ജനൽ പാളികളുടെ ഇടയിലൂടെ നേർത്ത സൂര്യ കിരണങ്ങൾ മുഖത്ത് വീഴുന്നു. വിറയാർന്ന കണ്ണുകൾ മെല്ലെ തുറന്നു ജോൺ കുട്ടി ചുറ്റും ഒന്ന് മെല്ലെ പരതി നോക്കി. ആരോ ജനലുകൾ ഒക്കെ പകുതി തുറന്നു വെച്ചിട്ടുണ്ട്. ജനലിലൂടെ നോക്കിയാൽ മതിലിനോട് ചേർന്ന് നിൽക്കുന്ന പ്ലാവ് കാണാം. ഏകദേശം ജോണിയുടെ പ്രായം കാണും പ്ലാവിനും. ചെറുതായി ഒന്ന് എത്തി പ്ലാവിനെ ജോണി ഒന്ന് അടിമുടി നോക്കി. പ്ലാവിന്റെ ചുവട്ടിൽ കുറച്ചു ഉണങ്ങിയ പ്ലാവിലകൾ കിടപ്പുണ്ട്.
ജോൺ കുട്ടി അഥവാ ജോണിയുടെ മകന്റെ ഭാര്യയാണ് ശാരി. ശാരിയാണ് ജനലുകൾ ഒക്കെ തുറന്നു വെച്ചത്. പക്ഷെ ജോൺ കുട്ടിക്ക് ഇപ്പോഴും ശാരി ആരാണെന്ന് പിടികിട്ടിയിട്ടില്ല. പതിനാറു വർഷങ്ങൾ മുൻപ് തുടങ്ങിയതാണ് മറവി. ഏക മകൻ വിവാഹം കഴിച്ചതോ പ്രിയ പത്നി വിമലയുടെ വേർപാടോ ഒന്നും ജോണിയുടെ മനസ്സിൽ ഇല്ല. ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും മനസ്സിൽ ഇരിക്കുന്നില്ല എങ്കിലും ഏതോ കാലത്തെ സ്മരണകൾ ജോണിയെ ഇടയ്ക്കൊക്കെ തൊട്ട് തലോടി പോകാറുണ്ട്. കൗമാരകാലത്തെ പ്രണയവും ഒടുവിലത്തെ വിരഹവും കൂട്ടുകാരൻ മത്തായിച്ചനുമൊത്തു വീട്ടുകാർ അറിയാതെ സൈക്കിളിൽ സിനിമ കാണാൻ പോയതുമൊക്കെ ഇപ്പോഴും മനസ്സിൽ അതേപോലെ ഉണ്ട്. മത്തായിച്ചൻ ഈ ഭൂമി വിട്ടു ഏഴു വർഷങ്ങൾക്ക് മുൻപ് പോയെങ്കിലും ജോൺ കുട്ടിയുടെ ഓർമകളിൽ മത്തായിച്ചൻ ഇപ്പോഴുമുണ്ട്. ചില ഓർമ്മകൾ മനസ്സിൽ വരുമ്പോൾ ഒരു ചെറു പുഞ്ചിരിയും ചിലപ്പോൾ അത് ഒരു അട്ടഹാസവും ആയി മാറാറുണ്ട്. എന്നാൽ ചിലപ്പോൾ ഒക്കെ ചില ഓർമ്മകൾ ജോണിയുടെ കണ്ണുകൾ ഈറൻ അണിയിക്കാറുമുണ്ട്.
