മനസ്സിൽ കുഴിച്ചു മൂടിയ ബന്ധങ്ങളുടെയും, മനുഷ്യരുടെയും, ഓർമ്മകളുടെയുമൊക്കെ കല്ലറകൾ മാന്തിപ്പൊളിക്കലാണെനിക്ക്തനിച്ചുള്ള യാത്രകൾ.എന്നെന്നും സ്വന്തമെന്നു വിശ്വസിച്ച മനുഷ്യരുടെയൊപ്പം പലകുറി ട്രെയിൻ യാത്ര നടത്തിയിട്ടുള്ളതു കൊണ്ടാവാം ട്രെയിൻ എനിക്ക്കല്ലറകൾ കൊണ്ട് തിങ്ങി നിറഞ്ഞ ശ്മശാനഭൂമിയാണ്.ആവശ്യമെങ്കിൽ, ആ ശ്മാശനത്തിലൂടെയും യാത്ര ചെയ്യേണ്ടി വരും.അങ്ങനെയൊരു യാത്രയിലാണ്ഞാനിപ്പോൾ.  

ഡേവിഡിനോട് യാത്ര പറഞ്ഞു ജനശതാബ്ദിയുടെ നാലാം നമ്പർ ബോഗിയിലേക്ക്കാലെടുത്തു വെച്ചതും ഹൃദയത്തിന്റെ വേഗം പണ്ട്കുട്ടികളെ കാണുമ്പോൾ താളം കൂട്ടി ശബ്ദിക്കുന്ന ഐസ്ക്രീം വണ്ടിയിലെ മണി പോലെ മിടിക്കാൻ തുടങ്ങി! കോഴിക്കോട്ടേക്ക്താമസം മാറിയിട്ട് ഇരുപതു വർഷങ്ങളായി, എന്നാലും എന്റെ പ്രിയപ്പെട്ട നഗരം തിരുവനന്തപുരം തന്നെയാണ്. പക്ഷെ, ജനിച്ചു വളർന്ന ആ നഗരത്തിലേക്ക് വർഷങ്ങൾക്ക് ശേഷം തനിച്ചു യാത്ര ചെയ്യുന്നൊരു വ്യക്തിയുടെ യാതൊരു വിധ ഗൃഹാതുര വികാരങ്ങളും എനിക്കിപ്പോൾ തോന്നുന്നില്ല. അതൊരു പക്ഷെ പ്രിയനഗരമെന്ന വിശേഷണത്തിൽ നിന്നും മറക്കാനാഗ്രഹിക്കുന്ന പ്രിയനഗരം എന്നതിലേക്കത് മാറിയതു കൊണ്ടാവാം. നിറം മങ്ങിയ ചായക്കൂട്ടുകളാൽ തീർത്തൊരു ചിത്രം പോലെയാ നഗരം മനസ്സിലെവിടെയോ പൊടി പിടിച്ചു കിടക്കുന്നുണ്ട്.ചിലപ്പോഴൊക്കെ ജീവിതത്തിൽ നെഞ്ചോടു ചേർത്ത് വെച്ച പലതിനെയും ഫ്രെയിം ചെയ്ത് മനസിന്റെ വെളിച്ചമെത്താത്ത കോണിലുള്ള ഭിത്തിയിൽ ആണിയടിച്ചു തൂക്കിയിടേണ്ടി വരും, ആവശ്യമെങ്കിൽ നമുക്ക് മാത്രം കാണാനായി.

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള ഈ യാത്ര ഡേവിഡുമൊത്തു കാറിലായിരുന്നു പോകാനിരുന്നത്.പക്ഷെ അവസാന നിമിഷം അത്രയും ദൂരം ഡ്രൈവ് ചെയ്യാൻ പറ്റാത്ത വിധം ഡേവിഡിന് നടുവിന്പണി കിട്ടി. പിന്നെ ഡേവിഡ്തന്നെ തത്കാലിൽ ഇങ്ങനൊരു അവസരം ഉണ്ടാക്കി തന്നു. കയറിയിരുന്നൊരു ഉറക്കം പാസാക്കാമെന്നു കരുതിയ എനിക്ക്ഡേവിഡ് ബുക്ക് ചെയ്തത് വിൻഡോ സീറ്റും. ഉറങ്ങാൻ ഇതിലും നല്ല സീറ്റ് വേറെയുണ്ടാവില്ല പലർക്കും, പക്ഷെ എനിക്കതങ്ങനെയല്ല.പണ്ട് വിൻഡോ സീറ്റിനു വേണ്ടി ഞാനും ചേട്ടനും അടികൂടിയിരുന്നതു മുതൽ തുടങ്ങുവാണു ഓർമകളുടെ കല്ലറ പൊളിക്കൽ. അന്ന് ഞങ്ങളുടെ അടി അവസാനിപ്പിക്കാനും, ട്രെയിനിലുള്ള മറ്റു യാത്രക്കാരുടെ സമാധാനം പുനഃസ്ഥാപിക്കാനും വേണ്ടി അച്ഛൻ ഞങ്ങളെ രണ്ടു പേരെയും മാറി മാറി ഡോറിന്റെ അടുത്ത് കൊണ്ട് പോയി കാഴ്ചകൾ കാണിക്കുമായിരുന്നു. പാലത്തിനു മീതെ പോകുമ്പോ വല്ലാത്തൊരു തണുത്ത കാറ്റ് വീശും, അപ്പൊ അച്ഛന്റെ കുടവയർ കെട്ടിപ്പിടിച്ചു നിൽക്കാൻ ഒരു പ്രത്യേക സുഖമായിരുന്നു.

