ഒരു ദിവസത്തിന്റെ എല്ലാ ക്ഷീണങ്ങളും ഇല്ലാതാക്കുന്നത് രാത്രി മയക്കം ആണല്ലോ അതുകൊണ്ട് ആമി അന്ന് നേരത്തെ കിടന്നു. കിടന്നു എന്ന് പറഞ്ഞാൽ തന്റെ ഒരുവശം മാത്രം കേൾക്കുന്ന ഹെഡ്സെറ്റ് ചെവിയിൽ വെച്ചുകൊണ്ടാണ് മയക്കത്തിലേക്ക് പതിയെ വീണത് . ഹെഡ്സെറ്റ് വേറെ ഉണ്ടങ്കിലും പ്രിയ കൂട്ടുകാരി സമ്മാനിച്ച ഹെഡ്സെറ്റിനോട് എന്തോ ഒരു പ്രിയ ഇഷ്ടമുണ്ട് ആമിക്ക്. അല്ല പഴയതിനെയെല്ലാം ഒരുപാട് ഇഷ്ട്ടപെടുന്ന പുതിയ ലോകത്തു ജീവിക്കുന്ന ആമിക്ക്.കേൾക്കുന്ന പാട്ടാകട്ടെ “പുലരാൻ തുടങ്ങുമൊരു രാത്രിയിൽ പതിയെ മിഴി വാർക്കവേ”. സമ്മർ ഇൻ ബത്ലഹേം ലെ പാട്ട്.ആമി പറയും ഒരുപാട് സന്തോഷം ഉള്ളപ്പോലും , സങ്കടത്തിലും അല്ലെങ്കിൽ ഇതോന്നും അല്ലാത്ത ഒരു വികാരവും ഇല്ലാതിരിക്കുന്ന സമയത്തും ഒരു സുഖമാണ് ഈ പാട്ട് കേൾക്കുമ്പോൾ . ആമി ഏതാണ്ട് നിദ്രയിലേക്ക് എത്തി. പാട്ട് നിന്നു, ഫോൺ പെട്ടെന്ന് റിങ് ചെയ്യാൻ തുടങ്ങി.
“അനു നീ എപ്പോഴും എങ്ങനെയാണ് ഈ കറക്റ്റ് സമയം നോക്കി വിളിക്കുന്നെ ഞാൻ ആ പാട്ടൊന്ന് കേട്ട് വരുവായിരുന്നു”
ആമി തന്റെ പ്രിയ സുഹൃത്തിനോട് പരിഭവം പ്രകടിപ്പിച്ചു .
“എനിക്കറിയാം നീ ഏത് പാട്ടാണ് കേൾക്കുന്നത് എന്ന്. ആമി ഈ പാട്ട് കേട്ട് കേട്ട് നിനക്ക് മതിയാകുന്നില്ലേ ? . ഒരു ദിവസം തന്നെ എത്ര തവണയാണ് നീ ഈ പാട്ട് കേൾക്കുന്നത് .ഇനി നിനക്ക് ആ സിനിമയിലെ അതേ കഥാപാത്രത്തിന്റെ പേരായത് കൊണ്ടാണോ നിനക്ക് ഈ പാട്ട് ഇത്രയും ഇഷ്ടം…അതോ.. “
അനു സംസാരിക്കാൻ തുടങ്ങിയാൽ നിർത്തില്ല എന്ന് ആമിക്ക് നല്ലോണം അറിയാം. അതുകൊണ്ട് ആമി അനുവിന്റെ സംസാരത്തിന് ഒരു ഫുൾസ്റ്റോപ്പ് ഇട്ടു .
.”മതി മതി അനു ….. ഇനി വിളിച്ച കാര്യം പറയൂ അതും ഈ നട്ടപ്പാതിരാക്ക് എന്റെ ഉറക്കം കളയാനായിട്ട് ?”
“എന്താണ് ഇന്ന് ശബ്ദത്തിന് ഇത്ര കനകൂടുതൽ എന്തുപറ്റി വീട്ടിൽ ഇന്നും ഏട്ടനും അമ്മയും ആയിട്ട് വഴക്കിണ്ടായോ” അനു ചോദിച്ചു .
