1, ഒന്നാമാൾ
ട്രെയിൻ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുമ്പോൾ സമയം രാത്രിയിൽ പന്ത്രണ്ടേകാൽ കഴിഞ്ഞിരുന്നു. സ്റ്റേഷൻ പാതിരാകൾ പുത്തരിയല്ലായിരുന്നതിനാൽ വിജനത ഒട്ടും ബുദ്ധിമുട്ടിച്ചില്ല. മൂന്നാമത്തെ പ്ലാറ്റ്ഫോമിലിറങ്ങി ഓവർബ്രിഡ്ജ് ലക്ഷ്യമാക്കി നടക്കുമ്പോൾ കണ്ണെത്തുന്നിടത് ആകെ മൂന്നുപേരെ ഉണ്ടായിരുന്നുള്ളൂ. അതിൽ രണ്ടുപേർ എന്നോടൊപ്പം ട്രെയിൻ ഇറങ്ങിയവർ. മൂന്നാമൻ എതിർവശത്തു ഒന്നാം പ്ലാറ്റ്ഫോമിലെ വാർക്ക ബെഞ്ചിലിരുന്നു മൊബൈലിൽ അലിഞ്ഞില്ലാതാവുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകാനുള്ള ഏതെങ്കിലും ട്രെയിനിന് വേണ്ടി കാത്തിരിക്കുകയാവാം. ഇരട്ടപ്പാതയായ ശേഷം ക്രോസിങ്ങിന് ഈ റൂട്ടിൽ ട്രെയിൻ പിടിച്ചിടേണ്ടി വരികില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ മിക്കവാറും ക്രോസിങ്ങിനായി ഇവിടെയോ ചിങ്ങവനത്തോ ഒക്കെയായിയാണ് ട്രെയിനുകൾ പിടിച്ചിടാറു പതിവുണ്ടായിരുന്നത്.
സ്റ്റേഷനിൽ നിന്നിറങ്ങി പാർക്കിങ്ങിൽ കിടക്കുന്ന ആക്ടീവ ലക്ഷ്യമാക്കി നടക്കുമ്പോൾ എടിഎം കൗണ്ടറിന് മുന്നിൽ ഒടിഞ്ഞുവീഴാറായ പ്ലാസ്റ്റിക് കസേരയിലിരുന്ന് ഉറക്കം തൂങ്ങുന്ന സെക്യൂരിറ്റിയുടെ കാൽക്കീഴിൽ കിടന്ന നായ മുൻപരിചയമുള്ളയാരെയോ നോക്കുന്നത്പോലെ എന്നേ തലയുയർത്തി നോക്കുന്നുണ്ടായിരുന്നു. പലപ്പോഴായി ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വല്ല ടെസ്റ്റുകളും അറ്റൻഡ് ചെയ്യാനായി എറണാകുളമോ തിരുവനന്തപുരമോ ഒക്കെ പോകാൻ അവിടെവരുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. അപ്പോഴെങ്ങാനും കണ്ടുള്ള പരിചയമാവാം. ആക്ടീവയുടെ ബാക്ക് കാരിയറിൽ നിന്ന് ഹെൽമെറ്റ് എടുത്തുവെച്ചു പാർക്കിങ്ങിൽ നിന്ന് പോരുമ്പോൾ സെക്യൂരിറ്റിയുടെ കാൽച്ചുവട്ടിൽ ആ നായയുണ്ടായിരുന്നില്ല. സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് പുറത്തിറങ്ങുന്നതുവരെ അവിടെയിവിടെയായി നോക്കിയെങ്കിലും ആ നായയെ അവിടെയെങ്ങും കണ്ടില്ല. നായയെ നായയുടെ വഴിക്ക് വിട്ട്, ഇടക്കിടക്ക് ഒന്നുരണ്ടു വണ്ടികൾ പോകുന്നതൊഴിച്ചാൽ ആകെ വിജനമായ റോഡിലേക്ക് സ്കൂട്ടർ ഇറക്കുമ്പോൾ റിയർവ്യു മിററിൽ അവന്റെ പൃഷ്ഠഭാഗം അടുത്ത കുറ്റിക്കാട്ടിലേക്ക് കേറിപ്പോവുന്ന രീതിയിൽ കണ്ടു. അവൻ തന്നെയായിരിക്കണം, കാരണം ആ പൃഷ്ഠത്തിന്റെ ഉടമക്ക് അവന്റെ അതേ നിറമായിരുന്നു.
