“ഹലോ “
“ഹലോ , ഇത് ഞാനാടാ അന്ന “
“അന്നയോ ?? ഏത് അന്ന ??
“നിനക്കതിന് എത്ര അന്നയെ അറിയും??”
ഒരു തീമഴ പോൽ പെയ്തിറങ്ങുന്ന ചോദ്യമാണത്.. മറുപടി പറയാനാവാതെ ഞാൻ തരിച്ചു നിന്നു.. ഫോൺ കയ്യിൽ നിന്നും അടർന്നു വീണു…
അവളുടെ ചോദ്യം..
“നിനക്കതിന് എത്ര അന്നയെ അറിയും??”
ശരിയാണ്.. എനിക്കാകെ ഒരു അന്നയെ മാത്രമേ അറിയൂ.. എന്നെ ഞാനാക്കിയ അന്ന..അവൾ..

ഓർമ്മകൾ ചിതറിത്തെറിക്കാൻ തുടങ്ങി..ആറു വർഷമായി ഉള്ളിൽ ചങ്ങലക്കിട്ടിരിക്കുന്ന ഓർമ്മകൾ..
ക്യാമ്പസ്സിന്റെ മുഴുവൻ കുരുത്തക്കേടുകളും അടിമുടി വിഴുങ്ങിയിരുന്ന ഞാനെന്ന വെയിലിലേക്കായിരുന്നു അന്ന ഒരു മഴയായി പെയ്തിറങ്ങിയത്..
അമിതമായ രാഷ്ട്രീയവും എന്തിനും ഏതിനും എടുത്തു ചാടി തെറിച്ചു നടന്നിരുന്ന എന്നിലെ താന്തോന്നിയിലേക്ക് അന്ന മാലാഖയെ പോൽ നടന്നടുക്കുകയായുന്നു..

ആരോടും അധികം സംസാരിക്കാത്ത അന്ന എന്നോട് മാത്രം വാചാലയായി.. അവിടെ തുടങ്ങിയ ആരെയും അസൂയപ്പെടുത്തുന്ന സൗഹൃദം..
ക്ലാസ്സുകളിൽ കയറാതെ അലഞ്ഞു നടന്നിരുന്ന ഞാൻ അന്നയോടൊപ്പം ക്ലാസ്സുകളിൽ കയറാൻ തുടങ്ങി..
പഴയ ഏതോ മാഗസിനിൽ ഞാനെഴുതിയ വരികളെ കഥയെന്നു വിളിച്ചത് അവൾ മാത്രമായിരുന്നു..
അങ്ങനെ ഞാനൊരു കഥാകാരനായി..
പറഞ്ഞു പറഞ്ഞു അവളെന്നെക്കൊണ്ട് കഥയെഴുതിക്കാൻ തുടങ്ങി..
എഴുതിയ കഥകൾ അവൾക്ക് വേണ്ടി മാത്രമായിരുന്നു..
കഥകൾ വായിക്കാൻ ഒരുപാടിഷ്ടപ്പെട്ടിരുന്ന അന്ന മാത്രം എന്റെ കഥകൾ വായിച്ചു..
അന്ന എന്ന പേരിനോടൊപ്പം എന്റെ പേര് കൂടി ക്യാമ്പസ് ചേർത്ത് വായിച്ചു..
“നിങ്ങൾ തമ്മിൽ വെറും സൗഹൃദമാണോ അതോ വേറെന്തെങ്കിലും ഉണ്ടോ ” എന്നാദ്യം ചോദിച്ചത് റിഷാന ആയിരുന്നു..
അപൂർവമായി മാത്രം ഒരു ചോദ്യത്തിന് ഉത്തരമില്ലാതെ ഞാനവളുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി..
അന്ന് വൈകുന്നേരം ഒരുപാട് ബുദ്ധിമുട്ടി അന്നയോട് റിഷാന ചോദിച്ച ചോദ്യം ഒന്നുകൂടി ചോദിച്ചു..
“നീ ഇന്നാണോ ആ ചോദ്യം ആദ്യമായി കേൾക്കുന്നത്.. ഞാൻ എത്രയോ തവണ ആ ചോദ്യം കേട്ട് തഴമ്പിച്ചിരിക്കുന്നു” അവൾ കുസൃതി നിറഞ്ഞ ഒരു ചിരിയോടെ ഞാനെന്ന ചോദ്യചിഹ്നത്തിനെ ഒന്ന്കൂടി നിസ്സഹായനാക്കി..
“അപ്പൊ നീ എന്താ അവരോട് മറുപടി പറഞ്ഞത് അന്നാ ??? “
” സൗഹൃദത്തിനും പ്രണയത്തിനുമപ്പുറമാണ് എനിക്ക് നീയെന്ന്”
തിരിച്ചൊരു ചോദ്യത്തിന് ഒരു ചെറു പ്രസക്തി പോലുമില്ലാതെയാണ് അന്ന എനിക്ക് മറുപടി തന്നത്..
അത് പറഞ്ഞവൾ എന്റെ കൈകൾ അവൾ ഒന്നുകൂടി ചേർത്ത് പിടിച്ചു.. അവളുടെ വലതു കയ്യിൽ എന്റെ ഇടത് കൈ ചേർത്ത് ചെറുമഴയിൽ അവൾ നടന്ന് നീങ്ങുമ്പോൾ അന്നയെന്ന സ്നേഹമഴ എന്നിൽ ഒരു പേമാരി പോൽ പെയ്തിറങ്ങുകയായിരുന്നു..
അവളേറെ ഇഷ്ടപ്പെടുന്ന നെരൂദയുടെ കവിതകൾ എന്റെ തോളിൽ തലചേർത്തു വായിക്കുമ്പോൾ ആ കവിത എന്റേത് കൂടിയായി മാറി..
നെരൂദയെ ഞാനിഷ്ടപ്പെട്ടു തുടങ്ങിയത് അവളിലൂടെയായിരുന്നു..
കഥ പറഞ്ഞും കവിതയായും ദിവസങ്ങൾ കൊഴിഞ്ഞു പൊയ്‌ക്കൊണ്ടേ ഇരുന്നു..
ഞാൻ അന്നയെന്ന ഉപഗ്രഹത്തിൽ ചുറ്റാൻ തുടങ്ങിയിട്ട് ഒന്നര വർഷമാകുന്നു..

