“ആ രശ്മി, ഉറക്കമായിരുന്നോ, അച്ഛമ്മ ഇന്നലെ ഒന്ന് വീണു, ഹോസ്പിറ്റലിൽ കൊണ്ട് പോയീന്നു പറഞ്ഞില്ലായിരുന്നോ, ഇപ്പൊ സുധ വിളിച്ചു പറഞ്ഞു പോയി എന്ന്….അറ്റാക്ക് ആയിരുന്നു…”. അമ്മയുടെ കാൾ വന്നപ്പോൾ വാച്ചിൻറ്റെ ഡിസ്പ്ലേയിൽ സമയം 3 മണി. തലേന്നു രാത്രി ഒരു പേപ്പർ സബ്മിറ്റ് ചെയ്യാനിരുന്ന് കിടക്കാൻ വൈകിയത് കാരണം ഒന്ന് ഉറക്കം പിടിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളൂ. “ഉം, ഞാൻ വരണോ അമ്മാ, ഈയിടെ വന്നു പോയല്ലേ ഉള്ളൂ, കുറേയേറെ വർക്ക് പെൻഡിങ്ങും ഉണ്ട്”
“വേണ്ട രശ്മി വരണ്ട, അച്ഛനും അത് തന്നാണ് പറയുന്നത്, സമയത്തിനറിയിക്കാൻ വിളിച്ചതാ, കിടന്നുറങ്ങിക്കോ, ഞങ്ങൾ അങ്ങോട്ടേക്കിറങ്ങുവാ, ഒന്ന് രണ്ടു ദിവസം നിക്കേണ്ടി വരും, അവിടെ റേഞ്ച് ഉണ്ടാവില്ല…ഞാൻ മെസ്സേജ് ഇട്ടേക്കാം”.
“കിടന്നുറങ്ങിക്കോ” ‘അമ്മ ഫോൺ വെച്ചതിനു ശേഷവും കുറെയേറെ തവണ സ്വയം മനസ്സിനോട് പറഞ്ഞു നോക്കി, പക്ഷേ അനുസരണയില്ലാത്ത ഒരു കുട്ടിയേ പോലെ അത് അതിലേ ഇതിലേ ഓടി കളിച്ചു. അച്ഛമ്മയുമായി അങ്ങനെ പറയത്തക്ക അടുപ്പമൊന്നുമില്ലെങ്കിലും ഒരു വല്ലാത്ത നഷ്ടബോധം തോന്നി. മാത്തമാറ്റിക്സ് ക്ലാസ്സിൽ constants പഠിപ്പിച്ച വരദ ടീച്ചർ π (പൈ) എക്സ്പ്ലയിൻ ചെയ്തപ്പോൾ ആദ്യം ഓർമ വന്നത് അച്ഛമ്മേയായിരുന്നു, അതിനു കാരണം എന്താണെന്ന് ഇത് വരെ മനസ്സിലായിട്ടുമില്ല അന്വേഷിക്കാനുള്ള സമയം കണ്ടെത്തിയുമില്ല, പക്ഷെ ഈ വാർത്ത കേട്ടപ്പോൾ എല്ലാം മനസിലാകുന്നത് പോലെ.