അപ്പോഴേക്കും ശാരി മുറിയിൽ എത്തി ജോണിയെ പതുക്കെ പിടിച്ചെഴുന്നേൽപ്പിച്ചു. ‘പപ്പാ, ചായ ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്. പല്ല് തേച്ചു വന്നു കുടിക്ക്’ ശാരി പറഞ്ഞു. ഇതാരാ തന്നോട് ഇതൊക്ക പറയുന്നത് എന്ന മട്ടിൽ ശാരിയെ ഒന്ന് നോക്കി. ശാരി ജോണിയെ പതുക്കെ ഒന്ന് താങ്ങി എണീപ്പിച്ചു പതുക്കെ ഹാളിലോട്ട് കൊണ്ട് പോയി. ഒന്ന് എണീറ്റ് കിട്ടിയാൽ പിന്നെ അതികം പരസഹായം ഇല്ലാതെ നടക്കാൻ ജോണിക്ക് പറ്റും.
ഹാളിൽ ജന്നലിനു അടുത്ത് ഒരു കസേരയും ഒരു പാത്രത്തിൽ കുറച്ചു വെള്ളവും വെച്ചിട്ടുണ്ട്. ജന്നൽ ചേർന്ന് ഒരു കണ്ണാടിയും ഇരിപ്പുണ്ട്. ജോണി പതുക്കെ നടന്നു ചെന്ന് കസേരയിൽ പതുക്കെ പിടിച്ചിരുന്നു. ശാരി ബ്രഷിൽ പേസ്റ്റ് ഒക്കെ എടുത്തു ജന്നൽ തിണ്ണയിൽ വെച്ചിട്ടുണ്ട്. ജന്നൽ ചേർത്ത് വെച്ചിരുന്ന കണ്ണാടിയിൽ ജോണി മുഖമൊന്നു നോക്കി. പാത്രത്തിൽ നിന്നും കുറച്ചു വെള്ളം എടുത്ത് മുഖം ഒന്ന് കഴുകി. കണ്ണാടി നോക്കി നരയാർന്ന പുരികത്തിലും മീശയിലും താടിയിലുമൊക്ക ഒന്ന് കൈ ഓടിച്ച ശേഷം ബ്രഷ് കയ്യിലെടുത്തു പല്ലുതേച്ചു. എല്ലാ ദിവസത്തെ പോലെയും മേശപ്പുറത്തിരുന്ന ചായയും കൈയിൽ എടുത്തു നേരെ ഹാളിൽ ഉള്ള ഷോകേസിനു അടുക്കലേക്ക് പോയി. ഷോകേസിനു മുകളിലായി ചുമരിൽ കുറച്ചു ഫോട്ടോകൾ ചാരി വെച്ചിട്ടുണ്ട്. അതിലൂടെ ഒക്കെ ഒന്ന് കണ്ണോടിച്ചു പോയപ്പോൾ ജോണിയുടെ കണ്ണുകൾ ചെറുതായൊന്നു നനഞ്ഞു. ഷോകേസിനകത്തു നിറയെ ഫലകങ്ങളും മെടലുകളും ഒക്കെ നിറഞ്ഞിരിക്കയാണ്. ഷോകേസിനകത്തു തന്നെ വെച്ചിരിക്കുന്ന ഒരു തുണി കഷ്ണമെടുത്തു ഫലകങ്ങളും മെടലുകളും ഓരോന്നായി തുടയ്ക്കാൻ തുടങ്ങി. ഓരോന്നു തുടയ്ക്കുമ്പോഴും ജോണിയുടെ ഓർമ്മകൾ പഴയ പല കാര്യങ്ങളും പരതുകയായിരുന്നു.
കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്നു ജോണി. അന്നത്തെ കാലത്ത് ഉണ്ടായിരുന്ന വളരെ ചുരുക്കം സർക്കാർ ഉദ്യോഗസ്ഥരിൽ ഒരാൾ. തനിക്ക് പത്താം ക്ലാസ്സിൽ ലഭിച്ച മുന്നൂറ്റി മുപ്പത്തഞ്ച് മാർക്കിനെ കുറിച്ച് കാണുന്നവരെയും കാണാൻ വരുന്നവരെയും ഒക്കെ ബോധവൽക്കരിക്കാറുണ്ടായിരുന്നു ജോണി. നാട്ടുകാർക്കും ജോണിയെ വലിയ കാര്യമായിരുന്നു കാരണം ആ നാട്ടിലെ ഏക സർക്കാർ ഉദ്യോഗസ്ഥൻ ആയതു കൊണ്ട് മാത്രം ആയിരുന്നില്ല. നാട്ടുകാർ ഒക്കെ അത്യാവശ്യം പൈസാ ആവശ്യങ്ങൾക്ക് ഒക്കെ ജോണിയെ ആശ്രയിക്കാറുമുണ്ടായിരുന്നു. അങ്ങനെ ചുരുക്കം പറഞ്ഞാൽ ഒരു നാട്ടുപ്രമാണി ആയിരുന്നു ജോണി. അത് കാരണം തന്നെ ചെറിയ ഒരു അഹങ്കാരം ഒക്കെ ജോണിക്ക് ഉണ്ടായിരുന്നു.
തനിക്ക് ഏകദേശം ഇരുപത്തഞ്ച് വയസ്സുള്ളപ്പോൾ ആണ് വിമലയെ ജോണി കണ്ടു മുട്ടുന്നത്. അന്ന് കൃഷി വകുപ്പിൽ സെക്രട്ടറി ആയി വിരമിക്കുന്ന ദേവരാജൻ സാർ ഒരു വിരുന്ന് വീട്ടിൽ ഒരുക്കിയിരുന്നു . ദേവരാജൻ സാർ തന്നുടെ മകളാണ് വിമല. വിരുന്നിനു പോയ ജോണിയുടെ കണ്ണ് മുഴുവൻ വിമലയിൽ ആയിരുന്നു. അപ്പോഴാണ് രോഗി ഇച്ഛിച്ചതും വൈദ്യൻ പറഞ്ഞതും ഒന്ന് തന്നെ എന്ന വണ്ണം സീനിയർ ക്ലാർക്ക് ആയ ശശി സർ ജോണിയോട് ഒരു ആശയം പറഞ്ഞത്. ‘എന്ത് കൊണ്ട് ജോണിക്ക് വിമലയെ ഒന്ന് ആലോചിച്ചൂടാ’. ആദ്യം ഒക്കെ വേണ്ട എന്ന് അഭിനയിച്ചെങ്കിലും അവസാനം ശശി സർ തന്നെ ഈ ആശയം ദേവരാജൻ സാറിന് മുൻപിലും അവതരിപ്പിച്ചു. ദേവരാജനും അത് ബോധിച്ചു. സുന്ദരനും സുമുഖനുമായ ആയ ജോണിയെ ആർക്കും ഇഷ്ടപെടും. മാത്രമല്ല ഇരുപത്തഞ്ച് വയസ്സ് ആണെങ്കിലും ഒരു നാല്പത്തഞ്ചു വയസ്സിനുള്ള പക്വത ജോണിയുടെ സംസാരത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിമലക്കും ജോണിയെ ഇഷ്ടപ്പെട്ടു. അങ്ങനെ വിമലയും ജോണിയും തമ്മിലുള്ള വിവാഹവും കേമമായി നടന്നു.