സീറ്റിലിരുന്നു ഗ്ലാസ് വിൻഡോ നീക്കി വെച്ചു പുറത്തേക്ക് നോക്കി. ഓട് പാകിയ ക്ലോക്ക് റൂമിനു മുകളിലൂടെ അരിച്ചിറങ്ങിയ മഞ്ഞ വെളിച്ചം പാളത്തിൽ വീണു പ്രതിഫലിച്ചു. അച്ഛന്റെ പ്രിയപ്പെട്ട നിറമായിരുന്നു മഞ്ഞ. ഒരു പ്രായം വരെയുള്ള എന്റെ എല്ലാ ഉടുപ്പുകൾക്കും മഞ്ഞനിറമായിരുന്നു. വണ്ടി മുന്നോട്ട് നീങ്ങിത്തുടങ്ങിയതും അന്നത്തെ അതേ തണുത്ത കാറ്റ്!!

സ്വന്തമെന്നു കരുതിയതും, ഒരിക്കലും നഷ്ടപ്പെടില്ല, അല്ലെങ്കിൽ നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് കരുതിയതുമായ പലതും അങ്ങനല്ലാതായതിന്റെ തിരിച്ചറിവിൽ നിന്നും ജീവിതം രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടെന്ന് വിശ്വസിക്കാനാവുന്നില്ല. വാത്സല്യം, വിവേചനരഹിതമായ സ്നേഹം, കരുതൽ ഇതൊക്കെയായിരുന്നു എനിക്ക് അച്ഛനും, അമ്മയും, ചേട്ടനും. ശരിക്കും നമ്മൾ നമ്മളെത്തന്നെ തിരിച്ചറിയുന്നതിനു മുന്നേ ഉണ്ടായ ബന്ധങ്ങളല്ലേ അതെല്ലാം!! പിന്നീട്പരിചയപ്പെട്ട എല്ലാവരിലും ഞാൻ തേടിയിരുന്നത് ആ ബന്ധങ്ങളെ തന്നെയായിരുന്നു.ആ തേടലിനു പൂർണ്ണത കൈവരിച്ചത് ഡേവിഡിനെ കണ്ടുമുട്ടിയപ്പോഴായിരുന്നു.ഒരു സുഹൃത്തെന്നതിനേക്കാളുപരി അച്ഛനെയും അമ്മയെയും ചേട്ടനെയുമെല്ലാം ഞാനവനിൽ കണ്ടു. എനിക്ക് വേണ്ടപ്പെട്ടതെല്ലാം ഒരുമിച്ചൊരാളിൽ കാണാൻ കഴിഞ്ഞപ്പോൾ അയാളുടെ ജാതിയോ മതമോ സാമ്പത്തിക അടിത്തറയോ മുഖവിലക്കെടുക്കണമെന്നു തോന്നിയില്ല. രണ്ടു വ്യക്തികൾ ഒന്നിക്കേണ്ടത് സ്നേഹത്തിന്റെ പേരിലാണെന്നതിനേക്കാളുപരി ജാതിയുടെയും മതത്തിന്റെയും കുടുംബ പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തിലാണെന്നു വിശ്വസിച്ചിരുന്നവർക്ക് എന്നെയും ഡേവിഡിനെയും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അച്ഛനും അമ്മയും ചേട്ടനുമൊന്നുമില്ലാത്തൊരു ജീവിതത്തിലേക്ക് കടക്കേണ്ട സാഹചര്യം എന്റെ ജീവിതത്തിലും ഒഴിച്ചുകൂടാനാവാത്തതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശം എനിക്കുണ്ടെന്നു ഞാൻ കരുതിയതായിരുന്നു അവരുടെ കണ്ണിൽ ഞാൻ ചെയ്ത തെറ്റ്.ചില മാതാപിതാക്കൾക്ക് സ്വന്തം താല്പര്യങ്ങളും വിശ്വാസങ്ങളും മക്കളിൽ, പ്രത്യേകിച്ച് പെൺമക്കളിൽ അടിച്ചേൽപ്പിക്കാൻ കഴിയാതെ വരുമ്പോൾ മക്കൾ നന്ദികെട്ടവരായി മാറും. പിന്നെ ജനിപ്പിച്ചതും പഠിപ്പിച്ചതുമെല്ലാം അച്ഛനമ്മമാരുടെ ഔദാര്യം മാത്രമാവും.  

