സതീശൻ മേസ്തിരി പതിവ് പോലെ വർക് ഷാപ്പിന്റെ മുമ്പില് വന്ന് നിന്നിട്ട് നീട്ടിയൊരു ‘കൂയ്’ വിട്ടു. ഒരു കോള് ഒത്തതിന്റെ സിഗ്നൽ കേട്ട് ഷെഡിന്റെ തെക്കേ മൂലയ്ക്ക് കുന്തിച്ചിരുന്നു കാജാ വലിച്ചോണ്ടിരുന്ന ചന്ദ്രു പതുക്കെ എണീറ്റു.

“ഡാ, പിള്ളേരെ എറക്കണം. നമ്മടെ ബാലു സ്വാമിയില്ലെ, അങ്ങേരടെ ആ ബ്ലോക്ക് കവലേൽ ഇരിക്കണ രണ്ടു നെല കെട്ടിടമൊണ്ടല്ലോ. അതിന്റെ ഒരു കടമുറി ഒഴിപ്പിക്കണം. ഒരുത്തൻ അവടെ മുറി എടുത്തിട്ടേച്ച് എന്നാണ്ട് കച്ചോടവൊന്നൊക്കെ പറഞ്ഞു മൊത്തം ഉടായിപ്പാ. കാശും കൊടുക്കുകേല, ഒഴിയത്തുമില്ല.”

സംഗതി കേട്ടതും നല്ല ഐശ്വര്യമൊള്ള ഒരു ആട്ടായിരുന്നു ചന്ദ്രുവിന്റെ വായീന്ന് വീണത്.

“ത്ഫൂ….ഒണ്ടാക്കി കൊണ്ട് വന്നേക്കണ്…പൂഞ്ഞാറ്റിലെ എടപാട്…ഇമ്മാതിരി തുപ്പല് പണി പിടിച്ചാ എനിക്കാ നാണക്കേട്. ചന്ദ്രൂന് ഈ നാട്ടില് ഒരു നെലേം വെലേം ഒണ്ടു മൈഗുണാപ്പാ. നീ പോയി വല്ല മഞ്ഞ മാറാത്ത പിള്ളേരോടും പറ. കൊറേ എണ്ണം ഒണ്ടല്ലോ ചട്ടമ്പീന്ന് പറഞ്ഞു നമ്മടെ ഒക്കെ പേര് കളയാനായിട്ട്.”

ചന്ദ്രു കൈലി ഒന്നൂടെ കേറ്റി കുത്തി തൊട നല്ലോണം ഒന്നു ചൊറിഞ്ഞു.

നീട്ടി ഒന്ന് തുപ്പിയേച്ച് അകത്തോട്ട് കേറാൻ തിരിഞ്ഞ ചന്ദ്രുവിനെ സതീശൻ പിടിച്ച് നിർത്തി.

“എടാ ഇതങ്ങനല്ല. ഇവമ്മാര് വരത്തമ്മാരാ. പൊടി വലിച്ചു കേറ്റി കണ്ണ് തിരിയാത്ത ഒരുത്തനൊണ്ട്. അവനാ ഒടക്കിടണത്. ഒരു വള്ളി പോലത്തെ ചെറുക്കനാ, പക്ഷെ അവൻ കരോട്ടായോ കുന്ഫുവോ ഏതാണ്ടാന്ന്. അവൻറെ നാട്ടിൽ കൊറേ കത്തിക്കുത്ത് കേസ് ഒക്കെ വേറേം ഒണ്ടെന്നാ കേട്ടേ. ഒരു വെടക്ക് ചെക്കൻ. അവൻ ഈ നാട്ടി നിന്നാ നിനക്കാ അതിൻറെ കേട്. മിന്നൽ ചന്ദ്രന് പെടുക്കു വെറച്ചിട്ടാ എടപെടാത്തെ എന്ന് പിള്ളേര് പറയും.”

മിന്നലിൻറെ പെടുക്ക് എന്ന ദൗർബല്യത്തിൽ പിടിച്ചാൽ മിന്നൽ ചാടി വീഴുമെന്ന് നന്നായി അറിയാവുന്ന മേസ്തിരി പിടുത്തം ഒന്നുകൂടി മുറുക്കിക്കൊണ്ട് തുടർന്നു:

“അല്ലെത്തന്നെ കൊറച്ചു കാലവായിട്ടു മിന്നലിന് ഷോ ലേശം കൊറവാന്നാ ചൊറിയന്മാര് പറയണേ. പണി മുഴുവൻ പിള്ളേരാ ചെയ്യണേന്ന്…”

“പ്‌ഫ എരപ്പാളീ…” എന്ന് പറഞ്ഞു തുടങ്ങി പിന്നങ്ങോട്ട് ഉഗ്രൻ തെറിയുടെ ഇടിയും മിന്നലുമായിരുന്നു മിന്നലിൻറെ മറുപടി.

തെറി കേട്ടെങ്കിലും മിന്നൽ വഴിക്കു വരുന്നതിന്റെ സന്തോഷത്തിൽ മേസ്തിരി ഉള്ളാലെ ചിരിച്ചു. അല്ലേലും മേസ്തിരിക്ക് തടിപ്പണിയെക്കാളും വഴങ്ങുന്നത് ഇമ്മാതിരി ഒപ്പിക്കൽ പണിയാ.

നല്ല മുറ്റ് കാട്ടു തടി പോലത്തെ മനുഷ്യരെ വാക്കിൻറെ ചിന്തേരിട്ട് മിനുക്കി തനിക്കു വേണ്ട പോലെ ഓരോന്ന് ചെയ്യിച്ചെടുക്കാൻ മേസ്തിരിയെ കഴിഞ്ഞേ വേറെ ആളുള്ളൂ.

“നീ ചൂടായിട്ട് കാര്യവൊന്നുമില്ല. നിന്നെ വിളിക്കണ്ട, ആരോമല് മതീന്ന് സാമി പറഞ്ഞതാ. എറങ്ങി അടിക്കണേൽ അവൻ തന്നെ വേണമെന്ന്. ഞാൻ പറഞ്ഞു കോപ്പാന്ന്. മിന്നലിൻറെ ചെറുക്കനാ അവൻ. മിന്നലിന്റെ അടുത്തൂന്ന് അടീം തടേം പഠിച്ചവൻ. അവൻ കുരുത്തമുള്ളോനാ. അവൻ പണി പിടിക്കണേൽ മിന്നല് പറയണം.”

ഇത് കേട്ടതും ചന്ദ്രുവിന്റെ കാലിൽകൂടി ഒരു തരിപ്പ് പാഞ്ഞു കേറി.

ആരോമൽ- ഇന്നലെ വന്ന കൊച്ചു ചെറുക്കൻ. അണ്ണാ അണ്ണനാ എൻറെ എല്ലാം എന്ന് നാഴികയ്ക്ക് നാൽപതു വട്ടം പറയുന്ന അരുമ ശിഷ്യൻ. കാര്യം ചൊറിഞ്ഞു കേറിയേലും മേസ്തിരി പറഞ്ഞതിലും കാര്യമുണ്ടെന്ന് ചന്ദ്രുവിന് തോന്നി.

കുറെ കൊല്ലമായിട്ട് നേരിട്ടിറങ്ങി കളിക്കാറില്ല. വേറൊന്നും കൊണ്ടല്ല. പിള്ളേര് കൊള്ളാം. കൊല്ലാൻ പറഞ്ഞാ കൊല്ലും. ചങ്കു പറിച്ചു തരുന്ന മിടുക്കമ്മാര്. പിന്നെ പഴയ പോലെ ഇറങ്ങിക്കളിക്കാൻ ഒരു ആവേശം അങ്ങിനെ തോന്നാറുമില്ല. എവിടെ ചെന്നാലും അഴിഞ്ഞു വീഴുന്ന മടക്കിക്കുത്തുകളും, സ്പെഷ്യൽ ചായയും, പോലീസ് സ്റ്റേഷനിൽ വരെ ഇരിക്കാൻ പ്രത്യേകം കസേരയും കിട്ടി തുടങ്ങിയതോടെ മിന്നൽ അങ്ങ് ആകാശത്തൂടെ ഇടയ്ക്കു പോകുന്നതല്ലാതെ മണ്ണിൽ ഇറങ്ങുന്നത് നന്നേ കുറഞ്ഞിരുന്നു. നല്ല വളക്കൂറൊള്ള മണ്ണില് മീശേം വയറും തഴച്ചു വളർന്നപ്പം മിന്നല് മിനുങ്ങിയങ്ങു ഒതുങ്ങി.

അതിന്റെ ഇടയ്ക്കാ ഈ പുതിയ ചെക്കൻ ആരോമൽ കേറി വന്നത്. പണിയിൽ അവനു സ്വന്തമായ ഒരു സ്റ്റൈലുണ്ട്. ഒരു പതിനഞ്ചു കൊല്ലം മുന്നത്തെ മിന്നലിനെ പോലെ.

നട്ടുച്ചയ്ക്ക് പുളിപ്പറമ്പ് കവലയിൽ വച്ച് പെട്രോള് തോമയുടെ നേർക്ക് നേരെ നിന്ന് അറഞ്ചം പുറഞ്ചം വെട്ടി വീഴ്ത്തിയപ്പം കണ്ടു നിന്ന നാട്ടുകാരാ ആദ്യം പറഞ്ഞത് മിന്നല് പോലത്തെ വെട്ടാ, എന്നാ ഒരു സ്‌റ്റൈലാന്ന്. വെറും ചന്ദ്രൻ അന്ന് മൊതലാ നാട്ടുകാരുടെ പേടിസ്വപ്നങ്ങളിൽ കേറിയങ്ങ് മിന്നാൻ തൊടങ്ങിയത്. പാർട്ടിക്കാർക്ക് അങ്ങോട്ടുമിങ്ങോട്ടും പണിയാനും, കലിപ്പൊള്ളവൻമാർക്കിട്ടു ചൊറിയാനും, എന്തിന് ചാത്തങ്കരയിലെ അമ്മമാർക്ക് പിള്ളേരെ വെരട്ടി ചോറ് തീറ്റിക്കാനും വരെ പിന്നങ്ങോട്ട് മിന്നല് മതീന്നായി. മീശ മൊളയ്ക്കാത്ത ആമ്പിള്ളേരൊക്കെ മിന്നലിനെ പോലാകണം എന്ന് പറയാൻ തൊടങ്ങി. നിന്ന നിപ്പില് മിന്നലൊരു സംഭവമായി.

ഒത്തിരി ചെറുക്കമ്മാര് കൂടെ കൂടിയേലും സ്വന്തവായിട്ടു ഒരു സ്റ്റൈലൊള്ളവമ്മാരെ മിന്നല് കൂടെയങ്ങു ചേർത്ത് നിർത്തുവാരുന്നു. അതിപ്പം അക്കരേന്ന് വന്ന മുപ്പല്ലി മമ്മദാണേലും വടക്കേലെ അച്ചൻകുഞ്ഞിന്റെ തല തിരിഞ്ഞു പോയ ചെക്കൻ ജോമോനാണേലും.

സ്റ്റൈല് ഒത്തിരി കൂടിയേന്റെ ആണോന്നറിയാമ്മേല ഇങ്ങനെ ഒള്ളവമ്മാരൊന്നും ഗതി പിടിക്കാറില്ല.