പന്ത്രണ്ടുമണി കഴിഞ്ഞിട്ടും പൂർണ്ണമായി ഉറങ്ങാത്ത നഗരം തന്ന ധൈര്യം നഗരാതിർത്തി കഴിഞ്ഞപ്പോൾ എവിടെയോ ചോർന്നുപോയപോലെ തോന്നി. ഇനിയങ്ങോട്ട് പോകേണ്ടത് കണ്ടത്തിനു നടുവിലൂടെ ഒറ്റാൻതടിയായിട്ട് പോകുന്ന വിജനമായ റോഡിലൂടെയാണ്. ഒറ്റ സ്ട്രീറ്റ് ലൈറ്റ് ഇല്ല. കുറ്റാക്കുറ്റിരുട്ടിൽ മൂന്ന് കിലോമീറ്റർ അപ്പുറമുള്ള കരഭാഗത്തുനിന്ന് വയലിന് നടുവിലൂടെയുള്ള റോഡിലേക്ക് ഒരു വണ്ടി പ്രവേശിച്ചാൽ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അത് കൃത്യമായി മനസ്സിലാക്കാനാവും. ഇത് അങ്ങനെയൊന്നുപോലും ഉണ്ടായിരുന്നില്ല. തീർത്തും അനാവശ്യമായ ഒരു ഭീതി മനസ്സിലേക്ക് കടന്നുവന്നു. എങ്കിലും പ്രായപൂർത്തിയായ ധൈര്യത്തിൽ ഭീതിയെ ആട്ടിയകറ്റി ആക്ടീവയിലങ്ങനെ ഒഴുകുമ്പോൾ, കൊയ്ത്തുകഴിഞ്ഞു വെള്ളം കയറ്റിയിരുന്ന കണ്ടത്തിലെ വെള്ളത്തിൽ നിന്നും കയറിവരുന്നവഴിക്ക് ഏതോ നീർക്കോലിയുടെ വായിലകപ്പെട്ട മാക്രിയുടെ പ്രണൻപിടയുമ്പോഴുള്ള ദീനരോദനം അറപ്പുളവാക്കുന്ന ഭീതിയുമായി കാതിലേക്ക് കയറിവന്നു. പാമ്പിന് തിന്നാനാണെങ്കിലും മാക്രിയുടെ അപ്പോഴത്തെ അവസ്ഥ ഓർത്തപ്പോൾ ഒരു വല്ലായ്മ ഉള്ളിലേക്ക് കടന്നുവന്നു. എന്നിട്ടും ആക്സിലേറ്ററിലെ പിടുത്തം അയയ്ക്കാതെ മുന്നോട്ട് പോകവേ ദൂരെ ഒരു പ്രതീക്ഷപോലെ ഒരു ഹെഡ്ലൈറ്റിന്റെ പ്രകാശം കണ്ടു. ഇനി ഒറ്റക്കല്ലല്ലോ എന്ന ആത്മവിശ്വാസത്തിൽ അനവശ്യഭീതിയൊക്കെ അതിരുതാണ്ടിയിരുന്നു. സാധിക്കാവുന്ന അത്രയും വേഗത്തിൽ സ്കൂട്ടർ ഒഴുകിനീങ്ങിക്കൊണ്ടിരുന്നു. എതിർവശത്തുനിന്നും ഇനിയും മനസ്സിലാക്കാൻ സാധിക്കാഞ്ഞ ഒരു നാൽചക്ര വാഹനവും.
കണ്ടം തീരുന്നതിന് ഉദ്ദേശം പകുതി ദൂരം കഴിയാറായപ്പോഴേക്കും ഒരു ടാറ്റാ ആൾട്രോസ് കാർ എന്നെ കടന്നുപോയി. വണ്ടിക്കുള്ളിലേക്ക് പാളി നോക്കിയ എന്നെ അദ്ഭുതപ്പെടുത്തുമാറ് ഡ്രൈവർ മാത്രം മുന്നിലുണ്ടായിരുന്ന ആ വണ്ടിയോടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നു എന്ന് മനസ്സിലായി.
“ഒരു സ്ത്രീയെന്തിനാവും പാതിരാത്രിക്ക് ഒറ്റക്ക് കാറിൽ ടൗണിലേക്ക് പോകുന്നത്?” എന്റെ ഉള്ളിൽ ഗാഢനിദ്രയിലായിരുന്ന സദാചാരൻ ഉറക്കമുണർന്നു.
“ഒരു പുരുഷന് പാതിരാത്രിക്ക് ഒറ്റക്ക് സ്കൂട്ടറിൽ പോകാമെങ്കിൽ ഒരു സ്ത്രീക്ക് എന്തുകൊണ്ടായിക്കൂടാ…” ഉള്ളിലെ സദാചാരനെ ചമ്മിച്ചുകൊണ്ടു പുരോഗമനവാദി പ്രത്യക്ഷനായി. മറുപടിയില്ലാതെ സദാചാരൻ ഉറക്കത്തിലുമായി. ചിന്തകൾക്ക് തീരുമാനമായപ്പോഴേക്കും ഭാഗ്യവശാൽ സ്കൂട്ടർ കണ്ടം റോഡ് കഴിഞ്ഞു റെസിഡൻഷ്യൽ എരിയായിലേക്ക് കടന്നിരുന്നു. എല്ലാവരും ഗാഢനിദ്രയിൽ ആണെങ്കിലും സഞ്ചരിക്കുന്നത് മനുഷ്യന്മാരുടെ ഇടയിലൂടെയാണല്ലോ എന്ന ആത്മവിശ്വാസം അവർണ്ണനീയമായിരുന്നു. കുട്ടനാട്ടിലേക്കാണ് യാത്ര കണ്ടം റോഡുകൾ ഇനിയും അവസാനിച്ചിട്ടില്ല എന്ന് താൽക്കാലികമായി പരാജയപ്പെട്ടു പിന്മാറിയ ഭീതി ഭീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നിട്ടും ചെന്നുപറ്റേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഓർത്തപ്പോൾ ഒരു മടിയുമില്ലാതെ വണ്ടി മുന്നോട്ടുതന്നെ ഓടിച്ചു. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തുതന്നെ ചെയ്യണം.