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്, മാനസികമായി ഒത്തുപോകാൻ കഴിയാതെ നിയമപരമായി വേർപിരിഞ്ഞ ഭാര്യയോടും ഭർത്താവിനോടും അത്തരം ബന്ധങ്ങൾ വീണ്ടും തുടരാൻ ആരും പറയാറുമില്ല നിർബന്ധിക്കാറുമില്ല.പക്ഷെ, ഇതേ അവസ്ഥ മാതാപിതാക്കൾക്കും മക്കൾക്കുമിടയിൽ വന്നാൽ അതിന്റെ കാരണം പോലും അന്വേഷിക്കാതെ ബന്ധം തുടരാൻ പറയാറുണ്ട് പലരും. ടോക്സിസിറ്റി വിവാഹബന്ധത്തിൽ മാത്രമല്ല എല്ലാ ബന്ധങ്ങളിലുമുണ്ട്. പക്ഷെ അമ്മ, അച്ഛൻ, മക്കൾ, സഹോദരങ്ങൾ ഈ വക കുടുംബ ബന്ധങ്ങളിലുള്ള ടോക്സിസിറ്റിയെ നമ്മുടെ സമൂഹം കാലു കൊണ്ട് തട്ടി “വിട്ടു കള” എന്ന കാർപെറ്റിനടിയിലേക്ക് മറച്ചിടും. മക്കളായിപ്പോയില്ലേ, എന്നൊരൊറ്റ കാരണത്തിന്റെ പേരിൽ പലതും സഹിച്ചു നിൽക്കുന്ന അച്ഛനമ്മമാരുണ്ട്, അതേ പോലെ തിരിച്ചും. കുടുംബ ബന്ധങ്ങൾക്ക് സമൂഹം കൽപ്പിച്ചു നൽകിയിട്ടുള്ള ചില ചട്ടക്കൂടുകൾക്കുമപ്പുറം എല്ലാവരും ഓരോരോ വ്യക്തികളാണ്. അമ്മയായതിന്റെ പേരിൽ ആ വ്യക്തിക്ക് ദേഷ്യവും വൈരാഗ്യവും പാടില്ല എന്നില്ല, മക്കളായതു കൊണ്ട് മാത്രം അനുസരണ വേണമെന്നുമില്ല. മനസ്സിൽ കൊള്ളിവെച്ച ചിന്തകളും, മനുഷ്യരും പുനർജനിച്ചു ജനാലയിലൂടെ ശരവേഗത്തിൽ പായാൻ തുടങ്ങി…

“കാപ്പി കാപ്പി കാപ്പി….”

ട്രെയിനിലെ കാപ്പി വിളി കേക്കുമ്പോ രേണു ചേച്ചിയുടെ മക്കളെയാണ് ഓർമ്മ വരുന്നത്. വേനലവധിയായാൽ അമ്മയ്ക്കും അച്ഛനും ഓഫീസ് ഉള്ളത് കൊണ്ട് പകൽ മുഴുവൻ ഞങ്ങൾ രേണു ചേച്ചിയുടെ വീട്ടിലായിരിക്കും. ഞങ്ങളുടെ സ്ഥിരം കളിയായിരുന്നു ട്രെയിനിലെ കാപ്പി വിൽപ്പന. ഞാനും ചേട്ടനും ചിന്നുവും ചിന്തുവും ചേർന്നാൽ ആകെയൊരു മേളമാണ്. രേണു ചേച്ചീടെ വറുത്തരച്ച മീൻകറി എനിക്ക് വലിയ ഇഷ്ടമായിരുന്നു. അവരുടെ ടെറസിൽ നിന്നാൽ ഞാറപ്പഴം കുലുക്കിയിടാം. ചിന്നു ഇപ്പൊ ഷൊർണൂർ ആണെന്നു ഫേസ്ബുക്കിൽ എപ്പോഴോ കണ്ടതോർക്കുന്നു. ഭൂമിയിലെ കാഴ്ചകളെല്ലാം പിറകിലേക്ക് പോകുമ്പോഴും ആകാശത്തിലെ മേഘങ്ങൾ കൂടെ വരുന്നത് നോക്കിയിരിക്കാൻ നല്ല സുഖം!

വണ്ടി ഷൊർണ്ണൂരെത്തി, ഒരു കാപ്പി കുടിക്കാൻ തീരുമാനിച്ചു കാപ്പി ചേട്ടനു കാശു കൊടുക്കുമ്പോഴതാ ഷൊർണൂർ സ്റ്റേഷനിൽ നിന്നുമൊരാൾ എന്റെയതേ ബോഗിയിലേക്ക് കയറി വരുന്നു. ഈശ്വരാ, രേണു ചേച്ചീ!!!ഓർമ്മയിലുള്ള രേണുചേച്ചിയുടെ രൂപത്തെ എന്റെ കാഴ്ച്ചയിൽ നിന്നും മറയ്ക്കാൻ ഇക്കഴിഞ്ഞ വർഷങ്ങൾക്ക് കഴിയാതെ പോയതോർത്ത് ഞാനമ്പരന്നു!! എന്റെ സീറ്റിനടുത്തേക്കാവരുതേ രേണു ചേച്ചിയുടെ വരവെന്ന് പ്രാർത്ഥിച്ചു തിരിഞ്ഞിരുന്നതും ടി ടി ആർ വന്നു “ഡി 11- ഗൗരി ലക്ഷ്മി” എന്ന് വിളിച്ചതും ഒരുമിച്ചായിരുന്നു.  

“മോളേ ഗൗരീ…. നീയായിരുന്നാ… എത്ര നാളായി കണ്ടിട്ട്. നിനക്കൊരു മാറ്റവുമില്ലലോ… ഫെയ്‌സ്‌ബുക്കിൽ ഫോട്ടോസൊക്കെ ചിന്നു എനിക്ക് കാണിച്ചു തരാറുണ്ടായിരുന്നു, ചിന്നൂനെ ഓർമയില്ലേ എന്റെ ഇളയമോൾ. അവളിവിടെ ഷൊർണൂരാണ് താമസം. ചിന്തു അമേരിക്കയിൽ നിന്ന് മെനഞ്ഞാന്നു തൃശൂർ അവന്റെ ഭാര്യവീട്ടിലെത്തി. എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ട് ചിന്നു എന്നെ വണ്ടി കേറ്റി വിട്ടതാ. തൃശൂർ സ്റ്റേഷനിൽ ചിന്തു വരും വിളിക്കാൻ, മോൾക്ക് സുഖമാണോ? എങ്ങോട്ടാ യാത്ര? തനിച്ചേയുള്ളു?”

