മനസ്സ് മുഴുവൻ ആ പൂത്തോട്ടത്തിൽ ആയിരുന്നു… എന്തൊരു ഭംഗി ആ പൂക്കൾക്ക്… കേവലം കാട്ടു ചെടി എന്ന് കരുതിയ ആ പുൽച്ചെടി പടർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തൊരു അഴക്… ചില കാഴ്ചകൾ അങ്ങനെ ആണ് കുറച്ചു നേരത്തേക്കെങ്കിലും മനസ്സിൽ തറച്ചു നിൽക്കും..
വിവാഹം കഴിഞ്ഞാൽ നമ്മുടെ നാട്ടിൽ ഒക്കെ ഉള്ള ഒരു പതിവാണ് വിരുന്നിനു പോകുക എന്നുള്ളത്. അത്തരം ഒരു വിരുന്നിനു പോയപ്പോ എന്റെ ജീവിതത്തിൽ അരങ്ങേറിയ ഒരു ചെറിയ സംഭവം ആണ് ഞാൻ ഇവിടെ വിവരിക്കുന്നത്..
അന്നൊരു ഞായറാഴ്ച ആയിരുന്നു…
കുറച്ചു ദൂരെ ഒരു ബന്ധുവീട്ടിൽ വിരുന്നുണ്ണുവനായി പോയപ്പോൾ ഞാൻ കണ്ടൊരു കാഴ്ച്ച ആയിരുന്നു അത്. കുറച്ചു സ്ഥലമേ ഉള്ളുവെങ്കിൽ എന്താ ആ വീട്ടിൽ എന്തോരം വൈവിധ്യമാർന്ന ചെടികളാണ് ഉള്ളത്. അത് മാത്രം അല്ല പടർന്നു പന്തലിച്ചു നിൽക്കുന്ന മുന്തിരി ചെടി , ആമ്പൽ പൂവിൽ നിറഞ്ഞു നിക്കുന്ന ചെറു തേനീച്ചകൾ.. ശോ സത്യം ആണ് കേട്ടോ ചുമ്മാ വെറുതെ ഓരോന്ന് തട്ടി വിടുന്നതല്ല… സത്യം പറഞ്ഞാൽ നന്നായി ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ ആകാതെ എന്റെ മനസ് മുഴുവൻ ആ പൂത്തോട്ടത്തിൽ തന്നെ ആയിരുന്നു..
ഭക്ഷണം എല്ലാം കഴിച്ചു കുറച്ചു നേരം കുശലം ഒക്കെ പറഞ്ഞു തിരിച്ചു നേരെ വീട്ടിലേക്ക്..
എത്തിയ ഉടനെ നല്ലൊരു കുളി പാസ്സാക്കി.. കണ്ണാടിയിൽ നോക്കി മുടി ചീകുന്ന സമയം അവിടെത്തെ പൂന്തോട്ടം മനസിലൂടെ കടന്നു പോയ്..
അന്യൻ സിനിമയിൽ അനീതി കാണുമ്പോ നായകന്റെ ഞരമ്പിലൂടെ ഒരു ഇലക്ട്രിക് കറന്റ് കേറിയ പോലെ എന്റെ ഉള്ളിലും പെട്ടെന്ന് അവൻ കേറി.. ആരു??? അവൻ തന്നെ ”ആവേശം”.
കണ്ണൊന്നടച്ചു മനസ്സിൽ ഉറപ്പിച്ചു അത് പോലെ ഒരെണ്ണം എനിക്കും എന്റെ വീട്ടിൽ ചെയ്യണം എന്ന്.. പിന്നെ അതിനു വേണ്ടി ഉള്ള കാര്യങ്ങൾക്കായ് നെട്ടോട്ടം..തലയിൽ ആവേശവും കീശയിൽ കുറച്ചു ക്യാഷുമായി ഞാൻ ഇറങ്ങി…
വയറു വിശന്നാൽ വീട്ടിൽ അരിയും, പലവ്യഞ്ചങ്ങളും മാത്രം ഉണ്ടായാൽ പോരാ എന്ന് മനസിലാക്കിയ ഞാൻ വല്ലപ്പോഴും ലേശം ചീര, തക്കാളി ചെടി ഒക്കെ വീടിന്റെ പുറകുവശത്തു പരിപാലിച്ചു വന്ന അച്ഛനെ പിരി കയറ്റി പണി ആരംഭിച്ചു… ആദ്യം വെൽഡിങ് പണി ചെയ്യുന്ന രണ്ടു പേരെ വിളിച്ചു വീടിന്റെ ഓപ്പൺ ബാൽക്കണിയിൽ കുറച്ചു ഇരുമ്പ് പൈപ്പ് ഒക്കെ അടിച്ചു വെയിൽ അതികം അടിക്കാത്ത രീതിയിൽ ഒരു ചെറിയ പന്തൽ ഒക്കെ ഇട്ടു തയ്യാറാക്കി.. പിന്നീട് നേരെ ചെടികൾ വിൽക്കുന്ന നഴ്സറിയിൽ പോയ് അവിടെ കണ്ട സകല ചെടികളും അതിനു വളരാൻ വേണ്ടി ഉള്ള സാധനങ്ങളും എല്ലാം മേടിച്ചു കൂട്ടി .. പണ്ടാരോ പറഞ്ഞ പോലെ ”ഗ്രഹണി പിടിച്ച ചെക്കന് ചക്കക്കൂട്ടാൻ കിട്ടിയ അവസ്ഥ”..