മഴയുള്ളൊരു ദിവസം ക്ലാസ്സിലേക്ക് നീങ്ങിയ എന്നോട് “നമുക്കിന്ന് ലൈബ്രറിയിൽ ഇരിക്കാം കുറച്ചധികം നേരം” എന്ന് പറഞ്ഞു എന്റെ കൈ ചേർത്ത് പിടിച്ചു അവൾ ലൈബ്രറിയിലേക്ക് നടന്നു..
എന്റെ തോളിൽ തലവെച്ചു അവൾ നെരൂദയെ വായിച്ചു..
“I love you without knowing how, or when, or from where.I love you straightforwardly, without complexities or pride;
so I love you because I know no other way than this:
where I does not exist, nor you,
so close that your hand on my chest is my hand,
so close that your eyes close as I fall asleep.”
അന്ന കവിതയാകുകയായിരുന്നു.. ഞാനൊരു കാമുകനും..!
“പ്രണയത്തിന് പൂച്ചയെ പോൽ 9 ജന്മങ്ങളുണ്ടെന്ന് നെരൂദ പറയുന്നു.. അപ്പൊ നമുക്കതിനേക്കാൾ ജന്മങ്ങൾ കാണും അല്ലേ?? ” ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു..
“പിന്നെ നീ വലിയൊരു കഥാകാരനാവുമ്പോൾ എന്നെക്കുറിച്ചു എഴുതില്ലേ??” കൊഞ്ചലോടെ അവൾ ചോദിച്ചു.. എനിക്ക് ചിരിയാണ് വന്നത്..ഞാനൊന്ന് മൂളുക മാത്രം ചെയ്തു..
“എന്ന കുറിച്ചെഴുതുന്ന കഥക്ക് നീ എന്ത് പേരിടും??”
” “നെരൂദയെ സ്നേഹിച്ച പെൺകുട്ടി’ എന്നിട്ടാലോ?? “
“പോടാ, അതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടല്ലോ.. അങ്ങനൊന്നും ഇടേണ്ട.. എന്റെ കഥക്ക് എന്റെ പേര് തന്നെ മതി.. ‘അന്ന’.. “
“ശരി.. സമ്മതിച്ചു”
“ഞാൻ കാത്തിരിക്കും”
അവളെന്റെ തോളിലോട്ട് തല താഴ്ത്തി കണ്ണുകളടച്ചു..