അച്ഛമ്മ ശെരിക്കും ഒരു constant ആയിരുന്നു, എന്തും എപ്പൊഴും മാറുന്ന ഈ ലോകത്തു മാറാതെ പാറ പോലെ ഉറച്ചു നിന്ന constant. അതിനു വേണ്ടി അച്ഛമ്മ പൊരുതിയൊന്നുമില്ല, അച്ഛമ്മയ്ക്ക് ഒരു രീതിയിലെ ജീവിക്കാൻ അറിയാമായിരുന്നുള്ളു, അങ്ങനെ തന്നെ അവസാനം വരെയും. ഒരു പാട്ട് അടുപ്പിച്ചു 5 തവണ കേട്ടാൽ മടുക്കുന്ന നമുക്ക് അച്ഛമ്മയുടെ ജീവിതചര്യ പിന്തുടരുക എന്നത് ഒരു ബാലി കേറാ മല തന്നെ ആയിരിക്കും എന്നവൾക്ക് പലപ്പോഴും തോന്നീട്ടുണ്ട്. ഭകഷണത്തിന്റ്റെ കാര്യമാവട്ടെ, മുടങ്ങാതെയുള്ള ഞായറാഴ്ച്ച വൃതമാവട്ടെ, പതിവുതെറ്റാതെയുള്ള കർക്കിടക ചികിത്സയാവട്ടെ എല്ലാം നിഷ്ഠയോടെ ഒരു പ്രാർത്ഥനപോലെ ആണ് അച്ഛമ്മ ചെയ്തുപോന്നിരുന്നത്.
അച്ഛമ്മ, അമ്മയുടെ അച്ഛന്റ്റെ അമ്മയാണ്, ശെരിക്കും മുതുമുത്തശ്ശി, പക്ഷേ ചെറുപ്പം തൊട്ടേ എല്ലാരും വിളിച്ചു കേട്ടുള്ള ശീലത്തിൽ അച്ഛമ്മ എല്ലാർക്കും അച്ഛമ്മയായിരുന്നു. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ അച്ഛമ്മയുടെ നൂറാം ജന്മദിനം കെങ്കേമമായി ആഘോഷിച്ചതാണ്, അന്നാണ് അച്ഛമ്മയെ അവസാനമായി കണ്ടതും. നൂറു കൊല്ലമായി ഭൂമിയോടൊപ്പം ചുറ്റുകയായിരുന്നെന്നോ, തന്നെ ആദരിക്കാൻ സ്ഥലത്തെ പ്രമുഖന്മാരെല്ലാം എത്തിയതോ ഒന്നും അച്ഛമ്മയെ ബാധിച്ചിരുന്നില്ല. മറ്റേതൊരു ദിനം പോലെയും അന്നും അച്ഛമ്മ രാവിലേ എഴുന്നേറ്റ്, കിണറ്റിലെ തണുത്ത കണ്ണീരു പോലുള്ള വെള്ളത്തിൽ മുഖം കഴുകി, തിരി കൊളുത്തി, നെറ്റിയിൽ ഭസ്മം പൂശി തൊടിയിലറിങ്ങി.
പറമ്പിൽ അച്ഛമ്മയ്ക്ക് നിറയേ കൂട്ടുകാരാണ്, അച്ഛമ്മ ആദ്യം ചെല്ലുന്നത് തൊഴുത്തിലേക്കാണ്, തന്റ്റെ അരുമയായ അമ്മിണി പശുവിനു എന്തെങ്കിലും കൊടുക്കാതെ അച്ഛമ്മ ഒരു തുള്ളി വെള്ളം പോലും കുടിക്കില്ല. പുല്ലു ചവച്ചരയ്ക്കുന്ന അമ്മിണിയെ കുറച്ചു നേരം നോക്കി, തടവി, അച്ഛമ്മ തിരിച്ചുവരും, വരുന്ന വഴിയിൽ രാത്രി തന്റ്റെ കണ്ണു വെട്ടിച്ചു വളർന്നു തുടങ്ങിയ കുഞ്ഞൻ പുൽനാമ്പുകളെ കുനിഞ്ഞുനിന്ന് ശ്രദ്ധയോടെ പിഴുതെറിയും. കലപില കൂട്ടുന്ന അണ്ണാന്മാരെ സ്നേഹത്തോടെ ശാസിച്ചു നല്ല ചുവന്ന ചാമ്പയ്ക്ക പറിച്ചിട്ടുകൊടുക്കും, കൂട്ടത്തിൽ അച്ഛമ്മയും കഴിക്കും രണ്ടെണ്ണം. അങ്ങനെ ചാമ്പയ്ക്കയും വെണ്ടയ്ക്കയും കോവലും എല്ലാം പറിച്ചു കടിച്ചാണ് അച്ഛമ്മയുടെ തിരിച്ചു വരവ്. എറ്റവും ഒടുവിൽ അച്ഛമ്മയെ കണ്ടപ്പോൾ കൂനി കൂടി, അസ്ഥിക്ക് മേൽ വെളുത്ത ചുക്കി ചുളുങ്ങിയ നേർത്ത തുണി ചുറ്റിയത് പോലെ ശരീരവും, അതിനു മീതെ തൂവെള്ള റൗക്കയും മുണ്ടും ഒരു തോർത്തും, എല്ലാം കൂടെ അച്ഛമ്മ അവളുടെ നെഞ്ചോളമേ ഉള്ളായിരുന്നു.