ഭാഗ്യം തൃശൂർ വരെ സഹിച്ചാ മതി!!ഒരുപാട് സുഖമുള്ള ഓർമ്മകൾ തന്നവരാണെങ്കിലും നാടുമായി ബന്ധിപ്പിക്കുന്ന ഒന്നിനെയും ഒരിക്കൽ കൂടെ നേരിൽ കാണാനുള്ള മനോധൈര്യം എനിക്ക് ഇനിയും കൈവന്നിട്ടില്ല.

“എനിക്ക് സുഖം ചേച്ചി, ഞാൻ തിരുവനന്തപുരത്തേക്കാ, തനിച്ചേയുള്ളു”

പണ്ട് പലപ്പോഴും ആൾക്കാരുടെ ചോദ്യത്തിന് ഉത്തരത്തോടൊപ്പം ചുരുങ്ങിയത് ഇരുപത് വാക്കിൽ കവിയാതെ ഒരു വിശദീകരണം കൂടെ കൊടുക്കുമായിരുന്നു ഞാൻ. ഇപ്പൊ വിശദീകരണത്തിനുള്ള സ്പേസ് ചോദ്യകർത്താവിനു തന്നെ വിട്ടു കൊടുത്ത്‌ ഉത്തരം മാത്രം പറയാൻ ശീലിച്ചു.

“അല്ല മോളെ, തിരുവനന്തപുരത്തേക്കെന്നു പറയുമ്പോൾ…. അമ്മേം അച്ഛനും നാട്ടിലുണ്ടോ? അവരു ഗൗതമിന്റെ കൂടെ ലണ്ടനിലെന്തോ അല്ലെ?”

“അറിയില്ല ചേച്ചീ, ഞാൻ എന്റെ ഓഫിസ് സംബന്ധിച്ചൊരു കാര്യത്തിനാണ് പോകുന്നത്”

“ആ അല്ലേലും നിന്നെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം!! അമ്മാതിരി വേർതിരിവല്ലേ അവര് നിന്നോട് കാണിച്ചത്. നീയൊരു ക്രിസ്ത്യാനിയെ പ്രേമിച്ചത് ഇത്ര വലിയ തെറ്റാണോ ? നിന്റെ കാര്യത്തിൽ അന്ന് അത്രയും ബഹളമുണ്ടാക്കിയവര് ഗൗതമിന്റെ കാര്യം വന്നപ്പോ ഒരക്ഷരം മിണ്ടാതെ ആ നസ്രാണി പെങ്കൊച്ചിനെ കെട്ടിച്ചു കൊടുത്തില്ലേ !!? അവനിപ്പോ ഗൗതം അല്ല മോളേ ഗീവർഗീസാണ്!! “

“ആഹാ എന്റെ ചേട്ടന് ഇടാൻ പറ്റിയ പേര്. ആൾക്കാർക്ക് എല്ലാ കാലവും ബോധമില്ലാതെയിരിക്കല്ലലോ ചേച്ചീ. എന്റെ കാര്യത്തിലില്ലാതിരുന്ന തിരിച്ചറിവും ബോധവുമൊക്കെ ചേട്ടന്റെ കാര്യം വന്നപ്പോ ഉണ്ടായിക്കാണും”

“ഒന്നുമല്ല മോളെ, ആ പെണ്ണിന് പൂത്ത കാശായിരുന്നു. പോരാത്തതിന് ലണ്ടനിൽ നഴ്സും. ഇവനെയും കൊണ്ട് പോകുമല്ലോ. കണ്ണ് മഞ്ഞളിക്കാൻ വേറെന്തെങ്കിലും വേണോ? അല്ലാ, മോളിപ്പോഴും ഗൗരി തന്നെയല്ലേ, അതോ മോളും മാറി വല്ല മറിയാമ്മയുമായോ?”

“ഞാനിപ്പോഴും ഗൗരി തന്നെയാണ് ചേച്ചി, എന്റെ ഭർത്താവു ഡേവിഡും”

“അപ്പൊ അവർക്ക് പള്ളിയിൽ ഒന്നുമില്ലാരുന്നോ?”

“പള്ളിയിൽ പ്രശ്‍നം ഉണ്ടായിരുന്നോ എന്നത് ഞങ്ങളെ ബാധിച്ചിരുന്നില്ല. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നിയമപരമായി ഞങ്ങൾ വിവാഹം കഴിച്ചു, അത്ര തന്നെ. എന്റെ വിശ്വാസങ്ങൾ എനിക്കും ഡേവിഡിന്റേതു ഡേവിഡിനും. ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്കതൊന്നുമൊരു തടസ്സമേയല്ലായിരുന്നു”

“എന്നാലും അവന്റെ അച്ഛനും അമ്മക്കുമൊന്നും കൊഴപ്പമില്ലാരുന്നോ?”

“എല്ലാ മതങ്ങളും സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത്, ജനനവും മരണവും വിവാഹവുമൊക്കെ രേഖപ്പെടുത്താൻ സർക്കാർ വക സംവിധാനങ്ങളുള്ളപ്പോ സ്നേഹിക്കുന്നവരെ ഒന്നിപ്പിക്കാൻ അവരുടെ വിശ്വാസങ്ങൾ തിരുത്താൻ പറയുന്ന മതസ്ഥാപനങ്ങളുടെ കയ്യൊപ്പിന്റെ ആവശ്യം നമുക്കില്ലെന്നു ഡേവിഡും ഡേവിഡിന്റെ അച്ഛനും പറഞ്ഞു”

