ശുഷ്കിച്ച് ചുളിഞ്ഞ തന്റെ കൈവിരലുകൾ നീണ്ടു നരച്ച താടിയിലൂടെ ഓടിച്ച് കൊണ്ട് വൃദ്ധൻ അനന്തമായ വിഹായസ്സിലേക്ക് ഒരു നിമിഷം തന്റെ കണ്ണുകളെ കേന്ദ്രീകരിച്ചു. സന്ധ്യയുടെ കരങ്ങൾ പകലിനെ അല്പാല്പമായി വിഴുങ്ങിതുടങ്ങി. കലപില കൂട്ടുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി വൃദ്ധൻ നെടുവീർപ്പിട്ടു. അവർ എത്രയോ സ്വതന്ത്രർ ആണ്. ആരുടേയും ബന്ധനത്തിൽ പെടാതെ ജീവിതം ആർത്തുല്ലസിക്കുകയാണ്. കൊതി തീരുവോളം പറക്കുന്ന അവറ്റകൾ തന്നെ നോക്കി പരിഹസിക്കുകയാണോ? വൃദ്ധന്റെ കൈവിരലുകൾ കാരാഗ്രഹത്തിന് സമാനമായ ഇരുമ്പഴികളിൽ അമർന്നു.

ഇതിൽ നിന്ന്.. ഈ വൃദ്ധമന്ദിരത്തിൽ നിന്ന് തനിക്ക് മോചനം ഇല്ലയോ?
വേണ്ട, മകന്റെ അഭിമാനം കളഞ്ഞുകുളിച്ചുള്ള സ്വാതന്ത്രം തനിക്ക് അർഹതപ്പെട്ടതല്ല.
വൃദ്ധന്റെ കൈകൾ ഒരിക്കൽ കൂടി അഴികളിൽ അമർന്നു.
ഈ ഞാൻ തളർന്നു കൂടാ…..

ഓർമയുടെ പഴക്കം ചെന്ന തുണിക്കെട്ട് ഒന്നൊന്നായി വൃദ്ധൻ ഭാണ്ഡത്തിൽ നിന്നും പുറത്തെടുത്തു. താൻ നേരിട്ട പ്രയാസങ്ങളുടെ കഥകൾ ആ വിങ്ങുന്ന ഹൃദയത്തിൽ ഓടിയെത്തി.
ഒരേയൊരു മകൻ, അവനു വിദേശത്തുപോകാൻ വലിയ ആഗ്രഹമായിരുന്നു. പല വാതിലുകൾ മുട്ടി. അവസാനം പെട്ടന്നൊരു സുപ്രഭാതത്തിൽ ഒരു അവസരം ലഭിച്ചു. ഇരുപതിനായിരം രൂപ വേണം. ഇരുപതിനായിരം രൂപ, തന്റെ മനസ്സിൽ വെള്ളിടി വെട്ടി. ആ ചെറിയ ഹൃദയത്തിനു താങ്ങാവുന്നതിലും അധികമായിരുന്നു ആ തുക. വൃദ്ധൻ നട്ടം തിരിഞ്ഞു. എങ്കിലും തളർന്നില്ല. വെറും മൂന്ന് ദിവസങ്ങൾ കൊണ്ട് മാത്രമാണ് അത്രയും പണമുണ്ടാക്കിയത്. താൻ എത്ര വാതിലുകൾ മുട്ടിയാണ് ആ തുക ഉണ്ടാക്കിയത്…
വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു. ഞരമ്പുകൾ വലിഞ്ഞു മുറുകി. ഓർക്കുവാൻ താൽപര്യമില്ലായിരുന്ന ഓർമ്മകൾക്ക് കടിഞ്ഞാണിടാൻ ശ്രമിച്ചു. പക്ഷേ ആ മനസ്സിന് അത് ഒട്ടും സാധിച്ചില്ല.
രണ്ടു വർഷങ്ങൾക്കു ശേഷം മകന്റെ ടെലഗ്രാം ലഭിച്ചു. അവൻ വരും എന്ന്. വൃദ്ധന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു കൊച്ചുകുട്ടിയെ പോലെ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു. മുരടിച്ചുപോയ തന്റെ മനസ്സിനെ ഒരിക്കൽ കൂടി ശക്തിപ്പെടുത്തി. മകൻ വന്നു, ഒരു മാസത്തെ അവധിക്ക്. വൃദ്ധൻ തന്റെ മനസ്സിൽ സൂക്ഷിച്ച ഏറ്റവും വലിയ ആഗ്രഹമായ മകന്റെ വിവാഹം. അതും ആർഭാടമായി നടത്തി. അവധി ഓരോന്നായി കടന്നുപോയി.മകനെ പിരിയാൻ പോകുന്ന നൊമ്പരം ആ വൃദ്ധ മനസ്സിനെ അലട്ടി. തന്റെ മകനെ പിരിയുന്നതിന്റെ തലേന്ന് മകൻ അച്ഛനെ അന്വേഷിച്ചു മുറിയിൽ എത്തി. വാത്സല്യത്തോടെ ആ അച്ഛൻ മകനെ നോക്കി. അവൻ അപ്പോൾ പറഞ്ഞ വാക്കുകൾ കേട്ട് ആ വൃദ്ധൻ ഞെട്ടിത്തരിച്ചുപോയി.

“അച്ഛാ..അച്ഛൻ ഒറ്റയ്ക്കിവിടെ താമസിക്കേണ്ട, ഞാൻ പട്ടണത്തിലൊരു വൃദ്ധ മന്ദിരത്തിൽ ഒരു സീറ്റ് പറഞ്ഞിട്ടുണ്ട്. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. മിണ്ടിയും പറഞ്ഞും സമയം പോകാൻ ഒത്തിരി ആൾക്കാരുമുണ്ട്, അച്ഛന് ഒരു കൂട്ടും ആകും”.
വൃദ്ധമന്ദിരം..!

മകന്റെ ആ വിചാരത്തിന് വേറെ അർത്ഥം ഒന്നും ഇല്ലായിരുന്നു.

വൃദ്ധൻറെ ആത്മാഭിമാനം മറുത്തൊന്നും പറയാൻ സമ്മതച്ചില്ല. മരണം ഒരിഞ്ചുക്കൂടി തന്നിലേക്ക് അടുത്തു എന്ന് തോന്നി. പിറന്നുവീണ മണ്ണിനെ വിട്ടകന്ന് വിദൂരമായ ഏതോ ഒരിടത്ത് അജ്ഞാതനായി, ആത്മ നൊമ്പരങ്ങളുടെ തടവറയിൽ ഏകാന്ത തടവുകാരനായി കഴിയുകയാണ് തന്റെ വിധി എന്ന് വൃദ്ധൻ സ്വയം സമാധാനിച്ചു.
വെളിച്ചം പൂർണമായും സന്ധ്യയ്ക്ക് മുന്നിൽ കീഴടങ്ങി, എല്ലാവരും തന്നിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നു എന്ന് തോന്നി.
സന്ധ്യയുടെ മാറിൽ യാഥാർത്ഥ്യങ്ങൾക്ക് കരുത്തേകാൻ എത്തിയ നക്ഷത്രങ്ങൾ തന്നെ നോക്കി പരിഹസിക്കുകയാണോ? ഒരിറ്റു സ്നേഹത്തിനായി ദാഹിച്ചു. ഒരിക്കൽ കൂടി തന്റെ കണ്ണുകൾ ഒരിറ്റു കണ്ണുനീർ തുള്ളിപൊഴിച്ചു.

അസ്തമയം കാത്തു ആ ചുവരുകൾക്കു നടുവിൽ..