ഇടത്തേക്ക് പോയാൽ ആലപ്പുഴ, വലത്തേക്ക് പോയാൽ കാവാലം എന്ന മുക്കവലയിൽ എത്തുമ്പോൾ ഇലക്ട്രിക് പോസ്റ്റിന് താഴെയായി സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരാൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. മാസ്കോ കർച്ചീഫോ വെച്ച് മുഖം മറച്ചിരുന്നു. എന്തിനോ ഓങ്ങി നിൽക്കുന്നതുപോലെയുള്ള അയാളുടെ നിൽപ്പ് കണ്ടിട്ട് ആകെ പന്തികേട് തോന്നി. പക്ഷേ അപ്പോഴേക്കും വണ്ടി അയാൾക്ക് വളരെയടുത്തു എത്തിയിരുന്നു. ഒന്നാലോചിക്കുന്നതിനു മുന്നേതന്നെ അയാളുടെ കൈകൾ നീണ്ടുവരികയും തോളിൽ ഊക്കോടെ തള്ളുകയും ആകെയുലഞ്ഞ വണ്ടി സമീപത്തെ മൈൽക്കുറ്റിയിലിടിച്ചു മറിഞ്ഞു വെള്ളം നിറഞ്ഞ കണ്ടതിലേക്ക് ഞാൻ വീഴുകയും ചെയ്തു. ഉടലാകെ തണുപ്പ് പടരുമ്പോൾ അടുത്ത നൊടിയിൽ ഒരു വിഭ്രമം പിടിപെടുകയും കണ്ണിലേക്ക് ഇരുട്ടുകയറാൻ തുടങ്ങുകയും ചെയ്തു.
2, രണ്ടാമാൾ
ഇരുട്ടു പരന്ന അന്തരീക്ഷത്തിൽ ആറ്റിറമ്പിലെ വീടുകളിൽ തെളിച്ചിരുന്ന ബൾബുകളുടെ പ്രതിബിംബങ്ങൾ എല്ലാം ചേർന്ന് ഒരു മാലപോലെ ആറിന്റെ ഉപരിതലത്തിൽ ദൃശ്യമായത് ഒരു കൗതുകക്കാഴ്ചയായാണ് തോന്നിയത്. വളരെ ശാന്തമായി ഇളംകാറ്റിൽ ഓളംവെട്ടി ഇടക്കിടക്ക് സമീപം നിന്ന ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള വെട്ടമടിച്ചു തിളങ്ങുന്ന ആറ്റിലെ വെള്ളത്തിലേക്ക് എടുത്തങ്ങ് ചാടിയാലോ എന്ന് തോന്നിപ്പോയി. പിന്നെ വേണ്ടാന്ന് വെക്കാൻ കാരണം എടുത്തുചാട്ടങ്ങൾ തന്ന തിക്താനുഭവങ്ങളാണ്. അപ്പനെ നിർബന്ധിച്ചു അലക്സിനെ കെട്ടിയപോലെ.
“ആനീ…” അലക്സിന്റെ വിളികേട്ട് തിരിഞ്ഞു നോക്കുമ്പോൾ ഹാളിന്റെ ഡോറിൽ പിടിച്ചു അയാൾ നിന്നാടുന്നത് കണ്ടു.
“നീയെന്താ അവിടെപ്പോയി നിക്കുന്നെ… ഇങ്ങുവാ…” അയാളുടെ ശബ്ദത്തിലെ കുഴച്ചിലിൽ നിന്നും ആൾ ഇപ്പോൾതന്നെ നല്ല ഫിറ്റായിട്ടുണ്ടെന്ന് മനസ്സിലായി. ഇനി അധികം നിന്നാൽ ബോറാകും. അപ്പോഴേക്കും അയാൾ നടന്ന് അടുത്തെത്തിയിരുന്നു.
“മതിയിച്ചായാ… നമുക്കിറങ്ങാം.”
“ഓഹ് എനിക്കൊന്നുമായില്ല. നീ വാ… ഒരരമണിക്കൂർ. എന്നിട്ടിറങ്ങാം.” അയാൾ കുഴഞ്ഞ ശബ്ദത്തിൽ അരമണിക്കൂർ ജാമ്യമെടുത്തു. വന്നിട്ടിപ്പോൾ ഇത് രണ്ടാമത്തെ അരമണിക്കൂർ ജാമ്യമാണ്. ഇല്ല ഇനി നിന്നാൽ ആൾ വീണുപോകും. ഈ രാത്രിയിൽ ബോധമില്ലാത്ത അലക്സിനേയും പൊക്കി തിരുവല്ല വരെ പോകുന്ന കാര്യം ആലോചിച്ചപ്പോൾത്തന്നെ മനസ്സ് മടുത്തു.