അനുവും ആമിയും കോളേജ് തൊട്ട് ഒരുമിച്ച് പഠിച്ചവർ എന്നാൽ അതിത്ര നല്ല സൗഹൃദമായി തുടങ്ങിയത് ക്യാമ്പസ് സെലക്ഷൻ വഴി രണ്ടു പേർക്കും ഒരേ കോളേജിൽ നിന്ന് ഒരേ നഗരത്തിൽ ജോലി കിട്ടി ഒരേ ഹോസ്റ്റലിൽ താമസിക്കാൻ തുടങ്ങിയപ്പോ തൊട്ട് ആയിരിക്കണം.രണ്ടുപേരും അവർക്ക് ഇഷ്ടപ്പെട്ട മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നതു മാത്രമാണ് അനുവും ആമിയും തമ്മിലുള്ള ഏക സാമ്യം. സ്വഭാവത്തിലും ചിന്തയിലും കാഴ്ചപ്പാടുകളിലും വ്യത്യാസമുള്ള രണ്ട് മനുഷ്യർ. എങ്കിലും ഇതൊന്നും അവരുടെ സൗഹൃദത്തിനു ഒരിക്കലും ഒരു തടസ്സമായി ഇരുവർക്കും തോന്നിയിട്ടില്ല. ആമിക്ക് തന്റെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളോടും എന്തിന് തൻറെ ജീവിതത്തിനോട് തന്നെ പരിഭവമാണ്.അതെ തന്റെ വേദനകൾ ആണ് ഏറ്റവും വലുതെന്നും തനിക് ചുറ്റുമുള്ളവരെല്ലാം സന്തോഷത്തോടു ജീവിക്കുന്നു എന്ന കരുതുന്ന ഭൂരിഭാഗം മനുഷ്യരുടെയും പ്രതീകം ആണ് ആമി.ഏത് മനുഷ്യന്റെ അവസ്ഥ ആണ് കൂടുതൽ കഷ്ടം നിറഞ്ഞത് എന്ന് തുലാസിൽ വെച്ച് നോക്കാൻ കഴിയാത്തിടത്തോളം മനുഷ്യന്റെ ഈ ചിന്തകൾ തെറ്റെന്നോ ശരിയെന്നോ പറയാൻ ആവില്ലല്ലോ .
“ഹലോ ആമി നീ എന്താ ഒന്നും മിണ്ടാത്തെ.”
” ഏയ് ഒന്നുമില്ല അനു…. വീട്ടിൽ ഫിനാൻഷ്യൽ പ്രോബ്ലെംസ് വളരെ കൂടുതലാണ് പിന്നെ ഈ മാറാത്ത അസുഖങ്ങളും ഒന്നും വിട്ടു പോകുന്നില്ല…. ഇന്ന് വെള്ളിയാഴ്ച ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് വന്നു കേറിയപ്പോഴേക്കും ഇതൊക്കെയാ കേട്ടത് മനസ്സാകെ സുഖമില്ലാതെയായി അതുകൊണ്ട് ഞാൻ അങ്ങനെ സംസാരിച്ചത് ” പറഞ്ഞുകൊണ്ട് ആമി നെടുവീർപ്പിട്ടു
വീണ്ടും ആമി തുടർന്നു “ചിലപ്പോഴൊക്കെ തോന്നും നിൻറെ ജീവിതമാണ് സുഖമെന്ന് നിൻറെ വീട്ടിൽ ആരും ഇതൊന്നും സംസാരിക്കാർ പോലും ഇല്ലാലോ “
“ദാ ഇതായിരുന്നോ കാര്യം “അനു ചിരിച്ചു .
ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉള്ള അനുവിന്റെ ചിരി ആമിയിൽ ദേഷ്യം ഉളവാക്കാറുണ്ട് . ദേഷ്യം കടിച്ചമർത്തി ആമി ആവർത്തിച്ചു.
“എന്തിനാണ് നീ ഈ നട്ടപ്പാതിരാക്കി ഉറക്കം കളയാനായി വിളിച്ചത് ?”
