്ട്.
“ബാപ്പാക്ക് തീരെ വജ്ജ, ആജ്യാരുപ്പാ… ഡാക്കിട്ടറെ വിളിക്കണം. രണ്ടു ദിവസമായി കിടപ്പു തന്നെയാണ്.”
“മ്മക്ക് വഴിണ്ടാക്കാം.. ജ്ജ് വീട്ടിലോട്ട് പൊയ്ക്കോ കുഞ്ഞാ. ഞമ്മള് ഡാക്കിട്ടരെ ഏർപ്പാടാക്കാൻ നോക്കട്ടെ…”
കുഞ്ഞുമൊമ്മദിനു തെല്ലൊരാശ്വാസം ആയി. ഹാജിയാർ ഡോക്ടറിനെ വിളിക്കാമെന്ന് പറഞ്ഞല്ലോ.
“അയമൂ.. ജ്ജ് ബിടെ നിൽക്കിൻ”
“വാസൂ, ജ്ജ് പോയി കുഞ്ഞുമൊമ്മദിനെ ബീട്ടിൽ കൊണ്ടാക്കിട്ട് ബരിൻ…”
ഹാജിയാർ പറഞ്ഞത് കേട്ടപ്പോൾ കാര്യസ്ഥനായ വാസു ഉടനെ കുഞ്ഞുമൊമ്മദിനെയും കൂടെ അവന്റെ വീട്ടിലേക്കു പോയി.
“അയമൂ… ജ്ജ് പോയി ആ ഡോക്ടർ നാരായണമേനോനെ കണ്ടു ഞാൻ പറഞ്ഞെന്നു പറ. ആ കാളവണ്ടിയും എടുത്തോളിൻ. വണ്ടിക്കാരൻ കുട്ടിക്കാദര് പടിഞ്ഞാട്ടുണ്ട്. ഓനേം കൂട്ടിക്കോളിൻ.”
അയമുവും കുട്ടികാദറും കൂടെ ഡോക്ടറെ വിളിക്കാൻ പോയി.
ഇങ്ങനെയാണ് ഹാജിയാരുടെ പലദിവസങ്ങളൂം. എന്ത് പ്രശ്നം ഉണ്ടെങ്കിലും നാട്ടുകാർ ഓടിയെത്തുന്നത് ഹാജിയാരുടെ അടുത്തേക്കാണ്. വെറുതെയല്ല അയാളെ നാട്ടുകാർ ഹാജ്യാരുപ്പ എന്ന് വിളിക്കുന്നത്.
ഹാജിയാരുടെ ബാപ്പ പണ്ടെങ്ങോ അക്കരെ ദേശത്തു നിന്നും ഈ കരയിലേക്കു വന്നവരായിരുന്നു. അന്ന് അവര്ക്ക് കൂടെ പോന്നവരും, അവരുടെ മക്കളും ആണ് മേല്പറഞ്ഞ അന്ത്രുമാനും, അയമുവും വാസുവുമെല്ലാം. ആശ്രിതന്മാരും, ജോലിക്കാരുമാണെങ്കിലും അവരുടെ സംരക്ഷണം ഹാജിയാരുടെ കടമയായിരുന്നു. ബാപ്പ മരണ സമയത്തു ഏല്പിച്ചതാണ് അത്. പല വിധ കച്ചവടവും മറ്റുമായി ഹാജിയാർ ധാരാളം സമ്പത്ത് ഉണ്ടാക്കിയിട്ടുണ്ട്. ആര് വന്നു ചോദിച്ചാലും തന്നാൽ കഴിയുന്ന സഹായം ഹാജിയാർ ചെയ്തു കൊടുക്കാൻ ശ്രമിക്കാരും ഉണ്ട്.
“ആജ്യാര്പ്പാ…. ഡാക്കിട്ടര് ബെന്നിയ്ക്ക്ണ്… ഇങ്ങള് ബരീണാ”..
ഡോക്ടറെ വിളിക്കാൻ പോയ അയ്മുന്റെ വിളിയാണ്. അവൻ ഡോക്ടറെയും കൂട്ടി വരുന്ന വഴിയാണ്. വീടിന്റെ പൂമുഖത്തിരുന്ന ഹാജിയാർ ദൂരെ വഴിയിൽ കാളവണ്ടി കണ്ടു.