“ആണല്ലേ, അത് നന്നായി. എനിക്കിപ്പോഴും ഓർമ്മയുണ്ട് നിന്റെ കാര്യം വന്നപ്പോ എന്തൊക്കെ മുട്ടാപ്പോക്കു ന്യായങ്ങളാണ് അവര് തട്ടി വിട്ടത്!! ഇവർക്ക് മോഡി പറയാൻ വേണ്ടിട്ടുള്ളതൊന്നും അന്ന് നിന്റെ ചെറുക്കനും അവന്റെ വീട്ടുകാർക്കും ഇല്ലാതെ പോയി. അതിനു ന്യായം പറഞ്ഞതോ അവന്റെ വീട്ടിലേക്ക് ദൂരം കൂടുതൽ, വീട്ടിൽ വണ്ടി കയറുന്ന വഴിയില്ല, അവന്റെ വീട്ടുകാർക്ക് സർക്കാരുദ്യോഗമില്ല… എന്നിട്ടിപ്പോ എന്തായി? മോൾടെ ഭർത്താവിന് എന്തോ അവാർഡൊക്കെ കിട്ടിയെന്നു ന്യൂസിൽ വന്നായിരുന്നല്ലോ, അപ്പൊ നാട്ടുകാരൊക്കെ ചോദിച്ചു തുടങ്ങി നിന്റെ അച്ചനോടും അമ്മയോടും, പിണക്കം ഒന്നും മാറ്റാറായില്ലേന്ന്. അവര് വിചാരിച്ചതിനേക്കാൾ നല്ല നിലയിൽ നിങ്ങൾ ജീവിക്കുന്നെന്നു അറിഞ്ഞപ്പോൾ അവര് പറയാൻ തുടങ്ങി അവൾക്ക് പൈസയും പ്രതാപവുമൊക്കെ ആയപ്പോ അച്ഛനെയും അമ്മയെയും കൂടപ്പിറപ്പിനെയുമൊന്നും വേണ്ടാതായെന്നു. പറയുമ്പോ എന്താ, ഉന്നത വിദ്യാഭ്യാസവും സർക്കാർ ജോലിയുമൊക്കെയുള്ള അമ്മയും അച്ഛനും, പക്ഷെ സാമാന്യബോധം അടുത്തൂടെ പോയിട്ടില്ല മോളെ.”

“ആഹ്…ഉടുതുണിക്ക് മറുതുണിയില്ലാതെ പട്ടിണികിടന്നു നരകിക്കുമെന്നു വിധിയെഴുതിയവർ തന്നെ എനിക്ക് പൈസയും പ്രതാപവും ആയെന്നു സമ്മതിച്ചത് അത്ഭുതം തന്നെ!!”

“ആഹ് മോളേ, എന്നിട്ട് നിന്റമ്മ നിന്റെ ചേട്ടന്റെ കാര്യം വന്നപ്പോ പറഞ്ഞത് കേക്കണോ??? നിന്റെ അച്ഛന്റെയൊരു കൂട്ടുകാരൻ വഴി വന്ന ആലോചനയായിരുന്നു, പെങ്കൊച്ചിനെ കണ്ടതും അവനു ഇഷ്ടപ്പെട്ടു, കല്യാണമേ വേണ്ടാന്ന് പറഞ്ഞു നടന്ന ചെറുക്കനാ, അവനും വേണ്ടേ ഒരു ജീവിതം, അവനു ഇഷ്ടപെട്ടെന്ന് പറഞ്ഞതും അവര് പിന്നെ ജാതിയും മതവും ഒന്നും നോക്കിയില്ലാന്നു.. എങ്ങനിരിക്കുന്നു??”

“ആഹ്, കൊറേയൊക്കെ ഞാനറിഞ്ഞിരുന്നു ചേച്ചീ…”

“എന്റെ പൊന്നു മോളെ, നട്ടാൽ കുരുക്കാത്ത നുണയാണെന്ന് കേക്കണോർക്കെല്ലാം അറിയാം, കാര്യം ഈ പെണ്ണിനേയും ചെറുക്കനെയും പല തവണ പല സ്ഥലത്തു വെച്ചു എന്റെ മോൻ ചിന്തു തന്നെ കണ്ടിട്ടുണ്ട്. എന്നാലും എല്ലാരോടും ഇത് തന്നെ പറഞ്ഞോണ്ട് നടക്കുവാ അവര്. ചെക്കൻ മതം മാറാമെന്നു സമ്മതിച്ചിട്ടാണ് പെണ്ണിന്റെ വീട്ടുകാര് കല്യാണം നടത്താൻ സമ്മതിച്ചതെന്നാണ് പെണ്ണിന്റെ കൂട്ടുകാരി ഒരുത്തി ചിന്നൂന്റെ ഫ്രണ്ട് ഉണ്ടായിരുന്നു, ആ കൊച്ചു പറഞ്ഞത്. അത് കൊണ്ടല്ലേ കല്യാണത്തിന് അവര് നമ്മടെ നാട്ടിന്നു ഒരു കുഞ്ഞിനെ പോലും കൊണ്ട് പോവാതെ പള്ളിയിൽ കൊണ്ട് പോയി കെട്ടും നടത്തി കൊണ്ട് വന്നത്. ചോദിച്ചപ്പോ അവനു സിമ്പിൾ ആയിട്ട് മതിയെന്ന്പറഞ്ഞോണ്ടാണ് പോലും.”

