നല്ല ആവി പറക്കുന്ന പുട്ട്! രണ്ടറ്റത്തും ചിതറിക്കിടക്കുന്ന തേങ്ങയിൽ നിന്നും വരുന്ന മണം എന്നെ മത്തു പിടിപ്പിച്ചു.

“ഇത് കഴിച്ച് നീയിവിടിരിക്ക് ട്ടോ, കണ്ണാ!” പുഴുങ്ങിയ ഒരു നേന്ത്രപ്പഴം ചൂടോടെ എൻ്റെ പാത്രത്തിൽ കൊണ്ടിറക്കിയിട്ട് മാധിയമ്മ അകത്തേക്ക് തന്നെ പോയി. ഇവരുടെ അടുക്കളയുടെ ഇറയത്ത് നിന്നാൽ എൻ്റെ വീട് കാണാം. നാലഞ്ച് സ്ത്രീകൾ അവിടെ നിന്നെന്തോ കാര്യമായിട്ട് സംസാരിക്കുന്നത് കേൾക്കാം. മാധിയമ്മയും അവിടേക്കാണ് പോയത് – അമ്മയറിയരുത് ഞാനിവിടെ ഉള്ള കാര്യം!

പുട്ടിന് നടുക്കമർത്തിയപ്പോ കൈയൊന്ന് പൊള്ളി. വിശപ്പും കൊതിയും അടക്കാനാവാതെ ഒരു നുള്ളെടുത്ത് വായിലിട്ടു. കുറേക്കാലത്തിന് ഇടയ്ക്ക് ഇപ്പോഴാണ് ചൂടോടെ പുട്ട് തിന്നുന്നത്! സ്കൂളിൽ നിന്നും വീട്ടിൽ പോകാതെ നേരെ ഇങ്ങോട്ട് വന്നത് നന്നായി. ഉണ്ണി ഇപ്പോഴും സ്കൂളിൽ തന്നെ – പാവം, അവൻ്റെ പുട്ടും ഞാൻ തിന്നു തീർക്കും!

ഈ സമയത്ത് ഉണ്ണിയുടെ വീട്ടിൽ പുട്ടൊന്നും പതിവില്ലാത്തതാണ്. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ കളിച്ച് ക്ഷീണിച്ച് വരുന്ന ഞങ്ങൾ രണ്ടുപേർക്കും മാധിയമ്മ പൂള പുഴുങ്ങിത്തരും. ഉണ്ണീടച്ഛൻ ഗൾഫിൽ വലിയ നിലയിൽ ആണ്. അതോണ്ട് വീട്ടിലെ പട്ടിണിയും ദാരിദ്ര്യവും ഒന്നും ഞാൻ അറിയാറില്ല. എന്നാൽ ചേച്ചിമാർക്ക് അങ്ങനെ അല്ല.

സ്കൂളിലെ മാഷാണ് അച്ഛൻ. എന്നാൽ സാമ്പത്തികമായി ഒന്നും അച്ഛൻ്റെ കൈയിൽ ഇല്ല. ചർച്ചകളും ഒത്തുതീർപ്പുകളുമൊക്കെയായി ദിവസവും ഏതെങ്കിലുമൊക്കെ നാട്ടുകാരുണ്ടാവും ഉമ്മറത്ത്. വീട്ടിലെ കലത്തിൽ വെക്കുന്ന ചോറ് ഇവർക്ക് വിളമ്പാൻ ആണ് അച്ഛൻ അമ്മയോട് പറയാറ്. അമ്മയും ചേച്ചിമാരും മിക്കവാറും ദിവസങ്ങളിൽ പട്ടിണി തന്നെ ആയിരിക്കും.

