എടീ സുനിതെ, വാതിൽ തുറക്ക്… പുറത്ത് നിന്ന് ഗിരീശൻ്റെ നാവു കുഴഞ്ഞുള്ള വിളിയാണ്..
ദേ വരുന്നു… സുനിത ഓടി വന്നു വാതിൽ തുറന്നു. കേറിയ പാടെ ഗിരീശൻ എന്നത്തേയും പോലെ താഴേക്ക്! അവിടെ തന്നെ കിടന്നു മുക്കിയും മൂളിയും ഉറങ്ങി. കൂടെ വന്ന ശിങ്കിടികളും പോയ മട്ടുണ്ട്..
ദൈവമേ എന്ന് തീരും എൻ്റെയീ സങ്കടങ്ങൾ?? സുനിത ആരോടെന്നില്ലാതെ പിറുപിറുത്തു…
ഉറങ്ങി കിടക്കുന്ന ഉണ്ണിക്കുട്ടൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു അവൾ നെടുവീർപ്പെട്ടു.
എന്ന് തുടങ്ങിയതാണ് തൻ്റെ ഈ നെട്ടോട്ടം!
അച്ഛനും അമ്മയും നഷ്ടപ്പെട്ട് വല്ല്യമ്മയുടെ വീട്ടിൽ എത്തിയപ്പോൾ…
രണ്ടു നേരത്തെ ആഹാരത്തിന് വേണ്ടി ആ വീട്ടിലെ എല്ലാ പണികളും ചെയ്യേണ്ടി വന്നപ്പോൾ…
പന്ത്രണ്ടു വയസ്സ് മുതൽ ഓരോരോ അടുക്കളപുറത്തെ എച്ചിൽ പാത്രങ്ങൾക്കിടയിൽ… തൻ്റെ കണ്ണുനീർ ആരുകാണും എന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു ദേവദൂതനെപോലെ ഗിരീശേട്ടൻ തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
അന്ന് കണ്ട് തുടങ്ങിയതാണ് പുതിയ സ്വപ്നങ്ങൾ..നട്ട് നനച്ചു വളർത്തിയതാണ് പ്രതീക്ഷകൾ…
പക്ഷേ, ഉണ്ണിക്കുട്ടൻ്റെ ജനനത്തിന് ശേഷം ഗിരീശൻ പഴയപോലെ ജോലിക്ക് ഒന്നും പോകാതെ ആയി. പാർട്ടി പ്രവർത്തനം എന്നും പറഞ്ഞു രാവിലെ ഉടുത്തൊരുങ്ങി ഇറങ്ങുന്നത് കാണാം. രാത്രി വൈകി കുടിച്ചു മതിമറന്നുള്ള വരവും സ്ഥിരമയപ്പോൾ സുനിതയ്ക്ക് നഷ്ടമായത് സ്വപ്നങ്ങൾ മാത്രമല്ല, കരുതലും, സ്നേഹവും, ധൈര്യവും, ജീവിതവുമാണ്.
എങ്കിലും അതൊക്കെ അതിജീവിച്ച് സുനിത വീണ്ടും ജോലിയ്ക്കു പോയി തുടങ്ങി. രണ്ടു ഫ്ളാറ്റുകളിൽ പോകുന്നുണ്ട്. എങ്ങനെയൊക്കെയോ ഉണ്ണിക്കുട്ടൻ്റെയും വീടിൻ്റെയും കാര്യങ്ങൾ ഒക്കെ നടന്നുപോകുന്നു.
പതിവുപോലെ ഫ്ളാറ്റിൽ നിന്ന് മടങ്ങി വരുമ്പോൾ ആണ് റോഡ് വക്കത്ത് ആൾക്കൂട്ടം കണ്ടത്. അപകടം എന്തോ ആണ്. അപകടത്തിൽപെട്ടവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്നും സീരിയസ് ആണെന്നും ഒക്കെ കേട്ടു.
പെട്ടെന്നാണ് അയൽവക്കത്തെ നാരായണൻ ചേട്ടൻ സുനിതയെ കണ്ടത്.
സുനിതെ, നീ അറിഞ്ഞില്ലേ? ഗിരീശൻ ആണ് വണ്ടി ഓടിച്ചിരുന്നത്, ഹെൽമറ്റും ഉണ്ടായിരുന്നില്ല, പോരാഞ്ഞ് നല്ല മദ്യ ലഹരിയിൽ ആയിരുന്നു. മെഡിക്കൽ കോളജിലേക്ക് ആണ് കൊണ്ട് പോയത്. നീ വേഗം അങ്ങോട്ട് പോകാൻ നോക്ക്.