പക്ഷെ വിവാഹം കഴിഞ്ഞു കൊല്ലം നാല് കഴിഞ്ഞിട്ടും അവർക്ക് കുഞ്ഞുങ്ങൾ ഒന്നും ആയില്ല. നാട്ടുകാരും വീട്ടുകാരും ഏതാണ്ടൊക്കെ പറഞ്ഞും തുടങ്ങി. അവർ രണ്ടു പേരും കാണാത്ത ഡോക്ടർമാരോ പോകാത്ത പള്ളികളോ അമ്പലങ്ങളോ ഇല്ല. ഒടുവിൽ ഏതോ ദൈവം കനിഞ്ഞു എന്ന വണ്ണം അവർക്കു ഒരു ഓമന കുരുന്നിനെ കിട്ടി. അവനു കരുതി വെച്ചിരുന്ന പേരുകളിൽ ഒന്നിനെ നറുക്കിട്ട് എടുത്തു. അവനു അങ്ങനെ അവർ റോബിൻ എന്ന് പേര് ഇട്ടു. കുഞ്ഞുമോനെ എടുക്കുമ്പോഴും കളിപ്പിക്കുമ്പോഴും ഒക്കെ എല്ലാരും പറയും ‘ഇവനും അപ്പനെപോലെ മിടുക്കൻ ആകും’ എന്നൊക്കെ. ജോണിക്കും മനസ്സിൽ അത് തന്നെ ആയിരുന്നു. ആ നാട്ടിലെ സാധാരണ കുട്ടികൾ ഒക്കെ അടുത്തുള്ള മലയാളം മീഡിയം സ്കൂളുകളിൽ ഒക്കെ പോയപ്പോൾ ജോണി തന്നുടെ നിർബന്ധപ്രകാരം റോബിനെ കുറച്ചു അകലെ ഉള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിട്ട് പഠിപ്പിച്ചു. എന്നും രാവിലെ ജോണി ജോലിക്ക് പോകുമ്പോൾ തന്നോടൊപ്പം സ്കൂട്ടറിൽ സ്കൂളിൽ കൊണ്ട് വിടും അതേപോലെ വൈകുന്നേരം ജോണി തിരിച്ചു വരുന്നത് വരെ റോബിൻ സ്കൂളിൽ തങ്ങും എന്നിട്ട് ഒരുമിച്ചു വീട്ടിലോട്ട് വരും. പോക്കിലും വരവിലും രണ്ടുപേരും ഇംഗ്ലീഷിൽ ആണ് കൂടുതൽ സംസാരിക്കുന്നത്. ജോണിയുടെ മനസ്സിൽ റോബിൻ തന്നെക്കാൾ വലിയ ഒരു ഉദ്യോഗസ്ഥൻ ആകും എന്ന് ഉറപ്പിച്ചു.
മകൻ തന്നെക്കാൾ നന്നായിട്ട് പഠിക്കണം എന്നും പഠിക്കാൻ വേണ്ടി മാത്രം സ്കൂളിൽ പോയാൽ മതി എന്നും ആയിരുന്നു ജോണിയുടെ ആഗ്രഹവും അഭിപ്രായവും. എന്നാൽ ജോണിക്ക് തന്നുടെ ആഗ്രഹങ്ങൾക്ക് എതിരാണ് റോബിൻ എന്ന് തോന്നിയത് റോബിൻ അഞ്ചാം ക്ലാസ് എത്തിയത് മുതലാണ്. പൊതുവെ ഓടാനും ചാടാനും മറ്റു കായിക വിനോദങ്ങളും ഒക്കെ റോബിന് വളരെ ഇഷ്ടമായിരുന്നു. റോബിൻ അഞ്ചാം ക്ലാസ് ആയപ്പോൾ സ്കൂളിൽ വെച്ച് ഒരു കായിക മത്സരം നടത്താൻ തീരുമാനിച്ചു. റോബിന് എങ്ങനെ എങ്കിലും അതിൽ പങ്കെടുക്കണം എന്നാൽ ഒരു കാരണവശാലും ജോണി അതിനു സമ്മതിക്കില്ല. അവസാനം വിമലയുടെ നിർബന്ധത്തിന് വഴങ്ങി റോബിനു അതിൽ പങ്കെടുക്കാൻ അനുവാദം കൊടുത്തു. പക്ഷെ അന്ന് റോബിനെ സ്കൂളിൽ കൊണ്ട് പോകുകയോ തിരികെ കൊണ്ട് വരുകയോ ഒന്നും ജോണി ചെയ്തില്ല. വിമലയാണ് അന്ന് ബസിൽ റോബിനെ കൊണ്ട് പോയിവന്നത്.