പുട്ട് ഒന്നും ഒരിക്കലും എൻ്റെ വീട്ടിലുണ്ടാക്കി ഞാൻ കണ്ടിട്ടില്ല. ഒരു കലത്തിൽ അരി തിളപ്പിച്ച് കഞ്ഞിയുണ്ടാക്കും. സ്കൂളിലേക്ക് പോകുന്ന അച്ഛന് ചോറ്റുപാത്രത്തിലേക്ക് അതൂറ്റിവച്ചിട്ട് അമ്മ മുറ്റത്തിറങ്ങും. കിണറ്റിൻ കരയിൽ നിന്ന് മുരിങ്ങയിലയുടെ ഒരിളം തണ്ട് മുറിച്ചിട്ട് അത് ചോറിൽ വെച്ച് മൂടും. മറ്റ് കറികൾ ഒന്നും ഉണ്ടായിരിക്കില്ല. ഞാനും ചേച്ചിമാരും അച്ഛൻ പോയതിന് ശേഷമേ പോകാറുള്ളൂ. സ്കൂളിലാണ് ഞങ്ങളുടെ കഞ്ഞി. സത്യത്തിൽ കഞ്ഞിക്ക് വേണ്ടിയാണ് ഞങ്ങൽ സ്കൂളിൽ പോയിരുന്നത്. ബാക്കിയുള്ള വറ്റിൽ ചൂടുവെള്ളം നീട്ടിയൊഴിച്ചാണ് അമ്മയുടെ കഞ്ഞി.

അലിഞ്ഞ നേന്ത്രപ്പഴം മേലെ വെച്ചമർത്തി ഞാൻ ആർത്തിയോടെ തിന്നുകൊണ്ടിരിക്കുകയാണ്. ഒരു ഞരക്കം കേട്ട് നോക്കുമ്പോൾ മാധിയമ്മ വാതിൽക്കൽ നിശ്ചലയായി നിന്ന് എന്നെ തന്നെ നോക്കുകയാണ്. എത്രയോ തവണ ഞാനീ നോട്ടം കണ്ടിരിക്കുന്നു. മാധിയമ്മ പലപ്പോഴും ഒരു സ്വപ്നജീവിയാണ്, തൊട്ടാവാടിയുമാണ്. ഇറയത്ത് വെച്ച് ആരെങ്കിലും പറഞ്ഞ ഏഷണിയോ കുശുമ്പോ ദഹിക്കാതെ ഇപ്പുറം മാറിനിന്ന് പിന്നെയും അതിനെപറ്റിത്തന്നെ ആലോചിച്ചുള്ള നിൽപ്പായിരിക്കാൻ ആണ് സാധ്യത. “മാധ്യമ്മെ, എനിക്കൊരു കഷ്ണം കൂടെ തര്യോ? നല്ല സ്വാദുണ്ട്!”

അവർ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ ഇരുന്നിടത്ത് തന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് മാറത്തിട്ട തോർത്തുകൊണ്ട് മൂക്ക് പിഴിഞ്ഞ് ഓടിപ്പോയി എനിക്ക് വിളമ്പിത്തന്നു. ഉണ്ണീടമ്മയോട് എനിക്ക് എൻ്റമ്മയെക്കാൾ അടുപ്പമാണ്. അവർക്ക് ഞാനും അങ്ങനെത്തന്നെ. അധികവും ഇങ്ങനെയുള്ള അവിചാരിതമായ പൊട്ടിക്കരച്ചിലുകളും കെട്ടിപ്പിടിത്തവുമൊക്കെ ശീലമാണ്.

ഉണ്ണീടെ വീട്ടിനിറയത്തെ സ്ത്രീജനസംഗമത്തിൽ എൻ്റെയമ്മ ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ മാധിയമ്മയ്ക്ക് എൻ്റെയമ്മയോട് ഒരു പ്രത്യേക ബഹുമാനം ഉള്ളതായി തോന്നാറുണ്ട്. അമ്മയ്ക്ക് ഇവരേക്കാൾ എത്രയോ പ്രായക്കൂടുതൽ ഉള്ളതും ഒരു കാരണമാണ്. യാതൊരു വിധത്തിലുള്ള സ്നേഹ പ്രകടനങ്ങളിലും എൻ്റെ വീട്ടിലെ ആരും വിശ്വസിച്ചിരുന്നില്ല. അഭിമാനിയും ഗൗരവക്കാരനും നാട്ടിലെ പ്രധാന പഞ്ചായത്തുകാരനും ആയ അച്ഛൻ്റെ കാര്യം ശരി – വയസ്സാംകാലത്ത് നൊന്ത് പ്രസവിച്ച ഏക ആൺതരിയോട് ഉണ്ടാവേണ്ട വാത്സല്യമൊന്നും എനിക്ക് അമ്മയിൽ നിന്നും കിട്ടിയിരുന്നില്ല. പട്ടിണി തന്നെ ആയിരുന്നു കാരണം. പ്രായാധിക്യം മൂലമുള്ള ക്ഷീണം മറ്റൊരു വശത്ത്. മതിയായ ആഹാരമില്ലാതെ അമ്മ എല്ലും തോലുമായിരുന്നു.