അച്ഛമ്മയുടെ ഓർമ്മകൾ കടൽതിര പോലെ ഒന്നിന് പുറകേ ഒന്നായി തലയിൽ നിറഞ്ഞാടി. ഉറക്കം അകന്ന് അവൾ എഴുന്നേറ്റ്, ജനൽപാളിയിലൂടെ ഇനിയും ഉറങ്ങാത്ത നഗരവീഥിയിലേക്കു നോക്കി നിന്നു.
“ഞാൻ വരണോ അമ്മാ” അവൾക്കവളോട് തന്നെ അറപ്പ് തോന്നി, അമ്മയ്ക്കെങ്കിലും ഒന്ന് നിർബന്ധിക്കാമായിരുന്നു, അമ്മയോടും ദേഷ്യം തോന്നി. പക്ഷേ അച്ഛമ്മയോട് അങ്ങനെ പറയാൻ മാത്രം അടുപ്പമൊന്നും അവൾക്കില്ലായിരുന്നു, അച്ഛമ്മയുടെ കൊച്ചുമക്കൾക്കു പോലും; അതു കൊണ്ട് തന്നെ അവളേ അവിടെ ആരും അവിടെ പ്രതീക്ഷിക്കില്ല. എന്നാലും പോയേ പറ്റൂ എന്നാരോ മനസ്സിൽ ശഠിക്കുന്നു. അച്ഛമ്മയുടെ ആ മുഖം, π, α, φ എന്നു വേണ്ട എല്ലാ മാത്തമറ്റിക്കൽ constantsഇനും പകരമായി മനസ്സിൽ വന്ന ആ മുഖം അത് കാണണം അവസാനാമായി ഒരു നോക്ക്. ഫോൺ ചിമ്മി, വല്യച്ചന്റ്റെ മെസ്സേജ് ആണ് ഫാമിലി ഗ്രൂപ്പിൽ…”ഞങ്ങളുടെ അഭിവന്ദ്യ പിതൃമാതാവും…………..സംസ്കാരം വ്യാഴാഴ്ച 01/01/2023 രാവിലേ 11.30…….” കൂടേ നൂറാം പിറന്നാളിന് എടുത്ത ഒരു ഫോട്ടോയും.