കല്യാണമേ വേണ്ടാന്ന് പറഞ്ഞു നിന്ന ചേട്ടൻ പോലും! നല്ല തമാശ. എന്റെയറിവിൽ തന്നെ അങ്ങേർക്ക് മൂന്നു പ്രേമം ഉണ്ടായിരുന്നു. അതിൽ ഒരെണ്ണം  പെങ്കൊച്ചിന്റെ അച്ഛനും മരിച്ചു അവരുടെ സാമ്പത്തിക സ്ഥിതി ഇവൻ പ്രതീക്ഷിച്ച പോലെയല്ലെന്നു കണ്ടപ്പോ വീട്ടിൽ സമ്മതിക്കില്ലെന്ന് പറഞ്ഞു ഒഴിഞ്ഞ മോനാണ്. ബാക്കിയുള്ള രണ്ടെണ്ണത്തിൽ ഏതുറപ്പിക്കണമെന്ന് കൺഫ്യൂഷനിലായിരിക്കും ഒന്നും വേണ്ടാന്ന് പറഞ്ഞു നിന്നിട്ടുണ്ടാവുക. എന്തായാലും കൊള്ളാം എന്റെ ചേട്ടന് എന്നേക്കാൾ ബുദ്ധിയുണ്ടായിരുന്നതുകൊണ്ട് കാശുള്ള വീട്ടിലെ പെണ്ണിനേയും പ്രേമിച്ചു വീട്ടുകാരെയും പറ്റിച്ചു കെട്ടി, നാടും വിട്ടു.

“മോളെന്താ ആലോചിക്കുന്നത്?”

“ഏയ്ഒന്നുമില്ല ചേച്ചീ”

“മോൾടെ താമസം ഒക്കെ എവിടെയാ?എങ്ങനെയാ?”

“താമസം കോഴിക്കോട് ഡേവിഡിന്റെയും അവന്റെ അമ്മേടേം അച്ഛന്റെയും കൂടെ, അവരുടെ വീട്ടിൽ”

“ഒരു മോളല്ലേ നിങ്ങൾക്ക് ?”

“അതെ “

“അമ്മയോ അച്ഛനോ ചേട്ടനോ വിളിക്കാറുണ്ടോ?”

“അൺനോൺ നമ്പറിൽ നിന്ന് കാൾ വന്നാൽ ഞാനിപ്പോ എടുക്കാറില്ല, അത് കൊണ്ട് വിളിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല ചേച്ചി”

“വിളിക്കുവല്ല, വന്നു കണ്ടു സംസാരിച്ചു നേരെയാക്കുവല്ലേ വേണ്ടത്?? സ്വന്തം മോളല്ലേ, അവനെ പോലെ തന്നെയല്ലേ അവർക്ക് നീയും. അല്ലെങ്കിൽ അവനെങ്കിലും ഒന്നു പറഞ്ഞു ശരിയാക്കേണ്ടതല്ലേ!!”

സ്വന്തം മോള്!!! സ്നേഹത്തിലും വാത്സല്യത്തിലും മുക്കിപ്പൊരിച്ച “മോളെ” വിളികളാൽ സമ്പുഷ്ടമായിരുന്നു ഒരു കാലത്തെന്റെ ജീവിതം. അതുകൊണ്ടു തന്നെ ഇപ്പൊഴാ വിളി ഞാനേറ്റവും വെറുക്കുന്ന സംബോധനകളിലൊന്നായി മാറി. അച്ഛനെയും അമ്മയെക്കാളുമുപരി ചേട്ടനില്ലാതെയൊരു ജീവിതം എനിക്കാലോചിക്കാനേ കഴിയില്ലായിരുന്നു.എന്തൊക്കെ സംഭവിച്ചാലും എത്രയൊക്കെ പിണങ്ങിയാലും സ്വന്തം ചോരയല്ലേ, അവനെന്നെ മനസ്സിലാക്കുമെന്നു ഞാൻ കരുതി. അവന്റെ കല്യാണം കഴിയുന്നത് വരെയും ഞാൻ കാത്തിരുന്നു, പല തവണ അവനോട് സംസാരിക്കാൻ ശ്രമിച്ചു, അപ്പോഴെല്ലാം അവനു ഞാൻ അനിയത്തിയേക്കാളുപരി നസ്രാണിയെ കെട്ടിയ ഹിന്ദു പെൺകുട്ടിയായിരുന്നു. ചേട്ടന്റെ വിശ്വാസങ്ങളെ തകർത്തിറങ്ങി വന്നതിനുള്ള പ്രതികരണമെന്നു കരുതിയാശ്വസിച്ചു ഞാനിരിക്കുമ്പോൾ, അതേ വിശ്വാസങ്ങളെ കാറ്റിൽ പറത്തി, ഒരായിരം കള്ളത്തരങ്ങളുടെ നൂലിഴകളാൽ തനിക്കു വേണ്ട മന്ത്രകോടി നെയ്തെടുക്കുകയായിരുന്നു അവൻ. ആ മന്ത്രകോടിക്ക് കൂട്ടായി വിവേചനത്തിന്റെ മിന്നുമാല പണിയിക്കാൻ എന്റമ്മയും അച്ഛനും മുന്നിട്ടിറങ്ങിയെന്നു കൂടിയറിഞ്ഞപ്പോൾ, ഞാൻ മനസ്സിലാക്കി രക്തബന്ധങ്ങൾക്കുമുണ്ട് ലാഭത്തിന്റെ തുലാസുകൾ!!!

മനസ്സിൽ മരിക്കാത്ത ചില ഓർമ്മകൾ തൊലിപ്പുറത്തുണ്ടാവുന്ന മുറിവുകൾ പോലെയാണ്. കാലം കഴിയുംതോറും വേദന കുറഞ്ഞു കുറഞ്ഞു കറുത്ത പാടുകളായി കൂടെ കൂടും. എന്നാൽ മറ്റു ചിലതാവട്ടെ, ശരീരത്തെ കാർന്നു തിന്നുന്ന അർബുദം പോലെയാണ്.കരിച്ചാലും വീണ്ടും ഉരുവായി നമ്മെ കാർന്നു തിന്നുന്ന അർബുദം!!