“ഇച്ചായാ… മതി. ഞാൻ മടുത്തു. നമുക്ക് പോവാം…”
“അങ്ങനങ്ങു പോകാൻ പറ്റുമോ… ചെന്നു അവരോടെല്ലാം പറഞ്ഞിട്ട് ഇറങ്ങാം.” മറുപടിക്ക് കാക്കാതെ ആടിയാടി ഹാളിനുള്ളിലേക്ക് അയാൾ പോകുന്നത് കണ്ടപ്പോൾ പെരുവിരലിൽ നിന്ന് എന്തോ ഇരച്ചുകയറുന്നതുപോലെ തോന്നി. നാശം പിടിക്കാൻ. അങ്ങേരടെ ഈ ഒടുക്കത്തെ കള്ളുകുടി ഭ്രാന്ത് അങ്ങേരേം കൊണ്ടേ പോകൂവെന്ന് ആ നിമിഷം ഞാൻ ഉറപ്പിച്ചു. കള്ളുകുടിക്കായി ദിവസവും ഓരോ കാരണങ്ങൾ എങ്ങനെയെങ്കിലും തരപ്പെടുകയും ചെയ്യും. ഇന്നത് സ്കൂൾ ഫ്രണ്ട്സിന്റെ റീ യൂണിയൻ ആയീന്ന് മാത്രം. അതും കുട്ടനാട്ടിൽ ഏതോ അറിയാത്തയിടത്ത്. പാർട്ടിയോ കെങ്കേമം, അയാളെപ്പോലെ കുറേ കള്ളുകുടിയന്മാരുടെ അഴിഞ്ഞാട്ടം. പണം മുടക്കിയതും റിസോർട്ട് എടുത്തതുമൊക്കെ നോർത്ത് ഇന്ത്യയിലെങ്ങോ സെറ്റിലായിരുന്ന അവരുടെ കൂടെപ്പഠിച്ചിരുന്ന ഒരാളും. പക്ഷേ അയാൾക്ക് പണം മുടക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് തോന്നുന്നു. കാരണം പാർട്ടി ഹോസ്റ്റ് ചെയ്തിരുന്നത് മറ്റൊരാൾ ആയിരുന്നു. അയാളുടെ ഭാര്യയൊഴിച്ചാൽ ഒറ്റയൊരുത്തനും ഫാമിലിയെ കൊണ്ടുവന്നിട്ടുണ്ടായിരുന്നില്ല, പണംമുടക്കിയ ആൾ പോലും. അവരാണെങ്കിൽ എല്ലാം അടുപ്പിച്ചിട്ട് അപ്പോൾത്തന്നെ എവിടെയോ പോയ്മറഞ്ഞിരുന്നു. അലക്സിച്ചായനും അത് പ്രതീക്ഷിച്ചതായിരുന്നില്ല. പിന്നെ കന്നു കയം കണ്ടാലെന്നപോലെ പലകുപ്പികളിൽ നിന്നും ഒഴുകിയതിനൊപ്പം അങ്ങേരും എന്നെ മറന്നൊഴുകാൻ തുടങ്ങി. വെള്ളമടിച്ച ചിലതിന്റെ കിഴിഞ്ഞുനോട്ടം ഒരുവിധം പ്രതിരോധിച്ചു നിന്നെങ്കിലും അതിലൊരുത്തന്റെ, പണം മുടക്കിയുടെ മറകൂടാതെയുള്ള നോട്ടവും ആസ്വാദനവും ഇടക്കിടക്ക് ക്ഷേമം അന്വേഷിക്കാനെന്ന നിലയിൽ അരികിൽവന്നുള്ള ചില ചേഷ്ടകളും അസഹനീയമായപ്പോഴാണ് ഹാളിൽ നിന്നും പുറത്തിറങ്ങിപ്പോന്നത്. ഇനിയും നിന്നാൽ എല്ലാം കയ്യീന്ന് പോവും. പോരാനും തിരിച്ചുപോകാനും ഉള്ള വഴിയറിയാവുന്നതൊഴിച്ചാൽ ഒരു പിടീം ഇല്ലാത്ത ഇടമാണ്. എങ്ങനേം അങ്ങേരുമായി സ്ഥലം വിടണം.
ഹാളിൽ ചെല്ലുമ്പോൾ അലക്സ് മൂലക്കൊരു സോഫയിൽ കുഴഞ്ഞിരിക്കുന്നതാണ് കണ്ടത്. ഒന്നുരണ്ടുപേരും അതുപോലെ അവിടെയിവിടെയായി ഇരിപ്പുണ്ടായിരുന്നു. കൂട്ടത്തിൽ പാർട്ടി ഹോസ്റ്റ് ചെയ്തയാളും. ഇത് മുൻകൂട്ടി കണ്ടാവണം ആ പെണ്ണുംപിള്ള എല്ലാം എടുത്തുവെച്ചിട്ടു നേരത്തെ മാറിക്കളഞ്ഞത്. അവരുടെ വീട് ഇതിനപ്പുറത്തെവിടെയോ ആണ്. ആറ്റിറമ്പിലെ ഈ ചെറുകിട റിസോർട്ട് നടത്തിപ്പാണ് ഭർത്താവിന്റെയും ഭാര്യയുടെയും ജോലിയെന്ന് അലക്സ് പറഞ്ഞത് ഓർമ്മയിലേക്ക് വന്നു.
“യ്യോ.. ആനീ.. പോയില്ലാരുന്നോ…” എന്നെക്കണ്ടതേ ആ ശല്യക്കാരൻ ഉത്തരേന്ത്യൻ വ്യാപാരി കുഴഞ്ഞാടിക്കൊണ്ടു വന്നു. അത് വകവെക്കാതെ അലക്സിന്റെ അരികിൽച്ചെന്നു കയ്യെടുത്തു തോളിലിട്ട് ഞാൻ ഇറങ്ങാനായി ഒരുങ്ങി.