അക്കരേലെ കോളേജ് എലക്ഷന് ജയിച്ച സ്ഥാനാർത്ഥിക്കിട്ടു പണിയാൻ പോയ മമ്മദ് പടവായിട്ടാ തിരിച്ചു വന്നത്. ചുളുവിൽ മമ്മദ്  രക്തസാക്ഷിയായെന്നു പറഞ്ഞാലും നല്ലൊരു ചെക്കൻ കയ്യീന്ന് പോയി അല്ലാണ്ടെന്നാ. അതീ പിന്നെ കോളേജിൽ കേറിയൊള്ള പണിയൊന്നും മിന്നല് പിടിക്കാണ്ടായി.

ജോമോനാണേൽ വണ്ടിക്ക് ബോംബെറിയാൻ പോയ വഴിക്ക് ഒണ്ടായിരുന്ന ബോംബൊരെണ്ണം കയ്യിലിരുന്നു പൊട്ടി കണ്ണും കയ്യും പോയി കെടപ്പിലായിട്ട് കൊല്ലം കൊറേയായി.

കാര്യം സമദും രായൂട്ടനും ചപ്രനുവൊക്കെ പിന്നങ്ങു കൂടെ ഒണ്ടേലും ഒക്കെയും പേടിത്തൂറികളാ. ഒരു കാര്യം നടക്കണേല് ആരോമല് വേണം. അവനും അവൻറെ കൊറേ പിള്ളേരും കൂടെ കൂടിയേപ്പിന്നാ മിന്നല് പിന്നേം ഒന്ന് പച്ച പിടിച്ചത്.

കാര്യം ചെക്കൻ മിടുക്കനാ. സ്റ്റൈലും ഒണ്ട്. എന്നാലും മിന്നലിന് പകരം അവൻ മതീന്ന് സാമി പറഞ്ഞത് ശെരിക്കൊന്നു കൊണ്ട് ചന്ദ്രുവിന്. മിന്നല് ഒന്ന് ആഞ്ഞു മിന്നണ്ട ടൈമായി എന്ന് ചന്ദ്രുവിന് തോന്നി.

“നീ ആ സാമിയോട് ചെന്ന് പറ. മിന്നല് എറങ്ങുവാന്ന്. അയാടെ കുടുക്ക പൊട്ടിച്ച് നല്ല സൊയമ്പൻ രണ്ടു കെട്ട് പുത്തൻ എറക്കി ഒരെണ്ണം ഇങ്ങോട്ടും ഒരെണ്ണം കോശി വക്കീലിനും തള്ള്. നാളെ നേരം ഇരുട്ടുമ്പം അയാടെ മുറീം ആ മറ്റേ മൂരി ചെക്കനും കാലിയാകും. മിന്നലാ പറേന്നെ.”

മിന്നലിനെ നേരിട്ട് പണിക്കിറക്കിയതിൻറെ പേരിൽ സാമിയുടെ അടുത്തൂന്ന് എണ്ണി മേടിക്കേണ്ട സ്പെഷ്യൽ കമ്മീഷൻ മനസ്സിൽ കെടന്നു മിന്നുന്നതിൻറെ തെളക്കത്തിൽ മേസ്തിരി ചിരിച്ചോണ്ട് എറങ്ങിയതും ചന്ദ്രു രായൂട്ടനെ വിളിച്ചു.

“അണ്ണാ ആരോമല് മലയ്ക്ക് പോയേക്കുവാ. രണ്ടു ദിവസം കഴിഞ്ഞേച്ച് പണിക്കു പോയാ പോരെ?”

നടുവിന് ഒരു ചവിട്ടും മുട്ടൻ നാലഞ്ചു തെറീം തിരിച്ചു കിട്ടീട്ടും രായൂട്ടന് കാര്യം പിടി കിട്ടീല്ല.

“ആരോമല് പോയത് അണ്ണന് പിടിച്ചില്ലാരിക്കും. അല്ലേലും ഈ മലയ്ക്ക് പോക്കും മാലയിടീലുവൊക്കെ നമ്മള് ഗുണ്ടകൾക്ക് പറഞ്ഞിട്ടൊള്ളതാണോ. ഇതൊരു മോഴപ്പണി ആയിപ്പോയി.” രായൂട്ടൻ സമദിനോട് കുശുമ്പ് പറഞ്ഞു.

“അല്ലേലും അവനാള് നാറിയാ. അവൻ വേണ്ട. ഞാൻ ഒണ്ടല്ലോ. പിന്നെ അണ്ണൻ നേരിട്ട് ഒരു പണിക്കെറങ്ങുന്ന കണ്ടിട്ട് കാലവെത്രയായി.” സമദ് ആരോമലിനോടൊള്ള അസൂയേം അണ്ണനോടൊള്ള ആരാധനേം കൂട്ടി ക്കൊഴച്ച് ഒരു തട്ട് തട്ടി.

“ഒറ്റ വെട്ടിനാ പണ്ട് പെട്രോള് തോമ വീണത്. ഏഴടി പൊക്കത്തില് മാടൻറെ കൂട്ട് വിരിഞ്ഞങ്ങു നിന്നാ…എന്റെ കർത്താവേ, മുള്ളിപ്പോകും. ആ മൊതലിനെയാ നമ്മടെ അണ്ണൻ…ഹോ ദാണ്ടെ രോമവൊക്കെ ഇപ്പഴും എണീറ്റ് നിക്കും.”

കഷ്ടിച്ച് അഞ്ചടി പത്തിഞ്ച് ഒണ്ടാരുന്ന പെട്രോളു തോമ ചപ്രന്റെ ഭൂതകാലക്കുളിരിൽ ഏഴടിക്കും മേലെ പൊങ്ങി വിരിഞ്ഞു നിന്നു. അല്ലേലും ആൾക്കാര് ചത്താ പിന്നെ വളരൂല്ലാന്നാരാ പറഞ്ഞേ? ശെരിക്കും ചത്താലല്ലേ വളർച്ച തൊടങ്ങണത്.

ബാലു സാമിയുടെ രണ്ടു നെല കെട്ടിടം ബ്ലോക്ക് കവലേടെ പടിഞ്ഞാറേ വശത്തായിട്ട് വരും. മോഹനൻറെ ചാരുത ടെയ്‌ലേഴ്‌സിന്റേം അസ്സിക്കാടെ ചായക്കടേടേം നടുക്കിരിക്കണ കെട്ടിടത്തിന്റെ താഴത്തെ നെലേല് പി എസ് സി കോച്ചിങ് ക്ലാസ്സാ.  മോളിലത്തെ നെലേല് അട്ട രമേശന്റെ ശ്രീനാരായണ ചിട്ടിക്കമ്പനി, ഓം പിള്ളേടെ സൂപ്പർ ലക്കി ലോട്ടറി കച്ചോടം, പിന്നെ ഇങ്ങു തെക്കേ മൂലയ്ക്കിരിക്കണ ബോർഡ് വയ്ക്കാത്ത കടമുറി.

ടൂർസ് ആൻഡ് ട്രാവെൽസ് പരിപാടി തൊടങ്ങാനെന്നും പറഞ്ഞു അക്കരേന്ന് വന്നൊരുത്തനാ അഡ്വാൻസ് കൊടുത്തു മുറിയെടുത്തത്. പകിടി തരാതെ താക്കോല് തരുവേലാന്ന് സാമി പറഞ്ഞേലും കൊറച്ചു സാധനങ്ങള് കൊണ്ട് വയ്ക്കാനൊണ്ടെന്നും അടുത്താഴ്ച തന്നെ തൊക മൊത്തം തെകച്ചു തരാവെന്നും പറഞ്ഞു ഡാവില് ചെറുക്കൻ ശുദ്ധമനസുകാരനായ സാമീടെ കയ്യീന്ന് താക്കോല് മേടിച്ചെടുത്തു.

മാസം രണ്ടു കഴിഞ്ഞിട്ടും ഒരനക്കോമില്ലന്ന് മാത്രവല്ല, നേരം ഇരുട്ടിയാൽ അവനും അവൻറെ കൊറേ വരത്തൻ സിൽബന്ദികളും ചേർന്ന് മുറീലിരുന്നു കള്ളു കുടീം പൊക വലിച്ചു കേറ്റലും എന്ന് വേണ്ട ആകെ കച്ചറ. ചോദിക്കാൻ ചെന്ന സാമി ചെന്നു പെട്ടത് അതിൽ ഏറ്റോം പെശക് ഒരുത്തൻറെ മുമ്പിലും.

കുത്തിന് പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തീട്ടു സാമീടെ തുറിച്ചുന്തി പുറത്തേക്കു വന്ന കണ്ണില് നോക്കീട്ട് അവൻറെ ഒടുക്കത്തെ ഡയലോഗും.

“കെളവാ, താനോ താൻ പറഞ്ഞിട്ട് വേറെ ആരേലുവോ- അതിപ്പം പൊലീസായാലും പട്ടാളവായാലും ഇങ്ങോട്ടു കേറിയാ…ദേ ഇത് കണ്ടോ അവമ്മാര് ഇവിടുന്ന് എറങ്ങുന്നേനു മുന്നേ തൻറെ ഈ പൂച്ചാണ്ടി പള്ളയ്ക്ക് ഇതങ്ങു കേറും. ഒരു രണ്ടു തിരി അങ്ങോട്ടും ഇങ്ങോട്ടും പിരിച്ചേച്ച് ഇവൻ തിരിച്ചെറങ്ങുമ്പം തൻറെ കൊടലും പണ്ടവും കൂടെ ഇങ്ങു പൊറത്തോട്ടെറങ്ങും. പറ ആരാ എറങ്ങണ്ടേ?”

കത്തിയുടെ മൂർച്ഛയെക്കാളും ചോര മണക്കുന്ന അവൻറെ നോട്ടത്തിന്റെ മൂർച്ഛയാ സാമീടെ അടിവയറ്റിൽ ഇടിച്ചു കേറിയത്. ഒരക്ഷരം മിണ്ടാതെ അവിടുന്ന് വിറച്ചോണ്ടിറങ്ങി പോന്നപ്പം ഇനി മേലാൽ അങ്ങോട്ട് പോവുകേലാന്നു മനസിൽ കുറിച്ചിട്ടതാ.

നട്ടെല്ലില്ലാത്ത പഴങ്കഞ്ഞി എന്ന പെണ്ണുമ്പിള്ളേടെ പ്രയോഗോം വിവരമറിഞ്ഞു തെരക്കാൻ വന്ന സതീശൻ മേസ്തിരീടെ ചിന്തേരിടീലും പിന്നെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ബാക്കി കിടക്കുന്ന ഇച്ചിരി തീപ്പൊരീം എല്ലാം കൂടി ആയപ്പം സാമിക്കൊരു പ്രതികാരോം മേസ്തിരിക്ക് ഒരു എടപാടും നാട്ടുകാർക്ക് കാണാൻ ഒരുഗ്രൻ തല്ലും ഒത്തു.

അതും മിന്നല് കൊല്ലങ്ങൾക്കിപ്പൊറം നേരിട്ട് ഇറങ്ങണ പണീം. കാര്യം മമ്മദിനും ജോമോനും ഇപ്പം ആരോമലിനുമൊക്കെ ഫാൻസ്‌ കൊറേ ഒണ്ടേലും മിന്നലടി ഒന്ന് വേറെ തന്നാണല്ലോ.