“ആമി ഇന്ന് വെള്ളിയാഴ്ചയല്ലേ രണ്ടുദിവസം അവധി നമുക്ക് അനന്തു പറഞ്ഞ അവൻറെ തറവാട് കാണാൻ ഒന്ന് പോയാലോ അവിടെ നമ്മുടെ പഴയ കോളേജ് ടീം മൊത്തമായിട്ടുള്ള യാത്രയാണ് കുറെ സ്ഥലങ്ങളും കാണാനുണ്ടെന്നാണ് അവൻ പറഞ്ഞത് വലിയ ചിലവില്ലാത്ത ട്രിപ്പാണ് കോളേജ് ഫ്രണ്ട്സ് എല്ലാരും പുറപ്പെട്ടിട്ടുണ്ട് . ഞാൻ രാവിലെ നേരത്തെ നിന്റെ വീട്ടിലെത്താം നമുക്ക് രണ്ടുപേർക്കും അവിടെനിന്ന് ബസ് കയറിയാൽ ഒരു അഞ്ചുമണിക്കൂർ തറവാട്ടിൽ എത്താം എന്നാണ് അനന്തു പറഞ്ഞത് എന്താ നമുക്ക് പോയാലോ?”.
ആമി കുറച്ചുനേരം ആലോചനയിൽ ആഴ്ന്നിറങ്ങി . ശരിയാണ് ആമിതുടർന്നു നൂറു നാവാണ് ആ സ്ഥലത്തെക്കുറിച്ച് പറയുമ്പോൾ അനന്ദുവിനു ആമ്പൽപൂവ് വിരിയുന്ന നടുക്ക് കുളമുള്ള ഒരു പ്രത്യേക രീതിയിൽ ഓട് മേഞ്ഞ അനന്തുവിൻറെ തറവാട് .മരങ്ങളാൽ ചുറ്റപ്പെട്ട പവിഴമല്ലി വീണു കിടക്കുന്ന വഴിപാത. രാവിലെ എണീക്കുന്നത് തന്നെ കിളികളുടെ മധുരമുള്ള പാട്ട് കേട്ട് മുറ്റത്തുതന്നെ നേരെ നോക്കിയാൽ കാണുന്ന കുടുംബ ക്ഷേത്രം . അമ്പലമാകട്ടെ പടത്താൽ ചുറ്റപ്പെട്ടത് പിന്നെ ഒരു ആൽമരം ഉണ്ട് അമ്പലത്തിൽ മുന്നിലായി എത്രനേരം ഇവിടെ ഇരുന്നാലും മതിവരില്ല കാറ്റിനു പോലും ഇത്രമാത്രം സുഗന്ധം ഉണ്ടെന്ന് തിരിച്ചറിയണമെങ്കിൽ അവിടെ പോയി ഇരിക്കണം. പറഞ്ഞാലും പറഞ്ഞാലും തീരില്ല അനന്തുവിൻറെ തറവാടിന്റെ വിവരണം
. കുറച്ചു നിമിഷം കൊണ്ട് ആമി ഇതെല്ലാം ഓർതെടുത്തു .
” അനു നമുക്ക് നാളെത്തന്നെ പോകാം.”
പുലർച്ച് നാലുമണി ആയി കാണും ആമിയും അനുവും ബസ്സിന്റെ അടുത്തടുത്തുള്ള സീറ്റുകളിൽ സ്ഥാനമുറപ്പിച്ചു മിക്കവരെയും പോലെ സൈഡ് സീറ്റിനോട് ഇഷ്ടം കൂടുതലാണ് ആമിക്ക് .പാഞ്ഞു പോകുന്ന ബസ്സിൽ വിൻഡോ കമ്പികളിൽ തട്ടിവരുന്ന തണുത്ത കാറ്റ് മുഖത്തിനെയും മനസ്സിനെയും ഒരുമിച്ചു കുളിരുപകരും. അനു ഉള്ളതുകൊണ്ട് ആമി തന്റെ ഹെഡ്സെറ്റ് ചെവിയിൽ വെച്ചില്ല കാരണം അനുവിനെ ഒരുപാട് വർത്തമാനം പറയാനുണ്ടാകും അതിനിടയിൽ ആമി പാട്ടു കേട്ടിരുന്ന അനുവിനെ ദേഷ്യം വരും.