“നില്ലെടാ ഞമ്മളും ബരണ്… ” ഹാജിയാർ ഉടനെ മേല്മുണ്ടും എടുത്തിട്ട് കാളവണ്ടിയുടെ അടുത്തേക്ക് നടന്നു.
“നമസ്കാരം, ഹാജിയാർ…” ഹാജിയരെ കണ്ടതും ഡോക്ടർ….
“നമസ്കാരം ഡോക്ടർ…” ഹാജിയാർ പ്രത്യഭിവാദ്യം ചെയ്തു…
ഹാജിയാരും ഡോക്ടറും പണ്ടേ സുഹൃത്തുക്കൾ ആണ്. ഇത് പോലെ അത്യാവശ്യ സാഹചര്യങ്ങളിൽ ഡോക്ടർ വിളിച്ചാൽ വിളിപ്പുറത്താണ്.
10 – 15 മിനിറ്റു കഴിഞ്ഞപ്പോഴേക്കും അവർ അന്തുമ്മാൻ ൻറെ വീടിനടുത്തെത്തി. കാളവണ്ടി അവന്റെ വീട് വരെ പോകില്ല. കുറച്ചു ദൂരം നടന്ന് അവർ അന്തുമ്മാന്റെ വീട്ടിലെത്തി.
അവരേം നോക്കി കുഞ്ഞുമൊമ്മദ് കോലായിൽ തന്നെ ഇരിപ്പുണ്ട്. അവരെ കണ്ടപ്പോഴേക്കും അവൻ എഴുന്നേറ്റു വന്നു. അവർ അന്തുമാൻ കിടക്കുന്ന മുറിയിലേക്ക് പോയി.
ഹാജിയാരെ കണ്ടപോഴേക്കും അന്തുമാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഹാജിയാർ വേണ്ടാന്ന് ആംഗ്യം കാട്ടി. അവൻ നന്ദി സൂചകമായി ഒരു നോട്ടം അവൻ ഹാജിയാരെ നോക്കി. അവനു സംസാരിക്കാൻ പോലും വയ്യ എന്ന് തോന്നുന്നു.
ഡോക്ടർ അന്തുമ്മാന്റെ അടുത്തിരുന്നു, പനി നോക്കി. കൈ പിടിച്ചു നോക്കി, കണ്ണും വായും തുറന്നു പരിശോധിച്ചു.
പെട്ടി തുറന്നു എന്തൊക്കെയോ മരുന്നുകൾ എടുത്തു. കുപ്പിയിലുണ്ടായിരുന്ന ഒരു മരുന്ന് അന്തുമാനു കുടിക്കാൻ കൊടുത്തു. രണ്ടു മൂന്നു തരാം ഗുളികയും പൊതിഞ്ഞു കൊടുത്തു. കഴിക്കാനുള്ള വിധം കുഞ്ഞുമൊമ്മദിനോട് പറഞ്ഞും കൊടുത്തു.
ഭക്ഷണം ഒന്നും കഴിക്കാത്തത് കൊണ്ടാവും അന്തുമാൻ വല്ലാതെ ക്ഷീണിച്ചിരുന്നു.
“കഞ്ഞിവെള്ളം ഉണ്ടെങ്കിൽ ചൂടോടെ ഇടയ്ക്കു കൊടുത്തോളൂ. കുറേശ്ശെയായി ഇടയ്ക്കിടെ കുടിപ്പിക്കണം.”
എന്നും പറഞ്ഞു കൊണ്ട് ഡോക്ടർ പോകാനായി എഴുന്നേറ്റു.
ഡോക്റുടെ കൂടെ ഹാജിയാരും എഴുന്നേറ്റു. അവർ രണ്ടു പേരും കാളവണ്ടി കിടക്കുന്ന സ്ഥലത്തേക്ക് പതുക്കെ നടന്നു. കൂടെ അയമുവും കുട്ടികാദറും അവർക്കു കുറച്ചു പിന്നിലായി നടന്നു.
“ഡാക്കിട്ടരെ… എന്തേനു ഓന്റെ സൂക്കേട്”
പോകുന്ന വഴി ഹാജിയാർ ഡോക്ടറോട് അന്തുമാന്റെ രോഗവിവരം തിരക്കി.
“ഇപ്പോഴത്തെ ആ പനി തന്നെയാ ഹാജിയാരെ…”
“എന്ത്.. ഞമ്മടെ സൈദുനു വന്ന പനി തന്നെ?”