കായിക മത്സരങ്ങളിൽ ഒക്കെ റോബിൻ ഏറെ മുന്നിൽ ആയിരുന്നു ഓട്ടത്തിന് ഒന്നാം സ്ഥാനം ഹൈ ജംപിന് രണ്ടാം സ്ഥാനം ഒക്കെ കിട്ടി. എന്നാൽ റോബിൻ തനിക്കു കിട്ടിയ മെഡലുകൾ മറ്റും വീട്ടിലെത്തി ജോണിയെ കാണിച്ചതും ആ മെഡലുകളെ ജോണി ദൂരെ വലിച്ചെറിഞ്ഞു റോബിന് നാലഞ്ച് അടിയും ജോണി പറ്റിച്ചു. അടികിട്ടി കരഞ്ഞ റോബിനുടെ കണ്ണുനീർ ജോണിയുടെ കൈകളിൽ വീണെങ്കിലും അതിലൊന്നും ഒരു മനസ്സലിവോ പശ്ചാത്താപമോ ജോണിക്ക് ഉണ്ടായില്ല. പക്ഷെ റോബിന് കായിക ഇനങ്ങളിൽ ഉള്ള താല്പര്യം കുറയ്ക്കാൻ ജോണിയുടെ അടികളും ഭീക്ഷണികളും ഒന്നും പോരായിരുന്നു.
പിന്നെ അങ്ങോട്ട് സ്കൂളിൽ അത്യാവശ്യം പഠിക്കയും എന്നാൽ അതിലുപരി കായിക കാര്യങ്ങളിൽ മുന്നിൽ നിൽക്കയും ചെയ്യുന്ന ഒരു വ്യക്തി ആയി റോബിൻ മാറി. ഇതൊന്നും അത്ര പിടിക്കാത്ത ജോണി പല മാർഗങ്ങളിലൂടെയും റോബിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. സ്നേഹത്തോടെ പറഞ്ഞു വിലക്കാൻ ശ്രമിച്ചു മാത്രമല്ല സ്കൂൾ വരെ മാറ്റി നോക്കി . എന്നാൽ എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും റോബിനെ അതിൽ നിന്നും ഒക്കെ പിൻവലിപ്പിക്കാൻ ജോണിക്ക് കഴിഞ്ഞില്ല. ഒരു പ്രാവശ്യം ജോണി റോബിന്റെ സ്കൂളിൽ പോയി വരെ പറഞ്ഞു ഇവനെ ഇനി കായിക മത്സരങ്ങളിൽ ഒന്നും പങ്കെടുപ്പിക്കല്ലേ എന്ന്. അങ്ങനെ ആ പ്രാവശ്യം ഒന്നിലും പങ്കെടുക്കാൻ പറ്റാതെ ഉള്ള റോബിന്റെ കരച്ചിലും വിഷമവും ഒക്കെ ഇന്നും ജോണിയുടെ മനസ്സിൽ ഒരു വിങ്ങൽ ആയി അവശേഷിക്കുന്നുണ്ട് എന്ന് തോന്നുന്നു. തനിക്ക് എവിടെയോ തെറ്റ് പറ്റി എന്ന ചിന്ത ജോണിയെ കാര്യമായി ഭരിക്കാൻ തുടങ്ങി. ഇന്നുവരേയും റോബിൻ വളർന്നതോ അവനു പോലീസിൽ ജോലി കിട്ടിയതോ ഒന്നും ജോണിയുടെ ഓർമകളിൽ ഇന്ന് ഇല്ല.