വീണ്ടും ഓർമകളുടെ വേലിയേറ്റം. അന്നത്തെ പിറന്നാൾ ചടങ്ങിനെത്തിയപ്പോൾ മൂത്തമ്മായി അവളെ കണ്ടു ഓടി വന്നു കെട്ടിപ്പിടിച്ചു പറഞ്ഞത് ഓർമ വന്നു. “ആ മോളെ രച്ചു, എത്ര നാളായി, എങ്ങനെ പോകുന്നു മോളെ പഠിത്തമൊക്കെ, മോൾ അച്ഛമ്മയെ കണ്ടോ അച്ഛമ്മയ്ക്ക് ഒരുപാട് സന്തോഷമാവും മോളെയാണ് അച്ഛമ്മയ്ക്ക് പണ്ടേ എറ്റവും ഇഷ്ടം…..” അമ്മായി എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അവൾക്കറിയില്ല, ചെറുപ്പം തൊട്ടേ അവൾ കേട്ടിട്ടുണ്ട് ഈ വാചകം, പക്ഷെ കുറച്ചു വലുതായപ്പോൾ അവൾ മനസ്സിലാക്കി അച്ഛമ്മയ്ക്ക് അങ്ങനെ ഒരു favourite ഇല്ലാന്ന്. അച്ഛമ്മയ്ക്ക് എല്ലാവരെയും എല്ലാത്തിനേം ഇഷ്ടമാണ്. ചെറുമക്കളേയോ അവരുടെ മക്കളെയോ ഒന്നും അച്ഛമ്മ കൊഞ്ചിക്കുന്നതൊന്നും കണ്ടിട്ടില്ല, പക്ഷേ ആരോടും പരിഭവിക്കാറുമില്ല. കൊല്ലത്തിൽ ഒന്ന് രണ്ടു തവണ എല്ലാവരും ഒത്തുകൂടുമ്പോൾ അമിതമായ ആഹ്ളാദപ്രകടനവും ഉണ്ടാവാറില്ല മടങ്ങിപ്പോക്കിൽ കണ്ണീരൊതുക്കി വിഷമത്തിൻറ്റെ മേമ്പൊടി ചേർക്കാറുമില്ല. ആ വീടും തൊടിയും അതിലെ പുല്ലും പൂവും ജീവജാലങ്ങളും, അമ്മിണി പശുവും, വല്ലപ്പോഴും വന്നു പോകുന്ന ഉടുമ്പും, തള്ള കോഴിയും കുഞ്ഞുങ്ങളും, തട്ടിൻപുറത്തെ ബഹളക്കാരനായ അന്തേവാസി മരപ്പട്ടിയും, ഇരുട്ടിന്റ്റെ മറവിൽ പതുങ്ങി വരുന്ന കുറുനരിയും, പാറിപ്പറക്കുന്ന നരിച്ചിലും, തൊടിയിലെ തെക്കേമൂലയിലെ പാലമരത്തിൽ ധ്യാനത്തിൽ ഇരിക്കുന്ന മൂങ്ങയും ഇതൊക്കെയാണ് അച്ഛമ്മയുടെ ജീവിതം, അവയ്ക്കായി, അവർക്കൊപ്പം. ഈ ലോകത്തേക്ക് ആര് വന്നാലും പോയാലും അച്ഛമ്മയ്ക്ക് സന്തോഷം മാത്രം, അച്ഛമ്മയെ അവിടുന്ന് പറിച്ചുനടാത്തടത്തോളം കാലം. ആ മുഖത്തു എപ്പോഴും ഒരു ചിരിയാണ്, ഈ ലോകത്തിൽ പ്രകൃതിയിൽ അലിഞ്ഞു ചേർന്ന്, ജീവിതത്തിൽ സ്വന്തം ആഗ്രഹമെല്ലാം സാധിച്ച, എന്നാൽ ജീവിതത്തിന്റ്റെ ലക്ഷ്യം നഷ്ടപ്പെടാത്ത, ശിഷ്ടകാലം പൂർണമായും ബാക്കിയുള്ളവർക്കായി സന്തോഷത്തോടെ ജീവിക്കുന്ന ഒരാളിൽ മാത്രം കാണുന്ന ചിരി. ഒരു വാർത്തയ്ക്കും, കാഴ്ചയ്ക്കും അച്ഛമ്മയുടെ ആ ചിരി മായ്ക്കാൻ സാധിക്കില്ല. ഒരു യഥാർത്ഥ സന്യാസി, അതായിരുന്നു അച്ഛമ്മ.