മാധിയമ്മ ഉൾവലിഞ്ഞെങ്കിലും ഇറയത്ത് നിന്നുളള ബാക്കി സ്ത്രീകളുടെ സംസാരം തുടർന്നു പോന്നു. എന്നെ വിളിച്ചോണ്ടുവരാൻ അമ്മ ഏൽപിച്ച വല്ലവരും ആ കൂട്ടത്തിലേക്ക് വന്നിട്ടുണ്ടാകുമോ? ഇന്നുണ്ടായപോലെ ഇടയ്ക്ക് എന്നെ സ്കൂളിലേക്ക് ആളെ അയച്ച് വിളിപ്പിക്കാറുള്ളതാണ്. അങ്ങാടിയിലെ ഡോക്ടറുടെ അടുത്ത് പോയി അമ്മയ്ക്കുള്ള മരുന്നും പിന്നെ റേഷനും വാങ്ങാൻ വേണ്ടിയാണ്. നേരത്തെ ഇറങ്ങിയില്ലെങ്കിൽ മരുന്ന് കിട്ടില്ല. അതുകൊണ്ട് ഇങ്ങനെയുള്ള ദിവസങ്ങളിൽ ഉച്ചക്കഞ്ഞിയും പയറും എനിക്ക് കിട്ടില്ല. പകരം അന്ന് അമ്മ കഞ്ഞി മിച്ചം വെയ്ക്കും. സഞ്ചിയും മരുന്നുമായി നടന്ന് ക്ഷീണിച്ച് വരുന്ന എനിക്ക് വിളമ്പിത്തന്ന് അമ്മ അന്നൊക്കെ പട്ടിണിയിരിക്കും.

ഇതറിയുന്നത് കൊണ്ടാണ് എന്നെ വിളിപ്പിച്ചു എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ നേരെ മാധിയമ്മയുടെ അടുത്തേക്ക് വന്നത്. കാലത്തുണ്ടാക്കി വച്ചത് എന്തെങ്കിലും കിട്ടുമെന്നാണ് കരുതിയത്. പക്ഷേ ഇതെനിക്ക് വേണ്ടിത്തന്നെ ഉണ്ടാക്കി വെച്ചതുപോലെ – ചൂടോടെ!

മാധിയമ്മ കഴുകിയ മുഖവുമായി എൻ്റെയടുത്തേക്ക് വന്നു. ഇപ്പോഴും ഇറയത്തെ അടക്കം പറച്ചിലുകൾക്ക് കുറവൊന്നുമില്ല. “വാ” ഇറയത്ത് കൂടെ പോവാതെ എൻ്റെ കൈയും പിടിച്ച് മുൻവശത്തെ വേലി കടന്ന് മാധിയമ്മ എൻ്റെ വീട്ടിലേക്ക് നടന്നു. ഇന്ന് വലിയ ഏതോ പ്രശ്നത്തിൻ്റെ ഒത്തു തീർപ്പാണെന്ന് തോന്നുന്നു. മുറ്റത്തും പറമ്പിലുമായി ഇഷ്ടം പോലെ ആൾക്കാരെ കാണാം.

വരാന്തയിൽ വെളുത്ത തുണി പുതച്ച് പുട്ടു പോലെ നീളത്തിൽ കിടക്കുന്ന അമ്മയെ ഞാൻ കണ്ടു. തലയ്ക്കൽ ചന്ദനത്തിരിയിൽ നിന്നും ചൂടുള്ള ആവി പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.