‘അതൊക്കെ തുടച്ചത് മതി പപ്പാ എന്നും തുടയ്ക്കുന്നതല്ലേ. ആ ചായ തീരെ തണുത്തിട്ടുണ്ടാകും’ ശാരിയുടെ ഒച്ച കേട്ട് ഒരു സ്വപ്നത്തിൽ നിന്നുണർന്ന വണ്ണം ജോണി ഒന്ന് ഞെട്ടിയുണർന്നു. തണുത്ത് പച്ചവെള്ളം പോലെ ആയ ചായ ഒറ്റ വലിക്കു കുടിച്ചതിനു ശേഷം ശാരിയുടെ സഹായത്തോടെ പതുക്കെ പോയി തന്റെ സ്ഥിരം ഇരിപ്പിടമായ വീടിന്റെ പൂമുഖത്തുള്ള ചാരുകസേരയിൽ പോയിരുന്നു. അവിടെ ഇരുന്നു കുറച്ചൊന്നു മയങ്ങി പോയി. വീണ്ടും പഴയ ഓർമ്മകൾ പലതും ജോണിയുടെ മനസ്സിലൂടെ കടന്നുപോയി. റോബിനെ ഇങ്ങനെ ഉപദ്രവിക്കല്ലേ എന്ന് പറയുന്ന വിമലയുടെ മുഖവും പിന്നെ പിന്നെ താൻ എത്ര ആക്രോശിച്ചിട്ടും തന്റെ മുന്നിൽ നിർവികാരനായി നിൽക്കുന്ന കൗമാരക്കാരനായ റോബിനും ഒക്കെ ജോണിയുടെ മുന്നിൽ വന്നു.
വീടിന്റെ ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ട് ജോണി ഉണർന്നു. ചാരുകസേരയിൽ ഇരുന്നു പതുക്കെ ഒന്ന് തല പൊക്കി നോക്കി. അതെ ആരോ ഒരാൾ ഗേറ്റ് തുറന്നു അകത്തേക്ക് വരുന്നുണ്ട്. ഗേറ്റിന്റെ ശബ്ദം കേട്ട് ശരിയും പൂമുഖത്തേക്ക് എത്തി. ‘ആരാ അത് ‘ ജോണി ഇടരുന്ന സ്വരത്തിൽ ചോദിച്ചു. ‘പപ്പയുടെ മകൻ തന്നെ, റോബിൻ’, ശാരി പറഞ്ഞു.ഗേറ്റ് തുറന്നു വരുന്ന ആളിന് ഇത്തിരി നര ഒക്കെ ഉണ്ട്. തലമുടിയും മീശയുമൊക്ക നര കേറിയിട്ടുമുണ്ട്. അത് തന്റെ മകൻ റോബിൻ ഒന്നുമല്ല ജോണി മനസ്സിൽ ഉറപ്പിച്ചു വരുന്ന ആളിനെ തന്നെ തുറിച്ചു നോക്കികൊണ്ടേ ഇരുന്നു.
റോബിൻ പതുക്കെ ജോണിയുടെ ചാരു കസേരക്ക് അരികിലായി വന്നിരുന്നു. ‘പപ്പ ചായ കുടിച്ചോ’ റോബിൻ ചോദിച്ചു. ഇതാരാ എന്ന മട്ടിൽ റോബിനെ നോക്കി ഒന്ന് തലയാട്ടി. അടുത്ത് ഇരിക്കുന്ന ആൾക്ക് റോബിന്റെ അതേ മണം തന്നെ. പക്ഷെ തന്റെ മനസ്സിൽ ഉള്ള റോബിന്റെ രൂപവും അകൃതിയും ഒന്നുമല്ലല്ലോ. അടിമുടി ഒന്ന് റോബിനെ നോക്കിയ ശേഷം ജോണി പതുക്കെ കസേരയിൽ പിടിച്ചു എഴുന്നേറ്റു. റോബിൻ ജോണിയുടെ കയ്യിൽ ഒന്ന് താങ്ങി പിടിച്ചു എണീപ്പിച്ചു. അകത്തു കേറിയ ഉടനെ ശാരിയെ നോക്കി ‘എനിക്കൊന്ന് കിടക്കണം’ എന്നും പറഞ്ഞ് നേരെ തന്റെ മുറിയിലേക്ക് പോയി. റോബിനും കൂടെ പോയി.