“ആ അത് തന്നെ, പക്ഷെ അന്തുമാൻ അത്ര മൂർച്ഛിച്ചിട്ടില്ല. മരുന്ന് കൊടുത്തിട്ടുണ്ട്. പിന്നെ നമുക്ക് പ്രാർത്ഥിക്കാം”. ഡോക്ടർ ഹാജ്യാരെ ആശ്വസിപ്പിച്ചു.
അപ്പോഴേക്കും അവർ കാളവണ്ടി കിടക്കുന്ന സ്ഥലത്തെത്തി.
“അയ്മൂ.. ജ്ജ് ഡാക്കിട്ടറെ ബീട്ടിൽ കൊണ്ടാക്കീട്ട് ബരീൻ. ഞമ്മള് അന്തുമ്മാന്റെ പോരിൽ കാണും.” ഹാജിയാർ അയ്മൂനോട് പറഞ്ഞു.
ഡോക്ടറെ യാത്രയാക്കി ഹാജിയാർ തിരികെ അന്തുമ്മാന്റെ വീട്ടിലേക്കു നടന്നു. പോകുന്ന വഴി ഹാജിയാർ സൈദുനെ കുറിച്ച് ഓർക്കുകയായിരുന്നു. സൈദുവും അന്തുമ്മാനും ആയിരുന്നു ഹാജിയാരുടെ രണ്ട് വിശ്വസ്തരായ പണിക്കാർ. സൈദുനു ചെറിയ ഒരു പനിയായി ആണ് തുടക്കം. അത് കാര്യമാക്കാതെ അവൻ പണിക്കും മറ്റും വന്നിരുന്നു. പിന്നെ ഒരുദിവസം പനി നന്നായി മൂർച്ഛിച്ചു. അപ്പോഴും ഡോക്ടറെ വിളിച്ചു മരുന്നും മറ്റും കൊടുത്തിരുന്നെങ്കിലും അവന്റെ രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അവൻ മരിച്ചത്. ജുമാ നമസ്കാരം കഴിഞ്ഞു അവന്റെ മയ്യത്തും കൊണ്ട് 20 – 25 ഫർലോങ് നടന്നാണ് അടുത്ത ദേശത്തെ ഖബറിസ്ഥാനിലേക്ക് കൊണ്ട് പോയത്. ആ ദേശത്തെ അംഗമല്ലാത്തതിനാൽ കുഴിക്കാണം കെട്ടിവെച്ചാലേ ഖബറടക്കാൻ പറ്റുകയുള്ളു. ഖബറക്കം എല്ലാം കഴിഞ്ഞു തിരികെ വീട്ടിലെത്തിയപ്പോഴേക്കും രാത്രിയായി. തിരിച്ചു വരുന്നത് ഹിന്ദുസമൂഹത്തിന്റെ ശ്മാശാനവും കടന്നു വേണം. അവിടെയും 1 – 2 ചിതകൾ എരിയുന്നുണ്ട്. അവിടെയും കണ്ടു നാട്ടുകാരായ സുഹൃത്തുക്കളെ. എല്ലാം കൂടെ ഒരു വല്ലാത്ത അവസ്ഥയായിരുന്നു അന്ന് ഹാജിയാരും കൂടെയുള്ളവരും.
അങ്ങോട്ടും ഇങ്ങോട്ടുമുള്ള നടപ്പും വിഷമവും മൂലം എല്ലാരും വല്ലാതെ ക്ഷീണിച്ചിരുന്നു. ഇശായും കഴിഞ്ഞു യാസീനും ഓതി, ഹാജിയാരുടെ വീട്ടിൽ നിന്നും കഞ്ഞിയും കുടിച്ചാണ് അന്ന് എല്ലാരും പിരിഞ്ഞത്. അന്ന് ഖബർ വെട്ടാനും മയ്യത്തുകട്ടിൽ ചുമക്കാനും കുഴിക്കാണം കെട്ടിവെക്കാനും മുൻപന്തിയിൽ ഉണ്ടായിരുന്നയാളാണ് അന്തുമ്മാൻ.
“റബ്ബേ… ഇതെന്തൊരു പരീക്ഷണമാണ്. എത്ര പേരാണ് 2 – 3 മാസം കൊണ്ട് മരണപ്പെടുന്നു. ഇതിനൊരു അവസാനം ഇല്ലേ?”