“ഡാ നാളെ അത്യാവശ്യമായി വീട്ടിൽ പോണം.. എന്നെ നീ റെയിൽവേ സ്റ്റേഷനിൽ ആക്കണേ “
അന്ന് തിരിച്ചവളെ ഹോസ്റ്റലിൽ ആക്കുന്നതിനിടയിൽ അവളെന്നോട് പറഞ്ഞു..
“ഈ ആഴ്ച വന്നതല്ലേ ഉള്ളൂ നീ.. പിന്നെന്തിനാ നാളെ പോകുന്നെ?? “
“അതൊക്കെ വന്നിട്ട് പറയാം.. ഞാൻ രാവിലെ ബസ് സ്റ്റോപ്പിൽ ഉണ്ടാകും..എന്നും കേറാറുള്ള ബസിൽ കേറിയാൽ മതി, ഇവിടെത്തുമ്പോൾ ഞാൻ അതിൽ കേറിക്കോളാം..”
ഞാൻ മൂളി..

പിറ്റേന്ന് പറഞ്ഞ സമയം തന്നെ ഞാൻ സമ്മാനിച്ച മഞ്ഞ ചുരിദാറും ധരിച്ചു ഞാനിരിക്കുന്ന സീറ്റിൽ അന്ന ചേർന്നിരുന്നു..
സാധാരണ വാ തോരാതെ സംസാരിക്കുന്ന അന്ന അന്നൊന്നും പറഞ്ഞില്ല.. എന്റെ തോളിൽ തലവെച്ചവൾ കണ്ണുകൾ അടച്ചിരുന്നു.. അവളുടെ നേർത്ത മുടിയിൽ തലോടി ഞാനും കണ്ണുകളടച്ചു..
പുറത്തു നല്ല മഴയായിരുന്നു..
ബസിന്റെ വിന്ഡോ ഷട്ടറുകൾ അടച്ചിട്ടത് കൊണ്ട് ഒരിരുട്ട് ബസിൽ നിറഞ്ഞു നിന്നു..
ബസ് കണ്ണൂരെത്താറായി.. ഞാൻ അന്നയെ വിളിച്ചെഴുന്നേല്പിച്ചു..
അവളെന്നെ നോക്കി ചിരിച്ചു..പിന്നെ എന്റെ ഉള്ളം കൈ പിടിച്ചു അതവളുടെ മുഖത്തേക്ക് ചേർത്ത് വെച്ചു..
ബസ് നിർത്തി..
ഞാൻ എഴുന്നേൽക്കാൻ നേരം അവളെന്റെ കയ്യിൽ നേർത്തൊരു ചുംബനം നൽകി..
ആദ്യ ചുംബനം., ആ നേർത്ത ചൂടിൽ ഞാൻ കുറച്ചു നേരം മൗനിയായി..
“ഇതെന്താ പതിവില്ലാതെ ??? ” ചെറിയ ഞെട്ടലിനൊടുവിൽ ഒരു നേർത്ത ചിരിയോടെ ഞാൻ ചോദിച്ചു..
“ഒന്നുല്ലടാ.. ഞാൻ ഇത്രയേറെ സേഫ് ആണെന്ന് തോന്നിയ വേറൊരു കൈയ്യില്ല.. അതിനൊരു സമ്മാനം കൊടുക്കാൻ തോന്നി” അവൾ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു..
അവളുടെ കൈ പിടിച്ചു ഞാൻ സ്റ്റേഷനിലേക്ക് നടന്നു..
അവൾ ട്രെയിനിൽ കേറി വിന്ഡോ സീറ്റിൽ വന്നിരുന്നു.. ഞാൻ പുറത്തും..
ട്രെയിൻ വിടാൻ നേരം എന്നത്തേയും പോലെ അവൾ കൈകൾ പുറത്തേക്ക് നേടി..ഞാനാ കൈകൾ പുണർന്നു, പിന്നെ പതിവിന് വിപരീതമായി അവൾ പോലും നിനച്ചിരിക്കാത്ത നേരം എന്റെ ചുണ്ടുകൾ അവളുടെ പുറംകൈയിൽ അടുപ്പിച്ചു നേർത്തൊരു ചുംബനം തിരിച്ചു നൽകി..
“To my safe hands”
അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. ആ കണ്ണിൽ കണ്ണീർ പൊടിഞ്ഞുവോ..
എന്റെ അന്നയെയും കൊണ്ട് ട്രെയിൻ നീങ്ങി തുടങ്ങി..
പിന്നീടുള്ള രണ്ട് ദിവസങ്ങൾക്ക് എന്തൊരു നീളമായിരുന്നെന്നോ..
അവളെ കാത്തിരിക്കുന്ന ദിവസങ്ങളുടെ പ്രശ്നമാണത്..

