ഉന്മാദത്തിൻ്റെ കുരുവികൾ ചേക്കേറി
കലപിലകൂട്ടുന്ന മൂര്‍ദ്ധാവിലെപ്പൊഴോ
സ്മൃതിയുടെ ചാഞ്ഞവെളിച്ചം പതിച്ചപ്പോൾ
സ്നേഹനൊമ്പരങ്ങളുടെ വിഷാദം നോവിച്ചു.

ഭ്രാന്തിയാകുന്നതിൻ മുൻപൊരു കാലത്തിൽ
കാന്തിയോലുന്നോരു പെൺകിടാവാമിവൾ
പാറിപ്പറന്നൊരു ശലഭം കണക്കെങ്ങും
മാതാപിതാക്കൾക്കരുമയാം മകളായി

നീലോൽപ്പലങ്ങൾ വിടരുന്ന കണ്ണുമായ്
നിർന്നിമേഷം നോക്കി നിർത്തിടും ഉടലുമായ്
കരൾ പകുത്തേകിയ കാമുകനൊപ്പം
കൂരിരുൾപ്പാതയിൽ എങ്ങോ മറഞ്ഞുപോയ്

കാമുകൻ എന്നോരു പേരിനുകൊള്ളാത്ത
കാമാന്ധനായോരു കാപാലികൻ അവൻ
പനിനീർപൂവിതൾ ചേലുള്ള പെണ്ണിനേ
പല അന്തപ്പുരങ്ങൾക്കലങ്കാരമായ് വിറ്റു

ഉയിരിൻ്റെ കാന്തിക്കുമപ്പുറം പെണ്ണിൻ്റെ
ഉടലിൻ്റെ ചൂടിന്നു പൊരുതിയ പിശാചുക്കൾ
ഉദരത്തിലൊരു പ്രാണദാനവും നൽകിയാ
വഴിയിൽ കളഞ്ഞോരു ജീവച്ഛവം അവൾ

ഓർമ്മകൾ ചങ്ങല പൊട്ടിച്ചു നായ്ക്കളായ്
കടിച്ചും, കീറിയും പേപടർത്തിയും പാഞ്ഞപ്പോൾ
സ്ഥിരചിന്തകൾ അന്യമായോരവൾ മുന്നിൽ
നീതി ദേവത കൺതുറക്കാതെ നിന്നു പോയ്

കൽത്തുറുങ്കിൻ്റെ കാരിരുൾ വരിക്കേണ്ടോർ
വെൺപകൽ വെട്ടത്തിൽ സംശുദ്ധരായ് ചരിക്കുന്നു
പ്രണയമെന്നൊരാ കപടവഗ്നിയേപുൽകിനീ
വെന്തഓർമയിൽ ഭ്രാന്തിയായ് തുടരുന്നു