“വിഴെടി… എന്നേ ആരും പിടിക്കുവൊന്നും വേണ്ട. എനിക്കൊന്നും…. ആയിട്ടില്ല. ഒരര…”
“ഒരരേമില്ല… ഇപ്പം ഇറങ്ങണം ഇവിടുന്ന്. ഇച്ഛായൻ വരുന്നേ വാ… ഇല്ലേൽ ഞാനെന്റെ പാട്ടിന് പോകും.” ദേഷ്യം നിയന്ത്രിക്കാനാവാതെ ഞാനത് പറയുമ്പോൾ പൊടുന്നനെ ഹാളിൽ നിശബ്ദത വന്നുനിറഞ്ഞു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ഒന്ന് സംഭവിച്ചു. അലക്സിന്റെ ദുർബ്ബലമായ ഒരടി എന്റെ കവിളിൽ പതിച്ചു.
“നീയാരെഴീ എന്നേ ഫരിപ്പിക്കാൻ… മൈരേ..” അയാളുടെ ദുർബ്ബലമായ അടിക്ക് എന്നേ വേദനിപ്പിക്കാനായില്ലെങ്കിലും അയാളുടെ നടപടി ആസ്വദിച്ചു ചുറ്റും കിറുങ്ങി നിന്നിരുന്ന ചാവാലികളുടെ നോട്ടവും ആസ്വദിച്ചുള്ള ചിരിയും എന്നെ വേദനിപ്പിച്ചു. പിന്നെ ഒരുനിമിഷം അവിടെ നിക്കാൻ എനിക്ക് തോന്നിയില്ല, അലക്സിനെ അവിടെ ഉപേക്ഷിച്ചു പോരാനും. അലക്സിന്റെ ദുർബ്ബലമായ എതിർപ്പിനെ വകവെക്കാതെ ഞാനയാളെ വലിച്ചുകൊണ്ട് പുറത്തുകാറിന് സമീപത്തേക്ക് നടന്നപ്പോൾ ശല്യക്കാരനും കൂടെവന്നു. ബാക്കിയുള്ളവർ അതൊന്നും ശ്രദ്ധിക്കാതെ പാതിബോധത്തിൽ മുഴുവൻ ബോധവും മറക്കാനായി വാശിയിൽ വെള്ളമടി തുടർന്നു. സഹായിക്കാനെന്ന വ്യാജേന കൂടെവന്നവൻ അലക്സിനെ ചുറ്റിപ്പിടിക്കുക വഴി എന്റെ ഇടുപ്പിൽ ചില കൈക്രിയകൾ പരീക്ഷിക്കാൻ ശ്രമിച്ചത് കൈതട്ടിമാറ്റി ഞാൻ പ്രതിരോധിച്ചു. ഒരുവിധം കാറിന്റെ പിൻവാതിൽ തുറന്ന് അലക്സിനെ കിടത്തി നിവർന്ന എന്റെ പിന്നിൽ സാരിക്കിടയിലൂടെ ഇടുപ്പിൽ തണുത്തു അറ്റം കൂർത്ത എന്തോ ഒന്ന് സ്പർശിച്ചു.
“മിണ്ടാതെ വണ്ടിയെടുത്തോ…” കള്ളിന്റെ മണമുള്ള നിശ്വാസം എന്നോടാജ്ഞാപിച്ചു. പാളിനോക്കിയപ്പോൾ കണ്ട അടഞ്ഞുകിടക്കുന്ന ഹാളിന്റെ വാതിൽ എന്നിൽ നിരാശപടർത്തി.
3, ഒന്നാമാൾ
ഇരുട്ടിറങ്ങി ശ്വാസംമുട്ടിത്തുടങ്ങിയപ്പോൾ ഒരു ഉൾപ്രേരണയിലെന്നപോലെ കൈകൾ എന്തിനോവേണ്ടി പരതാൻ തുടങ്ങി. എന്തിലോ തടഞ്ഞുവെന്നു തോന്നിയപ്പോൾതന്നെ സകല ശക്തിയും സംഭരിച്ചു മുകളിലേക്ക് ഒറ്റത്തള്ളൽ ആയിരുന്നു. ജലോപരിതലത്തിൽ എത്തിയ നിമിഷം ആശ്വാസമേകിക്കൊണ്ടു മൂക്കിൽ പ്രണവായുവും കാതിൽ ആരോ തുടരെത്തുടരെ സ്റ്റാർട്ട് ചെയ്യാൻ നിർബന്ധിച്ചിട്ടും വിസമ്മതിക്കുന്ന ആക്ടീവയുടെ ശബ്ദവും കടന്നുവന്നു. ആ നിമിഷം വണ്ടിക്കും ആത്മാവുണ്ടാകാം എന്നെനിക്ക് തോന്നിപ്പോയി. പെട്ടന്ന് തോന്നിയ ബുദ്ധിയിൽ ചുറ്റും പരതിയ എന്റെ കണ്ണുകളിൽ കാലപ്പഴക്കം കൊണ്ടു തുരുമ്പിച്ചു ചരിഞ്ഞു വീണ ഒരു ഇരുമ്പിന്റെ സൈൻ ബോർഡ് പെട്ടു. അതിന്റെ കമ്പിപ്പിടിക്ക് എന്റെ കൈയിൽ ഒതുങ്ങാനുള്ള കനമേ ഉണ്ടായിരുന്നുള്ളൂ.