സുനിതയുടെ ഹൃദയം നിലച്ചത് പോലെ തോന്നി. ഇല്ല… കാലുകൾ അനങ്ങുന്നില്ല.. ചലിക്കാനാവുന്നില്ല തനിക്ക്! തൻ്റെ ഒരേ ഒരു പ്രതീക്ഷ… അതും .. അതും അസ്തമിച്ചോ?? അവൾക്ക് അലറി കരയണമെന്ന് തോന്നി.
എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവളെ നാരായണൻ ഒരു ഓട്ടോയിൽ കയറ്റി മെഡിക്കൽ കോളേജിൽ എത്തിച്ചു. അയാളുടെ കൈയിൽ ആകെയുണ്ടായിരുന്ന ആയിരം രൂപയും അവളെ ഏൽപ്പിച്ചു.
ചികിത്സയ്ക്ക് ശേഷം തിരിച്ചു കിട്ടിയത് ശരീരം മുഴുവൻ തളർന്നു പോയ ഗിരീശനെയാണ്. തലയ്ക്കേറ്റ ക്ഷതം അയാളുടെ ഉടലിനെ തന്നെ തളർത്തികളഞ്ഞു. ആകെയുണ്ടായിരുന്ന ആശ്വാസം അയാൾക്ക് ഓർമ്മ നഷ്ടമായിപോയില്ല എന്നത് ആയിരുന്നു. പക്ഷേ അയാളെ സംബന്ധിച്ചിടത്തോളം അതായിരുന്നു അയാളുടെ ഏറ്റവും വലിയ സങ്കടം!! ഒരു പക്ഷെ അയാൾക്ക് കിട്ടിയ ശിക്ഷയും!!
സുനിത ഗിരീശനെ ഒരു കുഞ്ഞിനെയെന്നപോലെ പരിചരിച്ചു.
ഓരോ തവണ സുനിത അയാളുടെ അടുക്കൽ വരുമ്പോഴും അവൻ പശ്ചാത്താപം കൊണ്ട് വീർപ്പുമുട്ടി.
ഗിരീശൻ പലതും തിരിച്ചറിഞ്ഞു. തന്നെ തേടി പാർട്ടിക്കാരും, കൂട്ടുകാരും, ആരും ഇനി വരാൻ പോകുന്നില്ല എന്ന്. തനിക്ക് സുനിത അല്ലാതെ വേറെ ആരും തുണയില്ല എന്ന്. തൻ്റെ മാത്രമല്ല, സുനിതയുടെ ജീവിതവും താൻ തകർത്തു കളഞ്ഞു എന്ന്. വളരെ വൈകി ഉള്ള ഒരു തിരിച്ചറിവ്. ഇപ്പൊൾ ഒരു ഉപകാരവും ഇല്ലാത്ത ഒരു പാഴ് തിരിച്ചറിവ്!!
തൻ്റെ സുനിത!! അവളുടെ കണ്ണുകളിലെ രക്തം വാർന്നുപോയിരിക്കുന്നു. ജോലിയും നെട്ടോട്ടവും കാരണം കറുത്ത് എല്ലും തോലുമായിരിക്കുന്നു.
അവളെ താൻ എന്തുകൊണ്ട് ഇടയ്ക്കൊന്നും ഓർത്തില്ല? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
ഹൃദയത്തോട് ചേർത്ത് അവളെ ഉറക്കിയിട്ട് എത്ര നാളായി? അവളുടെ നെറുകയിൽ ഒന്നമർത്തി ചുംബിച്ചിട്ട് എത്ര കാലമായി? ആഗ്രഹങ്ങൾ മനസ്സിൽ ഒതുക്കി തനിക്കായി അവൾ എത്ര കാത്തിരുന്നു കാണും? അയാൾക്ക് വിതുമ്പൽ അടക്കാനായില്ല!
പക്ഷെ, വിദൂരതയിൽ കണ്ണ് നട്ടിരുന്ന് കരയാൻ സുനിത തയ്യാറായിരുന്നില്ല.
ഇല്ല.. തളരാൻ പാടില്ല.
ഉണ്ണിക്കുട്ടനെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം. ഗിരീശേട്ടനെ ചികിത്സിപ്പിക്കണം. തനിക്കാവും വിധം എല്ലാം ചെയ്യണം. അവൾ മനസ്സിലുറപ്പിച്ചു.
സുനിതയുടെ കാലുകൾ യാന്ത്രികമായി ഫ്ലാറ്റിൻ്റെ മുന്നിലെത്തിയിരുന്നു.
വീണ്ടും പ്രതീക്ഷകൾ വിടർത്തി എച്ചിൽ പാത്രങ്ങൾക്കിടയിലേക്ക്!!