സമയം ഒട്ടും കളയാതെ നട്ടുച്ചക്ക് തന്നെ മണ്ണ് വെട്ടാൻ തീരുമാനിച്ചു… രണ്ടു ചെടിക്ക് വേണ്ടിയുള്ള മണ്ണ് വെട്ടിയപ്പോഴേക്കും ആവേശം കുറച്ചു കുറഞ്ഞു താലം പാവം അച്ഛനിലേക്ക് കൈമാറി…ഒരു പണിയും ചെയ്യാത്ത മകൻ ഇത്ര എങ്കിലും ചെയ്തല്ലോ എന്ന് കണ്ടിട്ട് ആയിരിക്കും ബാക്കി ചെടിക്ക് വേണ്ട മണ്ണുമുഴുവൻ ആ പാവം നിറച്ചത്…
എന്തായാലും പരുപാടി ഉഷാറായിട്ടുണ്ട്.. കുഞ്ഞു ചെടികളെ എല്ലാം ചെടി ചട്ടിയിൽ നിറച്ചു… ഇനി വളരാൻ ഉള്ള കാത്തിരിപ്പ്.. ആദ്യത്തെ കുറച്ചു ദിവസം വെള്ളം എല്ലാം കൃത്യ സമയത്ത് ഒഴിച്ച് നന്നായി പരിപാലിച്ചു.. അത് അങ്ങനെ തന്നെ തുടർന്നപ്പോൾ അതികം വൈകാതെ അതിൽ ചില ചെടികൾ പൂക്കുവാൻ തുടങ്ങി.. അതെല്ലാം ക്യാമെറയിൽ പകർത്തി പുളകം കൊണ്ടു. പതിവ് പോലെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയും ഇട്ടു.. എന്നാൽ പതിയെ പതിയെ ആ ആവേശം അങ്ങട് കെട്ടടങ്ങി.. ദിവസേന രണ്ടു മൂന്നു നേരം എങ്കിലും വെള്ളം ഒഴിച്ച് കൊടുത്ത സ്ഥാനത്തു ഇപ്പൊ ഒരു നേരം എന്നായി…. ഇനി ഒരു മഴ എങ്ങാനും പെയ്താലോ രണ്ടു ദിവസത്തേക്ക് പിന്നെ അതിന്റെ അടുത്ത് പോലും പോകാതെ ആയി.. അങ്ങനെ എന്റെ ആ ആവേശവും പതിയെ അങ്ങ് ഒടുങ്ങി.. ഹോ എല്ലാം കരിഞ്ഞു തുടങ്ങിയിരിക്കുന്നു…വീണ്ടും മൊബൈൽ എടുത്ത് പഴയ എന്റെ പൂത്തോട്ടത്തിന്റെ ചിത്രങ്ങൾ നോക്കി അയവിറക്കി.. ഒന്ന് കൂടെ എല്ലാം പഴയ പോലെ ശെരിയാക്ക് എന്നാരോ പറയും പോലെ തോന്നിയെങ്കിലും ആ പഴയ ആവേശം അങ്ങട് വരാത്തതിനാൽ ഞാൻ തിരിഞ്ഞു നടന്നു…
ഒടുവിൽ ഞാൻ എന്നോട് തന്നെ പറഞ്ഞു ചിലർ അങ്ങനെ ആണ് എന്തെങ്കിലും ഒക്കെ കണ്ടാൽ ഉടൻ അതെ പോലെ ചെയ്യണം എന്ന് തോന്നും അതിനായി പരിശ്രമിക്കും നേടിക്കഴിഞ്ഞാൽ പിന്നെ അതിനെ ഒരു മൂലക്കിരുത്തിയിട്ട് മറ്റൊന്നിലേക്ക് നീങ്ങും….
രണ്ടു ദിവസത്തിൽ ഒരിക്കൽ എങ്കിലും വെള്ളം ഒഴിച്ചിരുന്നു എങ്കിൽ ആ ചെടികൾക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് പറഞ്ഞ അച്ഛന്റെ വാക്കുകളെ കേൾക്കാത്ത മട്ടിൽ മറ്റൊരു പുതിയ ആവേശത്തിലേക്ക് ഞാൻ കടന്നു…