സൈൻ ബോർഡും പിടിച്ചു ആകെ നനഞ്ഞു കുളിച്ച ഞാൻ ആക്ടീവയുടെ അടുത്തേക്ക് ചെന്ന നിമിഷം തന്നെ സെല്ഫ് അടിച്ചു മടുത്ത അയാൾ കിക്ക് അടിക്കാനായി സീറ്റിൽ നിന്ന് എണീറ്റു. ഒരു റിഫ്ളക്സ് ആക്ഷൻ പോലെ പെട്ടെന്നുണ്ടായ ഉൾപ്രേരണയിൽ സൈൻ ബോർഡ് തിരികെപ്പിടിച്ചു അതിന്റെ കമ്പികൊണ്ടു ശത്രുവിനെ നിഷ്ക്കരുണം മർദ്ദിച്ചുകൊണ്ട് അയാളിൽ നിന്നും സ്വന്തം പ്രാണൻ രക്ഷിക്കാനുള്ള വഴിതേടി. ആദ്യത്തെ അടി തലക്കായിരുന്നു പിന്നെ ഒന്നും ശ്രദ്ധിച്ചതുമില്ല. ഒന്ന് രണ്ടടിക്കു ശേഷം റോഡിലേക്ക് വീണ് ഉരുണ്ട അയാളെ അവിടെ വിട്ട് അപ്പോൾ തോന്നിയ വെപ്രാളത്തിൽ ആക്ടീവയുമെടുത്തു പുതുജീവനിലേക്ക് പായുമ്പോഴാണ് കാലിനിടയിൽ ആക്ടീവയുടെ മുന്നിൽ ആ വെപ്രാളത്തിൽ വെച്ച സൈൻ ബോർഡിനെപ്പറ്റി ഓർത്തത്. അപ്പോഴേക്കും സാധാരണ ഗതിയിലായി മാറിയ ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായി ഇരുത്തി ചിന്തിച്ചപ്പോൾ അത് നന്നായി എന്ന് തോന്നി. അടുത്ത കലുങ്കിൽ നിന്ന് വീതികൂടിയ തോട്ടിലേക്ക് ആ സൈൻ ബോർഡ് ഒരു കുറുക്കന്റെ ഭാവത്തോടെ ഇടുമ്പോൾ ഒരു പ്രൊഫഷണൽ കുറ്റവാളിയുടെ മാനസികാവസ്ഥ ഞാൻ കൈവരിച്ചിരുന്നു. പക്ഷേ, ഇത്ര ചെറിയ അടിക്കൊക്കെ ഇങ്ങനെ വലിയ ബിൾഡ് അപ്പ് കൊടുക്കേണ്ട ആവശ്യമുണ്ടോ എന്നു മനസ്സിലിരുന്നാരോ ചോദിച്ചപ്പോൾ നിലാവെളിച്ചത്തിൽ ആകെ നാണിച്ചുപോയി ഞാൻ. അപ്പോൾ മാത്രം ആകെ നനവിൽ വല്ലാത്ത ഒരു കുളിര് ശരീരമാകെ പടർന്നു.
വീട്ടിൽ ചെല്ലുമ്പോൾ ആകെ നനവിന് ഒരുത്തരം പറയേണ്ടിവരും എന്ന ചിന്തയിലാണ് തുടർന്നങ്ങോട്ട് വണ്ടിയോടിച്ചത്. മാത്രമല്ല ഞാൻ തിരുവനന്തപുരത്ത് ടെസ്റ്റിന് പോയത് അയൽവക്കമെല്ലാം അറിയുകയും ചെയ്യാം. തിരിച്ചുവന്ന സമയവും പ്രശ്നമാണ്. കളവ് പറയുമ്പോൾ ശ്രദ്ധിച്ചു പറയണം കയ്യീന്ന് പോയാൽ അതിൽപ്പിടിച്ചു കൂടുതൽ കൂടുതൽ കളവുകൾ മുത്തുകോർക്കുന്നതുപോലെ കോർക്കേണ്ടി വരും. ഭാവിയിൽ എന്ത് സംഭവിച്ചാലും ഒന്നും സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ടെസ്റ്റുകളിൽ പ്രതീക്ഷക്ക് വകയുള്ള ഒന്നാണ് കഴിഞ്ഞത്. കൈവിട്ട് കളിച്ചില്ലെങ്കിൽ കൈവിട്ടു പോകുമെന്ന് തോന്നി. സംഭവിക്കാൻ സാധ്യതയുള്ളത്തിന്റെ അങ്ങേയറ്റംവരെ ചിന്തിച്ചു. അങ്ങനെ ചിന്തിച്ച് തോടിന് സമാന്തരമായി വീട്ടിലേക്ക് തിരിയുന്ന ഇടറോഡിലേക്ക് കയറിയതും എവിടുന്നെന്നറിയില്ല ഒരു പട്ടി വണ്ടിക്കു നേരെ കുരച്ചുകൊണ്ട് വന്നു. വെപ്രാളത്തിൽ വണ്ടി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡിന് സമാന്തരമായി കിടക്കുന്ന ഇടത്തോട്ടിലേക്ക് വണ്ടിയും ഞാനും