തിങ്കളാഴ്ചയായി..
അന്നയെ കാത്തു ക്ലാസ് റൂമിന്റെ മുന്നിൽ ഞാൻ അക്ഷമനായി നിന്നു.. പക്ഷെ അന്ന വന്നില്ല..
അന്നയില്ലാത്ത ക്ലാസ്സിലേക്ക് ഞാനും പോയില്ല.. ലൈബ്രറിയിൽ പോയി അവളുടെ നെരൂദയെ വായിച്ചു, പക്ഷെ എന്റെ തോളിൽ അവളുടെ സാന്നിധ്യമില്ലെങ്കിൽ കവിതകൾ വെറും അക്ഷരങ്ങൾ മാത്രമാണെന്ന് ഞാൻ തിരിച്ചറിയുകയിരുന്നു..
ഞാൻ പുറത്തിറങ്ങി ബൂത്തിൽ കേറി ആകെ അറിയാവുന്ന അവളുടെ അയൽവാസിയുടെ വീട്ടിലേക്ക് ഡയൽ ചെയ്തു..
“ആ നമ്പർ നിലവിലില്ല” പോലും..
ദിവസങ്ങൾ പിന്നെയും കഴിഞ്ഞു..
അന്ന വന്നില്ല.. അന്നയില്ലാത്ത ക്യാമ്പസിന് കറുത്ത നിറമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു..
ആരും കാണാതെ കരഞ്ഞും, ആരോടൊക്കയോ കലഹിച്ചും അന്നയില്ലാത്ത വേദന ഞാൻ ഇറക്കിവെക്കാൻ തുടങ്ങി..
മാസങ്ങൾ കഴിഞ്ഞപ്പോൾ അന്ന എന്റെ ജീവിതത്തിൽ ഇനിയില്ല എന്ന സത്യവുമായി ഞാൻ പൊരുത്തപ്പെടാൻ തുടങ്ങി..

കാലം ഒഴുകി..
ഇന്നിപ്പോൾ ആറ് വർഷങ്ങൾക്കിപ്പുറം അന്ന എന്നെ വിളിച്ചിരിക്കുന്നു..
താഴെ വീണപ്പോൾ അടറിത്തെറിച്ച ബാറ്ററി വീണ്ടും ഫോണിൽ ഇട്ട നേരം അതേ നമ്പറിൽ നിന്നും വീണ്ടും വിളി വന്നു..
“എന്താ കട്ട് ആക്കിയത്?? ” അവളുടെ ചോദ്യം.. അവളുടെ ശബ്ദം വല്ലാതെ മാറിയിരിക്കുന്നു..
“അറിയാണ്ട് കട്ട് ആയതാ”
“നീ ഇപ്പൊ എറണാകുളത്തു ഉണ്ടല്ലേ?? ” ആ ചോദ്യം എന്നെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി..
“അതെങ്ങനെ അറിഞ്ഞു?? ഈ നമ്പർ എവിടുന്ന് കിട്ടി??”
“അതങ്ങനാ, ശരിക്കും സ്നേഹമുള്ളവർ അങ്ങനാ..”
“ഉം”
“പിന്നെ ഞാനും എറണാകുളത്തുണ്ട്.. നാളെ വൈകുന്നേരം ഒന്ന് കാണാൻ പറ്റുമോ??”
മരുഭൂമിയിൽ പെയ്ത മഴ പോലെയായിരുന്നു അന്നയുടെ ആ ചോദ്യം..
ഒന്നും പറയാതെ ഒരിക്കൽ എങ്ങോട്ടോ പോയ അവളോടുള്ള പരിഭവങ്ങൾ മുഴുവൻ ഒരൊറ്റ വിളിയിലൂടെ ഒലിച്ചു പോയിരിക്കുന്നു..
മറൈൻ ഡ്രൈവിൽ കാണാം എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു..
ആറ് വർഷങ്ങളായി അന്നയെ കുറിച്ചോർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം..
നേർത്ത വേദനയായിരുന്ന അന്ന അപ്പോൾ മുതൽ പ്രത്യാശയുടെ വിത്തായിമാറുകയായിരുന്നു..
കാലം എന്റെ അന്നയിൽ എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടാകും??
ശബ്ദം വല്ലാതെ മാറിയത് പോലുണ്ട്, അതോ എനിക്ക് തോന്നുന്നതോ??
ആദ്യം ആരാവും സംസാരിച്ചു തുടങ്ങുക??
എന്തിനായിരുന്നു ഏകാന്തതയുടെ തടവിൽ എന്നെ തനിച്ചാക്കിയത് എന്ന് ചോദിച്ചു പരിഭവിക്കണോ??
ചോദ്യങ്ങളുടെ പെരുമഴയായിരുന്നു മനസ്സിൽ… ഉത്തരമില്ലാത്ത ചോദ്യങ്ങൾ..

