നിൽക്കൂ..ഇപ്പോൾ അകത്തേക്ക് 
കടക്കരുത് എന്റെ  എഴുത്തുകളുടെ
പോസ്റ്റ്മോർട്ടം നടക്കുകയാണ്.
 
ഒട്ടോപ്സി തുടങ്ങുന്നതിനു
മുന്നെ തന്നെ നീറി നീറി പുകയുന്ന
എഴുത്തുകളുടെ അലർച്ച
പോസ്റ്റ്മോർട്ടം മുറിയുടെ
പുറത്ത് കാത്തു നിന്ന
എന്റെ കാതുകളിൽ വന്ന് പതിച്ചു.
 
കീറിമുറിച്ച് പരിശോധിക്കാൻ
പാകമാക്കി തന്നെയാണ്
എന്റെ എഴുത്തുകൾ ഞാൻ
രൂപപ്പെടുത്തിയിരുന്നത്
മുറിവുകൾ ഉണങ്ങാൻ
പാകമാവുമ്പോൾ ഓർമ്മ
കൊണ്ട് വീണ്ടും ഒരു വരി
കൂടി ഞാൻ കോറിയിടും.
 
പരിമിതമായ എന്റെ
അനുഭവങ്ങളിൽ നിന്നും
വളരെ പരിമിതമായ
എന്റെ ഭാവനയിൽ നിന്നും
ഞാൻ എഴുതിക്കൂട്ടിയ
മാംസവും രക്തവും
അതിനുള്ളിൽ ജീവനുമടങ്ങിയ 
എന്റെ എഴുത്തുകൾ.
 
പഴുത്തു നീറുന്ന വൃണങ്ങളിൽ തട്ടി
ചങ്ങല ഉരസുമ്പോൾ ഉച്ചത്തിൽ
നിലവിളിക്കുന്ന ഭ്രാന്തന്റെ അലർച്ച
പോൽ ഇടയ്ക്കിടെ എന്നിൽ നിന്നും
ഉള്ളിൽ ഒളിച്ചു വെയ്ക്കാൻ കഴിയാത്ത
തരത്തിലുള്ള വേദനകൾ
എഴുത്തുകളായി പേനത്തുമ്പിലൂടെ
കടലാസിലേക്ക് വീണു മരിക്കാറുണ്ട്.
 
വെള്ള കടലാസിനെ ഓർമ്മകളുടെ
കടും ചോര നിറങ്ങൾക്കൊണ്ട്
അലങ്കോലപ്പെടുത്തുമ്പോൾ 
ഉള്ളിലെ കാറ്റും കോളും കാർമേഘങ്ങളും
മാഞ്ഞ് അല്പനേരത്തേക്ക്
ഒരു പുത്തനുണർവ് തരാൻ
കടലാസിൽ ചിന്നി ചിതറിക്കിടക്കുന്ന
അക്ഷരങ്ങൾക്ക് ഇടയ്ക്കിടെ
സാധിക്കാറുണ്ട്.
 
കീറി മുറിച്ച് കൂട്ടലും കിഴിക്കലുമെല്ലാം
കഴിഞ്ഞ് അവരെന്റെ എഴുത്തുകൾ
തുന്നിക്കെട്ടി ഓപ്പറേഷൻ മുറിയുടെ
ഒരു കോണിലെ സ്‌ട്രെച്ചറിലേക്ക്
വലിച്ചെറിഞ്ഞു.
 
പക്ഷെ മുറിയിലേക്ക് കയറ്റുമ്പോൾ
ഉണ്ടായിരുന്ന മുറിവുകളിൽ കൂടുതലൊന്നും
അവർക്ക് എന്റെ എഴുത്തുകളിൽ
ഉണ്ടാക്കാൻ കഴിഞ്ഞില്ല.
 
സ്‌ട്രെച്ചറിൽ തുന്നിക്കെട്ടലുകൾക്കിടയിൽ
നിന്നും ചോര വാർന്നുണങ്ങിയ എഴുത്തുകൾക്ക്‌
പൂർണ്ണവിരാമമിട്ട് പുതിയ വെള്ളക്കടലാസ്സിൽ
ഞാൻ വീണ്ടും എഴുതിത്തുടങ്ങി.