” നോക്കു അനു ഈ നെൽപ്പാടങ്ങൾ എന്ത് രസമാണ് കാണാൻ കുറെ കുട്ടിപ്പട്ടാളങ്ങൾ വരമ്പത്തു കൂടി നടക്കുന്നുണ്ട് “
ബസ്സിൽ ഇരുന്ന് ആമി താൻ കണ്ട വഴിയോര കാഴ്ചയെ അനുവിന് കൂടെ കാണിച്ചു കൊടുത്തു.
ഇനി ഒരു 3 മണിക്കൂർ കൂടെ ബസിൽ ഇരിക്കണം അനന്ദു പറഞ്ഞ സ്ഥലം എത്താനായി.
” അല്ല അനു നിൻറെ വീട് ഇവിടെ ഈ സ്ഥലത്തിന് അടുത്ത് എന്നല്ലേ നീ പറഞ്ഞത് “? . ഒരു കടയുടെ ബോര്ഡില് കണ്ട സ്ഥല പേര് കണ്ടു ആമി ചോദിച്ചു
“അത് ആമി….”
അനു പറഞ്ഞു തുടങ്ങിയപ്പോഴേക്കും ബസ് പെട്ടെന്ന് നിന്നു ഡ്രൈവർ ബസ് വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഡ്രൈവറും കണ്ടക്ടറും തങ്ങളുടെ 5 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തിനോടുവിൽ യാത്രക്കാരെ അറിയിച്ചു .”ഇനി അടുത്ത ബസ് വരുന്നവരെ നിങ്ങൾ പുറത്തിറങ്ങി കാത്തു നിൽക്കണം .”
ബസിൽ ആകെ ബഹളവും ചർച്ചയും ആയി
“പാപി ചെല്ലുന്ന ഇടം പാതാളം എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പൊ അനുഭവിക്കുകയും ചെയ്തു വാ ഇറങ്ങു അനു .നമ്മൾ എന്ത് ചെയ്യാൻ തുടങ്ങിയാലും ഇങ്ങനെ തന്നെയാണല്ലോ അനു.”
ആമി ബാഗ് എല്ലാം പൊക്കി ബസ്സിൽ നിന്നിറങ്ങി കൂടെ അനുവും
” ഇതൊക്കെ ഒരു രസമല്ലേ ആമി അതുകൊണ്ട് നമുക്ക് ഈ വയലും തോടും വരമ്പും എല്ലാം കാണാൻ പറ്റി “
അനു ചിരിച്ചുകൊണ്ട് പറഞ്ഞു .
“അതെ അതെ ഈ ഭാരമുള്ള ബാഗുമേറ്റിക്കൊണ്ട് ഇവിടെ നിൽക്കാൻ നല്ല സുഖമാണല്ലോ “
മുഖവും നെറ്റിയും ചുളിച്ചുകൊണ്ട് ആമി പറഞ്ഞു നിർത്തി .
പെട്ടെന്ന് വീശി ഒരു നേരിയ കാറ്റ് സന്ദർഭത്തെ കുറിച്ച് ശാന്തമാക്കി കുറച്ചുനേരം നീണ്ടുനിന്ന സുഖമുള്ള നിശബ്ദത.
“എടൊ അനു ഇനി എപ്പോഴാ ബസ്സുവരാന്നു അറിയില്ല നിന്ന് മുഷിഞ്ഞു .നമുക്ക് ഒരു ഓട്ടോ പിടിച്ച് തന്റെ വീട്ടിലേക്ക് പോയാലോ എന്നിട്ട് കുറച്ചു നേരം വിശ്രമിച്ചു തിരിച്ചു വരാം അങ്ങനെ ചെയ്താലോ?”
അനുവിന്റെ മുഖം ചെറുതായി ഒന്നു മങ്ങി .
“അതു ഞാൻ വീട്ടിൽ വരുമെന്ന് പറഞ്ഞിട്ടില്ലല്ലോ പെട്ടെന്ന് കേറി ചെല്ലുമ്പോൾ അവിടെ അത്….”.