സമയം 5 a.m. ട്രാവൽ ഏജൻസിയിലെ സ്ഥിരം ഏജന്റ്റിന്റ്റെ സഹായത്തോടെ നാട്ടിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്തു, ഒരു മണിക്കൂറിൽ ഇറങ്ങണം, അമ്മയ്ക്കും അച്ഛനും മെസ്സേജ് ഇട്ടു… “ഞാൻ വരുന്നുണ്ട്, ചടങ്ങിന് മുമ്പേ എത്തും, എയർപോർട്ടിൽ ആരെയും വിടണ്ട ഞാൻ എത്തിക്കൊള്ളാം” ഷെൽഫ് തുറന്ന് corn flakesന്റ്റെ തീരാറായ കവർ ഒരു ബൗളിലേക്ക് കാലിയാക്കി തണുത്ത പാലും തീർത്തൊഴിച്ചു. വിശപ്പ് മാറ്റാൻ മാത്രമില്ല, എന്നിട്ടും എന്തോ അവളുടെ വിശപ്പടങ്ങി, അച്ഛമ്മയുടെ മാജിക് പോലെ. അമ്മയും അമ്മാവന്മാരും പറഞ്ഞും അവൾക്കു നേരിട്ടും അനുഭവമുള്ള ഒരു സംഗതിയാണ്. എല്ലാവരും കൂടുമ്പോൾ പണ്ടൊക്കെ അച്ഛമ്മ ഒരുക്കുന്ന സദ്യ, പാത്രങ്ങളിൽ പകർന്നു വെച്ചിരിയ്ക്കുന്ന വിഭവങ്ങൾ കണ്ടാൽ ആരായാലും ഒന്ന് ശങ്കിക്കും, ഇത് തികയില്ലാന്ന് മനസ്സിൽ ഉറപ്പിക്കും, പക്ഷെ അച്ഛമ്മ തന്നെ എല്ലാർക്കും വിളമ്പും, എല്ലാരും നിറച്ചു കഴിക്കും, വയറും മനസ്സും നിറഞ്ഞേ തീന്മേശയിൽനിന്ന് എഴുന്നേൽക്കു, ശെരിക്കും ഒരു അദ്ഭുദമായിരുന്നു, അന്നും ഇന്നും. ഒരു പക്ഷേ അച്ഛമ്മയുടെ നിറവുള്ള കൈകൾ കൊണ്ട് വിളമ്പിയിരുന്നത് കൊണ്ടാവും അങ്ങനെ എന്ന് വേണം കരുതാൻ.
മിച്ചമുള്ള ഉറക്കം ഫ്ലൈറ്റിലാകാം എന്ന് കരുതി കണ്ണടച്ചത് വ്യഥായായി, ഓർമകൾക്ക് വിട്ടു പിരിയാൻ ഒരു മടി. പണ്ടൊരു വേനലവധിക്കാലം, ചേട്ടൻറ്റെ പത്താം ക്ലാസ് യുദ്ധം തുടങ്ങിയതിന്റ്റെ ഭാഗമായി അവളെ കുറച്ചു നാൾ അച്ഛമ്മയുടെ അടുത്താക്കി അച്ഛനും അമ്മയും നാട്ടിലേക്ക് മടങ്ങി. ടിവി ഇല്ലാതെ, ഒരു ബുക്ക് വായിക്കാൻ നേരേ ലൈറ്റ് പോലുമില്ലാത്ത ആ കാടിനു നടുവിൽ ആദ്യമൊക്കെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു ; അതൊന്നും അച്ഛമ്മയേ ബാധിച്ചേയില്ല, കൈസഹായത്തിനൊരാളായി ആണ് അച്ഛമ്മ അവളെ കണ്ടത്. ചാണകം മെഴുകിയ തറ തൂത്തു