ഇപ്പഴത്തെ പല കോമളന്മാരും നിക്കറില് മുള്ളി നടക്കണ കാലത്ത് നടന്ന പെട്രോള് തോമയുടെ സംഭവം കഴിഞ്ഞു ഇത്രേം സ്കോപ്പ് ഒള്ള ഒരു പരിപാടി ചാത്തങ്കരേല് ഇതാദ്യവാരുന്നു. ഗൾഫിലും അമേരിക്കാലും ഒക്കെ കെടക്കണ ചാത്തങ്കരക്കാര് ടിക്കറ്റു ഒപ്പിച്ച് അടിക്കു മുന്നേ വരാൻ പറ്റുകേലല്ലോന്നോർത്ത് പരിതപിച്ചു. മുഴുവൻ വിവരോം രസം കളയാതെ അറിയിക്കാൻ ബന്ധുക്കാരെയെല്ലാം ശട്ടം കെട്ടി.

രാവിലെ തന്നെ ബ്ലോക്ക് കവല അങ്ങ് ബിസിയായി. വായനശാലയിൽ കുത്തിയിരുന്ന് അക്ഷരങ്ങൾ തിന്നുന്ന നാട്ടിലെ പ്രമുഖ ബുദ്ധിജീവികൾ മൊതല് അസ്സീക്കാന്റെ ചായക്കടേലിരുന്ന് പരദൂഷണപരാഗണം നടത്തുന്ന പണിയില്ലാത്ത നിർഗുണപരബ്രഹ്മങ്ങൾ വരെ എല്ലാരും പതിവിലും നേരത്തെ എത്തി.

രണ്ടാം നിലയില് തെക്കേ മൂലയ്‌ക്കെ മുറി ആളനക്കവില്ലാതെ അടഞ്ഞു കെടക്കണ കണ്ടു അക്ഷമരായി എല്ലാരും നെടുവീർപ്പിട്ടു നിന്നു.

ഉച്ചയാകാറായപ്പം എടത്തും വലത്തും സമദും രായൂട്ടനും പിന്നെ തൊട്ടു പൊറകിൽ ചപ്രനുമായി നരച്ച രോമങ്ങള് നെറഞ്ഞ നെഞ്ച് പതിവിലും വിരിച്ച് ഗ്രീസ് പറ്റിയ തോർത്തും തോളത്തിട്ട് കറുപ്പിൽ ചുവപ്പ് പൂക്കളുള്ള പോളിസ്റ്റർ ലുങ്കി കേറ്റി മടക്കിക്കുത്തി തൊടേം ചൊറിഞ്ഞു മിന്നൽ ചന്ദ്രന്റെ മാസ്സ് എൻട്രി വന്നപ്പം നാട്ടുകാര് ഉഷാറായി. മിന്നലിന്റെ എത്രാമത്തെ അടിക്ക് ചെക്കൻ വീഴുമെന്നതായിരുന്നു ചർച്ചാ വിഷയം. ചായക്കടേടെ പിറകില് സതീശൻ മേസ്തിരീടെ മൂത്ത മോൻ ബിബീഷിൻറെ അധ്യക്ഷതയിൽ ഈ വിഷയത്തില് വാത് വെപ്പും തൊടങ്ങി.

ചായക്കടേലോട്ടു കേറിയതും ഉള്ളതിൽ ഏറ്റവും മെനയുള്ള കസേര അസ്സീക്ക  തലേലെ തോർത്തഴിച്ചു തൊടച്ചു. കരിമ്പനടിച്ച് ചെളിയേതാ തുണിയേതാന്ന് തിരിയേലാത്ത തോർത്തേല് നോക്കി ചന്ദ്രു ഒന്ന് മൂളി. ആവശ്യത്തിൽ കൂടുതൽ വിനയം നല്ലോണം കലക്കി ചേർത്ത ഒരു പുഞ്ചിരി വാരി വിതറി കസേര  നേരെ നടുക്കോട്ട് നീക്കിയിട്ട് അസ്സീക്ക ചാത്തങ്കരേടെ ഉത്തമ പൗരനായി.

“അണ്ണനൊരു മിന്നല് ചായ. നല്ല കടുപ്പത്തില്. മധുരോം കൂട്ടിയിട്ടോ.”

രായൂട്ടൻറെ ആർഡർ കേട്ട് ചന്ദ്രു മനസ്സിൽ ഒരു മുട്ടൻ തെറി പറഞ്ഞു. ഷുഗറിൻറെ അസ്‌കിത കാരണം മധുരം തീരെ പറ്റുകേല. എന്നാലും മിന്നലിനു ഷുഗറാന്ന് വല്ലോം നാട്ടുകാരുടെ മുമ്പി വച്ച് കാണിക്കാൻ പറ്റുവോ. നാശം. ഇന്നിനി രണ്ടു ഗുളിക കൂടുതൽ കഴിക്കാം എന്ന് വിചാരിച്ചോണ്ട് ചന്ദ്രു മീശേൽ തടവി ഒന്ന് പുഞ്ചിരിച്ചു. ഇച്ചിരി സമയമെടുത്ത് നല്ല മാസായിട്ട് കസേരയേലോട്ടങ്ങിരുന്നു. വലത്തേ കാല് പൊക്കിയപ്പം മുട്ടിന്റെ ഭാഗത്തു ഒരു മിന്നല് പോലെ തോന്നിയേലും കടിച്ചു പിടിച്ചു അതങ്ങോട്ടു ഇടത്തെ കാലിന്റെ മോളിലോട്ടു കേറ്റി വച്ച് കൈ കൊണ്ട് ഇടത്തെ കാലിൻറെ തള്ള വിരലിലെ നഖം പറിക്കാൻ തൊടങ്ങി.

“ഇന്നവൻറെ എടപാടു തീരും. ചോര കണ്ടാ പേടിയുള്ളവരൊക്കെ സ്ഥലം വിട്ടോ. ഇനി പറഞ്ഞില്ല കേട്ടില്ലെന്ന് പറഞ്ഞേക്കരുത്.”

പ്ലേറ്റിൽ കെടന്ന പൊറോട്ടായുടെ പപ്പും പൂടേം പറിച്ച് പോത്തെറച്ചീടെ ചാറിലിട്ടു പതം വരുത്തി വായിലോട്ടു തിരുകുന്നതിന്റെ എടേല് രായൂട്ടൻ കളം കൊഴുപ്പിച്ചു. പുട്ടും പയറും പപ്പടോം കൂടെ ജാഥയായിട്ടു വായിലോട്ടു പോണതിന്റെ വീർപ്പുമുട്ടല് കാരണം സമദും ചപ്രനും ഒന്നും മിണ്ടാതെ വെറുതെ കണ്ണ് മിഴിച്ചോണ്ട് തല കുലുക്കി.

“നാടൻ കോഴിക്കറി എടുക്കട്ടേ ചന്ദ്രുവണ്ണാ?”  അടുക്കളപ്പുറത്തൂന്ന് അസ്സീക്കാടെ മൂത്ത മോള് കെട്ടിയോൻ കളഞ്ഞേച്ചും പോയ നൂറുന്നീസെടെ ആരാധന മുറ്റി നിക്കണ അശരീരി കേട്ടപ്പം ചന്ദ്രുവിന്റെ രോമം മൊത്തം കുളിരു കേറി അറ്റൻഷനായി.

“ഇപ്പം വേണ്ട.”

കാലങ്ങളായി കൂടെ കൂടി പിന്നീന്ന് കുത്തി ഒരു വഴിക്കാക്കിയ മൂലക്കുരുവിനെ മനസ്സിൽ തെറി പറഞ്ഞോണ്ട് ആവശ്യത്തിൽ കൂടുതൽ കനപ്പിച്ച ചന്ദ്രുവിന്റെ മറുപടി ചുറ്റിനും കൂടിയവരേം നിരാശരാക്കി. നൂറി അശരീരിയായി അടുക്കളപ്പുറത്ത് തന്നെ ഒതുങ്ങി.

“അണ്ണാ…ചായ.”

എന്ന് മയത്തിൽ പറഞ്ഞോണ്ട് തീരെ മയമില്ലാത്ത ‘ട്ടപ്പ്’ ശബ്ദത്തോടെ അസ്സീക്ക ചായ മേശപ്പൊറത്ത് വച്ചു.

എവിടുന്നോ കേറി വന്ന പതയുടെ മിന്നൽ ആക്രമണത്തിൽ അടിച്ചമർത്തപ്പെട്ടു താഴെ ഒതുങ്ങി കെടക്കണ ചായയെ നോക്കിയപ്പം മിന്നലിനു ഒരു കാര്യോമില്ലാതെ ഒരു പന്തികേട് തോന്നി.

“ആരോമലെവിടെ പോയണ്ണാ?”

മോഹനന്റെ ചോദ്യം കേട്ടതും പന്തികേടൊക്കെ മറന്ന് മിന്നല് ചൂടായി.

“നിന്റമ്മേടെ പേറെടുക്കാൻ പോയേക്കുവാടാ നാറി.”

മോഹനൻ ചമ്മി തല ചൊറിഞ്ഞു പൊറകിലോട്ടു മാറി. സമദും രായൂട്ടനും ചപ്രനും ആവശ്യത്തിൽ കൂടുതൽ ആവേശത്തിൽ ചിരിച്ചു മറിഞ്ഞു.

ആ ചിരീടെ ഇടയ്‌ക്കോട്ടു ഒരു ബുള്ളറ്റിന്റെ ഒച്ച കേറി വന്നു.

“അണ്ണാ, ഇതവമ്മാരാ…” ഇതും പറഞ്ഞോണ്ട് രായൂട്ടൻ ചാടി എണീറ്റു.

“ഇരിയെടാ അവിടെ.”

മിന്നലിന്റെ അലർച്ച കേട്ടപ്പം രായൂട്ടൻ അതേ സ്പീഡിൽ തിരിച്ചു ബെഞ്ചിലോട്ടിരുന്നു പോയി.

അസ്സീക്ക കണ്ണ് തുറിച്ചു ഒരു വശത്തോട്ട് മാറി.

“അങ്ങോട്ട് മാറി നിക്ക് ചേട്ടമ്മാരെ.”

ബിബീഷ് പൊറത്തു നിക്കണ ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി മിന്നലിനും പട്ടാളത്തിനും പോകാൻ വഴിയൊരുക്കി.

പകുതി കുടിച്ച ചായ തിരിച്ചു വച്ചിട്ട് മീശ തൊടച്ചു മിന്നൽ എണീറ്റു. തോളിലെ തോർത്തെടുത്ത് ഒന്ന് കൊടഞ്ഞിട്ട് തലയിൽ കെട്ടി. ലുങ്കി ഒന്നൂടെ കേറ്റി കുത്തി തൊടയൊന്നു നല്ലോണം ചൊറിഞ്ഞു.

“വാടാ എറങ്ങി.” എന്ന് വിളിച്ചു പറഞ്ഞിട്ട് മിന്നൽ പതുക്കെ പൊറത്തോട്ടെറങ്ങി. പിറകെ സമദും രായൂട്ടനും ചപ്രനും കൂടി.

റോഡിൻറെ മറ്റേ വശത്തു ബുള്ളെറ്റ് ഓരത്തു ചേർത്ത് വച്ചിട്ട് താക്കോലുമെടുത്തു ഒരു വള്ളിപ്പയറ് കണക്കിരിക്കണ ചെറുക്കൻ താഴോട്ടെറങ്ങി.