“എൻറെ അനു എടോ അത് തന്റെ സ്വന്തം വീടല്ലേ അവിടേക്ക് ചെല്ലാൻ നിനക്ക് ആരുടെ അനുവാദമാണ് വേണ്ടത് ഞാനാണെങ്കിൽ ഇന്നേവരെ നിന്നെ വീട് കണ്ടിട്ടുമില്ല നമുക്ക് വേഗം അവിടേക്ക് പോകാം ” പറഞ്ഞുകൊണ്ട് ആമി ചുറ്റും ഓട്ടോ കാണുന്നുണ്ടോ എന്ന് പരതി .ആദ്യം കണ്ട ഓട്ടോയ്ക്ക് തന്നെ കൈക്കാട്ടി നിർത്തി .
” അനു സ്ഥലത്തിൻറെ പേര് പറഞ്ഞു കൊടുക്ക് ഓട്ടോ ചേട്ടന് “
അനു ബാഗിൽ നിന്ന് തന്റെ ഫോൺ എടുത്തു .ഫോണിൽ ഉള്ള അഡ്രസ് ഓട്ടോ ഡ്രൈവർക്കു നേരെ നീട്ടി .ഒരു 30 മിനിട്ട് നീണ്ടുനിന്ന യാത്രയായിരുന്നു അത് വഴിയിലൂടെ ഉടനീളം നിശബ്ദമായിരുന്ന അനുവിനെ ആമി ശ്രദ്ധിച്ചു പരസ്പരം പരിചയപ്പെട്ടതിനുശേഷം ആദ്യമായിട്ടാണ് അനുവിനെ ഇങ്ങനെ ഒന്നും മിണ്ടാതെ കാണുന്നത് .”എന്തുപറ്റി അനു? …എന്താ ഒന്നും മിണ്ടാതെ ? “
ആമിയുടെ ചോദ്യം അനുവിന്റെ കാടുകയറിയ ആലോചനകൾക്ക് വിരാമമിട്ടു .”വെറുതെ എന്തോ ആലോചിക്കുകയായിരുന്നു ………എൻറെ വീട് എത്താറായി ” അനു പറഞ്ഞു
ഡ്രൈവർക്ക് പൈസയും ഒരു പുഞ്ചിരിയും സമ്മാനിച്ചുകൊണ്ട് അവർ ബാഗ് എടുത്ത് ഓട്ടോയിൽ നിന്ന് ഇറങ്ങി.
” അനു ഏതാണ് നിന്റെ വീട്.?. ….
വെള്ള അക്ഷരത്തിൽ നീല പ്രതലത്തിൽ എഴുതിയ സെമി സർക്കിൾ ആകൃതിയിലുള്ള ആ ബോർഡിന് നേരെ അനു വിരൽ ചൂണ്ടി
.” ആമി അതാണ് എൻറെ വീട് “
ആമി ആ ബോർഡ് വായിച്ചു “അനാഥമന്ദിരം …”
കുറച്ചുനേരത്തേക്ക് ആമിക്ക് തന്നെ നാവിന്റെ ശേഷി നഷ്ടപ്പെട്ട പോലെ അനുഭവപ്പെട്ടിരിക്കണം അവളുടെ കാലുകൾക്ക് മുന്നോട്ട് ചലിക്കുവാനും കഴിയുന്നുണ്ടായിരുന്നില്ല തന്റെ കാതുകൾ കേട്ടത് എന്താണ് സത്യമാണോ നുണയോ എന്നറിയാതെ അവിടെ ഒരു മരവിച്ച ഒരവസ്ഥയിൽ ആമി നിന്നു അത് നുണയായിരിക്കണേ എന്ന് അവളുടെ മനസ്സ് ഒരായിരം വട്ടം കൊതിച്ചു കാണണം
“വായോ ആമി ” അനു ആമിയുടെ കൈപിടിച്ചുകൊണ്ട് അവളെ മുന്നോട്ടു നടത്തി.