വൃത്തിയാക്കാനും, കിണറിൽ നിന്ന് വെള്ളം കോരാനും, പറമ്പിൽ കൊഴിഞ്ഞു വീണ തേങ്ങ പെറുക്കി, കുലുക്കി നോക്കി ഉള്ളിൽ വെള്ളമുള്ളതും ഇല്ലാത്തതും തിരഞ്ഞു പിടിക്കാനും, അങ്ങനെ കുറേ ‘ഔട്ട് ഓഫ് സിലബസ്’ കാര്യങ്ങൾ പഠിച്ചു ആ കുറച്ചു ദിവസം കൊണ്ട്. ആ ദിവസങ്ങളിലെ മറ്റൊരു പ്രധാന ഡ്യൂട്ടി ആയിരുന്നു അച്ഛമ്മയ്ക്ക് പത്രം വായിച്ചു കേൾപ്പിക്കൽ. മലയാളം വായിക്കാൻ സ്വതവേ മടിയായിരുന്നു തനിക്ക് മലയാളത്തിന്റ്റെ ഭംഗി മനസ്സിലാക്കി തന്നതിൽ ഏറെ പങ്ക് ആ ക്രിയക്കുണ്ടായിരുന്നു എന്ന് പിന്നീട് മനസ്സിലായി. രാവിലത്തെ പറമ്പിലെ ചുറ്റലും പ്രാതലും ഒകെ കഴിഞ്ഞു അച്ഛമ്മ കോലായിലെ പടിതട്ടിൽ കാലുനീട്ടി ഇരുന്ന് വിളിക്കും “മോളേ ലെച്ചുമിയേ അച്ഛമ്മയ്ക്ക് പത്രം വായിച്ചു തായോടി മോളെ….” “എന്റ്റച്ചമ്മേ ലെച്ചുമിയല്ല രശ്മി” എന്ന് തിരുത്തിക്കാൻ ചെറുപ്പത്തിൽ ഏറെ ശ്രമിച്ചതാ അപ്പോഴൊക്കെ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു അച്ഛമ്മ പറയും “ആ അത് തന്നെ…. ലെച്ചുമി”, അച്ഛമ്മയുടെ ചിരി കാണുമ്പോ പിന്നീട് അവൾക്ക് തിരുത്താൻ തോന്നാറില്ല. വാർത്ത വായിക്കുന്നതിനിടെ എവിടെയെങ്കിലും ഒന്ന് നിർത്തിയാൽ അച്ഛമ്മ സ്വഭാവനയിൽ ആ വരി പൂരിപ്പിക്കും. ഇടയ്ക്ക് അച്ഛമ്മയ്ക് താല്പ്പര്യം തോന്നുന്ന വാർത്ത വന്നാൽ കോലായുടെ ഉച്ചിയിൽ കെട്ടി തൂക്കിയിട്ടിരിക്കുന്ന പേന ചൂണ്ടി, “എടീ മോളെ ഇപ്പൊ വായിച്ച ആ വരിയുടെ താഴേ ആ പേന കൊണ്ട് വരയിട്ടേഡി ” എന്ന് പറയും, പിന്നീട് ആ പേജിലെ ഭാഗം ശ്രദ്ധയോടെ വെട്ടി അച്ഛമ്മയുടെ മുറിയിലെ ട്രങ്ക് പെട്ടിക്കുള്ളിൽ സൂക്ഷിച്ചു വെയ്ക്കും. സന്ധ്യക്ക് തിരി കൊളുത്തി തന്നേയും പിടിച്ചടുത്തിരുത്തി നാമജപവും നിർബന്ധമാണ്, എല്ലാ കുട്ടികളെയും കുളിച്ചു കുറിയും തൊട്ട് നിരന്നിരുന്ന് നല്ല ഉച്ചത്തിൽ അച്ഛമ്മ പറഞ്ഞു തരുന്ന കീർത്തനങ്ങൾ ഏറ്റുപാടണം അതാണ് നിയമം.