മിന്നല് ഒന്ന് തറപ്പിച്ചു നോക്കി. ചെറുക്കന് ഒരു പത്തിരുപത്തഞ്ചു വയസ് കാണും. അത്രേ ഉള്ളൂ. ആയ കാലത്ത് പെണ്ണ് കേട്ടീരുന്നേല് മിന്നലിന്റെ മോനാകാനൊള്ള പ്രായം.

കണ്ണൊക്കെ ചൊമന്നു കലങ്ങീട്ടൊണ്ട്. മരുന്നടിയാ പരിപാടി. ഒരു ചീഞ്ഞ പാന്റും ഷർട്ടും വേഷം. മുടിയാണേൽ നീട്ടി വളർത്തീട്ടുണ്ട്.

“അയ്യേ, ഇവനാണോ? മൊല കുടി മാറാത്ത ചെക്കൻ. ഡാ ഡാ നീ ഒരടി താങ്ങുകേല. അറിയാവോ?”

രായൂട്ടൻ ആകെ അറിയാവുന്ന പണി തൊടങ്ങി.

“ചങ്കൂറ്റവൊണ്ടോടാ ഇതാരെന്നറിയാവോ? നീ മിന്നല് കണ്ടിട്ടൊണ്ടോ? ഇന്ന് നീ തീർന്നെടാ തീർന്നു.”

ചെക്കൻ കൊറച്ചു നേരം ഇപ്പറത്തോട്ട് തറപ്പിച്ചു നോക്കി നിന്നു. എന്നിട്ട് തിരിച്ചു നടന്നു ബുള്ളറ്റ് മെയിൻ സ്റ്റാൻഡിൽ കേറ്റി വച്ച് അതിന്റെ പുറത്തോട്ട് കേറി ഇരുന്നു ഒരു ചിരി ചിരിച്ചു.

“ഇവനൊരു സ്റ്റൈലൊണ്ടല്ലോ.” ചന്ദ്രു മനസ്സിൽ വിചാരിച്ചു.

ഇത്രേം ആളും ബഹളോം കണ്ടിട്ടും ഒരു കുലുക്കവില്ലാതെ ചെക്കൻ അവിടെ തന്നിരുന്നു. ചെവീന്ന് ഒരു ബീഡി എടുത്ത് ചുണ്ടേലോട്ടു വച്ചിട്ട് അവൻ ചന്ദ്രൂന്റെ നേരെ നോക്കി അടുത്ത് വരാൻ കൈ കാണിച്ചു.

ഒന്ന് പതറിയേലും മീശ ഒന്ന് തിരുമ്മി നല്ലോണം പിരിച്ചു കേറ്റി ചന്ദ്രു മുമ്പോട്ടു തന്നെ നടന്നു. തൊട്ടു പൊറകിൽ കിങ്കരന്മാരും ഒരു അകലത്തില് നാട്ടുകാരും പൊറകേ കൂടി.

ചെറുക്കന്റെ നേരെ അടുത്തോട്ട് ചെന്ന് മുട്ടി മുട്ടീല്ലെന്ന മട്ടിൽ നിന്നേച്ച് “ഉം?” എന്ന് ചന്ദ്രുവൊന്ന് ചോദ്യഭാവത്തിൽ ഇരുത്തി മൂളി.

“തീപ്പെട്ടി ഒണ്ടോ… അമ്മാവാ?” മിന്നലിനെ കണ്ടാൽ മുള്ളുന്ന പിള്ളേരൊള്ള നാട്ടിൽ മിന്നലിന്റെ ഇത്രേം അടുത്ത് ഒട്ടി നിന്നിട്ടു ഒരു മയോമില്ലാതെ ചെക്കൻ ഒരു ഓഞ്ഞ ചിരി ചിരിച്ചോണ്ട് ചോദിച്ചു.

ചന്ദ്രു ഒന്ന് ചിരിച്ചു. മീശ ഒന്ന് തടവി ഒന്നൂടെ മുമ്പോട്ടാഞ്ഞിട്ട് പറഞ്ഞു: “തീ ഇല്ലെടാ മോനെ, മിന്നലെടുക്കട്ടെ?”

പിന്നെ നടന്നതു മൊത്തം സൂപ്പർഫാസ്റ്റ് സ്പീഡിലാരുന്നു. ടപ്പേ ടപ്പേന്ന് ഇടതും വലതും രണ്ടടി. ചെക്കൻ ബുള്ളറ്റിന്റെ മോളീന്ന് തെറിച്ചു പിറകോട്ടു വീണു. നാട്ടുകാര് കയ്യടിച്ചു. സമദും രായൂട്ടനും ചപ്രനും ഒന്നൂടെ വിരിഞ്ഞു നിന്നു.

മലന്നു വീണ ചെക്കൻ രണ്ടു കയ്യും പിറകോട്ടു വളച്ചു കരാട്ടെ സ്റ്റൈലിൽ ചാടി പൊങ്ങി നേരെ നിന്നു. ബുള്ളെറ്റിനെ ചുറ്റി ഇപ്പുറത്തോട്ടു വന്നിട്ട് പെടലി ഒന്ന് കറക്കി രണ്ടു ചാട്ടം മോളിലോട്ടും താഴോട്ടും ചാടി. ചന്ദ്രു രണ്ടടി പിന്നോട്ട് വച്ച് ചെക്കൻ എന്നാ ഭാവിച്ചാന്നു നോക്കി.

നിന്ന നിപ്പില് മുമ്പോട്ട് ചാടി ചന്ദ്രൂന്റെ രണ്ടു കരണോം ചേർത്ത് പടക്കനൊരു അടിയാരുന്നു ചെക്കന്റെ മറുപടി.

നമ്മൾ എന്നാ പരിപാടിക്കെറങ്ങുമ്പഴും കയ്യീന്ന് പോയീന്ന് മനസിലാകണ ഒരു ടൈമുണ്ട്. ഇവിടെ ഈ അടിയിൽ ചന്ദ്രൂന് കാര്യം പിടി കിട്ടി.

കണ്ണിൽ കൂടി പറന്ന പൊന്നീച്ച കാരണം സമദിന്റെ മൂക്കിന് ഊക്കനൊരു ഇടി കിട്ടി ചോര ചീറ്റിയതും, ഇടി കിട്ടുന്നതിന് മുന്നേ തന്നെ രാജൂട്ടനും ചപ്രനും രണ്ടു വഴിക്കു തെറിച്ചതും ചന്ദ്രു കണ്ടുമില്ല.

അടി നാഭിക്ക് കിട്ടിയ എണ്ണം പറഞ്ഞ ചവിട്ടിൻറെ റെഡ് അലെർട്ടിൽ കാലിൽക്കൂടി മൂത്രത്തിന്റെ ഡാം തുറന്ന് വിട്ടത് ചന്ദ്രു അറിഞ്ഞു. ചന്ദ്രുവിൻറെ കള്ളരിപ്പൻ  മീശയ്ക്കും വിരിഞ്ഞ നെഞ്ചിനും തീരെ ചേരാത്ത “അമ്മച്ചീ” എന്നൊരു ചാവാലി ഞരക്കം പുറത്തേക്ക് വന്നതും ചന്ദ്രുവിന്റെ ബോധം പോയതും ഒന്നിച്ചായിരുന്നു.

. ഇതിന്റെ ഇടയ്ക്കു ഒരു ജീപ്പ് വന്നു നിന്നതും ചെക്കന്റെ കൂടെ ഉള്ള കൊറേ എണ്ണം ജാക്കി ലിവറും പിടിച്ച് എറങ്ങീതും നാട്ടുകാര് നാല് വഴിക്കോടിയതും ഒക്കെ ഒരു ചെറിയ ഓർമ മാത്രേ ഉള്ളൂ.

കിട്ടിയ അടിയുടെയും ഒടിഞ്ഞ എല്ലുകളുടെയും കണക്കു രണ്ടു ദിവസം കഴിഞ്ഞു സഹകരണാശുപത്രീലെ പൊന്നമ്മ നഴ്‌സ്‌ പറയുമ്പഴാ ചന്ദ്രു അറിയുന്നത്.

“എന്നാലും അടിച്ച് മുള്ളിച്ച് കളഞ്ഞല്ലോ ചന്ദ്രുവണ്ണാ.”

ഇടത്തെ കൈ കൊണ്ട് അടിത്തറ കെട്ടിയ വലത്തേ കൈ കീഴ്ത്താടിയേൽ ഫിറ്റ് ചെയ്തിട്ട് പൊന്നമ്മ നഴ്‌സിന്റെ പതം പറച്ചിൽ കേട്ടപ്പോ കാലു മടക്കി ഒരെണ്ണം കീറാനാ ചന്ദ്രുവിന് തോന്നിയത്.

ആരോമൽ ഒണ്ടാരുന്നേൽ ഇങ്ങിനെ ഒക്കെ ആകുവാരുന്നോ എന്നൊരു തോന്നലാ അന്നേരം മുതൽ ഇപ്പം വരെ. പക്ഷെ പൊറത്തു മിണ്ടാൻ പറ്റുവോ? അല്ലെത്തന്നെ ഇനി എങ്ങനാ നാട്ടുകാരുടെ മുഖത്ത് നോക്കുന്നേ.

ചോറ് കഴിക്കാൻ മടി കാണിക്കണ ഇത്തിരിപ്പോന്ന കുഞ്ഞിപ്പിള്ളാര്‌ വരെ ഇനി നോക്കി ചിരിക്കത്തില്ലേ? നേരെ ചൊവ്വേ നടക്കാൻ പോലും മേലാത്ത കിളവൻ മിന്നല്. തുഫൂ. ചന്ദ്രുവിന് ഒന്ന് ചത്താ മതീന്ന് തോന്നി.

ഈ അടിക്കു പകരം അവനാ കത്തി എടുത്തു പള്ളയ്ക്ക് കേറ്റിയിരുന്നേൽ ചാകുന്നതിലും ഒരു സ്റ്റൈലൊണ്ടാരുന്നു. പെട്രോൾ തോമയെ പോലെ ചത്ത് കഴിഞ്ഞാലും നാട്ടുകാരുടെ കഥകളിൽ ഞെളിഞ്ഞു നിക്കാരുന്നു. ഇതിപ്പം ആകെ ചീഞ്ഞു പോയില്ലേ. ഇനി എന്നാ ചെയ്യാനാ.

“അണ്ണാ, ഞാൻ തീർക്കും അണ്ണാ അവനെ. അണ്ണനെ ഈ അവസ്ഥേലാക്കിയ അവനെ ഈ കരേല് വച്ചോണ്ടിരിക്കൂല്ലണ്ണാ. പിള്ളേരെ എല്ലാത്തിനേം വിളിച്ചെറക്കീട്ടൊണ്ട്. ഇന്ന് ഇരുട്ടി വെളുക്കുമ്പം അവൻ തീരും. അവൻറെ ചോര പറ്റിയ കയ്യും കൊണ്ടേ ഞാൻ ഇനി വരൂ അണ്ണാ. ആരോമലാ പറേന്നേ.”

ആരോമൽ നിന്ന് കത്തുവാ. കണ്ണ് മൊത്തം ചൊമന്നു കലങ്ങീട്ടൊണ്ട്. മലയിറങ്ങി മാല ഊരി നേരെ ആശുപത്രീലോട്ടാ അവൻ കേറി വന്നത്.

“നീ ഇങ്ങോട്ടിരുന്നേ മോനെ.”