ഞാൻ പരിഭവിച്ചാലും ഇല്ലെങ്കിലും അന്ന എന്നോട് ഒരു കാര്യത്തിൽ മാത്രം പരിഭവിക്കും എന്നുറപ്പാണ്..
അവളോട് പറഞ്ഞ ഒരു വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ലല്ലോ..
ബ്ലോഗിലും മറ്റുമായി നൂറോളം കഥകൾ പബ്ലിഷ് ചെയ്തിട്ടും അന്നയെക്കുറിച്ചു മാത്രം ഞാൻ എഴുതിയിരുന്നില്ല..
അവളെ കുറിച്ചെഴുതിയാൽ വാക്കുകൾ ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കും, അത്കൊണ്ടാണ് എഴുതാതിരുന്നത് എന്ന് കള്ളം പറയാം, അല്ലെങ്കിൽ എഴുതി തീർത്ത ആദ്യ തിരക്കഥക്ക് നൽകിയ പേര് “അന്ന” എന്നാണെന്ന സത്യം പറഞ്ഞു അവളെ അത്ഭുതപ്പെടുത്താം..
എല്ലാ പരിഭവവും അത് കേൾക്കുമ്പോൾ മാറും, ഉറപ്പാണത്..

പറഞ്ഞ സമയമായി..
മറൈൻ ഡ്രൈവിൽ അവളിരിക്കാമെന്ന് പറഞ്ഞ സ്ഥലത്തേക്ക് നടന്നടുക്കുമ്പോൾ മനസ്സിൽ വ്യക്‌തമായ പ്ലാൻ ഉണ്ടായിരുന്നു..
ദൂരെ നിന്ന് കുറെ നേരം എന്റെ അന്നയെ നോക്കി നിൽക്കണം..
അവൾ പോലുമറിയാതെ അവളിൽ സംഭവിച്ച മാറ്റങ്ങൾ കണ്ണ് കൊണ്ട് അളന്നെടുക്കണം,അടുത്തെത്തിയാൽ ചിലപ്പോ അതിന് കഴിഞ്ഞെന്ന് വരില്ലല്ലോ.. !