‘പപ്പക്ക് തീരെ മേലാത്ത പോലെ തോന്നുന്നല്ലോ ശാരി’ മുറിയുടെ വാതിൽക്കൽ വന്നു നിൽക്കുന്ന ശാരിയെ നോക്കി കൊണ്ട് റോബിൻ ചോദിച്ചു. റോബിൻ അതേ സമയം ജോണിയുടെ തലയും നെറ്റിയും തടവിക്കൊണ്ടേയിരുന്നു. ‘രാവിലെ സ്ഥിരം തുടപ്പും വൃത്തിയാക്കലും ഒക്കെ ആയിരുന്നു. രാവിലത്തെ മരുന്നൊക്കെ കഴിക്കാനായിട്ടുണ്ട്. കുറച്ചു നേരം കിടന്ന് എണീക്കട്ടെ അല്ലെ’ ശാരി പറഞ്ഞു. അതേസമയം ജോണിയുടെ മനസ്സിലൂടെ വീണ്ടും പഴയ കാല ചിന്തകൾ ഒക്കെ കടന്നു പോയി. പെട്ടന്ന് ജോണി ഞെട്ടി എണീറ്റ് ‘വിമലേ വിമലേ റോബിൻ എവിടെ അവനോടു പപ്പയോടു ദേഷ്യം ഒന്നും വേണ്ട എന്ന് പറ അവനു ഇഷ്ടമുള്ളതുപോലെ ഓടാനോ ചാടാനോ ഒക്കെ പൊയ്ക്കോട്ടേ’ എന്ന് ഉച്ചത്തിൽ പറയാൻ തുടങ്ങി. ഇത് കേട്ട് റോബിനും ശാരിയും ഓടി ജോണിയുടെ അടുത്ത് എത്തി. ‘പപ്പാ പപ്പയുടെ റോബി തന്നെയാണ് ഇതാ ഇരിക്കുന്നെ. ഓടാനും ചാടാനും ഒക്കെ പോയി പപ്പാ അതിനാൽ തന്നെ നല്ല ഒരു ജോലിയും കിട്ടി പപ്പാ. പപ്പക്ക് ഒരു വിഷമവും വേണ്ട’ എന്ന് റോബിൻ ജോണിയുടെ കയ്യിൽ പിടിച്ചു ഇടറിയ ശബ്ദത്തോടെ പറഞ്ഞു. ഇതൊക്കെ പറയുമ്പോൾ റോബിനുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു. തന്നുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒന്നുരണ്ടു തുള്ളി ജോണിയുടെ കയ്യിലോട്ട് വീണു.