പതിവില്ലാതെ നേർത്ത ശബ്ദത്തില് മോനേന്നു വിളിച്ചോണ്ട് മിന്നലങ്ങിനെ പറഞ്ഞപ്പം ആരോമലിനു സ്വന്തം അച്ഛനെ ഓർമ വന്നു. പത്തു വയസൊള്ളപ്പം വടക്കേ മാവേല് കണ്ണ് തുറിച്ചു തൂങ്ങിയാടി കെടക്കണ കണ്ടതാ അവസാനത്തെ ഓർമ.

ചന്ദ്രു ആരോമലിന്റെ കൈയിൽ അമർത്തിപ്പിടിച്ചോണ്ട് നേർത്ത ശബ്ദത്തിൽ തന്നെ പറഞ്ഞു: “നീ അടങ്ങു മോനെ. നമ്മൾ അവനിട്ടു പണിയും. പക്ഷെ ഇപ്പഴല്ല. വേറെ ഒരുത്തനും വേണ്ട. ഞാനും നീയും മാത്രം മതി. ഞാനൊന്ന് നേരെ നിക്കട്ടെ. എന്നിട്ടു നമ്മളെറങ്ങും.”

ആരോമലിന്റെ കണ്ണിനു പതിവില്ലാത്ത ഒരു തെളക്കം ചന്ദ്രു കണ്ടു. വേഗം മുഖം വെട്ടിത്തിരിച്ച് കൈ കൊണ്ട് കണ്ണൊന്നു തൊടച്ചു പിന്നേം ചന്ദ്രുവിന്റെ നേരെ നോക്കിയപ്പം ആ തെളക്കം കാണാനില്ലാരുന്നു.

ഒന്ന് നെടുവീർപ്പിട്ടേച്ച് ആരോമൽ പറഞ്ഞു: “അണ്ണൻ പറയണ പോലെ. അണ്ണനാ എനിക്കെല്ലാം.”

അണ്ണന്റെ വാക്കിന് മറുവാക്കില്ലാത്ത ആരോമൽ ശെരിക്കുമങ്ങു ഒതുങ്ങി. വരത്തമ്മാര് പിള്ളേരുടെ കാലമായിരുന്നു പിന്നങ്ങോട്ട്. കടേടെ പൊറകിലിരുന്നു മീൻ വെട്ടിക്കൊണ്ടിരുന്ന നൂറീടെ ചന്തിക്കു തോണ്ടിയപ്പഴും, മേടിച്ച ടിക്കറ്റിന്റെ കാശ് ചോദിച്ച ഓം പിള്ളയെ കവലേൽ ഇട്ടു  ചവിട്ടിക്കൂട്ടിയപ്പഴും ചാത്തങ്കര പല്ലിറുമ്മിയതല്ലാതെ തിരിച്ചടിച്ചില്ല. എങ്ങിനെ അടിക്കും? ചാത്തങ്കരേടെ മിന്നല് ചീറ്റിപ്പോയ പടക്കമായില്ലേ. ആകെ ഒണ്ടാരുന്ന പ്രതീക്ഷ ആരോമലാരുന്നു. കഥയറിയാത്ത നാട്ടുകാര് അവൻ പെണ്ണ് കെട്ടി മോഴയായെന്നങ്ങു വിചാരിച്ചു. രായൂട്ടനും, ചപ്രനും വേറെ വഴിയില്ലാതെ പണിയെടുത്തു ജീവിക്കാൻ തൊടങ്ങി. സമദ് ആണേല് അളിയന്റെ സഹായത്തില് ഒരു വിസായും ഒപ്പിച്ചു സൗദിക്ക് പോകാനുള്ള പരിപാടി നോക്കാനും തൊടങ്ങി.

മേസ്തിരിയാകട്ടെ കാലം മാറിയത് മനസിലാക്കി തേക്കും ഈട്ടിയും വിട്ട് ഇന്നലെ വന്ന പ്ലൈവുഡിൽ കേറി ചിന്തേരിടാൻ തൊടങ്ങി. വരത്തമ്മാരുടെ കള്ളുകുടി കമ്പനിയിലെ സ്ഥിരം ടച്ചിങ്‌സ് സപ്ലയറായി കേറി ഇപ്പം അവർക്ക് വേണ്ടി കൊട്ടേഷൻ പിടിക്കലായി മേസ്തിരിക്ക് പണി.

ആയ കാലത്ത് ചാത്തങ്കരേടെ ഭരണസിരാകേന്ദ്രമായിരുന്ന മിന്നലിൻറെ വർക്ക് ഷാപ്പ് ഇപ്പം ബില്ലടയ്ക്കാതെ ഫ്യൂസ് ഊരിയ വീട് പോലെ മുഖം കറുപ്പിച്ചു കിടന്നു.

ആശുപത്രീന്ന് വന്നേലും ചന്ദ്രു പൊറത്തോട്ടിറങ്ങല് മൊത്തത്തിൽ നിർത്തിയിരുന്നു. രാത്രീല് ഒറക്കമില്ലാത്ത കാരണം നേരം പര പരാ വെളുക്കുമ്പഴേ എണീറ്റ് മുറ്റത്ത് വന്നു കാലും നീട്ടി അങ്ങിരിക്കും. മിന്നലിന്റെ തലവെട്ടം കണ്ടാ വെറച്ചോണ്ടിരുന്ന പെണ്ണുമ്പിള്ള മണിക്കുട്ടി ഇപ്പം വേറെ ആളായി. കാലത്തെ എണീറ്റ് സൗകര്യപ്പെട്ടാ മാത്രം ഒരു ചായ കൊടുത്താലായി. ഇടയ്ക്കു ചന്ദ്രുവിന്റെ ഒച്ചയെങ്ങാനും പൊങ്ങിയാല് നീട്ടിയൊരു ആട്ടാ മറുപടി.

“കണ്ടവന്റെ തല്ലും കൊണ്ട് പേടിച്ചു തൂറി വീട്ടി കേറിയിരിക്കുവാ…ഒരു മിന്നല്…തുഫൂ…”

ആയ കാലത്തു മേടിച്ചു കൂട്ടിയ ഓരോ അടിക്കും ചവിട്ടിനും പെണ്ണുമ്പിള്ള എണ്ണിയെണ്ണി പകരം ചോദിക്കുവാന്നു ചന്ദ്രുവിന് തോന്നി. ആരോഗ്യം ഒണ്ടാരുന്നേല് എങ്ങോട്ടേലും ഇറങ്ങി പോകാരുന്നു. ഇതിപ്പം വല്ലപ്പഴും ആരോമല് എന്നേലും മേടിച്ചോണ്ടു വന്നാലായി. അവനാണേൽ പെണ്ണുമ്പിള്ളേടെ പൊറകേ മണത്തു മണത്തു നടന്നു അവൾക്ക് വയറ്റിലാക്കിയെ പിന്നെ തീരെ വരാണ്ടായി. വല്ലപ്പഴും കേറി വന്നാലും അവന് പറയാൻ അവടെ കൊണവതികാരം മാത്രമേയുള്ളൂ. മണകൊണാഞ്ചൻ.

അടി കിട്ടി മൂന്നാലു മാസം കഴിഞ്ഞു ഏകദേശം എണീറ്റ് നടക്കാറായപ്പം ഒരു ദിവസം രണ്ടും കൽപ്പിച്ചു ചന്ദ്രു കാലത്തെ എണീറ്റു കുളിച്ചു. മീശ നല്ലോണം തടവി മിനുപ്പിച്ചു. മണിക്കുട്ടീടെ നാവീന്ന് ചാടിയ തെറി കേട്ടില്ലെന്നു വച്ച് പൊറത്തോട്ടെറങ്ങി നേരെ കവലേലോട്ടു വച്ച് പിടിച്ചു.

“അല്ലാ ഇതാരാ ചന്ദ്രുവോ? ഇതെപ്പം എറങ്ങി പൊറത്ത്?”

ഡ്യൂട്ടി കഴിഞ്ഞു ഹെർക്കുലീസ് സൈക്കിളും ചവിട്ടു വരുന്ന വഴി തൊമ്മിപ്പൊലീസിന്റെ ചോദ്യം കേട്ടപ്പം ചന്ദ്രു ഒന്ന് നിന്നു.

ആ വിളി കേട്ടപ്പം സത്യം പറഞ്ഞാ ചന്ദ്രുവിന് നല്ലോണം ചൊറിഞ്ഞു കേറി. സ്റ്റേഷനിൽ ചെന്നാൽ കസേരയിട്ട് തരുമ്പഴും ചായ തരുമ്പഴും ചന്ദ്രുവണ്ണാ എന്നോ മിന്നലെന്നോ മാത്രം വിളിച്ചിരുന്ന തൊമ്മിപ്പോലീസിന് ഇപ്പം വെറും ചന്ദ്രു.

സൈക്കിൾ അടുത്ത് കൊണ്ട് നിർത്തിയിട്ടു തൊമ്മിപ്പോലീസ് ചന്ദ്രുവിനെ അടിമുടി ഒന്ന് നോക്കി.

“ഒന്ന് പൊനത്തിട്ടുണ്ടല്ലോ. ഇപ്പം നല്ല സുഖവാ അല്ലെ? ചെലവിനൊക്കെ എങ്ങനാ?”

തൊമ്മിയുടെ സ്വരത്തിലെ പുച്ഛം നല്ലോണം കേറി വരുന്നത് കണ്ടു ചന്ദ്രു തിരിഞ്ഞു നടക്കാൻ തൊടങ്ങി.

“ഹാ ഒന്ന് നിന്നേടാവേ. പറയട്ടെ.”

സൈക്കിൾ കാലു കൊണ്ട് തൊഴഞ്ഞു അടുത്തോട്ടു വന്നിട്ടു തൊമ്മി ചന്ദ്രുവിനെ പിടിച്ചു നിർത്തി.

എന്നിട്ട് രഹസ്യം പറയണ ഭാവത്തിൽ ചെവിയോട് ചേർത്ത് വന്നിട്ടു പറഞ്ഞു:

“പുതിയ എസ് ഐ വന്നിട്ടൊണ്ട്. ആ വരത്തൻ ചെക്കനേം ടീമിനേം കാപ്പ കീപ്പാ എന്നൊക്കെ പറഞ്ഞു തത്കാലം ഒതുക്കീട്ടൊണ്ട്. ഇപ്പം ഇവിടെ വല്യ ശല്യവില്ല. ഇങ്ങോട്ട് വരവും കൊറവാ. നീ വെറുതെ കേറി ചൊറിയാനും പിടിക്കാനും ഒന്നും പോയി പണി മേടിച്ചു വെക്കേണ്ട കേട്ടോ. അല്ലെ തന്നെ മേലാത്തതല്ലേ. ഇനിയിപ്പം ഇങ്ങനൊക്കെ അങ്ങ് പോട്ടെന്നേ.”

ശെരിയെന്നോ അല്ലെന്നോ മനസിലാകാത്ത കണക്കില് ഒന്ന് ഇരുത്തി മൂളിയിട്ട് ചന്ദ്രു മുമ്പോട്ട് നടന്നു. 