“മോളെ ഗൗരീ, എന്താ ഒന്നും മിണ്ടാത്തേ? ചേച്ചി പറഞ്ഞത് വിഷമം ആയോ? മോള് വിഷമിക്കണ്ട അവര് നിന്നെ തേടി വരും. ഞങ്ങളെപ്പോഴും വീട്ടിൽ നിങ്ങടെ കാര്യം പറയാറുണ്ട്. പത്തിരുപത് കൊല്ലം കഴിഞ്ഞിട്ടും എല്ലാം ഇന്നലെ കഴിഞ്ഞ പോലെയുണ്ട്”

“എനിക്ക് വിഷമം ഒന്നുമില്ല ചേച്ചി!! അതിനെപ്പറ്റിയൊന്നുമിപ്പോൾ ചിന്തിക്കാറുമില്ല. ചേച്ചിക്ക് തൃശൂർ അല്ലെ ഇറങ്ങേണ്ടത് ?”

“അതെ മോളെ, എത്താറായോ?”

“ആഹ് ചേച്ചി അടുത്ത സ്റ്റോപ്പ് തൃശൂരാണ്. മോൻ കാണില്ലേ അവിടെ?”

“പറഞ്ഞു തീർന്നില്ല ദേ അവൻ വിളിക്കുന്നു, അപ്പൊ ശരി മോളെ എന്നെങ്കിലും കാണാം. ഞാൻ അങ്ങോട്ട് പോയി നിക്കട്ടെ”

“ശരി ചേച്ചി!!”

തൃശൂർ സ്റ്റേഷനിൽ വണ്ടി നിർത്തി രേണു ചേച്ചി കൈ കാണിച്ചു യാത്രയായി. കുരുക്കു വീണ ഊഞ്ഞാൽ സ്വയം തിരിഞ്ഞു നേരെയാവുന്നതു പോലെ വീണ്ടും ചിന്തകൾ ഓരോന്നായി അഴിഞ്ഞഴിഞ്ഞു വീഴാൻ തുടങ്ങി. അമ്മക്കും അച്ഛനും  ഇളയ മകൾ, ചേട്ടനു കുഞ്ഞനുജത്തി, എന്ത് വന്നാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ കാണുമെന്നൊക്കെയുള്ള വാചകങ്ങൾ ചെറുപ്പത്തിൽ ഒരുപാടു കേട്ടിട്ടുണ്ട്. പക്ഷെ അതെല്ലാം അവരുടെ ഇഷ്ടങ്ങൾക്ക് റാൻ മൂളി നിൽക്കുമ്പോൾ മാത്രം സംഭവിച്ചിരുന്നൊരു പ്രഹേളികയായിരുന്നെന്നും, ആൾക്കാരുടെ മനോഭാവം അതിപ്പോ അച്ഛനുമമ്മയുമായാലും ഏതു നിമിഷവും മാറിയേക്കാമെന്നും, നമുക്ക് നമ്മൾ മാത്രമേയുള്ളു എന്നൊക്കെയുള്ള തിരിച്ചറിവുകൾ ജീവിതത്തിൽ തന്നൊരു ധൈര്യം വളരെ വലുതാണ്. ശരിക്കും കുടുംബബന്ധങ്ങളേക്കാൾ വ്യക്തിബന്ധങ്ങളാണ് സമൂഹം വളർത്തേണ്ടത്. ഞാനും അമ്മയാണിപ്പോൾ, അമ്മയായിട്ടിപ്പോൾ പതിനെട്ടു വർഷം കഴിഞ്ഞു. ഏഴോ എട്ടോ വയസ്സ് കഴിഞ്ഞതുമുതൽ മകളേക്കാളുപരി സ്വന്തമായി ചിന്തിക്കാനും അഭിപ്രായം പറയാനും കഴിവുള്ള മറ്റൊരു വ്യക്തിയാണെനിക്കവൾ.

ഡേവിഡിന്റെ കാര്യം വീട്ടിലവതരിപ്പിച്ച ദിവസം ഇന്നും എനിക്കോർമ്മയുണ്ട്. ചേട്ടന്റെ ചുറ്റിക്കളികളൊക്കെ എനിക്കറിയാവുന്നത് കൊണ്ട് അവനുറപ്പായും കൂടെ നിക്കുമെന്നാ ഞാൻ കരുതിയിരുന്നത്. പക്ഷെ ആദ്യം വാളെടുത്തത് അവനായിരുന്നു. കണ്ട നസ്രാണികളെങ്ങാനും എന്റെ വീട്ടിൽ കയറിയാൽ ചാണകത്തിൽ മുക്കിയ ചൂല് കൊണ്ടടിക്കുമെന്നു പറഞ്ഞവനാണിപ്പോ സ്വയം നസ്രാണിയായി ജീവിക്കുന്നത്. അവൻ പറഞ്ഞതിലെ പൊളിറ്റിക്കൽ ഇൻകറക്ട്നെസ്സ് ചൂണ്ടിക്കാണിച്ചതിനു അച്ഛൻ പറഞ്ഞത് ഞാൻ വലിയ അപ്പോസ്തലയൊന്നും ആവണ്ട എന്നായിരുന്നു.