പതിച്ചു. വീഴുന്ന സമയം അബദ്ധത്തിലടിച്ച ഹോണടിയും പട്ടിയുടെ കുരയും കേട്ടിട്ടാവണം ജലോപരിതലത്തിലേക്ക് ഞാൻ പൊങ്ങിവന്നപ്പോൾ രണ്ടുപേർ, അയല്പക്കക്കാർ ഓടിവരുന്നുണ്ടായിരുന്നു. അന്ന് രാത്രിയിൽ അവരെ കയ്യൊഴിഞ്ഞ ഉറക്കത്തിനോട് നന്ദി പറഞ്ഞുകൊണ്ട് അടുത്തുവന്നപ്പോൾ അവരിലൊരാൾക്ക് നേരെ ഞാൻ കൈനീട്ടി. തോട്ടിൽ നിന്നും കയറാൻ അവരെന്നെ സഹായിച്ചു. പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു. വീണത് വിദ്യ. രാത്രിയായതുകൊണ്ടു പേടിച്ചു പറപ്പിച്ചുവരുമ്പോൾ പട്ടികുറുകേ ചാടിയ കഥ, അല്ല സത്യം. ഒടുവിൽ വണ്ടി നാളെ തോട്ടിൽ നിന്നുമെടുക്കാം എന്ന തീരുമാനമെടുത്തു വീട്ടിലേക്ക്, അവർക്കുള്ള മറുപടിയായല്ലോ. ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നേ… ഒരായിരം നന്ദിയും.
4, രണ്ടാമാൾ
വിജനമായ റോഡിൽക്കൂടി ഭാവിയെപ്പറ്റി ഒരു ധാരണയുമില്ലാതെ വണ്ടിയോടിക്കുമ്പോൾ പിന്നിൽ നിന്ന് അലക്സിന്റെ കൂർക്കം വലി കേട്ടുതുടങ്ങി. ദേഷ്യവും സങ്കടവുമെല്ലാം വന്നെങ്കിലും വയറിന്റെ നഗ്നതയിൽ അയാളുടെ കയ്യിലിരുന്ന കത്തിയുടെ തണുത്ത സ്പർശം ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നതിനാൽ വശംവദയാകുകയല്ലാതെ മറ്റൊരു മാർഗ്ഗം മുന്നിലുണ്ടായിരുന്നില്ല. വന്നത് തന്നെ തെറ്റായിപ്പോയെന്നിരിക്കെ പാർട്ടിക്ക് വരുമ്പോൾ സാരിയുടുക്കാൻ തോന്നിയ നിമിഷത്തിനെ ഞാൻ പ്രാകി.
വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് പത്തുമിനിറ്റിലേറെയായി. സമയം അർദ്ധരാത്രിയായതുകൊണ്ടും ഗ്രാമപ്രദേശമായതുകൊണ്ടും. റോഡിലെങ്ങും ആരുമുണ്ടായിരുന്നില്ല. പിന്നെന്താണ് ഇയാൾ അടുത്ത സ്റ്റെപ് എടുക്കാതെ കാക്കുന്നത് എന്നെനിക്ക് സംശയമായി. അയാൾ അടുത്ത സ്റ്റെപ് എടുത്താലെ രക്ഷപെടാൻ ഒരു സാധ്യതയുള്ളൂ. പിന്നിൽനിന്ന് ക്രമമായി ഉയരുന്ന അലക്സിന്റെ കൂർക്കം വലിയുടെ താളം വല്ലാത്ത ഒരു അസ്വസ്ഥതയിലേക്ക് എന്നെ നയിച്ചു. ഇടക്ക് ഒന്നു പാളിനോക്കിയപ്പോൾ അയാളുടെ കണ്ണുകൾ എന്റെ ശരീരത്തുതന്നെയാണെന്നു മനസ്സിലായി. ഒരുപക്ഷേ അയാൾക്കറിയാവുന്ന ഒരിടമെത്താൻ ക്ഷമയോടെ കാത്തിരിക്കുന്നപോലെയെനിക്ക് തോന്നി. പെട്ടന്ന് അയാളെന്നോട് ഹെഡ്ലൈറ്റ് ഓഫ് ചെയ്തു റോഡരികിൽ കണ്ട ഒരു ഒഴിഞ്ഞ ഒരു പറമ്പിലേക്ക് വണ്ടികയറ്റുവാൻ ആജ്ഞാപിച്ചു. അയാളുടെ കത്തി ചിത്രം വര അവസാനിപ്പിച്ചിരുന്നു. വിറച്ചുപോയെങ്കിലും വീണ്ടുമമർന്ന കത്തിയുടെ തണുപ്പിൽ എന്റെ ചലനങ്ങൾ അയാളെ അനുസരിച്ചു. ലൈറ്റ് ഓഫ് ചെയ്ത് കണ്ണ് ഇരുട്ടിനോട് താദാത്മ്യം പ്രാപിച്ച ശേഷം വണ്ടി