കവലേലോട്ടു കേറുന്ന തിരിവിൽ എത്തീട്ട് ചന്ദ്രു ഒന്ന് മടിച്ചു നിന്നു. ചെവീന്ന് ബീഡിക്കുറ്റി എടുത്തു വായിൽ വച്ചു. കത്തിക്കണോ വേണ്ടയോ എന്നൊരു സംശയത്തിൽ പതുങ്ങി നിക്കുമ്പഴാ നൂറി ഇളയ ചെക്കനേം ഒക്കത്ത് വച്ചോണ്ട് എതിരെ വരുന്ന കണ്ടത്. പതിവ് പോലെ ചന്ദ്രുവിന്റെ ഉള്ളിൽ ഒരു തണുപ്പ് വീശി. പെണ്ണ് ഒന്നൂടെ ഓഞ്ഞിട്ടൊണ്ടോ എന്നൊരു സംശയം തോന്നി. ചന്ദ്രുവിനെ കണ്ട് അവളൊന്നു ചിരിച്ചു. പക്ഷെ പെണ്ണിന്റെ പതിവ് തെളക്കം ആ ചിരീൽ കണ്ടില്ല. അത് സ്വന്തം ഗതികേടോർത്തുള്ള സങ്കടത്തിന്റെയാണോ അതോ ചന്ദ്രുവിന്റെ ഗതികേടോർത്തുള്ള പുച്ഛത്തിന്റെ ആണോ എന്ന് ചന്ദ്രുവിന് അങ്ങ് മനസിലായില്ല.

ചന്ദ്രു മീശ തടവി ഒന്ന് പതുക്കെ ചിരിച്ചു. അടുത്തെത്തിയപ്പഴേ നൂറിയുടെ കൊച്ചു പേടിച്ചു മുഖം തിരിച്ചു.

അല്ലേലും മിന്നലിന്റെ മുഖത്ത് നോക്കാൻ ചാത്തങ്കരയിലൊള്ള പിള്ളേർക്കൊക്കെ പേടിയാ. അല്ല, പേടിയാരുന്നു.

മിന്നൽ തല്ലു കിട്ടി ഒതുങ്ങിയത് അറിയാത്തവർ കരേല് ഒണ്ടെന്നറിഞ്ഞപ്പോ, അത് ഇത്തിരിപ്പോന്ന കൊച്ചനാണേലും ചന്ദ്രുവിന് ചെറിയ ഒരു ആശ്വാസമായി.

“വാവ എന്നാത്തിനാ പേടിക്കണേ? മാമൻ പാവാ. ഒന്നും ചെയ്യത്തില്ല. അല്ലിയോ ചന്ദ്രുവണ്ണാ?”

ആ ആശ്വാസത്തിന്റെ പൊറത്തോട്ട് തീ കോരിയിട്ട നൂറിയുടെ വർത്തമാനം ചന്ദ്രുവിന്റെ ഉള്ള ചിരിയെ ഠിം എന്ന് കെടുത്തിക്കളഞ്ഞു.

പല്ലിറുമ്മി കൊണ്ട് നിന്ന ചന്ദ്രുവിനെ നോക്കി അവൾ പിന്നേം ചൊറിഞ്ഞു.

“ഇപ്പം നടക്കാനൊക്കെ പറ്റുവോ? ഏനക്കേട് വല്ലോം ഒണ്ടോ?”

“ഏനക്കേട്‌ നിൻറെ മറ്റവനാഡീ ചൂലേ.”

കൊച്ചു കേട്ടോണ്ടിരിക്കണ കാര്യം പോലും നോക്കാതെ ചന്ദ്രു അലറി. എന്നിട്ട് വാണം വിട്ട പോലെ കെഴക്കോട്ട് ആഞ്ഞു നടന്നു.

നാട്ടുകാർക്ക് മുന്നിൽ മിന്നൽ വെറും സീറോ ബൾബ് ആയി മാറിയ ആ നഗ്ന സത്യം നേരിട്ട് ബോധ്യപ്പെട്ടതോടെ ഇനി ഒന്നും അറിയാനില്ലായിരുന്നു.

സമയമായി എന്ന് ചന്ദ്രു ഉറപ്പിച്ചു. ഇനി മുന്നും പിന്നും നോക്കാനില്ല. നേരെ ആരോമലിന്റെ അടുത്തേക്കാണ് ചന്ദ്രു പോയത്.

“അല്ലിതാര് ചന്ദ്രുവണ്ണനോ, ബാ കേറിയിരിക്ക്.”

നിറവയറും താങ്ങിപ്പിടിച്ച് വീടിൻറെ മുൻവശത്ത് ഉലാത്തിക്കൊണ്ടിരുന്ന ആരോമലിന്റെ പെണ്ണുമ്പിള്ള സീനത്ത് ചന്ദ്രുവിനെ ചിരിച്ചോണ്ട് അകത്തോട്ടു വിളിച്ചു.

“ചേട്ടൻ തുണിയലക്കുവാ.”

നീട്ടിയൊന്നു ആട്ടാനാ തോന്നിയതേലും അത് കടിച്ചു പിടിച്ചു ചന്ദ്രു ഒന്ന് ചിരിച്ചു.

“വേണ്ടെന്നു പറഞ്ഞാ കേക്കുവേലന്നെ.”

സീനത്ത് നാണിച്ചൊരു ചിരി ചിരിച്ചു.

ഇവിടെ വോൾട്ടേജില്ലാതെ മിന്നല് കെടാൻ പോകുവാ. അന്നേരവാ അവടേം അവൻറേം ശൃംഗാരം.

“അണ്ണൻ ഇരി. ഞാൻ വിളിക്കാം.”

ചന്ദ്രു ഇറയത്തോട്ടു കേറി ഇരുന്നു. സീനത്തിൻറെ വിളി കേട്ടതും തുണിയലക്ക് നിർത്തി ആരോമൽ മുൻവശത്തോട്ട് ഓടി വന്നു.

കയ്യിലെ സോപ്പ് പത മുണ്ടേൽ തൊടച്ചോണ്ട് “എന്നാ മോളെ എന്നാ പറ്റിയേ?” എന്ന് പറഞ്ഞു ഓടി വന്ന ആരോമലിനെ കണ്ടപ്പം ചന്ദ്രുവിന് ചൊറിഞ്ഞു വന്നു.

“അയ്യോ ഇതാര് അണ്ണനോ. കേറി ഇരുന്നാട്ടെ. മോളേ അണ്ണന് കാപ്പിയെട്. ഇച്ചിരി കപ്പേം കൂടി. അല്ലേ വേണ്ട, നീ ഇങ്ങോട്ടിരി. ഞാൻ കാപ്പി അനത്താം.”

അവന്റെ വെപ്രാളം കണ്ടപ്പം ചന്ദ്രു പറഞ്ഞു.

“എടാ, കാപ്പീം കോപ്പുമൊന്നും വേണ്ട. നീയിങ്ങു വന്നേ. ഒന്ന് നടന്നേച്ചും വരാം. ഒരു കാര്യവൊണ്ട്.”

അല്ലെത്തന്നെ അവിടെ ഇരുന്നു അവൻറേം അവടേം കൊണവതികാരം കണ്ടോണ്ടിരിക്കാൻ ചന്ദ്രുവിന് പറ്റുകേലാരുന്നു.

ഇറങ്ങി നടന്ന ചന്ദ്രുവിന്റെ പിന്നാലെ പോയ ആരോമലിനേം നോക്കി ഇറയത്തു നിന്ന സീനത്ത് നെടുവീർപ്പിട്ടു.

വാപ്പച്ചിയേം നാലങ്ങളമാരേം വിട്ടേച്ച് ഒരു ഗുണ്ടേടെ കൂടെ എറങ്ങിപ്പോരാൻ തോന്നിച്ചത് അവൻറെ ചങ്കൂറ്റം കണ്ടിട്ടൊള്ള പ്രേമം മാത്രം അല്ലാരുന്നു. തങ്കപ്പെട്ട ഒരുത്തൻ ആ ഗുണ്ടായിസത്തിൻറെ പൊതിക്കകത്ത് ഒണ്ടെന്നും അവനെ പുറത്തു കൊണ്ട് വന്നു ഒന്നിച്ചൊരു കുടുംബവായിട്ട് ജീവിക്കാമെന്നും ഉള്ള അവനെക്കാൾ വല്യ ചങ്കൂറ്റം അവൾക്കൊള്ള കൊണ്ടായിരുന്നു.

മിന്നലിന്റെ പൊറകേ വാലാട്ടി പോകുന്ന ആ പോക്ക് കണ്ടപ്പോ അവളുടെ നെഞ്ച് ഒന്ന് കാളി.

“പടച്ചോനെ…കാത്തോണേ.”

വലിച്ചു വിട്ടു നടന്ന ചന്ദ്രു നേരെ ചെന്ന് കേറിയത് വർക്ക് ഷാപ്പിന്റെ മുറ്റത്താ. കിഴക്കോട്ടൊന്ന് പാളി നോക്കി മണിക്കുട്ടി വീട്ടിൽ ഇല്ലെന്നുറപ്പ് വരുത്തീട്ട് ചന്ദ്രു നേരെ ഷട്ടർ വലിച്ചു തുറന്നു.

എന്നിട്ട് ഉള്ളിൽ ഉള്ള കലിപ്പ് മുഴുവൻ പടർന്നു പന്തലിച്ച ചുക്കിലിയോടും മാറാലയോടും തീർത്തോണ്ട് അകത്തോട്ട് കേറി. കാര്യങ്ങളുടെ കെടപ്പ് ഏകദേശം പിടികിട്ടിയതിൻറെ ഒരു മ്ലാനത മുഖത്ത് തെളിഞ്ഞ ആരോമലും പതുക്കെ പിന്നാലെ കേറി.

വെകിളി പിടിച്ച കണക്ക് തെക്കോട്ടും വടക്കോട്ടും നാല് ചാല് നടന്നു ഓരോ മൂലേന്നും ചന്ദ്രു ടൂൾസ് വാരിയെടുത്തു. എല്ലാം കൂടി ഒന്നിച്ചു കൂട്ടിയിട്ടിട്ട് അതിന്റെ മുമ്പിലോട്ട് വന്നു കുന്തിച്ചിരുന്നു. ഉള്ളതിൽ ഏറ്റവും സൊയമ്പൻ രണ്ടു കത്തി എടുത്തു നല്ലോണം ഒന്ന് നോക്കിയിട്ട് ആരോമലിന്റെ മുഖത്തോട്ട് നോക്കി.

“അക്കരെയ്ക്ക് പോണം. ആ നാറിയെ അവടെ ചെന്ന് പണിയണം. വേറെ ഒരുത്തനും വേണ്ട, പേടിത്തൂറികളെല്ലാം പോയി ചാവട്ട്. നാളെ വെളുക്കുമ്പം സകലവമ്മാരും അറിയണം മിന്നല് ആരാണെന്ന്.”

ആരോമൽ ഒന്ന് പരുങ്ങി.

“അല്ലണ്ണാ, ഇന്ന് തന്നെ വേണോ? നമ്മക്കൊന്നാലോചിച്ചിട്ട് പോരെ?”

“വേണ്ടെടാ ഇന്ന് വേണ്ട. നീ പോയി അവടെ അടിപ്പാവാട അലക്കിക്കോ. അതാ നിനക്ക് പറ്റിയ പണി. ഇതിനു ഞാൻ മതി. ഞാൻ മാത്രം. ഒരു നായിന്റെ മോനും വേണ്ട.”

ഇതും പറഞ്ഞു ചാടി എണീക്കാൻ നോക്കിയ ചന്ദ്രുവിന് മുട്ടിന്റെ അവിടെ കൂടി ഒരു മിന്നല് പാഞ്ഞ പോലെ തോന്നി. കൂടെ നെഞ്ചിൻ കൂടിന്റെ അകത്തു ഒരു പിടുത്തവും.