അവൾ ഇരിക്കാമെന്ന് പറഞ്ഞ ബെഞ്ചിൽ ഒരു മഞ്ഞച്ചുരിദാറുകാരി ഇരിക്കുന്നുണ്ട്..
പക്ഷെ അന്ന തന്നെയാണോ അത്..??
അവളറിയാതെ കുറച്ചധികം നേരം ആ പെൺകുട്ടിയെ തന്നെ നോക്കി..
അല്ല, അതെന്റെ അന്നയല്ല.. ഉറപ്പാണ്..
ഒരുപക്ഷെ വേറാർക്കോ വേണ്ടി കാത്തിരിക്കുന്ന വേറെയാരുടെയോ അന്നയായിരിക്കണം..!
എന്റെ അന്ന വന്നു കാണില്ല..
ഞാൻ ആ ബെഞ്ചിനടുത്തേക്ക് നടന്നു, ആ പെൺകുട്ടി എന്നെ തിരിഞ്ഞു നോക്കി..
എന്നെ കണ്ടതും അവൾ എഴുന്നേറ്റ് വശ്യമായൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു..
എനിക്കൊന്നും മനസ്സിലായില്ല, എങ്കിലും ഞാനും ഒന്ന് ചിരിച്ചെന്ന് വരുത്തി..
“ഹായ്.. എന്താ ലേറ്റ് ആയത്?? ” അവളുടെ ചോദ്യം കേട്ടപ്പോൾ ആശങ്ക അത്ഭുതത്തിന് വഴിമാറി..
“ആരാണെന്ന് എനിക്ക് മനസ്സിലായില്ല “
“ഞാൻ മെറിൻ.. അന്നയാണെന്ന് പറഞ്ഞു വിളിച്ചത് ഞാനാണ്.. “
അത് കേട്ടതും നിരാശയാണോ ദേഷ്യമാണോ എന്നറിയാത്ത ഒരു വികാരമായിരുന്നു എന്നിൽ..
“ക്ഷമിക്കണം കേട്ടോ. അന്ന ചേച്ചി പറഞ്ഞായിരുന്നു ചേച്ചിയുടെ പേര് പറഞ്ഞു വേണം ഇക്കയെ വിളിച്ചു വരുത്താൻ എന്ന്…”
എന്റെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു, പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല..
“അപ്പൊ അന്ന.. അന്നയെവിടെയാ? “
അവൾ മൗനിയായി, അത് വരെ മുഖത്തുണ്ടായിരുന്ന നേർത്ത ചിരി പതിയെ മാറി…
കണ്ണിൽ ചെറുതായി കണ്ണീർ പടരുന്നത് പോലെ..
“5 കൊല്ലം മുമ്പ് അന്ന മരിച്ചു പോയി..”
ഒരു ഇടിത്തീ എന്റെ ശിരസ്സിലേക്ക് വീഴുന്നത് പോലെ..
കണ്ണിൽ ഇരുട്ട് പടരുന്നു..
ഞാൻ കാത്തിരിക്കുന്ന എന്റെ അന്ന മരിച്ചു പോയെന്ന്..
അവൾ കളി പറയുന്നതാകണേ ദൈവമേ..!
ഞാൻ ആ ബെഞ്ചിൽ അറിയാതെ ഇരുന്ന് പോയി, എന്റെ അരികിലായി മെറിനും..
“ക്യാൻസർ ആയിരുന്നു ചേച്ചിക്ക്.. നിങ്ങൾ പിരിയുന്നതിന്റെ ഒരാഴ്ച്ച മുമ്പാണ് ചേച്ചിയും അറിഞ്ഞത്, പക്ഷെ ഒരുപാട് വൈകിയിരുന്നു..”
ഞാൻ കണ്ണുകളടച്ചു മുഖം താഴ്ത്തി ഇരിക്കുകയാണ്.. മനസ്സിൽ അന്നയുടെ മുഖം മാത്രമാണ്,അവളെന്നോട് യാത്ര പറഞ്ഞു നീങ്ങിയ അവസാന ദിവസത്തിന്റെ ഓർമ്മകളിൽ ഹൃദയം തിളക്കുകയാണ്…
“ഒന്നും നിങ്ങളാരും അറിയരുതെന്നായിരുന്നു ചേച്ചിക്ക്.. പക്ഷെ ശേഷിച്ച മാസങ്ങളിൽ ഒരു ദിവസം പോലും ഇക്കയെ കുറിച്ച് പറയാതിരുന്നിട്ടില്ല..
മരിക്കുന്ന നേരം എന്റെ കൈപിടിച്ച് അവസാനം പറഞ്ഞ വാക്ക് പോലും നിങ്ങളുടെ സ്നേഹത്തെകുറിച്ചായിരുന്നു..
അവനോടൊപ്പം ഇനിയും എട്ട് ജന്മങ്ങൾ ബാക്കിയുണ്ടെന്ന് പറഞ്ഞു ചിരിച്ചു കൊണ്ടാണ് ചേച്ചി കണ്ണടച്ചത്”..
അത് വരെ പിടിച്ചു വെച്ച കണ്ണുനീർ പെരുമഴ പോലെ പെയ്തിറങ്ങാൻ തുടങ്ങി..
അന്നയുടെ ഓർമ്മകൾ ആ കണ്ണീരിന്റെ കൂടെ ഒലിച്ചിറങ്ങുകയായിരുന്നു..
മെറിൻ എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..
നീണ്ട മൗനമായിരുന്നു കുറേ നേരത്തേക്ക്..
ആ മൗനം മുറിച്ചതും മെറിനായിരുന്നു..
“അന്നയാണെന്ന് പറഞ്ഞു അവനെ വിളിക്കണമെന്നും അവന്റെ കയ്യിൽ ഈ ഡയറി കൊടുക്കണമെന്നും എന്നോട് പറഞ്ഞതാ.. പക്ഷെ ഞാനത് പാടേ മറന്നു, കഴിഞ്ഞ മാസം വീട് ഷിഫ്റ്റ് ചെയ്യുമ്പോളാ ഈ ഡയറി കിട്ടിയത്.. പിന്നെ നമ്പർ ഒപ്പിച്ചു വിളിച്ചു..”
അവളെന്റെ നേരെ ആ ഡയറി നീട്ടി..
ഞാനത് വാങ്ങി..
എന്റെ അന്നയുടെ മണമുള്ള ഡയറി.. ഞാനത് ചുണ്ടോട് ചേർത്തു..
നെരൂദയുടെ കവിതകൾ,എന്റെ പേര്, എന്റെ ഓർമ്മകൾ, ഞങ്ങൾ നടന്ന് തീർത്ത വഴിയോരങ്ങൾ, നനഞ്ഞു തീർത്ത മഴയോർമ്മകൾ,സ്വപ്‌നങ്ങൾ, ആദ്യമായും അവസാനമായും നൽകിയ ചുംബനങ്ങൾ, അന്ന ജീവിച്ചിരിപ്പുണ്ടെന്ന ഓർമ്മ നൽകി മരിച്ചെന്ന് കേൾപ്പിച്ചതിനുള്ള ക്ഷമ പറച്ചിൽ, രണ്ടാം ജന്മത്തിൽ അവളുടെ ഉള്ളംകൈയിൽ ഒരു വടിയെടുത്തടിച്ചു ശിക്ഷിച്ചാൽ മതിയെന്ന ഓർമ്മപ്പെടുത്തൽ, ഇനിയും കരഞ്ഞാൽ പിണങ്ങുമെന്നുള്ള പരിഭവങ്ങൾ..
അങ്ങനെയങ്ങനെ വാക്കുകളിലൂടെ അന്ന പരന്നൊഴുകുകയിരുന്നു..