അനുവിനെ കണ്ട ഉടൻ അകത്തുനിന്ന് മദർ മരിയ ഓടിവന്ന അനുവിനെ നെഞ്ചോട് ചേർത്ത് അവളുടെ മുടിയിൽ തലോടി ഒരു അമ്മയുടെ എല്ലാ സ്നേഹ വാത്സല്യങ്ങളും ആ തലോടലിൽ ഉണ്ടായിരിക്കണം .മദർ ഇവിടത്തെ മാനേജറാണ് മറ്റ് മന്ദിരവാസികളായ കുറെ സഹജീവികൾ അമ്മയുടെയും അച്ഛന്റെയും സഹോദരങ്ങളുടെയും പ്രായമുള്ള കുറെ മനുഷ്യന്മാർ അനുവിനെ കണ്ടു വിശേഷങ്ങൾ തിരക്കാൻ തുടങ്ങി .
ഇതെല്ലാം ആമി തൻറെ ഒരു മരവിച്ച അവസ്ഥയിൽ കണ്ടുനിൽക്കുക മാത്രം ചെയ്തു .
അനു ആമിക്ക് അവരെയെല്ലാം പരിചയപ്പെടുത്തി കൊടുത്തു .
ആമി അവിടെ ഉള്ള ഒരു ഗാർഡനിലെ കിളിക്കൂട് നോക്കി നിന്നു പെട്ടെന്ന് ഒരു കൈ അവളുടെ തോളത്ത് തട്ടി വിളിച്ചു .തിരിഞ്ഞു നോക്കിയപ്പോൾ മദർ മരിയ .എവിടെയൊക്കെയോ അനുവിന്റെ അതേ പുഞ്ചിരി മദർ മരിയയിലും ആമി കണ്ടു .ഒരുപക്ഷേ ഇവരിൽ നിന്നായിരിക്കണം ഇങ്ങനെ പുഞ്ചിരിക്കാൻ അനു പഠിച്ചത് . “മദർ എനിക്ക് “………….
“ചോദിച്ചോളൂ ആമി മടിക്കേണ്ട…”
“മദർ അനുവിന്റെ വീട്ടുകാർ …..അവൾ വാതോരാതെ സംസാരിക്കുന്ന വീട്ടുക്കാർ എല്ലാവരും എവിടെയാണ്?…..”
” അനുവിന്റെ വീട് ഇതാണ് ആമി അനുവിന് നാല് വയസ്സിൽ ഒരു ആക്സിഡന്റിൽ നഷ്ടപ്പെട്ടതാണ് അനുവിന് തൻറെ വീട്ടുകാർ അന്ന് തൊട്ട് ഇന്നുവരെ അനുവിന്റെ വീടും കുടുബവും ഞങ്ങൾ ഓരോരുത്തരുമാണ് അവൾ ഇവിടെ സന്തുഷ്ടയാണ് കാരണം ഇവിടെ എല്ലാരും അവളെ ഒരുപാടു ഇഷ്ടപ്പെടുന്നുണ്ട്. ഉള്ളിൽ ഒരുപാട് സ്നേഹം ഉണ്ടായിട്ടും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലാതെ ആയിപ്പോയ ഒരുപാട് മനുഷ്യർക്കിടയിലാണ് അനു ജീവിക്കുന്നത് അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കണ്ണിൽ അവൾ അനാഥയാണെങ്കിലും അവൾ സനാഥയാണ് ഞങ്ങളുടെ അനു” .
ആമിയുടെ കണ്ണിൽനിന്ന് കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു ഓടിപ്പോയി ആമി അനുവിനെ കെട്ടിപ്പിടിച്ചു “ഞാൻ ഹാപ്പിയാണ് ആമി എൻറെ ജീവിതത്തിൽ എനിക്ക് കിട്ടിയ എല്ലാത്തിനോടും ഞാൻ ഹാപ്പിയാണ് “….
അന്ന് ആമി ഉറങ്ങാൻ കിടന്നപ്പോൾ അതേ പാട്ട് വീണ്ടും കേട്ട് കിടന്നു .” പുലരാൻ തുടങ്ങും ഒരു രാത്രിയിൽ തനിയെ കിടന്നു മിഴി വർക്കവേ “പക്ഷേ ഇന്ന് ആ പാട്ടിനൊപ്പം ആമിയുടെ മുഖത്ത് ഒരു പുഞ്ചിരിയാണ് ഒരുപക്ഷേ അനു സമ്മാനിച്ച അതേ പുഞ്ചിരി…….