ഒന്ന് മുക്രയിട്ട് പുറകോട്ട് ചാഞ്ഞതും ആരോമൽ ഓടി വന്നു പിടിച്ചു നിർത്തി.

“ഇല്ലണ്ണാ, ഞാൻ വരാം.”

ചന്ദ്രു ആഞ്ഞൊന്നു മൂളി.

അങ്ങിനെ ആദ്യമായി ചാത്തങ്കര അറിയാതെ മിന്നൽ ഒരു പണി പിടിച്ചു. അതും സ്വന്തം കൊട്ടേഷൻ. പതിവ് ആഘോഷങ്ങളും പരിവാരങ്ങളുമില്ലാതെ രണ്ടു പേർക്കൊള്ള ടൂൾസും എടുത്തു ആരോമലും ചന്ദ്രുവും ജങ്കാറിൽ അക്കരെ കടന്നു. അക്കരെ മേലേക്കടവ് കവലേൽ എറങ്ങി ഒരു ചായ കുടിച്ചിട്ട് ആരോടും മിണ്ടാനും പറയാനും നിക്കാതെ രണ്ടു പേരും വിനായകാ ടാക്കീസിൽ സെക്കൻഡ് ഷോയ്ക്ക് കേറി.

പടം കാണുന്നതിന്റെ എടേലും ആരോമലിന്റെ ചങ്ക് പെടയ്ക്കുവാരുന്നു. നിറവയറുമായി വീട്ടിൽ നിക്കുന്ന പെണ്ണുമ്പിള്ളയെ അല്ലാതെ ഒന്നും അവന്റെ തലേൽ വരുന്നില്ലാരുന്നു.

പടം തീർന്നു എറങ്ങിയതും രണ്ടു പേരും കൂടി കെഴക്കോട്ട് ആഞ്ഞു നടന്നു. ഏതാണ്ട് രണ്ടു കിലോമീറ്റർ അപ്പുറത്ത് എത്തിയതും രണ്ടു പേരും നടത്തത്തിന്റെ സ്പീഡ് കുറച്ചു. അടുത്ത തിരിവിൽ റോഡിൻറെ ഓരത്ത് തുറന്നിരുന്ന തട്ട് കടേടെ മുമ്പിൽ ചെന്ന് രണ്ടു പേരും നിന്നു.

ചുറ്റുപാടും ഒരു മനുഷ്യനില്ല. കടയാണേൽ അടയ്ക്കാറായ ലക്ഷണോം. കടേലും വേറെ ആരേം കാണാനില്ല.

ഗ്ലാസും പ്ലേറ്റും കഴുകി കൊണ്ട് നിന്ന മെലിഞ്ഞു വള്ളിപ്പയറു പോലിരുന്ന ചെക്കൻ മുഖം പോലും പൊക്കി നോക്കാതെ പറഞ്ഞു.

“ചേട്ടാ, കടയടച്ചു.”

“അങ്ങിനെ അടച്ചാലെങ്ങനാ മക്കളേ. മാമനൊള്ളത് കിട്ടണ്ടായോ?”

ചെക്കന് അപകടം മണത്തു. ചെയ്തിരുന്ന പണി ശടേന്ന് നിർത്തി മുഖം ഒന്ന് പൊക്കി നോക്കിയതും അവനു സംഗതി പിടി കിട്ടി. ആ കൊമ്പൻ മീശേം പാറപ്പൊറത്ത് ചെരട്ട ഒരയ്ക്കണ ഒച്ചയും അങ്ങിനെ മറക്കാൻ പറ്റൂല്ലല്ലോ.

കൂടെ നിക്കണ ഘടാഘടിയനെ കണ്ടപ്പോ ഒന്ന് പരുങ്ങി. കിളവനെ പോലല്ല ആള് പെശകാണെന്ന് കണ്ടപ്പഴേ ചെക്കന് കത്തി. രണ്ടു പേരേം മാറി മാറി നോക്കീട്ട് മനസ്സിൽ കണക്കു കൂട്ടി.

“എന്നാടാ വെറയ്ക്കുന്നെ? ഒറ്റയ്ക്കായി പോയോ? പേടിയാണേ വിളിയെടാ നിൻറെ ടീമുകളെ മൊത്തം. എത്ര എണ്ണം വന്നാലും മിന്നലിനു പുല്ലാടാ.” ചന്ദ്രു അലറി.

ചെക്കൻ പതിവ് കണക്ക് ഒന്ന് ചിരിച്ചു. എന്നിട്ട് നിന്ന നിപ്പിൽ ചന്ദ്രുവിന്റെ മുഖത്തൂന്ന് കണ്ണെടുക്കാതെ മുമ്പിൽ കിടന്നിരുന്ന ചീനച്ചട്ടി എടുത്തു ഒറ്റ വീശൽ. ലക്ഷ്യം തെറ്റാതെ സംഭവം ആരോമലിന്റെ തലയ്ക്ക് തന്നെ കിട്ടി.

ടക്ക് ശബ്ദത്തിൽ അടി കിട്ടിയതും നെറ്റിയുടെ വശത്തൂന്ന് ചോര ചീറ്റി ആരോമൽ പൊറകോട്ടു മറിഞ്ഞു.

ചന്ദ്രു ഞെട്ടി തിരിഞ്ഞു ആരോമലിനെ നോക്കിയതും ചെക്കൻ ചാടി അടുത്തെത്തീട്ട് ചന്ദ്രുവിന്റെ തലയ്ക്കു പിടിച്ചു നേരെ തട്ടിൽ അടിച്ചു.

ഇത്തവണ മിന്നലിന്റെ കണ്ണിലായിരുന്നു മിന്നല്.

വെട്ടിയിട്ട തടി പോലെ ചന്ദ്രു പിന്നോട്ട് ചരിഞ്ഞു പൊത്തോന്ന് വീണത് വെള്ളം വച്ചേക്കുന്ന കന്നാസിന്റെ പൊറത്തൊട്ടായിരുന്നു.

കണ്ണില് ഇരുട്ട് കേറുന്നേനു മുന്നേ ചന്ദ്രു കണ്ടത് വീണേടത്തൂന്ന് എണീക്കാൻ നോക്കുന്ന ആരോമലിന്റെ നെഞ്ചത്തോട്ടു ചെക്കൻ ചാടി കേറുന്നതാ.

കയ്യീന്ന് പിന്നേം പോകുവാണല്ലോന്ന് വിചാരിച്ചു ആധി പിടിക്കുന്നേനു മുന്നേ ചന്ദ്രുവിന്റെ ബോധം പോയി.

എത്ര നേരം കഴിഞ്ഞു കാണും എന്നറിഞ്ഞൂടാ. പതുക്കെ കണ്ണ് ചിമ്മി തുറന്നതും ചുറ്റിനും ഇരുട്ടാരുന്നു. എവിടുന്നോ ഒരു ഞരക്കം കേൾക്കാം. ചന്ദ്രു പതുക്കെ കൈ കുത്തി എണീക്കാൻ നോക്കി. തലയ്ക്കു നല്ല കറക്കം. പിന്നെ ഒടുക്കത്തെ വേദനേം. തലയിൽ കൈ വച്ച് ഒരു വിധത്തിൽ എണീറ്റിരുന്നു.

അരയിൽ തപ്പി നോക്കി. പണിക്ക് ഇത് വരെ എറങ്ങാൻ പറ്റാതെ ഊഴം കാത്തിരിക്കുന്ന പണിയായുധം അവിടെ തന്നെ ഇരിപ്പുണ്ട്. തേച്ചു മിനുക്കിയ കത്തി പുറത്തെടുത്തു കൈയിൽ പിടിച്ചപ്പം ഒരു ധൈര്യമൊക്കെ വന്നു.

ശെരിയാ. അടുത്തൂന്ന് ആരാണ്ടു ഞരങ്ങുന്നുണ്ട്. കണ്ണ് ഒന്നൂടെ തിരുമ്മി സൂക്ഷിച്ചു നോക്കി. സ്രാവ് കരയ്ക്കടിഞ്ഞ പോലെ ആരോമല് കിടപ്പൊണ്ട്. അവനാ ഞരങ്ങുന്നേ. മേലാസകലം ചോരയാ. ചന്ദ്രു നെരങ്ങി അവന്റെ അടുത്ത് ചെന്നു. ബോധമില്ല, എന്നാലും ജീവനൊണ്ട്.

കത്തി കടിച്ചു പിടിച്ച് രണ്ടു കയ്യും നിലത്തു കുത്തി ഒന്ന് നിന്നിട്ട് ചന്ദ്രു പതുക്കെ ഒന്ന് എണീക്കാൻ നോക്കി. ഒരു ഊന്നിന് തട്ടുകടേടെ ഓരത്തു പൊത്തിപ്പിടിച്ചോണ്ടു ഒരു വിധത്തിൽ അങ്ങ് പൊങ്ങി. ചെറിയ ചാഞ്ചാട്ടം ഒണ്ടേലും ഒടുക്കം ഒരു വിധത്തിൽ ഒപ്പിച്ചൊന്നു എണീറ്റ് നിന്നു.

ഇരുട്ടുമായിട്ട് അപ്പഴത്തേക്ക് ഗുലാൻ ആയി കഴിഞ്ഞിരുന്ന കണ്ണ് നല്ലോണം അടച്ചു തുറന്നു ചന്ദ്രു ചുറ്റിനും നോക്കി. ചെക്കന്റെ പൊടി പോലും കാണാനില്ല. ആകെ നാണക്കേടാകുവല്ലോ, പിന്നേം പണി തന്നിട്ട് അവൻ മുങ്ങിയല്ലോ. ആകെ കലിപ്പ് കേറിയ ചന്ദ്രു ഒന്ന് മുമ്പോട്ടാഞ്ഞു കടയുടെ തട്ടിൽ ഒറ്റയടി കൊടുത്തു. മിന്നൽ പോലെ ഒരു വേദന അരിച്ചു കേറിയതും ചന്ദ്രു മുക്രയിട്ടതും ചന്ദ്രുവിന്റെ കാല് എന്തിലോ തട്ടിയതും ഒന്നിച്ചാരുന്നു.

ചോരയൊലിക്കുന്ന കയ്യും പിടിച്ചു താഴോട്ട് നോക്കിയ ചന്ദ്രു ആദ്യം കണ്ടത് രണ്ടു കാലുകളായിരുന്നു. വള്ളി കണക്കു മെലിഞ്ഞു നീണ്ട കാലുകൾ.

എന്റമ്മേ എന്ന് നിലവിളിച്ചു ആദ്യം ഒന്ന് പിന്നോട്ട് ചാടിയേലും പിന്നെ ചന്ദ്രു സമനില തിരിച്ചു പിടിച്ചു.