പറമ്പിൻറ്റെ ഒരു ഭാഗത്തു വടക്കേയറ്റത്തു നിന്നിരുന്ന മാവ് മുറിച്ചു തടികൾ നിരത്തുകയാണ്. വീടിനുള്ളിൽ നിന്ന് കത്തിച്ചു വെച്ച ചന്ദനത്തിരയുടെയും എള്ളിൻറ്റെയും മണം ഒരു കാറ്റിൻറ്റെ കൈ പിടിച്ചു അവളുടെയടുത്തെത്തി. അമ്മിണി പശുവും അണ്ണാന്കുഞ്ഞുങ്ങളും ഓരോ മൂലയിൽ ഇടം പിടിച്ചു കാഴ്ച കാണുന്നു. വാഴയിലയിൽ, പട്ടുവിരിച്ചു, നേരിയദ് ഉടുത്തു നെറ്റിയിൽ ചന്ദനം പൂശി, കണ്ണ് മൂടി കിടക്കുന്ന അച്ഛമ്മയ്ക്ക് മനസ്സിൽ ഓർമ്മകൾ പെറുക്കികൂട്ടിയ രൂപമായിരുന്നില്ല, മുഖത്തെ ചിരി മാത്രം ശേഷിച്ചു. കാലിൽ തൊട്ട് വന്ദിച്ചപ്പോൾ വന്ന കണ്ണുനീരിനെ തുടയ്ക്കാൻ കൂട്ടാക്കാതെ അവൾ അമ്മയുടെ അരികിൽ പോയി നിന്നു. ചെറിയമ്മാവന്റെ മകൻ ഉണ്ണി ചേട്ടൻ രണ്ടു കയ്യിലായി വാരിയെടുത്തു അച്ഛമ്മയെ ചിതയിലേക്ക്.
നേരം ഇരുട്ടി എല്ലാരും കോലായിൽ ഒത്തുകൂടി ഇനിയത്തെ “ജോലി’കളെ പറ്റിയുള്ള ചർച്ചയായി. ആരോ പറഞ്ഞു “ഇന്ന് വെളുത്തവാവാണ്, മരണം അതിനു മുന്നേ ആയത് നന്നായി, ഇല്ലെങ്കിൽ കുറച്ചു ചടങ്ങുകൾ കൂടെ വേണ്ടി വന്നേനെ”. ‘വെളുത്തവാവ്’, പുറത്തു വരാൻ വെമ്പൽ കൊണ്ട് നിന്ന ഒരു പിടി ഓർമകളും വെള്ളചാട്ടംപോലെ വന്നു. എട്ടുകാലികൾ ഒരു കവുങ്ങിൽ നിന്ന് അടുത്തതിലേക്ക് തീർത്ത നേർത്ത അയയുടെ ഇടയിലൂടെ, തൊട്ടുരുമ്മി നിന്ന പനയോലകൾ കാറ്റടിച്ചു നീങ്ങിയപ്പോൾ ഉണ്ടായ വിടവിലൂടേ ആദ്യമായി പൂര്ണചന്ദ്രനെ കണ്ടത്, ആ നിലാവത്തു വവ്വാലുകളുടെ വിടർന്ന ചിറകിനടിയിൽ കൂടെ കണ്ണ് ചിമ്മിയ എണ്ണാവുന്നതിലേറെ നക്ഷത്രങ്ങളും, ഭാഗ്യം കൊണ്ട് കാണാൻ സാധിച്ച ഒരു വാല്നക്ഷത്രത്തെയും. ആ രാത്രിയായിരുന്നില്ലേ അവളുടെ ലൈഫ് turning point. പ്രപഞ്ചരഹസ്യം അടുത്തറിയാൻ, സൂര്യനും നമ്മുടെ ഗൃഹങ്ങൾക്കുമപ്പുറമുള്ള നമ്മുടെ Universe എന്ന മഹാപ്രതിഭാസത്തിനെ പറ്റി പഠിക്കാനും അവളെ പ്രേരിപ്പിച്ച ആ രാത്രി. ബെംഗളൂരു രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിന്ന് ബി എസ് സി ആസ്ട്രോ ഫിസിക്സ് എടുത്തതും പിന്നീട് അവിടുന്ന് തന്നെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി , Ph.D സ്കോളർ ആയി ഇപ്പോൾ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് പോർട്സ്മൗത് വരെ എത്തി നിൽക്കുന്ന അവളുടെ ജീവിതത്തിനു അവൾ കടപ്പെട്ടിരിക്കുന്നത് അച്ഛമ്മയുടെ ഈ പറമ്പിനോടും അതിനു മുകളിൽ കാവൽ നിൽക്കുന്ന ആകാശത്തിനോടുമായിരുന്നു.