എന്നെല്ലാം ചിന്തിച്ചു നടന്നു ഹാജിയാർ അന്തുമ്മാന്റെ വീട്ടിലെത്തി. കോലായിലെ ബെഞ്ചിൽ ഇരുന്നു ഹാജിയാർ മേൽമുണ്ട് എടുത്തു വീശി.
ഹാജിയാരെ കണ്ടപ്പോഴേക്കും കുഞ്ഞുമൊമ്മദ് അടുത്തേക്ക് വന്നു.
“ബാപ്പക്ക് ചൂട് ബെള്ളം കൊടുത്താ”?
അവനെ ചേർത്തു നിർത്തി ഹാജിയാർ ചോദിച്ചു.
“കൊടുത്തു, ഹാജ്യാരുപ്പാ… ഇപ്പോൾ നല്ല ഉറക്കമായി…”
“സാരല്യ… ഓന്റെ സൂക്കേട് ബെക്കനെ മാറും… ജ്ജ് ബേജാറാവണ്ട. മരുന്ന് സമയാസമയം കൊടുത്തു, പടച്ചോനോട് ദുഅഃ ചെയ്യിൻ”
ഹാജിയാർ വീണ്ടും എന്തൊക്കെയോ ആലോചിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടറെ കൊണ്ടുപോയി വിട്ടിട്ട് അയമു തിരിച്ചെത്തി.
“ഹാജ്യാരുപ്പാ… നാട്ടിൽ പനി കൂടുന്നുണ്ട് . നമ്മുടെ കിണ്ണന്റെ അമ്മയും മരിച്ചു. മയ്യത് ഉടനെ എടുക്കും. ഇങ്ങക്ക് അവിടെ പോണ്ടേ?…”
കൃഷ്ണൻ ഹാജിയാരുടെ മറ്റൊരു സുഹൃത്താണ്. അവന്റെ വീട്ടിലും ഒന്ന് പോകേണ്ടതാണ്.
“ജ്ജ് ബാ… ഞമ്മക്ക് അവ്ടെ പോയേച്ചും വരാം”
കൃഷ്ണന്റെ അമ്മയുടെ സംസ്കാരവും കഴിഞ്ഞാണ് ഹാജിയാർ വീട്ടിലേക്കു പോയത്. വീട്ടിലെത്തിയത് ഉടനെ വുളു എടുത്തു ഇശാ നമസ്കരിച്ച ശേഷം വേഗം കിടന്നു. തളർച്ച കാരണം പെട്ടെന്നുറങ്ങിപ്പോയി.
പിറ്റേന്ന് സുബ്ഹി ബാങ്ക് കേട്ടാണ് ഉണർന്നത്. ഉണർന്നെങ്കിലും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല. അപ്പോഴാണ് ആരോ വിളിക്കുന്നത് കേട്ടത്.
“ആജ്യാരുപ്പാ…”
നോക്കിയപ്പോൾ അന്തുമ്മാന്റെ മോൻ കുഞ്ഞുമൊമ്മദാണ്. റബ്ബേ എന്താ ഇവൻ ഈ നേരത്തു?
“എന്ത് പറ്റി, കുഞ്ഞാ… ബാപ്പക്ക് സുഖമുണ്ടോ?”
അത് കേട്ട് കുഞ്ഞുമൊമ്മദ്,
“ബാപ്പക്ക് ഇപ്പോൾ സൂക്കേടൊന്നുമില്ലല്ലോ ആജ്യാരുപ്പാ… കഴിഞ്ഞ കൊല്ലം അല്ലെ സൂക്കേട് വന്നത്…”
“ഇന്നലെ വെള്ളരിപ്പാടത്തെ വിളവെടുപ്പ്… ബാപ്പ അങ്ങോട്ട് പോയിക്കിന്. എന്നെ അത് പറയാൻ വിട്ടതാ…”
ഹാജിയാരുടെ ദുഃസ്വപ്നനങ്ങളിൽ ഇപ്പോഴും ആ പനിക്കാലവും അന്നത്തെ ദുരിതങ്ങളും വേര്പാടുകളും ആയിരുന്നു.
കുഞ്ഞുമൊമ്മദിന്റെ വാക്കുകൾ കേട്ട് ഹാജിയാർ ആശ്വാസത്തോടെ, പ്രതീക്ഷയോടെ വുളു എടുക്കാൻ പോയി. സുബഹി നമസ്‍കാരശേഷം വെള്ളരിപ്പാടത്തെ വിളവെടുപ്പിന് പോകാൻ…