കഴുത്തിന് മോളിലോട്ടുള്ള ഭാഗം കടയുടെ അടിയിലേക്ക് കേറിയാ കിടന്നിരുന്നേലും ആ കിടപ്പ് കണ്ടപ്പോ ചന്ദ്രുവിന് കാര്യങ്ങൾ ഏകദേശം കത്തി. പതുക്കെ അടുത്തിരുന്നു ഒന്ന് തൊട്ടു നോക്കി. അനക്കവില്ല. വെറഞ്ഞിരിക്കുന്നു. ചെക്കന്റെ ആപ്പീസ് പൂട്ടിയ കാര്യം ഉറപ്പായേലും ഒന്നൂടെ ഒറപ്പിക്കാൻ കാലേൽ പിടിച്ചു ചെറുതായിട്ട് ഒന്ന് വലിച്ചു. പുറത്തേക്കു വന്ന തലയുടെ പരുവം കണ്ടപ്പം കാണേണ്ടിയിരുന്നില്ലെന്ന് തോന്നി ചന്ദ്രുവിന്. തലയ്ക്ക് കിട്ടിയ ഊക്കൻ അടി ഷേപ്പ് തന്നെ മാറ്റി കളഞ്ഞിരുന്നു. മൊത്തത്തിൽ ചതഞ്ഞ പരുവം.

അല്ലേലും കൈക്കരുതിന്റെ കാര്യത്തിൽ ആരോമലിനോട് മുട്ടാനുള്ള വകുപ്പൊന്നും ഈ ചെക്കനല്ല നല്ല കാലത്തെ പെട്രോൾ തോമയ്ക്ക് പോലും കാണുകേലന്നു ചന്ദ്രുവിന് ഒറപ്പായിരുന്നു.

ചന്ദ്രു ഒന്നൂടെ എണീറ്റങ് നിന്നു. ഉള്ള വേദന അത്രേം മറന്നോണ്ട് ഒന്ന് നന്നായിട്ട് ചങ്കു വിരിച്ചു നിന്നു. മീശേൽ ഒന്ന് തടവി ഞരങ്ങുന്ന ആരോമലിനെ അഭിമാനത്തോടെ നോക്കി.

മിടുക്കൻ, നീ എനിക്കൊത്ത ശിഷ്യൻ തന്നെ.

ദൂരെ എങ്ങാണ്ട് കോഴി കൂവുന്ന ഒച്ച കേട്ടു.

ആരോമലിന്റെ അടുത്ത് വന്നിരുന്നിട്ട് ചന്ദ്രു അവന്റെ മുടിയിൽ ഒന്ന് വിരലോടിച്ചു.

“നീ എന്റെ മാനം കാത്തെടാ മോനെ.”

ചെവിയിൽ കൊച്ചിന്റെ പേര് വിളിക്കണ പോലെ ചന്ദ്രു ആരോമലിന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു.

മറുപടിയായി അവൻ ഒന്നൂടെ ഞരങ്ങി. പാവം, ബോധം വന്നിട്ടില്ല. ചോര ഒത്തിരി പോകുന്നൊണ്ട്. നല്ല വേദനയും കാണും. ഇവനെ ഇങ്ങിനെ വേദന തിന്നാൻ വിടാൻ പറ്റുകേല.

ദൂരെ ഒരു വണ്ടി വരുന്ന ഒച്ച കേക്കുന്നൊണ്ട്. ചന്ദ്രു ഒന്ന് തിരിഞ്ഞു നോക്കി.

ഇനി അധികം വച്ചോണ്ടിരിക്കാൻ പറ്റത്തില്ല. മിന്നൽ മിന്നൽ ആകണോ അതോ വെറും മിന്നാമിനുങ്ങായി നാണം കേട്ട് പെൻഷൻ ആകണോ എന്നൊള്ളത് ഇപ്പം തീരുമാനിക്കണം.

ആരോമലിനെ നെഞ്ചുംകൂടിന്റെ സ്ഥാനം കൈ കൊണ്ട് തൊട്ടുറപ്പിച്ചിട്ടു കയ്യിലിരുന്ന കത്തി അവിടെ ഒന്ന് തൊട്ടു നിർത്തി. വണ്ടിയുടെ ഒച്ച കേക്കുന്ന ദിശയിലോട്ട് തിരിഞ്ഞു നോക്കിക്കൊണ്ട് ഇടത്തെ കൈ വലത്തേ കയ്യുടെ മോളിലോട്ടു വച്ച് പിള്ളേര് പടക്കം പൊട്ടിക്കണ ഒച്ച കേപ്പിക്കണ പോലെ ഒറ്റയടി. എന്നാ സംഭവം എന്ന് പോലും അറിയാതെ കത്തി നേരെ ആരോമലിന്റെ ചങ്കു തുളച്ച് അക്കരെ കേറി. ചെറിയ ഒരു പിടച്ചിൽ, അതോടെ ആരോമലിൻറെ ഞരക്കം നിന്നു.

മുട്ടേലെ വേദനേം മിന്നലും കാര്യമാക്കാതെ ചന്ദ്രു ചാടി എണീറ്റു. കത്തി ഊരിയെടുത്ത് അതിന്റെ പിടി മുണ്ടേൽ നന്നായിട്ടൊന്നു തൊടച്ചിട്ട്  അപ്പുറത്ത് ചത്ത് മലച്ചു കിടക്കണ ചെറുക്കന്റെ കൈയിൽ പിടിപ്പിച്ചു കൊടുത്തതും വണ്ടി വളവു തിരിഞ്ഞു വന്നതും ഒന്നിച്ചാരുന്നു.

ചോരയിൽ കുളിച്ച് മീശയും തടവി ഒരു ചെറിയ ചിരീം ചിരിച്ചു നടുക്കോട്ടു നിന്ന ചന്ദ്രു ഓടി വന്ന പോലീസ് ജീപ്പിന്റെ വെളിച്ചത്തിൽ നല്ലോണം അങ്ങ് മിന്നി.

അവിടുന്നങ്ങോട്ട് സ്റ്റേഷനും കോടതിയും ജയിലുമൊക്കെയായി മിന്നലങ്ങ് പോയേലും മിന്നലിൻറെ തിരിച്ചു വരവ് ചാത്തങ്കരയുടെ ദേശീയ ആഘോഷമായി കഴിഞ്ഞിരുന്നു. രാത്രിക്ക് രാത്രി അക്കരെ വരത്തമ്മാരുടെ നാട്ടിൽ കേറി അതിൽ ഏറ്റവും വിഷം മുറ്റിയവനിട്ടു പണിത പണി ചാത്തങ്കരയുടെ ചരിത്രപുസ്തകങ്ങളിൽ സ്ഥാനം പിടിച്ചു. രക്തസാക്ഷിയായ ആരോമലും ആ ചരിത്രത്തിന്റെ ഭാഗമായി ഞെളിഞ്ഞു നിന്നു. ആദ്യത്തെ അടിക്കു വീണേലും സ്വന്തം ശിഷ്യന്റെ ചോര തെറിക്കുന്ന കണ്ട് ഉയിർത്തെഴുന്നേറ്റു വന്നു ശത്രുനിഗ്രഹം നടത്തിയ മിന്നലിൻറെ വീരചരിതത്തിനു മുമ്പിൽ ദൈവങ്ങളുടേം പുണ്യാളന്മാരുടേം ആക്ഷൻ ഡ്രാമ കഥകൾ വരെ ചാത്തങ്കരയിൽ ഫ്ലോപ്പായി.

വർഷങ്ങൾ കഴിയുംതോറും പറഞ്ഞും കേട്ടും മിന്നലിൻറെ വീരകഥകളിൽ മസാല കൂടിക്കൂടി വന്നു. പാവങ്ങളുടെ പടത്തലവൻ, ചാത്തങ്കരയുടെ വീരനായകൻ, ദേശദ്രോഹികളെ അവരുടെ വീട്ടിൽ കേറി തൂക്കിയ ദേശസ്നേഹി എന്നിങ്ങനെ മിന്നലിന്റെ അപദാനങ്ങൾ നാടൊട്ടുക്കും പരന്നു.

ജയിലിൽ വച്ച് പ്രമേഹം മൂത്ത് മിന്നലിന്റെ വെടി തീർന്ന ആഴ്ച്ച ചാത്തങ്കരയ്ക്ക് ദുഃഖാചരണമായിരുന്നു. അനുശോചന സമ്മേളനത്തിൽ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് നാടിൻറെ വീരനായകന് ചാത്തങ്കരയുടെ ഹൃദയഭാഗത്ത് ഒരു സ്‌മൃതി മണ്ഡപം സ്ഥാപിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഇടി വെട്ടുന്ന കയ്യടികളോടെയാണ് നാട് ഏറ്റെടുത്തത്.

വസിം അക്രത്തിനെ ചങ്കു വിരിച്ച് നേരിട്ട സച്ചിൻ ടെണ്ടുൽക്കറെ കണ്ടു ആവേശം മൂത്ത ബാക്കി പിള്ളേരെ പോലെ ബാറ്റുമെടുത്തു ഇറങ്ങാൻ ചാത്തങ്കരയിലെ പിള്ളേർക്ക് ആകുമായിരുന്നില്ല. അവരുടെ ഹീറോ മിന്നലിനെ അനുകരിച്ച് അടിക്ക് തിരിച്ചടി, ശത്രുക്കളെ വീട്ടിൽ കേറി ഒതുക്ക ൽ തുടങ്ങിയ കലാകായിക പ്രവർത്തനങ്ങളിൽ നന്നേ ചെറുപ്പത്തിലേ തന്നെ ഇടപെട്ടാണ് അവർ അവരുടെ ദേശസ്നേഹം പ്രകടിപ്പിച്ചത്.

കൊറേ കൊല്ലങ്ങൾക്കിപ്പുറം, ചാത്തങ്കര പള്ളിപ്പെരുന്നാളിന്‌ ഒരു ലോക്കൽ കൊച്ചിനെ പൊറത്തൂന്ന് വന്ന ഒരു ചെറുക്കൻ കേറി ഞോണ്ടിയ കേസിന്റെ ബാക്കി അടി നടക്കുവാരുന്നു. വരത്തമ്മാരുടെ സംഘം ലീഡ് ചെയ്തു നിന്ന ആദ്യപകുതി കഴിഞ്ഞപ്പഴാ നമ്മടെ ചിന്തുവിന്റെ മാസ്സ് എൻട്രി. കൊച്ചു പയ്യനാണേലും പറന്ന് ചവിട്ടി എതിരാളിയെ വീഴ്ത്തുന്ന അവന്റെ ഒരു സ്റ്റൈൽ ഇതിനകം തന്നെ ചാത്തങ്കരയുടെ രോമാഞ്ചമായി മാറിയിരുന്നു.

എറങ്ങി മിനിട്ടുകൾക്കകം വരത്തമ്മാരെ അടിച്ചു നിരത്തി ഓടിച്ചിട്ട് ചെക്കൻ ഷർട്ടിന്റെ കോളർ പൊറകിലോട്ടു വലിച്ചിട്ടു നല്ല സ്റ്റൈലിൽ ഞെളിഞ്ഞങ്ങു നിന്നു.

അച്ഛൻ ആരോമലിന്റെ ചോരയ്ക്ക് പകരം വീട്ടിയ അച്ഛന്റെ ആശാൻ മിന്നലിൻറെ കഥകൾ കേട്ട് ആവേശം കേറിയ ചെക്കൻ ഉമ്മ സീനത്തിന്റെ നല്ല വാക്ക് കേട്ട് എങ്ങനെ ഒതുങ്ങാൻ.

ചങ്കു വിരിച്ചു നിന്ന് അലറുന്ന ചെക്കനെ കണ്ട് നാട്ടുകാര് അടക്കം പറഞ്ഞു.

“ഹോ, മിന്നലിനെപ്പോലെ ചാത്തങ്കരേല് ദേ ആണൊരുത്തൻ.”