കാലം ഇനിയുമൊഴുകും..
മഴയും മഞ്ഞും പെയ്തിറങ്ങും, അന്നയുടെ ഓർമ്മകളും..
ഇത് നിനക്കുള്ളതാണ് അന്ന , നിന്നോട് പറഞ്ഞ വാക്ക്..
ഞാൻ കഴിഞ്ഞാൽ നീ ഏറെ ഇഷ്ടപെട്ട നിന്റെ നെരൂദയെ തന്നെ ഞാൻ കടമെടുക്കട്ടെ..

Tonight I can write the saddest lines.
The night wind revolves in the sky and sings.
Tonight I can write the saddest lines.
I loved her..

Tonight I can write the saddest lines.
To think that I do not have her.
To feel that I have lost her.

ഞാനെന്റെ വാക്ക് പാലിക്കുന്നു അന്ന..
ഇനി നീ നിന്റെ വാക്ക് പാലിക്കുക..
പ്രണയത്തിന് പൂച്ചയെ പോലെ ഒമ്പത് ജന്മങ്ങളുണ്ടെന്ന് നിന്റെ നെരൂദ പറഞ്ഞത് ശരിയാണെന്ന് നീ തെളിയിക്കുക..
ഞാൻ കാത്തിരിക്കുന്നു അന്ന..