പറമ്പിലേക്ക് കയറ്റി ഒരു മരത്തിന്റെ ചുവട്ടിൽ നിർത്തി. ചുറ്റും നോക്കി വിജനമായ സ്ഥലം. ഒറ്റ വീടുകൾ പോലുമില്ല. പറമ്പിലേക്ക് കയറുന്നതിനു മുന്നേ കുറെ മുന്നിലായി ഒരു സ്ട്രീറ്റ് ലൈറ്റുള്ള കവല കണ്ടിരുന്നു. അതൊഴിച്ചാൽ ആ പറമ്പ് അയാളുടെ ഉദ്ദേശം നിറവേറ്റാൻ പറ്റിയ സ്ഥലമായിരുന്നു. ഇനി രക്ഷപെടണമെങ്കിൽ വിശ്വസിച്ച ദൈവങ്ങളോ കെട്ടിയ ഭർത്താവോ വരില്ല എന്ന ഉറച്ച ബോധ്യം എന്നിലുണ്ടായി. ആർത്തിപൂണ്ടടുത്ത മദ്യം മണക്കുന്ന മുഖത്തിൽ നിന്നും ഒഴിഞ്ഞുമാറാതെ ആവേശത്തോടെ തിരിച്ചു ചുംബിച്ചപ്പോൾ അയാളിലുണ്ടായ ഞെട്ടൽ എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. വയറിലെ തണുത്ത ചിത്രരചന അവസാനിച്ച് ഇളം ചൂടുള്ള പരുക്കൻ വിരലുകൾ രംഗപ്രവേശം ചെയ്തതും ഇരുട്ടിനോട് താദാത്മ്യം പ്രാപിച്ച കണ്ണുകൾ ആ കച്ചിത്തുരുമ്പിനായി പരതി. മുൻ സീറ്റുകളുടെ പരിമിതിയിലും ആർത്തിയോടെ അയാളെന്നെ വരിഞ്ഞുമുറുക്കുമ്പോൾ അയാൾക്ക് പിന്നിൽ സീറ്റിൽ ഒരു തിളക്കത്തോടെ അത് മിന്നി, അയാളുടെ കത്തി.
ഇച്ഛാഭംഗത്തോടെ കാറിൽ നിന്നുമയാൾ ഇറങ്ങുന്നത് കണ്ടതാസ്വദിച്ചതോളം ഒരു രതിമൂർച്ഛയും എന്നെ തൊട്ടിട്ടില്ലെന്ന് എനിക്കപ്പോൾ തോന്നി. അയാൾ ഇറങ്ങിയപാടെ വണ്ടി ലോക്ക് ചെയ്യുമ്പോൾ തുടർന്നുള്ള ജീവിതത്തിനെപ്പറ്റി ഞാൻ ഒരു തീരുമാനം എടുത്തിരുന്നു. പിന്നിലഗാധ നിദ്രയിൽ ലയിച്ചിരുന്ന അലക്സിനെ പുച്ഛത്തോടെ നോക്കി വണ്ടി റിവേഴ്സിൽ ഇടുമ്പോൾ പുറത്തു അയാൾ പതിഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. പൂർണ്ണമായും ഉയർന്ന ഗ്ലാസ് തന്ന ശബ്ദമോ സ്പർശമോ ഉള്ളിലേക്ക് കടക്കാത്ത സുരക്ഷിതത്വം ആസ്വദിച്ചു ഞാൻ വണ്ടി മുന്നിലേക്ക് എടുത്തു. തൊട്ടടുത്തു കണ്ട മുക്കവലയിൽ നിന്നും നേരെ പോകുന്ന ആലപ്പുഴ റൂട്ട് ഒഴിവാക്കി ചങ്ങാനാശ്ശേരിക്കു പോകുന്ന ഇടത്തേ റോഡിലേക്ക് തിരിയുമ്പോൾ റിയർ വ്യൂ മിററിൽ അയാളുടെ അവസാന ദൃശ്യം കണ്ടു.
5, മൂന്നാമാൾ
എം.സി റോഡിൽ തിരുവല്ല ലക്ഷ്യമാക്കി ഒരു കാർ ഓടുമ്പോൾ കുട്ടനാട്ടിൽ പലതിലൊരിടത്തോടിനടിയിൽ കുഞ്ഞുമീനുകളുടെ ഇക്കിളിയിടലിൽ അലിഞ്ഞലിഞ്ഞു ഇല്ലാതാവുകയായിരുന്നു ഒരു സ്കൂട്ടർ. അന്നേരം മുക്കവലയിൽ ടാർ റോഡിനെ ചുംബിച്ചുകൊണ്ടു കിടന്നയാൾക്ക് പക്ഷേ ശ്വാസമില്ലായിരുന്നു.
നല്ല എഴുത്ത് 👌
❤️
👌
Nice read! 🙂
മികച്ച രീതിയിലുള്ള എഴുത്ത്. വായനക്കാരനെ കഥാകാരന്റെ ലോകത്തേക്ക് എത്തിയ്ക്കുന്നുണ്ട്
അതിമനോഹരം, വായനക്കാരനെ കാഴ്ചകൾക്കപ്പുറം എത്തിയ്ക്കാൻ എഴുത്തുകാരന് സാധിച്ചു.
Nice story 👌.
നല്ല കഥ ….. അഭിനന്ദനങ്ങൾ