അനാരതം ഏതോ രാവിൻ
പാൽ നിഴലായ് നീയും
സലക്ഷണം ചേരുന്നു

ഹൃദന്തത്തിൻ ഒരു മാത്രപോലും
പടുതാ വീഴാത്ത ചിലമ്പൊലികൾ
പോലെ നിൻ പാദദളങ്ങൾ

നിൻ പാൽപുഞ്ചിരിയും
കതിരവൻ കിരണമായ്
പുണരുമീ ഇളംകൈകളും

വാരിപ്പുണർന്നെത്തുന്ന
അപ്പൂപ്പൻതാടികൾപോൽ
മാർദ്ദവമേറിയ ചെറുസസുകം

ഈ അമ്മമനസ്സിന്നൊരു
മാരിവിൽ ചിറകുവിരിക്കും
പഞ്ചപക്ഷികളിൽ ഒന്നായ്

കുഞ്ഞികുറുനിരകൾ നിൻ നെറ്റി
തടങ്ങളിൽ വന്നണയുമ്പോൾ
ആഹ്ലാദതിരമാലയിൽ ആണമ്മ

നിൻ കൊഞ്ചലും പേരില്ലാത്ത
സ്നേഹത്തിൻ ഭാഷയും
എൻ ജീവശ്വാസമാണിപ്പോൾ

അമ്മയായ് പിറവികൊള്ളവേ
ഞാനറിയുന്നു ഈ പ്രപഞ്ചത്തിൽ
ഞാനുമൊരു പുണ്യജന്മം

നീ എത്ര വളർന്നാലും
മിഴികൾ തളർന്നാലും
എൻ ഉള്ളിലെ ആനന്ദവും
ചെറുചിരിതൻ കാരണവും
നീ ആണെൻ കുരുന്നേ