“ഇനീപ്പോ ഈ വീടും പറമ്പുമൊക്കെ വീതം വെയ്ക്കാം, അച്ഛമ്മയുടെ വിൽപ്പത്രത്തിൽ എഴുതിയിരുന്നത് വക്കീൽ വായിച്ചില്ലേ, മക്കൾക്കോ ചെറുമക്കൾക്കോ അവരുടെ മക്കളിലാർക്കുമോ ഈ വീടും പറമ്പും നോക്കിനടത്താൻ താൽപര്യമില്ലെങ്കിൽ ഇത് വീതം വെയ്ക്കാമെന്നാണല്ലോ, ഈ ഓണം കേറാ മൂലയിൽ വിറ്റാലും അധികമൊന്നും കിട്ടുകയില്ല, വീതിച്ചു കൂടി വരുമ്പോൾ നാമമാത്രമാകും. എന്നാലും വെറുതെ ഇട്ടാൽ നാശമായി പോകും” ചെറിയച്ഛൻറ്റെ സംസാരം ഉയർന്നു കേൾക്കാം. പൊടുന്നെന്നെ അവൾ ആ ദിവസം സംസാരിച്ചു, ആദ്യമായി “ഞാൻ നോക്കിക്കൊള്ളാം വീടും പറമ്പും, എൻ്റെ റിസർച്ച് ഇവിടുന്ന് തുടരാം ടെലെസ്കോപ് സെറ്റ് ചെയ്യാനും ബാക്കി സജ്ജീകരണങ്ങൾക്കും ഇവിടെ ആവശ്യത്തിന് സ്ഥലം ഉണ്ട്…” അല്പം ഒന്ന് നിർത്തിയ ശേഷം അവൾ ഇത് കൂടി പറഞ്ഞു…മനസ്സിൽ പറഞ്ഞത് പുറത്തു വന്നോ എന്നവൾക്കു തന്നെ നിശ്ചയമില്ലാതെ “ഈ മണ്ണിൽ ചവുട്ടി നിന്ന് വേണം എനിക്കാ മാനം പിടിക്കാൻ”. ആ തീരുമാനം പെട്ടെന്നെടുത്ത ഒന്നായിരുന്നുവോ, അതോ വർഷങ്ങൾ മുമ്പ് മാനത്തേക്ക് നോക്കി മിഴിച്ചു നിന്ന ആ കുട്ടി അന്നെടുത്തതോ.
അന്തിച്ചു നിന്ന വീട്ടുകാരുടെ ഇടയിലൂടെ മറ്റൊന്നും പറയാതെ അവൾ അകത്തേക്ക് നടന്നു. “ഇപ്പഴത്തെ കുട്ടികളുടെ ഓരോ ഭ്രാന്ത്” “ക്ഷീണം കൊണ്ടാകും” “എന്താ നിൻറ്റെ ഉദ്ദേശം” തുടങ്ങിയ ശരങ്ങൾ കോർത്ത് രാവിലെ അമ്മയും അമ്മായിമാരും തയ്യാറായി ഇരിക്കും, പക്ഷെ ഇന്ന് രാത്രി അവൾക്കുറങ്ങണം, കടം തീർത്തുറങ്ങണം. ഓർമകളുടെ ചെപ്പിനെ ഭദ്രമായി മൂടിക്കെട്ടി കട്ടിലിൽ തല ചായ്ച്ചതും അവളുറങ്ങി, ചുണ്ടിൽ ഒരു ചിരിയുമായി.