ഡേവിഡ് എപ്പോഴും പറയും നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട, അവരെപ്പറ്റിയൊന്നും ഓർക്കാനേ പോകണ്ടാന്നു. പക്ഷെ ഞാനവരെ സ്നേഹിച്ചതെല്ലാം എനിക്ക് വേണ്ടി തന്നെയായിരുന്നു. പെട്ടെന്നൊരു ദിവസം ഞാൻ സ്നേഹിച്ചവരായിരുന്നില്ല ശരിക്കുമുള്ളവർ എന്ന് മനസ്സിലായപ്പോ വല്ലാത്തൊരു മരവിപ്പായിരുന്നു. വേണമെങ്കിൽ എനിക്കായിട്ടൊരു ഒത്തു തീർപ്പിനു ശ്രമിക്കാമായിരുന്നു. എന്റെ സന്തോഷം കണക്കിലെടുത്തു ഡേവിഡും എതിർപ്പ് പറയില്ലായിരുന്നു. പക്ഷെ ചേട്ടന്റെ കല്യാണശേഷം എനിക്കൊരിക്കലും അവരെ ഞാൻ പണ്ട് സ്നേഹിച്ച മനുഷ്യരായിട്ട് കാണാൻ കഴിയില്ലായിരുന്നു.പണ്ടൊക്കെ ഞാൻ തൊട്ടതിനും പിടിച്ചതിനുമൊക്കെ കണ്ണുനീരിൽ കുളിക്കന്നതൊരു പതിവായിരുന്നു. എന്നാൽ, ഇന്നു വരെ ഞാൻ ജീവിച്ചു തീർത്ത നാളുകളിൽ പകുതിയിലേറെയും എന്നോടൊപ്പമുണ്ടെന്നു വിശ്വസിച്ച മനുഷ്യർ എന്റെ സ്നേഹത്തിനു തന്ന വില വെറും ഔദാര്യത്തിന്റെ നാണയങ്ങൾ മാത്രമായിരുന്നെന്നു തിരിച്ചറിഞ്ഞ നിമിഷം ഞാൻ കരഞ്ഞില്ല. അവരെ മനസ്സ് കൊണ്ടുപേക്ഷിച്ചപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞില്ല. പക്ഷെ ചിന്തകളുടെ മായാഗർത്തത്തിൽ പെട്ട് ഉറക്കമില്ലാതെ ഉഴറിയ രാത്രികളിലൊക്കെയും എന്റെ വ്യക്തിത്ത്വം എന്റെയുള്ളിലെ മകളോടും അനിയത്തിയോടും ചോദിക്കുന്നത്  ഞാൻ കേട്ടിട്ടുണ്ട് “എന്തിനീ കണ്ണുനീർ??ആരെയോർത്തു?? ആർക്കു വേണ്ടി ??”

ജനാലയിലൂടെ പിറകിലേക്ക് പായുന്ന കാഴ്ചകളിലേക്ക് കണ്ണ് നട്ടിരുന്നു. അമ്മയും അച്ഛനും ചേട്ടനും പഴയ ഓർമ്മകളുമെല്ലാം കുമിളകളായി പിറകിലേക്ക് പായുന്നു. എവിടെ നിന്നോ വന്നിറങ്ങുന്ന കോടമഞ്ഞു എന്റെ കാഴ്ചയെ മറച്ചു കൊണ്ടു നീങ്ങുന്നു.

പെട്ടെന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതും ഞാൻ ഞെട്ടിയെഴുന്നേറ്റു. അടുത്തിരുന്നയാളുടെ ഫോൺ ആയിരുന്നു. വണ്ടി എവിടെയെത്തിയെന്നു നോക്കാൻ തുടങ്ങിയതും സ്റ്റേഷനിലെ മഞ്ഞ ബോർഡിലെ കറുത്ത അക്ഷരങ്ങൾ എന്നെ ഞെട്ടിച്ചു പിറകിലേക്ക് നീങ്ങി “ഷൊർണൂർ!!!!!” പെട്ടെന്ന് ഫോണെടുത്തു ട്രെയിൻ സ്റ്റാറ്റസ് നോക്കി, അതെ വണ്ടി ഷൊർണൂർന്നു നീങ്ങുന്നു, അടുത്ത സ്റ്റേഷൻ തൃശൂർ!!!

അപ്പൊ രേണു ചേച്ചീ????

വർഷങ്ങളെത്ര കഴിഞ്ഞാലും തീർപ്പ്കിട്ടാതെ കിടക്കുന്ന പലതും കല്ലറകൾ പൊളിച്ചു പുറത്തു വരുന്ന പ്രേതങ്ങളെപ്പോലെ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.ആ പ്രേതങ്ങൾക്ക് രേണുചേച്ചിയെ പോലെയുള്ള രൂപങ്ങൾ നല്കാനായി മാറിവരുന്ന കാലങ്ങളും ദേശങ്ങളും കാത്തു നിൽക്കുന്നുമുണ്ടാവും. ഗൗരിയുടെ ജീവിതത്തിൽ തീർപ്പ്കിട്ടാതെ കിടന്ന പലതും സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം അവളോടൊപ്പം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. പതിറ്റാണ്ടുകളായി തക്കം പാർത്തിരുന്ന പ്രേതങ്ങൾക്കും, കഴുമരത്തിൽ തൂങ്ങിയാടുന്ന മാംസപിണ്ഡത്തിലെ, ജീവന്റെ അവസാന തുടിപ്പുമണയാൻ കാത്തു നിൽക്കുന്ന കഴുകന്മാർക്കും അവളെ വേട്ടയാടാനിനിയുള്ളത് ഒരു ജനശതാബ്ദി ദൂരം മാത്രം!!!