നനവ് കയ്യിൽ പറ്റിയതും എന്തോ മനസ്സിലായത് പോലെ ജോണി റോബിയുടെ കയ്യിൽ നന്നായിട്ട് ഒന്ന് മുറുക്കി പിടിച്ചു മൃദു സ്വരത്തിൽ ‘മോനെ’ എന്ന് വിളിച്ചു. റോബി അതിശയത്തോടെയും നിറഞ്ഞ കണ്ണുകളോടെയും ജോണിയെയും ശാരിയെയും നോക്കി പറഞ്ഞു ‘പപ്പ എന്നേ മനസ്സിലാക്കി ശാരി. ഞാൻ പറഞ്ഞിട്ടില്ലേ പപ്പ എന്നെങ്കിലും മനസ്സിലാക്കുമെന്ന് പപ്പയുടെ മകൻ നശിച്ചുപോയില്ല എന്ന്. പക്ഷെ ഈ അവസ്ഥയിൽ പപ്പക്ക് മനസ്സിലായോ എന്തോ’ റോബിൻ തിരിഞ്ഞു സംശയത്തോടെ ജോണിയെ നോക്കി. കണ്ണടച്ചു ഒരു ചെറു പുഞ്ചിരിയോടെ കിടക്കുവായിരുന്നു ജോണി. റോബിൻ വീണ്ടും ശാരിയെ നോക്കികൊണ്ട് ‘പപ്പക്ക് എല്ലാം മനസ്സിലായി എന്ന് തോന്നുന്നു ശാരി. ആ മുഖത്തെ പുഞ്ചിരി കണ്ടില്ലേ. നീ നമ്മുടെ മോനെ വിളിക്ക് അവൻ ഡാൻസ് ക്ലാസ്സൊക്കെ കഴിഞ്ഞു എത്രയോ എന്ന് ചോദിക്ക് ‘ എന്ന് വികാരവിവശനായി പറഞ്ഞു. ശാരി റോബിനോട് ‘പപ്പ’ എന്ന് ചെറു ദുഖത്തോടെ പറയാൻ തുടങ്ങിയതും റോബിനെ പിടിച്ചിരുന്ന ജോണിയുടെ കൈ അയന്നു കട്ടിലിൽ വീണു പോയി. റോബിക്ക് എന്തോ പന്തികേട് തോന്നി. ‘പപ്പാ പപ്പാ’ റോബി വിളിച്ചു. തിരിച്ചു ഒരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് കൂടുതൽ ഉച്ചത്തിൽ വീണ്ടും വിളിച്ചു പക്ഷെ എന്നിട്ടും ഒരു പ്രതികരണവും ഇല്ല. റോബിയുടെ ‘പപ്പാ’ വിളിയുടെ ഒച്ച കൂടി കൂടി വന്നു. ആ വിളി കേട്ട് അയല്പക്കകാരും വഴിയിൽ കൂടി പോയ ചില പരിചിതരും ഒക്കെ വന്നു കൂടി. എന്നിട്ടും, ജോണി മാത്രം ആ വിളി കേട്ടില്ല.
താൻ എന്നും പകൽ കാണാറുള്ള ആ പ്ലാവിന്റെ തൊട്ട് അടുത്തായി തന്നെ ജോണിക്ക് എന്നന്നേക്കുമായുള്ള വിശ്രമസ്ഥലം ഒരുക്കി. അടക്ക ശ്രുശൂക്ഷ ഒക്കെ കഴിഞ്ഞ ശേഷം എല്ലാരും പിരിഞ്ഞു പോയിട്ട് റോബിൻ ജോണിയെ അടക്കിയടുത്തു വന്നു വെറുതെ നോക്കി നിൽപ്പായി. തന്നുടെ മകൻ തോളിൽ പിടിച്ചു കൊണ്ട് ‘പപ്പാ’ എന്ന് വിളിച്ചതും റോബിൻ തിരിഞ്ഞു നോക്കി. ‘പപ്പ എന്താ ആലോചിക്കുന്നേ’ മകൻ ചോദിച്ചു. ‘ഒന്നുമില്ലടാ ഇവിടെ ഈ കിടക്കുന്ന പപ്പയെ പോലെ എനിക്കും മനസ്സുകൊണ്ട് ആഗ്രഹം നീ നന്നായി കാണണം എന്ന് തന്നെയാണ്. പക്ഷെ അത് പഠിത്തത്തിൽ മാത്രമല്ല. നിനക്ക് ഇഷ്ടമുള്ള മേഖല ഏതായാലും. ഓർമ ഒക്കെ നഷ്ടപെടുന്നതിനു മുൻപ് തന്നെ അത് കാണാൻ കഴിഞ്ഞെങ്കിൽ എന്ന ഒരു പ്രാർത്ഥന മാത്രമേ പപ്പക്ക് ഉള്ളൂ ഡാ’ തിരിഞ്ഞു മകനെ ആശ്ലേഷിച്ചുകൊണ്ട് റോബിൻ പറഞ്ഞു.